2012, മാർച്ച് 12, തിങ്കളാഴ്‌ച

നളപാചകം
ഇന്നലത്തെ പ്രാതല്‍ സിദ്ദുവിന്റെ വക ആയിരുന്നു. ചട്നിയുടെ അരികില്‍ വെച്ചിരിക്കുന്ന പുതിന ഇല എന്തിനാ എന്ന് ചോദിച്ചപ്പോള്‍ " ഉണ്ടാക്കിയത് നന്നായില്ലെങ്കിലും സെര്‍വ് ചെയ്യുനത് ഭംഗിയില്‍ ആക്കണം എന്നാണ് ഈസി കുക്കിലെ തടിയന്‍ പറഞ്ഞത്. അമ്മ ടേസ്റ്റ് ചെയ്തു നോക്കു എന്നിട്ട് പറ"
ഉപ്പും മുളകും പാകത്തിന് ആയാല്‍ വെക്കുന്ന ആള്‍  കയ്പുണ്യം ഉള്ള പാചകക്കാരന്‍ ആയിരിക്കും - എന്റെ അമ്മയുടെ സിദ്ധാന്തം ആണ്. രുചിച്ചു നോക്കി ഉപ്പും മുളകും എല്ലാം പാകത്തിന്. ചട്നിക്ക് ഒരു പ്രത്യേക സ്വാദ്.
"നീ ഇതില്‍ എന്തൊക്കെ ആണ് ചേര്‍ത്തത്?"
"secret recipe  അമ്മാ പറയില്ലാ"
അടുക്കളയില്‍  ഒരെത്തിനോട്ടം നടത്തിയപ്പോള്‍ എനിക്ക് രഹസ്യ ചേരുവകള്‍ എല്ലാം മനസിലായി.
"എന്തായാലും എന്താ, സംഭവം ടോപ്‌ അല്ലേ അമ്മാ"
അവനെ NDA യില്‍ ചേര്‍ത്ത് ബ്രിഗേഡിയര്‍ ജനറല്‍ ആക്കാമെന്ന് സ്വപ്നം കാണുന്ന എനിക്ക് അതൊന്നും ആയില്ലെങ്കിലും പട്ടാളത്തില്‍ കുക്ക്  എങ്കിലും ആകുമെന്ന് ഉറപ്പായി . അച്ചന്റെ മോന്‍ തന്നെ. അങ്ങനെ പറയാന്‍ കാരണമുണ്ട്. അതിനു കുറച്ചു കാലം പിറകോട്ടു പോകണം.

കല്യാണത്തെ കുറിച്ച് സ്വപ്നം കാണുകപോലും ചെയ്യാതെ, കല്യാണം കഴിക്കണം എന്ന ആഗ്രഹം പോലും മനസ്സില്‍ വിടരാതെ എടുപിടീന്ന് നടന്ന കല്യാണം  ആയിരുന്നു എന്റേത്. അമ്മ , എട്ടതിയമ്മമാര്‍, ചേച്ചി വീട് നിറയെ ആളുകള്‍ ഉണ്ടായിരുനന്തുകൊണ്ട് അടുക്കള എന്റെ ലോകമേ അല്ലായിരുന്നു. അതുകൊണ്ട് പാചകം എന്ന കലയില്‍ ഞാന്‍ വട്ടപൂജ്യം. വാശി, കുറുമ്പ്, ദേഷ്യം ഇതൊക്കെ ഇത്തിരി കൂടുതല്‍ അന്നെന്നും അടുക്കള കാര്യങ്ങളില്‍ വട്ട പൂജ്യം അന്നെന്നും ഒക്കെ കല്യാണ പിറ്റേന്ന് തന്നെ എട്ടതിയമ്മ പറഞ്ഞു കൊടുത്തിരുന്നു. അതൊക്കെ പഠിക്കുകയല്ലേ ചെയ്യുക എന്ന കണവന്റെ മറുപടിയുടെ ആത്മവിശ്വാസത്തില്‍ ആണ് കെട്ടിക്കഴിഞ്ഞു
ആറാം ദിവസം ആന്ധ്രയിലേക്ക്  വണ്ടി കയറിയത്.
 ചെന്ന് ഇറങ്ങിയത് രാജമുണ്ട്രിയില്‍. പച്ചപ്പ്‌ എന്ന് പറയാന്‍ ITC യുടെ നീണ്ടുകിടക്കുന്ന പുകയില പാടം. അവിടെ ഇവിടെ ആയി ചില മരങ്ങള്‍, പനകള്‍, തെങ്ങുകള്‍. മണ്ണിനു മാത്രം അല്ല അവിടുത്തെ അന്തരീക്ഷത്തിനു മൊത്തം ഒരു ഉണക്ക മണം. വീട്ടില്‍ നിന്നും വിട്ടു പോന്നതിന്റെ വിഷമം ഈ സ്ഥലം കണ്ടപ്പോള്‍ കൂടുതല്‍ ആയി. എത്തിയതിന്റെ പിറ്റേന്ന് തിങ്കളാഴ്ച. രാവിലെ ഏഴുമണിക്ക് ഓഫീസില്‍ പോകുന്നതിന്റെ മുന്പായി കണവന്‍ പോയി മീന്‍ വാങ്ങിച്ചു വന്നു.കാവും അമ്പലവും ഒക്കെ ഉള്ള എന്റെ വീട്ടില്‍ മല്സ്യമാംസം ഒന്നും തന്നെ ഉപയോഗിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ മീനിനെ പറ്റി ഒരു കുന്തവും അറിയില്ല. പൂര്‍ണ സസ്യഭുക്കായ എനിക്ക് അതിന്റെ മണം അടിച്ചപ്പോള്‍ തന്നെ കുടലെടുത്തു മറിക്കുന്ന പോലെ. നന്നാക്കാന്‍ അറിയാമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് പറഞ്ഞു. കഴുകി വൃത്തിയാക്കി തരുമ്പോള്‍ അടുത്ത  ചോദ്യം
" വെക്കാന്‍ ഒക്കെ അറിയാല്ലോ അല്ലേ "
"ഇല്ല "
"പറഞ്ഞു തരാം അതുപോലെ ഉണ്ടാക്കി വെച്ചാല്‍ മതി"
പാചകവിധികള്‍ എക്സ്പ്രസ്സ്‌ സ്പീഡില്‍ പറഞ്ഞു പുള്ളി പോയി
ഉച്ചക്ക് കൃത്യസമയത് തന്നെ പുള്ളി എത്തി. വന്നു ഫ്രഷ്‌ ആയി അടുക്കളയിലേക്കു. ചോറ് കലത്തിന്റെ അടുപ്പ് മാറ്റി നോക്കി ഒരു ചോദ്യം
" ഇതെന്താ പോസ്റ്റര്‍ ഒട്ടിക്കാന്‍ ഉണ്ടാക്കിയതാണോ?"
അടുത്തത് മീന്‍ കറിയുടെ പാത്രം. ഒരു ചെറിയ വട്ടചെമ്പില്‍ നിറയെ ചുവപ്പ് കളറില്‍ ചാലിയാറിലെ വെള്ളം പോലെ ഒരു വെളളവും അതിന്റെ മുകളില്‍ കൊമ്പ് നാട്ടിയ പോലെ നില്‍കുന്ന മീന്‍ മുള്ളും മുകളില്‍ പറന്നു കിടക്കുന്ന എണ്ണയും. ചോദ്യത്തിന് പകരം ഒരു നോട്ടം. ആദ്യത്തെ ചോദ്യത്തില്‍ തന്നെ കണ്ണില്‍ ഉറവ പൊട്ടാന്‍  തുടങ്ങിയ വെള്ളം ആ നോട്ടത്തോടെ നയാഗ്ര വെള്ള ചാട്ടം പോലെ പുറത്തേക്കു.( ഇപ്പോള്‍ ആണെങ്കില്‍ ഒന്ന് കരയണം  എന്ന് വെച്ചാല്‍  പോലും ഒരു തുള്ളി കണ്ണ്  നീര്‍ വരില്ല. ആഗോളതാപനം കൊണ്ട് ഉറവയെല്ലാം വറ്റിപോയോ എന്തോ?)മീന്മണം അടിച്ചു ചര്ദിക്കാതെ ഇരിക്കാന്‍ തോര്‍ത്തുകൊണ്ട് മൂക്ക്  കെട്ടി കറി ഉണ്ടാക്കിയതിന്റെ കഷ്ടപാട് അങ്ങേര്‍ക്കു അറിയിലല്ലോ.
മുന്കോപി ആണെന്ന് എല്ലാരും പറഞ്ഞ ഒരാളുടെ ഏറ്റവും മൃദുവായ ഒരു ഭാവം അന്ന് ഞാന്‍ കണ്ടു ആദ്യം ആയി. തോളില്‍ പിടിച്ചു പതുക്കെ ചോദിച്ചു "നീ ഇതുവരെ എന്തെങ്കിലും ഉണ്ടാക്കിയിടുണ്ടോ"
"ഇല്ല"
" എങ്കില്‍ അത് പറയാതിരുന്നത് എന്താണ്? എനിക്ക് ദേഷ്യം കുറച്ചു കൂടുതല്‍ ആണ് എന്നാലും കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. നിനക്ക് അറിയാത്തത്, ഇഷ്ടമില്ലാത്തത്, ഇഷ്ടമുള്ളത് എല്ലാം പറയാം, പറയണം"
(ഈ ഒരു സ്വാതന്ത്ര്യം അന്ന് തന്നതിനെ പറ്റി  ഇപ്പോള്‍ ഇടയ്ക്കു പരിതപിക്കാറുണ്ട് പാവം.:)..)
ഒറ്റയ്ക്ക് വളര്‍ന്നതുകൊണ്ട് തന്നെ ഒന്നാതരം കുക്ക് ആയിരുന്നു പുള്ളി. എന്റെ പാചകഗുരുവും. ഇപ്പോള്‍ വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ എല്ലാവരും ഭക്ഷണത്തെ കുറിച്ച് നല്ലത് പറയുമ്പോള്‍ വീട്ടില്‍ കേള്‍ക്കുന്നത്  " ഉണ്ടാക്കാന്‍ പഠിപ്പിച്ചത് ആരാ എന്ന് ചോദിക്ക് പിന്നെങ്ങനെ നന്നാകാതിരിക്കും"
പക്ഷെ ഇന്നും മീനിനോടുള്ള എന്റെ ഇഷ്ടക്കേട് പോയിട്ടില്ല. മീന്‍ മണം അടിച്ചാല്‍ ഇപ്പോഴും കുടലടക്കം പുറത്തേക്കു വരും.  

7 അഭിപ്രായങ്ങൾ:

 1. ഉഗ്രന്‍ ! മനം മയക്കുന്ന പാചകം , അലെലും ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത !
  നല്ല സ്വാദുള്ള എഴുത്ത് !
  ആശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
 2. very nice suma---iniyippo sumayude veetil dhairyamayi varam---sumakku ariyillelum monu ariyam cooking---nice foto!!!!!

  മറുപടിഇല്ലാതാക്കൂ
 3. ചമ്മന്തിയില്‍ തുടങ്ങി മീഞ്ചാര്‍ വരെയും
  പിന്നെ അവിടെ നിന്ന് ഹൃദയത്തിലേക്കും
  എത്തിയല്ലോ സുമാ
  സിദ്ധു മോന്‍ ആള് കൊള്ളാലോ
  ആ ദോശയും ചമ്മന്തിയും കണ്ടിട്ട് .... മ്മ്മ്മം

  മറുപടിഇല്ലാതാക്കൂ
 4. വീട്ടില്‍ നാവൂരി അരി വേവിച്ച്‌ ഭക്ഷണം ഉണ്‌ടാക്കാനേ സ്ത്രീകളെ പറ്റൂ- നാലാളറിയെ നല്ല ഭക്ഷണമുണ്‌ടാക്കാന്‍ പുരുഷ കേസരികള്‍ തന്നെ വേണം സുമേച്ചി,.... മീന്‍ കഴിക്കണം എങ്കിലേ കാത്സ്യം എല്ലുകളില്‍ അടിഞ്ഞ്‌ കൂടൂ... :)

  മറുപടിഇല്ലാതാക്കൂ
 5. hehe, nanaayit und sumee..ariyaathe punjirich poyi, swantham anubhavangal orma vannu poyi.

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

മരണത്തിന്റെ തണുപ്പ്

ഉറക്കത്തിൽ ഞെട്ടിയുണർന്നപ്പോളാണ് ഉറങ്ങാതെ കിടക്കയിൽ ഇരിക്കുന്ന ഹരിയെ  കണ്ടത് . എന്താ ഇങ്ങനെ ഇരിക്കുന്നത് , ഉറങ്ങുന്നില്ലേ ? 'ഉറങ്ങാ...