2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

കൃഷി ചരിതം

ഫേസ്ബുക്കിലെ അപ്നാ ഗ്രൂപ്പ്‌ ആയ ടേസ്റ്റ് ബട്സിൽ എന്റെ ടെറസ് ഗാർഡൻ ഫോട്ടോ ഇട്ട ദിവസം ചാറ്റ് ബോക്സിൽ ഒരു മെസ്സേജ് വന്നു
"ഫേസ്ബുക്ക് ഉള്ളത് കൊണ്ട് മാഡം കൃഷി ഒക്കെ ചെയ്യാൻ തുടങ്ങി അല്ലെ ?"
ചോദ്യത്തിലെ പരിഹാസത്തെ അവഗണിച്ചു കൊണ്ട് ' കൃഷി ആദ്യമേ ഉണ്ട് , ഫോട്ടോ ഫേസ്ബുക്ക് ഉള്ളത് കൊണ്ട് ഇടുന്നു ' എന്ന് പറഞ്ഞു ഒരു സ്മൈലിയുമിട്ടു സ്ഥലം കാലി  ആക്കി .

കൃഷി എന്റെ രക്തത്തിൽ ഫേസ്ബുക്കും സുക്കെൻ ബർഗും ജനിക്കുന്നതിനു മുന്നേ , നിരുപമ ബ്രാൻഡ്‌ അംബാസഡറും ജൈവകൃഷി ജ്വരം പോലെയും  പടർന്നു പിടിക്കുന്നതിനു മുന്നേ അലിഞ്ഞു ചേർന്ന ഒന്നാണ് . രാവിലെ കടയിലേക്ക് പോകുന്നതിനു മുന്നേ തോട്ടവും വയലും ചുറ്റി കറങ്ങി പുല്ലും പടലും പറിച്ചു കളഞ്ഞു, വയലുകളിൽ വെള്ളം ഒഴുകാൻ കവായി കീറി തിരിച്ചു വരുന്ന ഒരച്ഛനെയും   , വീട്ടിൽ ഉണ്ടാക്കാൻ കഴിയാത്ത ഉള്ളി , ഉരുളകിഴങ്ങ് തുടങ്ങിയവ മാത്രം പുറത്തു നിന്ന് വാങ്ങുകയും മറ്റെല്ലാം അടുക്കള തോട്ടത്തിൽ ഉണ്ടാക്കുകയും ചെയ്യുന്ന ഒരമ്മയെയും കണ്ടു വളർന്ന ഒരാൾക്ക്  ചെടികളോടും കൃഷിയോടും ഇഷ്ടം തോന്നുക സ്വാഭാവികം മാത്രം .

ഡിസംബറിൽ നെൽകൃഷി കഴിഞ്ഞു ഒഴിഞ്ഞു കിടക്കുന്ന പാടത്തു പയറും വെള്ളരിയും  മത്തനും കുമ്പളവും വെണ്ടയും കയ്പയും പടർന്നു കിടക്കുന്ന ബാല്യകാലം .. വെള്ളം ഒഴിക്കുന്ന ചെറിയ  ജോലി ചെയ്യുന്നതിനൊപ്പം ഇളം വെള്ളരി പറിച്ചു തിന്നുന്നതിന് കേൾക്കുന്ന  ചീത്ത.. ചോറ്റു പത്രത്തിൽ ഇന്നിതാണ് വേണ്ടത് എന്ന് പറഞ്ഞു ഇഷ്ടമുള്ള പച്ചക്കറി പറിച്ചു കൊണ്ട് കൊടുക്കുന്ന നല്ല കാലം ..ഇന്നും വായിൽ വെള്ളമൂറിക്കുന്ന കടുക് പൊട്ടിച്ച ചിലന്തി അമര ഉപ്പേരി, ചെറിയ ഉള്ളിയും തേങ്ങയും പച്ചമുളകും വറുത്തിട്ട കോവയ്ക്ക തോരൻ , തലേ ദിവസം പറഞ്ഞുറപ്പിച്ചു ചോറ്റു  പാത്രത്തിൽ ചുമന്ന ചീരയുടെ ഉപ്പേരി കൊണ്ട് വന്നു ആരുടെ ചോറിനു ആണ് കൂടുതൽ ചുമപ്പു എന്ന് കൂട്ടുകാരികളോട് മത്സരിച്ചിരുന്ന കുട്ടിക്കാലം. ഇതെല്ലാം ഓർമയിൽ നിൽക്കുമ്പോൾ ഒരു മുളക് തൈ എങ്കിലും നടാതിരിക്കുന്നതെങ്ങനെ?

അമ്മ മുറിച്ചു മാറ്റുന്ന ഉരുളകിഴങ്ങ് മുളകൾ വെറുതെ കൊണ്ട് പോയി മണ്ണ് കൂട്ടി ഇട്ടപ്പോൾ അടിയിൽ പല്ലി  മുട്ട പോലെ ഉണ്ടായ ഉരുളകിഴങ്ങ്..മുളച്ച ഉള്ളിയും അത് പോലെ അമ്മ നടാത്ത ചെടികളും വെറുതെ കൊണ്ട് പോയി കുഴിചിട്ടാണ് ആദ്യ  പാഠങ്ങൾ പഠിച്ചത് . സ്വന്തം അദ്ധ്വാനത്തിൽ ആദ്യമായി ഉണ്ടാക്കിയത് ഒരു  ടെറസ് ഗാർഡൻ  ആയിരുന്നു. ഏട്ടന്റെ വീട്ടിൽ നിന്നും കോളേജിൽ പോയിരുന്ന കാലത്ത് രണ്ടു നില കെട്ടിടത്തിനു മുകളിലേക്ക് താഴെ നിന്നും മണ്ണ് ചാക്കിൽ വലിച്ചു കേറ്റി ഉണ്ടാക്കിയ തോട്ടം നൂറു മേനി വിളഞ്ഞു എന്ന് തന്നെ പറയാം..പിന്നെ പഠിപ്പും തല തെറിപ്പും ആയി നടന്നപ്പോൾ കൃഷിയെ മറന്നു.

പിന്നീടു ചെടികളും കൃഷിയും കടന്നു വന്നത് ഒന്നും ചെയ്യാനില്ലാതെ രാജമുന്ദ്രിയിലെ വരണ്ട പകലുകളിൽ ആണ്. തെലുങ്ക് പഠനം കഴിഞ്ഞുള്ള പകലുകളിൽ വെറുതെ സമയം കൊല്ലാൻ വേണ്ടി മാത്രം  മുളക് വിത്ത് മുളപ്പിച്ചു വീടിനു സൈഡിൽ നിര നിര ആയി നട്ടത്. കായ ഉണ്ടാകുന്നതിനു മുന്നേ വീട് മാറേണ്ടി വന്നപ്പോൾ വിഷമം ഉണ്ടായെങ്കിലും ഇനി വരുന്നവർക്ക്  ഉപകാരം ആകുമല്ലോ എന്ന് ആശ്വസിക്കുകയും ചെയ്തു , വീട് മാറി മൂന്ന് മാസം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വീട്ടിൽ വന്നു . നിങ്ങൾ മുൻപ് താമസിച്ച വീട്ടിൽ ഞാൻ ആണ് താമസിക്കുന്നത് എന്ന് പറഞ്ഞു പരിചയപെടുത്തി നിങ്ങൾ നല്ല മുളക് തൈകൾ നിറയെ കായ്ചിരിക്കുന്നു അത് പറിക്കേണ്ട ആൾ നിങ്ങൾ ആണ് അത് കൊണ്ട് നിങ്ങൾ വീട്ടിലേക്കു വരണം എന്ന് പറഞ്ഞു . ഒരു പാട് സന്തോഷം തോന്നി അത് കേട്ടപ്പോൾ, പറിക്കാൻ വരുന്നില്ല കാണാൻ വരാം എന്ന് പറഞ്ഞു അടുത്ത ദിവസം പോയി, നിറയെ കായ്ച്ചു നില്ക്കുന്ന മുളക് ചെടികൾ മനസ്സിന് തന്ന സന്തോഷം ചെറുതായിരുന്നില്ല .

വീട് മാറുമ്പോൾ കൂടെ കൊണ്ട് പോകാമല്ലോ എന്നാലോചിച്ചു പിന്നീടു ചെടി
വളർത്തൽ ചട്ടിയിലേക്ക് ആക്കി  മാറ്റി. ഫോളിക് ആസിഡ് , അയേണ്‍ ടാബ്ലെറ്റ് കൊണ്ട് പോയി നിക്ഷേപിക്കാനുള്ള ഒരു സീക്രെട്ട് പ്ലൈസ് കൂടെ ആയിരുന്നു അവ .

എവിടെ താമസിച്ചാലും അതിന്റെ ചുറ്റും രണ്ടു ചെടിയെങ്കിലും നടാതെ ജീവിക്കാൻ വയ്യായിരുന്നു . അത് കൊണ്ട് തന്നെ താമസിക്കുന്ന സ്ഥലത്തെല്ലാം ഒരു ചെറിയ അടുക്കള തോട്ടം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ആന്ധ്രയിലെ ഏകാന്തതയിലും വരണ്ട പകലുകളിലും എന്റെ കൂട്ട് ചെടികളോടു ആയിരുന്നു.

നാട്ടിൽ തിരിച്ചു വന്നപ്പോഴും അതിനു മാറ്റം ഉണ്ടായിരുന്നില്ല. പക്ഷെ ഒരിക്കൽ മാത്രം ഒരു പാട് വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായി, രണ്ടു വർഷം മുൻപ് നമ്മൾ താമസിച്ചിരുന്ന സ്ഥലത്ത് ചെടികൾ ഉണ്ടാക്കാൻ സമ്മതം വാങ്ങിയ ശേഷം ആയിരുന്നു വീടിനു പിറകു  വശത്ത് അലക്കു കല്ലിന്റെ അടുത്ത് വെറുതെ കിടന്നിരുന്ന സ്ഥലത്ത് വീട്ടിൽ നിന്നും കൊണ്ട് വന്ന വിത്തുകൾ പാകിയത്‌ . എല്ലാ പ്രാവശ്യത്തെ പോലെയും നല്ല വിളവുകൾ തന്നെ തന്നു അവ . പക്ഷെ ഒരു ദിവസം വീടുടമസ്ഥൻ വന്നു പറയുന്നു ഞാൻ നിങ്ങൾക്ക് വീട് മാത്രം ആണ് തന്നത് സ്ഥലം തന്നിട്ടില്ല എന്ന്. ചെടികൾ അല്ലെ വെട്ടി കളയാവുന്നതല്ലേ ഉള്ളൂ എന്ന് നമ്മൾ അയാളോട് പറഞ്ഞു. അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ നമുക്ക് വീട് ഒഴിയേണ്ടതായി വന്നു . ഒഴിയുമ്പോൾ മത്തൻ വള്ളിയിലും  അമരയിലും നാമ്പിട്ട   കുഞ്ഞു കുഞ്ഞു കായകൾ,  എല്ലാ പ്രാവശ്യത്തെ പോലെയും അടുത്ത താമസക്കാരന് ആകുമല്ലോ എന്നാശ്വസിച്ചു വീട് ഒഴിഞ്ഞു. അതിനു പിറ്റേ ദിവസം തന്നെ ഉടമസ്ഥൻ ആ ചെടികളെ എല്ലാം
വെട്ടി നിരപ്പാക്കി. അത് എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഇനി സ്വന്തം വീട്ടിൽ ആല്ലാതെ ചെടി ഉണ്ടാക്കില്ല എന്ന ഒരു പ്രതിജ്ഞ മനസ്സില് എടുത്തു . ജീവിതത്തിൽ ആരോടും ദേഷ്യവും വൈരാഗ്യവും തോന്നാറില്ല എനിക്ക് പക്ഷെ ഇന്നും പഴയ വീടുടമസ്ഥനോട് ക്ഷമിക്കാൻ എനിക്ക് കഴിയുന്നില്ല.

അകവും പുറവുമൊക്കെ ഒരു പോലെ ടൈൽസ്  പാകിയ പുതിയ ഫ്ലാറ്റിൽ കൃഷിയെ കുറിച്ച് ഓർക്കാൻ പോലും പറ്റില്ലായിരുന്നു. ഒരു നാലഞ്ചു  മാസം എനിക്കെന്റെ  പ്രതിജ്ഞയിൽ ഉറച്ചു നിൽക്കാൻ  പറ്റി. പക്ഷെ നമ്മുടെ ഇൻസ്റ്റിങ്ക്റ്റ് അത് എന്നെ വീണ്ടും ചെടി നടുന്നതിന് പ്രേരിപ്പിച്ചു. മണ്ണ് കിട്ടാൻ ഇല്ല എന്നതായിരുന്നു പ്രധാന പ്രശ്നം. അപ്പോളാണ് അടുത്ത് ഒരു വീട് പണി തുടങ്ങിയത് , തറ ഉണ്ടാക്കാൻ വേണ്ടി മണ്ണ് മാറിയപ്പോൾ കുറച്ചു മണ്ണ് ചോദിച്ചു വാങ്ങി ഉപയോഗ ശൂന്യമായ ഒരു ബക്കറ്റിൽ ൽ നിറച്ചു രണ്ടു പാവൽ വിത്തും ഒരു കറ്റാർ വാഴയും പിന്നെ പുതിനയും നട്ടു വീണ്ടും തുടങ്ങി. വേറെ ഒരു വീട്ടിലെ കിണർ നന്നാക്കിയപ്പോൾ അവിടുന്നും കുറച്ചു മണ്ണ് കൊണ്ട് വന്നു . അവിടുന്നും ഇവിടുന്നും ആയി കുറേശ്ശെ മണ്ണ് കൊണ്ട് വന്നു വളരെ ചെറിയ തോതിൽ ചെടികൾ നട്ടു. പാവക്കയും കുമ്പളവും
വെള്ളരിയും പിന്നെ തക്കാളിയും പുതിനയുമെല്ലം നല്ല വണ്ണം ഉണ്ടായി കൊണ്ടിരിക്കുന്നു. ഒരു തരത്തിലുള്ള വളവും ഞാൻ ഇടുന്നില്ല. അടുക്കളയിലെ പച്ചകറി മാലിന്യങ്ങളും , കഞ്ഞി വെള്ളം , അരി കഴുകിയ വെള്ളം ഇതൊക്കെ ആണ് വളങ്ങൾ. പുഴുവിനെയും മറ്റു ജീവികളെയും ഓരോ ഇലയും , പൂവും നോക്കി കൈ കൊണ്ട് എടുത്തു കളയുന്നു.


എന്നും രാവിലെ അര മണിക്കൂർ ഞാൻ ചെടികളുടെ കൂടെ ആണ് . അപ്പോൾ കിട്ടുന്ന ഒരു സന്തോഷം, ഊർജ്ജം ഇതൊന്നും ഒരു ഫേസ് ബുക്കിനും തരാൻ കഴിയില്ല .കുറച്ചു ചെടികളേ
ഉള്ളുവെങ്കിലും നമ്മൾ സ്നേഹിക്കുമ്പോൾ അവരും തിരിച്ചു സ്നേഹിക്കും കായകൾ ആയും പൂക്കൾ ആയും ഒക്കെ ..കൊടുത്താൽ  ഇരട്ടി ആയി തിരിച്ചു കിട്ടുന്നതാണല്ലോ സ്നേഹം ...:)

2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ഗൃഹാതുരത്വം

ഏതെങ്കിലും ഒരു ദുഖാചരണം  കൊണ്ട് കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ഉത്സവകാലങ്ങൾ എനിക്ക് അന്യമാണ്. 
" നമ്മൾ ജീവിതത്തിൽ എന്നെങ്കിലും ഇതൊക്കെ ആഘോഷിക്കുമോ "  മോന്റെ ചോദ്യത്തെ അടുത്ത വർഷം ആരും തട്ടിപോകാതിരിക്കാൻ പ്രാർത്ഥിക്കു  എന്ന തണുപ്പൻ ഉത്തരം കൊണ്ട് അവഗണിച്ചു ചുരുണ്ടി കൂടിയിരുന്നപ്പോൾ മനസ്സിൽ ഒരു ചക്കരമാവും ഗുളികൻ തറയും ഊഞ്ഞാലും വന്നു നിറഞ്ഞു . കാറ്റടിക്കുമ്പോൾ വീഴുന്ന മാങ്ങ ആദ്യം കിട്ടാൻ വേണ്ടിയുള്ള ഓട്ടം. ഊഞ്ഞാലിൽ ആടി മാവിന്റെ കൊമ്പ് തൊടാനുള്ള ആവേശം. കാറ്റടിച്ചിട്ടും മാങ്ങാ വീഴാത്തപ്പോൾ ഇയാൾ ഇവിടെ ഇരിക്കുന്നത് കൊണ്ടാ മാങ്ങയൊന്നും വീഴാത്തത് എന്ന് പറഞ്ഞു ഗുളികൻ തറക്ക് ചുറ്റും സൂസു വെച്ച ഏട്ടനെ ഓർത്തപ്പോൾ അറിയാതെ ചിരിച്ചു പോയി . 
മൊബൈലിൽ തല താഴ്ത്തി ഇരുന്നവൻ തലപൊക്കി 'ഒറ്റയ്ക്ക് ചിരിക്കുന്നത് പ്രാന്തന്മാരാ ' എന്നൊരു കമന്റ്‌. 
നിന്റെ അമ്മക്ക് പണ്ടേ വട്ടല്ലേ എന്ന് വേറെ ഒരാളുടെ അടിവര . 

മൊബൈലിലും കമ്പ്യൂട്ടർ ഗൈമിലും മാത്രം ലോകം കാണുന്ന നിനക്കൊക്കെ ഓർക്കാനും ചിരിക്കാനും ഒന്നും ഉണ്ടാകില്ല , അതിൽ അസൂയ പെട്ടിട്ട് കാര്യമില്ല എന്ന് പറഞ്ഞു ഒന്ന് കൂടെ ചുരുണ്ട് കൂടി ഞാൻ പേര മരച്ചുവട്ടിൽ എത്തി. 

പെണ്‍കുട്ടികൾ മരം കേറരുത് എന്നാ അലിഖിത നിയമം ഉള്ള കാലം , തക്കം കിട്ടിയാൽ മരത്തിൽ വലിഞ്ഞു കേറുന്ന എന്റെ ഉള്ളിൽ പണ്ടേ ഒരു റെബൽ ഉണ്ടായിരുന്നു . മരത്തിന്റെ ഉച്ചിയിൽ  മഞ്ഞനിറത്തിൽ നിറഞ്ഞു കിടക്കുന്ന പേരക്ക കാണുമ്പോൾ തന്നെ എല്ലാം മറക്കുന്ന സമയം. അച്ഛൻ വരുന്നുണ്ടോ എന്ന് ഏട്ടന്റെ മകനെ നോക്കാൻ ഏല്പിച്ചു വലിഞ്ഞു കേറി മുകളിൽ ചെറുക്കൻ താഴെ ഉണ്ടോ എന്ന് നോക്കുമ്പോൾ ചൂരലുമായി നില്ക്കുന്ന അച്ഛൻ. താഴെ ഇറങ്ങി വാങ്ങിക്കാനുള്ളത് വാങ്ങിച്ചു കേൾക്കാനുള്ളത് കേട്ട് മുകളിലത്തെ മുറിയിൽ പോയി ഇരുന്നു ഉടുപ്പിന്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച പേരക്ക ഒന്ന് കടിക്കുമ്പോഴേക്കും അടിയുടെയും ചീത്തയുടെയും വേദന മറക്കും . പിറ്റേന്ന് വീണ്ടും അച്ഛൻ കടയിൽ പോയതിനു ശേഷം പറിക്കേണ്ട പേരക്കയെല്ലാം മനസ്സില് അക്കമിട്ടു വെക്കും !!

ഓർമ്മകൾ വല്ലാതെ മനസ്സിനെ അലോസരപെടുത്തുമ്പോൾ ഒറ്റയ്ക്ക്ഒരു യാത്രയുണ്ട് വയനാട്ടിലേക്ക്.  വീണ്ടും മണ്ണിനെയും മരത്തെയും തൊട്ടു അറിഞ്ഞു തിരിച്ചു വരുമ്പോൾ ഉണ്ടാകുന്ന ഊര്ജ്ജം. മാറ്റങ്ങൾ ഒരു പാടുണ്ട് വീടിനു , ചക്കരമാവും പേരയും ഇന്നില്ല. ഗുളികൻ തറ മാത്രം ഇപ്പോഴും ഉണ്ട്. നരച്ച വീടിനു പക്ഷെ പഴയ മണം തന്നെ. എന്നെ ഞാൻ ആയി നിലനിർത്താൻ എന്നെ സഹായിക്കുന്നത് ഇത്തരം ചില ഓർമ്മകൾ ആണ്. 



കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...