2013, ഡിസംബർ 31, ചൊവ്വാഴ്ച

വാർഷികാവലോകനം

മഞ്ഞുതുള്ളിയായി ഇ-ലോകത്തേക്ക് കടന്നു വന്നിട്ട് മൂന്നു വർഷം കഴിയുന്നു . ഞാൻ ഒരു സാഹിത്യകാരിയോ എഴുത്തുകാരിയോ  ഒന്നുമല്ല, എന്റെ ഉള്ളിലെ ചില ചിന്തകളെ കുറിച്ചിടാൻ ഞാൻ കണ്ടെത്തിയ ഒരിടം മാത്രം ആയിരുന്നു ഇവിടം . എന്റെ ഭ്രാന്തൻ ചിന്തകൾ വായിക്കാനും അഭിപ്രായം പറയാനും ശ്രി. അജിത്തിനെ പോലുള്ളവർ സമയം കണ്ടെത്തിയപ്പോൾ തോന്നിയതെല്ലാം എഴുതികൂട്ടാൻ എനിക്കും ഒരു പ്രേരണ ആയി. നന്ദി, വന്നവർക്കും വായിച്ചവർക്കും പ്രോത്സാഹിപ്പിച്ചവർക്കും എല്ലാവർക്കും...

അവസാന നിമിഷത്തിലേക്ക്‌ കുതിക്കുന്ന വർഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ വലിയ നഷ്ടങ്ങളും ചെറിയ നേട്ടങ്ങളും കൊച്ചു അത്ഭുതങ്ങളും ആയി ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ് .

ഈ വർഷത്തിലെ ഏറ്റവും വലിയ നഷ്ടം ആയിരുന്നു എന്റെ അമ്മയുടെ വേർപാട്‌. സ്വന്തം ജീവിതത്തിലേക്ക് മാത്രം തല താഴ്ത്തിയിരുന്ന ബന്ധുക്കളെയും ബന്ധങ്ങളെയും കൂട്ടിയിണക്കി സ്നേഹം ആണ് എല്ലാത്തിലും വലുത് എന്ന് പഠിപ്പിച്ച ഒരു പാവം സ്ത്രീ, അതായിരുന്നു അമ്മ . ആദ്യം ഭർത്താവിനു വേണ്ടി ജീവിച്ചു , പിന്നെ മക്കൾക്ക്‌ വേണ്ടി. എന്നെങ്കിലും അമ്മ അമ്മക്ക് വേണ്ടി ജീവിച്ചിരുന്നോ എന്നോർക്കുമ്പോൾ പലപ്പോഴും അത്ഭുതം തോന്നും .അമ്മയുടെ നല്ല ഗുണങ്ങളിൽ ഒന്ന് പോലും സ്വാംശീകരിക്കാൻ നോക്കിയില്ലെങ്കിലും അമ്മ ചെയ്യാത്ത ഒരു കാര്യം ചെയ്യാൻ ആ  ജീവിതം എന്നെ പഠിപ്പിച്ചു . ആരോടും നോ പറയാതെ എല്ലാം തലയിലേറ്റി വാക്കിനും പ്രവർത്തിക്കുമിടയിൽ കിടന്നു ശ്വാസം മുട്ടുന്ന അമ്മയെ കണ്ടാണ്‌ പറ്റാത്ത കാര്യങ്ങൾക്ക് ഉറച്ച സ്വരത്തിൽ നോ പറയാൻ ഞാൻ പഠിച്ചത് . നൂല് അറ്റുപോയ മുത്തുകളെ പോലെ ആയി എല്ലാവരും. എങ്കിലും അവിടെയും ചില നന്മകൾ ഉണ്ടായി . കണ്ടാൽ മിണ്ടാത്തവരും അറിയാത്തവരും പരസ്പരം ഒന്നായി. അദൃശ്യമായ ഒരു സാന്നിധ്യമായി ഈ കണ്ണികളെ എന്നും കൂട്ടിയിണക്കി അമ്മ ഉണ്ടാകും ഇവിടെ ഉറപ്പാണ്‌ .

വിഷമസ്ഥിതിയിൽ കൂടെ ഉണ്ടാകുമെന്ന് കരുതിയിരുന്നവർ ആരും  തന്നെ കൂടെ ഉണ്ടായിരുന്നില്ല.പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലർ വന്നു തൊട്ടപ്പോൾ ഒറ്റക്കല്ല ആരെങ്കിലും ഒക്കെ ഉണ്ടാകും കൂട്ടായി എന്നുറപ്പായി. അല്ലെങ്കിലും ദൈവം അങ്ങനെ ആണ്, ഇനി എന്ത് ചെയ്യണം എന്നറിയാതെ തളർന്നിരിക്കുമ്പോൾ ഞാൻ ഇല്ലേ കൂടെ പേടിക്കുന്നതെന്തിനാ  എന്ന് ചോദിച്ചു പിടിച്ചെഴുന്നേൽപ്പിക്കാറുണ്ട് പലപ്പോഴും. കുരുങ്ങി മുറുകുമെന്ന് തോന്നിയ ചില കണ്ണികളെ മനപൂർവ്വം അറുത്തു മാറ്റിയപ്പോൾ കിട്ടിയ ആശ്വാസം ചെറുതല്ല. വാക്കുകൾ വെറും പൊള്ള ആണെന്നും അവ പാലിക്കാൻ ഉള്ളതല്ലെന്നും മനസിലാക്കി തന്ന ചെറിയ സംഭവങ്ങൾ... എല്ലാത്തിനും  ഒടുവിൽ ഞാൻ എന്നെ മനസിലാക്കിയ ചില മുഹൂർത്തങ്ങൾ... മുഖങ്ങളേക്കാൾ കൂടുതൽ മുഖംമൂടികൾ ആണെന്നു മനസിലായ ചില നേരങ്ങൾ.. മുഖംമൂടികൾ അഴിഞ്ഞു വീണ മുഖങ്ങൾ കണ്ട സന്തോഷം... കണ്ട സ്വപ്നങ്ങളിൽ ചെറുതെങ്കിലും ചിലതൊക്കെ യാഥാർത്ഥ്യമായ ചാരിതാർത്ഥ്യം... കുഴഞ്ഞു മറിഞ്ഞതെങ്കിലും ഒരു ബ്ലെസ്സ്ഡ് ലൈഫ് ആണ് എനിക്കെന്നു തോന്നിച്ച ചില സന്ദർഭങ്ങൾ..

സ്വപ്നങ്ങൾ ആണ് എന്റെ കൂട്ടുകാർ...
ശുഭാപ്തിവിശ്വാസം ആണ് എന്റെ വഴികാട്ടി...
ആത്മവിശ്വാസം ആണെന്റെ കരുത്ത് ....

 ഏതു പ്രതിസന്ധിയെയും നേരിടാൻ ഇവർ മൂന്നും എന്റെ കൂടെ എന്നും ഉണ്ടാകുമെന്ന വിശ്വാസത്തോടെ മഞ്ഞുതുള്ളിയെ തൊട്ടറിയാൻ വന്ന, വരുന്ന എല്ലാ സഹൃദയർക്കും എന്റെ പുതുവത്സര ആശംസകൾ ...:)

HAPPY NEW YEAR TO ALL MY FRIENDS  &  WELL WISHERS


(Picture courtesy: Google)


2013, ഡിസംബർ 18, ബുധനാഴ്‌ച

ഇര

ജനിച്ചാൽ ഒരിക്കൽ മരിക്കണം എന്നുള്ളത് നിശ്ചയം, ചിലരുടെ അടുത്തേക്ക് മരണം കാലൊച്ച പോലും കേൾപ്പിക്കാതെ എത്തുന്നു. മറ്റു ചിലർ മരണത്തെ തേടി ചെല്ലുന്നു.ഇത്തരം സാധാരണമായ മരണത്തിൽ നിന്നും വ്യത്യസ്തമായി മരണം വേട്ടയാടി കൊണ്ട് പോകാൻ ആഗ്രഹിക്കുന്നു ചില അസാധാരണ ജന്മങ്ങൾ.

ചാരുകസേരയിൽ ചാഞ്ഞിരുന്നു പത്രത്തിലെ ചരമകോളവും അതിനടുത്ത അപകടമരണ വാർത്തകളും  വായിക്കുന്ന ചെറുപ്പക്കാരനെ നിങ്ങൾ കാണുന്നുണ്ടോ? മരണ വാർത്തകൾ ഒരു തരം ആർത്തിയോടെ  ആണ് അയാൾ വായിക്കുന്നത്. എന്തുകൊണ്ടാണ് അയാൾ ഇത്തരം വാർത്തകൾ മാത്രം വായിക്കുന്നത് എന്ന് സംശയം തോന്നിയേക്കാം. ഈയിടെ അയാൾ മരണത്തെ കുറിച്ച് മാത്രം ആണ് ചിന്തിക്കുന്നത്. മരണത്തെ മുന്നില് കണ്ടു ജീവന്റെ തുടിപ്പുകളിൽ മരണം അരിച്ചു കേറുന്നു   എന്നറിഞ്ഞു മരിക്കണം എന്നാണ് അയാളുടെ ആഗ്രഹം. ജീവിതത്തിലെ എല്ലാ കാര്യങ്ങളും സ്വന്തം മനസ്സിന്റെ സന്തോഷവും സുഖവും മാത്രം കണ്ടു ആവേശത്തോടെ ജീവിച്ച ചെറുപ്പക്കാരൻ ആണ്. അത് കൊണ്ട് തന്നെ മരണവും ത്രസിപ്പിക്കുന്നതു ആകണം  എന്നയാൾ വിചാരിക്കുന്നു.  വിചിത്രമായ അല്ലെങ്കിൽ ഉന്മാദകരമായ ഒരു മരണം.

വായനക്കിടയിൽ അയാളുടെ കണ്ണുകൾ ഒന്ന് തിളങ്ങിയോ? തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ഒരു സന്തോഷം അയാളുടെ മുഖത്ത് വിടരുന്നു. അയാളിൽ സന്തോഷം നല്കിയ വാർത്തഎന്തായിരിക്കും ?
'സൂ പാർക്കിലെ കുട്ടിയുടെ മരണം - അധികൃതരുടെ അനാസ്ഥക്ക് എതിരെ പ്രതിഷേധം "

 പൊട്ടി വീണ പട്ടം എടുക്കാൻ വേണ്ടി റോഡിലെ കമാനം വഴി പാർക്കിന്റെ മതിലു ചാടി കേറിയ കുട്ടി ലയണ്‍ സഫാരി പാർക്കിലെ സിംഹത്തിന്റെ വായിൽ അകപ്പെട്ടു മരിച്ചതിനെ തുടർന്നു കമാനം  പൊളിച്ചു മാറ്റാനോ മതിൽ  ഉയർത്തി കെട്ടാനോ  ശ്രമിക്കാത്തതിനു എതിരെ ഉള്ള പ്രതിഷേധം -  അതായിരുന്നു ആ വാർത്ത‍.

വ്യത്യസ്തമായ മാർഗത്തിലൂടെ മരിക്കാൻ ആഗ്രഹിച്ച അയാൾക്ക് കിട്ടിയ ചൂണ്ടു പലക ആയിരുന്നു അത്. പെട്ടെന്ന്  ജയിക്കാൻ അനുവദിക്കാത്ത മരണത്തിന്റെ ഇര. വന്യമായി വേട്ടയാടി  ജയിക്കുന്ന മരണം.വിശന്നു വലഞ്ഞ സിംഹത്തിന്റെ മുന്നിലേക്ക് സ്വയം എറിഞ്ഞു കൊടുത്താൽ ഇരയുടെ സുഖം, വേട്ടയുടെ വന്യത എല്ലാ അറിയാം. കലണ്ടറിലേക്ക്  നോക്കിയ അയാളുടെ മുഖത്ത് സന്തോഷം ഇരട്ടിച്ചു.  തിങ്കളാഴ്ച ആയിരുന്നു അന്ന്, സൂ പാർക്കിനു അവധി ദിവസം. ഇതിലും പറ്റിയ നല്ല ഒരു ദിവസം മരണത്തിനു ആയി ഇല്ല എന്ന തോന്നല് കൊണ്ടാണോ എന്തോ  കളഞ്ഞു പോയ കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയെ പോലെ അയാൾ തുള്ളി ചാടികൊണ്ടാണ്  അയാൾ പുറത്തേക്കു പോയത് .

സൂ പാർക്കിനു മുൻപിൽ എത്തിയ അയാൾ ചുറ്റും ഒന്ന് കണ്ണോടിച്ചു. എത്ര പ്രശാന്തമായ അന്തരീക്ഷം, മുന്നിലെ വലിയ ബോർഡിനു കീഴെ അടച്ചിട്ട ഗേറ്റിനു അപ്പുറത്ത് ഒരു കാവൽക്കാരൻ ഉറക്കം തൂങ്ങുന്നു. നഗരത്തിനു പുറത്തു മുന്നൂറ്റി എണ്‍പത് ഏക്കറിൽ പരന്നു കിടക്കുന്ന പാർക്കിന്റെ മതില് പറ്റി അയാൾ നടന്നു. കുറച്ചു നടന്നപ്പോൾ റോഡിലുള്ള കമാനം അയാളുടെ കണ്ണിൽ പെട്ടു. തന്റെ മരണത്തിലേക്കുള്ള ചവിട്ടു പടി നോക്കി അയാൾ ഒന്ന് ചെറുതായി ചിരിച്ചു. അതിക്രമിച്ചു കടക്കരുത് എന്ന ബോർഡിനപ്പുറമുള്ള വേട്ടക്കാരന്റെ അടുത്തെത്താനായി അയാൾ അതിലേക്കു വലിഞ്ഞു കയറാൻ തുടങ്ങി . അകത്തു മരച്ചുവട്ടിൽ  ഒട്ടിയ വയറുമായി  കണ്ണുകളടച്ചു കാത്തിരിക്കുകയാണ്‌  വേട്ടക്കാരൻ . കമാനത്തിൽ നിന്നും മതിൽ  ചാടി കടന്നു അയാൾചെന്ന്  വീണത്‌ കൃത്യം അതിന്റെ മുന്നിൽ  തന്നെ.  സട കുടഞ്ഞു എഴുന്നെല്കുമ്പോൾ കണ്ണിൽ  ഒറ്റ ചാട്ടത്തിനു തിന്നു തീര്ക്കാൻ പോകുന്ന  ക്രൌര്യം. ആഴ്ന്നിറങ്ങുന്ന കണ്ണുകൾ , നെഞ്ചിടിപ്പ് കൂട്ടുന്ന മുരൾച്ച, തിളങ്ങുന്ന ഉളിപല്ലുകൾ . അയാൾ തന്നോട് തന്നെ പറഞ്ഞു  "ഓടണം ഓടിയേ പറ്റൂ, ജീവന്റെയും മരണത്തിന്റെയും ഇടയിലെ നിമിഷങ്ങളിലെ സമ്മർദം അറിയണം എങ്കിലേ ത്രില്ലിംഗ് ഉള്ളൂ."

ഉസ്സൈൻ ബോൾടിനെ പോലെ അയാൾ മുന്നോട്ടു കുതിക്കവേ പിറകിൽ നിന്നും കേൾക്കുന്ന  മുരൾച്ച. വിടാതെ പിറകിലുണ്ട് അവൻ. ഒരു നിമിഷം വേഗം കുറഞ്ഞാൽ പുറത്തു തറഞ്ഞു കേറുന്ന നഖങ്ങൾ.ആ വേട്ട അവിടെ അവസാനിക്കും.നീർച്ചാലുകൾ മുറിച്ചു കടന്നു കുറ്റിക്കാടുകൾ വകഞ്ഞു മാറ്റി അയാൾ ഓടി .  വേരുകളുടെ തടസ്സങ്ങളിൽ  തട്ടി വീണപ്പോൾ ഉള്ളിൽ  നിന്നും ആരോ അയാളോട് പറഞ്ഞു "വേട്ടയാടലിന്റെ രസം മുഴുവൻ അറിയുന്നതിന് മുൻപേ കീഴ്പെട്ടുകൂട, ഓടു,ഓടു". ഇനി ഓടാൻ വയ്യ . പക്ഷെ അടിയറവു വെച്ച് കീഴടങ്ങലിൽ എന്താണ് ഒരു രസം? വേട്ടക്കാരന് അത്ര പെട്ടെന്നു എത്തി പെടാൻ കഴിയാത്ത ഉയരത്തിലേക്ക് കയറുമ്പോൾ ഉള്ളിൽ ഉണ്ടായിരുന്നത് രക്ഷപെടാനുള്ള വ്യഗ്രത. മുകളിലെത്തി താഴോട്ടു നോക്കി അയാൾ ഒന്ന് ചിരിച്ചു. പൊരുതി ജയിച്ചവന്റെ ചിരി.                                        

ശക്തി പ്രാപിച്ചു വരുന്ന സൂര്യരശ്മികൾ. കണ്ണടച്ച്  ചാഞ്ഞിരിക്കവേ അയാളുടെ ഓർമകളിൽ നിറയുന്ന ചില ചിത്രങ്ങൾ.ജീവിതം വെട്ടിപ്പിടിക്കാനുള്ള ആവേശത്തിൽ നഷടപെട്ട ചില ഓർമചിത്രങ്ങൾ . ഒരിക്കലും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സമാന്തരരേഖകൾ ആണ് നമ്മൾ എന്ന് പറഞ്ഞപ്പോൾ പൊഴിഞ്ഞ കണ്ണീർനനവ്‌  തുടക്കാതെ ഇറങ്ങിപോകുന്ന കൊലുസ്സിന്റെ ശബ്ദം. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്കുള്ള ഓട്ടപാച്ചിലിൽ അറുത്തു മാറ്റിയ സ്നേഹ കണ്ണികൾ. സങ്കടങ്ങളും പരിഭവങ്ങളും ജീവിതയാത്രയിലെ തടസ്സങ്ങൾ എന്ന് പറഞ്ഞു കണ്ണും ചെവിയും അടച്ചു വെച്ചുള്ള ഓട്ടം.ആവേശഭരിതമായ ജീവിതത്തിൽ നിന്നും കോരിത്തരിപ്പിക്കുന്ന മരണത്തിൽ എത്തി നിൽക്കുമ്പോൾ നിറയുന്ന കണ്ണുകൾ തുടക്കാൻ കൊതിക്കുന്നു കൈകൾ.

ചെയ്തു പോയ എല്ലാ പാപങ്ങളും ആവി ആകാൻ എന്ന വണ്ണംതുളച്ചു കയറുന്ന സൂര്യകിരണങ്ങൾ.  
അയാൾ തന്റെ ജീവിതത്തിലേക്കുള്ള സ്വപ്നയാത്ര തുടങ്ങിയപ്പോൾ അയാളുടെ ശരീരം കനം കുറഞ്ഞു ഒരു പഞ്ഞികെട്ടുപോലെ  താഴേക്കുള്ള  യാത്ര തുടങ്ങിയിരുന്നു. താഴെ കാത്തു  നിന്ന കണ്ണുകളിൽ ഇപ്പോൾ ക്രൌര്യത്തിനു പകരം ഭക്ഷണം കണ്ട സന്തോഷം, ഉളിപല്ലുകളിൽ സൂര്യരശ്മിയുടെ പ്രതിഫലനം.





(കടപ്പാട് :  ആശയം തന്ന കൃഷ്ണദാസിനു ..:)  http://parvanam.blogspot.in/..)



2013, ഡിസംബർ 9, തിങ്കളാഴ്‌ച

ചില നേരങ്കളിൽ ചില മനിതർ


മുടിയിഴകളിൽ തഴുകി പോകുന്ന ഇളം കാറ്റ്  പോലെ അല്ലെങ്കിൽ ഒരു നനുത്ത മഴ പോലെ നമ്മുടെ മനസ്സിനകത്ത് കേറിഇരിക്കുന്ന  ചിലരുണ്ട് . സൌമ്യമായ ഒരു സാന്നിധ്യം. വന്നത് പോലെ തന്നെ അവർ ചിലപ്പോൾ  ഇറങ്ങിയും പോകും. അറിയാതെ, പറയാതെ. വേനലിൽ ഒരു മഴ കൊതിക്കുന്നത് പോലെ ചിലപ്പോഴൊക്കെ നമ്മൾ അറിയാതെ വീണ്ടും ആ സാന്നിധ്യം കൊതിച്ചു പോകും. അപ്പോൾ ഒരു സന്ദേശമായി പറന്നു ചെല്ലുമ്പോൾ ഞാനിവിടൊക്കെ തന്നെ ഉണ്ട് എന്ന ഓർമപെടുത്തലുമായി   മറുപടി എത്തുമ്പോൾ നമ്മൾ അറിയാതെ പുതുമഴയിൽ തുള്ളിച്ചാടുന്ന കൊച്ചുകുട്ടി ആയി മാറുന്നു .

എന്നാൽ ചിലരുണ്ട് നമ്മുടെ ഉള്ളിലേക്ക് നുഴഞ്ഞുകയറി അധികാരം സ്ഥാപിക്കുന്നവർ. അത്തരം നുഴഞ്ഞു കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എങ്കിൽ പോലും ഒരു അവകാശം പോലെ അവർ അവിടെ കയറി വരുന്നു. ചെറിയ സഹായങ്ങൾ, ഉപദേശങ്ങൾ പിന്നെ പതുക്കെ പതുക്കെ നമ്മുടെ എല്ലാ കാര്യങ്ങളിലും തല ഇടാൻ തുടങ്ങുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അതിരു നിശ്ചയിക്കുന്നത് പോലും അവരാകുന്നു. എന്ത് പറയണം എന്ത് പറയേണ്ട എന്നത് അവരാണ്  നിശ്ചയിക്കുന്നത് . ഉപദേശത്തിനു നന്ദി പറഞ്ഞു നമുക്കിഷ്ടം ഉള്ളത് ചെയ്താൽ 'ഈഗോയിസ്റ്റ് ' എന്ന പേര് വീഴുന്നു. അങ്ങനെ പറയുന്നവരോട് എനിക്ക് പറയാൻ ഉള്ളത് ഞാൻ ഈഗോയിസ്റ്റ് തന്നെ ആണ് എന്നതാണ് . എന്റെ സ്വാതന്ത്ര്യത്തിന്റെ, സന്തോഷത്തിന്റെ അതിർവരമ്പ്  നിശ്ചയിക്കുന്നത് ഞാൻ തന്നെ ആണ്.

ഓണ്‍ലൈനിൽ കണ്ട പെണ്‍സുഹൃത്ത്‌ സന്തോഷം എന്നാൽ എന്ത് എന്ന് ചോദിച്ചപ്പോൾ അവനവനെ അറിയുന്നത് ആണ് ഏറ്റവും വലിയ സന്തോഷം എന്ന് പറഞ്ഞത് അത് കൊണ്ടാണ് . താൻ  എന്താണ് എന്നും, എന്ത് ചെയ്യുന്നു എന്നും അതിന്റെ ഫലം എന്തായിരിക്കും എന്നുമുള്ള പൂർണ  ബോധത്തോടെ ജീവിക്കുമ്പോൾ മറ്റുള്ളവർക്ക് ഉപദ്രവമാകാത്ത നമ്മൾ  ചെയ്യുന്ന ഓരോ ചെയ്തികളും ഒരു തരത്തിൽ  അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്ക് സന്തോഷം തരുന്നു. 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...