2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

ഒളിച്ചുകളി

വാക്കുകളായിരുന്നു ആദ്യം കളി തുടങ്ങിയത് .  എഴുതാനിരിക്കുമ്പോൾ , സംസാരിക്കുമ്പോൾ ഒക്കെ ചില സമയങ്ങളിൽ പിടുത്തം തരാതെ , ഞാൻ ഇവിടുണ്ടേ എന്ന് ചില സൂചനകൾ തന്നു തുടങ്ങിയ കളി. ഒളിച്ചിരിക്കുന്ന ഓരോന്നിനെയും തിരഞ്ഞു പിടിച്ചു കൂടെ കൂട്ടുമ്പോൾ ഒരു ഹരമായിരുന്നു.

പിന്നീടെപ്പോഴോ പേരുകൾ കളിയിൽ ചേർന്നു . മുഖവും രൂപവും എല്ലാം ഓർമയിൽ നിറഞ്ഞു നിന്നിട്ടും പേര് തെളിയാതെ എന്ത് പറയണം എന്നറിയാതെ മിഴിച്ചു നിന്ന സമയങ്ങൾ . ഹരം പിടിച്ച ഒരു കളിയുടെ കെണിയിൽ പെട്ട് പോയ നിമിഷങ്ങൾ. വാശിയോടെ കണ്ടെത്തിയപ്പോൾ ഒരിക്കൽ പോലും തോൽക്കില്ലെന്ന വിശ്വാസം.

എന്നത്തേയും പോലെ ആണ് അന്നും  ഏറ്റവും ഇഷ്ടപെട്ട കച്ചോരി വാങ്ങാൻ അവിടെ കേറിയത്. കണ്ടു പരിചയിച്ച ആൾ ആയത് കൊണ്ട് എന്ത് വേണം എന്ന് ചോദിച്ചടുത്ത് വന്ന പയ്യനോട് ഉദ്ദേശിച്ച സാധനത്തിന്റെ  പേര് പറയാൻ നോക്കുമ്പോൾ ആണ് വീണ്ടും കളിക്കാർ എത്തിയത്. പറയാം എന്ന് പറഞ്ഞു ചുറ്റും കണ്ണോടിച്ചു ഓർമയിൽ പരതുമ്പോൾ പിടി തരാതെ മാറി നില്ക്കുന്നു. എന്നും കച്ചോരി വെക്കാറുള്ള പ്ലേറ്റ് ചൂണ്ടി കാണിച്ചു

' ഇതിൽ വെക്കാറുള്ള  പലഹാരം '

"ഇതെന്താ ഇങ്ങനൊക്കെ, അത് കച്ചോരി  അല്ലെ എപ്പോഴും വാങ്ങിക്കുന്നത്. പേര് മറന്നു പോയോ?വയസ്സായാൽ ഇങ്ങനൊക്കെയാ,അതില്ല കേട്ടോ നേരത്തെ തീർന്നു പോയി "

ഒരു പാക്കറ്റ് പാലും വാങ്ങി ഇറങ്ങുമ്പോൾ മുന്നിൽ കൊണ്ട് നിർത്തിയ സ്കൂട്ടർ .
"എത്ര കലമായെടോ തന്നെ കണ്ടിട്ട് തനിക്കിപ്പോഴും ഒരു മാറ്റവുമില്ലല്ലോ , പഴയ ഉണക്ക കോലം തന്നെ "

നിറഞ്ഞ ചിരിയോടെ പറയുന്ന മീശക്കാരന്റെ പേര്? വീണ്ടും കളിയ്ക്കാൻ തുടങ്ങിയിരിക്കുന്നു ഓർമ .രൂപം , സംസാരം എല്ലാം തെളിയുന്നു പക്ഷെ പേര്? ഓർത്തെടുക്കാൻ കഴിയാത്തതിന്റെ പരുങ്ങൽ മുഖത്ത്തെളിഞ്ഞതിനാലാകാം

"താൻ  ടെൻസ്ഡ് ആകാതെടോ എത്ര കാലത്തിനു ശേഷം കാണുന്നതാ, തിരക്കു പിടിച്ച ജീവിതത്തിനിടയിൽ പേരല്ലേ മറന്നുള്ളൂ ആളെ മറന്നില്ലല്ലോ "

ഒരു ചിരിയുടെ അകമ്പടിയോടെ പറഞ്ഞു നിർത്തുമ്പോഴും പേര് കളി തുടരുക തന്നെ ആയിരുന്നു .

കളിയുടെ ഹരം കുറയുകയും പലപ്പോഴായി ഒരു തരം അപകർഷതാ ബോധം ഉള്ളിൽ നിറയുകയും ചെയ്തപ്പോൾ തോറ്റ് കൊടുക്കില്ലെന്ന വാശിയോടെ ഒളിച്ചു കിടക്കുന്നവരെ തിരഞ്ഞു പിടിക്കാനുള്ള ആവേശത്തിനിടയിൽ കാലു തെറ്റി  വീണത് ഇരുട്ടിന്റെ നിലവറയിലേക്കായിരുന്നു. അകത്തും പുറത്തും നിറയുന്ന ഇരുട്ട് ,ഇരുട്ടിന്റെ അലകൾക്കിടയിലൂടെ ഇടക്കെപോഴോ വരുന്ന ഒരു വെള്ളിവെളിച്ചം.

വീണ്ടും ഒളിച്ചുകളിയുമായി അവരെത്തിയിരിക്കുകയാണ് .മുന്നില് വന്നു ഇതാ ഞാൻ എന്ന് പറഞ്ഞു ഓടി മായുന്ന കളി. ഇരുട്ടിലും കളിയ്ക്കാവുന്ന ഒളിച്ചു കളി ..


3 അഭിപ്രായങ്ങൾ:

  1. മറവിയുടെ ഇരുട്ടിലേക്കുള്ള യാത്രയിൽ ആദ്യം വേർപിരിയുന്നത് പേരുകളോടാണെന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു.....

    മറുപടിഇല്ലാതാക്കൂ
  2. നല്ല കഥ. മറവിയുടെ അന്ധകാരത്തിലേക്ക് നിപതിക്കുന്ന മനസ്സിനെ ഭംഗിയായി വരച്ചു കാണിച്ചു. കഥയ്ക്ക് അനുസരിച്ചുള്ള കഥ പറച്ചിൽ ആയി.

    മറുപടിഇല്ലാതാക്കൂ
  3. ഇരുട്ടിന്റെ അറയിലേക്കുള്ള പതനം സമർത്ഥമായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...