മഴ ജനല്ചില്ലകളില്‍ ബാക്കി വെച്ച് പോയ മഴത്തുള്ളികളെ നോക്കി സ്വയം മറന്നു ഇരിക്കുമ്പോള്‍ ആണ് കാല്ലിംഗ് ബെല്ലിന്റെ ശബ്ദം എന്നെ ഉണര്‍ത്തിയത്. സ്വകാര്യത നശിപ്പിക്കാന്‍ വന്നത് ആരെന്നു നോക്കാന്‍ ഒരല്പം നീരസത്തോടെ ആണ് വാതില്‍ തുറന്നത്. ഒരിക്കലും കാണുമെന്നോ കാണാന്‍ ആഗ്രഹികുകയോ ചെയ്യാത്ത ഒരാളെ ആണ് കണ്ടത്. ഉള്ളിലേക്ക് കയറി ഇരിക്കാന്‍ പറയുനതിനു പകരം പുറത്തേക്കു ഇറങ്ങാന്‍ ആണ് എന്നെ മനസ് പ്രേരിപിച്ചത്. ചാവടിയിലേക്ക് കൈ കാണിച്ചു ഇരിക്കാന്‍ പറഞ്ഞു.
പിന്നെ അവിടെ നിശബ്ധത ആയിരുന്നു സംസാരിച്ചത്. പരസ്പരം കണ്ണുകളില്‍ നോക്കാതെ ..ഒന്നും ചോദിക്കാതെ ഒന്നും പറയാതെ എന്തൊക്കെയോ പറഞ്ഞു. ആ മൌനത്തിനു വിരാമമിട്ടത് വന്ന ആള്‍ തന്നെ ആയിരുന്നു. എന്ത് പറയണം എന്നറിയാതതുകൊണ്ടോ ശബ്ദം പുറത്തു വരാത്തത് കൊണ്ടോ എന്നറിയില്ല ഒരു മുരടനക്കത്തോടെ ആണ് സംസാരിക്കാന്‍ തുടങ്ങിയത്.
" അറിയാന്‍ വൈകി..ഏറ്റവുമാദ്യം അറിയേണ്ട ആളായിരുന്നു ഞാന്‍ എന്നിട്ടും..... അറിഞ്ഞു കഴിഞ്ഞപ്പോള്‍ വന്നു കാണണം എന്ന് തോന്നി അതാ വന്നത്. തെറ്റ് ആയില്ലലോ അല്ലേ??"
തെറ്റ്, ശരി ഇതൊന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന ഒരവസ്ഥയില്‍ അല്ലാത്തതുകൊണ്ട് മൌനം തന്നെ മറുപടി ആയി കൊടുത്തു.
" ഒറ്റക്കായി അല്ലേ, നമ്മുടെ സൌഹൃദം കാലഭേദങ്ങള്‍ കടന്നു ജനമാന്തരങ്ങളിലൂടെ തുടര്‍ന്ന് പോകുമെന്ന് കരുതിയവരല്ലേ നമ്മള്‍? ഇപ്പോള്‍ എവിടെ എന്നോ എങ്ങനെ എന്നോ പരസ്പരം അറിയാത്തവര്‍ ആയി.. വിധി...എങ്കിലും എന്തോ നിന്റെ ഒറ്റപെടല്‍ ഞാന്‍ അറിഞ്ഞു..ഒരു പക്ഷെ നമ്മുടെ സൌഹൃദത്തിന്റെ ശക്തി ആകാം അത്.." ഒന്ന് നിര്‍ത്തി എന്റെ മുഖത്തേക്ക് നോക്കി വീണ്ടും തുടര്ന്നു,
" ഇപ്പോള്‍ ഇവിടുത്തെ കാര്യങ്ങള്‍ എല്ലാം??"
ചോദ്യം ഉത്തരം അര്‍ഹിക്കുന്നത് തന്നെ. പക്ഷെ ഒന്നും പറയാന്‍ ആഗ്രഹിച്ചില്ല.
പിന്നെ ബാഗില്‍ നിന്നും എടുത്ത ഒരു കവര്‍ എടുത്തു നീട്ടി അയാള്‍ പറഞ്ഞു " ഇത് ഒരു ബ്ലാങ്ക് ചെക്ക് ആണ്.നിന്റെ ആവശ്യങ്ങള്‍ക്ക്"
ഒരു നിമിഷം ഉള്ളിലെ അടക്കി വെച്ച അമര്‍ഷവും വേദനയും ഒരുമിച്ചു പൊട്ടി ഒഴുകി.
ചോദിക്കാന്‍ തോന്നി ഏതു അക്കത്തിന്റെ വലതു വശത്ത് എത്ര പൂജ്യങ്ങളുടെ വില ആണ് സൌഹൃദത്തിനു ഇട്ടിരിക്കുന്നതെന്ന്.ഒന്നും ചോദിച്ചില്ല പകരം എനിക്കൊന്നു കിടക്കണം എന്ന് പറഞ്ഞു ആ കണ്ണുകളില്‍ തെളിഞ്ഞതു അമ്പരപ്പോ വിഷമമോ എന്ന് തിരിച്ചറിയാന്‍ ആകാത്ത വികാരത്തെ കണക്കിലെടുക്കാതെ വാതില്‍ ചേര്‍ത്തടച്ചു.