2011 ജൂൺ 29, ബുധനാഴ്‌ച

കാത്തിരുപ്പ്


എല്ലാരും കാത്തിരിക്കുകയാണ്.ഡോക്ടര്‍ വന്നു വേണ്ടപെട്ടവരെ എല്ലാം അറിയിച്ചു കൊള്ളാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയ കാത്തിരിപ്പ്‌ .
മോണിട്ടറില്‍ ഉയര്‍ന്നു താഴുന്ന രേഖകള്‍ മാത്രം ആണ് ജീവന്‍ ഉണ്ട് എന്നതിന് തെളിവ്.
കാത്തിരിക്കുന്നവരുടെ കണ്ണിലെ അക്ഷമ. ഒന്ന് തീര്‍ന്നു കിട്ടിയാല്‍ വേഗം പോകാമായിരുന്നു എന്ന ഭാവം
വീട്ടില്‍ മാറ്റിവെച്ചു പോന്ന കാര്യങ്ങളെ കുറിച്ചുള്ള വേവലാതികള്‍.
ഞാന്‍ തേടിയിരുന്നത് ഒഴിഞ്ഞ മൂലകളില്‍ കാത്തിരിക്കുന്ന മരണത്തെ ആയിരുന്നു
അമര്‍ ചിത്രകഥകളിലും പുരാണ  സീരിയലുകളിലും കണ്ട ഭയം തോന്നിപ്പിക്കുന്ന മുഖം അല്ല
തെലുഗു സിനിമയില്‍ കണ്ട യമന്റെ രൂപം.തെലുഗ് സിനിമ നടന്‍ സത്യനാരായണയുടെ രൂപം.വെളുത്തു തടിച്ചു കുടവയറും നിറഞ്ഞ ചിരിയും ആയി സ്നേഹം തോന്നുന്ന രൂപം.വിളിക്കുമ്പോള്‍ കൂടെ പോകാന്‍ തോന്നുന്ന രൂപം. ആ രൂപത്തെ ആണ് ഞാന്‍ തിരഞ്ഞത്
കിടക്കയില്‍ മരണം കാത്തു കിടക്കുന്നത് എന്റെ പ്രിയ കൂട്ടുകാരി
ഭൂതത്താന്‍ കോട്ടയിലെ രാജകുമാരി എന്ന് വിളിച്ചു കളിയാക്കിയിരുന്നതു മുട്ടറ്റം നീളമുള്ള മുടി കണ്ടിട്ടായിരുന്നു
ഇപ്പോള്‍ അതിന്റെ സ്ഥാനത്തു കുറ്റി രോമങ്ങള്‍.എല്ലും തോലുമായി ആളെ പോലും തിരിച്ചറിയാന്‍ പറ്റാതെ കിടക്കുന്ന അവള്‍ വേഗം ഒന്ന് മരിക്കണേ എന്ന് ഞാനും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.വേഗം മരിച്ചാല്‍ ഇപ്പോള്‍ സഹിക്കുന്ന വേദന സഹിക്കേണ്ടല്ലോ.
ശ്വാസം കിട്ടാതെ അവള്‍ ഒന്ന് പിടഞ്ഞോ .എന്റെ തോന്നല്‍ ആയിരുന്നോ അത്..
പെട്ടെന്ന് സ്ക്രീനിലെ വരകള്‍ എല്ലാം നേര്‍വരകള്‍ ആയി.
പരിശോധിച്ച ഡോക്ടര്‍ ഒന്നും മിണ്ടാതെ  തോളില്‍ തട്ടി പുറത്തേക്കു നടക്കുമ്പോള്‍ ഡോക്ടറുടെ പിറകെ ആയി ഞാന്‍ കണ്ടു ഞാന്‍ കാത്തു നിന്ന രൂപത്തെ.
അയാളുടെ കൈ പിടിച്ചു സന്തോഷത്തോടെ നീങ്ങുന്ന എന്റെ കൂട്ടുകാരിയെ

2011 ജൂൺ 25, ശനിയാഴ്‌ച

ആത്മനൊമ്പരം

രണ്ടു ചോദ്യങ്ങള്‍ എന്റെ ഉറക്കം നഷ്ടപെടുത്തികൊണ്ട് എന്നെ വേട്ടയാടുന്നു. വീണ്ടും വീണ്ടും ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ എന്റെ മനസിലേക്ക് ഓടികയറി വരുന്നു. നിന്റെ സ്നേഹത്തെ ഞാന്‍ ചൂഷണം ചെയ്യുകയാണോനിന്റെ സ്വകാര്യതകളിലേക്ക് വലിഞ്ഞു കയറി ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ കൊണ്ട് നിന്റെ ജീവിതം നരകമാക്കുന്നുണ്ടോ?

മുന്‍പ് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ കൊണ്ട് നിന്നെ വീര്‍പ്പുമുട്ടിക്കുമ്പോള്‍  'think whatever you want to think , do whatever you want to do " എന്ന് പറയുന്നത് പോലെ നീ ഇപ്പോഴും  പറഞ്ഞിരുന്നെങ്കില്‍ ഇത്രയും പിരിമുറുക്കം ഉണ്ടാകില്ലായിരുന്നു. അതിനു പകരം ആയി എന്റെ ഇഷ്ടങ്ങള്‍ക്ക് നീ താളം തുള്ളുമ്പോള്‍ നിന്റെ ഇഷ്ടങ്ങളെ നീ മാറ്റി നിര്‍ത്തുമ്പോള്‍ ഉള്ളില്‍ നുരഞ്ഞു പൊന്തുന്ന അമര്ഷത്തെ സ്നേഹത്തിന്റെ മുഖം മൂടിയില്‍ നീ ഒളിപ്പിക്കുമ്പോള്‍ നിനക്ക് നഷ്ടപെടുന്നത് നിന്റെ മുഖം ആണ്..അതിലൂടെ എനിക്ക് നഷ്ടപെടുന്നത് എന്നെ തന്നെയും.

നമുക്കിടയിലെ communication gap ഉണ്ടാക്കിയ പ്രശ്നം ആകാമത്. ഒരു ഘട്ടത്തില്‍ വിഷയ ദാരിദ്യം എന്ന് നീ പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം ആയിരുന്നു.. പണ്ടും നമ്മള്‍ സംസാരിച്ചിരുന്നത് സോമാലിയയിലെ പട്ടിണി മരണത്തെ കുറിച്ചോ ആമസോണ്‍ കാടുകളുടെ നശീകരണത്തെ കുറിച്ചോ അല്ലായിരുന്നു..നിത്യജീവിതത്തിലെ സംഭവങ്ങള്‍, അബദ്ധങ്ങള്‍, കൊച്ചു സങ്കടങ്ങള്‍ സന്തോഷങ്ങള്‍, ചിന്തകള്‍, ചിന്താകുഴപ്പങ്ങള്‍...നമുക്കിടയിലെ സംസാരങ്ങള്‍ക്ക് വിഷയം ഒരു പ്രധാന ഘടകം ആയിരുന്നോ,അറിയില്ല..സൂര്യന് കീഴെ ഉള്ള എന്തിനെ കുറിച്ചും  വാ തോരാതെ നമമള്‍ സംസാരിച്ചിരുന്നു. പരസ്പരം അറിയാത്തതായി, പറയാന്‍ പറ്റാത്തതായി ഒന്നും ഉണ്ടായിരുന്നില്ല നമുക്കിടയില്‍. പക്ഷെ ഇന്ന് ജോലിത്തിരക്കും സമയക്കുറവും കാരണം ഔപചാരികതയുടെ പുറം തോടിനുള്ളില്‍  നിന്ന് നമ്മള്‍ സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത അതെന്നെ വീര്‍പ്പുമുട്ടിക്കുന്നു..ആ വീര്‍പ്പുമുട്ടല്‍ ഒരു തരം ഭ്രാന്തിന്റെ മൂര്ധന്യാവസ്ഥയിലേക്ക് എന്നെ കൊണ്ട് പോകുമ്പോള്‍,  ഭൂതവും വര്‍ത്തമാനവും കൂട്ടികുഴച്ചു ഭാവിയിലേക്ക് ഞാന്‍ നോക്കുമ്പോള്‍, എന്റെ ഉള്ളില്‍ ഉയര്‍ന്നു വരുന്ന എന്റെ തോന്നലുകള്‍ അത് നിന്നെ വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍ ആയി പുറത്തേക്കു വരുന്നു. ആ ചോദ്യങ്ങളെ നിസ്സംഗതയുടെ മൂടുപടമണിഞ്ഞു നീ നേരിടുമ്പോള്‍ ഒരു മഹാമേരു പോലെ നീ വളര്‍ന്നു വലുതാകുന്നു .. കാലിനടിയില്‍ ഞെരിഞ്ഞമരുന്ന തൃണം ആയി  ഞാന്‍ ചെറുതാകുന്നു ..



നിന്റെ നിസ്സംഗതയുടെ മുഖം മൂടി അഴിക്കാന്‍ , എന്റെ ശ്വാസം മുട്ടല്‍ ഒഴിവാക്കാന്‍ നന്നായി  ഒന്ന് വഴക്കിട്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആലോചിച്ചു പോകുന്നു . 
നന്നായി ഒന്നും വഴക്ക് കൂടി അത് കഴിഞ്ഞു നമ്മള്‍ ഇണങ്ങുമ്പോള്‍ അനുഭവിക്കുന്ന സുഖം..
പഴയത്പോലെ ഇടതടവില്ലാതെ സംസാരിക്കുകയും അതിനിടയില്‍ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് വഴക്കിടുകയും  ചെയ്തിരുന്നെകില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു ..ഈ മോഹം (വ്യാമോഹം) എന്റെ ഉള്ളില്‍ നിന്നും പറിച്ചു കളയാന്‍ എനിക്ക് വയ്യ..അത് ഉള്ളില്‍ കിടക്കുമ്പോള്‍ ഞാന്‍ വീണ്ടും നിന്റെ കാര്യങ്ങളിലേക്ക് നുഴഞ്ഞു കയറും ..അത് നിന്നെ വേദനിപ്പിക്കുന്ന ബ്രഹ്മാസ്ത്രം  ആയി,  എന്റെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയി  എന്നെ വേട്ടയാടും എന്നറിയാമെങ്കില്‍ കൂടെ ആ മോഹം അറുത്തു കളയാന്‍ എനിക്ക് വയ്യ.. ആ മോഹം എന്റെ ഉള്ളില്‍ ഇല്ലെങ്കില്‍ ഞാന്‍ ഇല്ല.

2011 ജൂൺ 16, വ്യാഴാഴ്‌ച

മഴനൃത്തം


കോരിച്ചൊരിയുന്ന മഴ.. മഴയുടെ ശബ്ദം പലതരം ആണ്..വാഴയിലയില്‍ വീഴുമ്പോള്‍, മാവിന്റെ ഇലയില്‍ വീഴുമ്പോള്‍ നിലത്തു കെട്ടിക്കിടക്കുന്ന  വെളളത്തില്‍ വീഴുമ്പോള്‍ പുല്‍ചെടികള്‍ വീഴുമ്പോള്‍ വ്യത്യസ്തങ്ങളായ ശബ്ദങ്ങള്‍ കൊണ്ട് സംഗീതം തീര്‍ക്കുന്നു മഴ..മഴയുടെ സംഗീതം കേട്ട് പുറത്തെ മഴയിലേക്ക്‌ നോക്കി സ്വയം മറന്നിരിക്കുമ്പോള്‍ ഒരു ചോദ്യം " മയില്‍ ആകാന്‍ തോന്നുണ്ടോ?"
ചോദ്യം എന്റെ ഓര്‍മകളെ വര്‍ഷങ്ങള്‍ക്കു പിറകിലേക്ക് പായിച്ചു.ഒരു മഴ പെയ്തെങ്കില്‍ എന്ന് കൊതിച്ചിരുന്നരാജമുന്ദ്രിയിലെ പകലുകള്‍.ഒരു നാള്‍ മുന്നറിയിപ്പൊന്നുമില്ലാതെ പൊട്ടിവീണ പെരുമഴ..മഴയ്ക്ക് വേണ്ടി കാത്തിരുന്ന വേഴാമ്പലിനെ പോലെ സന്തോഷം കൊണ്ട് തുള്ളിച്ചാടി.സന്തോഷം കൂടിയപ്പോള്‍ അടക്കാന്‍ ആകാത്ത ഒരാഗ്രഹം.മഴയില്‍ നൃത്തം ചെയ്യാന്‍..പറഞ്ഞപ്പോള്‍ ആദ്യം കണ്ടത് അവിശ്വനീതയോടെ ഉള്ള ഒരു നോട്ടം പിറകെ ഒരു ചോദ്യവും " മഴ കാണുമ്പോള്‍ നൃത്തം ചെയ്യാന്‍ നീ എന്താ മയില്‍ ആണോ?"
ചുണ്ടുകളില്‍  നിന്നും ഉതിര്‍ന്നു വീണത്‌ ഇത്രയും. കണ്ണുകളില്‍ " നിനക്ക് വട്ടാണെന്ന് ആരും എന്നോട് പറഞ്ഞില്ലാലോ" എന്ന പരാതി
" നാട്ടുകാര്‍ കണ്ടാല്‍ കളിയാക്കും മിണ്ടാതെ അവിടെ എവിടേലും ഇരുന്നു മഴ കണ്ടോ" ശബ്ദത്തിന്റെ ഘനം പിന്നെ ഒന്നും പറയാനോ ചോദിക്കാനോ അനുവദിച്ചില്ല.പക്ഷെ ഇച്ച്ചാഭംഗം, വീര്‍ത്ത മുഖത്തില്‍ ആക്കി മഴയിലേക്ക്‌ നോക്കി ഞാന്‍ ഇരുന്നു.
കുറച്ചു നേരത്തിനു ശേഷം "നിന്റെ ഒരാഗ്രഹം അല്ലെ സാധിപ്പിച്ചു തന്നില്ല എന്ന് വേണ്ട വാ" കൈയില്‍ പിടിച്ചു വലിച്ചു വീടിന്റെ മുകളിലേക്ക് കൂടികൊണ്ട് പോയി. മഴയില്‍ കളിയ്ക്കാന്‍ വിട്ട കൊച്ചു കുട്ടിയെ പോലെ ഞാന്‍ തുള്ളിച്ചാടി..മഴ നേര്‍ത്തു നേര്‍ത്തു ഇല്ലാതെ ആകുന്നതു വരെ ഞാന്‍ മഴയില്‍ ആടി കളിച്ചു..ക്ഷീണിച്ചു തളര്‍ന്നു ഇരിക്കുന്ന എന്റെ മുഖം പിടിച്ചുയര്‍ത്തി പതുക്കെ ചോദിച്ചു " ഹാപ്പി?"
പഴയ ഓര്‍മയുടെ ആവേശ തള്ളിച്ചയില്‍ എന്റെ തോളില്‍ വെച്ചിരിക്കുന്ന കൈ ചേര്‍ത്ത് പിടിച്ചു ഞാന്‍ മഴയിലേക്ക്‌ ഓടി ഇറങ്ങി..

2011 മേയ് 25, ബുധനാഴ്‌ച

കൃഷ്ണനും രാധയും

അവനോടു പിണങ്ങി മുഖം വീര്‍പ്പിച്ചു ദൂരെ മാറി ഇരിക്കുന്ന അവളുടെ അടുത്തേക്ക് അവന്‍ ചെന്നു..തോളില്‍ കൈ വെച്ചു പതുക്കെ ചോദിച്ചു "പിണക്കം ആണോ?"
അവന്റെ കൈ തട്ടി മാറ്റി അവള്‍ കയര്‍ത്തു "മിണ്ടണ്ട എന്നോട്, ഉണ്ടല്ലോ ഗോപികമാര്‍..അവരോടു പോയി ചോദിക്ക്"
അവളുടെ പിണക്കം അവനു തമാശ ആയി തോന്നി ..പതുക്കെ അവളുടെ വീര്‍പ്പിച്ച മുഖം മുകളിലേക്കുയര്‍ത്തി അവന്‍ പറഞ്ഞു
" നോക്കു എത്ര ഗോപികമാര്‍ ഉണ്ടായാലും രാധയുടെ അത്ര വരുമോ "
ചുണ്ടില്‍ വിരിഞ്ഞ ചിരി ഒളിപ്പിച്ചുകൊണ്ടു അവള്‍ അവന്റെ മുഖത്തേക്ക് നോക്കി
ചുണ്ടില്‍ നിന്നും കണ്ണിലേക്കു നീളുന്ന അവന്റെ ചിരിയും സ്നേഹം വഴിയുന്ന കണ്ണുകളും മാത്രം അല്ല അവള്‍ക്കു കാണാന്‍ കഴിഞ്ഞത്
തലയിലെ മയില്‍പീലിയും ചുണ്ടിലെ ഓടക്കുഴലും വശ്യമായ  ചിരിയും..അവള്‍ അറിയാതെ തന്നെ രാധ ആയി മാറി..
 

2011 മേയ് 14, ശനിയാഴ്‌ച

തടവുകാരി

"പുഴയിലേക്ക് പോയിട്ട് ഇറങ്ങാനൊന്നും പറ്റില്ല പിന്നെ എന്തിനാ പോകുന്നത്?"
എട്ടത്തിയമ്മയുടെ വാക്കുകൾ കേൾക്കാതെ ഞാൻ  നടന്നു. വർ ഷങ്ങൾക്കു ശേഷം പുഴ കാണാൻ  പോകുകയാണ്. ഈ പ്രാവശ്യം വരുമ്പോൾ  പുഴ കാണണം എന്ന് അവിടെ നിന്ന് തിരിക്കുന്നതിനു മുന്‍പേ മനസ്സിൽ ഉറപ്പിച്ചതാണ്.

ചെറുപ്പത്തിലെ കളികൾക്കും കുസൃതികൾക്കും ഈ പുഴ ആയിരുന്നു കൂട്ടുകാരി. കുണുങ്ങി കുണുങ്ങി കല്ലുകളിൽ  തല തല്ലി ചിരിച്ചു ഇല്ലിക്കാടുകളെ ഇക്കിളിപെടുത്തി കൊണ്ട് ഒഴുകുന്ന പുഴ സുന്ദരി ആയിരുന്നു. ഞങ്ങൾ  കുട്ടികൾക്ക് കളിയ്ക്കാന്‍ പറ്റിയ തീരവും പാറകളും.മുത്തശ്ശി ഇരിക്കുന്ന പോലെ ഉള്ള പാറക്കു ആരോ മുത്തശ്ശിപാറ എന്ന് പേരിട്ടു. വെള്ളത്തിനു മുകളില്‍ മലർന്നു കിടക്കല്‍, മുങ്ങാംകുഴിയിട്ടു ശ്വാസം വിടാതെ വെള്ളത്തിനടിയില്‍ കിടക്കുക,ഭംഗിയുള്ള വെള്ളാരം കല്ലുകൾ  പെറുക്കൽ തുടങ്ങി  എന്തൊക്കെ കളികൾ  ആയിരുന്നു.

സുന്ദരിപുഴയെ കാണണം എന്നുള്ള ആഗ്രഹത്തെ സമയ കുറവ് മൂലം ഓരോ പ്രാവശ്യവുംമാറ്റിവെക്കേണ്ടി വന്നിരുന്നു.ഇപ്രാവശ്യം എന്ത് വന്നാലും പുഴയിൽ  പോകണം എന്ന വാശി ആയിരുന്നു. 

ഓരോന്ന് ആലോചിച്ചു നടന്നു പെട്ടെന്ന് തന്നെ പുഴയിൽ  എത്തി. തീരം എന്ന് പറയാനാവാത്ത സ്ഥലം.. മണ്ണിടിഞ്ഞു തീരം എല്ലാം ഇല്ലാതെ ആയിരിക്കുന്നു. പുഴ ശാന്തമാണ്‌ ഒഴുക്ക് പോലും ഇല്ലാതെ..താഴേക്ക്‌ ഇറങ്ങാന്‍ ആരോ വെട്ടിയിട്ട ചെറിയ പടിയിലൂടെ കഷ്ടപ്പെട്ട്  ഇറങ്ങി.

വെള്ളത്തിന്‌ കറുപ്പുനിറം..ഇളംപച്ച നിറത്തില്‍ ചിരിച്ചു കൊണ്ടിരുന്ന പുഴ എവിടെ എന്നോർത്ത് കൊണ്ട് കയ്യിൽ  കുറച്ചു വെള്ളം മുഖം കഴുകാൻ  ആയി എടുത്തു.മുഖത്തോടടുപ്പിച്ചപോൾ  ഒരു ഉളുമ്പ് നാറ്റം.പെട്ടെന്ന് ഞാൻ  കയ്യിൽ നിന്നും വെള്ളം  കുടഞ്ഞു കളഞ്ഞു.
"നാറുന്നു അല്ലെ"
ദയനീയമായ ഒരു ശബ്ദം. ഞാൻ  ചുറ്റും നോക്കി..ആരെയും കാണാൻ  ഇല്ല. മെല്ലെ പുഴയിലേക്ക് നോക്കി..ഒരു നടുക്കത്തോടെ ഞാൻ കണ്ടു.അജീർണ്ണം പിടിച്ചു വീർത്ത ഒരു കറുത്ത മുഖം.ഭീതിയോടെ ഞാൻ വീണ്ടും വീണ്ടും നോക്കി. ആ മുഖം  എങ്ങിയും വലിച്ചും  ശ്വാസം മുട്ടിയും പതുക്കെ ചോദിച്ചു,
" പേടിച്ചു പോയോ, ഞാൻ  നിങ്ങളുടെ സുന്ദരി പുഴ ആണ്. ഇപ്പോൾ  എന്റെ കോലം ഇതാണ്.കണ്ടോ എന്റെ ഉള്ളിലെ അവസാനത്തെ തുള്ളിയും വലിച്ചെടുക്കാൻ  ബണ്ട് കെട്ടിയിരിക്കുന്നു. "

പുഴയുടെ താഴത്തെ ചെരുവിൽ മണല്‍ ചാക്കുകൾ  കൂട്ടിവെച്ചു തടയിട്ടിരിക്കുന്നതും പുഴയോരത്ത് നിരത്തി വെച്ചിരിക്കുന്ന വിവിധ തരം  മോട്ടോറുകളും ഞാൻ  കണ്ടു. നിറഞ്ഞു ഒഴുകിയിരുന്ന പുഴയുടെ സ്ഥാനത്ത്‌ കറുത്ത ഒഴുക്ക് നഷ്ടപെട്ട ഒരു രൂപം.

മഴക്കാലത്ത്‌ പുഴ നിറഞ്ഞു ഞങ്ങളുടെ  വീട് നിൽക്കുന്ന കുന്നൊരു  ദ്വീപു ആയി മാറുമായിരുന്നു. ഇക്കരെ കുന്നിൽ നിന്നും അക്കരെ ഉള്ള മാമന്റെ വീട്ടിലേക്കു നീന്തല്‍ മത്സരം നടത്തുമായിരുന്നു. വാഴ പിണ്ടികള്‍ ചേർത്തുണ്ടാക്കിയ ചെറിയ പാണ്ടികള്‍  അക്കരക്കും ഇക്കരക്കും തുഴഞ്ഞു കളിക്കുമായിരുന്നു. എന്തെല്ലാം ഓർമ്മകള്‍ ..എല്ലാം ഒരു തിരശീലയിൽ  എന്ന പോലെ മനസിലേക്ക് ഓടി എത്തി.

വെള്ളത്തിലേക്ക്‌ വീഴുന്ന ചെറിയ മൺതരികളുടെ ശബ്ദം എന്നെ ഉണർത്തി
" എനിക്ക് ഒഴുകണം , പഴയത് പോലെ ശാന്തമായി സ്വച്ഛമായി " പുഴയുടെ വീർത്ത കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു . കണ്ണുനീരിനു കറുത്ത നിറം. ഒരു വേദനയോടെ പുഴയുടെ കറുപ്പ് നിറത്തിന്റെ കാരണം  ഞാൻ  മനസിലാക്കി. പെട്ടെന്ന് പിറകിലെ മണ്തിട്ട  ഒരു ശബ്ദത്തോടെ വെള്ളത്തിലേക്ക്‌ മറിഞ്ഞു.. ചെളിയില്‍ പൂണ്ടു കിടക്കുന്ന കാലുകളെ പുറത്തേക്കു വലിച്ചെടുക്കാനാകാതെ മുകളിലേക്ക് കേറാനാകാതെ പുഴയെക്കാള്‍  നിസ്സഹായായി ഞാൻ നിന്നു .

2011 മേയ് 7, ശനിയാഴ്‌ച

MOTHER’S DAY..

ഇന്ന്  ലോകത്തിലെ  എല്ലാ  അമ്മമാരെയും   ഓര്‍ക്കുന്ന  ദിവസം  ..അറുത്തു മാറ്റപെട്ട  പൊക്കിള്‍കൊടിയുടെ അടയാളം  മായാത്തിടത്തോളം കാലം  അതിനും  ഒരു  ദിവസം  വേണോ? വേണമായിരിക്കും.ഈ  ഇലക്ട്രോണിക്   യുഗത്തില്‍  അമ്മയെ വൃദ്ധസദനങ്ങളില്‍ വിടുന്ന  മക്കള്‍ക്ക്‌  അവരെ   ഓര്‍മ്മിക്കാന്‍  ഒരു  ദിവസം  വേണമല്ലോ.മക്കള്‍  ഓര്മിച്ചില്ലെങ്കിലും  ഇന്നത്തെ  ദിവസം  ആരെങ്കിലും  അവരെ  ഓര്‍മിക്കും ..പ്രത്യേകിച്ച്  ചാനലുകള്‍ .. അമ്മയുടെ  കണ്ണീരും  കാത്തിരിപ്പും  കദനകഥയാക്കി   കാണുന്ന ആളുകളുടെ  എണ്ണം  കൂട്ടാന്‍ മാത്രം .. അമ്മ   കനിവ്   ആണ്, നിറവു  ആണ്,സ്നേഹത്തിന്റെ  നിറകുടം  ആണ് ..വിശേഷണങ്ങള്‍  നിരവധി..നിറഞ്ഞു  നില്‍ക്കുന്ന  കുടത്തിലേക്ക്  വീണ്ടും  വെള്ളം  ഒഴിക്കേണ്ട  കാര്യമില്ല എന്നതുകൊണ്ടാകും ആരും തിരിച്ചു സ്നേഹിക്കാത്തത്..

പുതുവര്‍ഷത്തിലെ  മണ്ണിന്റെ  മണം എനിക്ക്  അമ്മയുടെ  ഓര്മ  ആണ് ..ആദ്യം  മഴ  പെയ്യുമ്പോള്‍  ഞാനും  അമ്മയും  കൂടെ  മണ്ണ്  വാരി  തിന്നുമായിരുന്നു. സഹനത്തിന്റെ  ക്ഷമയുടെ  അവതാരം  ആയ  ദേഷ്യപെടാത്ത ദേഷ്യം   കാണിക്കാത്ത  അമ്മ ...അതിന്റെ പകുതി ക്ഷമ പോലും എനിക്കില്ല എന്നോര്‍ക്കുമ്പോള്‍ ഞാന്‍ അമ്മയുടെ മകള്‍ ആയതെങ്ങനെ എന്ന് അത്ഭുദം തോന്നുന്നു.

സിദ്ധുവിനു ഞാന്‍  world’s best mom ആണ്  അവന്റെ  ശാട്യങ്ങള്‍ക്ക്  താളം  തുള്ളുമ്പോള്‍ ..അല്ലാത്തപോള്‍ ‘self centered arrogant egotic woman ‘ ആകുന്നു .. കാലം പോയ പോക്ക്..

അമ്മമ്മ  അവനു  സ്നേഹത്തിന്റെ  പഞ്ഞി  കെട്ട് ആണ് .പഞ്ഞി  പോലെ  മൃദുലമായ  എന്റെ  അമ്മയുടെ  കൈകളില്‍  പിടിച്ചു  അവന്‍  ചോദിക്കുന്നു ..

“എപ്പോഴാണ്  അമ്മയുടെ  സ്കിന്‍  ഇങ്ങനെ  ആകുന്നെ ”

                            ****

ഈശ്വരാ  പഴംകഥകള്‍  പറഞ്ഞു  ഞാന്‍  മറന്നു ..ഇന്ന്  ഞായറാഴ്ച .. അമ്മയെ  വിളിക്കുന്ന  ദിവസം ..

കൂടാതെ  ഇന്ന്  mother’s day കൂടെ  അല്ലെ ..കുറച്ചു  കൂടുതല്‍  നേരം   സംസാരിക്കാം...


HAPPY MOTHER’S DAY!!!!!!!!!!!!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...