2018 ഒക്‌ടോബർ 11, വ്യാഴാഴ്‌ച

 Once Again (2018)
-–-----------------------------
വൈകിയ വേളയിലെ പ്രണയത്തെ കുറിച്ച് ചർച്ചയുടെ മേൽ ചർച്ച ചെയ്യുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും കാണേണ്ട സിനിമയാണ് കൻവൽ സേഥിയുടെ വൺസ് എഗൈൻ.

മുംബയിൽ റെസ്റ്ററന്റ് നടത്തുന്ന വിധവ ആയ താര (ഷെഫാലി ഛായ )ആണ് സിനിമാനടൻ ആയ അമറിനു (നീരജ് കാബി ) ഭക്ഷണം എത്തിക്കുന്നത്. കൊടുത്തയക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായം പറയാനും അറിയാനും നടത്തുന്ന ഫോൺ സംഭാഷണങ്ങൾ. അതിലൂടെ അവരിൽ ഉണ്ടാകുന്ന അനുബന്ധം ഇതാണ് സിനിമയുടെ കാതൽ. ഫോൺ ആനിവേഴ്സറിയുടെ അന്ന് അമർ താരയോട് ഒന്ന് കാണുന്നതിനെ കുറിച്ച് ചോദിക്കുന്നു. മറുപടി പറയാതെ ഫോൺ വെക്കുന്ന താര പിന്നീട് ഒഴിഞ്ഞു മാറാൻ നോക്കുന്നു എങ്കിലും അവർ കണ്ടു മുട്ടുന്നു. (അമർ വന്നു അവളെ കാണുന്നു ) പിന്നീട് തുടർച്ച ആയി ഉണ്ടാകുന്ന കൂടിക്കാഴ്ചകൾ അവരെ കൂടുതൽ അടുപ്പിക്കുന്നു. നൈറ്റ് ഡ്രൈവിന് പോകുന്ന താരയുടെയും അമറിന്റെയും ചിത്രം പേപ്പറിൽ വരുന്നതോട് കൂടി അവരുടെ ജീവിതം മാറുകയാണ്. പുറത്തിറങ്ങുമ്പോഴും ഭക്ഷണം കഴിക്കാൻ വരുന്നവരും ഒക്കെ ഇതേ കുറിച്ച് ചോദിക്കുന്നത് കൂടുതൽ അപകർഷതാ ബോധം മകനിൽ ഉണ്ടാക്കുന്നു. മക്കൾക്ക് വേണ്ടി ജീവിച്ച താരയോട് മകൻ സംസാരിക്കുന്നത് പോലും നിർത്തുന്നു.

ഒരു ദിവസം അമറിനുള്ള ഭക്ഷണവുമായി നേരിട്ട് എത്തുന്ന താരയെ വീട്ടിലെ അഥിതികൾക്ക് കുക്ക് എന്ന് പരിചയെപ്പെടുത്തുന്നു അമർ. ആ ഒരു ഷോക്ക് അവർക്കിടയിൽ ഉണ്ടാക്കുന്ന അകൽച്ച അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങൾ ഒക്കെയാണ് പിന്നീട്.

ഷെഫാലി ഛായ ടെലിസീരിയലിലൂടെ ഇഷ്ടമായ ഒരു നടിയാണ്. അവരുടെ വലിയ കണ്ണുകളിൽ വിരിയുന്ന ഭാവങ്ങൾ ആണ് പലപ്പോഴും ഡയലോഗിന് പകരം ആയി നിൽക്കുന്നത്. നീരജ് കബിയുടെ അഭിനയം ആദ്യമായി കാണുകയാണ്. രണ്ടു പേരും ഒന്നിനൊന്നു മെച്ചമാണ് എന്ന് പറയാം. താരയുടെ മകൻ ആയി അഭിനയിച്ച പ്രിയാൻഷു , അമറിന്റെ മകൾ ആയ രസിക ദുഗ്ഗൾ ഒക്കെ അവരുടെ വേഷം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.

വിഷാദഛായ ഉള്ള പശ്ചാത്തല സംഗീതം ഈ സിനിമക്കു വല്ലാത്തൊരു ഭാവം കൊടുക്കുന്നുണ്ട്. ഇടയ്ക്കിടെ വരുന്ന സുഫി ഗീതങ്ങളും. തൽവാൽ സിംഗിന്റേത് ആണ് സംഗീതം

ഈഷിത് നരൈന്റെ കാമറ മുംബൈ നഗരത്തിന്റെ മുക്കും മൂലയും നഗരവിശേഷതകളുംഒപ്പിയെടുത്തിരിക്കുന്നു.

നെറ്റ് ഫ്ലിക്സിൽ ലഭ്യമാണ് ഈ സിനിമ. ചെറിയ ഇഴച്ചിൽ ഇടയ്ക്കു തോന്നിയേക്കാമെങ്കിലും എന്താകും എന്നൊരു ആകാംക്ഷ ആ ഇഴച്ചിലിനെ ബോറടിയിലേക്ക് എത്തിക്കുന്നില്ല . 2015 ഇത് ഇറങ്ങിയ ലഞ്ച് ബോക്സ് എന്ന മൂവിയോട് ചെറിയ ഒരു സാദൃശ്യം കഥയിൽ തോന്നിയേക്കാം. എങ്കിലും കണ്ടിരിക്കേണ്ട ഒരു സിനിമ ആണെന്ന്
തന്നെ പറയാം .

2018 സെപ്റ്റംബർ 22, ശനിയാഴ്‌ച

ഒരിക്കൽ കൂടി

ഹോട്ടൽ ജക്കാരൻഡയുടെ ജനലിലൂടെ കുന്നുകൾക്കപ്പുറം മായുന്ന സൂര്യനെ നോക്കി നിൽക്കുക ആയിരുന്നു അളക. ആകാശം  ഓറഞ്ചിൽ നിന്ന് ചുവപ്പിലേക്ക് മാറുമ്പോൾ  പൂക്കളുടെ നിറവും മാറുന്നത്  നോക്കി നിൽക്കെ അഞ്ചു വർഷം മുൻപ് കണ്ട അസ്തമയത്തെ കുറിച്ചായിരുന്നു ചിന്ത. ജക്കാരൻഡാ പൂക്കുന്ന വസന്തത്തിലേക്ക് വീണ്ടും വന്നതിനു  കാരണക്കാരൻ ആയ വൈഭവ് ഇപ്പോൾ എവിടെ ആയിരിക്കും എന്നോർത്തു കൊണ്ട് ഒരു സാലഭഞ്ജിക പോലെ അവൾ നിന്നു.

ഇരുട്ട് കുന്നുകളെ മറക്കുകയും നിയോൺ വെളിച്ചം ഹോട്ടലിനു ചുറ്റും പടരുകയും ചെയ്തപ്പോൾ അവൾ കിടക്കയിലേക്ക് മടങ്ങി. അടയാളം പോലും അവശേഷിപ്പിക്കാതെ അന്ന് ഓടിയതിനെ കുറിച്ചോർത്തു അന്നാദ്യമായി അവൾ വിങ്ങി. കയ്യിൽ ഉണ്ടായിരുന്ന നോട്ട് പാഡ് എടുത്തു അവൾ എഴുതാൻ തുടങ്ങി.

റാം ,
വസന്തം ജക്കാരൻഡകൾ വിരിക്കുന്ന ഈ സമയത്തു ഏത് പൂവിനെ ആണ് നിങ്ങൾ നോക്കിയിരിക്കുന്നത്. ഞാൻ അഞ്ചു വർഷങ്ങൾക്കിപ്പുറം നാനൂറ്റി പത്താം  റൂമിൽ  നിന്ന്  അന്ന് കണ്ട അസ്തമയത്തെ വീണ്ടും കാണുക ആയിരുന്നു.

കഴിഞ്ഞ നാലു വർഷവും തോന്നാത്ത തോന്നൽ ഇപ്പോൾ എങ്ങനെ ഉണ്ടായി എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. നമുക്കിടയിൽ വിട്ടു പോയ കണ്ണികളെ ഞാൻ എഴുത്തിലൂടെ പൂരിപ്പിക്കാം മറ്റന്നാൾ രാവിലെ പോകുന്നതിന് മുൻപായി ഞാനിത് റിസപ്ഷനിൽ ഏല്പിക്കും. എന്നെങ്കിലും നിങ്ങൾ വരുമ്പോൾ തരാനായി.

അന്ന് പോകുമ്പോൾ ഞാൻ ഒരു ജക്കാരൻഡാ ചെടി വാങ്ങിയിരുന്നു. ഹിൽ സ്റ്റേഷനിൽ ടൂർ പോയ ഭാര്യ കാട്ടു  ചെടിയുമായി  വരുന്നത് കണ്ട ശിവ് കുറെ ചിരിച്ചു. അത് കാട്ടു  ചെടിയല്ലെന്നും എന്റെ പ്രണയം ആണെന്നും പറയാൻ പറ്റുമോ? പൂന്തോട്ടത്തിനു അരികിലായി അതിനെ നടുമ്പോൾ ഞാൻ എന്റെ പ്രണയവും അവിടെ കുഴിച്ചു വെച്ച് എന്ന് പറയുന്നതാണ് ശരിയെന്നു തോന്നുന്നു. ജീവിതത്തിന്റെ ഓട്ടത്തിനിടയിലും ചെടിയെ ഞാൻ ശുശ്രുഷിച്ചിരുന്നു. പെട്ടെന്ന് തന്നെ അത് വളർന്നു പടർന്നു. വൈകുന്നേരങ്ങളിൽ അതിന്റെ തണലിൽ ഇരുന്നു കണ്ണടക്കുമ്പോൾ എന്നിലേക്ക് നീളുന്ന ചുവന്ന സൂര്യകിരണങ്ങളെ ഞാൻ കാണും. ആ കിരണങ്ങളിൽ നിന്ന് എന്റെ ഇടതു കഴുത്തിൽ പതിയുന്ന ഒരു ചുണ്ടിന്റെ നനവ് ഞാൻ അറിയും.

ഒരാഴ്ച മുൻപ് ആണ് ഞാൻ  കണ്ടത് പൂക്കാൻ  ഒരു പാട് കാലം എടുക്കുന്ന ജക്കാരൻഡായിൽ ചെറിയ മൊട്ടുകൾ. അന്ന് ആദ്യമായി എനിക്ക് വീണ്ടും നിന്നെ കാണാൻ തോന്നി. വീണ്ടും ഒറ്റക്കുള്ള ഒരു യാത്ര.

ഈ ദിവസം നീ ഇവിടെ ഉണ്ടാകും എന്ന് ഞാൻ കരുതി. നിനക്ക് ചിരി വരുന്നുണ്ടോ, സഞ്ചാരിയായ നീ കണ്ടു മുട്ടുന്ന പലരിൽ ഒരുവൾ മാത്രം ആയിരിക്കും നിനക്കു ഞാൻ. പക്ഷെ എനിക്കങ്ങനെ അല്ലല്ലോ. എനിക്കത് ഒരിക്കലും പൂക്കാത്ത, ഏത് നിമിഷവും മഴു സ്പർശം പ്രതീക്ഷിക്കുന്ന മരം പൂവിട്ടത് പോലെ ആയിരുന്നു . അത് കൊണ്ട് തന്നെ ഈ വർഷം  ഞാൻ ഇവിടെ വന്നു അല്ലെങ്കിൽ ജക്കാരൻഡ എന്നെ കൊണ്ട് വന്നു.

അതിരാവിലെ എത്തി . റെസ്റ്റോറന്റിൽ ആ കുഞ്ഞു ടേബിൾ ഇപ്പോഴും ഉണ്ട്. പിന്നെ  പോയത്  അന്ന് നമ്മൾ പോയ ദേവി  ക്ഷേത്രത്തിലേക്ക് ആയിരുന്നു. അവിടം ആകെ മാറിയിരിക്കുന്നു. ടൈൽസ് ഒക്കെ പിടിപ്പിച്ചു നമ്മുടെ ഹോട്ടൽ പോലെ തന്നെ നവീകരിച്ചിരിക്കുന്നു. പക്ഷെ അവിടുണ്ടായിരുന്ന പോസിറ്റീവ് വൈബ്‌സ് നഷ്ടപ്പെട്ടിരിക്കുന്നു. കൂടുതൽ നേരം അവിടിരിക്കാൻ തോന്നിയില്ല. നമ്മൾ പോയ ഊരുകളിലേക്ക് ആണ് പിന്നെ പോയത്. അവിടെയും ഒരു പാട് മാറ്റങ്ങൾ ഉണ്ട് . നിഷ്കളങ്ക മുഖങ്ങൾ ഉൾവലിഞ്ഞത് പോലെ.  അന്ന് നമ്മൾ ഭക്ഷണം കഴിച്ച വീട്ടിൽ നിന്ന് തന്നെ ഭക്ഷണം കഴിച്ചു. അവിടുത്തെ വലിയമ്മ ഒറ്റക്കാണോ എന്ന് ചോദിച്ചു. നിന്നെ അവരും ഓർക്കുന്നുണ്ടാകുമോ?

ഓർമ്മകളുടെ പാതയിലൂടെ ഇന്ന് കുറെ നടന്നു. ഗാർഡനിൽ , കോഫീ ഷോപ്പിൽ നമ്മുടെ കാൽപാദങ്ങൾ പതിഞ്ഞ എല്ലായിടത്തും . ഒരു ഭ്രാന്ത് പോലെ.

ഇപ്പോൾ എന്റെ പഴയ റൂമിൽ ഇരുന്നു ഞാൻ നിനക്ക് എഴുതുന്നു. ഈ അഞ്ചു  വർഷത്തിനിടയിൽ എപ്പോഴെങ്കിലും നീ എന്നെ ഓർമ്മിച്ചിരുന്നോ റാം? വീണ്ടും എപ്പോഴെങ്കിലും ഇവിടെ വന്നിരുന്നോ ?ഓർമ്മിച്ചിരുന്നു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു . ഇപ്പോഴും ഞാൻ അടയാളങ്ങൾ ഒന്നും തന്നെ ബാക്കി വെക്കുന്നില്ല. കാരണം അത് ഞാൻ എനിക്ക് നൽകുന്ന പ്രതീക്ഷയാണ്. പ്രതീക്ഷ തകർന്നാൽ എന്നിലെ പ്രണയം നശിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു.

നിനക്കറിയുമോ ജക്കാരൻഡ പൂക്കളുടെ വാസനക്കു മാറ്റം ഒന്നുമില്ല . അതിനിപ്പോഴും അർമാനിയുടെ ഗന്ധം തന്നെ.

അളക.

ഏഴുതി തീർത്തു റൂം സർവീസ് വിളിച്ചു വെള്ളത്തിന് പറഞ്ഞു അവൾ പതുക്കെ കിടന്നു. മൊബൈലിൽ മെഹ്ദിഹസ്സൻ പാടി കൊണ്ടിരിക്കുന്നു
ഗുലോം മേം രംഗ് ബരേ
ബാദേ നൗബഹാർ ചലേ
ബഡാ ഹി ദർദ് ക രിഷ്താ

റൂം ബെൽ അടിക്കുന്നത് കേട്ട്  വാതിൽ തുറന്നു വെള്ളത്തിന് കൈ നീട്ടിയ അവൾ കണ്ടു. പുള്ളോവേർ കോട്ടിന്റെ പോക്കറ്റിൽ കൈ ഇട്ടു നിൽക്കുന്ന താടിക്കാരനെ. അയാളിൽ നിന്നും വരുന്ന അർമാനിയുടെ ഗന്ധം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി.

2018 സെപ്റ്റംബർ 10, തിങ്കളാഴ്‌ച

ഹോട്ടൽ ജക്കാരൻഡാ

ഹോട്ടൽ ജക്കാരൻഡയുടെ നാനൂറ്റി പത്താം മുറിയിലെ  അഴികൾ ഇല്ലാത്ത ജനലുകൾ തുറന്നു അളകശിവകുമാർ പുറത്തേക്ക് നോക്കി. നഗരത്തിന്റെ തിരക്കിൽ നിന്നും  ചൂടിൽ നിന്നും ഓടിയെത്തിയ  അളകയുടെ കണ്ണും  മനവും നിറച്ചു കൊണ്ട് പച്ച പട്ടു സാരിയിലെ വയലറ്റ് കര പോലെ നിരനിരയായി  കിടക്കുന്ന  ജക്കാരൻഡാ മരങ്ങളിൽ വയലറ്റ് പൂക്കൾ. ഇടയ്ക്കിടെ ബാത്തിക് പ്രിന്റ് പോലെ ചുവന്ന  വാകപ്പൂക്കളും.  പച്ച കുന്നുകൾ, അവയിൽ അവിടവിടെ ആയി  ചുവപ്പും വയലറ്റും  മഞ്ഞയും പിന്നെ പലതരത്തിലും നിറത്തിലുമുള്ള  പൂമരങ്ങൾ.വിശപ്പിന്റെ സൈറണ് മുഴങ്ങാൻ  തുടങ്ങുന്നത് വരെ ആ കാഴ്ചയും നോക്കി നിന്നു അവൾ.  കുളിമുറിയിലെ ഷവറിനു  കീഴെ തണുത്ത വെള്ളത്തിൽ കണ്ണുകളടച്ചു നിൽക്കുമ്പോഴും അവളുടെ കണ്ണുകളിൽ നേരത്തെ കണ്ട വർണ്ണ കാഴ്ചകൾ ആയിരുന്നു.

നിറയെ പൂക്കളുള്ള ഒരു ഷിഫോൺ സാരി ഉടുത്തു അവൾ റെസ്റ്റോറന്റിലേക്ക് നടന്നു.ലിഫ്റ്റിൽ കയറാതെ പടികൾ ഓരോന്നായി ഇറങ്ങി നടക്കുമ്പോൾ ഒറ്റക്കുള്ള ഓരോ കാലടിയും ആസ്വദിച്ച് കൊണ്ടിരുന്നു. ഒറ്റക്കൊരു യാത്ര, എത്ര ലത്തെ മോഹമാണ് സഫലമായത്. നാല്പത് കഴിഞ്ഞാൽ സ്ത്രീകൾ ചെയ്തിരിക്കേണ്ടത് എന്ന ലേഖനമാണ് ഈ ഒരു യാത്രക്ക് പ്രചോദനമായത്.

വിദേശത്തേക്ക് ഒരു ബിസിനസ് യാത്ര പോകുമ്പോൾ വീട്ടിൽ ഭാര്യ തനിച്ചിരുന്നു ബോറടിക്കേണ്ടെന്നു കരുതിയാകും രണ്ടാഴ്ച ഒറ്റയ്ക്ക് സുഖിക്കു എന്ന് പറഞ്ഞു  തടസങ്ങൾ ഒന്നും പറയാതെ ഹിൽസ്റ്റേഷനിലേക്കുള്ള യാത്രാടിക്കറ്റ് എടുത്തു കൊടുത്തതും ഹോട്ടൽ റൂം ബുക്ക് ചെയ്തതും ഒക്കെ ശിവ് തന്നെ ആണ്. 

സീസൺ ആയത്കൊണ്ടായിരിക്കാം നല്ല തിരക്കായിരുന്നു റെസ്റ്റോറന്റിൽ. ഇരിക്കാൻ ഒരു സ്ഥലം തിരഞ്ഞപ്പോൾ കുഞ്ഞു ടേബിൾ മാത്രം ആണ് കണ്ടത്.  മെനു കാർഡിലെ പേരുകൾ ഒന്നും തന്നെ അവൾക്കു മനസിലാകുന്നതായിരുന്നില്ല. മുന്നിൽ ഓർഡർ എടുക്കാൻ വന്ന മിടുക്കി കുട്ടിയോട് ചപ്പാത്തിയും ചിക്കൻ  കറിയും ഫ്രൂട്ട് സലാഡും പറഞ്ഞു ഗ്ലാസ് ചുമരുകൾക്ക് അപ്പുറമുള്ള  മനോഹരമായ പൂന്തോട്ടത്തിലേക്ക് നോക്കി അവൾ ഇരുന്നു. പൂമ്പാറ്റകൾ പൂക്കൾക്ക് മുകളിൽ മത്സരിച്ചു പറക്കുന്നുണ്ടായിരുന്നു. മനസ്സുകൊണ്ട് അവളും ഒരു പൂമ്പാറ്റയെ പോലെ പൂക്കൾക്കിടയിലൂടെ പറന്നു നടന്നു .

"എക്സ്ക്യൂസ്‌ മി , കാൻ  ഐ സിറ്റ് ഹിയർ."

 ചോദിച്ചയാൾക്കു തലയാട്ടി സമ്മതം കൊടുത്തു അവൾ വീണ്ടും പൂക്കളിൽ പറക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കുമ്പോഴാണ്   എതിരെ  ഇരിക്കുന്ന ആളെ അവൾ ശരിക്കും ശ്രദ്ധിച്ചത്. താടി ഭംഗി ആയി വെട്ടിയൊതുക്കി കട്ടി ഫ്രെയിം ഉള്ള കണ്ണട വെച്ച സുന്ദരൻ. കൊള്ളാല്ലോ എന്നവൾ   മനസിലോർത്തതും അയാളുടെ നോട്ടം അവളുടെ മുഖത്തേക്ക് വീണു. പറഞ്ഞത് ഉറക്കെ ആയി പോയോ  എന്നൊരു സംശയത്തോടെ കഴിച്ചു തീർത്തു അവൾ എഴുന്നേറ്റു.അവൾ നടന്നപ്പോൾ  അവളുടെ സാരി തലപ്പ് അയാളുടെ മുഖത്തെ തഴുകി. അതിൽ നിന്നും ഉയർന്ന മാസ്മരിക ഗന്ധം അയാളെ ഒന്നുലച്ചു.

ഗ്ലാസ് ചുവരുകൾക്കപ്പുറത്തുടെ അവൾ നടന്നു ഗാർഡനിലേക്ക്  പോകുന്നത്  അയാൾ നോക്കി നിന്നു . അരക്കെട്ടു മറഞ്ഞു നിൽക്കുന്ന വിടർത്തിയിട്ട നനുത്ത നീണ്ട മുടി. നീണ്ട മൂക്കിന്റെ അറ്റത്തായി ഒരു ചെറിയ കാക്കപുള്ളി. വിടർന്ന കണ്ണുകൾ. അവളെ നോക്കി  നിൽക്കെ തന്റെ സങ്കല്പങ്ങളിൽ താൻ കണ്ടിട്ടുള്ള പേരറിയാ പെൺകുട്ടിയെ പോലെ തോന്നി അയാൾക്ക്‌ . ഗാർഡനിൽ ഓരോ പൂക്കളെയും  അവൾ തൊട്ടു നോക്കുന്നതും മണത്തു നോക്കുന്നതും അയാൾ കണ്ടു. വേഗം ഫുഡ് കഴിച്ചു അയാളും ഗാർഡനിലേക്ക് നടന്നു.

അവിടെ സിമന്റ് ബെഞ്ചിൽ  വീണ വയലറ്റ് പൂക്കൾ പെറുക്കി കൊണ്ട് അവൾ ഇരിക്കുന്നുണ്ടായിരുന്നു. പോയി സംസാരിച്ചാൽ ഒറ്റക്കിരിക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ ഇളകുന്ന ആണുങ്ങളുടെ കൂട്ടത്തിൽ തന്നെ പെടുത്തിക്കളയുമോ എന്നൊരു ഭയം അയാൾക്കുണ്ടായി. എങ്കിലും ആ ഭയത്തിനും മുകളിൽ ആയി അവളെ പരിചയപ്പെടണം എന്ന ആഗ്രഹം.

അവൾ ഇരിക്കുന്ന ബെഞ്ചിന്റെ മറ്റേ അറ്റത്തായി ഇരിക്കുമ്പോൾ അവളുടെ മുഖത്തേക്കു ഒന്ന് നോക്കി അയാൾ . ഒരു ചിരി അവിടെ തെളിഞ്ഞോ എന്നൊരു സംശയം. അവൾ പെറുക്കി വെച്ച പൂക്കളിലേക്ക് നോക്കി അയാൾ ചോദിച്ചു

 "ഇതിനു എന്ത് മണമാണ്‌ "

ആവോ  എന്ന് പറഞ്ഞു  അവൾ എഴുന്നേറ്റു പോയപ്പോൾ തൻറെ  സമീപന രീതിയിൽ അവൾക്കു  വല്ല സംശയവും  വന്നോ എന്ന് വീണ്ടും അയാൾ ഭയന്നു.

ആ ദിവസം  പിന്നീട് അവളെ കണ്ടതേയില്ല. ഒരിക്കലും സാധിക്കാത്ത ആഗ്രഹങ്ങളുടെ ലിസ്റ്റിലേക്ക് അതിനെയും ചേർത്ത് വെക്കാം എന്നാലോചിച്ചു കാപ്പി കുടിക്കാനായി പോയപ്പോൾ ആണ് തലേ ദിവസം ഇരുന്ന  സീറ്റിൽ വീണ്ടും അവളെ  കണ്ടത്. തിരക്കില്ലാതിരുന്നിട്ടും അയാൾ അവളുടെ എതിർവശത്തെ സീറ്റിൽ തന്നെ പോയിരുന്നു. അവളുടെ മുന്നിലെ ഒഴിഞ്ഞ കപ്പ്  കണ്ടപ്പോൾ കാപ്പി കുടിച്ചു കഴിഞ്ഞു അവൾ പോകാൻ നോക്കുകയാണ് എന്ന് അയാൾക്കു  മനസിലായി. പെട്ടെന്ന് ഏതോ ഒരുൾപ്രേരണയാൽ കൈ നീട്ടി അയാൾ പറഞ്ഞു

" വൈഭവ് റാം , ട്രാവലർ ആൻഡ്  ഫ്രീലാൻസ് ഫോട്ടോഗ്രാഫർ"

നീട്ടിയ കൈകൾ കൈകളിൽ തൊടാതെ അവൾ പറഞ്ഞു  'അളക ശിവകുമാർ ' .

തുടക്കം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അയാൾ . ഔപചാരിക സംസാരത്തിനു ശേഷം അവൾ എഴുന്നേറ്റു പോകുമ്പോൾ അവളുടെ സാരിയിൽ നിന്ന് വരുന്ന ഗന്ധത്തെ അയാൾ മൂക്കിലേക്ക് ആവാഹിച്ചു എടുക്കുക ആയിരുന്നു.

ഓരോ പ്രാവശ്യം  കാണുമ്പോഴും കുറേശ്ശേ കുറേശ്ശേ ആയി അവരുടെ സംസാരം നീണ്ടു  നീണ്ടു ചിരപരിചിതരെ പോലെ ആയി. ഇതിനു മുൻപും അവിടെ വന്നിട്ടുണ്ട്    എന്നും  തിരിച്ചു വിളിക്കുന്ന  വല്ലാത്ത ഒരു മാന്ത്രിക ശക്തിയുണ്ട് ഈ പ്രദേശത്തിന്  എന്നും അയാൾ സംസാരത്തിനിടയിൽ  അവളോട് പറഞ്ഞു.  കുഞ്ഞു ക്ഷേത്രങ്ങളും  അടുത്തുള്ള ചെറിയ ഗ്രാമങ്ങളും കുന്നിൻമുകളിൽ  അസ്തമയവും ഒക്കെ അയാളുടെ വാക്കുകളിൽ കൂടെ കേട്ടപ്പോൾ അതൊക്കെ കാണാൻ അവൾക്കും ആവേശമായി. അടുത്ത ദിവസം  രാവിലെ  ആദ്യം  ദേവീക്ഷേത്രത്തിൽ പോയി തൊഴുതു അടുത്തുള്ള ഗ്രാമത്തിലേക്ക് ഒരു യാത്ര അവർ പ്ലാൻ ചെയ്തു.

ആ യാത്രയിൽ  അത് വരെ കണ്ട കാഴ്ചകൾ എല്ലാം   ചെറുതും ഭംഗി ഇല്ലാത്തതും ആയിരുന്നു എന്നവൾക്കു മനസിലായി. നഗരത്തിന്റെ തിരക്കും മാലിന്യവും എത്തിച്ചേരാത്ത നാട് , തികച്ചും നിഷ്‍കളങ്കരായ ഗ്രാമീണർ . അവർ ഉണ്ടാക്കുന്ന അത് വരെ കണ്ടിട്ടില്ലാത്ത വിഭവങ്ങൾക്ക് എന്തെന്നില്ലാത്ത രുചി. മടക്കയാത്രയിൽ വൈഭവിനെ പരിചയെപ്പെട്ടിരുന്നില്ലെങ്കിൽ  ഉണ്ടാകുമായിരുന്ന നഷ്ടങ്ങളെ കുറിച്ച് അവൾ ഓർത്തു. ഹോട്ടലുകൾ നടത്തുന്ന ഷെഡ്യൂൾ ട്രിപ്പിൽ ഇത് പോലൊരു കാഴ്ച ഒരിക്കലും കിട്ടില്ലായിരുന്നു .

അടുത്ത ദിവസം  കുന്നിൻമുകളിലെ  അസ്തമയം ആയിരുന്നു ലക്‌ഷ്യം.ഓരോ കഥകളും പറഞ്ഞു കുന്നിൻ മുകളിലേക്ക് നടക്കുമ്പോൾ ദൂരവും കയറ്റവും ഒന്നും അവൾ അറിഞ്ഞതേയില്ല. അയാളുടെ ബാഗിൽ കുടിക്കാൻ വെള്ളവും കഴിക്കാനുള്ള  പഴങ്ങളും ചിപ്സും ഒക്കെ നിറച്ചായിരുന്നു യാത്ര. തിന്നും കുടിച്ചും കളിച്ചും ചിരിച്ചും മുകളിൽ എത്തിയപ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് താഴ്ന്നു തുടങ്ങുന്നുണ്ടായിരുന്നേയുള്ളു.

കുന്നിൽ മുകളിൽ ചുവന്ന  പൂക്കൾ  നിറഞ്ഞൊരു ഒറ്റ മരം .  കൈകൊണ്ട് തൊടാൻ പറ്റുന്ന വിധം അടുത്തെത്തിയ മേഘങ്ങൾ. അസ്തമിക്കാൻ  തുടങ്ങുന്ന സൂര്യരശ്മികൾ  അവയ്ക്ക്  ഉലയിലെ പഴുപ്പിച്ച ഇരുമ്പെന്ന പോലെ ചുവപ്പു നിറം കൊടുത്തിരുന്നു. മരത്തിനു ചുവട്ടിൽ നിന്നും ചുറ്റും കണ്ണോടിക്കുമ്പോൾ മേഘങ്ങളിൽ നിന്നും ഉതിർന്നു വീണത് പോലെ കുന്നുകൾ. അവയിൽ നിന്നും മുകളിലേയ്ക്ക് ഉയരുന്ന പുകമഞ്ഞു . വാക്കുകളിൽ വിവരിക്കാനാകാത്ത ആ സുന്ദരദൃശ്യത്തെ  ലെൻസിൽ ഒപ്പിയെടുക്കുക ആയിരുന്നു അയാൾ. ചെറിയ കാറ്റിൽ അവളുടെ ചുവന്ന  ഷാൾ ഉയർന്നു പൊങ്ങുന്നതിന്റെ ഫോട്ടോ എടുക്കുമ്പോൾ ആണ് അയാൾ കണ്ടത്. അവളുടെ മൂക്കിൻതുമ്പത്തെ വിയർപ്പുതുള്ളി വൈഡൂര്യം പോലെ തിളങ്ങുന്നു. സ്വർഗീയ കാഴ്ച്ചയിൽ മയങ്ങി ഏതോ ലോകത്തിൽ നിൽകുന്ന അവൾ ആകട്ടെ ഫോട്ടോ  എടുക്കുന്നത് അറിഞ്ഞതേയില്ല.

"താങ്ക്സ് റാം" എന്ന് പറഞ്ഞു  തിരിഞ്ഞപ്പോൾ ആണ് അയാൾ ഫോട്ടോ എടുക്കുന്നത് അവൾ ശ്രദ്ധിച്ചത്.

"അന്യസ്ത്രീകളുടെ ഫോട്ടോ അവരുടെ സമ്മതമില്ലാതെ എടുക്കുന്നത് കുറ്റകരം ആണ് ഫോട്ടോഗ്രാഫർ"

"ഒരു ഫോട്ടോഗ്രാഫർക്ക് സുന്ദരമായ എന്തിന്റെയും ഫോട്ടോ എടുക്കാം എന്നാണ്" അയാളും  വിട്ടു കൊടുത്തില്ല.

"ഓഹോ, എങ്കിൽ പിന്നെ ആ സൗന്ദര്യം ഞാനും ഒന്ന് കാണട്ടെ."

 അയാൾ എടുത്ത  ഫോട്ടോകൾ നോക്കി കൊണ്ടിരിക്കുമ്പോൾ കാറ്റിൽ അവളുടെ മുടി അയാളുടെ മുഖത്തേക്ക് പതിച്ചു. മുൻപ് അറിഞ്ഞിരുന്ന മാസ്മരികഗന്ധത്തിനു പകരം മുടിക്ക്  കർപ്പൂരത്തിന്റെയും തുളസിയുടെയും മണമായിരുന്നു.

ഒരു നിമിഷം എന്തോ ഒരാവേശത്തിൽ  ഇടം കൈ കൊണ്ട് അരക്കെട്ടു ചേർത്ത് പിടിച്ചു അവളുടെ ചെവിക്കു താഴെ ഉമ്മ  വെക്കുമ്പോൾ അരുതായ്മകളെ കുറിച്ചൊന്നും അയാൾ ഓർത്തില്ല. ഒറ്റ മരം ചുവന്ന പൂക്കൾ  അവർക്ക് മേൽ പൊഴിച്ച് കൊണ്ടിരുന്നു. അവളുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദത്തിൽ അവർ ഒന്ന് ഞെട്ടി. ഫോൺ സ്‌ക്രീനിൽ ശിവ് ന്റെ പേര്. ഫോൺ ചെവിയോട് ചേർത്തു  അവൾ ഒരറ്റത്തേക്ക് നടന്നു. സംസാരിച്ചു കഴിഞ്ഞപ്പോൾ സൂര്യൻ കുന്നുകൾക്കിടയിലേക്ക് മറയാൻ  തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. കുന്നിറങ്ങുമ്പോൾ അയാൾ നിശബ്ദൻ ആയിരുന്നു. എന്ത് പറ്റി  എന്ന അവളുടെ ചോദ്യത്തിന് സോറി പെട്ടെന്നു ഞാൻ എന്തോ ഓർത്തു അറിയാതെ , അയാൾ വാക്കുകൾക്ക് വേണ്ടി കഷ്ടപ്പെട്ടു

 "താങ്ക്സ് , കുറച്ചു സമയത്തേക്ക് എങ്കിലും എന്നെ ഒരു ടീനേജർ ആക്കി യതിനു"  പൊട്ടിച്ചിരിച്ചു  ഒറ്റ നിമിഷം കൊണ്ട് അവർക്കിടയിൽ വന്നു വീണ മൗനത്തിന്റെ പുതപ്പിനെ അവൾ ചുരുട്ടിയെറിഞ്ഞു

സംസാരിച്ചു  നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു " നമ്മൾ മുൻപേ കണ്ടു മുട്ടേണ്ടവർ ആയിരുന്നു "

"ഒരിക്കലും അല്ല മുൻപേ കണ്ടു മുട്ടിയിരുന്നുവെങ്കിൽ ഈ അസ്തമയം ഇത്രയും ഭംഗിയിൽ നമുക്ക് ഒരിക്കലും കാണാൻ പറ്റില്ലായിരുന്നു"

കുന്നിൻമുകളിൽ നിന്നും കണ്ട തടാകത്തിലേക്ക് പിറ്റേദിവസം പോകാമെന്നു പറഞ്ഞു ഇരുവരും പിരിഞ്ഞു .

പിറ്റേന്ന് കാലത്തു റെസ്റ്റോറന്റിലേക്ക് നടക്കുമ്പോൾ ആണ് റിസപ്ഷനിൽ നിന്നും അയാളെ വിളിച്ചു  ഇത് 410 ലെ ഗസ്റ്റ് തരാൻ  വേണ്ടി ഏല്പിച്ചതാണ് എന്ന് പറഞ്ഞു ഒരു കവർ  കൊടുത്തത് . ആകാക്ഷയോടെ തുറന്ന കവറിൽ നിന്നും വീണ ഒരു തുണ്ടു പേപ്പർ  വായിച്ചു കൊണ്ട് അയാൾ പുറത്തേക്ക് നടന്നു

റാം,

ശിവ്നു വയ്യാത്തത് കൊണ്ട് ട്രിപ്പ് ക്യാൻസൽ ചെയ്തു തിരിച്ചു വന്നിരിക്കുന്നു. വലിയ ബിസിനസ്സ്മാൻ ആണെങ്കിലും വയ്യാതായാൽ ചെറിയ കുട്ടിയെ പോലെയാണ്. അത് കൊണ്ട്  പറഞ്ഞതിലും മുൻപേ മടങ്ങേണ്ടിയിരിക്കുന്നു.

തിരിച്ചു വിളിക്കുന്ന മാന്ത്രികതയുള്ള നാട്ടിൽ വീണ്ടും വസന്തം ജക്കാരൻഡാ പൂക്കൾ വിരിക്കുമ്പോൾ നമ്മൾ കണ്ടുമുട്ടും. അത് കൊണ്ട് തന്നെ ഫോൺ നമ്പർ ഒന്നും തന്നെ തരുന്നില്ല.

പിന്നെ , അന്ന് ചോദിച്ചിരുന്നില്ലേ ജക്കാരൻഡയുടെ മണമെന്താണ് എന്ന് . അതിനു ജോർജിയോ അർമാനിയുടെ മണമാണ് ..;)

അളക

പൂവിന്റെ മണം അറിയാൻ ചാഞ്ഞു കിടക്കുന്ന കൊമ്പിലെ ജക്കാരൻഡാ പൂ അയാൾ മണത്തു  നോക്കി. അതിനു  തുളസിയുടെയും  കർപ്പൂരത്തിന്റെയും ഗന്ധമായിരുന്നു !!


******************
സമർപ്പണം ജക്കാരൻഡയും പ്രണയവും അവിടേം ഇവിടേം തൊടാതെ പറയുന്ന തമ്പി സാറിന്

ടൈറ്റിൽ നു കടപ്പാട് : പിഗ്മക്ക്

പടം വര : റൈഡർ സോളോ




2018 ജൂലൈ 23, തിങ്കളാഴ്‌ച

ഒറ്റക്കൊരു പെണ്ണ്

മഴക്കാലത്തു കടൽ കണ്ടിട്ടുണ്ടോ? ഇരുണ്ട ആകാശത്തിനു കീഴെ ആർത്തലക്കുന്ന തിരമാലകൾ ഉയർന്നു പൊങ്ങുന്ന കലി തുള്ളിയ കടൽ. കരയോട് ചേരാൻ ആണ് കടൽ തുള്ളുന്നത് എന്നാണോ കരുതിയത്. അല്ല, ആകാശത്തിനോട് ചേരാൻ വെമ്പുന്നവൾ ആണവൾ . ഭൂമിയോട് ചേരാൻ കഴിയാത്ത ആകാശത്തിന്റെ  ദുഃഖം പെയ്തൊഴുകുന്നതാണു കടലാകുന്നത്.

മഴയിൽ കടൽ കാണാൻ പോകുന്ന കാര്യം പറഞ്ഞപ്പോളാണ്  മഴയത്തു കടൽ നിനക്ക് പ്രാന്താ ,ഞാനില്ല , കൂട്ടുകാരെ ആരേലും കൂട്ടി പോ എന്ന് പറഞ്ഞത്. ഇന്ത്യ മുഴുവൻ ഒറ്റക്കു യാത്ര ചെയ്യാനുള്ള മോഹവുമായി നടക്കുകയാണ്. എങ്കിൽ പിന്നെ ബീച്ചിലേക്ക് ഒരു ട്രയൽ നടത്തിയാലോ എന്ന് തോന്നി,  കൂടെ കൊണ്ട് പോകാൻ കൂട്ടുകാർ ആരുമില്ലായിരുന്നു എന്നത് വേറൊരു സത്യം.

അഞ്ചര ആയപ്പോൾ ബീച്ചിൽ എത്തി. പാർക്കിങ്ങിനോട് ചേർന്നുള്ള സിമന്റ് തറയിൽ ഇരുന്നു. അവിടെയാകുമ്പോൾ ആരുടേയും ശല്യമില്ലാതെ കടൽ കാണാം.അപ്പുറത്തെല്ലാം നിറയെ ആളുകൾ , കുട്ടികൾ വെള്ളത്തിലിറങ്ങിയും തിരിച്ചു ഓടിയും കളിക്കുന്നു. സൂര്യകിരണങ്ങൾ ഇളം മഞ്ഞ നിറം വീഴ്ത്തുന്നുണ്ട്. കുറെ നാളിന് ശേഷം ആശാൻ പുറത്തു വന്നതാണ്. ഓരോ നിമിഷം കഴിയുമ്പോൾ മഞ്ഞ നിറം മാറി മാറി വരുന്നതും, തിരകൾ അടിച്ചു കേറുന്നതും നോക്കി ഇരിക്കുമ്പോൾ ആണ് ആരോ നോക്കുന്നത് പോലെ ഒരു തോന്നൽ. തല തിരിച്ചു നോക്കിയപ്പോൾ അടുത്തുള്ള ബദാം  മരത്തിൽ ചാരി ഒരാൾ. അയാളുടെ ചുണ്ടുകളിൽ വഷളൻ ചിരി.  അപ്പുറത്തെ പാർക്കിന്റെ മതിലിൽ ചാരി നിൽക്കുന്നയാളോട് തന്നെ ചൂണ്ടി അയാൾ എന്തോ ആംഗ്യഭാഷയിൽ പറയുന്നു.   അവിടെയുള്ള ഇരിപ്പു അത്ര പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് എഴുന്നേറ്റു നടന്നു. മണലിൽ കൂടെ നടക്കുന്നത് ഒട്ടും ഇഷ്ടമില്ലാത്തത് ആണ് . എങ്കിലും അമർത്തി ചവിട്ടാതെ ചെരുപ്പിൽ മണൽ കേറാതെ , ഇടയ്ക്കു നിറം മാറുന്ന കടലിനെ  നോക്കി നടക്കുമ്പോൾ ഇടത് വശത്തു നിന്നും ഒരു ശബ്ദം ' ഒറ്റക്കാണോ '.

ഒറ്റക്കായാലും ഇരട്ടക്കായാലും തനിക്കെന്താടാ ചെകുത്താനെ എന്ന് ചോദിയ്ക്കാൻ ആണ് ആദ്യം  തോന്നിയത്.  പക്ഷെ ചോദ്യം അവഗണിച്ചു മുന്നോട്ടു നടക്കുകയാണ് നല്ലത് എന്ന് മനസ്സ് ഓർമ്മിപ്പിച്ചു. ചേർന്ന് നടക്കാൻ ശ്രമിച്ചു കൊണ്ട് അയാൾ കൂടെ തന്നെ ഉണ്ടായിരുന്നു. കാലിൽ മണല് കേറുന്നത് നോക്കാതെ കുറച്ചു വേഗത്തിൽ നടന്നു ആൾക്കൂട്ടത്തിൽ ചെന്ന് കേറിയപ്പോൾ ആണ് ഒരു ആശ്വാസം ആയത്. അയാൾ പിറകെയുണ്ടോ എന്ന് നോക്കിയില്ല. കാരണം തിരിഞ്ഞു നോട്ടം ചിലപ്പോൾ ഒരു ക്ഷണം ആയി കരുതിയാലോ എന്ന സംശയം.  ആൾക്കൂട്ടത്തിൽ നിന്ന് അസ്തമയം കണ്ടു . സൂര്യൻ പൂർണ്ണമായും കടലിൽ താഴുന്നതിനു മുന്നേ അവിടെ നിന്നും മടങ്ങി.

ബീച്ചിൽ നിന്നും റോഡിലേക്ക് കേറിയപ്പോൾ വിശപ്പിന്റെ വിളി അതിഭീകരം ആയത് കൊണ്ട് അടുത്ത കണ്ട ഹോട്ടലിൽ കേറി മൂലയിൽ ഉള്ള ഒരു മേശ പിടിച്ചു. പൊറോട്ടയും ചിക്കൻ ചുക്കയും ഓർഡർ ചെയ്തു ഇരിക്കുമ്പോൾ മുന്നിലെ സീറ്റിൽ ഒരാൾ  വന്നിരുന്നത്. ഇരിക്കട്ടെ എന്ന് മര്യാദയുടെ പേരിൽ ഒരു ചോദ്യം പോലും ചോദിക്കാതെ കയറി ഇരുന്നവനോട്  ആദ്യം തന്നെ ഒരു നീരസം തോന്നി. മൊബൈലിൽ നിന്നും മുഖമുയർത്താതെ വന്ന വൈറ്ററോട് ഒരു കാപ്പിക്ക് പറഞ്ഞു . ഓർഡർ ചെയ്ത പൊറോട്ടയും ചിക്കനും  വന്നു അത് ആസ്വദിച്ച് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അയാളുടെ കൈകൾ പ്ലേറ്റിലെ ചിക്കനിലേക്ക്. 'എക്സ്ക്യൂസ്‌ മി '  ശബ്ദം കുറച്ചുയർന്നു എന്ന് മനസിലായത് അടുത്ത ടേബിളിൽ ഇരുന്നവർ ഒക്കെ നോക്കുന്നത് കണ്ടപ്പോൾ ആണ്. സോറി പറഞ്ഞു ഓർഡർ ചെയ്ത ചായ ,മുഴുവൻ കുടിക്കാതെ അയാൾ എഴുന്നേറ്റു പോയി . ഭക്ഷണം  കഴിച്ചു പുറത്തിറങ്ങുമ്പോൾ സമയം ഏഴര. റോഡിൽ ആളുകൾ കുറവാണ്. ഒരു ഓട്ടോ കിട്ടിയാൽ ബസ്‌സ്റ്റോപ്പിൽ പോയിറങ്ങാം എന്നോർത്തു ഓട്ടോ കിട്ടുന്നിടം നോക്കി നടന്നു. പെട്ടെന്ന് ഒരു ശബ്ദം " ചേച്ചിടെ ഇറച്ചിയിൽ തൊട്ടാൽ ചേച്ചിക്ക് ദേഷ്യത്തെ വരുമെടാ" ഞെട്ടലോടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ നേരത്തെ ഹോട്ടലിൽ കണ്ട ആളും  കുറെ പേരും. എന്ത് ചെയ്യുമെന്നാലോചിച്ചു നിൽക്കുമ്പോൾ ദൈവമയച്ചത്  പോലെ മുന്നിൽ വന്ന ഒരു ഓട്ടോ. അതിൽ കയറി ബസ് സ്റ്റാൻഡ് എന്ന് പറയുമ്പോഴും ഒരു ഭയത്തോടെ ഞാൻ  പുറത്തക്കു നോക്കി.  അവർ ഓട്ടോയുടെ അടുത്തേക്ക് വരുമെന്നൊരു പേടി. ഓട്ടോ മുന്നോട്ടുഎടുത്തു കൊണ്ട് ഡ്രൈവർ പറഞ്ഞു ' ഈ സ്ഥലം അത്ര നല്ലതല്ല, ഈ സമയത്തു  ഒറ്റക്കൊന്നും ഇവിടെ വരരുത്' ഒന്നും പറയാതെ സീറ്റിൽ ചാരി ഇരുന്നപ്പോൾ ഒരു വലിയ പകടത്തിൽ നിന്നും രക്ഷപെട്ടു എന്ന തോന്നൽ.

ബസ്റ്റോപ്പിൽ ഇറങ്ങി ബസ് കിട്ടുന്നത് പിന്നെയും കുറെ കഴിഞ്ഞാണ്. ബസ് സ്റ്റോപ്പിൽ വേറെ പെണ്ണുങ്ങൾ ഒന്നും തന്നെയില്ല. അവിടെ നിൽക്കുന്ന ഓരോരുത്തരുടെ മുഖത്തും ഇതെവിടുന്നു ആണ് കുറ്റിയും പറിച്ചു വന്നേക്കുന്നത് എന്ന ഭാവം. ബസ് ഒന്ന് വേഗം വന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു  കൊണ്ടിരിക്കെ ബസ് വന്നു. ചാടി കേറിയപ്പോൾ അതിലും നിറയെ ആളുകൾ. രണ്ടു സ്ത്രീകൾ  മാത്രം ഉണ്ട് സീറ്റിൽ അവരുടെ കൂടെ ഭർത്താക്കന്മാരും . ബസിലെ ആളുകളുടെ നോട്ടവും നേരത്തെ ബസ്റ്റോപ്പിൽ കണ്ടവരുടേത് പോലെ തന്നെ. ഡ്രൈവറുടെ പിറകിലെ ഒഴിഞ്ഞ ലേഡീസ് സീറ്റിൽ കയറിആശ്വാസത്തോടെ കണ്ണടച്ച് ഇരുന്നു. ടിക്കറ്റ് തരാൻ  വന്നത് എന്നും കാണുന്ന കണ്ടക്ടർ തന്നെ. ഇത്രേം വൈകി ഇതെവിടുന്നാ , കുശലാന്വേഷണത്തിനു ഒരു ചിരി മാത്രം മറുപടി കൊടുത്തു ആലോചിച്ചു. രാത്രി എട്ടര മണിയെന്ന പറയുന്നത് അത്രേം വൈകിയ ഒരു സമയം ആണോ? അതോ സ്ത്രീകൾക്ക് മാത്രം പറഞ്ഞിട്ടുള്ള സമയത്തിനുമപ്പുറം ആണോ ?

പലതരം ആലോചനകളിൽ പെട്ട് നോക്കുമ്പോൾ മുന്നിലെ ഗ്ലാസിൽ പതിച്ചു വെച്ചിരിക്കുന്ന ഒരു പെണ്ണിന്റെ ചിത്രം. അവൾക്കു ചുറ്റും നടുക്ക് കറുത്ത വെളുത്ത പൂക്കൾ. ഒന്ന് കൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ  മനസിലായി അത് വെളുത്ത പൂക്കൾ അല്ല. കുറെ കണ്ണുകൾ ആണ്. കറുത്ത  പൂമ്പൊടി പോലെ കാണുന്നത് ചോദ്യ ചിഹ്നങ്ങളും !


2018 ജൂൺ 14, വ്യാഴാഴ്‌ച

മഴയോർമ്മകൾ

മലയിൽ  നിന്നും ഇരമ്പി വരുന്ന വയനാടൻ മഴ.
മലയിറങ്ങി സേട്ടുക്കുന്നിൽ എത്തുമ്പോൾ കേൾക്കാം മഴയുടെ ഇരമ്പുന്ന ശബ്ദം.
കുന്നിറങ്ങി വയലിലെ നെല്ലോലകളെ തഴുകി വീട്ടു മുറ്റത്ത്  എത്തുമ്പോഴേക്കും നല്ല ഉഗ്രരൂപി ആയിട്ടുണ്ടാകും. അതിനു വല്ലാത്ത വന്യത ആയിരുന്നു.പല ശബ്ദത്തിൽ , താളത്തിൽ, മൂർച്ചയിൽ ഒഴിയാതെ അത് പെയ്തു കൊണ്ടേയിരിക്കും . നിറഞ്ഞൊഴുകുന്ന തോടുകളും പുഴയും. പെരുമഴക്കാലത്ത് ദ്വീപ് ആയി മാറുന്ന ചുറ്റും വയലുള്ള ഒരു ചെറിയ കുന്നിലായിരുന്നു   വീട്. 

മഴക്കാലത്തിന് മുന്നേ തുടങ്ങുന്ന ഒരുക്കങ്ങൾ.വിറക്പുരയിൽ മഴക്കാലം കഴിയാനാവശ്യമായ വിറകുകൾ നിറക്കുന്നു..നെല്ല് കുത്തി അരി ആക്കി വെക്കുന്നു.തട്ടിൻപുറത്തു എത്തുന്ന ഉപ്പ്‌ചാക്ക്.അമ്മ ഉണക്കി വെക്കുന്ന കൊണ്ടാട്ടങ്ങൾ.

മഴ തുടങ്ങിയാൽ തണുക്കുന്നേ  പറഞ്ഞു അടുപ്പിൻതീയരികിൽ നിൽക്കാനുള്ള ഗുസ്തിപിടുത്തം.
തണുപ്പത്ത് മാങ്ങ തിന്നരുത് വയറു വേദന വരും എന്ന് പറഞ്ഞാലും മഴയിൽ പോയി മാങ്ങ പെറുക്കി കൊണ്ട് വന്നു തിന്നൽ.

പുഴ നിറഞ്ഞു വെള്ളം പൊങ്ങി വയലും കരയും നിറയുമ്പോൾ ഇക്കരെ കുന്നിൽ നിന്നും അക്കരെ കുന്നിലേക്കു നീന്തൽ മത്സരം. കാഴ്ച്ചക്കാരിൽ ഒരാളായി ഞാനും.

വാഴപിണ്ടികൾ ചേർത്തുണ്ടാക്കിയ പാണ്ടി  (ചങ്ങാടം) തുഴഞ്ഞു പോകുന്നവർ.പാണ്ടി തുഴഞ്ഞു  വന്നു വെള്ളം കേറിയ സ്ഥലത്തെ കപ്പ പറിച്ചെടുക്കുന്ന കൊച്ചുണ്ണിമാർ. വെള്ളപൊക്കമുണ്ടായ സ്ഥലത്തു നിന്നും ആളുകളെ മാറ്റി പാർപ്പിക്കാൻ വരുന്ന പഞ്ചായത്തിന്റെ തോണി.നിമിഷം പ്രതി പൊങ്ങുന്ന ജലനിരപ്പ്.

കാണുമ്പോൾ പലരുടെയും മനസ്സിൽ കനലെരിയും.എന്റെ വാഴയെന്നും  നെല്ലെന്നും കപ്പയെന്നും ഓർത്തു ആ വേദന നെഞ്ചിലടക്കി പരന്നു കിടക്കുന്ന വെള്ളപ്പരപ്പിലേക്ക് നോക്കി നെടുവീർപ്പിടും

പുഴയും വെള്ളപ്പൊക്കവും ഒക്കെ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ആണ്. ഇപ്പോളത് ഓർമ്മകുടുക്കയിലെ സമ്പാദ്യവും. ഇന്നിപ്പോൾ  ഓർമ്മകളുടെ പുതപ്പും പുതച്ചു ഞാൻ ഇങ്ങനെ ഇവിടെ  മഴയിലേക്ക് കണ്ണും നട്ടു.



വയനാട്ടിലെ വീട്ടിലേക്കുള്ള വഴിയാണ് ചിത്രത്തിൽ ആദ്യത്തേത് വേനലിൽ..അടുത്തത് ഇന്നു കുഞ്ഞേട്ട വയനാട്ടിൽ നിന്നും അയച്ചത്..



2018 മേയ് 28, തിങ്കളാഴ്‌ച

സ്വപ്‌നാടനം


പ്രണയവും സംഗീതവും വിരുന്നൊരുക്കുന്ന
ഒരു വശത്തായി പ്രണയനദി ഒഴുകുന്ന
പ്രണയപുഷ്പങ്ങൾ  വിരിയുന്ന നഗരം
എന്റെ മോഹങ്ങളുടെ പട്ടികയിലേക്ക്
ആ നഗരത്തെ  കൂട്ടിവെക്കുമ്പോൾ
കൂട്ടുകാരാ നീ അറിയുന്നുണ്ടോ
ഒരിക്കലും നടക്കാത്ത മോഹമാണെന്നു!

ഒരുമിച്ചുള്ള യാത്ര കുറച്ചു നേരത്തേക്ക് മാത്രമെന്ന് അറിയാം
നദി ദൂരം കടന്നാൽ, മറുകര എത്തിയാൽ
തിരിഞ്ഞു നോക്കാതെ പോകേണ്ടവർ ആണെന്നും
സ്വപ്നങ്ങളെ അവയുടെ വേവ് പാകത്തിൽ
വേണ്ട വെള്ളവും വളവും കൊടുത്ത്
നമുക്ക് വിളയിച്ചെടുക്കാം
വിളവെടുപ്പ് കഴിഞ്ഞാൽ താന്താങ്ങളുടെ ലോകത്തേക്ക്
നമുക്ക് തിരിഞ്ഞു നടക്കാം!
 


2018 ഏപ്രിൽ 11, ബുധനാഴ്‌ച

അവനവനെ കണ്ടെത്തൽ

(ഫേസ്ബുക്കിലെ സുഹൃത്ഗ്രൂപ്പിലേക്ക് വേണ്ടി എഴുതിയത് )


'Introduce yourself' 

എ സി യുടെ തണുപ്പിലും ഞാൻ ഒന്ന് വിയർത്തു. ഹൈദരാബാദിലെ ആദ്യ ഇന്റർവ്യൂ. അന്നും ഇന്നും എന്റെ ആംഗലേയം ദരിദ്രമാണ്. ഒരു സെന്റ്റെൻസ് മുഴുവൻ പറയുന്നത് മുക്കിയും മൂളിയും ആണ്.  അങ്ങനെയുള്ള എന്നോടാണ് എന്നെ കുറിച്ച് പറയാൻ പറയുന്നത്. വിചാരിക്കാത്ത നേരത്തു തകർന്നു പോയ കൊട്ടാരത്തിന്റെ അവശിഷടങ്ങൾക്കിടയിൽ നിന്നും എഴുന്നേറ്റു വന്ന എന്റെ ഉള്ളിൽ  ഇരുളും ചോദ്യചിഹ്നവും പിന്നെ രണ്ടു കുഞ്ഞിക്കണ്ണുകളും മാത്രമായിരുന്നു. അപ്പോൾ നമ്മളെ കുറിച്ച് എന്ത് പറയാൻ ആണ്.  മിഴിച്ചു ഇരിക്കുന്ന എന്നെ നോക്കി അയാൾ വീണ്ടും പറഞ്ഞു tell me about your ambition, dreams, capabilities etc..etc.ഞാൻ എന്നെ കുറിച്ച് പറഞ്ഞത് കേട്ട് ഇമ്പ്രെസ്സ് ആയിട്ടാണോ എന്തോ ആ ജോലി  കിട്ടിയില്ല .  


ഇപ്പോൾ ഈ ചോദ്യോത്തരപംക്തിയിൽ ഞാൻ എന്നെ തന്നെ കണ്ടു പിടിക്കാനുള്ള ശ്രമം ആണ്. 

? ബാല്യം കൌമാരം യൗവനം പ്രണയം 

വയനാട്ടിലെ ടൂറിസ്റ്റ് സ്പോട്ട് ആയ ബാണാസുരസാഗറിൽ നിന്നും ഒന്നര കിലോമീറ്റർ മാറി കാവുമന്ദം  എന്ന സ്ഥലത്തു വയലുകളാൽ ചുറ്റപ്പെട്ട ഒരു കൊച്ചു കുന്നിലെ വീട്ടിൽ ജനിച്ചു. ആറു  ആങ്ങളമാർക്കും രണ്ടു  ചേച്ചിമാർക്കും കുഞ്ഞനുജത്തി ആയി. എല്ലാ വിധ ലാളന കൊണ്ടും വഷളായ, ജീവിതത്തിലെ ഏറ്റവും സുവർണ്ണകാലഘട്ടം ആയിരുന്നു അത്.  തിന്നുക , ഉറങ്ങുക , മരം കേറുക എന്നതിന് അപ്പുറത്തേക്ക് ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ടതില്ലായിരുന്നു.അരുത്  എന്ന് പറയുന്നത് ചെയ്യുന്നതിന് അന്നൊക്കെ ഒരു പ്രത്യേക രസം ആയിരുന്നു. മരത്തിൽ കേറരുത് എന്ന് പറഞ്ഞാൽ അന്ന് പേരയുടെ തുഞ്ചത്തു  നിന്നും ഇറക്കി കൊണ്ട് വരാൻ വടിയെടുക്കണം.  വീട്ടിൽ സാമ്പത്തികമായ ഞെരുക്കം ഒന്നും  തന്നെയുണ്ടായിരുന്നില്ല. എങ്കിലും പോക്കറ്റ് മണിയായി ഒന്നും തരാറുമില്ല. അച്ഛന്റെ ചാരന്മാർ നാട് മുഴുവനും ഉള്ളത് കൊണ്ട് നമ്മളൊന്ന് അനങ്ങിയാൽ  വിവരം വീട്ടിലറിയും . എന്നാലും ചാരകണ്ണുകളെ കബളിപ്പിച്ചു കർലാട്  സമുദ്രം (ശരിക്കും തടാകമാണ് , പക്ഷെ തിരയടിക്കുന്നത് കൊണ്ട് നാട്ടുകാർ സമുദ്രം ആക്കി) കാണാനും കൂട്ടുകാരികളുടെ വീട്ടിൽ പോകാനുമൊക്കെ സമയം കണ്ടെത്തിയിരുന്നു. കൗമാരകാലത്തു പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങോട്ട് തോന്നിയവരോട് പ്രണയം തോന്നിയതുമില്ല , അങ്ങോട്ട് തോന്നിയ പ്രണയം പറയാനും പോയില്ല. പിന്നെ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം തോന്നിയ ഒരു പ്രണയം സമൂഹം, കുടുംബം എന്നിവയുടെ മുന്നിൽ തോറ്റു കരിഞ്ഞും പോയി. എന്തിനും ഏതിനും കരയുന്ന എന്നെ കരയാളി പാത്തുമ്മ എന്നൊരു വിളിപ്പേരും ഉണ്ടായിരുന്നു. ജീവിതസമ്മർദ്ദങ്ങളിൽ പെട്ട് നീരുറവ വറ്റിയത് കൊണ്ട് ഇപ്പോൾ അങ്ങനെ കരയാറില്ല.

? അന്നത്തെ ലക്ഷ്യങ്ങള്‍,സങ്കല്പങ്ങള്‍

അന്ന് പ്രത്യേകിച്ച് ലക്‌ഷ്യം ഒന്നുമില്ലായിരുന്നു (ഇന്നും ഇല്ല) ഒരു ഒഴുക്കിനു അങ്ങനെ ഒഴുകിപോകുക എന്നതല്ലാതെ. എങ്കിലും വക്കീൽ ആകണം എന്നൊരു മോഹം വല്ലാതെയുണ്ടായിരുന്നു. അതിന്റെ കടക്കൽ ആദ്യമേ കത്തി വെച്ച് എനിക്കൊട്ടും ഇഷ്ടമില്ലാത്ത ടീച്ചിങ് പഠിക്കാൻ വിട്ടു എന്റെ മോഹങ്ങൾ മൊത്തം അലുക്കുലുത്തായി എന്ന് പറഞ്ഞാൽ മതിയല്ലോ.

? ആ കാലങ്ങളിലേയ്ക്ക് ഒരു തിരിച്ചു പോക്ക് സ്വപ്നം കാണാറുണ്ടോ?

എപ്പോഴും ഓർക്കും തിരിച്ചു പോക്കിനെ പറ്റി. പഴയത് പോലെ ഒന്നും അറിയാതെ അങ്ങനെ ഓടി ചാടി നടക്കാൻ. ഇപ്പോൾ ഉത്തരവാദിത്വങ്ങളുടെ ഭാരം പേറി മുതുകു കഴക്കുമ്പോൾ ആകെ കുളിരു തരുന്നത് ആ ഓർമ്മ മാത്രം ആണ്.


? രാഷ്ട്രീയം

രാഷ്ട്രീയ പാർട്ടികളോട് ഒരു തരത്തിലുമുള്ള ആഭിമുഖ്യം ഇല്ല. പക്ഷെ ഞാൻ സ്വതന്ത്ര ഇടതു പക്ഷ ചിന്താഗതിക്കാരി ആണ്, കമ്മ്യൂണിസ്റ്റ് എന്ന് പറയാമോ എന്നറിയില്ല. തികഞ്ഞ കമ്മ്യൂണിസ്റ്റ് ആകാൻ കഴിഞ്ഞിട്ടില്ല, ശ്രമിച്ചിട്ടില്ല.

? സുഹൃത്തുക്കള്‍ 

യഥാർത്ഥ ജീവിതത്തിൽ ഞാൻ ഒരു അന്തർമുഖിയാണ്. അത് കൊണ്ട് തന്നെ എന്തും ഏതും  തുറന്നു പറയാവുന്ന സുഹൃത്തുക്കൾ ഇല്ല എന്ന് പറയാം. ഓഫീസിൽ സഹപ്രവർത്തകർ ,അയൽക്കാർ ഇവരോടൊക്കെ ഫോർമൽ ആയുള്ള ബന്ധത്തിന് അപ്പുറം ഒന്നുമില്ല.  പിന്നെ ഉള്ളതു virtual world ലെ സുഹൃത്തുക്കളാണ്. ചിലരോടൊക്കെ അകലാൻ കഴിയാത്ത ആത്മബന്ധം രൂപപ്പെട്ടിട്ടുമുണ്ട്. സൗഹൃദം പോളിഷ് ചെയ്തു നിലനിർത്തുക എന്നത് എന്നെ കൊണ്ട് പറ്റാത്ത ഒരു കാര്യമാണ്. മനസ്സിൽ തോന്നിയത് പറയുക എന്ന രീതി ആയത് കൊണ്ട് പലരെയും പലരീതിയിലും വെറുപ്പിക്കാറുണ്ട്. എന്തെങ്കിലും കാര്യമായത് പറയാനോ മറ്റോ മെസ്സേജുകൾ അയക്കുന്ന കൂട്ടത്തിലായത് കൊണ്ട് തന്നെ ഈ സുഹൃത്‌വലയവും അത്ര വിപുലമല്ല. പിന്നെ സോഷ്യൽ മീഡിയ ഫ്രണ്ട്ഷിപ്പിന്റെ തുടക്കത്തിൽ എട്ടിന്റെ പണി കിട്ടിയത് കാരണം ഇപ്പോൾ എല്ലാ സൗഹൃദങ്ങൾക്കും ഒരു LOC വരച്ചിട്ടുണ്ട് 

?പുരുഷൻ  

ആണുങ്ങളുടെ ഇടയിൽ ജനിച്ചു  വളർന്നത് കൊണ്ട് ആണുങ്ങളോട് പ്രത്യേകിച്ച് പേടിയൊന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ സൗഹൃദങ്ങൾക്ക് ആൺപെൺ വ്യത്യാസം ഒന്നും തോന്നിയിട്ടില്ല. ഒരേ പോലെ തന്നെ എല്ലാവരോടും സംസാരിക്കാൻ കഴിയാറുണ്ട്. ഒരു പാട് ഒലിപ്പിച്ചു സംസാരിക്കുന്ന ആണുങ്ങളോട് പണ്ടേ മമതയില്ലാത്തത് കൊണ്ട് അവരെ ഒരു പത്തടി ദൂരെ മാറ്റി നിർത്താൻ ശ്രമിക്കാറുണ്ട്.  ഒട്ടും സംസാരിക്കാത്ത ജാടയിട്ടിരിക്കുന്നവരോട് അതിഭീകരമായ പ്രണയവും തോന്നിയിട്ടുണ്ട്. 

?സ്വാധീനം 

സ്വാധീനം വ്യക്തികളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഒരു പാട് നിരാശ ബാധിച്ച സമയത്തു ആണ് ഒരു യോഗിയുടെ ആത്മകഥ വായിക്കാനിടയായത്. അത് തന്ന  പോസറ്റീവ് എനർജി കുറച്ചൊന്നുമല്ല. ജീവിതത്തിന്റെ വീക്ഷണഗതി തന്നെ ആ ബുക്ക് മാറ്റി കളഞ്ഞു . ഏറ്റവും ലാഘവമായി ഞാൻ ഇപ്പോൾ എന്റെ ജീവിതത്തെ നോക്കി കാണുന്നു. ഒരു സീരിയസ്നെസ്സും ഇല്ല എന്ന ചീത്തവിളി കേട്ട് കൊണ്ടേയിരിക്കുന്നു. നമ്മൾ എത്ര സീരിയസ് ആയാലും ഒരു സെക്കൻഡിൽ എല്ലാം തീർന്നു  പോകുമെന്ന്  വളരെ അടുത്ത ബന്ധങ്ങളുടെ വേർപാടുകൾ മനസിലാക്കി തന്നിട്ടുണ്ട്. ഭാവിയെ കുറിച്ച് ഉത്കണ്ഠപെടാതെ , മുന്നിൽ കാണുന്നതിനെ ആസ്വദിച്ച് ഇങ്ങനെ ജീവിക്കുമ്പോൾ കയ്യിൽ അഞ്ച് മുക്കാലില്ലെങ്കിലും സന്തോഷമാണ് മനസ്സിൽ.

? വിരോധാഭാസമായി തോന്നിയത്

ഇരട്ടത്താപ്പ്. പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നും ആകുന്നത് കണ്ടു , അത് കണ്ടിട്ടും അവരെ തിരുത്താൻ കഴിയാത്തതു എന്റെ ന്യൂനത .

? ജീവിതം എന്തു പഠിപ്പിച്ചു

ജീവിതം പഠിപ്പിച്ചത് ക്ഷമ. പണ്ട് 'അമ്മ പറയും വേവുവോളം കാത്താൽ ആറുവോളം കാക്കണം എന്ന്. അപ്പോൾ ഊതി തണുപ്പിച്ചുടെ എന്നൊക്കെ ചോദിച്ചതാണ്. പക്ഷെ ജീവിതത്തിന്റെ മർക്കടമുഷ്ടി ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യും എന്ന് പഠിപ്പിച്ചു. 

?ജീവിതം തന്നത് 

ആത്മവിശ്വാസം. ലോകം മുഴുവൻ എനിക്കെതിരെ നിന്നാലും എനിക്ക് ശരിയെന്നു തോന്നുന്നത് ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസമുണ്ടാക്കി തന്നത് ജീവിതം ആണ് 

?ജീവിതലക്ഷ്യം 

പ്രത്യേകിച്ച് ഒന്നുമില്ല. മറ്റുള്ളവരെ ദ്രോഹിക്കാതെ ഇങ്ങനെ ഒക്കെ അങ്ങ് ജീവിക്കണം. സിദ്ധു അവന്റെ ജീവിതത്തിൽ സെറ്റിൽ ആയാൽ ഇന്ത്യ മൊത്തം ഒന്ന് കറങ്ങണം , ചിദംബരസമരണയിലെ സ്വാമിയെയും ഭാര്യയെയും പോലെ. 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...