2019, മേയ് 11, ശനിയാഴ്‌ച

അഭയം

വേനലവധിയിലെ ഒരു ഞായറാഴ്‍ച ഉച്ചവെയിലിൽ നിന്നാണ് അവൾ കയറി വന്നത്. പെട്ടെന്നു ആരെന്നു മനസിലായില്ലെങ്കിലും വെയിൽ  കൊണ്ട് ചുവന്ന കവിളും താടിയിലെ മറുകും ചിരിയും 'എന്നാ വെയിലാ " എന്ന ചോദ്യവും സെലിനെ ഓർമ്മിപ്പിച്ചു.

'എത്ര കാലമായെടി കണ്ടിട്ട്' എന്ന ചോദ്യത്തോടൊപ്പം അവളെ കെട്ടി പിടിച്ചു അകത്തെ സോഫയിൽ കൊണ്ടിരുത്തി.

'മോരിരുപ്പുണ്ടോ , എന്നാൽ പച്ചമുളകും കറിവേപ്പിലയും  ചതച്ചിട്ട്, ഒരല്പം ഉപ്പും ചേർത്ത് എടുത്തോ , ജ്യൂസ് ഒന്നും വേണ്ട, ഷുഗർ ആണ്'

മോരിൽ ഇടാനുള്ള കാന്താരി പറിക്കാൻ പിന്നാമ്പുറത്തേക്കു നടക്കുമ്പോൾ  എട്ടു ബി യുടെ രണ്ടാമത്തെ ബെഞ്ചിലേക്ക് എത്തിയിരുന്നു. ബെല്ലടിച്ചു ടീച്ചറെ കാത്തിരിക്കുമ്പോൾ ആണ് വാതിലിനു അപ്പുറത്തു നിന്ന്  എട്ടു ബി അല്ലെ എന്ന ചോദ്യവുമായി ഒരു പെൺകുട്ടി കയറി വന്നത്. വെളുത്ത നിറവും, ചുമന്ന ചുണ്ടുകളും, രണ്ടായി പിരിച്ചിട്ട മുടിയുമുള്ള സുന്ദരിക്കുട്ടിയെ കണ്ടു  അവസാനാബെഞ്ചിലിരിക്കുന്ന വാ നോക്കികൾ വായടക്കാൻ മറന്നു എന്നതാണ് സത്യം.

'വാ അടക്കു ഈച്ച കേറും ' എന്ന് പറഞ്ഞു ചിരിച്ചു കൊണ്ടവൾ രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന എന്റെ അടുത്ത് വന്നിരുന്നു.  പള്ളിവക യു പി സ്‌കൂളിൽ പുതുതായി വന്ന ഹെഡ്മാസ്റ്ററുടെ മോൾ ആയിരുന്നു സെലിൻ. അവളുടെ അമ്മയും ആ സ്‌കൂളിൽ തന്നെ ടീച്ചർ ആയി പിന്നെ എത്തി ചേർന്നു. അന്ന് ആ നാട്ടിലെങ്ങും അത്രേം വെളുപ്പുള്ള ആരുമുണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ  സെലിന്റെ വെളുപ്പ് ക്ലാസ്സിലെ മാത്രമല്ല നാട്ടിലെയും സംസാരം ആയിരുന്നു. തൊലി വെളുപ്പ് പോലെ തന്നെ മനസ്സും വെളുത്തവൾ ആയിരുന്നത് കൊണ്ട് സ്‌കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ പ്രിയങ്കരി ആയിരുന്നു അവൾ. എന്ത് ചോദ്യത്തിനും സെലിന്റെ കയ്യിൽ ഉത്തരമുണ്ടായിരിക്കും. സെലിന് അറിയാത്ത കാര്യങ്ങൾ കുറവായിരുന്നു. സെലിന്റെ വീട്ടിൽ ആദ്യമായി പോയപ്പോളാണ് പഴപൊരിക്കു ഏത്തക്കാ അപ്പമെന്നൊരു പേരുണ്ട് എന്നറിഞ്ഞത്. അത് പോലെ വലിയ വട്ട ചെമ്പിൽ വെളിച്ചെണ്ണ ഒഴിച്ച് അവളുടെ വല്യമ്മച്ചി ഉണ്ടാക്കി തന്ന കരുകരുപ്പുള്ള പഴംപൊരി പിന്നീടിന്നെവരെ വേറെവിടുന്നും കിട്ടിയിട്ടില്ല.

ഒറ്റ മോൾ ആയത് കൊണ്ട് തന്നെ സർവ്വസ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടവൾ ആയിരുന്നു സെലിൻ. ഡിഗ്രി പഠനത്തിന് നഗരത്തിലെ ഒരേ കോളേജിൽ ചേർന്നതും, വീട്ടിൽ നിന്നും ദൂരെ അയക്കാൻ മടിയുണ്ടായിരുന്ന അച്ഛനെ സെലിനും അവളുടെ പപ്പയും മമ്മയും പറഞ്ഞു സമ്മതിപ്പിച്ചത് കൊണ്ട് മാത്രം ആയിരുന്നു. സ്‌കൂളിൽ എന്ന പോലെ കോളേജിലും സെലിൻ സ്റ്റാർ ആയിരുന്നു. കോളേജിലെ സുന്ദരയുവകോമളന്മാർക്ക് മുന്നിൽ മുട്ട് മടക്കാത്ത സെലിൻ കറുത്ത് കരിക്കട്ട പോലിരിക്കുന്ന ജസ്റ്റിന് മുന്നിൽ സാഷ്ടാംഗം നമിച്ചു എന്നറിഞ്ഞു എല്ലാരും ഞെട്ടി അടുത്തിരിക്കുമ്പോൾ ബ്ലാക്ക് & വൈറ്റ് ചിത്രം പോലിരിക്കുന്ന രണ്ടു പേർ.

നീ എന്ത് കണ്ടിട്ടാ അവനെ ഇഷ്ടപെട്ടത്  എന്ന് ചോദിച്ചപ്പോൾ  'സുന്ദരന്മാരെ നോക്കാൻ നൂറു കണക്കിന് ആളുകൾ ഉണ്ടാകും. അവർക്കു അതിന്റെ അഹങ്കാരവും കാണും , നീ പോയാൽ വേറെ ഒന്ന് എന്നഭാവം നോക്കിലും വാക്കിലും ഉണ്ടാകും. ഇവനെ ആകുമ്പോൾ നിറം കാണുമ്പോൾ ആരും നോക്കത്തില്ല.  പക്ഷെ അവൻ ആണ് ശരിക്കും ഈ കോളേജിലെ സുന്ദരൻ. നീ ഒന്ന് സൂക്ഷിച്ചു നോക്കി നോക്ക്. ചിരിക്കുമ്പോൾ അവന്റെ കണ്ണിലും ആ ചിരി കാണും. എന്ന് വെച്ചാൽ മനസ്സിൽ സന്തോഷം വന്നിട്ടാണ് ചിരിക്കുന്നത് , അല്ലാതെ ചിരിക്കാൻ വേണ്ടി ചിരിക്കുക അല്ല '

ഓ പിന്നെ എന്തൊക്കെയാണോ കണ്ടെത്തിയത് ?

'നന്നായി എഴുതും , നന്നായി പ്രസംഗിക്കും, പിന്നെ ആരുമറിയാത്ത ഒരു കാര്യമുണ്ട് നല്ല കിടിലൻ ആയി കവിത ചൊല്ലും. കവിതയും കേട്ട് ഓരോന്ന് വാലിൽ തൂങ്ങാൻ വരും എനിക്ക് പണിയാകുമെന്നത് കൊണ്ട് അത് ആരേം അറിയിക്കേണ്ട എന്ന് ഞാൻ വിലക്കിയിട്ടുണ്ട്'

ഞങ്ങൾ അതെ കോളേജിൽ നിന്ന് ബി എഡ്  എടുത്തു അഞ്ച് വര്ഷം കഴിഞ്ഞു പടിയിറങ്ങുമ്പോൾ ജെസ്റ്റിനും അവളും വിവാഹം കഴിക്കാൻ തീരുമാനം എടുത്തിരുന്നു. ജസ്റ്റിൻ പി ജി ഒക്കെ കഴിഞ്ഞു ജോലി അന്വേഷണത്തിൽ ആയിരുന്നു. സെലിന്റെ പപ്പാ ആദ്യം ജോലി ചെയ്ത സ്‌കൂളിൽ സെലിന് പെട്ടെന്നു തന്നെ ജോലി ശരി ആയി. ജോലി കിട്ടിയ ഉടനെ ഒറ്റ മകളുടെ വാശിക്ക് മുന്നിൽ അവളുടെ കല്യാണവും  നടത്തി കൊടുത്തു. കല്യാണത്തിന് വന്നവർ വന്നവർ  ചെറുക്കനെ കണ്ടു മൂക്കത്തു വിരൽ വെച്ച് ചോദിച്ചു 'ഈ കൊച്ചിവനെ എന്ത് കണ്ടിട്ടാ കെട്ടിയത്'.

ജോലി , കല്യാണം കുടുംബജീവിതം ഈ തിരക്കിനിടയിൽ വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ കാണാറുണ്ടായിരുന്നു എന്നല്ലാതെ തുടർച്ച ആയ ഒരു ആശയവിനിമയവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. പക്ഷെ എത്ര നാൾ കൂടി കണ്ടാലും ഇന്നലെ കണ്ടു പിരിഞ്ഞവരെ പോലെ സംസാരിക്കാൻ കഴിഞ്ഞു എന്നതായിരുന്നു അതിന്റെ സൗന്ദര്യം.

ഏതാണ്ട് പത്തു വർഷം മുൻപേ ഒരിക്കൽ നാട്ടിൽ എത്തി അമ്പലത്തിൽ പോയി വരുന്ന വഴിക്കാണ് മുന്നിൽ കാർ കൊണ്ട് നിർത്തി അവൾ എന്നെ ഞെട്ടിച്ചത്. പപ്പ മരിച്ചതിനു  ശേഷം ഒറ്റക്കായ അമ്മയെ കൂട്ടികൊണ്ട് പോകാനും , വീടും സ്ഥലവും വിൽക്കാനും വന്നതാണ് എന്നവൾ പറഞ്ഞു. എല്ലാ കാര്യങ്ങളും പറഞ്ഞു  ബ്രോക്കറെ  കാണാൻ തിരക്കിട്ടു പോകുന്ന അവളോട് ജസ്റ്റിൻ എവിടെ എന്ന ചോദ്യത്തിന് അവളുടെ മോൾ ആണ് ഉത്തരം തന്നത് 'അതിനു പപ്പ ഇപ്പോൾ നമ്മുടെ കൂടെ അല്ലല്ലോ'

എന്ത് പറ്റിയിരിക്കും  എന്ന എന്റെ ആകാംക്ഷക്ക്  പിടി  തരാതെ കാറുമെടുത്തു അന്ന് പോയ ആൾ ആണ് ഇന്ന് മോരും വെള്ളവും ചോദിച്ചു വന്നിരിക്കുന്നത്. അതിനിടയിൽ പല പ്രാവശ്യം പല രീതിയിൽ അവളിലേക്ക് എത്താൻ  ശ്രമിച്ചിരുന്നു എങ്കിലും പിടി തരാതെ അവൾ ഒഴിഞ്ഞു മാറി കൊണ്ടേയിരുന്നു.

'മടുത്തു, ഒറ്റക്കുള്ള ജീവിതം, ആരോടേലും ഒന്ന് മിണ്ടി പറഞ്ഞില്ലെങ്കിൽ പ്രാന്ത് വരുമെന്ന് തോന്നിയത് കൊണ്ട് വന്നതാണ്' തണുത്ത മോര് വെള്ളം കുടിച്ചു ഗ്ലാസ് ടീപോയിലേക്ക് വെച്ച് കൊണ്ടവൾ പറഞ്ഞു.

മോള് ? അമ്മ?

'മോൾ കഴിഞ്ഞ മാസം  കാനഡക്കു പോയി , സ്വന്തം ആയി തീരുമാനം എടുത്തു അവൾ പോയി. അമ്മ മരിച്ചിട്ടു മൂന്നു മാസം ആയി, പേപ്പറിൽ കൊടുത്തു എന്നല്ലാതെ ആരോടും പറഞ്ഞില്ല ഞാൻ.'

നീ ഇപ്പോഴും ജോലിക്ക് പോകുന്നില്ലേ?

'ജോലിക്ക് പോകുന്നുണ്ട് എന്നതാണ് ഒരു ആശ്വാസം. അല്ലെങ്കിൽ ഒറ്റപ്പെടലിൽ എപ്പോഴേ ശ്വാസം മുട്ടി മരിച്ചേനെ'

എന്ത് പറയണം, എന്നറിയാതെ ഞാനും പറയേണ്ട കാര്യങ്ങളുടെ കെട്ടഴിച്ചു അവളും കുറെ നേരം മിണ്ടാതിരുന്നു

' എനിക്കിപ്പോൾ തോന്നുന്നു , അന്ന് ഞാൻ കുറച്ചൂടെ ക്ഷമ കാണിച്ചിരുന്നെങ്കിൽ ഇപ്പോൾ ജെസ്റ്റിൽ എന്റെ കൂടെ ഉണ്ടാകുമായിരുന്നു'

ശരിക്കും നിങ്ങൾ തമ്മിൽ പിരിയാൻ മാത്രം എന്താണുണ്ടായത് ?

'എനിക്ക് എക്സാം ഡ്യൂട്ടി ഉണ്ടായിരുന്ന ഒരു ദിവസം വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മോൾക്ക്  ചെറിയ ഒരു പനിയുണ്ടായിരുന്നു. ജെസ്റ്റിനോട് അന്ന് എവിടേലും പോകാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞത് കേട്ട് , മോളെ ഒന്ന് നോക്കണേ എന്ന് പറഞ്ഞാണ്  ഞാൻ പോയത്. ഉച്ചക്ക് അടുത്ത വീട്ടിലെ ചേച്ചി ആണ് സ്‌കൂളിലേക്ക് ഫോൺ ചെയ്തത്. മോൾ വല്ലാതെ ഛർദിക്കുന്നുണ്ട് പെട്ടെന്നു വരണം എന്ന് പറഞ്ഞു. വീട്ടിലെത്തുമ്പോൾ ഛർദിച്ചു അവശയായ മോളുടെ ബോധം പോകാൻ തുടങ്ങിയിരുന്നു. ജെസ്റ്റിനെ അവിടെങ്ങും കണ്ടതുമില്ല. മോളേം വാരിയെടുത്തു ആശുപത്രിയിലേക്ക് ഓടുമ്പോൾ ജെസ്റ്റിനെ അപ്പോൾ കണ്ടാൽ കൊല്ലാനുള്ള ദേഷ്യം മനസ്സിൽ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ മോളേം കൊണ്ട് വീട്ടിലെത്തുമ്പോൾ മുന്നിലിരുന്നു ഒന്നും അറിയാത്ത ഭാവത്തിൽ പത്രം വായിക്കുന്ന ജെസ്റ്റിനെ ആണ് കണ്ടത്. തലേ ദിവസം തോന്നിയ ദേഷ്യം മുഴുവൻ ഞാൻ അപ്പോൾ  തീർത്തു, ദേഷ്യത്തിൽ ഞാൻ എന്തൊക്കെ പറഞ്ഞു എന്നത് എനിക്ക് തന്നെ നിശ്ചയമില്ല. അന്ന് ജസ്റ്റിന് സ്ഥിരവരുമാനം ഒന്നുമില്ലായിരുന്നു. എന്റെ ശമ്പളത്തിൽ കഴിയുന്ന വീട്ടിൽ ജസ്റ്റിന് ഒരുപകാരവുമില്ലാത്ത ഒരാൾ ആണെന്നും, ഇനി അങ്ങനെ കഴിയാൻ പറ്റില്ല എന്നും ഞാൻ തീർത്തു പറഞ്ഞു. എല്ലാം കേട്ടിരുന്ന ജസ്റ്റിൻ ഒന്ന് മിണ്ടാതെ സ്വന്തം സാധനങ്ങൾ എടുത്തു പടിയിറങ്ങുമ്പോഴും എനിക്ക് കലി  അടങ്ങിയിരുന്നില്ല. പിന്നീട് ജസ്റ്റിൻ എന്നെയോ മോളെയോ കാണാൻ വന്നില്ല. അവനെ അന്വേഷിച്ചു ഞാനും പോയില്ല. വിവാഹമോചനകാര്യം പറഞ്ഞു അവന്റെ അമ്മ വീട്ടിൽ വന്നപ്പോൾ ആണ് അന്ന് അമ്മക്ക് പെട്ടെന്ന് വയ്യാതായപ്പോൾ പോയതാണ് ജസ്റ്റിൻ എന്നറിഞ്ഞത്.  ഇസ്രായേലിൽ നേഴ്സ് ആയ ഒരു കുട്ടിയുടെ ആലോചന വന്നിട്ടുണ്ട് എന്നും കല്യാണം കഴിഞ്ഞാൽ ജസ്റ്റിന് അവിടെ ജോലി ശരിയാകുമെന്നും അത് കഴിഞ്ഞു വേണം അവന്റെ അനിയത്തിമാരുടെ കല്യാണം നടത്താൻ എന്നുമൊക്കെ അവർ പറഞ്ഞപ്പോൾ ഒന്നും പറയാതെ മ്യൂച്ചൽ എഗ്രിമെന്റിൽ ഒപ്പിട്ടു കൊടുത്തതാണ് ഞാൻ. എന്റെ ജീവിതം ഇങ്ങനെ ആയി പോയതിൽ വിഷമിച്ചാണ് പപ്പയും അമ്മയും പോയത്. അവരുടെ ദുഃഖം അന്ന് കാണാൻ എനിക്ക് കണ്ണില്ലായിരുന്നു. പക്ഷെ ഇപ്പോൾ തോന്നുന്നു ഞാൻ കുറച്ചു കൂടെ ക്ഷമിച്ചാലും മതി ആയിരുന്നു എന്ന് . അതല്ലെടി വേണ്ടിയിരുന്നത്?

എന്ത് പറയണം എന്നറിയാതെ അവളെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ കഴിഞ്ഞ മാസം ബാംഗ്ലൂർ പോയപ്പോൾ മാളിൽ വെച്ച് കണ്ട ജെസ്റ്റിനെയും കുടുംബത്തെയും ഓർത്തു. ഭാര്യയും മക്കളും കേൾക്കാതെ സെലിനെ കാണാറുണ്ടോ അവൾ സുഖമായിരിക്കുന്നോ എന്ന് ചോദിച്ച ജെസ്റ്റിനെയും.

അങ്ങനെ ആണ് ചിലതൊക്കെ . തെറ്റോ ശരിയോ എന്നറിയാത്ത പല കാരണങ്ങൾ കൊണ്ട് അകന്നു പോകുന്ന ബന്ധങ്ങൾ. ഒരു നിമിഷ നേരത്തെ വികാരവിക്ഷോഭം കൊണ്ട് തകർന്നു പോകുന്ന ജീവിത യാനങ്ങൾ.

6 അഭിപ്രായങ്ങൾ:

  1. വികാരപരമായ തീരുമാനങ്ങളാണ് പലപ്പോഴും ജീവിതത്തെ വഴി തിരിച്ചു വിടുന്നത്.

    കഥ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  2. നല്ല കഥ. അല്ലെങ്കിലും ഒരാവേശംകൊണ്ട് കിണറ്റിൽ ചാടിയാൽ ഒമ്പതാവേശംകൊണ്ട് തിരിച്ചു ചാടാനൊക്കില്ല എന്നല്ലേ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേ..പക്ഷെ ഇന്ന് എല്ലാരും നൈമിഷികമായ ചിന്തകൾക്കു ആണ് പ്രാധാന്യം കൊടുക്കുന്നത്. ഒരു നിമിഷം പോലും ചിന്തിക്കുന്നില്ല ..


      നന്ദി ..അഭിപ്രായത്തിനും സന്ദർശനത്തിനും .

      ഇല്ലാതാക്കൂ
  3. ജീവിതത്തിലെ ചില തീരുമാനങ്ങൾ ശരിയോ തെറ്റോ എന്നു മനസ്സിലാക്കാൻ ഒരുപാട് സമായമെടുത്തേക്കാം. നന്നായെഴുതി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി....സന്ദര്ശനത്തിനും അഭിപ്രായത്തിനും..

      ഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...