2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

അസാധാരണമാം സാധാരണമായ പ്രണയം

പ്രണയിക്കാൻ  പല വഴികൾ ഉണ്ട് 
സാധാരണവും അസാധാരണവുമായ 
പരിഭവം , പരാതി ഇവയെല്ലാം സാധാരണം 
എന്റെ പ്രണയം അസാധാരണം ആണ്!!

ഉത്തരം കിട്ടാത്ത എന്റെ ചോദ്യങ്ങൾ 
ആര്ക്കും വേണ്ടാത്ത സന്ദേശങ്ങൾ 
എന്നിട്ടും പരാതി പറയാത്ത എന്റെ പ്രണയം
അസാധാരണമാം സാധാരണമാണ് !!

മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ നിന്റെ
ഓർമയിലെ നേരംപോക്ക് മാത്രമാണ്  ഞാൻ 
എന്നിട്ടും പരിഭവിക്കാത്ത എന്റെ പ്രണയം  
അസാധാരണമാം സാധാരണമാണ് !!

കരിഞ്ഞ സ്വപ്‌നങ്ങൾ, തുള വീണ ഓർമചുമരുകൾ 
പ്രണയം കൊണ്ട് തുളകളെല്ലാം അടച്ചപ്പോൾ 
ഇപ്പോൾ മനസ്സ് നിറയെ നിന്നോടുള്ള പ്രണയമാണ് 
അസാധാരണമാം സാധാരണമായ എന്റെ പ്രണയം !!!

2013 ഓഗസ്റ്റ് 3, ശനിയാഴ്‌ച

ഞങ്ങൾക്കും വികാരവിചാരങ്ങൾ ഉണ്ട്

ഞങ്ങളുടെ തലകൾ കാക്കകൾക്ക്  കക്കൂസ് ആണ്. ഞങ്ങളുടെ കാലുകൾ അശരണർക്കും ലഹരിയിൽ മുങ്ങിയവർക്കും സപ്രമഞ്ചകട്ടിൽ. ഞങ്ങളുടെ ജനന-മരണ ദിനങ്ങൾ ആഘോഷങ്ങൾ ആണ്. ആ ദിവസങ്ങളിൽ  ഞങ്ങളുടെ മുന്നിൽ ആളുകൾക്ക് കൂട്ടം കൂടാം , പണ്ട് ഞങ്ങൾ ചെയ്ത കാര്യങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കാം . അത് കഴിഞ്ഞു പതുക്കെ വിസ്മൃതിയിലേക്ക് എടുത്തിടാം.   

കവലകൾ തോറും കല്ലിലും സിമെന്റിലും പടുത്തുയർത്തി പൂവും പാലും നിവേദ്യവും വെച്ച്,പറന്നു പോയ ഞങ്ങളുടെ ആത്മാക്കളെ ഇവിടെ പിടിച്ചു നിർത്തിയപ്പോൾ ഞങ്ങൾ സന്തോഷിച്ചു. ഞങ്ങളുടെ ജീവിതത്തെ , ആദർശങ്ങളെ നിങ്ങൾ വിലമതിക്കുന്നു എന്ന് അഹങ്കരിച്ചു. ഒരു പക്ഷെ വളരുന്ന തലമുറയിലേക്കു ഞങ്ങളുടെ അധ്വാനത്തിന്റെ കഥകൾ പകർന്നു കൊടുക്കാൻ ജീവനോടെ അല്ലെങ്കിലും ഞങ്ങൾ ഈ ഭൂമിയിൽ നിലനില്ക്കുന്നുണ്ടല്ലോ എന്നാഹ്ലാദിച്ചു . പക്ഷെ 'ഇതാരുടെ പ്രതിമയാണ് ' എന്ന കുഞ്ഞുങ്ങളുടെ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം നല്കി ഞങ്ങളുടെ ചെയ്തികളെ നിങ്ങൾ ലഘൂകരിക്കുമ്പോൾ നൊന്തു,കാരണം ശരീരം മാത്രം ആണ് നിങ്ങൾ കല്ലിലും സിമെന്റിലും പണിതത്. മനസ്സ് ഇപ്പോഴും പഴയതുപോലെ സ്വന്തം നാടിനും നാട്ടുകാർക്കും വേണ്ടി തുടിച്ചിരുന്നു. ഞങ്ങളുടെ മുന്നില് പന്തൽ കെട്ടി സമ്മേളനം നടത്തി  പരദൂഷണം പറഞ്ഞു  മൗനവ്രതം എന്ന വ്യാജേനെ  ഇരുന്നു മറ്റുള്ളവരെ പ്രാകി  . ഞങ്ങൾ  ജീവിച്ചിരുന്നപ്പോൾ ചെയ്യാതിരുന്ന പലകാര്യങ്ങൾക്കും ഇപ്പോൾ മൂകസാക്ഷികൽ ആണ് . എതിര്ക്കാൻ കഴിയാത്ത വെറും കരിങ്കൽ പ്രതിമകൾ.

നിങ്ങൾക്കറിയുമോ  ഇപ്പോൾ നിങ്ങൾക്ക് ഇത് പോലെ ഈ രാജ്യത്തു ഒരു ഭയവും കൂടാതെ നടക്കാൻ കഴിയുന്നത്‌ , സംസാരിക്കാൻ കഴിയുന്നത്‌ , ജീവിക്കാൻ കഴിയുന്നത്‌ ഞങ്ങളുടെ എല്ലാം ജീവന്മരണ പോരാട്ടഫലം ആണെന്നു. അന്ന് ഞങ്ങൾ നിങ്ങളെ പോലെ "വെറും മനുഷ്യർ " ആയിരുന്നുവെങ്കിൽ ഈ സുഖവും സന്തോഷവും നിങ്ങൾക്കുണ്ടാകുമായിരുന്നോ? (വെറും മനുഷ്യർ എന്നാൽ അവനന്റെ സുഖവും സന്തോഷവും മാത്രം നോക്കുകയും അതിനുവേണ്ടി മാത്രം ജീവിക്കുകയും അതിനു തടസ്സം നില്ക്കുന്ന എന്തിനെയും നശിപ്പിക്കുകയും ചെയ്യുന്നവർ ). എല്ലാം കിട്ടിയപ്പോൾ എങ്കിലും ഞങ്ങളെ വെറുതെ വിടാമായിരുന്നു. പ്രതിമകൾ ആക്കി നിങ്ങൾക്കിടയിൽ  പ്രതിഷ്ടിച്ചത്  ഇങ്ങനെ ഒക്കെ ചെയ്യാൻ വേണ്ടി ആയിരുന്നോ? പെട്രോൾ ഒഴിച്ചു കത്തിച്ചത്,അടിച്ചു തകർക്കുന്നത്  പ്രതിമയെ അല്ല ഞങ്ങളുടെ ആദര്ശങ്ങളെ ആണ്, ഞങ്ങളുടെ പോരാട്ടങ്ങളുടെ അന്തസത്തയെ ആണ്. 
അരുത് മനുഷ്യാ , നീ ഇത്രയും ക്രൂരൻ ആകരുത് .

വളര്ന്നു വരുന്ന തലമുറയോട് ഒരു വാക്ക്: " ദയവു ചെയ്തു ആരുടേയും പ്രതിമകൾ നിർമ്മിച്ചു പ്രതിഷ്ടിക്കരുത് , നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെ, വാക്കിലൂടെ സഹജീവികളോടുള്ള പെരുമാറ്റത്തിലൂടെ മഹാന്മാരെ ഓര്മ്മിക്കു , ഓര്മ്മിപ്പിക്കു "

 മാ നിഷാദ!!!


(വാൽകഷ്ണം : ആന്ധ്രാ പ്രദേശ് സംസ്ഥാന വിഭജനത്തെ തുടർന്ന് സീമാന്ധ്രയിൽ നടക്കുന്ന ലഹളയിൽ മുതിര്ന്ന നേതാക്കളുടെ പ്രതിമയിൽ പെട്രോളും ,ടയറും ഒക്കെ ഇട്ടു കത്തിക്കുന്ന,അടിച്ചു തകർക്കുന്ന കാഴ്ച ടി വി യിൽ കണ്ടപ്പോൾ തോന്നിയ ചില കാര്യങ്ങൾ )

2013 ജൂലൈ 15, തിങ്കളാഴ്‌ച

ശ്വാസതടസ്സം


 പറയാനുള്ളത് 
മുൻപേ നിർവചിക്കപ്പെടുമ്പോൾ 
ചതുരംഗ പലകയിലെ കുതിരയെ പോലെ 
ഗതി നിർണ്ണയിക്കപ്പെടുമ്പോൾ 
എനിക്ക് ശ്വാസം മുട്ടുന്നു !!

ചിന്തയുടെ ഉലയിൽ കാച്ചിയെടുത്ത് 
വെറുപ്പിന്റെ കൂടം കൊണ്ടടിച്ചു പരത്തി 
മുര്ച്ചയേറിയ ആയുധമാക്കി 
വിലക്കുന്നവരുടെ കഴുത്തറക്കാൻ 
വെമ്പൽ കൊള്ളുമ്പോൾ 
എനിക്ക് ശ്വാസം മുട്ടുന്നു !!

അങ്ങനെ പറയല്ലേ ഇങ്ങനെ ചിന്തിക്കല്ലേ
വിലക്കുകൾ വാക്കിനും ചിന്തക്കും 
എനിക്ക് ശ്വാസം മുട്ടുന്നു 
മൌനമായിരിക്കുമ്പോളല്ല 
സംസാരിക്കുമ്പോൾ !!

2013 ജൂലൈ 1, തിങ്കളാഴ്‌ച

1-7-13 (ഏക്‌ സാത് തേരാ )

പുറത്തു അലച്ചു പെയ്യുന്ന മഴ കണ്ടു നിന്ന്  ഓര്‍മയുടെ ജാലകം തുറന്നു നോക്കിയപ്പോള്‍  കണ്ടത്  കുസൃതി  ഒളിപ്പിച്ചു വെച്ച  പുഞ്ചിരി ആയിരുന്നു. നീ ഇപ്പോഴും അത് പോലെ തന്നെ ചിരിക്കാറില്ലേ അതോ നമ്മുടെ കണ്ണികൾ അടർന്നു പോയതു പോലെ അതും പോയി കാണുമോ? നിന്റെ മോതിരവിരലിലെ മറുക് ഇപ്പോഴും അത് പോലെ തന്നെ ഇല്ലേ?

ഓർക്കുന്നുണ്ടോ നമ്മൾ ഒരിക്കൽ പറഞ്ഞിരുന്ന, ആഗ്രഹിച്ചിരുന്ന ഹിമാലയയാത്രയെ പറ്റി? മനുഷ്യന്റെ കടന്നു കയറ്റത്തിന്  പ്രകൃതി നല്കിയ ശിക്ഷയെ പറ്റി നീ അറിഞ്ഞിരിക്കുമല്ലോ? എന്നെങ്കിലും നടക്കുമെന്ന് കരുതി ആ സ്വപ്നത്തെ ഞാൻ ഇപ്പോഴും മനസ്സില് കൊണ്ട് നടക്കുക ആയിരുന്നു. ഇനി അത് നടക്കുമോ എന്നെനിക്കു സംശയം തോന്നുന്നു.

സ്വപ്നങ്ങളിൽ നമ്മൾ നടന്നു തീർത്ത ദൂരങ്ങൾ എത്ര ആയിരുന്നു എന്ന് ഓർമ്മയുണ്ടോ? .വൈകുന്നേരങ്ങളിലെ  കടലോര യാത്രകൾ..ചൂണ്ടുവിരല്‍ കോര്‍ത്ത്‌ നടക്കുമ്പോള്‍ നമ്മള്‍  സംസാരിച്ചിരുന്നില്ല.  അല്ലെങ്കിലും സ്നേഹത്തിന്റെ ഭാഷ മൌനം അല്ലെ ? ഓർക്കുന്നുവോ ഒരിക്കൽ ഇടയ്ക്കു മഴ പെയ്തപ്പോൾ നമ്മൾ ഓടി കയറിയത് ഒരു കൂൾ ബാറിലേക്ക് ആയിരുന്നു. തകർത്തു പെയ്യുന്ന മഴയുടെ തണുപ്പിൽ പേസ്ട്രിയും കോൾഡ്‌ കോഫിയും ഓർഡർ ചെയ്തു മഴയെ നോക്കി അതിൽ അലിഞ്ഞു ചേരുമ്പോഴും നിന്റെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു.

പേസ്ട്രിയുടെ അലിഞ്ഞിറങ്ങുന്ന തണുപ്പില്‍ നിന്റെ കുസൃതി ചിരി നോക്കിയിരുന്നപ്പോള്‍ ചെറിയൊരു കുസൃതി ഒപ്പിച്ചാലോ എന്ന് എനിക്കും തോന്നി. നിന്റെ നെറ്റിയില്‍ പതിച്ച എന്റെ ചുണ്ടിന്റെ തണുപ്പില്‍  (അതോ ചൂടായിരുന്നോ?) നീ ഇല്ലാതായപ്പോള്‍ ഞാന്‍ എന്നെ കണ്ടെത്തുക ആയിരുന്നു, ജീവിതത്തിന്റെ പരുക്കന്‍ പാതയില്‍ എനിക്ക് നഷ്ടപെട്ട എന്നെ!!

അകത്തേക്ക് അടിച്ചു കയറുന്ന മഴത്തുള്ളികൾ... ജനാല വലിച്ചടച്ചു അകത്തേക്ക് നടക്കുമ്പോൾ ഓര്മയുടെ ജാലകത്തെ കൂടെ പതുക്കെ ചേർത്തടച്ച  എന്റെ ചുണ്ടിലും ഒരു പുഞ്ചിരി തിളങ്ങുന്നുണ്ടായിരുന്നു!!!

2013 ജൂൺ 17, തിങ്കളാഴ്‌ച

നശിച്ച മഴ

മഴ പെയ്തിറങ്ങുന്നു മണ്ണിലും 
മനസ്സിലും
നിറയുന്നു പുഴകളായി ഒഴുകുന്നു
വഴികളായി...
ചിറകുകൾ കോതി 
ഉണക്കുവാനാകാതെ 
ചില്ലയിൽ കുറുകുന്നു
രണ്ടിണ പ്രാവുകൾ 
ഇറയത്തെക്കൊന്നി-
റങ്ങുവാനാകാതെ 
അറിയാതെ ഞാനും
ശപിച്ചു പോയിന്നലെ 
" എന്തൊരു നശിച്ച മഴ "

2013 ജൂൺ 12, ബുധനാഴ്‌ച

ദൂരദർശനം

ഇന്നലെ രാത്രി 7.57 നു ഏട്ടന്റെ മോളുടെ ഫോണ്‍ " വേഗം ഏഷ്യാനെറ്റ്‌ പ്ലസ്‌ വെച്ചു കാണു " . അറിയാവുന്ന ആരുടെയെങ്കിലും പരിപാടി ഉണ്ടാകുമെന്ന് കരുതി ചാനൽ വെച്ച് നോക്കിയപ്പോൾ കിലുക്കം സിനിമയിലെ ലോട്ടറി അടിച്ച രംഗം. 

"ഇത് കാണാൻ ആണോ ചേച്ചി വിളിച്ചു പറഞ്ഞത് ,ഇതിലിപ്പോൾ എന്താ വലിയ കാര്യം " മോന്റെ ചോദ്യം.

അതൊക്കെ വലിയ കഥയാണ് മോനെ എന്ന് പറഞ്ഞു ഞാൻ ചിരിച്ചു .
പണ്ട് ദൂരദർശൻ മാത്രം ഉണ്ടായിരുന്ന ഒരു കാലത്ത് വൈകുന്നേരം 5.30 മുതൽ 8 മണി വരെ മലയാളം പരിപാടികൾ കാണാൻ ടി വിയുടെ മുന്നില് തപസ്സിരുന്ന കാലം ഒക്കെ കാക്കതൊള്ളായിരം ചാനെലുകൾ വരുന്ന ഈ കാലത്ത് ആർക്കെങ്കിലും ചിന്തിക്കാൻ കഴിയുമോ?

ദൂരദർശനിൽ പണ്ട് കണ്ടിരുന്ന കുമിളകൾ, കൈരളി വിലാസം ലോഡ്ഗ് , പിന്നെ ഒരു പാട് നല്ല (മധുപാൽ) സീരിയലുകളും, തലാഷ്, ഫൗജി, സർകസ് , ഹം രാഹി, ക്ഷിതിജ് യെ നഹി ഹൈ തുടങ്ങിയ ഹിന്ദി സീരിയലുകളും മെഗാ സീരിയലുകൾ ആക്കി മനുഷ്യനെ ബോറടിപ്പിക്കുന്നവ ആയിരുന്നില്ല . അത് പോലെ തന്നെ വെള്ളിയാഴ്ച്ചകളിലെ ചിത്രഗീതം, ചൊവ്വാഴ്ചകളിലെ പ്രാദേശിക ഭാഷ ചലച്ചിത്രഗാനങ്ങൾ ഉള്പെടുത്തിയ ചിത്രമാല (പേര് ഇത് തന്നെ ആയിരുന്നോ? ഓർമയില്ല ).Balapam Patti Bhama Vollo എന്ന തെലുങ്ക് പാട്ട് ആദ്യം ആയി കേട്ടതും ഈ പരിപാടിയിലൂടെ ആയിരുന്നു. പിന്നീടു ആന്ധ്രയിൽ പോയി തെലുങ്ക്‌  പഠിച്ചതിനു ശേഷം ആദ്യം കണ്ട സിനിമയും കേട്ട് മനസിലാക്കിയ പാട്ടും ഇതായിരുന്നു.
ചിത്രഹാർ , രംഗോളി , പ്രണോയ് റോയുടെ വേൾഡ് ദിസ്‌ വീക്ക്‌ , സുരഭി ഇതെല്ലാം തന്നെ ഒഴിവാക്കാതെ കാണുന്നവ ആയിരുന്നു  ഞായറാഴ്ചകളിൽ ജയന്റ് റോബോട്ട് കാണാൻ കുട്ടികളുടെ ഒരു തിരക്ക് തന്നെ ആയിരുന്നു. 

അന്നത്തെ ഞങ്ങളുടെ പ്രധാന പരിപാടി ടി വിയിൽ വരുന്ന നല്ല പരിപാടികൾ റെക്കോർഡ്‌ ചെയ്തു വെക്കുക എന്നതായിരുന്നു. ഇന്നലെ പോലെ സി ഡി പ്ലയെർ ആയിരുന്നില്ല അന്ന് ഉണ്ടായിരുന്നത് വി സി ആർ ആയിരുന്നു. അന്ന് റെക്കോർഡ്‌ ചെയ്തു വെച്ചതിൽ ഒന്നായിരുന്നു കിലുക്കത്തിലെ ആ സിൻ. അത് പോലെ മൂക്കില്ലാ രാജ്യത്തിലെ ചില രംഗങ്ങൾ. വേറെ ഒരു പണിയും ഇല്ലാത്തപ്പോൾ ഇത് പ്ലേ ചെയ്തു ചിരിക്കുക എന്നതായിരുന്നു അന്നത്തെ നേരമ്പോക്ക്. അന്നും ഇന്നും എനിക്ക് ചിരിക്കാൻ ചെറിയ കാര്യം മതി(അത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു).തമാശ സിനിമകൾ കണ്ടു ചിരിച്ചു കണ്ണ് നിറഞ്ഞു വയറു കൊളുത്തി നിലത്തു വീണാലും ചിരി നിർത്താൻ എനിക്ക് കഴിയില്ല .മൂക്കില്ലാ രാജ്യത്തു കണ്ടു ചിരിച്ചു ചിരിച്ചു കരഞ്ഞതോർത്തു ഇപ്പോൾ വീണ്ടും ചിരിക്കും. മണിച്ചിത്രത്താഴ് കണ്ടത് ബ്ലൂ ഡയമണ്ടിൽ വെച്ചാണ്. അതിൽ വെള്ളവലിക്കാൻ എത്തിയ ആളെ തിരഞ്ഞു ഇന്നസെന്റ് കറങ്ങുന്ന രംഗം കണ്ടു ചിരിച്ചു സീറ്റിൽ നിന്നും താഴെ വീണ എന്നെ വലിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചവരും എന്റെ ചിരികണ്ട് ചിരിച്ചപ്പോൾ ഞാൻ വീണ്ടും താഴേക്ക്‌ തന്നെ വീണു. ഇന്ന് ബ്ലൂ ഡയമണ്ട് ഇല്ല അത് ഇടിച്ചു നിരത്തി വലിയ ഷോപ്പിംഗ്‌ കൊമ്പ്ലെക്സ് പണിതുകൊണ്ടിരിക്കുന്നു. ഈ കെട്ടിടം ആണ് ഇന്ത്യൻ റുപീയിൽ പൃഥ്വിരാജ് വിൽക്കാൻ ശ്രമിക്കുന്നെ ..:)

അങ്ങനെ എത്ര എത്ര ഓർമ്മകൾ , അവയൊക്കെ വറ്റാതെ വരളാതെ ഉണങ്ങി പോകാതെ കൊണ്ട് നടക്കാൻ ഇടയ്ക്കു വരുന്ന ചില ഫോണ്‍ വിളികളും ..:)

2013 ജൂൺ 4, ചൊവ്വാഴ്ച

ശിക്ഷ

'കൊല്ലും ഞാൻ' എന്ന് പറഞ്ഞപ്പോൾ 
തമാശ എന്നാണ് കരുതിയത്‌ 
അറിഞ്ഞില്ല സൌഹൃദത്തിന്റെ ചരട്  അറുത്ത്‌ 
ശ്വാസം മുട്ടിച്ചു കൊല്ലാൻ പോകുകയാണെന്ന്!!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...