2011 മേയ് 25, ബുധനാഴ്‌ച

കൃഷ്ണനും രാധയും

അവനോടു പിണങ്ങി മുഖം വീര്‍പ്പിച്ചു ദൂരെ മാറി ഇരിക്കുന്ന അവളുടെ അടുത്തേക്ക് അവന്‍ ചെന്നു..തോളില്‍ കൈ വെച്ചു പതുക്കെ ചോദിച്ചു "പിണക്കം ആണോ?"
അവന്റെ കൈ തട്ടി മാറ്റി അവള്‍ കയര്‍ത്തു "മിണ്ടണ്ട എന്നോട്, ഉണ്ടല്ലോ ഗോപികമാര്‍..അവരോടു പോയി ചോദിക്ക്"
അവളുടെ പിണക്കം അവനു തമാശ ആയി തോന്നി ..പതുക്കെ അവളുടെ വീര്‍പ്പിച്ച മുഖം മുകളിലേക്കുയര്‍ത്തി അവന്‍ പറഞ്ഞു
" നോക്കു എത്ര ഗോപികമാര്‍ ഉണ്ടായാലും രാധയുടെ അത്ര വരുമോ "
ചുണ്ടില്‍ വിരിഞ്ഞ ചിരി ഒളിപ്പിച്ചുകൊണ്ടു അവള്‍ അവന്റെ മുഖത്തേക്ക് നോക്കി
ചുണ്ടില്‍ നിന്നും കണ്ണിലേക്കു നീളുന്ന അവന്റെ ചിരിയും സ്നേഹം വഴിയുന്ന കണ്ണുകളും മാത്രം അല്ല അവള്‍ക്കു കാണാന്‍ കഴിഞ്ഞത്
തലയിലെ മയില്‍പീലിയും ചുണ്ടിലെ ഓടക്കുഴലും വശ്യമായ  ചിരിയും..അവള്‍ അറിയാതെ തന്നെ രാധ ആയി മാറി..
 

2011 മേയ് 14, ശനിയാഴ്‌ച

തടവുകാരി

"പുഴയിലേക്ക് പോയിട്ട് ഇറങ്ങാനൊന്നും പറ്റില്ല പിന്നെ എന്തിനാ പോകുന്നത്?"
എട്ടത്തിയമ്മയുടെ വാക്കുകൾ കേൾക്കാതെ ഞാൻ  നടന്നു. വർ ഷങ്ങൾക്കു ശേഷം പുഴ കാണാൻ  പോകുകയാണ്. ഈ പ്രാവശ്യം വരുമ്പോൾ  പുഴ കാണണം എന്ന് അവിടെ നിന്ന് തിരിക്കുന്നതിനു മുന്‍പേ മനസ്സിൽ ഉറപ്പിച്ചതാണ്.

ചെറുപ്പത്തിലെ കളികൾക്കും കുസൃതികൾക്കും ഈ പുഴ ആയിരുന്നു കൂട്ടുകാരി. കുണുങ്ങി കുണുങ്ങി കല്ലുകളിൽ  തല തല്ലി ചിരിച്ചു ഇല്ലിക്കാടുകളെ ഇക്കിളിപെടുത്തി കൊണ്ട് ഒഴുകുന്ന പുഴ സുന്ദരി ആയിരുന്നു. ഞങ്ങൾ  കുട്ടികൾക്ക് കളിയ്ക്കാന്‍ പറ്റിയ തീരവും പാറകളും.മുത്തശ്ശി ഇരിക്കുന്ന പോലെ ഉള്ള പാറക്കു ആരോ മുത്തശ്ശിപാറ എന്ന് പേരിട്ടു. വെള്ളത്തിനു മുകളില്‍ മലർന്നു കിടക്കല്‍, മുങ്ങാംകുഴിയിട്ടു ശ്വാസം വിടാതെ വെള്ളത്തിനടിയില്‍ കിടക്കുക,ഭംഗിയുള്ള വെള്ളാരം കല്ലുകൾ  പെറുക്കൽ തുടങ്ങി  എന്തൊക്കെ കളികൾ  ആയിരുന്നു.

സുന്ദരിപുഴയെ കാണണം എന്നുള്ള ആഗ്രഹത്തെ സമയ കുറവ് മൂലം ഓരോ പ്രാവശ്യവുംമാറ്റിവെക്കേണ്ടി വന്നിരുന്നു.ഇപ്രാവശ്യം എന്ത് വന്നാലും പുഴയിൽ  പോകണം എന്ന വാശി ആയിരുന്നു. 

ഓരോന്ന് ആലോചിച്ചു നടന്നു പെട്ടെന്ന് തന്നെ പുഴയിൽ  എത്തി. തീരം എന്ന് പറയാനാവാത്ത സ്ഥലം.. മണ്ണിടിഞ്ഞു തീരം എല്ലാം ഇല്ലാതെ ആയിരിക്കുന്നു. പുഴ ശാന്തമാണ്‌ ഒഴുക്ക് പോലും ഇല്ലാതെ..താഴേക്ക്‌ ഇറങ്ങാന്‍ ആരോ വെട്ടിയിട്ട ചെറിയ പടിയിലൂടെ കഷ്ടപ്പെട്ട്  ഇറങ്ങി.

വെള്ളത്തിന്‌ കറുപ്പുനിറം..ഇളംപച്ച നിറത്തില്‍ ചിരിച്ചു കൊണ്ടിരുന്ന പുഴ എവിടെ എന്നോർത്ത് കൊണ്ട് കയ്യിൽ  കുറച്ചു വെള്ളം മുഖം കഴുകാൻ  ആയി എടുത്തു.മുഖത്തോടടുപ്പിച്ചപോൾ  ഒരു ഉളുമ്പ് നാറ്റം.പെട്ടെന്ന് ഞാൻ  കയ്യിൽ നിന്നും വെള്ളം  കുടഞ്ഞു കളഞ്ഞു.
"നാറുന്നു അല്ലെ"
ദയനീയമായ ഒരു ശബ്ദം. ഞാൻ  ചുറ്റും നോക്കി..ആരെയും കാണാൻ  ഇല്ല. മെല്ലെ പുഴയിലേക്ക് നോക്കി..ഒരു നടുക്കത്തോടെ ഞാൻ കണ്ടു.അജീർണ്ണം പിടിച്ചു വീർത്ത ഒരു കറുത്ത മുഖം.ഭീതിയോടെ ഞാൻ വീണ്ടും വീണ്ടും നോക്കി. ആ മുഖം  എങ്ങിയും വലിച്ചും  ശ്വാസം മുട്ടിയും പതുക്കെ ചോദിച്ചു,
" പേടിച്ചു പോയോ, ഞാൻ  നിങ്ങളുടെ സുന്ദരി പുഴ ആണ്. ഇപ്പോൾ  എന്റെ കോലം ഇതാണ്.കണ്ടോ എന്റെ ഉള്ളിലെ അവസാനത്തെ തുള്ളിയും വലിച്ചെടുക്കാൻ  ബണ്ട് കെട്ടിയിരിക്കുന്നു. "

പുഴയുടെ താഴത്തെ ചെരുവിൽ മണല്‍ ചാക്കുകൾ  കൂട്ടിവെച്ചു തടയിട്ടിരിക്കുന്നതും പുഴയോരത്ത് നിരത്തി വെച്ചിരിക്കുന്ന വിവിധ തരം  മോട്ടോറുകളും ഞാൻ  കണ്ടു. നിറഞ്ഞു ഒഴുകിയിരുന്ന പുഴയുടെ സ്ഥാനത്ത്‌ കറുത്ത ഒഴുക്ക് നഷ്ടപെട്ട ഒരു രൂപം.

മഴക്കാലത്ത്‌ പുഴ നിറഞ്ഞു ഞങ്ങളുടെ  വീട് നിൽക്കുന്ന കുന്നൊരു  ദ്വീപു ആയി മാറുമായിരുന്നു. ഇക്കരെ കുന്നിൽ നിന്നും അക്കരെ ഉള്ള മാമന്റെ വീട്ടിലേക്കു നീന്തല്‍ മത്സരം നടത്തുമായിരുന്നു. വാഴ പിണ്ടികള്‍ ചേർത്തുണ്ടാക്കിയ ചെറിയ പാണ്ടികള്‍  അക്കരക്കും ഇക്കരക്കും തുഴഞ്ഞു കളിക്കുമായിരുന്നു. എന്തെല്ലാം ഓർമ്മകള്‍ ..എല്ലാം ഒരു തിരശീലയിൽ  എന്ന പോലെ മനസിലേക്ക് ഓടി എത്തി.

വെള്ളത്തിലേക്ക്‌ വീഴുന്ന ചെറിയ മൺതരികളുടെ ശബ്ദം എന്നെ ഉണർത്തി
" എനിക്ക് ഒഴുകണം , പഴയത് പോലെ ശാന്തമായി സ്വച്ഛമായി " പുഴയുടെ വീർത്ത കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു . കണ്ണുനീരിനു കറുത്ത നിറം. ഒരു വേദനയോടെ പുഴയുടെ കറുപ്പ് നിറത്തിന്റെ കാരണം  ഞാൻ  മനസിലാക്കി. പെട്ടെന്ന് പിറകിലെ മണ്തിട്ട  ഒരു ശബ്ദത്തോടെ വെള്ളത്തിലേക്ക്‌ മറിഞ്ഞു.. ചെളിയില്‍ പൂണ്ടു കിടക്കുന്ന കാലുകളെ പുറത്തേക്കു വലിച്ചെടുക്കാനാകാതെ മുകളിലേക്ക് കേറാനാകാതെ പുഴയെക്കാള്‍  നിസ്സഹായായി ഞാൻ നിന്നു .

2011 മേയ് 7, ശനിയാഴ്‌ച

MOTHER’S DAY..

ഇന്ന്  ലോകത്തിലെ  എല്ലാ  അമ്മമാരെയും   ഓര്‍ക്കുന്ന  ദിവസം  ..അറുത്തു മാറ്റപെട്ട  പൊക്കിള്‍കൊടിയുടെ അടയാളം  മായാത്തിടത്തോളം കാലം  അതിനും  ഒരു  ദിവസം  വേണോ? വേണമായിരിക്കും.ഈ  ഇലക്ട്രോണിക്   യുഗത്തില്‍  അമ്മയെ വൃദ്ധസദനങ്ങളില്‍ വിടുന്ന  മക്കള്‍ക്ക്‌  അവരെ   ഓര്‍മ്മിക്കാന്‍  ഒരു  ദിവസം  വേണമല്ലോ.മക്കള്‍  ഓര്മിച്ചില്ലെങ്കിലും  ഇന്നത്തെ  ദിവസം  ആരെങ്കിലും  അവരെ  ഓര്‍മിക്കും ..പ്രത്യേകിച്ച്  ചാനലുകള്‍ .. അമ്മയുടെ  കണ്ണീരും  കാത്തിരിപ്പും  കദനകഥയാക്കി   കാണുന്ന ആളുകളുടെ  എണ്ണം  കൂട്ടാന്‍ മാത്രം .. അമ്മ   കനിവ്   ആണ്, നിറവു  ആണ്,സ്നേഹത്തിന്റെ  നിറകുടം  ആണ് ..വിശേഷണങ്ങള്‍  നിരവധി..നിറഞ്ഞു  നില്‍ക്കുന്ന  കുടത്തിലേക്ക്  വീണ്ടും  വെള്ളം  ഒഴിക്കേണ്ട  കാര്യമില്ല എന്നതുകൊണ്ടാകും ആരും തിരിച്ചു സ്നേഹിക്കാത്തത്..

പുതുവര്‍ഷത്തിലെ  മണ്ണിന്റെ  മണം എനിക്ക്  അമ്മയുടെ  ഓര്മ  ആണ് ..ആദ്യം  മഴ  പെയ്യുമ്പോള്‍  ഞാനും  അമ്മയും  കൂടെ  മണ്ണ്  വാരി  തിന്നുമായിരുന്നു. സഹനത്തിന്റെ  ക്ഷമയുടെ  അവതാരം  ആയ  ദേഷ്യപെടാത്ത ദേഷ്യം   കാണിക്കാത്ത  അമ്മ ...അതിന്റെ പകുതി ക്ഷമ പോലും എനിക്കില്ല എന്നോര്‍ക്കുമ്പോള്‍ ഞാന്‍ അമ്മയുടെ മകള്‍ ആയതെങ്ങനെ എന്ന് അത്ഭുദം തോന്നുന്നു.

സിദ്ധുവിനു ഞാന്‍  world’s best mom ആണ്  അവന്റെ  ശാട്യങ്ങള്‍ക്ക്  താളം  തുള്ളുമ്പോള്‍ ..അല്ലാത്തപോള്‍ ‘self centered arrogant egotic woman ‘ ആകുന്നു .. കാലം പോയ പോക്ക്..

അമ്മമ്മ  അവനു  സ്നേഹത്തിന്റെ  പഞ്ഞി  കെട്ട് ആണ് .പഞ്ഞി  പോലെ  മൃദുലമായ  എന്റെ  അമ്മയുടെ  കൈകളില്‍  പിടിച്ചു  അവന്‍  ചോദിക്കുന്നു ..

“എപ്പോഴാണ്  അമ്മയുടെ  സ്കിന്‍  ഇങ്ങനെ  ആകുന്നെ ”

                            ****

ഈശ്വരാ  പഴംകഥകള്‍  പറഞ്ഞു  ഞാന്‍  മറന്നു ..ഇന്ന്  ഞായറാഴ്ച .. അമ്മയെ  വിളിക്കുന്ന  ദിവസം ..

കൂടാതെ  ഇന്ന്  mother’s day കൂടെ  അല്ലെ ..കുറച്ചു  കൂടുതല്‍  നേരം   സംസാരിക്കാം...


HAPPY MOTHER’S DAY!!!!!!!!!!!!!

2011 ഏപ്രിൽ 30, ശനിയാഴ്‌ച

മോഹപട്ടങ്ങള്‍....

കാലത്ത് ചെരുപ്പിടാതെയുള്ള morning walk . ഭൂമിയെ അറിഞ്ഞു പുല്‍ക്കൊടികളെയും പൂക്കളെയും സ്പര്‍ശിച്ചു,എന്നോട് തന്നെ സംവദിച്ചു കൊണ്ട്. ഞാന്‍ എനിക്കായി മാത്രം മാറ്റിവെക്കുന്ന കുറെ സമയം. തലേന്ന് പെയ്ത മഴയുടെ നനവ്‌ കാലുകളെ ഇക്കിളിപെടുത്തുന്നു.മരക്കൊമ്പില്‍ ഇരുന്നു ചിലക്കുന്ന പലതരം പക്ഷികള്‍. ഈ നടത്തം ഒരു എനര്‍ജി booster ആണ് . തല ഉയര്‍ത്തി ഞാന്‍ ആകാശത്തിലേക്ക് നോക്കി.സൂര്യന്‍ തന്റെ കണ്പോളകള്‍ തുറക്കാന്‍ തുടങ്ങുന്നതേ ഉള്ളൂ.ഗ്രൗണ്ടില്‍ പട്ടം പറപ്പിക്കുന്ന കുട്ടികള്‍.കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക് പറക്കാന്‍ കൊതിക്കുന്ന പട്ടത്തെ ഒരു  നനുത്ത നൂല്‍ കൊണ്ട് നിയന്ത്രിക്കുന്നു. എന്ത് കൊണ്ടോ എനിക്ക് നിന്നെ ഓര്മ വന്നു.

നീ ഒരു പട്ടം പോലെ ആയിരുന്നു..കൂടുതല്‍ ഉയരത്തിലേക്ക്, കൂടുതല്‍ ദൂരത്തിലേക്ക് സ്വതന്ത്രമായി  പറക്കാന്‍ നീ ഇപ്പോഴും കൊതിച്ചിരുന്നു.സ്നേഹത്തിനെ നേര്‍ത്ത പട്ടു നൂല്‍ കൊണ്ട് ഞാന്‍ നിന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ നീ എന്നോട് പറഞ്ഞു. "എന്റെ ജീവിതം എനിക്ക് എന്ജോയ്‌ ചെയ്യണം .എനിക്ക് കുറെ കുറെ സുഹൃത്തുക്കള്‍ വേണം..ഇത് വരെ നീയും ഞാനും മാത്രം ആയിരുന്നു.എനിക്കത് പോര.. ഒരു  പാട് കൂട്ടുകാര്‍ ഉള്ള ഒരു ലോകത്തില്‍ പറന്നു നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. "

ഒന്നും പറഞ്ഞില്ല ഞാന്‍..പറയാന്‍ തോന്നാതിരുന്നതോ അതോ പറയണം എന്ന് വെച്ച കാര്യം വേണ്ട എന്ന് വെച്ചതാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. സ്നേഹമെന്നത് കയ്കുംബിളിലെ വെള്ളം പോലെ ആണ് എന്നാണല്ലോ മഹത് വചനം. ചേര്‍ത്ത് പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കൈ  വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നു പോകുന്ന വെള്ളം..അതുകൊണ്ട് തന്നെ നിന്റെ ഇഷ്ടങ്ങള്‍ക്ക് എതിര് നില്ക്കാന്‍ തോന്നിയില്ല. പിടിച്ചു വെക്കുന്നതിനെക്കാള്‍ നല്ലത് അഴിച്ചു വിടുന്നതാണെന്ന് തോന്നി.

ചരട് അറ്റ പട്ടം പോലെ നീ സന്തോഷിക്കുനത് ഞാന്‍ കണ്ടു.പുതിയ കൂട്ടുകാര്‍ പുതിയ ലോകം. ഒരു തിരഞ്ഞു നോട്ടം ആവശ്യമാണെന്ന് പോലും നിനക്ക് തോന്നിക്കാണില്ല.നിന്റെ ലോകത്തില്‍ സര്‍വ സ്വതന്ത്രന്‍ ആയി നീ വിരഹിച്ചു..ഉള്ളിലെ നീറ്റല്‍ പുറത്തു കാട്ടാതെ ഞാനും സന്തോഷം നടിച്ചു. നമുക്കിടയിലെ അകലം കൂടിവരുന്നത് കൂടുതല്‍ കൂടുതല്‍ വേദനയോടെ ഞാന്‍ ഉള്‍കൊണ്ടു..ഇപ്പോള്‍ പിടികിട്ടാത്ത ദൂരത്തില്‍ ആണ് നീ എന്നറിഞ്ഞിട്ടും ഒരു തപസ്സിനിയെ പോലെ  ഇപ്പോഴും പൊട്ടി വീണ ചരടുമായി കാത്തിരിക്കുന്നു..എത്ര ഉയരത്തില്‍ പോയാലും പട്ടം ഒരു നാള്‍ താഴേക്ക്‌ തന്നെ വരും..വരുമ്പോള്‍ മറ്റുള്ളവര്‍ ചവിട്ടി അരക്കാതെ ഇരിക്കാന്‍ ഒരു കാവല്‍ മാലാഖയെ പോലെ നിനക്കായി ഞാന്‍ എന്നും കാത്തിരിക്കുന്നുണ്ടാകും.

2011 ഏപ്രിൽ 21, വ്യാഴാഴ്‌ച

ശിവഗംഗ

നീ ശിവന്‍ ആകുമോ, ഞാന്‍ ഗംഗ ആകാം....ആരും കാണാതെ എന്നും നിന്നോടൊപ്പം...നിന്റേതു മാത്രം ആയി, നീ എന്റേത് മാത്രമെന്ന് അഹങ്കരിച്ചു നിന്റെ തലയില്‍ ഇരിക്കാന്‍ മോഹമാവുന്നു...പിന്നെ ആരുമില്ലാത്തപ്പോള്‍ തലയില്‍ നിന്നും ഉതിര്‍ന്നു നെറ്റിയിലൂടെ അരിച്ചിറങ്ങി, മൂക്കിലൂടെ, ചുണ്ടിലൂടെ, നിന്നെ പുളകം കൊള്ളിച്ചുകൊണ്ട് താഴോട്ട് ഒഴുകിയിറങ്ങി നിന്റെ കാല്‍പാദങ്ങളില്‍ കൂടെ താഴെ മണ്ണിലേക്ക് അലിഞ്ഞു ചേരാന്‍...നിത്യ ശാന്തി നേടാന്‍... ഒരിക്കലും നടക്കില്ലെന്നു അറിയാമെങ്കിലും അറിയാതെ മോഹിച്ചു പോകുന്നു...

2011 ഏപ്രിൽ 12, ചൊവ്വാഴ്ച

നൊസ്റ്റാള്‍ജിയ

 
 
മേടചൂടില്‍ കോഴിക്കോട് ചുട്ടുപൊള്ളുന്നു..അതില്‍ നിന്നും ഒരു ഒളിച്ചോട്ടം ആയിരുന്നു വയനാട്ടിലേക്കുള്ള യാത്ര.കാലത്ത് ആറു മണിയുടെ ബസിനു തന്നെ കേറി..ചുരത്തില്‍ ഒന്നാം വളവില്‍ എത്തിയപ്പോള്‍ തന്നെ രോമങ്ങളെ പറിച്ചെടുക്കുന്ന തണുപ്പ് ..അറിയാതെ കണ്ണുകള്‍ അടഞ്ഞു പോയി..
അമ്മേ, വയനാടിന്റെ മണം..മോന്‍ എന്നെ വിളിച്ചുണര്‍ത്തി ..വയനാടിനു ഇപ്പോള്‍
കാപ്പിപൂക്കളുടെ സുഗന്ധം  ആണ്..
പച്ച ഇലകള്‍ക്കിടയിലെ വെളുത്ത പൂക്കള്‍ ..അതിന്റെ സുഗന്ധം തേടി തേനീച്ചകള്‍ മൂളി പറക്കുന്നു
പേരറിയാത്തതും അറിയുനതുമായ അനേകായിരം പൂവുകള്‍ പൂത്തുലഞ്ഞു കിടക്കുന്നു ..
വയനാട്‌ ഇപ്പോഴും സുന്ദരി ആണ്..ഒരു പാട് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വന്നു എങ്കിലും തണുപ്പും പൂക്കളും കാടിന്റെ വശ്യതയും ഇവിടം വിട്ടു പോകാന്‍ മടിക്കുന്ന പോലെ..
വഴിവക്കിലെ ഗുല്‍മോഹര്‍ ഇല പൊഴിച്ചിരിക്കുന്നു..മേയ് മാസത്തെ വരവേല്‍ക്കാന്‍..
മേയ് മാസത്തില്‍ ഗുല്‍മോഹര്‍ തീക്കനല്‍ ആണ്..തല നിറയെ ചുവപ്പ് പൂക്കളും  ആയി അസ്തമന സൂര്യനെ വെല്ലുവിളിച്ചു നില്‍ക്കുന്നത്  കാണാന്‍ തന്നെ ഒരു രസം ആണ്..പ്രണയത്തിന്റെ നിറം ചുവപ്പാണ് എന്നാണല്ലോ എങ്കില്‍ ഗുല്‍മോഹര്‍ പ്രണയിക്കുന്നത്‌ ആരെ ആയിരിക്കും ..തനിക്കു ചൂടും ചുവപ്പും നല്‍കിയ സൂര്യനെയോ അതോ ഇടയ്ക്കിടെ വന്നു ഇക്കിളി കൂട്ടുന്ന കാറ്റിനെയോ..എനിക്കും പ്രണയം ആണ് ഗുല്മോഹരിനോട്..രാജ്ഹമുന്ദ്രിയിലെ ചുട്ടു പൊള്ളുന്ന വേനലില്‍ എന്റെ ബെഡ് റൂമിന് മുകളിലേക്ക് ചാഞ്ഞു എനിക്ക് തണുപ്പും കാറ്റും നല്‍കിയപ്പോള്‍ മുതല്‍ ഞാന്‍ ഗുല്‍മോഹറിനെ പ്രണയിക്കുന്നു..കൊന്നയും പൂത്തുലഞ്ഞു കിടക്കുന്നു..ഈ വര്‍ഷവും എനിക്ക് വിഷു ആഘോഷം ഇല്ല. അടുത്ത ബന്ധുക്കളുടെ വേര്പാടിനെക്കള്‍ വലുതല്ലല്ലോ ആഘോഷങ്ങള്‍ ഒന്നും..മുറ്റത്തെ മുല്ലവള്ളിക്ക് ചുറ്റും പൂക്കള്‍ പൂക്കളം തീര്‍ത്തിരിക്കുന്നു ..മുല്ലപൂക്കളുടെ മദിപ്പിക്കുന്ന ഗന്ധം.
വൈകുന്നേരത്തെ ബസിനു തന്നെ മടങ്ങി..തിരിച്ചു വരാന്‍ ഒട്ടും മനസുണ്ടായിരുന്നില്ല ..പക്ഷെ ഉത്തരവാദിത്വങ്ങള് ഏപ്പോഴും ‍നമ്മെ തിരികെ വിളിക്കുന്നു..
ഇനി ഒരു യാത്ര എപ്പോഴാണ് എന്നറിയില്ല ..പക്ഷെ എന്റെ മനസിലും ഓര്‍മകളിലും എന്നും ഉണ്ടാകും ഈ സുന്ദരി..


 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...