2013, ഫെബ്രുവരി 25, തിങ്കളാഴ്‌ച

നേരം കെട്ട നേരത്തെ ചില (പ്രണയ) ചിന്തകള്‍

അരങ്ങും ആരവവും ഒഴിഞ്ഞു. പ്രണയം കൊണ്ടാടിയ  സോഷ്യൽ  നെറ്റ്‌വർക്ക് പേജുകൾ  ഒഴിഞ്ഞ പൂരപറമ്പ് പോലെ ആയി. പ്രണയത്തെ  കുറിച്ച് വാ തോരാതെ പറഞ്ഞവർ  ഒന്നും ഫെബ്രുവരി പതിനാലിനു  ശേഷം പ്രണയിക്കുന്നില്ലേ ആവോ? എന്തായാലുംചില പോസ്റ്റുകളും വാർത്തകളും കാണുമ്പോള്‍ " കാതലുക്ക് കണ്കൾ  ഇല്ലൈ യാരോ സൊന്നാനെ, മൂളയ് കൂടേ ഇല്ലൈ എന്ട്രു സൊന്നേന്‍ നാനെ " എന്ന തമിഴ് പാട്ട് ഓർമ  വരും.

ഐഡിയയും എസ് ബി ഐ ലൈഫും പരസ്യങ്ങളിലൂടെ  പ്രണയത്തിനു പ്രായമില്ല എന്നു കൊട്ടിഘോഷിക്കുംമ്പോഴും പ്രണയ ദിനത്തില്‍ പ്രണയത്തെ കുറിച്ച് എഴുതിയവരെല്ലാം ഒരു ചതുരവടിവില്‍  പിങ്ങുകളും ഉമ്മകളും , ഇ കാർഡ്‌ , ഇ ഗിഫ്ടുകളും മാത്രം ആയി ഒതുങ്ങുന്ന പ്രണയത്തെ ഓർത്തു പരിതപിച്ചു. നമ്മുടെ കാഴ്ചകള്‍ എല്ലാം ഒരു   ചതുരത്തില്‍  മാത്രം ആയി ഒതുങ്ങുമ്പോള്‍ പ്രണയം മാത്രം വിശാലം ആകണം എന്ന് വാശിപിടിക്കാമോ?

പ്രണയദിനത്തിൽ    തന്‍റെ പ്രണയിനിക്ക് ഇഷ്ടപെട്ട,അവൾ  ഒരു പാട് തിരഞ്ഞു നടന്നിട്ടും കിട്ടാത്ത ഗാനങ്ങളുടെ കരോക്കേ ഉറക്കമിളച്ചിരുന്നു ഡൌൺലോഡ് ചെയ്തു സി ഡി ആക്കി പ്രണയദിനസമ്മാനം കൊടുത്ത ഒരു പ്രണയിതാവിനെ കണ്ടപ്പോൾ , യഥാർത്ഥ പ്രണയം  നമ്മുടെ  ഇടയിൽ  നിന്നും എങ്ങും പോയില്ല എന്ന്  അറിയുമ്പോൾ  കുഴപ്പം നമ്മുടെ കാഴ്ചക്കല്ലെ എന്ന് തോന്നി പോകുന്നു.ഒട്ടും പ്രതീക്ഷിക്കാതെ ഒരു പാട്ആഗ്രഹിച്ച ആ സമ്മാനം കിട്ടിയപ്പോൾ   അവനെ ചേർത്ത് പിടിച്ചു ഉമ്മ വെക്കുമ്പോൾ  അവളുടെ കവിളിലൂടെ ഒഴുകിയ കണ്ണുനീരിൽ  പ്രതിഫലിച്ചത് അവന്റെ കണ്ണിലെ സ്നേഹത്തിന്റെ  കെടാവിളക്കുകൾ  ആയിരിക്കും

'There are times when it's better to choose to love a person in silence, for in silence you will find no rejection' അജ്ഞാതൻ  ആയ ഏതോ നിശബ്ദ പ്രണയിനി നിരാസനം പേടിക്കുന്നവർക്ക് നിശബ്ദമായും പ്രണയിക്കാം എന്ന് പറയുമ്പോൾ ,  അരികിൽ  അണയാതെ ദൂരെ മാറി നിന്ന്  കൃഷ്ണനെ പൂജിച്ച ഗോപികയുടെ സ്നേഹവും വേദനയും കൃഷ്ണാ നീയെന്നെ അറിയില്ല എന്ന  കവിതയിലൂടെ സുഗതകുമാരി വരച്ചു കാണിക്കുമ്പോൾ  , അറിയുന്നു ഗോപികേ നിന്നെ ഞാൻ   നീ നിന്നെ  അറിയുന്നതിനേക്കാളുമാധികമായി എന്ന് അയ്യപ്പ പണിക്കർ  മറുപടി പറയുമ്പോൾ   പ്രണയം നിശബ്ദം ആയാലും ശക്തം തന്നെ എന്ന് മനസിലാക്കാം


പ്രണയിതാക്കളേക്കാൾ  പ്രണയത്തിന്റെ പിരിമുറുക്കം കൂടുതൽ   അനുഭവിക്കുന്നവർ  അവർക്കിടയിലെ ഹംസം ആണെന്നാണ്   എന്നാണ്  തോന്നുന്നത് .സന്ദേശം കൃത്യ സമയത്ത് ആരുടേയും കണ്ണിൽ  പെടാതെ കൃത്യ സ്ഥലത്ത്    എത്തിക്കാൻ  വേണ്ടി പെടുന്ന പാട്  കുറച്ചൊന്നുമല്ല. കുറെയേറെ പ്രണയങ്ങൾക്ക് ഹംസവും കാവല്ക്കാരിയും ആയ അനുഭവിച്ചതിന്റെ  വെളിച്ചത്തിൽ  പ്രണയിക്കുകയെ വേണ്ട എന്ന ഒരു തീരുമാനം മനസ്സിൽ  ഉറഞ്ഞു കൂടി.പിന്നീടെപ്പോഴോ പ്രണയത്തിന്റെ ഇടവഴിയിലേക്ക് അറിയാതെ നടന്നെത്തിയപ്പോളും കഥകളിലും കവിതകളിലും വായിച്ചറിഞ്ഞ പ്രണയതീവ്രത സെൻസെരിംഗ്  കഴിഞ്ഞു കയ്യിലെത്തുന്ന കത്തുകളിൽ   ഉണ്ടായിരുന്നില്ല. നാലു  വർഷത്തിനിടയിലെ രണ്ടു കൂടികാഴ്ചകളിൽ  ചെമ്പകത്തിന്റെയും ഇലഞ്ഞിയുടെയും പ്രണയഗന്ധവും ഉണ്ടായിരുന്നില്ല.ആദ്യ കൂടികാഴ്ചക്ക് ഇന്ത്യൻ കോഫീ ഹൗസിലെ  കാപ്പിയുടെ മണമായിരുന്നു. രണ്ടാമത്തേതിന് എനിക്കൊട്ടും ഇഷ്ടമില്ലാതിരുന്ന സിഗരിറ്റിന്റെ മണവും. ഒരു പക്ഷെ തീവ്രത  അറിയാത്തതിനാല്‍ ആകാം വീട്ടുകാർ ,ജാതി  എന്നിവയുടെ  മുന്നിൽ  പരാജയപെട്ടു ഇവരെ ഒന്നും എതിർത്ത്  ജീവിക്കാൻ  കഴിയില്ല എന്ന്  പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ  ഇടനെഞ്ചു പൊട്ടുന്ന വേദന  ഉണ്ടാകാതിരുന്നത്.




15 അഭിപ്രായങ്ങൾ:

  1. പ്രണയം നിരന്തരമായി ഒഴുകികൊണ്ടിരിക്കുന്ന ഒരു നദി പോലെയാണ്...തീവ്രമായി പ്രണയിക്കുന്ന സുഖം ഇല്ല, പ്രണയിക്കപ്പെടുമ്പോള്‍. -
    എന്നാല്‍ എല്ലാവരും കരുതുന്നത് തിരിച്ചു കിട്ടുന്നില്ല എങ്കില്‍ പ്രണയം അപ്രസക്തമാണ് എന്നാണു. ഈ അപകടം വ്യക്തികളെ പ്രണയിക്കുമ്പോള്‍ മാത്രമേ ഉണ്ടാകാറുള്ളൂ, അധികവും. സംഗീതത്തെ തീവ്രമായി പ്രണയിക്കുന്ന പലരും, സ്വന്തമായി രണ്ടു വരി പാടാന്‍ കഴിയാത്തവരാണ്.
    ഇരുട്ടില്‍ കത്തിച്ചു വെച്ച മെഴുകുതിരി പോലെ ആകട്ടെ എന്‍റെ പ്രണയം . സ്വയം ഉരുകി തീരുന്നത് വരെ വെളിച്ചവും ചൂടും ഞാന്‍ തരും. ചേര്‍ന്ന് നിന്നാല്‍ എനിക്ക് നിന്‍റെ മുഖം കാണാം, നിനക്ക് എന്‍റെ ചൂടറിയാം. ഊതിക്കെടുത്തരുത് ഈ വെളിച്ചം, തൊട്ടു നോക്കി സ്വയം പൊള്ളിക്കരുത്.

    മറുപടിഇല്ലാതാക്കൂ
  2. പ്രണയത്തിനു പ്രായമോ, കാലമോ, ലിങ്കമൊ , രാത്രിയോ, പകലോ ആകാശമോ ഭൂമിയോ, എന്നില്ല!!... എന്തിനെയും ഇതു സമയത്തും ഒരു പോലെ ലാഭെച്ഛ കൂടാതെ പ്രണയിക്കാന്‍ കഴിയുന്നത് ഒരു മനുഷ്യന്റെ ഏറ്റവും മഹത്തായ ഗുണം ആണ്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ ഗുണം എവിടൊക്കെയോ മിസ്സ്‌ ആയി എന്നാണ് പൊതുജനാഭിപ്രായം..:)

      ഇല്ലാതാക്കൂ
  3. കാമുകന് കാമുകിക്ക് കൊടുക്കാന്‍ പാട്ട് വേണം എന്ന് പറയുമ്പോള്‍, രാത്രി ഉറക്കമളച്ചു അതു ഒപ്പിച്ചു കൊടുക്കുന്ന ഹംസം എന്നും തിരശീലയ്ക്കു പിന്നില്‍ ഒളിഞ്ഞു നിന്ന് നിശബ്ദമായി പുഞ്ചിരിക്കുന്നു,
    പ്രണയിതാക്കളോ അവരെ ഉറ്റു നോക്കുന്ന ലോകമോ ഒരിക്കലും കാണാത്ത ഒരു തുള്ളി സന്തോഷത്തിന്റെ കണ്ണുനീര്‍

    മറുപടിഇല്ലാതാക്കൂ
  4. ഒരിക്കല്‍ 15 വയസ്സ് പ്രായമുള്ള ഹംസം കേറി അങ്ങ് പ്രണയിച്ചു, അതും പ്രിയ കൂട്ടുകാരിയുടെ കാമുകനെ. ത്യാഗം കലര്‍ന്ന വേദനിക്കുന്ന പ്രണയം.. പിന്നീട് കൂട്ടുകാരി അത് കണ്ടുപിടിക്കുന്നു , പുസ്തക കുറിപ്പുകളില്‍ നിന്നും.. പരസ്പരം കെട്ടിപ്പിടിച്ചു ത്യാഗ സന്നദ്ധരായ കൂട്ടുകാര്‍..
    ... ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു .. 3 ആളും 3 ഇടങ്ങളില്‍ ഇപ്പോള്‍.. .......അല്‍പ്പം പോലും സ്നേഹം മാറാതെ തന്നെ, നല്ല കൂട്ടുകാരായി.. .
    നല്ല സുഖമുള്ള സത്യസന്ധമായ എഴുത്ത് സുമ :)

    മറുപടിഇല്ലാതാക്കൂ
  5. പ്രിയപ്പെട്ട സുമ,

    ഈ വഴി എപ്പോഴോ മറന്നു പോയി .

    സ്നേഹത്തിന്റെ പിരിഞ്ഞു പോയവഴികളില്‍ ,നഷ്ടത്തിന്റെ വേദന അനുഭവപ്പെടുന്നില്ലെങ്കില്‍ ,അതൊരു ഭാഗ്യം തന്നെ.

    കാലൊച്ച കേള്‍പ്പിക്കാതെ,അപ്രതീക്ഷിതമായി കടന്നു വരുന്ന സ്നേഹം ഹൃദയത്തോട് ചേര്‍ത്ത് വെക്കണം . അതൊരു അപൂര്‍വ ഭാഗ്യമാണ് .

    മനോഹരം,നേരിന്റെ ഈ വരികള്‍ .

    അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മറന്നു പോയ വഴിയിലൂടെ ഉള്ള തിരിച്ചു നടത്തത്തിന് നന്ദി ..:)

      ഇല്ലാതാക്കൂ
  6. എന്‍റെ അഭിപ്രായത്തില്‍ മനുഷ്യര്‍ പ്രണയം അതിന്‍റെ എല്ലാ തീവ്രതയോടും കൂടി
    ഒരുതവണയെങ്കിലും ആസ്വദിക്കണം, കാരണം തീയില്‍ തൊട്ടാലല്ലെ ചൂടറിയൂ .
    ഞാന്‍ അങ്ങനെ ചൂട് അനുഭവിച്ചറിഞ്ഞത് കൊണ്ട് feb 14 ഒരു തരത്തിലുള്ള സന്തോഷവും തരുന്നില്ല , മാത്രമല്ല എനിക്ക് ആ ദിവസത്തോട് താല്‍പര്യവും ഇല്ല. സ്നേഹിക്കാന്‍ ഒരു ദിവസമേ .... :), ദിവസംതോറും ..അല്ല .. നിമിഷംതോറും സ്നേഹിക്കൂ .......
    നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
  7. പ്രണയത്തിന്റെ ഭാവങ്ങള്‍ മാറുന്നു

    മറുപടിഇല്ലാതാക്കൂ
  8. Chechi.... മനസിൽ തോന്നും പക്ഷേ ഉദ്ദേശിച്ച രീതിയിൽ പുറത്തു വരാതെ തങ്ങിനിൽക്കും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുറത്തു വരാതെ നിൽക്കുന്നതിനാൽ ഭംഗി..ഉദ്ദേശിച്ച രീതിയിൽ പറഞ്ഞു പോയാൽ പിന്നെ തീർന്നു..;)

      ഇല്ലാതാക്കൂ
  9. Chechi.... മനസിൽ തോന്നും പക്ഷേ ഉദ്ദേശിച്ച രീതിയിൽ പുറത്തു വരാതെ തങ്ങിനിൽക്കും.

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...