2012 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ലൈഫ് ഈസ്‌ ബ്യുട്ടിഫുള്‍!!!


I can't change the direction of the wind,
but I can adjust my sails to always reach my destination.
- Jimmy Dean 


അഹങ്കാരം എന്നെ ഭരിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഒന്നുമല്ല എന്നു ബോധ്യപെടുത്താന്‍ വേണ്ടി ശരീരം ഇടയ്ക്കു പണി മുടക്കും. പേശികള്‍ വലിഞ്ഞു മുറുകുന്നവേദന. കിടക്കയെ സ്നേഹിച്ചു ചുരുണ്ട് കൂടി കിടക്കാന്‍ തോന്നുമെങ്കിലും ഭാര്യയുടെയും അമ്മയുടെയും ഓഫീസിലെയും ഉത്തരവാദിത്വങ്ങള്‍ എന്നെ മാടി വിളിക്കുന്നുണ്ടാകും.അപ്പോള്‍ വേദനസംഹാരി എടുത്തു കഴിച്ചു ഒന്ന് മയങ്ങുമ്പോള്‍ സൂര്യതെജസ്സുള്ള ഒരാള്‍ അയാളുടെ പെരുവിരല്‍ കൊണ്ട് എന്റെ നെറ്റിയില്‍ അമര്‍ത്തുന്നതായി ഞാന്‍ സ്വപ്നം കാണും .ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍ മുന്‍പെങ്ങും തോന്നാത്ത ഊർജ്ജസ്വലത യോടെ എനിക്ക് എന്റെ ജോലികള്‍ ചെയ്യാന്‍ കഴിയുമായിരുന്നു . പക്ഷെ പതിവിനു വിപരീതമായി ഈ പ്രാവശ്യം എന്റെ സഹനശക്തിയെ പരീക്ഷിച്ചു നോക്കാന്‍ വേണ്ടിയെന്നവണ്ണം ആയിരുന്നു കാര്യങ്ങള്‍. അതോ എന്റെ അഹന്ത വല്ലാതങ്ങു വളര്‍ന്നിരുന്നോ? 

വേദനസംഹാരികള്‍ കഴിക്കുന്നു എന്നല്ലാതെ അതിന്റെ  ഫലങ്ങള്‍  ഒന്നും തന്നെ കിട്ടിയില്ല. മനസ്സില്‍ ശൂന്യത നിറയാന്‍ തുടങ്ങി. വല്ലാത്തൊരു ഇരുട്ട് വീണത്‌ പോലെ. ഇനി എനിക്ക് സഹിക്കാന്‍ കഴിയില്ല എന്ന ബോധം കൂടി ആയപ്പോള്‍ മരിച്ചാല്‍ എന്താ എന്ന ഒരു തോന്നല്‍ ഉള്ളില്‍. വേദനയും സഹിക്കണ്ട, കൂടെയുള്ളവരുടെ കഷ്ടപാടും കുറയും. ഉള്ളില്‍ നിറഞ്ഞ ആ തോന്നല്‍ വിങ്ങിപൊട്ടി പുറത്തേക്കു വന്നത് ഡോക്ടറെ കാണാന്‍ പോയപ്പോള്‍ ആണ്. 

"ഇതിനാ ഞങളുടെ ഭാഷയില്‍ കന്നത്തരം എന്നു പറയുന്നെ നല്ല അടി കിട്ടാത്ത കുഴപ്പം" കൊച്ചുകുട്ടിയെ എന്ന പോലെ അദ്ദേഹം എന്നെ ശാസിച്ചു. വീണ്ടും പുതിയ മരുന്നുകള്‍, വ്യായാമങ്ങള്‍. രണ്ടു ദിവസം കൂടെ എന്റെ സഹനശക്തിയെ പരീക്ഷിച്ചു കൊണ്ട് വേദന പോകാതെ നിന്നു. മൂന്നാം ദിവസം നെറ്റിയില്‍ പതിയുന്ന പഞ്ഞിപോലെ മൃദുലമായ കൈകള്‍.

" ഭഗവാനെ നല്ലോണം മനസ്സില്‍ വിചാരിക്കു കുട്ടി..എല്ലാം നേരയാകും" അമ്മയുടെ ശബ്ദം. 

വെളുത്ത പഞ്ഞികെട്ട് തൊട്ടു കിടക്കുമ്പോള്‍ നെറ്റിയില്‍ പെരുവിരല്‍ വീണ്ടും.

രാവിലെ നടക്കാനിറങ്ങുമ്പോള്‍ തണുത്ത കാറ്റില്‍ തലയാട്ടി മുറ്റത്ത്‌ നില്‍ക്കുന്ന എന്റെ സീനിയ പൂക്കളും കൂകുന്ന പുള്ളികുയിലും ചിലക്കുന്ന കരിയിലപക്ഷികളും   എന്നോട് പറയുന്നു " ലൈഫ് ഈസ്‌ ബ്യുട്ടിഫുള്‍"
ജീവിതമേ മാപ്പ്!!!ചപലായ മനസ്സില്‍ നിമിഷ നേരത്തെക്കുണ്ടായ അപക്വമായ തോന്നലിനു...സര്‍വം ക്ഷമസ്വ:  

2012 സെപ്റ്റംബർ 17, തിങ്കളാഴ്‌ച

പതിവ്രത

ഉലയില്‍ പഴുപ്പിച്ചു പതം വരുത്തി അടിച്ചു പരത്തി ബലം കൂട്ടിയ ഇരുമ്പ്  ദണ്ഡ് പോലെ തന്നെ ആയിരുന്നു  അഗ്നിയില്‍ പുറത്തു കടന്നപ്പോള്‍ അവളുടെ മനസ്സ്.  ശരീരത്തിന് അഗ്നിശുദ്ധി വരുത്തിയിരിക്കുന്നു. മേല്‍ച്ചുണ്ട് കോട്ടി ഒരു ചിരി അവളില്‍ നിന്നുതിര്‍ന്നു.  ഒരു രോമം പോലും കരിയാതെ പുറത്തു വന്ന തനിക്കു മേല്‍ വീണ കവചം 'പതിവ്രത'.

സാത്വികന്‍, ധര്മിഷ്ടന്‍, നീതിമാന്‍. നേര്‍  രേഖകള്‍ പോലെ നീണ്ടുകിടക്കുന്ന  വിശേഷണങ്ങള്‍.അങ്ങനെ ഒരാളുടെ ഭാര്യ ആവുക എന്നത്  മറ്റുള്ളവരില്‍ അസൂയ ഉണര്‍ത്തുന്ന പദവിയാണ്‌ .മുജ്ജന്മസുക്രുതവും.എന്നിട്ടും ഇടക്കെപ്പോഴോ  കെട്ടു പൊട്ടി ഒഴുകുന്ന മലവെള്ളം പോലെ തന്റെ ചിന്തകളില്‍ ഉയര്‍ന്നു വരുന്ന  പത്തു തലകള്‍. ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളില്‍, മുഖം കഴുകാന്‍  എടുക്കുന്ന കൈക്കുമ്പിള്‍ വെളളത്തില്‍, ഒരു തിരനോട്ടത്തില്‍ മോഹിപ്പിച്ചു മായ്ഞ്ഞു പോകുന്ന പൌരുഷം.മനസ്സിലെ ചിന്തകളില്‍ നടക്കുന്ന രാമ- രാവണ   യുദ്ധം . പൌരുഷം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ പെന്മനസ്സും പുരുഷന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു പതിവ്രത  മനസ്സും തമ്മില്‍.  സതിസാവിത്രി ആണ്. സ്വാതന്ത്ര്യത്തിന്റെ ചിറകുകളെ അരിഞ്ഞു കളയാം.കെട്ടഴിഞ്ഞു പോകുന്ന ചിന്തകളെ ഒളിപ്പിക്കാന്‍ പറ്റിയ നല്ല ഒരു മറയാണ് പത്നീപദം

യുദ്ധഭൂമിയില്‍ അടിതെറ്റി വീണ പൌരുഷം.സാത്വികഭാവത്തില്‍ തന്നെ ചേര്‍ത്തുപിടിക്കുന്ന കൈകളില്‍ ഒതുങ്ങിനിന്നു  ഒടിഞ്ഞു  നുറുങ്ങിയ മനസ്സിനെ പൊതിഞ്ഞു ഭദ്രമാക്കി അഗ്നിശുദ്ധി നടത്തി പതിവ്രതയുടെ മുഖം മൂടിയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍  ഉള്ളില്‍ ചിരിക്കാതെ മറ്റെന്തു ചെയ്യാന്‍?

ചിരിയുടെ അവസാനം എത്തിനില്‍ക്കുന്നത്‌  വായ്തുറന്നു ഇരിക്കുന്ന ഭൂമിക്കരികിലേക്ക്. ഇപ്പോഴും മനസ്സില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ചോദ്യങ്ങളും ചിന്തകളും ബാക്കി.. പതിവ്രത എന്ന മിഥ്യാബോധത്തില്‍,   ചിന്തകളില്‍  പ്രവര്‍ത്തികളില്‍ കടിഞ്ഞാണ്‍  കെട്ടി  എന്തിനോ വേണ്ടി കൊതിച്ചു അവസാനം എല്ലാം, എന്തിനു നൊന്തു പെറ്റ മക്കളെ പോലും നഷ്ടപ്പെട്ട് അപമാനിതയായി തലകുനിച്ചു നില്‍ക്കുന്ന   തന്റെ സ്വത്ത എന്താണ്?

2012 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

സ്നേഹത്തിന്റെ കണക്കു പുസ്തകം


" അയാളുടെ വക്കാലത്തും കൊണ്ട് ആരും ഇങ്ങോടു വരണ്ട" 
ഉറച്ച ശബ്ദത്തേക്കാള്‍ ഏറെ  ഞെട്ടിപ്പിച്ചതു " അയാള്‍" എന്ന പ്രയോഗം ആയിരുന്നു.
"എന്റെ ....................  " എന്തു പറയുമ്പോഴും തുടക്കം ഇപ്പോഴും ഇങ്ങനെ ആയിരിക്കും. "എപ്പോഴും എന്റെ എന്റെ എന്ന് പറയണ്ട നിങ്ങളുടെ തന്നെ, ആരും തട്ടിയെടുക്കാന്‍ ഒന്നും പോകുന്നില്ല"  എന്ന് എപ്പോഴും ഞാന്‍ കളിയാക്കിയിരുന്ന ആ 'എന്റെ' ആണ് ഇപ്പോള്‍ ഒരു ബന്ധവുമില്ലാത്ത പദം ആയ മാറിയത് .

ഏവര്‍ക്കും അസൂയ തോന്നിക്കുന്ന മാതൃകാദമ്പതികളില്‍ നിന്നും തമ്മില്‍ കണ്ടാല്‍ കടിച്ചു കീറുന്ന കീരിയും പാമ്പും ആയി അവര്‍ മാറിയത് തന്നെ അത്ഭുതം ആയിരുന്നു. ഈഗോ, തെറ്റിദ്ധാരണ ഇതില്‍ ഏതായിരുന്നു കാരണം? പരസ്പരം കണ്ണില്‍ നോക്കിയിരുന്നു  തുറന്നു സംസാരിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ എന്നത് പറഞ്ഞു മനസിലാക്കാന്‍ ആയിരുന്നു എന്റെ ശ്രമം. വാശിയും വീറും വന്നാല്‍ കണ്ണ് കാണില്ല എന്നു പറഞ്ഞത് പോലെ തന്നെ ആയിരുന്നു കാര്യങ്ങള്‍.

"നീ ഒന്നും പറയണ്ട,പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് പറയാന്‍ നൂറു കാര്യങ്ങള്‍ ഉണ്ടാകും അനുഭവിക്കുന്നത് ഞാന്‍ അല്ലെ"

എന്താണ് എനിക്ക് പറയാന്‍ ഉള്ളത് എന്നു കേള്‍ക്കുന്നതിനു മുന്‍പേ തന്നെ അവര്‍ തീരുമാനം എടുത്തിരുന്നു. പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല എന്നു മനസിലായതോടെ കൂടുതല്‍ ഒന്നും കേള്‍ക്കാനോ  പറയാനോ കാത്തു നില്‍ക്കാതെ ഞാന്‍ അവിടെ നിന്നും ഇറങ്ങി. മുപ്പതു വര്‍ഷത്തെ ജീവിതത്തെ ഒരു കടലാസിന്റെ ബലത്തില്‍ വെട്ടിമുറിക്കുമ്പോള്‍ അവരുടെ മനസ്സില്‍ ജയിക്കണം എന്ന  വാശി മാത്രം. ആരാണ് ജയിച്ചത്‌? ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ വാശിയില്‍ വെട്ടിമുറിച്ചു എങ്കിലും അറുത്തു മാറ്റാനോ തൂത്ത് എറിയാനോ കഴിയാത്ത ഓര്‍മകളുടെ ഭാരം പേറി മനസമാധാനം ഇല്ലാതെ നീറി നീറി ജീവിക്കുമ്പോള്‍ എവിടെ ആണ് ജയം?

" എനിക്കിപ്പോള്‍ നല്ല മന:സമാധാനം ഉണ്ട് "

മുഖത്ത് പ്രതിഫലിക്കുന്ന വിഷമത്തിലും ഒറ്റക്കിരിക്കുമ്പോള്‍ കണ്ണുകളില്‍ പടരുന്ന കണ്ണുനീരിലും നെടുവീര്‍പ്പിലും സമാധാനത്തിന്റെ പുതിയ ഭാവങ്ങള്‍ ഞാന്‍ കണ്ടറിഞ്ഞു .

ഞാനും നീയും  നമ്മള്‍ ആയതിനു ശേഷം വരുന്ന 'ഞാന്‍' ആണ് എല്ലാത്തിനും കാരണം. വഴക്കിടുമ്പോള്‍ തുറന്നു വെക്കുന്ന  കണക്കു പുസ്തകം. നിനക്ക് വേണ്ടി 'ഞാന്‍' ചെയ്തത്.  രണ്ടു പേര്‍ ഒന്നാകുന്നത് പരസ്പരം സ്നേഹിക്കാനും സ്നേഹിക്കപെടാനും വേണ്ടി  ആകുമ്പോള്‍,  ക്ഷമയും സഹനവും രണ്ടുപേര്‍ക്കും ഉണ്ടാകുമ്പോള്‍ ഒരു  കണക്കെടുപ്പിന്റെ ആവശ്യം ഉണ്ടാകുന്നില്ല. കണക്കെടുപ്പ് നടത്തുമ്പോള്‍ അവര്‍ക്കിടയില്‍  ഉണ്ടായിരുന്നത് സ്നേഹം ആയിരുന്നോ വെറുപ്പായിരുന്നോ? സ്നേഹിച്ചു കൊണ്ട് വെറുക്കുക ആയിരുന്നോ വെറുത്തു കൊണ്ട് സ്നേഹിക്കുക ആയിരുന്നോ?

സ്നേഹത്തിനു കണക്കു പുസ്തകം സൂക്ഷിക്കുന്നവരോട്: ആത്മാര്‍ത്ഥ സ്നേഹം മനസ്സില്‍ മനസ്സിലേക്കുള്ള ഒരു അന്തര്‍ധാര ആണ്.ഒരു പുസ്തകത്തിന്റെയും കണക്കിന്റെയും ആവശ്യമില്ല അതിനു.  ആ ധാര മുറിയാതെ ഇരിക്കാന്‍ കണക്കുകളെ കുഴിച്ചു മൂടുക. ചെയ്തതിന്റെയും പറഞ്ഞതിന്റെയും കണക്കുകള്‍ വരുമ്പോള്‍ അതും വെറും കൊടുക്കല്‍ വാങ്ങല്‍ മാത്രം ആകുന്നു. ലാഭ - നഷ്ടങ്ങളുടെ കച്ചവടം മാത്രം. സ്നേഹം ആകുന്നില്ല.

2012 ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

ഇഷ്ടത്തിന്റെ രസതന്ത്രം

പുറത്തു മഴ തിമര്‍ത്തു  പെയ്യുന്നു. ജനലില്‍ മുഖം ചേര്‍ത്ത് മഴയെ നോക്കിയിരിക്കുമ്പോള്‍ പുറത്തേക്കു ഓടിയിറങ്ങി രണ്ടും കയ്യും ഉയര്‍ത്തി മഴയെ മൊത്തം ഉള്ളിലേക്ക് ആവാഹിക്കാന്‍ തോന്നി. പക്ഷെ കാണുന്നവരില്‍ അതുണ്ടാക്കാവുന്ന ചിന്താകുഴപ്പം ഓര്‍ത്തു മനസ്സുകൊണ്ട് മഴ നനഞ്ഞു  നോക്കിയിരുന്നു. 

ചില ഇഷ്ടങ്ങള്‍ അങ്ങനെ ആണ് .നിറഞ്ഞു നില്‍ക്കുന്ന തടാകം പോലെ നമ്മുടെ മനസ്സില്‍ നിറയും. ആ തടാകത്തില്‍ നമ്മുടെ സ്വപ്നങ്ങളുടെ  താമരപൂക്കള്‍ വിരിയും. പൂക്കളുടെ ഭംഗിയും സുഗന്ധവും ഉള്ളില്‍ നിറയും. വരണ്ട വേനലില്‍ മഴക്കായി കാത്തിരിക്കുമ്പോള്‍, നമ്മുടെ നെറ്റിയില്‍ ഇറ്റു വീഴുന്ന മഴതുള്ളി പോലെ ആണ് ആ ഇഷ്ടം.ചിലപ്പോള്‍ പേമാരി ആയി, മറ്റു ചിലപ്പോള്‍ നൂല്‍ മഴ ആയി നമ്മിലേക്ക്‌ അലിഞ്ഞു ഇറങ്ങുന്ന ഇഷ്ടം. എന്തിനു എങ്ങനെ എന്നൊക്കെ കാര്യകാരണങ്ങള്‍ ചികയുമ്പോള്‍ വേര്‍തിരിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ കാരണം കണ്ടെത്താനാവാത്ത വെറുതെ തോന്നുന്ന,  നിര്‍വചിക്കാനും പേരിടാനും കഴിയാത്ത ഒരിഷ്ടം.ചിലപ്പോള്‍ ആളിക്കത്തുന്ന അഗ്നിയില്‍ അകപെട്ടതു പോലെ അതു നമ്മെ പൊള്ളിക്കും. മറ്റു ചിലപ്പോള്‍ മഞ്ഞു പോലെ തണുപ്പിക്കും. വിരിഞ്ഞു നില്‍ക്കുന്ന റോസാപൂവിനോടും തളിര്‍ത്തു നില്‍ക്കുന്ന മാവിനോടും തോന്നുന്ന പോലെ ഒരിഷ്ടം.സൂര്യകാന്തിപൂവിന് സൂര്യനോട് തോന്നുന്ന, കടലിനു ആകാശത്തോട് തോന്നുന്ന,മഴത്തുള്ളിക്ക് വെയിലിനോടു തോന്നുന്ന, അതില്‍  ഉണര്‍ന്നു അതില്‍ ജീവിച്ചു അതില്‍ തന്നെ ഇല്ലാതാകാന്‍ തോന്നുന്ന ഒരിഷ്ടം.

എന്നാലും ഒരു ചാലു കീറി അതിനെ ഒഴുക്കാന്‍ ശ്രമിക്കാതെ നമ്മുടെ  ഉള്ളില്‍ തന്നെ അടച്ചു സൂക്ഷിക്കും.  ഇഷ്ടം കൂടുന്തോറും സ്നേഹത്തിലേക്കുള്ള ദൂരം കുറയുകയും അത് ഒരു നീര്ചാലുപോലെ ഒഴുകാന്‍  തുടങ്ങുകയും ചെയ്യുമ്പോള്‍ വരും വരായ്കകളുടെ  കണക്കുകള്‍ കൊണ്ട് അതിനെ തടഞ്ഞു നിര്ത്തുന്നു. എല്ലാ തടസ്സങ്ങളെയും അവഗണിച്ചു മുന്നോട്ടൊഴുകുമ്പോള്‍ ഉള്ളില്‍ ഉണരുന്ന തന്റേതു മാത്രം എന്ന  ബോധം. അതില്‍ നിന്നും ഉരുത്തിരിയുന്ന കൊച്ചു കൊച്ചു വഴക്കുകള്‍ . അവസാനം സ്നേഹിക്കാന്‍ പറഞ്ഞ അതേ കാരണങ്ങള്‍ തന്നെ വെറുക്കാനും പറയുന്നു. (ഒരിക്കല്‍ ഉള്ളില്‍  വിടര്‍ന്ന ഇഷ്ടത്തെ ഇല്ലാതാക്കാന്‍ ‍ കഴിയില്ല എന്ന് മനസിലാക്കി  നിറയുന്ന ഇഷ്ടത്തെ അടിച്ചമര്‍ത്തികൊണ്ട്.)


2012 ജൂലൈ 24, ചൊവ്വാഴ്ച

പ്യൂപ്പ


പെയ്യാന്‍ വെമ്പി നില്‍ക്കുന്ന മേഘങ്ങളെ പോലെ മൌനം നമുക്കിടയില്‍ കനത്തിരുന്നു. ആരു ആദ്യം തുടങ്ങണം എന്ന ഒരു മത്സരത്തിലായിരുന്നു നമ്മള്‍ . ഇങ്ങനെ ഒരു ചിന്താക്കുഴപ്പം മുന്‍പുണ്ടായിരുന്നില്ല. കാരണം ഒന്നും തുടങ്ങിയേണ്ടിയിരുന്നില്ല ഒന്നും എവിടെയും അവസാനിച്ചിരുന്നില്ല. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു നമ്മള്‍ വിരാമമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു. 

എല്ലാത്തിനും വിരാമം ഇടാന്‍ പോകുകയാണെന്ന അറിവാകാം നമുക്കിടയിലേക്ക്‌ മൌനമായി കേറി വന്നത്.എപ്പോഴോ ആ മൌനത്തിന്റെ വാലറ്റം  പിടിച്ചു  കീഴടക്കാന്‍  പോകുന്ന ഉയരത്തെ കുറിച്ചും പുതിയ ചക്രവാളത്തെ കുറിച്ചും  നീ വാചാലമായി. നീ എന്നും ബുദ്ധികൊണ്ടായിരുന്നു ചിന്തിച്ചത് ഞാന്‍ ഹൃദയം കൊണ്ടും. ഒരു ചതുരംഗ കളിക്കാരന്റെ പാടവത്തോടെ ഓരോന്നും വെട്ടി മാറ്റി  നീ മുന്നോട്ടു നീങ്ങുമ്പോള്‍ അഭിമാനം തോന്നിയിരുന്നു. പക്ഷെ അവസാനം ആയി നീ വെട്ടി മാറ്റാന്‍ പോകുന്നത് ഞാന്‍ എന്ന  കരു ആയിരിക്കുമെന്ന് സ്വപനത്തില്‍ പോലും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇനി ഒരിക്കലും കാണാതിരിക്കാന്‍ ആയി കാണുമ്പോള്‍ മൌനത്തിന്റെ കരിമ്പടത്തിനുള്ളില്‍ ഞാന്‍ എന്നെ തന്നെ ഒളിപ്പിച്ചു വെച്ചു.

നിന്റെ വാക്കുകള്‍ എന്റെ മൌനത്തിന്റെ ചുവരില്‍ തട്ടി അനാഥ പ്രേതങ്ങളെ പോലെ താഴെ വീണു  ചിതറുന്നത്‌ നോക്കി ഇരിക്കുമ്പോള്‍ ആണ് നമുക്കിടയിലേക്ക്‌ വര്‍ണപകിട്ടുള്ള പട്ടുപാവാടയിട്ട പൂമ്പാറ്റ കേറി വന്നതു. വെളുപ്പും ചുവപ്പും സിഗസാഗ് ചെയ്തതിന്ടയില്‍ പച്ച കുത്തുകള്‍. ഷോപ്പിംഗ്‌ മാളിലെ തുണിക്കടകളില്‍ ഒന്നും കാണാത്ത ഭംഗിയേറിയ ഡിസൈന്‍. ഇനി അടുത്ത പ്രാവശ്യം മാളില്‍ പോകുമ്പോള്‍ ഈ ഡിസൈന്‍ തിരഞ്ഞു കണ്ടു പിടിക്കണം എന്ന് മനസിലോര്‍ത്തു . അത് വാങ്ങി പുത്തന്‍ ചുരിദാര്‍ തയ്പിച്ചു കണ്ണാടിയില്‍ മുന്നില്‍ നിന്നും പാകം നോക്കുന്ന എന്നെ തന്നെ മനസിന്റെ കണ്ണാടിയില്‍ കണ്ടു.ഓടിപോകുന്ന നിമിഷങ്ങളെ ഓര്‍ത്തു നിന്റെ മുഖം വലിഞ്ഞു മുറുകുന്നത്  കണ്ടില്ലെന്നു നടിച്ചു ഞാന്‍ എന്റെ ലോകത്തിലേക്ക്‌ മാത്രം ആയി ചുരുങ്ങി
 
അര്‍ത്ഥഗര്‍ഭമായ മൌനങ്ങള്‍ക്കും അര്‍ത്ഥശൂന്യമായ  വാക്കുകള്‍ക്കും അവസാനം ' നേരം വൈകി' എന്ന് പറഞ്ഞു നീ എഴുന്നേറ്റപ്പോള്‍ കണ്ണുകള്‍ കൊണ്ടെങ്കിലും കൈകള്‍ നീട്ടി എന്നെ എഴുന്നെല്പിക്കുമെന്നു വെറുതെ മോഹിച്ചു.  ജീന്‍സിലെ പൊടി തട്ടി നടന്നു നീങ്ങുന്ന നീ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ ഓര്‍മയുടെ  വള്ളിയില്‍ കുരുങ്ങി പിടയുന്ന എന്റെ ജീവനെ നിനക്ക് കാണാമായിരുന്നു.  കാഴ്ച്ചയില്‍ നിന്നും നീ മറയുന്നത് വരെ ആ വ്യാമോഹത്തില്‍ ഞാന്‍ ഇരുന്നു. പിന്നെ പതുക്കെ കുരുക്കുകളില്‍ കിടന്നു ശ്വാസം കിട്ടാതെ പിടയുന്ന എന്റെ ജീവനെ അടര്‍ത്തി എടുത്തു നെഞ്ചോട്‌ ചേര്‍ത്തു കൈകളും കാലും  ചേര്‍ത്തു  ഓര്‍മകളെ ആവരണം ആക്കി അമ്മയുടെ ഗര്‍ഭപാത്രത്തില്‍, ഒരു സമാധിയില്‍  എന്ന  പോലെ ചുരുണ്ട് കിടന്നു. 




2012 ജൂലൈ 16, തിങ്കളാഴ്‌ച

Hibernation


Prisoner of my thoughts I lie in hibernation
A battle between my mind and heart
With tranquil mind waiting for the battle to be over
The Victory will be tucked
But who will be victorious
My mind stirs in worry
To invade the tranquility
I drink a cup of patience
And I lie in hibernation
Waiting for the righteous close down!!!

2012 ജൂൺ 20, ബുധനാഴ്‌ച

ചോദ്യചിഹ്നം

പലതലങ്ങളായി തിരിച്ചു മനുഷ്യബന്ധങ്ങളെ വിശദീകരിച്ചു തരുമ്പോള്‍ ഒരു ഉദാഹരണം ആയി ആണ് ഹാഫിസ് മുഹമ്മദ്‌ സര്‍ ബസിലെ യാത്രക്കാരെ കുറിച്ച് പറഞ്ഞത്. അവര്‍ നമ്മുടെ പബ്ലിക്‌ സ്പേസില്‍ വരുന്നു എന്ന്. അതില്‍ ആരെയും നമ്മള്‍ ഓര്‍ക്കാറില്ല ഇല്ല. പക്ഷെ എന്റെ  യാത്രക്കിടയില്‍ ഞാന്‍ കണ്ട മൂന്ന്   മുഖങ്ങള്‍ അത് മനസ്സില്‍ നിന്നും മായാതെ ഏതു തലത്തില്‍ അവയെ കൊണ്ട് നിര്‍ത്തണം എന്നറിയാതെ നില്‍ക്കുന്നു .

(1)

എന്നത്തേയും പോലെ അന്നും ആര്‍ ഇ സി -കോഴിക്കോട് പാളയം ബസില്‍ തിരക്കായിരുന്നു. ഏന്തി പിടിച്ചു കയറി രണ്ടാമത്തെ സീറ്റിനടുത്തുള്ള കമ്പിയില്‍ ചാരി നില്‍ക്കുമ്പോള്‍ തന്നെ അരികു സീറ്റില്‍ ഇരിക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചു. നല്ല ഐശ്വര്യംതുളുമ്പുന്ന മുഖം ഉള്ള ഒരമ്മ. എനിക്കെന്തിനോ എന്റെ അമ്മയെ ഓര്മ വന്നു. കോളേജില്‍ ബസ്‌ നിര്‍ത്തിയപ്പോള്‍ പുറത്തേക്കു തല ഇട്ടു നോക്കിയും തിരിഞ്ഞു നോക്കിയും ആ അമ്മ വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു. അങ്ങനെ ഓരോ സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്തുമ്പോഴും. പുതിയ സ്റ്റാന്‍ഡില്‍ ബസ്‌ എത്തിയപ്പോള്‍ അവര്‍ എഴുന്നേറ്റു നിന്ന് പിറകിലേക്ക് നോക്കി. വീണ്ടും തല പുറത്തേക്കു ഇട്ടു നോക്കി. അപ്പോള്‍ അവരുടെ കണ്ണില്‍ നിറയെ വിഷമവും ആശങ്കയും നിറഞ്ഞിരുന്നു. ഇവരുടെ നില്‍പ്പും വെപ്രാളവും കണ്ട കണ്ടക്ടര്‍ ഇവിടെ ഇറങ്ങാന്‍ ഉള്ളതാണോ  വേഗം ഇറങ്ങു എന്ന് പറഞ്ഞു ബഹളം വെക്കാന്‍ തുടങ്ങി.

"ഇവിടെ ആണോ ഇറങ്ങേണ്ടത് എന്ന് എനിക്കറിയില്ല മോന്‍ ഉണ്ടായിരുന്നു കൂടെ"


"എവിടുന്നാ കേറിയത്‌? എവിടെക്കാണ്‌ പോകേണ്ടത്?"

"ചെത്തുകടവ്, മോളുടെ വീട്ടില്‍ കൊണ്ടാക്കാം എന്നാ മോന്‍ പറഞ്ഞത്"

കണ്ടക്ടര്‍ പിറകിലെ ക്ലീനെരോട് പോയി എന്തോ ചോദിച്ചു തിരിച്ചു വന്നു പറഞ്ഞു

 "ടൌണിലേക്ക് രണ്ടു ടിക്കറ്റ്‌ എടുത്തു അയാള്‍ രെജിസ്ട്രാര്‍ ഓഫീസ് സ്റ്റോപ്പ്‌ ഇറങ്ങി."
ആ അമ്മയുടെ മുഖത്ത് എന്തൊക്കെയോ വികാരങ്ങള്‍. അവരുടെ അടുത്തിരുന്ന സ്ത്രീ അവരെ സമാധാനിപ്പിക്കുകയും ട്രാഫിക്‌ ബസ്‌ സ്റ്റോപ്പില്‍ അവരെയും കൂട്ടി ഇറങ്ങുകയും ചെയ്തു.
എന്തിനായിരിക്കാം ആ മകന്‍ അങ്ങനെ അമ്മയെ ബസില്‍ ആക്കി ഇറങ്ങി പോയിരിക്കുക? അങ്ങനെ ചെയ്യാന്‍ അയാള്‍ക്ക് എങ്ങനെ തോന്നി?
ഉത്തരമില്ലാത്ത ചോദ്യം എല്ലാവരിലും ബാക്കി ആക്കി ബസ്‌ മുന്നോട്ടു..


(2)

മുതലകുളത്ത്  നിന്നും ചെറൂട്ടി റോഡിലേക്ക് നടന്നു പോകുമ്പോള്‍ ഞാന്‍ എന്റെതായ ലോകത്ത് ആയിരിക്കും.എന്നോട് തന്നെ സംസാരിച്ചു വഴക്കിട്ടു വിന്‍ഡോ ഷോപ്പിംഗ്‌ നടത്തി പോകുമ്പോള്‍ ആരെയും ശ്രദ്ധിക്കാറില്ല. കോര്‍ട്ട് റോഡില്‍ എത്തിയപ്പോള്‍ ആണ് കുറച്ചു ശകാര വാക്കുകള്‍ കേട്ടത്.

"ഷോപ്പ് തുറന്നിട്ടെ ഉള്ളൂ അപ്പോഴേക്കും വരും ഓരോരുത്തര്‍"
"ചായ കുടിക്കാനാ ഒരഞ്ചു രൂപ താ മോനെ"
ശബ്ദം പരിചയമുള്ളത് പോലെ തോന്നിയത് കൊണ്ടാണ് തിരിഞ്ഞു നോക്കിയതു.
കമലേട്ടത്തി!!!
ഓഫീസിലെ സ്വീപേര്‍ ആയിരുന്നു അവര്‍. ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ട് ജോലി മതി ആക്കിയെങ്കിലും വല്ലപ്പോഴും ഓഫീസില്‍ വരാറുണ്ടായിരുന്നു. അവര്‍ക്ക് ഇങ്ങനെ ഒരവസ്ഥയോ? തിരഞ്ഞു നടന്നു അവരോടു സംസാരിക്കണം എന്ന് തോന്നി എങ്കിലും പിന്നീടു വേണ്ടെന്നു വെച്ചു. കാരണം പത്തു മണിക്ക് എത്തേണ്ട ഓഫീസില്‍ എന്നും പത്തരക്ക് എത്തുകയും ചെന്ന് കേറുമ്പോള്‍ പെപ്പെറില്‍ അല്ലെങ്കില്‍ നെറ്റില്‍ തല പൂഴ്ത്തിയിരിക്കുന്ന ബോസ്സ് കൈ  ചെരിച്ചു വാച്ചിലേക്ക് നോക്കുന്നത് കാണാറുണ്ടായിരുന്നു എങ്കിലും ഒരിക്കല്‍ പോലും നേരത്തെ എത്താന്‍ കഴിഞ്ഞിരുന്നില്ല (അഹങ്കാരം !!!). അവരോടു സംസാരിക്കാന്‍ നിന്നാല്‍ കൂടുതല്‍ സമയം വൈകുമെന്നതും പായ്യാരം കേട്ട് നില്‍ക്കാനുള്ള  ക്ഷമ ഇല്ലാത്തതും ഒക്കെ ആയിരുന്നു കാരണം. എങ്കിലും തന്റെ യുവത്വവും ആരോഗ്യവും എല്ലാം കൊപ്ര ചേവുകളില്‍ കൊപ്ര വാരി  സ്വന്തം സഹോദരനെ പോറ്റി വളര്‍ത്തിയ അവര്‍ ഇപ്പോള്‍ അയാള്‍ക്കും ഭാര്യക്കും ഭാരം. മരുന്ന് വാങ്ങാനും വിശപ്പ്‌  മാറ്റാനുമുള്ള കാശിനായി അവര്‍ ഇപ്പോള്‍ ഇത് പോലെ മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ  നീട്ടുന്നു.
ഇവിടെ ഞാനും വ്യത്യസ്തയല്ല. അവരോടു ഒന്നും സംസാരിക്കാനോ അവര്‍ക്കെന്തെങ്കിലും  കൊടുക്കാനോ ഞാന്‍ മുതിര്‍ന്നില്ല. സ്വാര്‍ത്ഥമായ ഈ ലോകത്ത് ഞാനും സ്വാര്‍ത്ഥ തന്നെ!!!

(3). 
പറയന്ചെരിയില്‍ നിന്നും ആണ് അവര്‍ ബസില്‍ കേറിയത്‌. റോസ് നിറത്തിലുള്ള സാരിയും ബ്ലൌസുമിട്ട ഒരു അമ്പത് വയസു തോന്നിക്കുന്ന ഒരു സ്ത്രീ.കുളിച്ചു ഈറനായ മുടി ചീകുക  പോലും ചെയ്യാതെ കൊണ്ടയായി കെട്ടി വെച്ചിരിക്കുന്നു. രണ്ടാമത്തെ പടിയില്‍ നിന്നും അവര്‍ മുകളിലേക്ക് കേറിയതെയില്ല. മുകളിലേക്ക് കേറി നില്‍ക്കു എന്ന് പല പ്രാവശ്യം പറഞ്ഞിട്ടും കേള്‍ക്കാതെ അവര്‍ അവിടെ തന്നെ   നിന്നു. പാലം എന്ന് പറഞ്ഞു അവര്‍ ടിക്കറ്റ്‌ എടുത്തു. അരയിടത്പലം സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അവര്‍ ഇറങ്ങിയില്ല. അടുത്തത് പുതിയ ബസ്‌ സ്റ്റാന്റ് ആണെന്നും ഇതാണ് പാലം എന്നും ഒക്കെ പറയുന്നത്  അവര്‍ കേട്ട ഭാവം നടിച്ചില്ല. ബസിലെ എല്ലാരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും ഞാന്‍ ഈ നാട്ടുകാരി അല്ല എന്ന  മട്ടില്‍ അവര്‍ അവിടെ തന്നെ നിന്നു. പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ ബസ്‌ നിന്നപ്പോള്‍ ഇറങ്ങാന്‍ ഇഷ്ടമില്ലാത്ത പോലെ അവര്‍ അവിടെ ഇറങ്ങി.ഇറങ്ങിയപ്പോള്‍ അവരുടെ മേലാസകലം വിറക്കുന്നത് കാണാമായിരുന്നു. ഇറങ്ങി കൈ  വരി പിടിച്ചു  നിന്നു  അവര്‍ വലതു കൈ നിവര്‍ത്തി . അതില്‍ കണ്ടക്ടെര്‍ അപ്പോള്‍ ബാക്കി കൊടുത്ത പുതിയ അഞ്ചു  രൂപ  നാണയം തിളങ്ങി. വീണ്ടും കൈ ചേര്‍ത്ത് പിടിച്ചു അവര്‍ ദൂരേക്ക്‌ ശൂന്യമായ ഒരു നോട്ടവുമായി നിന്നു.


എവിടെ നിന്നും എവിടെക്കാകും അവര്‍ പോകുന്നത്? എന്തിനാകും പോകുന്നത്? മനസ്സില്‍ ചോദ്യങ്ങള്‍ പിന്നെയും ബാക്കി.




മുന്നിലെക്കുള്ള ഇരുള്‍മൂടിയ വഴിയില്‍ തെളിഞ്ഞു വരുന്ന ഒരു വലിയ ചോദ്യചിഹ്നം. എവിടെക്കാണ്‌ എന്നറിയാത്ത യാത്ര..തിരിഞ്ഞു നടക്കാന്‍ ഒരുങ്ങുമ്പോള്‍ മായ്ഞ്ഞു പോകുന്നു പിന്നിലെക്കുള്ള വഴികള്‍. കട്ട പിടിച്ച ഇരുട്ട് അവിടെയും നിറയുന്നു. എങ്ങോട്ട് പോകണം എന്നറിയാതെ ആകാശത്തേക്ക് നോക്കുമ്പോള്‍ കാവല്മാലാഖ ആയി വഴി കാട്ടിയിരുന്ന നക്ഷത്രം പോലുമില്ല. തളരുന്ന കാലുകള്‍ക്ക് ശരീരഭാരം താങ്ങാന്‍ കഴിയാതെ കുഴഞ്ഞു പോകുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി തുടര്‍ച്ച ആയി  എന്റെ ഉറക്കം കളയുന്ന ഈ സ്വപ്നം കാണുന്നു.  സ്വപ്നങ്ങള്‍ ദൈവത്തിന്റെ സന്ദേശം അല്ലെങ്കില്‍ മുന്നറിയിപ്പുകള്‍ ആണെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അങ്ങനെ എങ്കില്‍ എന്ത് സന്ദേശം ആയിരിക്കാം അത്.  കണ്ടെത്തിയ, മുന്നേറുന്ന വഴികള്‍ തെറ്റ് ആണെന്നോ, ചിന്തകള്‍ തെറ്റാണെന്നോ? അതോ എന്റെ ജന്മം, ജീവിതം എല്ലാം തെറ്റെന്നോ?

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...