2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

എന്താ എല്ലാവരും ഇങ്ങനെ???

മുന്നിൽ തണുത്ത് മരവിച്ച ശരീരം..
പിന്നിൽ ജീവന്റെ അവസാനശ്വാസം പിടിച്ചു വെക്കാൻ ഉള്ള ഓട്ടം
കോവൂരിൽ റോഡ്‌ മുറിച്ചു കടന്നു ഡിവൈഡറിൽ നിൽക്കുമ്പോൾ ഒരേ സമയം എന്റെ മുന്നിലൂടെയും പിന്നിലൂടെയും കടന്നു പോയ രണ്ടു ആംബുലൻസുകൾ.
ജീവിതത്തിന്റെ രണ്ടവസ്ഥകളെ ഒരുമിച്ചു കാണിച്ചു തന്നതു ഒരു പക്ഷെ എന്റെ മനസ്സിലെ ആവശ്യമില്ലാത്ത ചിന്തകളെ ഒഴിവാക്കാനായിരിക്കാം. എത്ര ഓടി പിടഞ്ഞാലും അവസാനം ഇത്രയേ ഉള്ളൂ എന്ന ഓർമ്മപെടുത്തൽ.

തിങ്കളാഴ്ച വൈകുന്നേരം മാവൂർ റോഡിൽ നല്ല തിരക്ക്. എല്ലാവരും ഓട്ടത്തിൽ ആണ്. അതിനിടയിലേക്ക് സൈറണ്‍ മുഴക്കി വന്ന ആംബുലൻസ്. അകത്തേക്കോ പുറത്തേക്കോ എന്നറിയാത്ത ഏതോ ജീവൻ  അതിൽ പിടയുന്നുണ്ടാകും. നോക്ക് കുത്തി പോലെ നില്ക്കുന്ന ഹോം ഗാർഡ് . അപ്പുറത്തെ ഒഴിഞ്ഞു കിടക്കുന്ന വണ്‍ വേയിലേക്ക് താല്കാലിക ഡിവൈഡർ എടുത്തു മാറ്റി ആംബുലൻസിനെ മുന്നോട്ടു വിടാം. പക്ഷെ ആരും അതിനു ശ്രമിച്ചില്ല. അതിനിടയിൽ വണ്ടികൾ അനങ്ങി തുടങ്ങി , വേഗം മുന്നോട്ടെടുത്ത ആംബുലൻസിനു മുന്നിൽ ഒരു സ്വിഫ്റ്റ് കാറിനുള്ളിൽ രണ്ടു ന്യൂ  ജെൻ പയ്യൻസ്. ആംബുലൻസിലെ സഹായി അതിന്റെ വാതിലിനടിച്ചു ശബ്ദമുണ്ടാക്കുമ്പോൾ കാർ മാറ്റാതെ തന്നെ എന്തൊക്കെയോ വിളിച്ചു പറയുന്നു അവർ.. എന്തായാലും അവർ ഒന്ന് മാറിയപ്പോൾ വേഗം മുന്നിലെക്കെടുത്തു പോയി ആംബുലൻസ്. ഇതൊക്കെ കണ്ടു നിന്ന ഹോം ഗാർഡിനോട് എന്ത് ചെയ്യാൻ നില്കുകയാണ് എന്നു ചോദിക്കണം എന്ന് തോന്നി. അപ്പോഴേക്കും ഒരു ഓട്ടോക്കാരനെ മര്യാദ പഠിപ്പിക്കാൻ അയാൾ റോഡിലെക്കിറങ്ങി.

മറ്റൊരു ദിവസം  രാവിലെ പൊറ്റമ്മൽ ജങ്ക്ഷൻ കഴിഞ്ഞ ഉടനെ ബസിനു പിറകിൽ ആംബുലൻസ് സൈറണ്‍ . രണ്ടു ബസ്സുകൾ തമ്മിലുള്ള സമയവ്യത്യാസം ഒന്നോ രണ്ടോ മിനിറ്റ് മാത്രം ആണ് എങ്കിലും ആംബുലൻസ് കണ്ട ഡ്രൈവര് ബസ്‌ ഒതുക്കിയിട്ടു അതിനു പോകാൻ വഴി ഒരുക്കി. പക്ഷെ മുന്നിലെ കാറുകാരൻ , അയാൾക്ക് ഇതിനെക്കാൾ വലിയ തിരക്കാണ് എന്ന് തോന്നുന്നു സൈഡ് കൊടുത്തില്ല. ഇത് കണ്ടപ്പോൾ ആംബുലൻസ് എന്ന ഷോർട്ട് ഫിലിം എനിക്ക് ഓർമ വന്നു .

എന്താണ് എല്ലാവരും ഇങ്ങനെ ആയതു?
ഒന്ന് സൈഡ് കൊടുത്താൽ ഒരു ജീവൻ രക്ഷിക്കാം..എന്നിട്ടും!!!


13 അഭിപ്രായങ്ങൾ:

  1. എന്ത് ചെയ്യാം... അഹങ്കാരം... അല്ലാതെന്ത് പറയാൻ... നാളെ നമുക്കും ഈ അവസ്ഥ വന്നു കൂടേ എന്ന് ഒരു നിമിഷം ചിന്തിക്കാനുള്ള ആർജ്ജവമില്ലായ്മ...

    മറുപടിഇല്ലാതാക്കൂ
  2. മനുഷ്യത്വം കുറവാണ് നമ്മുടെ ജനങ്ങള്‍ക്ക് എന്ന് പറഞ്ഞാല്‍ ചിലര്‍ പറയും: “ഓ അവനൊക്കെ കുറെനാള്‍ വിദേശത്ത് ജീവിച്ചപ്പോഴേയ്ക്കും നാട്ടുകാരെ പുച്ഛമായി” എന്ന്. പക്ഷെ അപ്രിയസത്യങ്ങള്‍ പറയാതിരിക്കുന്നതെങ്ങനെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് ആര് എന്ത് പറഞ്ഞാലും അങ്ങനെയേ പറയൂ ...അതാണ് ഇന്നത്തെ ട്രെൻഡ് ..:)

      ഇല്ലാതാക്കൂ
  3. നമ്മള്‍ ഒന്നുമല്ല നമ്മില്‍ ഒന്നും ഇല്ല എന്ന ബോധം വരട്ടെ എല്ലാം ശരിയാകും

    മറുപടിഇല്ലാതാക്കൂ
  4. സ്വന്തം ജീവനും സ്വന്തക്കാരുടെ ജീവനും മാത്രമേ നമുക്ക് വിലയുള്ളൂ... .
    സ്ഥലപ്പെരുകളൊക്കെ കേൾക്കുമ്പോൾ ഒരു സന്തോഷം ..മ്മളെ കോയിക്കോടല്ലേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കോയിക്കോടിനെ കുറിച്ച് കേൾക്കുമ്പോൾ ഒരു കുളിരാ അല്ലെ കീയാ..

      ഇല്ലാതാക്കൂ
  5. പോസ്റ്റിന്റെ ഗൌരവത്തെ ചെറുതാക്കുകയല്ല .. എന്നാലും കീയകുട്ടി പറഞ്ഞപോലെ സ്ഥലപേരുകൾ കേട്ടപ്പോൾ ഒരു സന്തോഷം .
    പൊറ്റമ്മൽ എന്നോ മിഠായി തെരുവ് എന്നൊക്കെയോ വായിക്കുമ്പോൾ സത്യത്തിൽ ഒരുസുഖമാണ്

    വിഷയത്തിലേക്ക് വന്നാൽ ജനങ്ങൾ സ്വാർത്ഥത മാറ്റിവെച്ച് ചിന്തിക്കട്ടെ .

    മറുപടിഇല്ലാതാക്കൂ
  6. ഒരിക്കൽ ഡ്രൈവീത് പോകുമ്പൊളിതുപോലെ.... അല്ല ഒരിക്കലല്ല. രണ്ട് തവണ.
    ആദ്യം സൈറൺ കേട്ടപ്പൊ തന്നെ സ്പീഡ് കുറച്ച് സൈഡാക്കി. പിന്നിൽ വന്ന ട്രാവലർ വാൻ ചെറുതിനെ തെറിയും വിളിച്ച് ഓവർടേക്കീത് പോയി. അവനു പിന്നാലെ ആബുലൻസും. വേറെ ബ്ലോക്കൊന്നും കിട്ടാതിരിക്കാൻ ആബുലൻസിനു പിന്നാലെ പായുന്ന വേറെ കുറെ വ(തെ)ണ്ടികളും.

    രണ്ടാമത്തെ തവണ സൈഡൊതുക്കിയപ്പോഴും കേട്ടത് തെറി തന്നെയായിരുന്നു. പക്ഷെ അവരെ കുറ്റം പറയാനും പറ്റില്യ. അപ്പുറത്തെ റോഡിൽ കൂടി പോകുന്ന ആംബുലൻസിൻ_റെ ശബ്ദം കേട്ട് ഇങ്ങേ റോഡിൽ ഞാൻ സൈഡൊതുക്കി നിർത്തണൊ! :(

    മറുപടിഇല്ലാതാക്കൂ
  7. "ആദ്യം അവനവന്റെ കാര്യം നോക്കാന്‍ പഠിക്ക് " എന്നാണ് ചെറുപ്പം മുതലേ പഠിപ്പിക്കുന്നത്. ശീലിച്ചതല്ലേ പാലിക്കൂ. അവനവനു സംഭവിക്കുമ്പോഴേ പഠിക്കൂ...

    മറുപടിഇല്ലാതാക്കൂ
  8. ഒരിക്കലെങ്കിലും ഐ.സി .യു. ആംബുലൻസിൽ കയറാൻ കഴിഞ്ഞ ആരും ഒരിക്കലും മറക്കില്ല ആ യാത്ര.

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...