2017, മേയ് 29, തിങ്കളാഴ്‌ച

ഭ്രാന്ത്

എ സി യുടെ തണുപ്പ് എത്രത്തോളം കൂട്ടാമോ അത്രത്തോളം കൂട്ടിയിട്ടും ഹരിക്ക് തണുപ്പ് തോന്നുന്നേയില്ലായിരുന്നു. ചുമരിൽ നിന്നൊക്കെ ചൂട് കാറ്റു വമിക്കുന്ന പോലെ . ആകെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോളാണ് ബാത്റൂമിന്റെ വാതിൽ തുറന്നു രാജി പുറത്തേക്കു വന്നത്

'ഇതിപ്പോൾ രണ്ടാമത്തെ പ്രാവശ്യമാണ് മേല് കഴുകുന്നത്, എന്തൊരു ചൂടാണ് അടുക്കളയിൽ നില്ക്കാൻ തന്നെ പറ്റുന്നില്ല '

തലയിൽ നനഞ്ഞ തോർത്ത് ചുറ്റി കൊണ്ട് രാജി പറഞ്ഞു

കഴിഞ്ഞ ഒരാഴ്ചയായി മഴ പെയ്തതാണ് എന്നിട്ടും  ഭൂമി തണുത്തില്ലല്ലോ എന്ന് മനസ്സിലോർത്തു കൊണ്ട് എ സി ഓഫ് ചെയ്ത ഹരി പുറത്തേക്കിറങ്ങി. രാവിലെ എട്ടര മണി ആയതേയുള്ളൂ. മുറ്റത്തു  വിരിച്ചിരിക്കുന്നു ടൈൽസ് ചുട്ടു പൊള്ളുന്നുണ്ട്. വെയിൽ കത്തി പടരുന്നു.

ഹരി പതുക്കെ വീടിന്റെ പിന്നാമ്പുറത്തെക്ക് നടന്നു. അമ്പലവയലിൽ നിന്ന് കൊണ്ട് വന്ന ഒട്ടുമാവിൻ തൈകൾ തീയേറ്റത് പോലെ വാടി  നിൽക്കുന്നു. പറമ്പിലെ ചെടികൾക്ക് എല്ലാം ഒരു വാട്ടം. മുൻപ് മഴ പെയ്തതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ മണ്ണിൽ ഇല്ല.

"വിടില്ല ഞാൻ ഒന്നിനെയും, ചുടുകട്ട പോലെ ചുട്ടെടുക്കും " പല്ലു ഞെരിച്ചു കൊണ്ട് ആരോ പറയുന്നത് പോലെ ഹരി കേട്ടു . സ്ത്രീശബ്ദം ആണെന്ന തോന്നലിൽ അയാൾ അടുക്കളഭാഗത്തേക്ക് നോക്കി. രാജിയുടെ നിഴൽ  പോലും അവിടെങ്ങുമില്ല . അകത്തു നിന്നും പാത്രങ്ങൾ വെക്കുന്നതിന്റെയും എടുക്കുന്നതിന്റെയും ശബ്ദം മാത്രം.

വീണ്ടും എന്തൊക്കെയോ പിറുപിറുപ്പുകൾ ,ചെറിയ അലർച്ച പോലെയുള്ള ശബ്ദങ്ങൾ. ചുറ്റും നോക്കിയ ഹരിക്ക് ആരെയും കാണാൻ പറ്റിയില്ല. വീണ്ടും ചെവിയോർത്തപ്പോൾ താഴെ മണ്ണിൽ നിന്നും വരുന്നത് പോലെ ഒരു തോന്നൽ . ഇനി ആരെങ്കിലും വല്ലകൂടോത്രവും ചെയ്ത് കൊണ്ട് വന്നിട്ടിരിക്കുമോ?  ഹരിയിൽ ഒരു ചെറിയ ഭയം കേറി.  മുട്ട് മടക്കി മണ്ണിൽ ഇരുന്നു ചെവി മണ്ണിലേക്കു ചേർത്ത വെച്ച് അയാൾ .

ദേഷ്യം കൊണ്ട് പല്ലു  കടിക്കുന്ന ശബ്ദം അപ്പോൾ അയാൾക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞു. വീണ്ടും ചെവിയോർക്കവേ

" ആരെയും വിടില്ല ഞാൻ . ചുട്ടു കൊല്ലും ഓരോന്നിനെ ആയി. എന്റെ തൊണ്ടയിലേക്ക് ഒരു തുള്ളി വെള്ളം പോലുമിറങ്ങാതെ കോൺക്രീറ്റ് ചെയ്തും ടൈൽസ് വിരിച്ചും എന്നെ കൊല്ലുന്നവരെ , എനിക്ക് തണലായ മരങ്ങളെ മുഴുവൻ മുറിച്ചു ബോണ്സായി നടുന്നവരെ , എന്റെ നെഞ്ചിൻ കൂട്ടിലേക്ക് പൈലിങ് നടത്തുന്നവരെ , എന്റെ കണ്ണുനീരിനെ ഊറ്റി കുടിക്കുന്നവരെ. വിടില്ല ആരെയും വെറുതെ വിടില്ല  കത്തുന്ന ചൂടിൽ പുകഞ്ഞു പുകഞ്ഞു ചാകണം എല്ലാം "  നാഗവല്ലിയെ പോലെ അവൾ അലറികൊണ്ടിരുന്നു.

മണ്ണിൽ തല വെച്ച് കിടക്കുന്ന ഹരിയെ ആണ് അടുക്കളയിൽ നിന്നും പുറത്തേക്കു വന്ന രാജി കണ്ടത്

'അല്ല ഇതിപ്പോൾ എന്തിന്റെ കേടാ ആ മണ്ണിൽ പോയി കിടക്കുന്നു ?"

ഒന്നുമില്ല , പൊയ്ക്കോ എന്ന് രാജിയോട് കൈ കൊണ്ട് കാണിച്ചു കുറച്ചു നേരം കൂടെ ഹരി ചെവിയോർത്തു കിടന്നു.പിന്നെ എഴുന്നേറ്റു വർക്ക് ഏരിയയിൽ കിടക്കുന്ന കമ്പിപ്പാര എടുത്തു കൊണ്ട് മുൻവശത്തേക്ക് നടന്നു.

എന്തോ കുത്തി പൊളിക്കുന്ന ശബ്ദം കേട്ടാണ് രാജി ഓടി വന്നത്. ലക്ഷക്കണക്കിന് രൂപ ചെലവാക്കി മിനുക്കിയ മുറ്റത്തെ ടൈൽസ് കമ്പിപ്പാര കൊണ്ട് കുത്തി പൊളിക്കുന്ന ഹരിയെ കണ്ട അവൾ ഞെട്ടി . ഒരോട്ടത്തിനു സ്വീകരണമുറിയിലെ ടെലഫോണിനടുത്തെത്തി   108  ലേക്ക് ഡയൽ ചെയ്തു.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...