2015, മേയ് 7, വ്യാഴാഴ്‌ച

പുനർജ്ജന്മം

തെളിഞ്ഞും മറഞ്ഞും പോകുന്ന ഓർമ്മയുടെ നൂൽപാലത്തിൽ ആയിരുന്നു അപ്പോൾ .ഒരു വശത്തു ഇരുൾ മൂടികിടക്കുന്ന അഗാധ ഗർത്തം. മറുവശത്ത്  എന്തായിരിക്കും എന്ന് ആലോചിക്കുമ്പോൾ നീണ്ടു വരുന്ന ചില രൂപങ്ങൾ.

ആദ്യം വന്നത് ചെമ്പകവും പിച്ചിയും ചെമ്പരത്തിയും ജമന്തിയും ആയിരുന്നു. "എന്തു കിടപ്പാ ഇത് , സ്വപ്നങ്ങളിൽ നിന്നുമിറങ്ങി മണ്ണിൽ വേരിറക്കാൻ ഞങ്ങൾക്ക് കൊതി ആയി. വേരിറക്കി നീര് വലിച്ചെടുത്തു കൊമ്പുകളും ശാഖകളും നിറയെ പൂക്കളുമായി പൂത്തുലയാൻ ഇനിയും കാത്തിരിക്കാൻ വയ്യ , ഒന്നു വേഗം  എഴുന്നേറ്റു വാ കുട്ടിയേ "

പിന്നെ വന്നത് വെള്ള പെയിന്റ് അടിച്ച കുഞ്ഞു വീട് ആയിരുന്നു " അതേയ് ഇങ്ങനെ ഭൂമിയിലും ആകാശത്തിലും അല്ലാതെ തൂങ്ങിക്കിടക്കാൻ തുടങ്ങീട്ടു കുറെ കാലമായി, ഒന്ന് ശാപമോക്ഷം തന്നൂടെ "

തെളിഞ്ഞ ഓർമ്മയിൽ കവിളിൽ കുത്തുന്ന നനുത്ത രോമങ്ങൾ , ചെവിയിലെത്തുന്ന അടഞ്ഞ ശബ്ദം "  അച്ഛൻ'സ് കുക്കിംഗ്‌, സൊ ഹൊറിബൾ , ഒന്ന് വേഗം എഴുന്നേറ്റു എന്തെങ്കിലും ഉണ്ടാക്കി തര്വോ "

വിരലുകളിൽ ബലമായി പിടിച്ചിരിക്കുന്ന രോമകൈകൾ. ദൂരെ എവിടെ നിന്നോ വരുന്ന പോലെ ഒരു ശബ്ദം " ദേഷ്യം വരുമ്പോൾ നീ ഇല്ലാതെയും ജീവിക്കാൻ പറ്റും എന്നൊക്കെ ഞാൻ പറയും , പക്ഷെ നീ ഇങ്ങനെ കിടക്കുമ്പോൾ പറ്റുന്നില്ലെടി , ഒന്നും ചെയ്യണ്ട നീ , എഴുന്നേറ്റിരുന്നാൽ മതി "

പിന്നെയും വരുന്നു ആരൊക്കെയോ. അവരൊക്കെ എന്തൊക്കെയോ പറയുന്നുണ്ട് .

ഒന്നുറങ്ങാനും സമ്മതിക്കുന്നില്ലല്ലോ ഇവരൊന്നും.

 നിത്യമായ ഉറക്കം കൊതിക്കുന്ന  കണ്ണുകൾ ബലമായി തുറന്നു,  നെഞ്ചിൽ പറ്റി കിടക്കുന്ന പൊടിമീശക്കാരനെ തട്ടി ഉണർത്തി പൊങ്ങാത്ത തല ഉയർത്തി കാലു നിലത്തേക്കു വെച്ചു പിച്ച വെക്കുമ്പോൾ കാലെടുത്തു വെച്ചത് പുനർജന്മത്തിലേക്കു ആയിരുന്നു,  ഒരു വേദനക്കും കീഴ്പെടുത്താൻ കഴിയാത്ത ജീവിതത്തിലേക്ക് !!!
4 അഭിപ്രായങ്ങൾ:

 1. ഉറക്കത്തിനൊക്കെ ഒരു സമയം ഇല്ലേ. അതെത്തുമ്പോഴേ ഉറങ്ങാനാകൂ

  മറുപടിഇല്ലാതാക്കൂ
 2. ഉറങ്ങുമ്പോൾ നമ്മുടെ മനസ്സ് ഇങ്ങിനെയൊക്കെ സഞ്ചരിക്കുമോ - ഒരുപക്ഷേ ആത്മാവ് എന്നൊക്കെ പറയുന്നത് ഇതാണോ .....

  മറുപടിഇല്ലാതാക്കൂ
 3. ആ ജീവിതത്തിലെയ്ക്കുള്ള വരവ് അൽപ്പം ധൃതിയിൽ ആയിപ്പോയി. അതിനാൽ അതത്ര വിശ്വസനീയമായില്ല.

  മറുപടിഇല്ലാതാക്കൂ
 4. Every day is a new beginning , a new life. Kaal idaraathe...manasu thallaraathe..

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...