2016, ജൂലൈ 15, വെള്ളിയാഴ്‌ച

.......



കരളലിയിക്കുന്ന കാഴ്ചകൾക്കു  നേരെ കണ്ണടക്കാം
ചെവി പൊട്ടുന്ന നിലവിളികൾ കേൾക്കാതെ ചെവി പൊത്താം
തൊണ്ടയിൽ കിടന്നു വിങ്ങുന്ന വാക്കുകളെ കഴുത്തു ഞെരിച്ചു കൊല്ലാം
മൂക്കിലേക്കു അരിച്ചു കേറുന്ന ദുർഗന്ധത്തെ തടയുന്നത് എങ്ങനെ ആണ്?

 ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിക്ക് അടുക്കളയിലെ തൂത്തുതുടപ്പു എല്ലാം കഴിഞ്ഞു കിടക്കാൻ പോകുമ്പോൾ ആണ് ഒരു നിലവിളി ശബ്ദം കേട്ടത്. നിദ്രയുടെ ഒന്നാം പാദത്തിൽ എത്തിയ കണവനെ കുത്തി എഴുന്നേൽപ്പിച്ചു കരച്ചിൽ കേൾക്കുന്ന കാര്യം പറഞ്ഞു .പുറത്തു ചറുപിറെ പെയ്യുന്ന മഴ. വല്ല പൂച്ചയും ആകും എന്നു പറഞ്ഞു തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങിയ മൂപ്പരെയും ഉണർത്തികൊണ്ട് നീണ്ടു പോകുന്ന കരച്ചിൽ ശബ്ദം , ശരിക്കും എന്തോ ആപത്തു  പറ്റിയ മനുഷ്യന്റെ നിലവിളി ശബ്ദം പോലെ. ചാടി എഴുന്നേറ്റു വാതിൽ തുറന്നു പുറത്തു പോയി നോക്കി വന്നു പറഞ്ഞു            

 ' അപ്പുറത്തെ കാലി പ്ലോട്ടിലെ കിണറ്റിൽ നായ വീണതാ'

അയ്യോ പാവം , ഇപ്പോൾ എന്ത് ചെയ്യും എന്ന ചോദ്യത്തിന് രാവിലെ നോക്കാം എന്നു പറഞ്ഞു കിടന്നു.  മഴയുടെ ശബ്ദത്തിനും മുകളിൽ ആയി നായയുടെ കരച്ചിൽ  ഉറക്കത്തെ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. രാവിലെ ആയപ്പോഴും പ്രതീക്ഷ  കൈ  വിടാതെ ആരെങ്കിലും രക്ഷിക്കും എന്നോർത്തു അത് കരഞ്ഞു കൊണ്ടേയിരിക്കുക ആയിരുന്നു.

കാട് പിടിച്ചു കിടക്കുന്ന കിണറ്റിൽ നിന്നും നായയെ പുറത്തു എടുക്കാൻ ആരേലും കിട്ടുമോ എന്നു നോക്കട്ടെ എന്നു പറഞ്ഞു കണവൻ പുറത്തേക്കിറങ്ങി പോയി. അമ്മ ഫയർ  ഫോഴ്‌സ് നെ വിളിക്കു എന്നു പറഞ്ഞു മോനും വന്നു.

ഇത് പോലെ ഉള്ള കാര്യങ്ങൾക് ഫയർ  ഫോഴ്‌സ് വരുമോ എന്നൊരാശങ്ക ഉണ്ടായിരുന്നു എങ്കിലും വിളിച്ചു നോക്കാമെന്നു കരുതി വിളിച്ചപ്പോൾ കിട്ടിയത് മീഞ്ചന്ത ഫയർ സ്റ്റേഷനിലേക്ക്. മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിന്റെ പിറകു വശത്തുള്ള ഗേറ്റിനു എതിർവശത്തുള്ള ആരും ഉപയോഗിക്കാത്ത കിണറ്റിൽ നായ വീണു , ഇപ്പോഴും ജീവനോട് ഉണ്ട് അതിനെ എടുക്കാൻ ആണ് എന്നു പറഞ്ഞു. നായയെ എടുക്കൽ അവരുടെ ഡ്യൂട്ടിയിൽ വരുന്നതല്ല , അതുമല്ല നിങ്ങൾ വിളിക്കേണ്ടത് വെള്ളിമാടുകുന്ന്  ഫയർ സ്റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞു നമ്പറും തന്നു. ആ നമ്പറിൽ വിളിച്ചു കാര്യം പറഞ്ഞു . നായയെ ഒന്നും ഞങ്ങൾ എടുക്കില്ല. നിങ്ങൾ കോർപറേഷനിൽ ആരെ എങ്കിലും വിളിക്കൂ എന്നു പറഞ്ഞു കൂടെ ഒരുപദേശവും , ഒരു നായ  ചത്താൽ അത്രേം ആയില്ലേ


അതിനിടയിൽ പുറത്തു ആളെ നോക്കാൻ പോയ ആൾ തിരിച്ചു വന്നു. ആർക്കും താല്പര്യമില്ല അതിനെ എടുക്കാൻ നമ്മൾ എന്ത് ചെയ്യാൻ ആണ് എന്നാണ്  എല്ലാവരും ചോദിക്കുന്നത് എന്നു പറഞ്ഞു . ചുറ്റും താമസിക്കുന്ന വാടകക്കാരുടെ ഇടയിൽ ദൈവസ്നേഹം മൈക് വെച്ചു വിളിച്ചോതുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്ന ഒരു പുരോഹിതന്റെ സ്വന്തം വീടിന്റെ മതിലിനോട് ചേർന്നാണ് ഈ കിണർ ഉള്ളത് . കയ്യും കെട്ടി നിന്നു നമ്മളിപ്പോൾ എന്തോ ചെയ്യാനാ എന്ന ചോദ്യത്തിൽ അങ്ങേരും മെല്ലെ കൈ കഴുകി .

ഫയർ ഫോഴ്‌സ്  കോർപറേഷനെ അറിയിക്കാൻ പറഞ്ഞു എന്നറിഞ്ഞപ്പോൾ കോർപറേഷൻ കൗൺസിലറുടെ നമ്പർ ആരുടെയോ കയ്യിൽ നിന്നും വാങ്ങി കൊണ്ട് വന്നു തന്നു കണവൻ. കൗണ്സിലറെ വിളിച്ചു. കാര്യം പറഞ്ഞു. ഞാൻ അന്വേഷിച്ചു തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു അവർ. പത്തു മിനിറ്റിനു ശേഷം അവർ തിരിച്ചു വിളിച്ചു. കോർപറേഷനു ഒരു നായയെ എടുക്കാൻ പറ്റില്ല, കുറെ  ഉണ്ടെങ്കിൽ മാത്രമേ എടുക്കാൻ പറ്റുള്ളൂ. നിങ്ങൾ അവിടെ താമസിക്കുന്നവർ തന്നെ എടുക്കാൻ നോക്കു എന്നു പറഞ്ഞു. എല്ലാം അന്വേഷിച്ചു ആരും ഇല്ല അത് കൊണ്ടാണ് വിളിച്ചത് എന്നു പറഞ്ഞു. ഫയർ ഫോഴ്‌സ് നമ്പർ തരാം മാഡം  ഒന്നു വിളിച്ചു പറയുമോ എന്നു ചോദിച്ചപ്പോൾ അവർ നമ്പർ വാങ്ങിച്ചു. പത്തു  മിനിറ്റിനു ശേഷം തിരിച്ചു വിളിച്ചു . ഫയർ ഫോഴ്‌സ് എടുക്കാൻ ഒക്കെ പറ്റും , അതിനുള്ള വകുപ്പും ഉണ്ട്. പക്ഷെ ജീവനുള്ള നായയെ എടുക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തിനു   ( നായ കടിക്കുക മാന്തുക etc .) ഡിപ്പാർട്മെന്റിന് യാതൊരു ബാധ്യതയുമില്ല എന്നു മുകളിൽ നിന്നും ഓർഡർ ഉണ്ടത്രേ. അത് കൊണ്ട് അവർ പോകാറില്ല ത്രെ .

കിണറ്റിൽ കിടന്നു ചവാനുള്ള നായയുടെ വിധിയെ തടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഇപ്പോൾ ജനലും വാതിലുകളും കൊട്ടിയടച്ചു അകത്തേക്ക് വരുന്ന ദുർഗന്ധത്തെ തടയാൻ ഒരു വൃഥാ ശ്രമം നടക്കുന്നു.

ഈ ഒരു സംഭവത്തിലൂടെ ഞാൻ മനസിലാക്കിയ ചില സത്യങ്ങൾ

 1 . ഒരു നായ കിണറ്റിൽ വീണാൽ അതിന്റെ കൂടെ അഞ്ചാറു  നായ്ക്കളെ കൂടെ കൊണ്ടു വന്നിടണം . അതിനു ശേഷം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം.

2 . മിണ്ടാപ്രാണികളോട് കരുണയുള്ളവൻ ആകണം, നിന്റെ നാമം സ്തുതിക്കപെടും . ചുമ്മാ മൈക്  കെട്ടി വിളിച്ചു പറയാൻ മാത്രം ഉള്ളതാണ്. പ്രായോഗിക ജീവിതത്തിൽ വലിയ സ്ഥാനം ഒന്നും പ്രസംഗത്തിന് ഇല്ല.


ഇത്രയും കാര്യങ്ങൾ പങ്കു വെച്ചപ്പോൾ സഹൃദയനായ സുഹൃത്തു എന്നോട് പറഞ്ഞു " ഒരു കാര്യം ചെയ്യൂ നീയും കൂടെ ചാടു , അപ്പോൾ നിന്നെ രക്ഷിക്കാൻ ആരെങ്കിലും വരും , കൂടെ നായയും രക്ഷപെടും . സംഭവം സോഷ്യൽ മീഡിയയിൽ 'വയറൽ' ആകും നീ പ്രശസ്തയും ആകും , ഒന്നു ശ്രമിച്ചൂടെ "  സത്യം പറയാമല്ലോ കിട്ടിയ ഉപദേശങ്ങളിൽ ഏറ്റവും ന്യായമായി എനിക്കു തോന്നിയത് ഇത് മാത്രം ആണ്.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...