മലയിൽ നിന്നും ഇരമ്പി വരുന്ന വയനാടൻ മഴ.
മലയിറങ്ങി സേട്ടുക്കുന്നിൽ എത്തുമ്പോൾ കേൾക്കാം മഴയുടെ ഇരമ്പുന്ന ശബ്ദം.
കുന്നിറങ്ങി വയലിലെ നെല്ലോലകളെ തഴുകി വീട്ടു മുറ്റത്ത് എത്തുമ്പോഴേക്കും നല്ല ഉഗ്രരൂപി ആയിട്ടുണ്ടാകും. അതിനു വല്ലാത്ത വന്യത ആയിരുന്നു.പല ശബ്ദത്തിൽ , താളത്തിൽ, മൂർച്ചയിൽ ഒഴിയാതെ അത് പെയ്തു കൊണ്ടേയിരിക്കും . നിറഞ്ഞൊഴുകുന്ന തോടുകളും പുഴയും. പെരുമഴക്കാലത്ത് ദ്വീപ് ആയി മാറുന്ന ചുറ്റും വയലുള്ള ഒരു ചെറിയ കുന്നിലായിരുന്നു വീട്.
മഴക്കാലത്തിന് മുന്നേ തുടങ്ങുന്ന ഒരുക്കങ്ങൾ.വിറക്പുരയിൽ മഴക്കാലം കഴിയാനാവശ്യമായ വിറകുകൾ നിറക്കുന്നു..നെല്ല് കുത്തി അരി ആക്കി വെക്കുന്നു.തട്ടിൻപുറത്തു എത്തുന്ന ഉപ്പ്‌ചാക്ക്.അമ്മ ഉണക്കി വെക്കുന്ന കൊണ്ടാട്ടങ്ങൾ.
മഴ തുടങ്ങിയാൽ തണുക്കുന്നേ പറഞ്ഞു അടുപ്പിൻതീയരികിൽ നിൽക്കാനുള്ള ഗുസ്തിപിടുത്തം.
തണുപ്പത്ത് മാങ്ങ തിന്നരുത് വയറു വേദന വരും എന്ന് പറഞ്ഞാലും മഴയിൽ പോയി മാങ്ങ പെറുക്കി കൊണ്ട് വന്നു തിന്നൽ.
പുഴ നിറഞ്ഞു വെള്ളം പൊങ്ങി വയലും കരയും നിറയുമ്പോൾ ഇക്കരെ കുന്നിൽ നിന്നും അക്കരെ കുന്നിലേക്കു നീന്തൽ മത്സരം. കാഴ്ച്ചക്കാരിൽ ഒരാളായി ഞാനും.
വാഴപിണ്ടികൾ ചേർത്തുണ്ടാക്കിയ പാണ്ടി (ചങ്ങാടം) തുഴഞ്ഞു പോകുന്നവർ.പാണ്ടി തുഴഞ്ഞു വന്നു വെള്ളം കേറിയ സ്ഥലത്തെ കപ്പ പറിച്ചെടുക്കുന്ന കൊച്ചുണ്ണിമാർ. വെള്ളപൊക്കമുണ്ടായ സ്ഥലത്തു നിന്നും ആളുകളെ മാറ്റി പാർപ്പിക്കാൻ വരുന്ന പഞ്ചായത്തിന്റെ തോണി.നിമിഷം പ്രതി പൊങ്ങുന്ന ജലനിരപ്പ്.
കാണുമ്പോൾ പലരുടെയും മനസ്സിൽ കനലെരിയും.എന്റെ വാഴയെന്നും നെല്ലെന്നും കപ്പയെന്നും ഓർത്തു ആ വേദന നെഞ്ചിലടക്കി പരന്നു കിടക്കുന്ന വെള്ളപ്പരപ്പിലേക്ക് നോക്കി നെടുവീർപ്പിടും
പുഴയും വെള്ളപ്പൊക്കവും ഒക്കെ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ആണ്. ഇപ്പോളത് ഓർമ്മകുടുക്കയിലെ സമ്പാദ്യവും. ഇന്നിപ്പോൾ ഓർമ്മകളുടെ പുതപ്പും പുതച്ചു ഞാൻ ഇങ്ങനെ ഇവിടെ മഴയിലേക്ക് കണ്ണും നട്ടു.
വയനാട്ടിലെ വീട്ടിലേക്കുള്ള വഴിയാണ് ചിത്രത്തിൽ ആദ്യത്തേത് വേനലിൽ..അടുത്തത് ഇന്നു കുഞ്ഞേട്ട വയനാട്ടിൽ നിന്നും അയച്ചത്..
മഴയോര്മകള്..............
മറുപടിഇല്ലാതാക്കൂ[[[രണ്ടാമത്തെ ചിത്രം ഇഷ്ടമായി.]]]]]]]]]]