2013 ജൂലൈ 1, തിങ്കളാഴ്‌ച

1-7-13 (ഏക്‌ സാത് തേരാ )

പുറത്തു അലച്ചു പെയ്യുന്ന മഴ കണ്ടു നിന്ന്  ഓര്‍മയുടെ ജാലകം തുറന്നു നോക്കിയപ്പോള്‍  കണ്ടത്  കുസൃതി  ഒളിപ്പിച്ചു വെച്ച  പുഞ്ചിരി ആയിരുന്നു. നീ ഇപ്പോഴും അത് പോലെ തന്നെ ചിരിക്കാറില്ലേ അതോ നമ്മുടെ കണ്ണികൾ അടർന്നു പോയതു പോലെ അതും പോയി കാണുമോ? നിന്റെ മോതിരവിരലിലെ മറുക് ഇപ്പോഴും അത് പോലെ തന്നെ ഇല്ലേ?

ഓർക്കുന്നുണ്ടോ നമ്മൾ ഒരിക്കൽ പറഞ്ഞിരുന്ന, ആഗ്രഹിച്ചിരുന്ന ഹിമാലയയാത്രയെ പറ്റി? മനുഷ്യന്റെ കടന്നു കയറ്റത്തിന്  പ്രകൃതി നല്കിയ ശിക്ഷയെ പറ്റി നീ അറിഞ്ഞിരിക്കുമല്ലോ? എന്നെങ്കിലും നടക്കുമെന്ന് കരുതി ആ സ്വപ്നത്തെ ഞാൻ ഇപ്പോഴും മനസ്സില് കൊണ്ട് നടക്കുക ആയിരുന്നു. ഇനി അത് നടക്കുമോ എന്നെനിക്കു സംശയം തോന്നുന്നു.

സ്വപ്നങ്ങളിൽ നമ്മൾ നടന്നു തീർത്ത ദൂരങ്ങൾ എത്ര ആയിരുന്നു എന്ന് ഓർമ്മയുണ്ടോ? .വൈകുന്നേരങ്ങളിലെ  കടലോര യാത്രകൾ..ചൂണ്ടുവിരല്‍ കോര്‍ത്ത്‌ നടക്കുമ്പോള്‍ നമ്മള്‍  സംസാരിച്ചിരുന്നില്ല.  അല്ലെങ്കിലും സ്നേഹത്തിന്റെ ഭാഷ മൌനം അല്ലെ ? ഓർക്കുന്നുവോ ഒരിക്കൽ ഇടയ്ക്കു മഴ പെയ്തപ്പോൾ നമ്മൾ ഓടി കയറിയത് ഒരു കൂൾ ബാറിലേക്ക് ആയിരുന്നു. തകർത്തു പെയ്യുന്ന മഴയുടെ തണുപ്പിൽ പേസ്ട്രിയും കോൾഡ്‌ കോഫിയും ഓർഡർ ചെയ്തു മഴയെ നോക്കി അതിൽ അലിഞ്ഞു ചേരുമ്പോഴും നിന്റെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു.

പേസ്ട്രിയുടെ അലിഞ്ഞിറങ്ങുന്ന തണുപ്പില്‍ നിന്റെ കുസൃതി ചിരി നോക്കിയിരുന്നപ്പോള്‍ ചെറിയൊരു കുസൃതി ഒപ്പിച്ചാലോ എന്ന് എനിക്കും തോന്നി. നിന്റെ നെറ്റിയില്‍ പതിച്ച എന്റെ ചുണ്ടിന്റെ തണുപ്പില്‍  (അതോ ചൂടായിരുന്നോ?) നീ ഇല്ലാതായപ്പോള്‍ ഞാന്‍ എന്നെ കണ്ടെത്തുക ആയിരുന്നു, ജീവിതത്തിന്റെ പരുക്കന്‍ പാതയില്‍ എനിക്ക് നഷ്ടപെട്ട എന്നെ!!

അകത്തേക്ക് അടിച്ചു കയറുന്ന മഴത്തുള്ളികൾ... ജനാല വലിച്ചടച്ചു അകത്തേക്ക് നടക്കുമ്പോൾ ഓര്മയുടെ ജാലകത്തെ കൂടെ പതുക്കെ ചേർത്തടച്ച  എന്റെ ചുണ്ടിലും ഒരു പുഞ്ചിരി തിളങ്ങുന്നുണ്ടായിരുന്നു!!!

2013 ജൂൺ 17, തിങ്കളാഴ്‌ച

നശിച്ച മഴ

മഴ പെയ്തിറങ്ങുന്നു മണ്ണിലും 
മനസ്സിലും
നിറയുന്നു പുഴകളായി ഒഴുകുന്നു
വഴികളായി...
ചിറകുകൾ കോതി 
ഉണക്കുവാനാകാതെ 
ചില്ലയിൽ കുറുകുന്നു
രണ്ടിണ പ്രാവുകൾ 
ഇറയത്തെക്കൊന്നി-
റങ്ങുവാനാകാതെ 
അറിയാതെ ഞാനും
ശപിച്ചു പോയിന്നലെ 
" എന്തൊരു നശിച്ച മഴ "

2013 ജൂൺ 12, ബുധനാഴ്‌ച

ദൂരദർശനം

ഇന്നലെ രാത്രി 7.57 നു ഏട്ടന്റെ മോളുടെ ഫോണ്‍ " വേഗം ഏഷ്യാനെറ്റ്‌ പ്ലസ്‌ വെച്ചു കാണു " . അറിയാവുന്ന ആരുടെയെങ്കിലും പരിപാടി ഉണ്ടാകുമെന്ന് കരുതി ചാനൽ വെച്ച് നോക്കിയപ്പോൾ കിലുക്കം സിനിമയിലെ ലോട്ടറി അടിച്ച രംഗം. 

"ഇത് കാണാൻ ആണോ ചേച്ചി വിളിച്ചു പറഞ്ഞത് ,ഇതിലിപ്പോൾ എന്താ വലിയ കാര്യം " മോന്റെ ചോദ്യം.

അതൊക്കെ വലിയ കഥയാണ് മോനെ എന്ന് പറഞ്ഞു ഞാൻ ചിരിച്ചു .
പണ്ട് ദൂരദർശൻ മാത്രം ഉണ്ടായിരുന്ന ഒരു കാലത്ത് വൈകുന്നേരം 5.30 മുതൽ 8 മണി വരെ മലയാളം പരിപാടികൾ കാണാൻ ടി വിയുടെ മുന്നില് തപസ്സിരുന്ന കാലം ഒക്കെ കാക്കതൊള്ളായിരം ചാനെലുകൾ വരുന്ന ഈ കാലത്ത് ആർക്കെങ്കിലും ചിന്തിക്കാൻ കഴിയുമോ?

ദൂരദർശനിൽ പണ്ട് കണ്ടിരുന്ന കുമിളകൾ, കൈരളി വിലാസം ലോഡ്ഗ് , പിന്നെ ഒരു പാട് നല്ല (മധുപാൽ) സീരിയലുകളും, തലാഷ്, ഫൗജി, സർകസ് , ഹം രാഹി, ക്ഷിതിജ് യെ നഹി ഹൈ തുടങ്ങിയ ഹിന്ദി സീരിയലുകളും മെഗാ സീരിയലുകൾ ആക്കി മനുഷ്യനെ ബോറടിപ്പിക്കുന്നവ ആയിരുന്നില്ല . അത് പോലെ തന്നെ വെള്ളിയാഴ്ച്ചകളിലെ ചിത്രഗീതം, ചൊവ്വാഴ്ചകളിലെ പ്രാദേശിക ഭാഷ ചലച്ചിത്രഗാനങ്ങൾ ഉള്പെടുത്തിയ ചിത്രമാല (പേര് ഇത് തന്നെ ആയിരുന്നോ? ഓർമയില്ല ).Balapam Patti Bhama Vollo എന്ന തെലുങ്ക് പാട്ട് ആദ്യം ആയി കേട്ടതും ഈ പരിപാടിയിലൂടെ ആയിരുന്നു. പിന്നീടു ആന്ധ്രയിൽ പോയി തെലുങ്ക്‌  പഠിച്ചതിനു ശേഷം ആദ്യം കണ്ട സിനിമയും കേട്ട് മനസിലാക്കിയ പാട്ടും ഇതായിരുന്നു.
ചിത്രഹാർ , രംഗോളി , പ്രണോയ് റോയുടെ വേൾഡ് ദിസ്‌ വീക്ക്‌ , സുരഭി ഇതെല്ലാം തന്നെ ഒഴിവാക്കാതെ കാണുന്നവ ആയിരുന്നു  ഞായറാഴ്ചകളിൽ ജയന്റ് റോബോട്ട് കാണാൻ കുട്ടികളുടെ ഒരു തിരക്ക് തന്നെ ആയിരുന്നു. 

അന്നത്തെ ഞങ്ങളുടെ പ്രധാന പരിപാടി ടി വിയിൽ വരുന്ന നല്ല പരിപാടികൾ റെക്കോർഡ്‌ ചെയ്തു വെക്കുക എന്നതായിരുന്നു. ഇന്നലെ പോലെ സി ഡി പ്ലയെർ ആയിരുന്നില്ല അന്ന് ഉണ്ടായിരുന്നത് വി സി ആർ ആയിരുന്നു. അന്ന് റെക്കോർഡ്‌ ചെയ്തു വെച്ചതിൽ ഒന്നായിരുന്നു കിലുക്കത്തിലെ ആ സിൻ. അത് പോലെ മൂക്കില്ലാ രാജ്യത്തിലെ ചില രംഗങ്ങൾ. വേറെ ഒരു പണിയും ഇല്ലാത്തപ്പോൾ ഇത് പ്ലേ ചെയ്തു ചിരിക്കുക എന്നതായിരുന്നു അന്നത്തെ നേരമ്പോക്ക്. അന്നും ഇന്നും എനിക്ക് ചിരിക്കാൻ ചെറിയ കാര്യം മതി(അത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു).തമാശ സിനിമകൾ കണ്ടു ചിരിച്ചു കണ്ണ് നിറഞ്ഞു വയറു കൊളുത്തി നിലത്തു വീണാലും ചിരി നിർത്താൻ എനിക്ക് കഴിയില്ല .മൂക്കില്ലാ രാജ്യത്തു കണ്ടു ചിരിച്ചു ചിരിച്ചു കരഞ്ഞതോർത്തു ഇപ്പോൾ വീണ്ടും ചിരിക്കും. മണിച്ചിത്രത്താഴ് കണ്ടത് ബ്ലൂ ഡയമണ്ടിൽ വെച്ചാണ്. അതിൽ വെള്ളവലിക്കാൻ എത്തിയ ആളെ തിരഞ്ഞു ഇന്നസെന്റ് കറങ്ങുന്ന രംഗം കണ്ടു ചിരിച്ചു സീറ്റിൽ നിന്നും താഴെ വീണ എന്നെ വലിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചവരും എന്റെ ചിരികണ്ട് ചിരിച്ചപ്പോൾ ഞാൻ വീണ്ടും താഴേക്ക്‌ തന്നെ വീണു. ഇന്ന് ബ്ലൂ ഡയമണ്ട് ഇല്ല അത് ഇടിച്ചു നിരത്തി വലിയ ഷോപ്പിംഗ്‌ കൊമ്പ്ലെക്സ് പണിതുകൊണ്ടിരിക്കുന്നു. ഈ കെട്ടിടം ആണ് ഇന്ത്യൻ റുപീയിൽ പൃഥ്വിരാജ് വിൽക്കാൻ ശ്രമിക്കുന്നെ ..:)

അങ്ങനെ എത്ര എത്ര ഓർമ്മകൾ , അവയൊക്കെ വറ്റാതെ വരളാതെ ഉണങ്ങി പോകാതെ കൊണ്ട് നടക്കാൻ ഇടയ്ക്കു വരുന്ന ചില ഫോണ്‍ വിളികളും ..:)

2013 ജൂൺ 4, ചൊവ്വാഴ്ച

ശിക്ഷ

'കൊല്ലും ഞാൻ' എന്ന് പറഞ്ഞപ്പോൾ 
തമാശ എന്നാണ് കരുതിയത്‌ 
അറിഞ്ഞില്ല സൌഹൃദത്തിന്റെ ചരട്  അറുത്ത്‌ 
ശ്വാസം മുട്ടിച്ചു കൊല്ലാൻ പോകുകയാണെന്ന്!!!

2013 മേയ് 27, തിങ്കളാഴ്‌ച

വട്ടെഴുത്തുകൾ

മഴ 

മലനിരകളിൽ നിന്നും ഇരമ്പിയെത്തി നെൽവയലുകളെ തൊട്ടു തലോടി ഇറയിൽ നിന്നും ഒഴുകിയെത്തുന്ന ഓർമ  മാത്രം ആയിരിക്കുന്നു ഇന്ന് മഴ . കുട ചൂടാതെ മഴ നനഞ്ഞെത്തി കുഴിയടിയിൽ (മേൽകൂരയിൽ നിന്നുള്ള മഴവെള്ളം എല്ലാം ഒരു ഭാഗത്ത്‌ മാത്രം വീഴാൻ ആയി തകരം കൊണ്ടുണ്ടാക്കിയ ഒരു സംഭവം) നിന്ന് കുളിച്ചു കേറി അമ്മ തരുന്ന കട്ടൻ കാപ്പി കുടിച്ചു വീണ്ടും ഇറയിൽ നിന്നും വീഴുന്ന മഴവെള്ളത്തിൽ കയ്യും കാലം  നനച്ചു മഴയെ സ്നേഹിച്ചു, പ്രണയിച്ചു , തൊട്ടു തലോടി ഉമ്മ വെച്ച കാലം ഇനി തിരികെ വരില്ല . ഇന്ന്  മഴയെ  പേടി ആണ്. മഴവെള്ളത്തോടൊപ്പം കവിഞ്ഞൊഴുകുന്ന അഴുക്കുചാൽ,കുടയിൽ വീഴുന്ന മഴതുള്ളികൾക്കൊപ്പം കറുത്ത നിറത്തിലുള്ള എന്തൊക്കെയോ.  മഴയെ വെറുത്തു പോകുന്നു ചിലപ്പോഴൊക്കെ. ഓഫീസ്  വിടുന്ന സമയത്ത് മഴ പെയ്യരുതെ എന്നാണ്  പ്രാര്ത്ഥന. ഇന്ന് മഴയോട് അല്പമെങ്കിലും സ്നേഹം തോന്നുന്നത് വയനാടൻ  ചുരം കേറുമ്പോൾ ആണ് .  മരങ്ങളിൽ വീഴുന്ന  മഴയുടെ  ശബ്ദം പഴയ കാലത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുമ്പോൾ സീറ്റിൽ ചാഞ്ഞിരുന്നു കണ്ണുകൾ  അടച്ചു പഴയ കാലപ്രണയം  മഴയോട് പങ്കിടുമ്പോൾ ഞാൻ അറിയാതെ മഴയെ വീണ്ടും സ്നേഹിച്ചു പോകുന്നു.

മുഖം മൂടികൾ 

ചുറ്റും മുഖം മൂടികൾ ആണ് . വികാരവിക്ഷോഭങ്ങളെ ഉള്ളിൽ ഒളിപ്പിച്ചു ചിരിക്കുന്ന മുഖം മൂടികൾ. ഇടയ്ക്ക്  അറിയാതെ പുറത്തേക്കു നീളുന്ന ദംഷ്ട്രങ്ങളെ ആരും കാണാതെ ഉള്ളിലേക്ക്  വലിച്ചെടുത്തു ചിരിക്കുന്ന മുഖം മൂടികൾ. ഇതിനിടയിൽ യഥാർത്ഥ മുഖവുമായി എത്ര നാൾ? ഞാനും അണിയുകയാണ് ഒരു മുഖം മൂടി. ഭംഗിയുള്ള ചിരിയോടു കൂടിയ മുഖം മൂടി. കഴുത്ത് ഞെരിച്ചു കൊല്ലാൻ ഉള്ള ദേഷ്യം ഉള്ളിൽ തിളക്കുമ്പോഴും നിറഞ്ഞ ചിരിയോടെ നില്ക്കുന്ന മുഖം മൂടി. അല്ലെങ്കിൽ ഒരു നിസ്സംഗതയുടെ മുഖം മൂടി ആയാലോ? ഭൂമി കീഴ്മേൽ മറിഞ്ഞാലും ഇതൊന്നും എന്നെ ബാധിക്കുന്നതേയല്ല എന്ന മട്ടിൽ തിരിഞ്ഞു നടക്കാനും മൌനത്തിന്റെ കൂട്ടിൽ ഒളിക്കാനും പറ്റിയത് നിസ്സംഗത തന്നെ.എന്റെ കണ്ണുകളിലേക്കു ഇങ്ങനെ തറപ്പിച്ചു നോക്കരുതേ . ചിരിക്കുന്ന മുഖത്തിന്‌ പിന്നിലെ വെറുപ്പ്‌, ദേഷ്യം, പുച്ഛം , അസൂയ ഒക്കെ നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കും അതുമല്ലെങ്കിൽ നിങ്ങൾ അണിഞ്ഞ മുഖംമൂടി അഴിഞ്ഞു വീഴും. 


നിഴൽ 

നിഴലുകൾക്കിടയിൽ സ്വയം   തേടുകയാണ് ഞാൻ. നീണ്ടു കിടക്കുന്ന സൂര്യരശ്മികൾ,അരികു ചിതറിയ നിഴലുകൾ ഇതിൽ എവിടെയാണ് ഞാൻ എന്നെ കണ്ടെത്തുക?സൂര്യനോടൊപ്പം മറയുന്ന നിഴലിനൊപ്പം, കണ്ടെത്താനാകാത്ത എന്നെ തേടി, നിഴലുകൾക്കിടയിലെ   മറ്റൊരു നിഴലായി വീണ്ടുമൊരു സൂര്യോദയത്തിനായി കാത്തിരിക്കുന്നു 

2013 മേയ് 10, വെള്ളിയാഴ്‌ച

എൻ വഴി തനി വഴി ...


മുറിഞ്ഞു പോയ കണ്ണികളെ  വാക്കുകളാൽ കൂട്ടി ചേര്ക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു നീ . എന്റെ കാതുകളിലേക്ക്  അവയൊന്നും എത്തുന്നില്ല എന്ന് നീ അറിയാതെ പോയതെന്ത് ?. നിനക്കാത്ത  നേരത്ത് മനസിന്നുള്ളിൽ രക്തം പൊടിയുന്ന ഒരു ഓര്മ മാത്രം ആയി നീ മാറി എന്നത് എങ്ങനെ ആണ് ഞാൻ പറഞ്ഞു മനസിലാക്കേണ്ടത്?

കള്ളം പറയുന്നവരെ എനിക്കിഷ്ടമില്ല എന്ന് ഞാൻ പറഞ്ഞത് നീ ഓർക്കുന്നുണ്ടോ ?എന്റെ പ്രാർത്ഥനകൾ ഒന്നും പണ്ടേ ദൈവം കേള്ക്കാറില്ല എന്നത് ഓര്ക്കാതെ നീ  കള്ളം പറഞ്ഞാലും അത് എനിക്ക് മനസിലാകാതെ ഇരിക്കണേ  എന്ന് ഞാൻ പ്രാർത്ഥിച്ചു. പക്ഷെ, ചില കാര്യങ്ങൾ നമ്മൾ വേണ്ട എന്ന് വെച്ചാലും നടക്കാതിരിക്കില്ലല്ലോ .
നുണകൾ ഉണ്ടാക്കുന്ന മുറിവിൽ  സ്നേഹം വാരി തേച്ചു ഉണക്കാനുള്ള ശ്രമങ്ങൾ പാഴായപ്പോൾ, ചേർത്ത് വെച്ച കണ്ണികൾ തുരുമ്പെടുക്കാൻ തുടങ്ങിയത് അറിയാഞ്ഞതല്ല. ബന്ധനങ്ങളിൽ നിന്നും സ്വയം മോചിപ്പിക്കാൻ അത് കണ്ടില്ലെന്നു നടിച്ചു. അതുകൊണ്ട് വാക്കുകളുടെ മാന്ത്രികതയാൽ കണ്ണികളെ ചേർത്ത് വെക്കാനുള്ള നിന്റെ ശ്രമം വെറുതെ ആണ്. എച്ചുകെട്ടാനാകാത്ത വണ്ണം അത് തുരുമ്പെടുത്തിരിക്കുന്നു.  രണ്ടു വഴികളിലൂടെ നടന്നിരുന്ന നമ്മൾ ഒരു വഴിയിൽ എത്തിച്ചേർന്നതും കൂടെ നടന്നതും നിറമുള്ള ഓർമ്മകൾ ആയി ഇരിക്കട്ടെ. അറിയാതെ എങ്കിലും എനിക്കും നിനക്കും വഴി തെറ്റിയിരിക്കുന്നു .നിറമുള്ള ഓർമ്മകളുമായി നിറഞ്ഞ പുഞ്ചിരിയോടെ നമുക്ക് നടക്കാം സ്വന്തം വഴികളിലൂടെ ...

2013 ഏപ്രിൽ 8, തിങ്കളാഴ്‌ച

ഒരു പെണ്ണിന്റെ ദുഃഖം


ഇന്നും നേരം വൈകി,  കഴിഞ്ഞ കുറെ ദിവസങ്ങള് ആയി ഇങ്ങനെ ആണ് , കുപ്പിയില് നിന്നും വന്ന ഭൂതത്തെ പോലെ പണി എടുത്തു മടുത്തു. 'നേരം വൈകുന്ന ദിവസങ്ങളില് ആ ഇടവഴിയിലൂടെ പോകണ്ടാട്ടോ,  അത്ര ശരിയല്ല ആ വഴി, മെയിന്‍  റോഡ്‌ വഴി പോയാ  മതി" എന്ന് ഓഫീസിലുള്ള തലമൂത്തവര്‍ എല്ലാം പറയുന്നതാണ്. ഓടി പോകുന്ന ധൃതിയില്‍,   എളുപ്പത്തില്‍ എത്താന്‍  വേണ്ടി ഇടവഴി തന്നെ തിരഞ്ഞെടുത്തു.

ഒരു മനുഷ്യ ജീവി പോലുമില്ല വഴിയില് . ഈ വഴിക്കെന്താ ശരികേട് എന്നാലോചിച്ചു ആരുമില്ലല്ലോ  എന്ന ധൈര്യത്തില്‍ ഒരു പാട്ടും മൂളി വേഗത്തില്‍ നടക്കുമ്പോള്‍ ആണ് ഒരു ഇടവഴിയില്‍ നിന്നും ഒരു രൂപം മുന്നിലേക്ക്‌ ചാടിയത്‌ .താടിയും മുടിയും മുഴിഞ്ഞ വസ്ത്രവും. മനസ്സില് ബ്രേക്കിംഗ് ന്യൂസ്‌ സ്ക്രോള്‍ ചെയ്തു. ഈശ്വരാ ഇനിയിപ്പോള്‍ എന്താ ചെയ്യുക , മെല്ലെ തല ചെരിച്ചു പിറകിലേക്ക് നോക്കി , വഴിയിലെവിടെയും ഒരു പട്ടിക്കുട്ടി പോലുമില്ല. ചോര്ന്നു പോകുന്ന ധൈര്യത്തെ ചേര്ത്തുപിടിച്ചു മുഖം കടുപ്പിച്ചു മുന്നോട്ടു നടക്കാന്‍ തുടങ്ങിയതും അയാള്‍ നേരെ മുന്നില് വന്നു നിന്നു . ഒരു വാര അപ്പുറം പോലിസ് സ്റ്റേഷന് ഉണ്ട് , ഉറക്കെ നിലവിളച്ചാലോ എന്ന് മനസിലോര്ത്തതും അയാള്‍ ചുണ്ട് വിടര്ത്തി ഒരു ചിരി ചിരിച്ചു . തെലുങ്ക് സിനിമയില്‍ കാണുന്ന വില്ലിന്റെ ചിരി

" എന്തേലും തരുമോ ചായ കുടിക്കാന്‍, വല്ലാതെ വിശക്കുന്നു "

ചിരിക്കു കൂട്ടായി വന്ന ശബ്ദത്തില്‍ ഒരു കുഞ്ഞിന്റെ ദീനത . വേഗം ബാഗ്‌ തുറന്നു കയ്യില്  കിട്ടിയതു  എടുത്തു അയാളുടെ കയ്യിലെക്കിട്ടു മുന്നോട്ടു  നടക്കുമ്പോള്‍ അതോ ഓടിയതാണോ  മനസ്സില്‍ ശപിച്ചത്‌ ന്യൂസ്‌ ചാനെല്സിനെ . വെറുതെ മനുഷ്യനെ പേടിപ്പിക്കാന് ആയി ഓരോ ബ്രേക്കിംഗ് ന്യൂസ്‌  കൊടുക്കും..ഇപ്പോള്‍ സഹജീവിയെ കാണുമ്പോള്‍ പേടി ആണ്.പണ്ടില്ലാത്ത പോലെ അയാളുടെ നോട്ടത്തിന്റെ അര്‍ത്ഥം കണ്ടെത്താനുള്ള ശ്രമം , കൂടെ കൂടെ ശരീരഭാഗങ്ങള്‍ എല്ലാം  മൂടികിടക്കുന്നുണ്ടോ എന്ന് ഒരു തീര്ച്ച വരുത്തല്‍. മനസമാധാനം മുഴുവന് പോയല്ലോ. ഒരു പെണ്ണിന്റെ ദുഃഖം ആരറിയാന്‍!!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...