2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

തിരികെ യാത്ര !

എപ്പോഴും  യാത്ര തിരഞ്ഞെടുത്ത വഴികളിലൂടെ മാത്രം ആയിരുന്നു. ഊടുവഴികൾ അല്ലാത്ത കാടും പുല്ലുമില്ലാത്ത വീതിയേറിയ തെളിഞ്ഞ പാതകൾ. നേർവഴി ആയതുകൊണ്ട് തന്നെ ഒരു വഴികാട്ടിയുടെ ആവശ്യകത ഒരിക്കലും അനുഭവപെട്ടിരുന്നില്ല. ലക്ഷ്യമെന്നൊന്നു ഉണ്ടായിരുന്നോ അറിയില്ല, ഈ യാത്ര അനിവാര്യം ആണെന്നും ഇടയ്ക്കു വെച്ച് ഉപേക്ഷിക്കാൻ കഴിയാത്തത് ആണെന്നും ഉള്ള ബോധം മാത്രം ഉണ്ടായിരുന്നു.

നീണ്ടു നിവർന്നു  കിടക്കുന്ന വഴികൾ ഇടക്കെപ്പോഴോ വിരസമായി തോന്നി തുടങ്ങി . അതിനെ അകറ്റാൻ വേണ്ടിയാണു  ഒരു കൂട്ട് തേടിയത്. മിണ്ടിയും പറഞ്ഞും നടക്കുമ്പോൾ യാത്രയുടെ ദൈർഘ്യം അറിയാനും കഴിയില്ലല്ലോ. ഊടുവാഴികളിലൂടെ ഉള്ള യാത്രയുടെ രസം ഇടയ്ക്കിടെ പറഞ്ഞു കൊതിപ്പിച്ചു കൊണ്ടേയിരുന്നു കൂട്ടിനു വന്നയാൾ. എങ്കിൽ അതും ഒന്നറിയണമെന്നു തോന്നിയപ്പോൾ അടുത്ത് കണ്ട ഊടുവഴിയിലേക്ക് നടന്നു കേറിയത്‌. വിരാമമില്ലാതെ സംസാരിക്കുന്നതിനിടയിൽ വഴി മനസിലാക്കാതെയുള്ള നടത്തം തുടർന്നു. അത് വരെ കാണാത്ത പല കാഴ്ചകൾ പകർന്നു  തന്ന ഹർഷോന്മാദം ഒന്ന് വേറെ തന്നെ ആയിരുന്നു. എത്ര ദൂരം, എത്ര നാൾ ഒന്നിനും ഒരു ഓർമയും കണക്കും വെച്ചില്ല. വഴി രണ്ടായി പിരിയുന്നിടത്ത്  വെച്ചാണു  കാഴ്ചകളുടെ മായികലോകത്തു നിന്നും പുറത്തേക്കു വന്നത്. ഏത് വഴി പോകണം എന്ന് മനസിലാകാതെ തിരിഞ്ഞു നോക്കിയപ്പോൾ ആണ് രണ്ടായി പിരിയുന്ന വഴിയുടെ നടുവിൽ  ഒറ്റക്കായി പോയി എന്നറിയുന്നത് തന്നെ.

എങ്ങോട്ടു  എന്നറിയാതെ കുഴങ്ങുമ്പോൾ ഒരു ഉൾവിളി , തിരിഞ്ഞു നടക്കുക, ഉപേക്ഷിച്ചു പോന്ന നേർവഴിയിലേക്ക് .

എളുപ്പമായിരുന്നില്ല അത് .നേരത്തെ കണ്ട കാഴ്ചകൾ എല്ലാം ഒരു കണ്‍കെട്ടു വിദ്യ ആയിരുന്നു എന്ന് മനസിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല. മുന്നോട്ടു പോകുന്ന മനസ്സും പിന്നോട്ട് വലിക്കുന്ന കാലുകളും, വഴിയിൽ പതിയിരിക്കുന്ന ക്ഷുദ്രജീവികൾ, ചതിക്കുഴികൾ, ചതുപ്പുകൾ, അങ്ങോട്ട്‌ പോകുമ്പോൾ കാണാതിരുന്ന പലതും വഴിമുടക്കികൾ ആയി മുന്നിൽ . വഴി ചോദിയ്ക്കാൻ ഒരു വഴികാട്ടിയോ , തളർച്ച മാറ്റാൻ ഒരു അത്താണിയോ  ഇല്ല്ല. പക്ഷെ നടന്നേ പറ്റൂ, ശരിയായ പാതയിലേക്കു തിരിച്ചെത്തിയെ മതിയാകൂ. ഇടക്കിടെയുള്ള  ബുദ്ധിയുടെ ഓർമ്മപ്പെടുത്തൽ.

നിർത്താതെ നടന്നു കൊണ്ടേയിരിക്കുന്നു ഇപ്പോഴും. വഴിയറിയാതെയുള്ള നടത്തം. കൂട്ടിനു പ്രതീക്ഷകളും നക്ഷത്രങ്ങളും മാത്രം. നേർവഴി ഒരു മരീചിക മാത്രമാണ് ഇപ്പോഴും !!!

7 അഭിപ്രായങ്ങൾ:

  1. ഇത് ആത്മ കഥയല്ല ... എത്രയോ പേർ ..
    വിരസതമാറ്റാൻ മാത്രമാവില്ല...ഒറ്റയ്ക്ക് നേർവഴി (?) നടക്കുന്നതിന്റെ ഭയാനകത ഒഴിവാക്കാനുമാകും ...

    എന്നാലും തിരിഞ്ഞു നടക്കെണ്ടിയിരുന്നില്ല ...വൃത്തികെട്ട നേർവഴിയിലേക്ക് ...
    മുറുകെ പിടിക്കാമായിരുന്നു ആ അത്താണിയെ....

    നല്ല ഇഷ്ടമായി.. തീം ..എന്നാലും എവിടെയോ ഒരു കുറവ്... ഭാഷയുടെയോ..ശൈലിയുടെയോ അതോ തീർക്കാനുള്ള വെപ്രാളത്തിന്റെയോ .. എന്താണെന്ന് പറയാൻ എനിക്കറിവില്ല.
    എന്റെ അഭിപ്രായത്തെ പോസിറ്റീവ് ആയി എടുക്കണേ ചേച്ചി...സ്വതവേ ആരോടും പറയാറില്ല ....
    ഒരെവഴികൾ പങ്കിട്ടവർ എന്നാ അവകാശത്തിലാണെട്ടോ ഈ പറച്ചിൽ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിമർശനങ്ങളെ നല്ല അർത്ഥത്തിൽ ഉൾകൊള്ളുന്ന ഒരാളാണ് ഞാൻ അതുകൊണ്ട് പറയണം , പറഞ്ഞതിനു ഒരു കുഴപ്പവുമില്ല , പറയാനുള്ള അവകാശം വായിക്കുന്ന ഓരോരുത്തർക്കും ഉണ്ട്....കുറവ് തീർക്കാനുള്ള വെപ്രാളത്തിന്റെയാ ..;)..ഈ ഒരു കാര്യം മനസ്സില് എഴുതിവെച്ചിട്ട് കുറെ കാലം ആയി..ഓരോ തിരക്കുകൾ കാരണം പകർത്താൻ കഴിഞ്ഞില്ല...തിരക്കിനിടയിൽ ഓടിപിടച്ചു വന്നു എഴുതി തീർത്തതാണ് ..അതിന്റെ കുഴപ്പം ഉണ്ടാകും..

      എങ്ങോട്ട് എന്നറിയാതെ മുന്നോട്ടു നടക്കുന്നതിനേക്കാൾ നല്ലതാണു നടന്നു വന്ന വഴി എന്ന് കരുതി ആണ് തിരിഞ്ഞു നടന്നത് ..പക്ഷെ!!!..


      ഇല്ലാതാക്കൂ
  2. ജൈത്രയാത്ര. ആത്മാനുഭവം തേടിയുള്ള യാത്ര. അതൊരു അനുഭവം തന്നെയാണ്‌. “അത്യുന്നതങ്ങളിലെ നക്ഷത്രങ്ങൾ നിങ്ങൾക്ക് വഴികാട്ടികളായിരിക്കട്ടെ.”

    വിരസതയകറ്റാൻവേണ്ടി ഒരു സഹയാത്രികന്റെ വാക്കുകേട്ട് കയ്യെത്തിപ്പിടിക്കാനാവുന്നതല്ല അതൊന്നും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തിരിച്ചറിവുകൾ ഉണ്ടാകുന്നതു വളരെ വൈകി ആണല്ലോ..നന്ദി വരവിനും അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  3. അനിവാര്യമായ ചില യാത്രകളുണ്ട്; എല്ലാവര്‍ക്കും!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേ, ഉപേക്ഷിക്കാൻ കഴിയാത്ത, മാറ്റിവെക്കാൻ കഴിയാത്ത ചിലത്..:)

      ഇല്ലാതാക്കൂ
  4. യാത്രയാണ് ലക്ഷ്യത്തെക്കാള്‍ പ്രധാനം...!!!
    യാത്ര തുടങ്ങുന്ന തയ്യാറെടുപ്പുകള്‍ ഒന്നും ഉണ്ടാകില്ല, അവസാനിക്കുമ്പോള്‍. എല്ലാ യാത്രയുടെയും അവസാനം അപ്രതീക്ഷിതമായിരിക്കും... യാത്ര തുടരു, മടുപ്പിക്കാത്ത വഴികള്‍ അനേകമുണ്ട് യാത്രയില്‍....അല്ലെങ്കില്‍ തന്നെ നമ്മളൊന്ന് ആദ്യം നടന്നാല്‍ അതും വഴിയായി മാറും...

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...