2020 മേയ് 31, ഞായറാഴ്‌ച

ജനലിനു അപ്പുറത്ത് മഴപെയ്യുകയാണ്.
മിന്നൽ പിണർ കൈകൾ നീട്ടി
ഇടി തുടിയുടെ താളത്തിൽ
അവൾ നൃത്തം ചെയ്യുകയാണ്
മഴയെ നോക്കി ഞാനോർക്കുന്നത് നീ നനയുന്ന മഴയെ കുറിച്ചാണ്
നീ അറിയുന്നുണ്ടോ
നിന്റെ അടുത്തു എത്തും വരെ മേഘം മാത്രമാണെന്ന്
നിന്റെ നിശ്വാസമേറ്റാണ് മഴയാകുന്നതെന്നു
അത് നിന്നിൽ പെയ്തിറങ്ങാൻ
വേണ്ടി മാത്രമാണെന്നു.

2020 മേയ് 22, വെള്ളിയാഴ്‌ച

അന്യമാകുന്ന അമ്മവീട്

വീട് എന്ന് കേൾക്കുമ്പോൾ ഏതൊരാളുടെ മനസ്സിലേക്കും കടന്നു വരുന്ന ആദ്യ ചിത്രം നമ്മൾ ജനിച്ചു വളർന്ന വീട് തന്നെ ആയിരിക്കും. എത്ര വീടുകളിൽ മാറി  മാറി താമസിച്ചാലും കോടിക്കണക്കിനു രൂപ ചെലവാക്കി കൊട്ടാരം പണിതാലും ഓർമ്മയിൽ എപ്പോഴും നമ്മുടെ ബാല്യകൗമാരയൗവനങ്ങളെ അറിഞ്ഞ വീടുണ്ടാകും.  സ്ത്രീകളെ സംബന്ധിച്ചിടത്തോളം കല്യാണം കഴിയുന്നതോടെ വീടുമായുള്ള ബന്ധം മുറിയും. എങ്കിലും ഓരോ ഇടവേളകളിലും വീട്ടിലേക്കു ഓടിയെത്തുവാൻ അവരുടെ മനസ്സ് തുടിക്കുന്നുണ്ടാകും.

അത് പോലെ തന്നെയാണ് എനിക്കും. എല്ലാവരും ജനിച്ച വളർന്ന വീടിനെ തറവാടെന്നും അമ്മയുടെ വീടെന്നും പറയുമ്പോൾ ഞാൻ എന്റെ വീട് എന്ന് പറയും. സാങ്കേതികമായി അതെന്റേത് അല്ലെങ്കിലും എന്നിൽ നിന്നും വേർതിരിക്കാനാകാത്ത ഒന്നായി മാറിയിരിക്കുന്നു.

വീട്ടിലേക്കു വരുന്ന നടവരമ്പും , നടവരമ്പ് അവസാനിക്കുന്നിടത്തുള്ള രണ്ടു സിമന്റ് തൂണുകളും, തൂണിൽ മേൽ പടർന്നു കിടക്കുന്ന ഞൊട്ട പൂവുകളും അതിനപ്പുറത്തുള്ള വെള്ള മന്ദാരവും കഴിഞ്ഞാൽ പിന്നെ പടികൾ  ആണ് പതിനാറു പടികൾ കയറിയാൽ ഇടത്തേക്ക് ഒരു തിരിവ് അവിടെ നിന്നും കളത്തിലേക്ക് ഉള്ള മൂന്നു സ്റ്റെപ്. വലതു ഭാഗത്തു വലിയ അറപ്പുര. അതിനടുത്തു വലിയ ദേവദാരു. ദേവദാരുവിന്റെ ഇലകൾ കൊഴിഞ്ഞ നടുമുറ്റം. സിമന്റ് തൂണിൽ പൊക്കി നിർത്തിയ ആസ്ബോറ്റോസ് ഷീറ്റിനു താഴെയുള്ള കോലായിൽ നിന്നും കേറുന്നത് വലിയ പൂമുഖത്തേക്ക്. അവിടെ നിന്നും നേരെ നോക്കിയാൽ കാണുന്ന അടഞ്ഞ വാതിലിനു അപ്പുറം അച്ഛന്റെയും അമ്മയുടെയും മുറി. നീണ്ട ഇടനാഴി കടക്കുമ്പോൾ ഒരു നടുമുറി കൂടെ ഉണ്ട്. ഇടനാഴിയിലെ വട്ടസ്റ്റൂൾ. അവിടെ ആണ് നിലവിളക്കു കത്തിക്കാൻ വെക്കുന്നത്അത് കഴിഞ്ഞാൽ കോണിയകം. മുകളിലേക്ക് കേറാനുള്ള കോണിപ്പടികൾ അവിടെയാണ് അത് കൊണ്ടാണ് ആ പേര് കിട്ടിയത്. അതിനപ്പുറം പഴയ അടുക്കള. കുട്ടികളുടെ പഠനമുറി ആയിരുന്നു ആദ്യം. ഇപ്പോൾ അതിന്റെ ഒരു ഭാഗം അറ്റാച്ഡ് ബാത്റൂം ആക്കിയിരിക്കുന്നു.
അവിടെ നിന്നും പുറത്തേക്കിറങ്ങി ഇടത്തോട്ടു നടന്നാൽ പടി ആയി പെണ്ണുങ്ങൾക്ക് സൊറ പറയാനുള്ള സ്ഥലം, പടിക്കു വലതു ഭാഗം അടുക്കള. അടുക്കളയോട് ചേർന്ന് അമ്മിത്തറയും  കൊട്ടത്തളവും കിണറും  കുളിമുറിയും എല്ലാം.  വീട് വിട്ടു കാൽ നൂറ്റാണ്ടു ആയെങ്കിലും അതിനു ശേഷം വീടിനു പല മാറ്റങ്ങൾ വന്നെങ്കിലും വീടിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം വരുന്ന ചിത്രങ്ങൾ ഇതൊക്കെയാണ്.

വീടിനു വടക്കു വശത്തായി അങ്ങേപ്പുര  ഉണ്ട്. ഞാൻ ജനിച്ച വീട് വെക്കുന്നതിനു എത്രയോ  മുൻപ് അച്ഛനും അമ്മയും താമസിച്ച കുഞ്ഞു വീട്. പണിക്കാർക്ക്  താമസിക്കാനായി നിലനിർത്തിയ ആ വീടിനു മുൻവശത്തെ പേരയിൽ ആണ് ഞാൻ എന്റെ ആദ്യത്തെ മരംകേറ്റം പരിശീലിച്ചത്. പെൺകുട്ടികൾ മരം കേറരുത് എന്ന നിയമത്തെ കാറ്റിൽ പറത്തി റിബൽ ആകാൻ ധൈര്യം തന്നത് ആ പേരമരം ആണ്.
ഒരിക്കൽ പേരമരത്തിന്റെ തുഞ്ചത്തു  വലിഞ്ഞു കേറി പേരക്ക പറിച്ചു കൊണ്ട് താഴോട്ടു   നോക്കിയപ്പോൾ കണ്ടത് പിറകിൽ ചൂരൽ പിടിച്ചു നിൽക്കുന്ന അച്ഛനെയാണ്.  വേഗത്തിൽ മരത്തിൽ നിന്നും താഴെ ഇറങ്ങി അടി വീഴുന്നതിനു മുൻപേ ഓടി മുകളിലെ പടിഞ്ഞാറേ മുറിയിൽ കേറി ഇരിക്കുമ്പോൾ പെറ്റിക്കോട്ടിനുള്ളിൽ പറിച്ചിട്ട പേരക്കകളും ഞാനും ഒരു പോലെ ചിരിച്ചിരുന്നു.

പിന്നീട് അച്ഛനില്ലാത്ത നേരം നോക്കി പേരയിൽ കേറുകയും പേരക്ക പറിക്കുകയും നിർബാധം തുടർന്നു. പേരയിലെ വെളുത്ത കമ്പിളി പുഴുക്കൾ തലയിലും മുടിയിലും കയറി താഴോട്ട് പാരച്ചൂട്ടിൽ ഇറങ്ങുന്ന കാലത്തൊന്നും എനിക്ക് പുഴുക്കളെ പേടിയില്ലായിരുന്നു. കാപ്പി പറിക്കുന്ന പെണ്ണുങ്ങളുടെ കൂടെ കൂടി കാപ്പിയിൽ കേറി കളിക്കുമ്പോൾ ആണ് കാപ്പി  മരത്തിൽ നിന്നും കറുത്ത കരിമ്പടപ്പുഴുവിന്റെ കൂർത്ത രോമങ്ങൾ വലതു ഉള്ള കയ്യിൽ തറച്ചു കേറിയത്. കാപ്പി പറിക്കാൻ വന്ന ശാന്ത അവളുടെ മുടി കൊണ്ട് രോമം എല്ലാം നീക്കിയെങ്കിലും മൂന്നു ദിവസം കൈ അനക്കാൻ പറ്റാത്ത വേദന ആയിരുന്നു. അന്ന് മുതൽ ഞാൻ കമ്പിളി  പുഴുക്കളെ പേടിക്കാൻ തുടങ്ങി.

സന്ധ്യ ആകുമ്പോൾ അമ്മ കത്തിക്കുന്ന അഞ്ചു തിരി വിളക്കിനു താഴെ  മൂന്നു തിരി വേറെയുമുണ്ടാകും അതിൽ നിന്നും ഒരു തിരി നടുമുറ്റത്ത് മറ്റൊന്ന് തുളസി തറയിൽ അടുത്തത്  തോട്ടത്തിലെ ഗുളികൻ തറയിൽ. ഗുളികൻ തറയിലേക്ക് പോകാൻ ഒരാളുടെ കൂട്ട് എപ്പോഴും ഉണ്ടാകും. ഗുളികൻ തറയുടെ അടുത്തുണ്ടായിരുന്ന ചക്കര മാവിൽ ഊഞ്ഞാൽ കെട്ടി ആടിയ  അവധിക്കാലങ്ങൾ. കാറ്റടിക്കുമ്പോൾ കൊഴിഞ്ഞു വീഴുന്ന മാങ്ങ പെറുക്കാൻ ഞങ്ങൾ കുട്ടികൾ. ഗുളികൻ തറയുടെ ശക്തിയിൽ വിശ്വാസം വന്നത് അങ്ങനൊരു മാമ്പഴക്കാലത്താണ്. ഗുളികൻ തറ ഉള്ളത് കൊണ്ടാണ് മാങ്ങാ വീഴാത്തത് എന്ന് പറഞ്ഞു ചീത്ത വിളിച്ച് തിരിഞ്ഞു നടന്ന കുഞ്ഞേട്ടന്റെ തലയിൽ കാപ്പികൊമ്പ് കുത്തിമുറിവുണ്ടായപ്പോൾ. പടിഞ്ഞാറെ തോട്ടത്തിൽ വളരെ വൈകി പഴുത്തു ഒന്നും രണ്ടും മാത്രമായി കൊഴിയുന്ന നീണ്ട ഒരു മാങ്ങയുണ്ട്. അതിന്റെ മധുരം ഒന്ന് വേറെ തന്നെയാണ്. ഇപ്പോൾ ആ മാവ് അവിടില്ല. മിന്നലേറ്റ് ഉണ ആ മാവും നിറയെ കായ്ച്ചു ഓർമ്മയിൽ പച്ച ആയി തന്നെ നിൽക്കുന്നു.


മഴക്കാലത്ത് പടിയിൽ  മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നുറക്കെ പാടികളിച്ചത്, വീടിനു ചുറ്റും  വെള്ളം പൊങ്ങുമ്പോൾ പാണ്ടിയുമായി ആളുകൾ അങ്ങോട്ടുമിങ്ങോട്ടും തുഴഞ്ഞു പോകുന്നത് നോക്കി നിന്നത്, നീന്തൽ മത്സരം നടത്തിയത്, ഒർമ്മകൾ മഴവെള്ളം.പോലെ ഒലിച്ചു വരുന്നുണ്ട്  വീടിനെ കുറിച്ച്.

മുകളിലേക്ക് കോണിപ്പടികൾ കയറിച്ചെല്ലുന്ന മുറിയിൽ നിലത്തു പൊട്ടു വീണു നടക്കുമ്പോൾ  കരകര ശബ്ദം കേൾക്കാം. ഒരിക്കൽ മുകളിൽ കിടക്കുമ്പോൾ  അർദ്ധരാത്രിയിൽ ആ ശബ്ദം ആണ് എന്നെ ഉണർത്തിയത്. തല ഉയർത്തി നോക്കിയപ്പോൾ വെളുത്ത ഒരു രൂപം വന്നു തലയിൽ തൊടുന്നത് പോലെ. അലറിക്കരഞ്ഞു എഴുന്നേറ്റു കോണിപ്പടിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി. അന്ന് ഒന്നും അറിഞ്ഞില്ലെങ്കിലും മൂന്നു വർഷങ്ങൾക്ക് മുൻപ് ഇടുപ്പെല്ലിന് പ്രശ്നവുമായി ഡോക്ടറുടെ അടുത്ത് പോയപ്പോൾ ചെറുപ്പത്തിലൊ മറ്റോ മുകളിൽ നിന്നും വീണിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ആളാണ് ആ വീഴ്ചയുടെ ആഘാതം അറിയുന്നത്. ആ രാത്രിക്ക് ശേഷം വീട് എന്നിൽ ചെറിയൊരു ഭയവും വളർത്തിയിരുന്നു. ഒറ്റയ്ക്ക് മറ്റു മുറികളിലോ മറ്റോ പോകാനേ ഭയം തുടങ്ങിയത് അപ്പോൾ മുതൽ ആണ്.

വായിക്കാനുള്ള ത്വര എന്നിൽ ആദ്യമായുണ്ടാക്കിയത്  അച്ഛന്റെ ചില്ലലമാരയിലെ പാള പോലെ നീണ്ട മാതൃഭൂമി ആഴ്ച പതിപ്പുകളും ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന പുസ്തകവും ആയിരുന്നു. അച്ഛൻ അലമാര പൂട്ടാൻ മറന്നു താക്കോൽ വെച്ച് പോയ ഒരു ദിവസം ആണ് ആർത്തി പിടിച്ചത് പോലെ ആ ബുക്കുകൾ എല്ലാം ഞാൻ എടുത്തു നോക്കിയത്. ഒരു കുടയും കുഞ്ഞു പെങ്ങളും ശ്വാസം പോലും വിടാതെ വായിച്ചു തീർത്തു താഴെ എത്തുന്നത് വരെ അച്ഛൻ തിരിച്ചു വന്നില്ല എന്നത് ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതം  തോന്നുന്നു. പിന്നീട് മുകളിലെ മുറിയിൽ നാഷണൽ ബുക്ക് സ്‌റ്റാളിന്റെ ഹോം ലൈബ്രറി സ്കീമിലൂടെ കൊണ്ട് നിറച്ച പുസ്തകങ്ങൾ  എന്റെ വായനാശീലത്തെ വളർത്തി. ആദ്യമായി ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഒന്നും മനസ്സിലായില്ല. പിന്നീട് ഏതാണ്ട് ഇരുപത്തിനാലു വർഷക്ക് ശേഷം വീണ്ടും  വായിച്ചപ്പോൾ ആണ് ആ കൃതിയിലെ എഴുത്തിന്റെ ആഴവും ഭംഗിയും കഥയും മനസിലായത്.

ഇന്ന് ഞാൻ ഞാനായി ഇരിക്കുന്നതിന് വീടോർമ്മകൾക്ക് ഒരു പങ്കുണ്ട്. അത് കൊണ്ട് തന്നെ ഓർമ്മകാടുകൾ പൂത്തുലയുമ്പോൾ ഞാൻ വീടിനെ തേടി ചെല്ലാറുണ്ട്. എത്ര കാലമായി ഈ വഴി വന്നിട്ടെന്നു വീടെന്നോട് ചോദിക്കുന്നത് പോലെ തോന്നും പലപ്പോഴും. ഞാൻ നടന്ന വരാന്തകൾ , ഞാൻ കളിച്ച മുറ്റം , ഞാൻ കേറിയ കാപ്പി മരങ്ങൾ എല്ലാം എല്ലാം എന്നോട് ചോദിക്കുന്നത് പോലെ തോന്നും.

പക്ഷെ അതിക്രമിച്ചു കടക്കുന്നവർ ആക്രമിക്കപെടുമെന്നു കാറ്റിന്റെ മർമ്മരം ചിലപ്പോൾ ഒക്കെ അകത്തേക്കും പുറത്തേക്കും കടക്കാനാകാതെ ഉമ്മറപ്പടിയിൽ തടഞ്ഞു നിർത്തുന്നുണ്ട്. എന്റേത് എന്ന് ചിന്തിക്കുന്നതൊന്നും നമ്മുടേതല്ല എന്ന് മനസിലാകുന്നത് അപ്പോഴാണ്. ഓർമ്മപുഴുക്കൾക്ക് ഉടമസ്ഥാവകാശം ഇല്ല എന്നത് മനസ്സിലാക്കുമ്പോൾ ആണ് ഇനിയൊരിക്കലും പൂക്കരുത് എന്നു കരുതി ഓർമ്മകളെ ചുട്ടുകരിക്കുന്നത്. പക്ഷെ ചാരത്തിൽ കൂടുതൽ വാശിയോടെ  അവ വീണ്ടും തളിർക്കുന്നു പൂക്കുന്നു. എന്റെ കാലുകളെയും ചിന്തകളെയും വാടകക്ക് എടുക്കുന്നു. ഞാൻ വീണ്ടും ക്ഷണിക്കപ്പെടാത്ത അതിഥി ആയി വീടിന്റെ മുന്നിൽ ചെന്ന് നിൽക്കുന്നു.

(വര : ജയ് മേനോൻ (റൈഡർ സോളോ)

2020 മേയ് 16, ശനിയാഴ്‌ച

ലോല വികാരങ്ങൾ ക്വാറന്റിനിൽ ആണ്
(കൊറോണക്കാലത്തെ പ്രണയം)
**********************
കണ്ണാഴങ്ങളിൽ ആഴ്ന്നിറങ്ങി
നിന്റെ ആത്മാവിന്റെ അടിത്തട്ടോളം എത്തണമെന്നുണ്ട്

വിടർന്ന നെറ്റിയിൽ ഉമ്മകൾ കൊണ്ട് നിറക്കണം എന്നുണ്ട്

നിന്റെ മൃദുലമായ മുടിയിഴകളിൽ
കൈ കോർക്കണം എന്നുണ്ട്

ഇനിയൊരിക്കലും തിരിച്ചു വരാനാകാത്ത വിധം
നിന്നിലേക്ക്
ആഴ്ന്നിറങ്ങണം എന്നുണ്ട്

പക്ഷെ
നിശ്വാസങ്ങൾ കൂട്ടിമുട്ടാത്ത
കൈ കോർത്തു പിടിക്കാനാകാത്ത
ദൂരത്തിൽ
നിര്വികാരതയുടെ
മൂടുപടത്തിൽ
ലോല വികാരങ്ങൾ ക്വാറന്റിനിൽ ആണ്!

2020 ഏപ്രിൽ 7, ചൊവ്വാഴ്ച

ലോക്ക് ഡൗണ് ഡയറി (2)

ആറു ഫാമിലി താമസിക്കുന്ന ഞങ്ങളുടെ ഫ്ലാറ്റിൽ  ലോക്ക് ഡൗണ് വരുന്നതിനു മുന്നേ വീട്ടിൽ പോയവർക്ക് തിരിച്ചു വരാൻ പറ്റാത്തത് കൊണ്ട് ഇപ്പോൾ രണ്ട് ഫാമിലി മാത്രമേയുള്ളൂ.. രണ്ടു കുടുംബത്തിൽ ആറു പേർ..വൈകുന്നേരങ്ങളിൽ കൊറോണ പ്രോട്ടോകോൾ അനുസരിച്ചു ഒരു മീറ്റർ അകലത്തിൽ ഇരുന്നു സൊറ പറയാറുണ്ട് ഞങ്ങൾ.

രണ്ടു ദിവസം മുൻപേ സൊറയിലെ വിഷയം പഴുത്ത ചക്ക ആയിരുന്നു..ചക്ക സീസണിൽ എവിടെയും പോകാൻ പറ്റാത്തത് കൊണ്ട് ചക്ക കഴിക്കാൻ കിട്ടിയില്ലല്ലോ എന്ന സങ്കടം പരസ്പരം പറഞ്ഞു തീർത്തു.

അടുത്ത ദിവസം സംസാരിച്ചിരിക്കുമ്പോൾ സുമാന്റി എന്നൊരു വിളി. ഫ്ലാറ്റിനു മുൻവശത്ത് പെന്തകോസ്റ്റിന്റെ വീട് ആണ്.അവരുടെ വീടിനു മുകൾവശത്തു അവരുടെ പ്രയർ ഹാൾ. ഞായറാഴ്ച ചെവി തല വെച്ചിരിക്കാൻ പറ്റില്ല. ട്രാൻസ് സിനിമയിൽ ഉള്ളത് പോലെ തന്നെ..അവർ സമൂഹവുമായി അത്ര ഇഴുകി ചേരുന്ന ആളുകൾ അല്ല. കോമ്പൗണ്ട് വാളിന് മുകളിൽ അലുമിനിയം ഷീറ്റ് കൊണ്ട് പിന്നെയും ഒരു മതിൽ ഉണ്ടാക്കി ആ വീടിനു മറ്റു വീടുകളുമായുള്ള ബന്ധം ചുരുക്കി ജീവിക്കുന്നവർ. ആ മതിലിനു അപ്പുറത്തു നിന്നാണ് വിളി.. എന്തി വലിഞ്ഞു നോക്കിയപ്പോൾ ആന്റി പഴുത്ത  ചക്ക ഉണ്ട്. ഇത് അങ്ങു മേടിച്ചേക്കാവോ എന്നൊരു ചോദ്യവും..

അവരുടെ വീട്ടിലെ തളിർത്തു ഉലഞ്ഞു നിൽക്കുന്ന കറിവേപ്പില കണ്ടു അവരുടെ വീട്ടിൽ പണിക്ക് വന്നയാൾ ഇല ഒടിക്കാൻ നോക്കിയപ്പോൾ പത്തു രൂപ കൊടുത്താൽ കടയിൽ നിന്ന് ഇഷ്ടം പോലെ കിട്ടുമല്ലോ എന്നു പറഞ്ഞു ചീത്ത വിളിച്ചവർ ആണ് എന്നൊക്കെ കഥ കേട്ടിട്ടുണ്ട്. അങ്ങനെ ഉള്ളവർ ആണ് പഴുത്ത ചക്ക ചോദിക്കാതെ തന്നെ തരുന്നത്. ദൈവം അല്ലാതെ ആരായിരിക്കും അവരെ അങ്ങനെ തോന്നിപ്പിച്ചത്..
Praise the lord..

ചെറിയ ചുളകൾ ഉള്ള നല്ലമധുരമുള്ള ചക്ക..കിട്ടിയതും തീർന്നതും അഞ്ച് മിനുട്ടിൽ ആയിരുന്നു..
ലോക്ക് ഡൗണ് ആകുമ്പോൾ മനുഷ്യർ അവരുടെ മനസ്സു ഓപ്പൺ അപ് ആക്കുന്നതാകും ചിലപ്പോൾ

2020 ഏപ്രിൽ 4, ശനിയാഴ്‌ച

ലോക്ക്ഡൗണ് ഡയറി (1)

അടുക്കള ജനൽ ആണ് എന്റെ പുറംലോകത്തെക്കുള്ള വാതിൽ.എന്റെ കുഞ്ഞിക്കിളികളുടെ ലോകം അവിടെയാണ്. അടുത്തടുത്തു വീടുകൾ ഉള്ളതാണ്. ജനലിൽ കൂടെ നോക്കുമ്പോൾ കാണുന്ന ആദ്യ രണ്ടു വീടുകളും ഒറ്റനില വീടുകൾ ആണ്..മൂന്നാമത്തേത് രണ്ടു നില .അതിന്റെ മുകൾ ഭാഗം വാടകക്ക് കൊടുത്തിരിക്കുന്നു എന്നു കേട്ടിരുന്നു.

എഫ് എം റേഡിയോ കേട്ടു പാചകം ചെയ്യുന്നതിനിടയിൽ മരത്തിൽ വന്നിരിക്കുന്ന കിളികളെയും കുയിലിനെയും വായിൽ നോക്കി ഞാൻ എന്റെ ലോകത്തിൽ അങ്ങനെ നിൽക്കുമ്പോൾ മൂന്നാമത്തെ വീടിന്റെ മുകളിൽ ഒരു തല കാണുന്നത്.  ആദ്യത്തെ ദിവസം അതത്ര ശ്രദ്ധിച്ചില്ല..പിന്നീടുള്ള രണ്ട് ദിവസവും ആ തല അവിടെ പ്രത്യക്ഷപ്പെടുകയും നമ്മുടെ വീട്ടിലേക്ക് നോക്കി നിൽക്കുകയും ചെയ്യുന്നത് കണ്ട് കണവനെ വിളിച്ചു കാണിച്ചു കൊടുത്തു.

അവൻ അങ്ങനെ നോക്കി നിൽക്കുന്നതിൽ നിനക്കു ബുദ്ധിമുട്ടുണ്ടോ..🤔

എനിക്കു എന്ത് കുഴപ്പം, അവിടെങ്ങാനും അല്ലെ😎

അല്ല ബുദ്ധിമുട്ടിണ്ടെങ്കിൽ അവിടെ പോയി പറയാം

🙄🙄

ലോക്ക് ഡൗണ് അല്ലെ..വീട്ടിലിരുന്നു അവനു ബോറടിക്കുന്നുണ്ടാകും..അവനിതൊരു എന്റർടൈന്മെന്റ് ആകും..അവിടിരുന്നു ചുമ്മാ നോക്കട്ടെ..😁  വിശാലമാനസ്കൻ ആയ ആശാൻ അടുക്കളയിൽ നിന്നും നിർഗമിച്ചു..





2020 ഏപ്രിൽ 2, വ്യാഴാഴ്‌ച

കൊറോണക്കാലം

കൊറോണയെക്കുറിച്ചു പത്രത്തിലും വാർത്തയിലും കേൾക്കുമ്പോൾ ഏതോ നാട്ടിൽ അല്ലെ നമുക്ക് കുഴപ്പം ഒന്നുമല്ലല്ലോ എന്നൊരു തോന്നൽ ആയിരുന്നു..കേരളത്തിൽ അത്തരം രോഗികളെ കുറിച്ചു കേൾക്കുമ്പോഴും നിപയെ നേരിട്ടവരല്ലെ നമ്മൾ എന്നൊരു അഹങ്കാരം..ഇതെല്ലാം ഒന്നു കുറഞ്ഞത് പത്തനംതിട്ടയിലെ ആദ്യവിവരങ്ങൾ പുറത്തു വന്നപ്പോൾ ആണ്.

ഇതേ സമയത്തു തന്നെയാണ് ഒന്നരവർഷമായി വിദേശത്തുള്ള മകൻ ലീവിൽ വരുന്നതും..അച്ഛനെയും അമ്മയെയും സർപ്രൈസ് ആക്കാൻ വേണ്ടി അവരോട് പറഞ്ഞതിനു രണ്ട് ദിവസം മുൻപേ ടിക്കറ്റ് എടുത്തു സുഹൃത്തുക്കളുമൊത്തുള്ള പരിപാടികൾ പ്ലാൻ ചെയ്തു നാട്ടിലേക്ക് വരുന്ന ഇരുപത്തിമൂന്നുകാരൻ. സോഷ്യൽമീഡിയയിലും പത്രങ്ങളിലും വരുന്ന വാർത്തകൾ കണ്ടു ഭയപ്പെട്ടു ടിക്കറ്റ് ക്യാൻസൽ ആക്കാൻ വേണ്ടി പറയുമ്പോൾ ആണ് അവന്റെ സർപ്രൈസ് പ്ലാൻ പൊളിഞ്ഞത്..ടിക്കറ്റ് ക്യാൻസൽ ചെയ്യില്ല നാട്ടിലേക്ക് വരുമെന്നവൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നെട്ടോട്ടം ആയിരുന്നു. പേടിയും പിരിമുറുക്കവും കൂടിയപ്പോൾ ദിശയുടെ നമ്പറിലേക്ക് വിളിച്ചു..മൂന്നോ നാലോ വിളികൾക്കു ശേഷം ഫോൺ എടുത്തയാൾ ഞാൻ പറഞ്ഞത് മുഴുവനും ക്ഷയോടെ കേട്ടു  അവൻ വന്നതിനു ശേഷം ചെയ്യേണ്ട കാര്യങ്ങൾ  പറഞ്ഞു തന്നതിന് ശേഷം കോഴിക്കോട്ടെ ഹെല്പ് ഡെസ്കിന്റെ നമ്പർ തന്നു അവിടെ വിളിച്ചു പറയാൻ പറഞ്ഞു.. അവിടെയും വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു. കുടുംബത്തിലെ ആളുകൾ അവനുമായി ഒരു തരത്തിലും.ബന്ധം പുലർത്തരുത് എന്നും എന്തൊക്കെ ചെയ്യണം ചെയ്യണ്ട എന്നതിനെക്കുറിച്ചും ഒരു ചെറിയ ക്ലാസ് തന്നു. പൊട്ടചോദ്യങ്ങളുടെ ഉസ്താദ് ആയ ഞാൻ കുറെ പൊട്ടസംശയങ്ങൾ ഒക്കെ ചോദിച്ചു..എല്ലാത്തിനും ഒരു മുഷിപ്പും കൂടാതെ മറുപടി പറയുകയും പേരും അഡ്രസ്സും ഫോൺ നമ്പറും വാങ്ങി വെക്കുകയും ചെയ്തു..എല്ലാ സംശയങ്ങളും ദുരീകരിച്ചെങ്കിലും ചുറ്റും കേൾക്കുന്ന വാർത്തകൾ അസ്വസ്ഥത കൂട്ടികൊണ്ടേയിരുന്നു..

 ഒന്നര വർഷത്തിന് ശേഷം ഏകമകനെ കാണുകയാണ്..കെട്ടിപിടിക്കണം ഉമ്മ വെക്കണം എന്നൊക്കെയുണ്ട്..പക്ഷെ ദിശയിൽ നിന്നും പറഞ്ഞു തന്ന പ്രോട്ടോകോൾ അതിനെല്ലാം തടസ്സമായി നിന്നു..വന്നയുടനെ അവന്റെ അച്ഛൻ അവനെ കുളിമുറിയിലേക്ക് വിടുന്നതും ബക്കറ്റിൽ നിറച്ചു വെച്ച ഡെറ്റോൾ വെള്ളത്തിലേക്ക് ഉടുത്ത തുണിയെല്ലാം അഴിച്ചിട്ടു കുളിച്ചു പുറത്തു വരാൻ പറയുന്നതും മാറി നിന്നു നോക്കിയിരുന്നു
കണക്കപിള്ള ആയത് കൊണ്ട് ലീവു എടുക്കാൻ ബുദ്ധിമുട്ടായിരുന്നു എനിക്ക്..അത്കൊണ്ട് തന്നെ നിരീക്ഷണകാലയളവായ പതിനാലു ദിവസം അവനുമായി യാതൊരു വിധ ബന്ധവും ഇല്ലാതിരിക്കാൻ ശ്രമിച്ചത് വളരെയധികം ബുദ്ധിമുട്ടിയാണ്..അമ്മമനസ്സു ഇടക്കൊക്കെ കൈ വിട്ടു പോകാൻ നോക്കും..അപ്പോൾ ഓഫീസിലെ ദിവസകൂലിക്കാരായ ആളുകളെ ഓർമ്മ വരും..മനസ്സിനെ പറഞ്ഞും പഠിപ്പിച്ചും പതിനാലു ദിവസം തള്ളി നീക്കിയത് പതിനാലു യുഗങ്ങൾ പോലെയാണ്. വീട്ടിലേക്കു ആരെയും വരാൻ അനുവദിക്കാതെ ഇരുന്ന ദിവസങ്ങൾ..

ഫുട്ബാൾ കളിക്കണം ,ചാടിയ വയർ കുറക്കണം ബോഡി ഫിറ്റ് ആക്കണം, കൂട്ടുകാരുടെ ടൂർ പോകണം എന്നിങ്ങനെയുള്ള കുറെ സ്വപ്നങ്ങളുമായി വന്നിറങ്ങിയവൻ ആണ് പുറത്തിറങ്ങാൻ പറ്റാതെ ഇരിക്കുന്നത്. വീട്ടിൽ അടഞ്ഞിരിക്കുന്നതിന്റെ മടുപ്പു അവനും ഉണ്ടായിരിക്കാം.അതുകൊണ്ടാണ് ചിലപ്പോഴൊക്കെ
വീടിന്റെ മുന്നിലെ റോഡിലൂടെ ഒന്നു നടന്നു വരട്ടെ എന്നു പറയുന്നത്. പോകണ്ട എന്നു പറഞ്ഞു ഉപദേശിക്കുമ്പോൾ ഒന്നു നിർത്തുമോ എന്നവൻ വിരസതയോടെ ചോദിക്കുന്നത്.. പതിനാലു ദിവസം  ആ റൂമിനു പുറത്തിറങ്ങാതെ കുറുമ്പൻ കുട്ടിയിൽ നിന്നു സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരൻ ആയി വളർന്നു അവൻ ഞങ്ങളെ അത്ഭുതപ്പെടുത്തി.


ആ ദിവസങ്ങളിൽ സോഷ്യൽ ഡിസ്റ്റൻസിങ്  പോലെ തന്നെ സോഷ്യൽ മീഡിയ ഡിസ്റ്റൻസിങ്ങും ചെയ്തു..അറിയിപ്പും അറിവും പകരുന്ന പോസ്റ്റുകൾ പലപ്പോഴും നമ്മുടെ ടെന്ഷന് കൂട്ടുന്നതാണ്..ഇറ്റലിയിലെ സ്ഥിതിവിവരക്കണക്കുകൾ വെച്ചു കേരളത്തിന്റെ വരാൻ പോകുന്ന ദുസ്ഥിതിയെ കുറിച്ചുള്ള പോസ്റ്റുകൾ തലങ്ങും വിലങ്ങും പാറി നടക്കുന്നത് കണ്ടെങ്കിലും അതിൽ ഒന്നു പോലും മുഴുവനായി വായിച്ചില്ല..മനസ്സിലെ ചൂളക്ക് തീ കൊടുക്കാൻ തോന്നാത്തത് കൊണ്ട് മാത്രം.
ദിവസവും പ്രസ് മീറ്റ് കണ്ടു...അതിൽ പറയുന്ന കാര്യങ്ങൾ മാത്രം വിശ്വസിച്ചു
മോൻ വന്നോ അവനു കുഴപ്പം ഒന്നുമില്ലല്ലോ എന്ന സാധാരണ കുശലാന്വേഷണം പോലും ഹൃദയമിടിപ്പ് കൂട്ടുന്ന കാലം. ദുബായിൽ നിന്നും വന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നു കേൾക്കുമ്പോൾ ഒരു വിറയൽ അടി തൊട്ടു മുടിയോളം പായും..പിന്നെ ഫ്ലൈറ്റ് ഡീറ്റൈൽസ് കിട്ടുന്നത് വരെ ആകാംക്ഷയും പേടിയും കൊണ്ട് ഡിപ്രെഷൻ വരുന്നത് പോലെ തോന്നിയ ദിവസങ്ങൾ.

ആ അവസ്ഥയിലേക്ക് പോകാതിരുന്നതിനു നന്ദി പറയുന്നത് നല്ല അയൽക്കാരായ ആൻസിക്കും സന്ദീപിനും ആണ്.. വിദേശത്തു നിന്നു വന്നവരോട് ഫ്ലാറ്റുകാർ കാണിക്കുന്ന വിവേചനം വാർത്ത ആയ കാലത്ത അവനു ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു  തന്ന മോറൽ സപ്പോർട്ടിന്റെ കരുത്തു വളരെയധികം ആണ്. പിന്നെ കോവിഡ്ഹെല്പ് ഡെസ്കിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകയായ അയൽക്കാരിയുടെ ഉപദേശങ്ങളും നിർദേശങ്ങളും, കുടുംബസുഹൃത്തായ ശ്രീജിത്, ഇരുപതു മിനുറ്റ്  നേരത്തെ ബസ് യാത്രയിൽ നിന്നും ഉരുത്തിരിഞ്ഞ സൗഹൃദമായ, മെസ്സേജ് അയക്കാനും വിളിക്കാനും ലോകതോൽവി ആയ എന്നെ വിളിച്ചു നല്ല കാര്യങ്ങൾ മാത്രം പറയുന്ന മീര, പിന്നെ ഇടക്കിടെ ഫോൺ വിളിച്ചും മെസ്സേജ് അയച്ചും അന്വേഷിച്ച ബന്ധുക്കൾ . മനസികപിരിമുറുക്കത്തോടെ ജോലി ചെയ്യുമ്പോൾ വരുത്തുന്ന തെറ്റുകൾ ക്ഷമിച്ച  ബോസും സഹപ്രവർത്തകരും
അടുത്തും അകലെയും ഇരുന്നു പ്രാര്ഥിച്ചവർ, നിങ്ങൾ എല്ലാം ആണ് ഈ സംഘര്ഷകാലം കടന്നുപോകാൻ ഞങ്ങൾക്കു കരുത്തേകിയത്.

അവൻ വന്ന ഫ്‌ളൈറ്റിൽ രോഗമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല അത് കൊണ്ട് തന്നെ പ്രൈമറി കോണ്ടാക്ട് ഒന്നുമില്ലാത്തത് കൊണ്ട് പതിനാലു  ദിവസത്തെ സെല്ഫ് ക്വാറന്റിൻ കഴിഞ്ഞു അവനെ ഒന്നു തൊട്ടപ്പോൾ, നെറ്റിയിൽ ഒരുമ്മ കൊടുത്തു അമ്മയുടെ മോൻ നല്ലകുട്ടി ആണല്ലോ എന്നു പറഞ്ഞപ്പോൾ എന്റെ മനസ്സും കണ്ണുകളും ഒരു പോലെ ആർദ്രമായിരുന്നു.

എയർപോർട്ടിൽ നിന്നും അവനോട് ഏഴു ദിവസം എന്നായിരുന്നു പറഞ്ഞത് ,പതിനാലു ദിവസം ഇരിക്കണമെന്ന് പറഞ്ഞപ്പോൾ "പണ്ട് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പത്തു കഴിഞ്ഞാൽ ഫ്രീ ആകും എന്നു പറഞ്ഞു പത്തു എത്തിയപ്പോൾ പ്ലസ് ടു കഴിഞ്ഞാൽ മതിയെന്നു പറഞ്ഞു അത് കഴിഞ്ഞപ്പോൾ എന്ജിനീയറിങ് എന്നു അത് പോലെ ഇപ്പോൾ നാട്ടിൽ വന്നപ്പോൾ ആദ്യം ഏഴു ദിവസം എന്നു പറഞ്ഞു പിന്നെ 14 ദിവസം ആയി അത് കഴിയുമ്പോൾ നിങ്ങൾ വേറെ എന്തെങ്കിലും പറയും"എന്നു  പറഞ്ഞത് പോലെ തന്നെ പുറത്തിറങ്ങാൻ പറ്റാതെ ലോക്ക് ഡൗണ് ആയി.. എന്നാലും ലോക്ക് ഡൗണ് കാലം   സിനിമ കണ്ടും അവനിഷ്ടമുള്ളത് ഉണ്ടാക്കി കൊടുത്തും അടി കൂടിയും വളരെ സന്തോഷത്തോട് കൂടെ തള്ളി നീക്കുന്നു.

നമ്മൾ ആരും തന്നെ സുരക്ഷിതരല്ല ഇപ്പോൾ എങ്കിലും നിരീക്ഷണകാലത്തെ ഇങ്ങനെ സംഗ്രഹിക്കാമെന്നുതോന്നുന്നു.

"സംശയത്തിന്റെ പേരിൽ
തടവിലാക്കപ്പെട്ട
നിരപാധികളെ പോലെയാണ്
നിരീക്ഷണത്തിലിരിക്കുന്ന
ഓരോ ആളുകളും
ഒന്നുമില്ലെന്ന ഫലം കിട്ടുന്നത് വരെ
ഓരോ ദിവസവും ഉള്ളിൽ
എരിഞ്ഞു തീരുന്നവർ ആണവർ.."


(ഏപ്രിൽ ഒന്നിന് ഏഷ്യാനെറ്റ് ഓണ്ലൈന് പ്രസിദ്ധീകരിച്ച കുറിപ്പ്

https://www.asianetnews.com/magazine/column/corona-days-special-series-on-covid-19-suma-rajeev-q8456c
 )







2020 ഫെബ്രുവരി 16, ഞായറാഴ്‌ച

ഈ ജീവിതം എത്ര സുന്ദരം..!!!

ഈയിടെ ആയി ഒരു ദിവസത്തിന് ഇരുപത്തിനാലു മണിക്കൂർ തികയാതെ വരുന്നത് പോലെയാണ്. ഓഫീസിലെ തിരക്കുകൾ കഴിഞ്ഞു വീട്ടിലെത്തി ഒന്നു വിശ്രമിക്കാം എന്ന് കരുതിയാലും ചിലപ്പോൾ നടക്കില്ല. ഈ ഓട്ടപാച്ചിലിനിടയിൽ വളരെയധികം ആസ്വദിച്ചിരുന്ന വായന, സിനിമ എന്നിവയൊക്കെ മൂലക്ക് ഇരുന്നു പൊടിപിടിച്ചു.

എങ്കിലും എന്നുമുള്ള ഈ ഓട്ടത്തിനു മടുപ്പു വരാതിരിക്കാൻ എന്തെങ്കിലും ഒക്കെ വേണമല്ലോ, അല്ലെങ്കിൽ ബോറടിച്ചു പണ്ടാരമടങ്ങി പോകില്ലേ. സിറ്റിക്ക് പുറത്തുള്ള ഒരു ചെറിയ ടൗണിൽ ആണിപ്പോഴത്തെ ഓഫീസ്  അങ്ങോട്ടേക്കുള്ള ബസ് യാത്രയിൽ പുഴയും വയലും നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പുമൊക്കെ ആസ്വദിച്ച് പോകുമ്പോൾ തലേ ദിവസം കാണാതിരുന്ന പൂവോ ചെടിയോ എന്തെങ്കിലുമൊക്കെ കാഴ്ചക്ക് പുതുമയൊരുക്കി നിൽക്കുന്നുണ്ടാകും.

വീടിനു അടുത്ത് വരെ വരുന്ന ബസ് കിട്ടാത്തത് കൊണ്ടാണ് മെഡിക്കൽ കോളേജ് ബസ് കേറി അവിടെ നിന്നും ഓട്ടോ പിടിച്ചു വീട്ടിലേക്ക് വരാൻ  തുടങ്ങിയത്. മൂന്നാമത്തെ ദിവസം ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ആണ് ചുവപ്പു കത്തിച്ചു നിൽക്കുന്ന അസ്തമയ സൂര്യനെ കണ്ടത്. ഓട്ടോ വിളിക്കാതെ സൂര്യനെയും നോക്കി  വീട്ടിലേക്കുള്ള അര കിലോമീറ്റർ ദൂരം നടക്കാൻ തുടങ്ങിയത് അന്ന് മുതലാണ്. അന്ന് മുതലാണ് അത് വരെ കാണാത്ത (ശ്രദ്ധിക്കാത്ത) പല കാര്യങ്ങളും ശ്രദ്ധയിൽ പെടുന്നത്. ഇപ്പോൾ എത്ര ക്ഷീണം ആണെങ്കിലും ബസ് ഇറങ്ങി നടക്കുക എന്നത് ഒരു ശീലമായിരുന്നു. നിറം മാറുന്ന ആകാശം, വ്യോമാഭ്യാസം നടത്തുന്ന കുഞ്ഞു കിളികൾ. മെഡിക്കൽ കോളേജിന് ചുറ്റുമുള്ള മരങ്ങളിൽ , ചേക്കേറാൻ വരുന്ന പലതരം കിളികൾ ഉണ്ട്. അവയിൽ വളരെ ചെറുതായിട്ടുള്ള ഒരു പറ്റം കിളികൾ ആണ് അഭ്യാസികൾ. ഒരേ വരിയിൽ ഉയർന്നു പൊങ്ങി പിന്നെ ഒന്ന് താഴ്ന്നു പറന്നു ഒരു സെക്കന്റ് നേരത്തേക്ക് പറക്കാതെ നില്ക്കുന്നു എന്ന് നമുക്ക് തോന്നും വിധം നിന്നു  പതുക്കെ പറന്നു മരച്ചില്ലകളിൽ ചേക്കേറുന്നു.




എന്നും കാണുന്ന കാഴ്ച ആയത് കൊണ്ടാകും ആർക്കും അതൊന്നും വലിയ പുതുമ അല്ലാത്തത്. കിളികളുടെ പറക്കൽ കണ്ടു ആകാശം നോക്കി നടക്കുന്ന എന്നെ ഇവളേത് നാട്ടുകാരി എന്ന മട്ടിൽ ചിലരൊക്കെ നോക്കുന്നുണ്ട്. ഇന്ന് മരത്തിലിരിക്കുന്ന കിളിക്കൂട്ടത്തിന്റെ ഫോട്ടോ എടുക്കുമ്പോൾ ഇതെന്തോന്ന് എന്ന മട്ടിൽ  പലരും മരത്തിന്റെ മണ്ടയിലേക്ക് നോക്കുന്നുണ്ട്. എന്നാലും അതൊന്നും മൈൻഡ് ചെയ്യാതെ ഇതൊക്കെ ആസ്വദിച്ച് നടക്കുമ്പോൾ ഹാ ജീവിതമേ നീ എത്ര സുന്ദരി എന്നങ്ങു പറയാൻ തോന്നും.

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...