2018, ഫെബ്രുവരി 2, വെള്ളിയാഴ്‌ച

പടിയിറക്കം.

"ഓഫീസിൽ പാർട്ടി ഒക്കെയുണ്ടാകും. എന്നാലും ഇത്രയും വൈകുമെന്നറിഞ്ഞാൽ നേരത്തെ വരാൻ നോക്കണം "

രമേഷേട്ടന്റെ അമ്മ നിർത്താൻ ഒരുക്കമല്ലായിരുന്നു. മേല് കഴുകി പുറത്തിറങ്ങുമ്പോഴും സൗമ്യക്ക് കേൾക്കാൻ പാകത്തിൽ അവർ പറഞ്ഞു കൊണ്ടിരുന്നു.

' അല്ലെങ്കിൽ തന്നെ ഗൾഫുകാരന്റെ ഭാര്യ എന്ന് പറഞ്ഞാൽ തന്നെ നാട്ടുകാർക്ക് കഥയുണ്ടാക്കാനുള്ള വകുപ്പാണ്. അതൊക്കെ അറിഞ്ഞു വേണം നമ്മൾ പെരുമാറാൻ '

'മതി ഭാനു ആ കുട്ടിയെ ഇങ്ങനെ പറഞ്ഞത് ഇനി നിർത്തു ' അച്ഛന്റെ നേർത്ത ശബ്ദം.

'ഞാൻ ഇപ്പോൾ നിർത്താം . ഇനി ഇത് പോലെ പാർട്ടിയും കീർട്ടിയും ഒന്നും വേണ്ടാന്നു മരുമോൾക്ക് പറഞ്ഞു കൊടുത്തേക്ക് പൊന്നച്ഛൻ '

അമ്മ ചാടി തുള്ളി പോകുന്ന ഒച്ച കേട്ടു അനങ്ങാതെ കട്ടിലിൽ ചാരി കിടന്നു സൗമ്യ.

ഓഫീസിൽ ഒരു റിട്ടയർമെന്റ് പാർട്ടിയുണ്ടെന്നു പറഞ്ഞിട്ട് തന്നെയാണ് രാവിലെ പോയത്. അതിത്രയും വൈകുമെന്ന് അറിഞ്ഞില്ല . അഞ്ചു മണിക്ക് പാർട്ടി തുടങ്ങാൻ പോകുമ്പോൾ ആണ് ആർ & ഡിയിൽ ചില പ്രശ്നങ്ങൾ . അതൊക്കെ ശരിയാക്കി പാർട്ടി തുടങ്ങിയപ്പോൾ വൈകി. സൂസൻ ആണ് പറഞ്ഞത് രാത്രിയിൽ ടു വീലറിൽ പോകണ്ട അവളുടെ കാറിൽ ഡ്രോപ്പ് ചെയ്യാമെന്നു. ഡെയ്സിയും ഹാഷിമും സൂസന്റെ  വീടിനു അടുത്തായത് കൊണ്ട് അവരും കേറി. കല്യാണം കഴിയാത്തത് കൊണ്ട് ഹാഷിമിന്റെ കൂടെ പിറകിൽ ഇരുന്നാൽ  ഡാഡിയുടെ ആരേലും കണ്ടാൽ പ്രശ്നം ആകുമെന്ന് പറഞ്ഞു ഡെയ്‌സി മുന്നിൽ കേറിയതാണ് കുഴപ്പമായത്. കാറിൽ നിന്നും ഇറങ്ങുമ്പോൾ അമ്മ കുനിഞ്ഞു കാറിനു അകത്തേക്കു നോക്കുമ്പോൾ തന്നെ അപകടം മണത്തതാണ്.
 

ഗൾഫിലായിരുന്ന രമേശിന്റെ ആലോചന വന്നപ്പോൾ അവൾ ആകെ ഒരു നിർബന്ധമേ വെച്ചുള്ളൂ . ജോലി രാജി വെക്കാൻ പറയരുത്. ഒരു പാട് കഠിനാധ്വാനം ചെയ്താണ് മാനേജീരിയൽ പോസ്റ്റിൽ എത്തിയത്. അത് വിട്ടു കളയാൻ  അവൾക്കൊട്ടും മനസ്സില്ലായിരുന്നു. അവളുടെ നിബദ്ധന അംഗീകരിച്ചു കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ രമേഷ് ഗൾഫിലേക്ക് പറന്നു.  നാല് മക്കളിൽ ഇളയവൻ ആണ് രമേഷ്. ഏറ്റവും മൂത്തത് വിജയേട്ടൻ. അവർ ചേച്ചിയുടെ വീടിനു അടുത്ത് വേറെ വീട് വെച്ചു താമസിക്കുന്നു.  വിശേഷാവസരങ്ങളിൽ മാത്രമേ തറവാട്ടിൽ വരാറുള്ളു. രണ്ടു  ചേച്ചിമാർ കല്യാണം കഴിഞ്ഞു അവരുടെ ജീവിതവുമായി കഴിയുന്നു.


അമ്മയുടെ സ്വഭാവത്തിന് അനുസരിച്ചു നിൽക്കുക അത്ര എളുപ്പമല്ല സൗമ്യേ. തെറ്റും ശരിയും വേർതിരിക്കാൻ വിജയേട്ടന് അറിയുന്നത് കൊണ്ട് എനിക്കധികം കഷ്ടപ്പെടേണ്ടി വന്നില്ല . പക്ഷെ രമേഷ് അങ്ങനെ അല്ലാട്ടോ . അവനു അമ്മ പറഞ്ഞതിന് അപ്പുറം ഒന്നുമില്ല. അത് കൊണ്ട് കണ്ടും കേട്ടും അറിഞ്ഞും  നിന്നാൽ നല്ലതാ. അല്ലെങ്കിൽ ജീവിതം നരകം ആകും ട്ടോ. അനുഭവത്തിൽ നിന്നുമാണ് ഞാൻ പറയുന്നത് '

അമ്മയുടെ സ്വഭാവത്തെ പറ്റി കല്യാണപ്പിറ്റേന്ന് വിജയേട്ടന്റെ ചേച്ചി ഇത്രയും  പറഞ്ഞു തന്നത് കൊണ്ട് ഇത്രേം ദിവസം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോയതായിരുന്നു. ഇതിപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോയിരിക്കുന്നു.

സൗമ്യ ക്ലോക്കിലേക്ക് നോക്കി . പതിനൊന്നു ആകുന്നു . പത്തര എന്നൊരു സമയമുണ്ടെങ്കിൽ വിളിക്കുന്നയാൾ ഇന്ന് വിളിച്ചില്ലല്ലോ എന്നവൾ ഓർത്തു. അവളുടെ ഓർമ്മയിലേക്ക് മൊബൈലിൽ വീഡിയോ കാൾ ഒച്ച വെച്ചു.  സംസാരിക്കുന്നുണ്ടെങ്കിലും പതിവായി ഉണ്ടാകുന്ന കുസൃതികൾ രമേഷിൽ നിന്നും ഉണ്ടാകാത്തത് അവൾ ശ്രദ്ധിക്കാതിരുന്നില്ല. കുറച്ചു സംസാരിച്ചു കഴിഞ്ഞപ്പോളാണ് ഓഫീസിലെ പാർട്ടിയെക്കുറിച്ചുള്ള സംസാരം വന്നത്.

 'നീ ലേറ്റ് ആയാണല്ലേ വന്നത് അമ്മ പറഞ്ഞു.'

അപ്പോൾ അമ്മ സമയം തെറ്റിക്കാതെ മോനെ വിവരം അറിയിച്ചിരിക്കുന്നു എന്നവൾ മനസ്സിൽ ഓർത്തു.

' സൗമ്യേ നീ കുറച്ചു  ശ്രദ്ധിക്കണം ഇത്തരം കാര്യങ്ങളിൽ. നാട്ടിലെ കുറെ ആളുകൾ ഇത് പോലെന്തെങ്കിലും കിട്ടാൻ കാത്തിരിക്കയാണ് '

മനഃപൂർവമല്ലല്ലോ രമേഷേട്ടാ ഞാൻ പറഞ്ഞല്ലോ

'അല്ല നിന്നേം ഞാൻ കുറ്റം പറയില്ല. കല്യാണം കഴിഞ്ഞയുടനെ ഞാൻ ഇങ്ങു പോന്നതല്ലേ. നിനക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ '

രമേഷ് പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ അന്തം വിട്ടിരിക്കുമ്പോൾ  വല്ലാത്ത ക്ഷീണം ഞാൻ കിടക്കട്ടെ ഗുഡ് നൈറ്റ് എന്ന് പറഞ്ഞു അയാൾ ഫോൺ കട്ട് ആക്കി. കുറെ നേരം ആ ഇരുപ്പിൽ തന്നെ ഇരുന്നു. പിന്നെ കിടക്കുമ്പോൾ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.

***********

'കെട്ടിലമ്മ എഴുന്നേറ്റില്ലെന്നു തോന്നുന്നു '
'ഭാനു നീ രാവിലെ തന്നെ ആ കുട്ടിയുടെ തലയിൽ കേറല്ലേ , കഴിഞ്ഞത് കഴിഞ്ഞു '
അച്ഛന്റെയും അമ്മയുടെയും സംസാരത്തിലേക്ക് ഒരു ബാഗും തൂക്കി സൗമ്യ ഇറങ്ങി വന്നു. ഒന്നും മനസിലാകാതെ കണ്ണ് മിഴിച്ചു നിൽക്കുന്ന അച്ഛന്റെ കാലിൽ തൊട്ടു പുറത്തേക്ക് നടക്കുമ്പോൾ അമ്മയുടെ ശബ്ദം
 " പോകുന്നതൊക്കെ കൊള്ളാം ആരെങ്കിലും വരും കൂട്ടി കൊണ്ട് വരാൻ എന്നത് ഒരു മോഹമായി ഇരിക്കുകയെ ഉള്ളൂ'

അത് വരെ എല്ലാ കുത്തുവാക്കുകളും ഒരു വാക്കു  പോലും പറയാതെ സഹിച്ചിരുന്ന അവൾ ഒന്ന് തിരഞ്ഞു നിന്നു  " ഈ ബാഗിൽ ഞാൻ വീട്ടിൽ നിന്നും കൊണ്ടു  വന്ന സാധനങ്ങൾ മാത്രമേയുള്ളൂ . നിങ്ങളുടെ മകൻ കെട്ടിയ താലി ഡ്രസിങ് ടേബിളിന്റെ വലിപ്പിൽ ഉണ്ട് "

ഗേറ്റിനു പുറത്തു അപ്പോൾ അവൾ വിളിച്ച ഓട്ടോ ഹോൺ അടിക്കുന്നുണ്ടായിരുന്നു.






6 അഭിപ്രായങ്ങൾ:

  1. അർഹിക്കുന്ന മറുപടി തന്നെ കൊടുത്തു 👌

    മറുപടിഇല്ലാതാക്കൂ
  2. ഇത്ര പെട്ടെന്ന് കെട്ടുതാലി അഴിക്കണ്ടായിരുന്നു എന്നു തോന്നി...നന്നായി എഴുതി 😎👍✌👌

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഭിമാനമുള്ള പെണ്ണല്ലേ...തനിക്കു നേരെ അനാവശ്യമായി ഒരു വിരൽ നീളുമ്പോൾ പ്രതികരിക്കും..;)

      ഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...