2015, നവംബർ 20, വെള്ളിയാഴ്‌ച


ഇന്നലെ രാജ്യാന്തരപുരുഷദിനം ആണെന്ന് രാവിലെ ഫെയ്സ് ബുക്കിൽ കണ്ടപ്പോളാണ് അറിയുന്നത്. ജീവിതത്തിൽ സ്വധീനിച്ചവരെ ഒക്കെ പ്രകീർത്തിച്ചു കുറെ പോസ്റ്റുകളും കണ്ടു. നീണ്ടു പരന്നു കിടക്കുന്ന ഈ ജീവിതത്തിൽ നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു പാട്  പുരുഷന്മാരുണ്ട് . ചിലരൊക്കെ നമ്മുടെ ജീവിതത്തോട് ഒട്ടി നിൽക്കുന്നവർ അച്ഛൻ , സഹോദരൻമാർ , അദ്ധ്യാപകർ , സുഹൃത്തുക്കൾ , മറ്റു ബന്ധുക്കൾ തുടങ്ങി നീണ്ടു പോകുന്ന ലിസ്റ്റ്. ഇവരൊന്നും അങ്ങനെ ഒരു ദിവസം വെച്ച് ഓർക്കപെടെണ്ടവരും അല്ല.

പക്ഷെ ചിലരുണ്ട് നമ്മുടെ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ഒരു കൈ സഹായം കൊണ്ടോ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചവർ . വർഷങ്ങൾക്കിപ്പുറം നിന്നു ആലോചിക്കുമ്പോൾ ആ സമയത്ത് അവർ ഇല്ലായിരുന്നെങ്കിൽ എന്ന് ചിന്തിക്കുമ്പോൾ നമുക്ക് ബോധ്യമാകും എന്തായിരുന്നു ആ സ്വാധീനം എന്ന്.

ബാംഗ്ലൂർ നഗരത്തിൽ ഒരു മഴയിൽ എന്ത് ചെയ്യണം എന്നറിയാതെ ഒറ്റപ്പെട്ടു പോയ ഒരു വൈകുന്നേരത്തിൽ ഞാൻ സഹായിക്കാം എന്ന് പറഞ്ഞു സ്വമനസ്സാലെ മുന്നോട്ട് വന്ന ഒരു ചെറുപ്പക്കാരനെ കുറിച്ച് ഞാൻ മുൻപെഴുതിയിരുന്നു. പേര് പോലും പറയാതെ വന്നത് പോലെ മായമായി ദൈവത്തെ പോലെ മുന്നിൽ വന്നവൻ. ****

ഇപ്പോൾ ഞാൻ മറ്റൊരാളെ കൂടെ ഓർക്കുകയാണ്. 5 വർഷത്തെ ആന്ധ്ര (ഇന്നത്തെ സീമാന്ധ്ര ) ജീവിതത്തിനു ശേഷം ആന്ധ്രയുടെ തലസ്ഥാനനഗരിയിലേക്ക് കുടിയേറി. ട്വിൻ സിറ്റിസ് എന്നറിയപ്പെടുന്ന ഹൈദരാബാദ് -സെക്കന്ദെരബാദ്. അതിൽ സെക്കന്ദെരബാദിലെ അൽവാൽ എന്ന സ്ഥലത്തെ സൂര്യ നഗറിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ എത്തി ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ രണ്ടു ബസ്സുകളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. 25A അംബേദ്‌കർ നഗർ , 25M മച്ചബോലാറം. ഏത് ബസ്‌ ആയാലും അതിന്റെ ലാസ്റ്റ് സ്റ്റോപ്പ്‌ ഇറങ്ങി 5 മിനിറ്റ് നടക്കാൻ ഉള്ള ദൂരം മാത്രം. 25M ബസിൽ ഞാൻ  ഒരിക്കലും കേറാറില്ല. കാരണം അതിന്റെ അവസാന സ്റ്റോപ്പ്‌ ശ്മശാനം ആണ്. ഗുളികൻ തറയും കരിയാത്തൻ കാവും ഭൂതവും പ്രേതവും ഒക്കെ ഉള്ള വീട്ടിൽ നിന്നും വളർന്നതിന്റെ ദോഷം എന്ന് വേണെമെങ്കിൽ പറയാം , പേടി ആയിരുന്നു.

 മാസത്തിലൊരിക്കൽ സ്റ്റോക്ക്‌ എടുപ്പിന്റെ ദിവസം, അന്ന് വളരെ വൈകി. 25A ലാസ്റ്റ് ബസ്‌ പോയി കഴിഞ്ഞു. ഇനി ഉള്ളത് 25M മച്ചബോലാറം ബസ്‌ . വേറെ നിവൃത്തി ഒന്നും ഇല്ലാത്തത് കൊണ്ട് അതിൽ തന്നെ കേറി. ഒരു ചെറുപ്പക്കാരൻ ആയിരുന്നു കണ്ടക്ടർ. ലാസ്റ്റ് ബസ്‌ സ്റ്റോപ്പ്‌ എന്ന് പറഞ്ഞു. രണ്ടു രൂപയുടെ ടിക്കറ്റ്‌ തന്നു. അവിടെ മിനിമം ടിക്കറ്റ്‌ അന്ന് രണ്ടു രൂപ ആയിരുന്നു. ടെമ്പ്ൾ അൽവാൽ എന്ന സ്റ്റോപ്പ്‌ കഴിഞ്ഞ് ബസ്‌ കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ കണ്ടക്ടർ വന്നു ചോദിച്ചു

മീരു ദിഗലെതാ? (നിങ്ങൾ ഇറങ്ങിയില്ലേ?)

ലാസ്റ്റ് ബസ്ടോപ്പ് ടിക്കറ്റ്‌ കതാ (ലാസ്റ്റ് ബസ്‌ സ്റ്റോപ്പ്‌ ടിക്കറ്റ്‌ അല്ലെ?)

ഞാൻ ചോദിച്ചതും അയാൾ ഒറ്റ അലർച്ച ആയിരുന്നു . ടെമ്പ്ൾ അൽവാൽ എന്ന് പറഞ്ഞു ടിക്കറ്റ്‌ എടുത്തിട്ട് ഇപ്പോൾ ബോന്തൽഗട്ട (ശ്മശാനം)ഇറങ്ങും എന്ന് പറയുന്നു , ആദ്യമേ പറയണ്ടേ. ഞാൻ ഇപ്പോൾ ചോദിച്ചില്ലെങ്കിൽ എങ്ങനെ അറിയും. പറ്റിക്കാൻ നടക്കുന്നു എന്നൊക്കെ.

അതിനു മുൻപേ തന്നെ ഞാൻ അടുത്തിരുന്ന ഒരു പെണ്ണിനോട് എനിക്ക് ഇറങ്ങേണ്ട സ്ഥലത്തിനെ പറ്റി  ഒക്കെ പറഞ്ഞിരുന്നു. ഈ ചീത്ത വിളി ഒന്ന് നിർത്താൻ വേണ്ടി ഒരു സഹായത്തിനായി ആ പെണ്ണിനെ നോക്കിയപ്പോൾ ആലുവാ മണപുറത്ത്‌ വെച്ചു പോലും കണ്ടിട്ടില്ല എന്ന ഭാവത്തിൽ ഒറ്റ മുഖം തിരിക്കൽ. അയാളുടെ ദിക്കു പൊട്ടുന്ന ഒച്ചക്കു മുകളിലേക്ക് എന്റെ പൂച്ച ശബ്ദം പോകുന്നുമില്ല. ഇത്തരം ഘട്ടങ്ങളിൽ  എത്ര പഠിച്ച ഭാഷ ആയാലും മലയാളം ആണ് ആദ്യം വായിൽ വരിക. പോരാത്തതിനു അപമാനം , സങ്കടം എന്തൊക്കെയോ ഉള്ളിൽ നിറഞ്ഞു . പിന്നെ ഒറ്റ കരച്ചിലായിരുന്നു. (പണ്ട് എന്തിനും ഏതിനും കരയുന്ന കരയാളി പാത്തുമ്മ ആയിരുന്നു, ഇപ്പോൾ ജീവിതത്തിന്റെ ചൂടേറ്റു കണ്ണുനീരുറവകൾ ഒക്കെ വറ്റി )

പെട്ടെന്ന് ബസ്‌ നിർത്തി ഡ്രൈവിംഗ് സീറ്റിനു പിറകിൽ  ഇരുന്ന മീശക്കാരൻ ചോദിച്ചു.
" എക്കടെ പോവാലാമ്മ " (എവിടെ പോകണം)

" ലാസ്റ്റ് ബസ്‌ സ്റ്റോപ്പ്‌ ദിഗി കൊഞ്ചം നടവാലി  (ലാസ്റ്റ് സ്റ്റോപ്പ്‌ ഇറങ്ങി കുറച്ചു  നടക്കണം) ..ഉത്തരം കൊടുക്കുന്നതിനോടൊപ്പം മൂക്കും വലിക്കുന്നു, കണ്ണുനീർ കവിളിലൂടെ ഒഴുകുന്നു.

കേരളാവ ? (മലയാളി ആണോ )
അവുനു  (അതേ )
അപ്പോഴേക്കും വീണ്ടും കണ്ടക്ടർ ഓടി വന്നു എന്തൊക്കെയോ പറയാൻ തുടങ്ങി . ഇനിയും ടിക്കറ്റ്‌ എടുക്കണം എന്നൊക്കെ പറഞ്ഞു. ഞാൻ ടിക്കറ്റ്‌ എടുക്കാൻ കാശു കൊടുത്തപ്പോൾ  ഡ്രൈവർ അയാളോട് മിണ്ടാതിരിക്കാനും പുതിയ ഒരു ടിക്കറ്റ്‌ ഒന്നും വേണ്ട , അവർ പറഞ്ഞത് മനസിലാകാത്ത നീ അല്ലെ തെറ്റ് ചെയ്തത് എന്നും   പറഞ്ഞതോടെ അയാൾ മിണ്ടാതെ പിറകിലേക്ക് പോയി.

എമി  പറവേലതമ്മ , കൊത്ത അബ്ബായി അന്തുക്കെ, നിമ്മതികാ കുർചോണ്ടി  (കുഴപ്പമൊന്നുമില്ല, പുതിയ ചെക്കൻ ആണു. സുഖമായി ഇരുന്നോളൂ)

അയാളുടെ വാക്കുകൾ ഒരു പാട് ആശ്വാസം തന്നു

ബോലാറം എന്ന സ്ഥലം കഴിഞ്ഞതോടെ ബസിലെ ഏക പെണ് തരി ഞാൻ മാത്രം ആയി. (കേരളത്തിലെ ഒരു ബസിൽ ആണെങ്കിൽ ഉറപ്പായും അറിയാതെ ഉള്ള ഒരു ഉരസൽ , ഒരു തോണ്ടൽ , നോട്ടം, അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലുള്ള കോക്രി കാണിക്കൽ ഒക്കെ ഉണ്ടാകും പക്ഷെ ആ ബസിൽ എനിക്ക് ഒരിക്കൽ പോലും അങ്ങനെ ഒരനുഭവം ഉണ്ടായില്ല )പുറത്ത് കനം  കൂടി വരുന്ന ഇരുട്ടും . ഇറങ്ങേണ്ട സ്ഥലത്തെ കുറിച്ച് ഓർത്തപ്പോൾ പിന്നേം പേടിയും വിഷമവും.

ലാസ്റ്റ് സ്റ്റോപ്പ്‌ എത്തി ബസ്‌ നിർത്തി

ദിഗമ്മാ  (ഇറങ്ങിക്കോളൂ )
ഇറങ്ങി . ശ്മശാനത്തിന്റെ ഒരറ്റത്ത് അപ്പോൾ ആളി  കത്തുന്ന ചിത . വേറെ സ്ഥലത്ത്‌ കനൽ മിന്നുന്നു. ഉള്ള ദൈവങ്ങളെ ഒക്കെ മനസ്സില് വിളിച്ചു. ശ്മശാനം ക്രോസ് ചെയ്ത് ഒരു തടാകത്തിന്റെ കരയിലൂടെ 5 മിനിറ്റ് മതി  വീട്ടിൽ എത്താൻ. ഇരുട്ടത്ത് അതിലൂടെ നടക്കുന്ന കാര്യം ഓർത്ത് മുന്നോട്ട് നടക്കാനും നടക്കാതിരിക്കാനും പറ്റാതെ നിൽക്കുന്ന എന്നെ നോക്കി ഡ്രൈവർ പറഞ്ഞു . "ഞാൻ ഹെഡ് ലൈറ്റ് ഇട്ടു തരാം നിങ്ങൾ നടന്നോളൂ "

വിളിച്ച ദൈവങ്ങളിൽ ആരോ ഒരാൾ അയാളുടെ മനസ്സില് എത്തി എന്ന് ബോധ്യം ആയി. അയാൾ തെളിച്ചു തന്ന ഹെഡ് ലൈറ്റ് വെളിച്ചത്തിൽ ശ്മശാനം കടന്നു ഞാൻ വീട്ടിലേക്ക് ഓടി.

ഇതിനു ശേഷം പിന്നീട് ഒരു പാട് പ്രാവശ്യം ഞാൻ ബസിൽ കേറി. അപ്പോഴൊക്കെ ലൈറ്റ് തെളിച്ചു തന്നിരുന്നു  അയാൾ ശ്മശാനഭയം മാറാൻ അതെന്നെ ഒരു പാട് സഹായിച്ചിരുന്നു

ഇന്നും നേരം വൈകുമ്പോൾ  ബസ്‌ ഇറങ്ങി ഇരുട്ടിലൂടെ നടക്കേണ്ടി വരുമ്പോൾ ഞാൻ ആ മനുഷ്യനെ ഓർക്കാറുണ്ട്. ആദ്യത്തെ ദിവസം അയാൾ ലൈറ്റ് ഇട്ടു തന്നില്ലെങ്കിൽ ഞാൻ എങ്ങനെ ക്രോസ് ചെയ്യുമായിരുന്നു ?  എനിക്കിപ്പോഴും അറിയില്ല..****  http://neehaaramm.blogspot.in/2014/01/blog-post_11.html


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...