2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

MIND?...... DON'T MIND!!!

അടുത്ത അഞ്ചു വർഷത്തെ കമ്പനിയുടെ വളർച്ച പ്ലാൻ ചെയ്യുന്നതിനിടയിൽ ആണു മൊബൈൽ റിംഗ് ചെയ്തതു . ജോലിയിലുള്ള  'ആത്മാർത്ഥത' കൊണ്ട്   ആകാശം  ഇടിഞ്ഞു വീണാലും ഞാൻ ശ്രദ്ധിക്കാറില്ല. ചെയ്യുന്ന ജോലിയുടെ പ്രാധാന്യം, ഇടുന്ന ഒരു പൂജ്യം കുറയുകയോ കൂടുകയോ ചെയ്താൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇതെല്ലാം നന്നായി അറിയുന്നത് കൊണ്ട്  ആ ഭാഗത്തേക്ക് നോക്കാൻ തന്നെ പോയില്ല. പലപ്പോഴും ജോലിക്കിടയിൽ മൃദുലവികാരങ്ങൾ ഒന്നും തന്നെ എത്തിനോക്കാറില്ല. ഉത്തരവാദിത്വത്തിന്റെ  ഉണ്ടക്കണ്ണുകൾ  അതിനു സമ്മതിക്കില്ല എന്ന് പറയാം. പിന്നീടു ഫോണ്‍ എടുത്തു നോക്കുമ്പോൾ മൂന്നു മിസ്സ്ഡ് കാളുകളും ഒരു മെസേജും.അതും ഏറ്റവും അടുത്ത സുഹൃത്തിന്റെ. എന്നിട്ടും തിരിച്ചു വിളിക്കാനോ മെസ്സേജിനു മറുപടി   ഇടാനോ മെനക്കെട്ടില്ല.

വൈകുന്നേരത്തെ ബസ്‌ യാത്രയിൽ ആണ് അന്നന്നത്തെ ചെയ്തികളുടെ കൂട്ടികിഴിക്കൽ നടക്കാറുള്ളത്. ഫോണ്‍ എടുക്കാതിരുന്നത് ശരിയായോ എന്ന ചോദ്യത്തിനു മീശ പിരിച്ചുകൊണ്ട് ഉത്തരം  'ഒരു തെറ്റുമില്ല'.  ഉത്തരം മനസ്സിൽ നിന്നല്ല, അപ്പോൾ മനസ്സ് എവിടെ പോയി? ഇത്തരം ചോദ്യങ്ങൾക്കു മനസ്സിന് മാത്രമല്ലെ നല്ല ഉത്തരം കണ്ടെത്താൻ കഴിയൂ , പക്ഷെ എന്റെ മനസ്സ് , അതെവിടെ?

തലച്ചോറിലെ സൂപ്പർ കമ്പ്യുട്ടെറിനെ ഓണ്‍ ആക്കി തിരഞ്ഞു നോക്കാം . സെർച്ച്‌ വിൻഡോവിൽ മനസ്സ്  എന്നടിച്ചു. പെട്ടെന്ന് തന്നെ ഉത്തരം വന്നു

Your search - മനസ്സ് - did not match any documents.

ഈശ്വരാ എന്റെ മനസ്സ് !!

കീ വേർഡ്സ് മാറ്റി അടിച്ചുകൊണ്ടു തിരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു. എപ്പോഴോ 'don't mind' എന്നടിച്ചപ്പോൾ അതാ കിടക്കുന്നു നിർവികാരതയുടെ ഉടുപ്പിൽ എന്റെ മനസ്സ്. എന്ത് പറ്റി എന്ന് ചോദിക്കേണ്ട കാര്യമില്ലായിരുന്നു. മനസ്സിന്റെ കൊച്ചു കൊച്ചു ചോദ്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ എല്ലാം 'don't mind' എന്ന് പറഞ്ഞു ഗൌനിക്കാതെ ഇരിക്കുന്ന ചിത്രങ്ങൾ ഓർമയിൽ തെളിഞ്ഞു. മനസ്സിനെ സന്തോഷിപ്പിച്ചിട്ടു,  അടുത്തറിഞ്ഞിട്ടു എത്ര കാലം ആയി. കറുത്തിരുണ്ട ആകാശത്തിനു കീഴെ അലറിവിളിക്കുന്ന കടലിനെ കാണാനുള്ള ആഗ്രഹത്തെ , തിയേറ്ററിൽ പോയി സിനിമ കാണാനുള്ള മോഹത്തെ, കോളേജിലെ കൂട്ടുകാരോടൊപ്പം ഉള്ള പിക്നിക്‌ അങ്ങനെ എന്തൊക്കെ ആണ് സമയമില്ല എന്ന് പറഞ്ഞു  'don't mind' അടിച്ചു കളഞ്ഞത്. കീ കൊടുത്തു വിട്ട പാവയെ പോലെ രാവിലെ മുതൽ രാത്രി വരെയുള്ള ഓട്ടം.ഒന്നിനും നേരമില്ലാത്ത ഈ ഓട്ടം എവിടെ ചെന്നവസാനിക്കും എന്ന് ചിന്തിക്കവേ  തെളിഞ്ഞത് ഉടഞ്ഞ മണ്‍പാത്രത്തിന്റെ ഒരു ഭാഗം ആയിരുന്നു .

പിന്നെ ഒട്ടും വൈകിയില്ല സുഹൃത്തിനു ഒരു മെയിൽ ഇടാമെന്നു കരുതി ജി മെയിൽ തുറന്നു. അപ്പോഴേക്കും എന്തിനായിരുന്നു വിളിച്ചത് എന്നറിയിച്ചു കൊണ്ടുള്ള ഒരു മെയിൽ അവിടെ കാത്തുകിടക്കുന്നുണ്ടായിരുന്നു.അത് വായിച്ചപ്പോൾ ഫോണ്‍ എടുക്കാതിരുന്നത്  വലിയ തെറ്റായി പോയി എന്ന് തോന്നി. അതിന്റെ അവസാന വരികളിൽ എന്റെ കണ്ണും മനസ്സും ഒരു പോലെ ഉടക്കി.

I know u have got a serious reason.. otherwise u will answer my call any midnight..

വിശ്വാസം !!

ഈ വിശാസത്തിന് ഒരു  മിനിറ്റ് പോലും മാറ്റിവെക്കാൻ കഴിയാതെ ഇരുന്ന ഞാൻ ആരാണ്

Most Arrogant,Self Centered, Egotistical Person അല്ലെങ്കിൽ in short കൂപമണ്ടൂകം !!!



2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

കുട്ടിച്ചോദ്യങ്ങൾ

ജിഫാൻ - 3 1/ 2 വയസ്സ് . അടുത്ത വീട്ടിലെ കുസൃതി പയ്യൻ

കുട്ടി പത്താം  ക്ലാസ്സിൽ ആണെങ്കിലും നാക്ക്‌ എം എ ക്കാണ് എന്ന് മോഹൻലാൽ പറഞ്ഞത് പോലെയാണ് ജിഫുന്റെ സംശയങ്ങളും.  അതെന്താ അങ്ങനെ , ഇതെന്താ ഇങ്ങനെ എപ്പോഴും  ഓരോന്നും ചോദിച്ചു കൊണ്ടേയിരിക്കും അവൻ. "ഓന്റെ ചോദ്യത്തിനുത്തരം പറഞ്ഞു പറഞ്ഞു എനിക്ക്  വട്ടാകും' എന്ന് അവന്റെ ഉമ്മയുടെ പരാതി.

ഒരു ദിവസം കിണറിന്റെ വക്കത്തു ഇരിക്കുന്ന എന്റെ അടുത്ത് വന്നു അവന്റെ ആദ്യത്തെ ചോദ്യം വന്നു " ഇങ്ങക്ക് ഇന്ന് പണിക്കു പോണ്ടേ ?

വേണ്ട

"അതെന്താ"

ഇന്ന് ലീവ് ആണ്

"അതെയോ, കിണറ്റിലേക്ക് നോക്കി മീനിനെ കാണുന്നില്ലേ? ഒക്കെ  എന്റെ ഇക്ക കൊണ്ടിട്ടതാ, കണ്ടോ ഇങ്ങനിങ്ങനെ പോകുന്നേ"

അപ്പോഴാണ് ബീത്താത്ത വെള്ളം കോരാൻ ആയി വന്നത് . കുറച്ചു ബക്കെറ്റ് വെള്ളം കോരിയെടുക്കുന്ന വരെ ജിഫു നോക്കി നിന്നു . അത് കഴിഞ്ഞു ഒറ്റ ചോദ്യം

" ഇങ്ങള് വെള്ളം മുയുമൻ കോരികൊണ്ടോയാൽ മീനോൾക്ക് കുടിക്കാൻ വെള്ളംണ്ടാവോ ?"


അന്നേരം ഒരു പൂച്ച വന്നു എന്റെ കാലിനു അടുത്തിരുന്നു . അടുത്ത ചോദ്യം എന്നോടായിരുന്നു

" ഇങ്ങക്ക് പൂച്ചേനെ  പേടില്ലാ ?"

ഇല്ല്ല

"അതെന്താ പേടില്ലാത്തെ , എനിക്ക് പേടി ആണല്ലോ "

ജിഫുട്ടൻ ചെറിയ കുട്ടി അല്ലെ ഞാൻ വലിയ ആൾ അല്ലേ , വലിയ ആൾ ആകുമ്പോൾ മോനും പേടിയുണ്ടാകില്ല

"എന്നാൽ ഇങ്ങള് പൂച്ചെന്റെ വാലിൽ പിടിച്ചു പൊക്കി "

എനിക്ക് പേടിയാ, പൂച്ച മാന്തും

"ഇങ്ങളല്ലേ പറഞ്ഞേ വലിയ ആളായതുകൊണ്ട് പൂച്ചേനെ പേടില്ലാന്നു . ഇങ്ങളെന്തു വലിയ ആളാണേ ????????"

 സത്യത്തിൽ ഞാൻ വലുതായതാണോ ചെറുതായതാണോ ? ഇപ്പം സംശയം മുഴുവൻ എനിക്കാ !!!

2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

തിരികെ യാത്ര !

എപ്പോഴും  യാത്ര തിരഞ്ഞെടുത്ത വഴികളിലൂടെ മാത്രം ആയിരുന്നു. ഊടുവഴികൾ അല്ലാത്ത കാടും പുല്ലുമില്ലാത്ത വീതിയേറിയ തെളിഞ്ഞ പാതകൾ. നേർവഴി ആയതുകൊണ്ട് തന്നെ ഒരു വഴികാട്ടിയുടെ ആവശ്യകത ഒരിക്കലും അനുഭവപെട്ടിരുന്നില്ല. ലക്ഷ്യമെന്നൊന്നു ഉണ്ടായിരുന്നോ അറിയില്ല, ഈ യാത്ര അനിവാര്യം ആണെന്നും ഇടയ്ക്കു വെച്ച് ഉപേക്ഷിക്കാൻ കഴിയാത്തത് ആണെന്നും ഉള്ള ബോധം മാത്രം ഉണ്ടായിരുന്നു.

നീണ്ടു നിവർന്നു  കിടക്കുന്ന വഴികൾ ഇടക്കെപ്പോഴോ വിരസമായി തോന്നി തുടങ്ങി . അതിനെ അകറ്റാൻ വേണ്ടിയാണു  ഒരു കൂട്ട് തേടിയത്. മിണ്ടിയും പറഞ്ഞും നടക്കുമ്പോൾ യാത്രയുടെ ദൈർഘ്യം അറിയാനും കഴിയില്ലല്ലോ. ഊടുവാഴികളിലൂടെ ഉള്ള യാത്രയുടെ രസം ഇടയ്ക്കിടെ പറഞ്ഞു കൊതിപ്പിച്ചു കൊണ്ടേയിരുന്നു കൂട്ടിനു വന്നയാൾ. എങ്കിൽ അതും ഒന്നറിയണമെന്നു തോന്നിയപ്പോൾ അടുത്ത് കണ്ട ഊടുവഴിയിലേക്ക് നടന്നു കേറിയത്‌. വിരാമമില്ലാതെ സംസാരിക്കുന്നതിനിടയിൽ വഴി മനസിലാക്കാതെയുള്ള നടത്തം തുടർന്നു. അത് വരെ കാണാത്ത പല കാഴ്ചകൾ പകർന്നു  തന്ന ഹർഷോന്മാദം ഒന്ന് വേറെ തന്നെ ആയിരുന്നു. എത്ര ദൂരം, എത്ര നാൾ ഒന്നിനും ഒരു ഓർമയും കണക്കും വെച്ചില്ല. വഴി രണ്ടായി പിരിയുന്നിടത്ത്  വെച്ചാണു  കാഴ്ചകളുടെ മായികലോകത്തു നിന്നും പുറത്തേക്കു വന്നത്. ഏത് വഴി പോകണം എന്ന് മനസിലാകാതെ തിരിഞ്ഞു നോക്കിയപ്പോൾ ആണ് രണ്ടായി പിരിയുന്ന വഴിയുടെ നടുവിൽ  ഒറ്റക്കായി പോയി എന്നറിയുന്നത് തന്നെ.

എങ്ങോട്ടു  എന്നറിയാതെ കുഴങ്ങുമ്പോൾ ഒരു ഉൾവിളി , തിരിഞ്ഞു നടക്കുക, ഉപേക്ഷിച്ചു പോന്ന നേർവഴിയിലേക്ക് .

എളുപ്പമായിരുന്നില്ല അത് .നേരത്തെ കണ്ട കാഴ്ചകൾ എല്ലാം ഒരു കണ്‍കെട്ടു വിദ്യ ആയിരുന്നു എന്ന് മനസിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല. മുന്നോട്ടു പോകുന്ന മനസ്സും പിന്നോട്ട് വലിക്കുന്ന കാലുകളും, വഴിയിൽ പതിയിരിക്കുന്ന ക്ഷുദ്രജീവികൾ, ചതിക്കുഴികൾ, ചതുപ്പുകൾ, അങ്ങോട്ട്‌ പോകുമ്പോൾ കാണാതിരുന്ന പലതും വഴിമുടക്കികൾ ആയി മുന്നിൽ . വഴി ചോദിയ്ക്കാൻ ഒരു വഴികാട്ടിയോ , തളർച്ച മാറ്റാൻ ഒരു അത്താണിയോ  ഇല്ല്ല. പക്ഷെ നടന്നേ പറ്റൂ, ശരിയായ പാതയിലേക്കു തിരിച്ചെത്തിയെ മതിയാകൂ. ഇടക്കിടെയുള്ള  ബുദ്ധിയുടെ ഓർമ്മപ്പെടുത്തൽ.

നിർത്താതെ നടന്നു കൊണ്ടേയിരിക്കുന്നു ഇപ്പോഴും. വഴിയറിയാതെയുള്ള നടത്തം. കൂട്ടിനു പ്രതീക്ഷകളും നക്ഷത്രങ്ങളും മാത്രം. നേർവഴി ഒരു മരീചിക മാത്രമാണ് ഇപ്പോഴും !!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...