2013, ഡിസംബർ 18, ബുധനാഴ്‌ച

ഇര

ജനിച്ചാൽ ഒരിക്കൽ മരിക്കണം എന്നുള്ളത് നിശ്ചയം, ചിലരുടെ അടുത്തേക്ക് മരണം കാലൊച്ച പോലും കേൾപ്പിക്കാതെ എത്തുന്നു. മറ്റു ചിലർ മരണത്തെ തേടി ചെല്ലുന്നു.ഇത്തരം സാധാരണമായ മരണത്തിൽ നിന്നും വ്യത്യസ്തമായി മരണം വേട്ടയാടി കൊണ്ട് പോകാൻ ആഗ്രഹിക്കുന്നു ചില അസാധാരണ ജന്മങ്ങൾ.

ചാരുകസേരയിൽ ചാഞ്ഞിരുന്നു പത്രത്തിലെ ചരമകോളവും അതിനടുത്ത അപകടമരണ വാർത്തകളും  വായിക്കുന്ന ചെറുപ്പക്കാരനെ നിങ്ങൾ കാണുന്നുണ്ടോ? മരണ വാർത്തകൾ ഒരു തരം ആർത്തിയോടെ  ആണ് അയാൾ വായിക്കുന്നത്. എന്തുകൊണ്ടാണ് അയാൾ ഇത്തരം വാർത്തകൾ മാത്രം വായിക്കുന്നത് എന്ന് സംശയം തോന്നിയേക്കാം. ഈയിടെ അയാൾ മരണത്തെ കുറിച്ച് മാത്രം ആണ് ചിന്തിക്കുന്നത്. മരണത്തെ മുന്നില് കണ്ടു ജീവന്റെ തുടിപ്പുകളിൽ മരണം അരിച്ചു കേറുന്നു   എന്നറിഞ്ഞു മരിക്കണം എന്നാണ് അയാളുടെ ആഗ്രഹം. ജീവിതത്തിലെ എല്ലാ കാര്യങ്ങളും സ്വന്തം മനസ്സിന്റെ സന്തോഷവും സുഖവും മാത്രം കണ്ടു ആവേശത്തോടെ ജീവിച്ച ചെറുപ്പക്കാരൻ ആണ്. അത് കൊണ്ട് തന്നെ മരണവും ത്രസിപ്പിക്കുന്നതു ആകണം  എന്നയാൾ വിചാരിക്കുന്നു.  വിചിത്രമായ അല്ലെങ്കിൽ ഉന്മാദകരമായ ഒരു മരണം.

വായനക്കിടയിൽ അയാളുടെ കണ്ണുകൾ ഒന്ന് തിളങ്ങിയോ? തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ഒരു സന്തോഷം അയാളുടെ മുഖത്ത് വിടരുന്നു. അയാളിൽ സന്തോഷം നല്കിയ വാർത്തഎന്തായിരിക്കും ?
'സൂ പാർക്കിലെ കുട്ടിയുടെ മരണം - അധികൃതരുടെ അനാസ്ഥക്ക് എതിരെ പ്രതിഷേധം "

 പൊട്ടി വീണ പട്ടം എടുക്കാൻ വേണ്ടി റോഡിലെ കമാനം വഴി പാർക്കിന്റെ മതിലു ചാടി കേറിയ കുട്ടി ലയണ്‍ സഫാരി പാർക്കിലെ സിംഹത്തിന്റെ വായിൽ അകപ്പെട്ടു മരിച്ചതിനെ തുടർന്നു കമാനം  പൊളിച്ചു മാറ്റാനോ മതിൽ  ഉയർത്തി കെട്ടാനോ  ശ്രമിക്കാത്തതിനു എതിരെ ഉള്ള പ്രതിഷേധം -  അതായിരുന്നു ആ വാർത്ത‍.

വ്യത്യസ്തമായ മാർഗത്തിലൂടെ മരിക്കാൻ ആഗ്രഹിച്ച അയാൾക്ക് കിട്ടിയ ചൂണ്ടു പലക ആയിരുന്നു അത്. പെട്ടെന്ന്  ജയിക്കാൻ അനുവദിക്കാത്ത മരണത്തിന്റെ ഇര. വന്യമായി വേട്ടയാടി  ജയിക്കുന്ന മരണം.വിശന്നു വലഞ്ഞ സിംഹത്തിന്റെ മുന്നിലേക്ക് സ്വയം എറിഞ്ഞു കൊടുത്താൽ ഇരയുടെ സുഖം, വേട്ടയുടെ വന്യത എല്ലാ അറിയാം. കലണ്ടറിലേക്ക്  നോക്കിയ അയാളുടെ മുഖത്ത് സന്തോഷം ഇരട്ടിച്ചു.  തിങ്കളാഴ്ച ആയിരുന്നു അന്ന്, സൂ പാർക്കിനു അവധി ദിവസം. ഇതിലും പറ്റിയ നല്ല ഒരു ദിവസം മരണത്തിനു ആയി ഇല്ല എന്ന തോന്നല് കൊണ്ടാണോ എന്തോ  കളഞ്ഞു പോയ കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയെ പോലെ അയാൾ തുള്ളി ചാടികൊണ്ടാണ്  അയാൾ പുറത്തേക്കു പോയത് .

സൂ പാർക്കിനു മുൻപിൽ എത്തിയ അയാൾ ചുറ്റും ഒന്ന് കണ്ണോടിച്ചു. എത്ര പ്രശാന്തമായ അന്തരീക്ഷം, മുന്നിലെ വലിയ ബോർഡിനു കീഴെ അടച്ചിട്ട ഗേറ്റിനു അപ്പുറത്ത് ഒരു കാവൽക്കാരൻ ഉറക്കം തൂങ്ങുന്നു. നഗരത്തിനു പുറത്തു മുന്നൂറ്റി എണ്‍പത് ഏക്കറിൽ പരന്നു കിടക്കുന്ന പാർക്കിന്റെ മതില് പറ്റി അയാൾ നടന്നു. കുറച്ചു നടന്നപ്പോൾ റോഡിലുള്ള കമാനം അയാളുടെ കണ്ണിൽ പെട്ടു. തന്റെ മരണത്തിലേക്കുള്ള ചവിട്ടു പടി നോക്കി അയാൾ ഒന്ന് ചെറുതായി ചിരിച്ചു. അതിക്രമിച്ചു കടക്കരുത് എന്ന ബോർഡിനപ്പുറമുള്ള വേട്ടക്കാരന്റെ അടുത്തെത്താനായി അയാൾ അതിലേക്കു വലിഞ്ഞു കയറാൻ തുടങ്ങി . അകത്തു മരച്ചുവട്ടിൽ  ഒട്ടിയ വയറുമായി  കണ്ണുകളടച്ചു കാത്തിരിക്കുകയാണ്‌  വേട്ടക്കാരൻ . കമാനത്തിൽ നിന്നും മതിൽ  ചാടി കടന്നു അയാൾചെന്ന്  വീണത്‌ കൃത്യം അതിന്റെ മുന്നിൽ  തന്നെ.  സട കുടഞ്ഞു എഴുന്നെല്കുമ്പോൾ കണ്ണിൽ  ഒറ്റ ചാട്ടത്തിനു തിന്നു തീര്ക്കാൻ പോകുന്ന  ക്രൌര്യം. ആഴ്ന്നിറങ്ങുന്ന കണ്ണുകൾ , നെഞ്ചിടിപ്പ് കൂട്ടുന്ന മുരൾച്ച, തിളങ്ങുന്ന ഉളിപല്ലുകൾ . അയാൾ തന്നോട് തന്നെ പറഞ്ഞു  "ഓടണം ഓടിയേ പറ്റൂ, ജീവന്റെയും മരണത്തിന്റെയും ഇടയിലെ നിമിഷങ്ങളിലെ സമ്മർദം അറിയണം എങ്കിലേ ത്രില്ലിംഗ് ഉള്ളൂ."

ഉസ്സൈൻ ബോൾടിനെ പോലെ അയാൾ മുന്നോട്ടു കുതിക്കവേ പിറകിൽ നിന്നും കേൾക്കുന്ന  മുരൾച്ച. വിടാതെ പിറകിലുണ്ട് അവൻ. ഒരു നിമിഷം വേഗം കുറഞ്ഞാൽ പുറത്തു തറഞ്ഞു കേറുന്ന നഖങ്ങൾ.ആ വേട്ട അവിടെ അവസാനിക്കും.നീർച്ചാലുകൾ മുറിച്ചു കടന്നു കുറ്റിക്കാടുകൾ വകഞ്ഞു മാറ്റി അയാൾ ഓടി .  വേരുകളുടെ തടസ്സങ്ങളിൽ  തട്ടി വീണപ്പോൾ ഉള്ളിൽ  നിന്നും ആരോ അയാളോട് പറഞ്ഞു "വേട്ടയാടലിന്റെ രസം മുഴുവൻ അറിയുന്നതിന് മുൻപേ കീഴ്പെട്ടുകൂട, ഓടു,ഓടു". ഇനി ഓടാൻ വയ്യ . പക്ഷെ അടിയറവു വെച്ച് കീഴടങ്ങലിൽ എന്താണ് ഒരു രസം? വേട്ടക്കാരന് അത്ര പെട്ടെന്നു എത്തി പെടാൻ കഴിയാത്ത ഉയരത്തിലേക്ക് കയറുമ്പോൾ ഉള്ളിൽ ഉണ്ടായിരുന്നത് രക്ഷപെടാനുള്ള വ്യഗ്രത. മുകളിലെത്തി താഴോട്ടു നോക്കി അയാൾ ഒന്ന് ചിരിച്ചു. പൊരുതി ജയിച്ചവന്റെ ചിരി.                                        

ശക്തി പ്രാപിച്ചു വരുന്ന സൂര്യരശ്മികൾ. കണ്ണടച്ച്  ചാഞ്ഞിരിക്കവേ അയാളുടെ ഓർമകളിൽ നിറയുന്ന ചില ചിത്രങ്ങൾ.ജീവിതം വെട്ടിപ്പിടിക്കാനുള്ള ആവേശത്തിൽ നഷടപെട്ട ചില ഓർമചിത്രങ്ങൾ . ഒരിക്കലും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സമാന്തരരേഖകൾ ആണ് നമ്മൾ എന്ന് പറഞ്ഞപ്പോൾ പൊഴിഞ്ഞ കണ്ണീർനനവ്‌  തുടക്കാതെ ഇറങ്ങിപോകുന്ന കൊലുസ്സിന്റെ ശബ്ദം. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്കുള്ള ഓട്ടപാച്ചിലിൽ അറുത്തു മാറ്റിയ സ്നേഹ കണ്ണികൾ. സങ്കടങ്ങളും പരിഭവങ്ങളും ജീവിതയാത്രയിലെ തടസ്സങ്ങൾ എന്ന് പറഞ്ഞു കണ്ണും ചെവിയും അടച്ചു വെച്ചുള്ള ഓട്ടം.ആവേശഭരിതമായ ജീവിതത്തിൽ നിന്നും കോരിത്തരിപ്പിക്കുന്ന മരണത്തിൽ എത്തി നിൽക്കുമ്പോൾ നിറയുന്ന കണ്ണുകൾ തുടക്കാൻ കൊതിക്കുന്നു കൈകൾ.

ചെയ്തു പോയ എല്ലാ പാപങ്ങളും ആവി ആകാൻ എന്ന വണ്ണംതുളച്ചു കയറുന്ന സൂര്യകിരണങ്ങൾ.  
അയാൾ തന്റെ ജീവിതത്തിലേക്കുള്ള സ്വപ്നയാത്ര തുടങ്ങിയപ്പോൾ അയാളുടെ ശരീരം കനം കുറഞ്ഞു ഒരു പഞ്ഞികെട്ടുപോലെ  താഴേക്കുള്ള  യാത്ര തുടങ്ങിയിരുന്നു. താഴെ കാത്തു  നിന്ന കണ്ണുകളിൽ ഇപ്പോൾ ക്രൌര്യത്തിനു പകരം ഭക്ഷണം കണ്ട സന്തോഷം, ഉളിപല്ലുകളിൽ സൂര്യരശ്മിയുടെ പ്രതിഫലനം.

(കടപ്പാട് :  ആശയം തന്ന കൃഷ്ണദാസിനു ..:)  http://parvanam.blogspot.in/..)3 അഭിപ്രായങ്ങൾ:

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...