2017, മാർച്ച് 6, തിങ്കളാഴ്‌ച

കാടെരിയുമ്പോൾ

മോളെ സ്കൂൾ വാനിൽ കയറ്റിവിട്ടു വീട്ടിലേക്ക് വന്നയുടനെ അവൾ ആദ്യം ചെയ്തത്  ലാപ്ടോപ്പ് ഓണാക്കുകയായിരുന്നു  . ഇന്നാണ് ഓൺലൈൻ കവിത മത്സരത്തിന്റെ ഫലപ്രഖ്യാപനം. പ്രകൃതിസംബന്ധിയായ കവിതകൾക്കുള്ള മത്സരത്തിലേക്ക് കാടെരിയുമ്പോൾ എന്ന കവിത എഴുതി അയച്ചതാണ്. മുഖപുസ്തകം തുറന്നു ഗ്രൂപ്പിൽ ഫലപ്രഖ്യാപനം നോക്കിയപ്പോൾ ആദ്യം ഒരു അവിശ്വാസം. കണ്ണ് തിരുമ്മി ഒന്നുകൂടെ നോക്കിയപ്പോൾ കൂടുതൽ തെളിച്ചത്തോടെ കണ്ടു .ഒന്നാം സ്ഥാനം കാടെരിയുന്നു എന്ന കവിതക്ക് . കൂടെ ഒരു ആസ്വാദനകുറിപ്പും. കാടെരിയുമ്പോൾ അതിൽ വീണു പിടയുന്ന ജീവികളുടെ മാനസികാവസ്ഥ വായനക്കാരിൽ   ഉണ്ടാകുന്ന വേദനയൊക്കെ എടുത്തു പറഞ്ഞൊരു ആസ്വാദനക്കുറിപ്പ് .

സന്തോഷം കൊണ്ട് ഒരു ചാട്ടം ചാടി  നിന്റെ പൊട്ടക്കവിതകൾ എന്ന് പറഞ്ഞ കളിയാക്കുന്ന ഭർത്താവിനെ വിളിച്ചു പറയാൻ ഫോണെടുത്തു. വേണ്ട ഇപ്പോൾ വിളിച്ചു പറഞ്ഞാൽ ഓ ശരി എന്നൊരു മറുപടി മാത്രമേ കിട്ടുള്ളൂ. വൈകുന്നേരം വരുമ്പോൾ അങ്ങേർക്കു ഇഷ്ടപെട്ട വിഭവങ്ങൾ ഒക്കെ ഒരുക്കി വെച്ച് ഒന്ന് അത്ഭുതപ്പെടുത്താം. എന്താ വിശേഷമെന്നു ചോദിക്കുമ്പോൾ പറയാം. അന്നേരം ആ മുഖം കണ്ടാൽ  മനസിലിരുപ്പ് അറിയാല്ലോ   ഇങ്ങനെ ചിന്തിച്ചു  മൂളി പാട്ടു പാടി അടുക്കളയിൽ ചെന്ന് ഫ്രിഡ്ജിൽ വെച്ചിരുന്ന മട്ടണും ചിക്കനും എടുത്തു വെള്ളത്തിലിട്ടു. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും കൂടെ പുറത്തുള്ള അമ്മിക്കല്ലിലിട്ടു  ചതച്ചെടുക്കുമ്പോഴും ചുണ്ടിൽ നിന്ന് മൂളിപ്പാട്ടൊഴിഞ്ഞില്ല. ഉള്ളിയും തക്കാളിയും അരിഞ്ഞു   ഇറച്ചി കഴുകിയെടുത്തു എല്ലാം പുരട്ടി ചേർത്ത വെക്കുമ്പോൾ തുറന്നിട്ട അടുക്കള വാതിലിലൂടെ ആരോ കടന്നു വന്നത് പോലെ. പുറത്തേക്കും അകത്തേക്കുമുള്ള വാതിലിൽ പോയി നോക്കിയപ്പോൾ ആരെയും കണ്ടില്ല. തോന്നിയതായിരിക്കും എന്നോർത്തു കൊണ്ട് വേഗം തന്നെ മറ്റു പണികളിലേക്ക് തിരിഞ്ഞു. മട്ടൺ  ഉലർത്തും , ചിക്കൻ ഫ്രൈയും ഫ്രൈഡ് റൈസും ഉണ്ടാക്കി അടച്ചു വെച്ച്  കുളിക്കാൻ പോയി വന്നു ലാപ്ടോപ്പുമെടുത്തു സിറ്റിംഗ് റൂമിലേക്കു വന്നപ്പോൾ സോഫയിൽ ഇരിക്കുന്ന രൂപത്തെ കണ്ട ഒരു നിലവിളി തൊണ്ടയിൽ കുരുങ്ങി .

"പേടിക്കണ്ട , ഞാൻ ഉപദ്രവിക്കില്ല"

കാർട്ടൂണുകളിലും  സിനിമകളിലും മാത്രമാണ് സംസാരിക്കുന്ന കടുവയെ കണ്ടിട്ടുള്ളത്. ഇതിപ്പോൾ തോന്നൽ ആകുമോ? ശരിക്കും കടുവ ആയിരിക്കുമോ കടുവ വേഷം കെട്ടി വന്ന വല്ല മനുഷ്യരും ആകുമോ? ശരിക്കുമുള്ള കടുവക്ക് കൂർത്ത നഖങ്ങൾ ഉണ്ടാകുമല്ലോ എന്നോർത്തു കൊണ്ടവൾ കടുവയുടെ മുൻകാലുകളിലേക്ക്  നോക്കി. അവളുടെ വിചാരം മനസിലാക്കിയെന്ന പോലെ നഖങ്ങൾ പുറത്തേക്കു നീട്ടി അത് പറഞ്ഞു
"ആവശ്യമുള്ളപ്പോൾ മാത്രമേ ഇതിങ്ങനെ പുറത്തുകാണിക്കാറുള്ളു പേടിക്കാതെ അവിടെ ഇരിക്കൂ എനിക്ക് കുറെ സംസാരിക്കാനുണ്ട് "

മനുഷ്യരെ പോലെ സംസാരിക്കുന്ന മൃഗം. ഒരു ഭയം നട്ടെല്ലിലൂടെ പാഞ്ഞു കയറുന്നതവൾ അറിഞ്ഞു . പതുക്കെ അപ്പുറത്തെ വശത്തിരിക്കുമ്പോൾ കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു.

"പ്രകൃതിസ്നേഹി ആണല്ലേ? ഒരു നല്ല സന്തോഷം നിങ്ങളുടെ മുഖത്തു കാണുന്നുണ്ട് .എന്താണ് വിശേഷം, എന്നോടും പറയൂ"

അത് ഞാനെഴുതിയ ഒരു കവിതക്ക് ഒന്നാം സമ്മാനം കിട്ടിയതിന്റെ ആണ്

"ആഹാ എന്ത് കവിതയാണെഴുതിയത് , ഒന്ന് വായിക്കൂ കേൾക്കട്ടെ "

ലാപ് ടോപ് തുറന്നു പതുക്കെ അവളെ കവിത വായിച്ചു. കണ്ണടച്ചു തലയാട്ടി ഓരോ വാക്കും ഹൃദിസ്ഥമാക്കുന്ന കവിതാസ്നേഹിയെ പോലെ കാലുകൾ നീട്ടി വെച്ചു കടുവ കിടന്നു.
"മനോഹരം . കാടെരിയുമ്പോൾ അതിലകപ്പെട്ട മാൻ പേടയുടെ നിസ്സഹായത , കിളികളുടെ കരച്ചിൽ എല്ലാം എന്ത് ഭംഗിയായാണ് നിങ്ങൾ വിവരിച്ചിരിക്കുന്നത്. ശരിക്കും മനുഷ്യന് മറ്റു ജീവികളുടെ വികാരം അറിയാനുള്ള കഴിവുണ്ടോ?"

ജീവികളെയും നമ്മളെ പോലെ ചിന്തിക്കുന്നവരാക്കി മാറ്റുമ്പോൾ അവയുടെ വികാരങ്ങളും മനസിലാക്കാൻ കഴിയും

ഒരു മുരളൽ , അത്  ചിരി ആയിരുന്നു.

"നിങ്ങൾക്ക് കാടിനുള്ളതിൽ ഒരു ഫാം ഹൗസ് ഉണ്ടല്ലേ?"

ഉം

"കാടിന്  അഞ്ചു കിലോമിറ്റർ അടുത്ത് വീടുണ്ടാക്കാൻ പ്രത്യേക അനുമതി ഒക്കെ വേണ്ട കാലത്ത് കാടിനുള്ളിൽ അങ്ങനൊരു വീടുണ്ടാക്കാൻ എങ്ങനെ കഴിഞ്ഞു ?"

അത് പിന്നെ പച്ചയിൽ വീഴാത്ത നിയമങ്ങളും അഴിയാത്ത കുരുക്കുകളുമില്ലല്ലോ

"കഴിഞ്ഞ മാസം പ്രകൃതിസ്നേഹികളുടെ കൂട്ടായ്മ അവിടെ വെച്ച് നടത്തിയിരുന്നു അല്ലെ"

കാടിനെ അറിയുകയെന്നതായിരുന്നു ആ പ്രോഗ്രാമിന്റെ പേര്. ഒരാഴ്ച  കാടിന്റെ തണുപ്പും നനവുമറിഞ്ഞു ഒരാഴ്ച നല്ല രസമായിരുന്നു.

"അവസാനദിവസം രാത്രി ഒരു ക്യാമ്പ് ഫയർ ഒക്കെ ഉണ്ടായിരുന്നില്ലേ. ആളിക്കത്തിയ തീയിൽ മുകളിലെ കൊമ്പിലുണ്ടായിരുന്ന കിളിക്കൂടിൽ നിന്ന് താഴെ വീണ കിളികുഞ്ഞുങ്ങളെ എടുത്തു തിന്ന ആ പ്രകൃതിസ്‌നേഹിയുടെ  പേര് എന്തായിരുന്നു ? അവയായിരുന്നില്ലേ  നിങ്ങളുടെ കവിതയിൽ ബിംബമായ കിളിക്കുഞ്ഞുങ്ങൾ?"

--------------

"പുള്ളിക്കുമുണ്ടല്ലേ കഥാപ്രാന്ത്‌? പ്രകൃതിസ്നേഹം കവിതയിലും കഥയിലും നിറച്ചു കാട്ടിൽ തീയെരിക്കുന്നവർ " വീണ്ടും ഒരു ചിരി

അസ്വസ്ഥമായ എന്തോ ഒന്ന്  ചുറ്റും മൂടുന്നത് പോലെ അവൾക്കു  തോന്നി. അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്കോടൻ ആരോ പറയുന്നത് പോലെ.

"രണ്ടു  ദിവസമായി കാട്ടിൽ  നിന്നും ഇറങ്ങിയിട്ടു . നന്നായി വിശക്കുന്നുണ്ട്. കഴിക്കാൻ എന്ത് തരും മൃഗസ്നേഹി?"

മൃഗസ്നേഹി എന്ന വിളിയിലെ പരിഹാസം മനസിലായെങ്കിലും നീരസം പുറത്തു കാണിക്കാതവൾ പറഞ്ഞു

മട്ടണും ചിക്കനുമുണ്ട്

വീണ്ടും ഒരു ചിരി  മുരളൽ

"നിങ്ങൾ കാട്ടിൽ വന്നാൽ വെടിയിറച്ചിയും മറ്റുമല്ലേ കഴിക്കുക. കാട്ടിൽ സന്തോഷമായി കഴിഞ്ഞു കൂടുന്ന മൃഗങ്ങളെ പിടിച്ചു നിങ്ങൾ കശാപ്പു ചെയ്യും . അപ്പോൾ അവിടെ  നിന്നും നാട്ടിൽ വന്ന ഞാൻ എങ്ങനെ നിങ്ങളുണ്ടാക്കി വെച്ച ഭക്ഷണം കഴിക്കും . കൊന്നു തിന്നാണ്  ശീലം വിളമ്പി തിന്നല്ല"

അവസാനവാക്കുകളിലെ കാർക്കശ്യം നട്ടെല്ലിലൂടെ വീണ്ടും ഒരു വിറയൽ പടർത്തി. എന്തെങ്കിലും പറയുന്നതിന് മുന്നേ  കണ്ടു പുറത്തേക്കു വരുന്ന നീണ്ട നഖങ്ങൾ, കോമ്പല്ലുകൾ. ഒരു അഭ്യാസിയെ പോലെ കടുവ മുകളിലേക്കുയരുന്നു.

*******

വാൽകഷ്ണം : ഇന്നത്തെ മാതൃഭൂമിയുടെ സിറ്റി കോർണറിൽ ഒരു കാർട്ടൂൺ കണ്ടു . നാട്ടിലെ പെട്ടിക്കടയിൽ വന്നു സോഡാ സർബത്തു ചോദിക്കുന്ന പുലി. അതിനെ തുടർന്ന് മനസ്സിൽ ഉണ്ടായ ചില തോന്നലുകൾ ആണ്. എഡിറ്റിംഗ് ഒന്നും നടത്തിയില്ല ..മനസ്സിൽ വന്നത് പോലെ എഴുതി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...