2019 ഏപ്രിൽ 29, തിങ്കളാഴ്‌ച

ഒരു ചോദ്യം!


ഒറ്റ ചോദ്യം കൊണ്ടെന്നെ തള്ളിയിട്ടത്
ഭൂതകാലത്തിന്റെ ആഴങ്ങളിലേക്കാണ്
കണ്ടെടുക്കാനാകാത്ത വിധം അമർന്നു പോയ
ഓർമ്മകളെയാണ് ഉണർത്തിയത്
ആഴങ്ങളിൽ നിന്നും കിട്ടിയ
ചിതലരിച്ച പുസ്തകത്താളുകളിൽ
തെളിയുന്നുണ്ട് ചില മുഖങ്ങൾ
മറന്നു പോയെന്നു കരുതിയ പലതും
മറ നീക്കി പുറത്തു വരുന്നുണ്ട്
കാണുന്നുണ്ട് കാലു നിലത്തു
വെക്കാനാകാതെ ഓടിയ ഓട്ടം
ഓർമ്മകളെ കടലിൽ എറിഞ്ഞു
ഓടിയ ഓട്ടമൊക്കെ വെറുതെ
ആയെന്നിപ്പോൾ അറിയുന്നു
 അകലെ മഞ്ഞു  മറക്കുള്ളിൽ
തിളങ്ങുന്ന സൂര്യനെ പോലെ
സൗഹൃദച്ചിരിയിൽ വിടർന്നു നിൽക്കുന്ന
നിന്റെ മുഖം കാണുമ്പോൾ
നിന്റെയീ ചോദ്യം കേൾക്കുമ്പോൾ
'ഇത്രയും കാലത്തിനിടയിൽ
ഒരു പ്രാവശ്യം പോലും കാണണമെന്ന് തോന്നിയില്ലേ'

2019 ഏപ്രിൽ 2, ചൊവ്വാഴ്ച

ഫേസ്‌ബുക് ലൈവ് !!

കൂൾ ഐലൻഡിനു  പുറത്തെ പാർക്കിംഗ് പ്ലേസിൽ തന്റെ ബുള്ളറ്റിൽ പുറം തിരിഞ്ഞിരുന്നു മൊബൈലിൽ നോക്കി കൊണ്ടിരിക്കുന്ന അശ്വിന്റെ തൊട്ടപ്പുറത്താണ്   ഒരു ചുമന്ന ഹോണ്ട സിവിക് വന്നു നിന്നത്.  വണ്ടിയിൽ നിന്നും ഓറഞ്ചും ക്രീമും ചുരിദാറണിഞ്ഞ ഒരു പെൺകുട്ടി ആദ്യം ഇറങ്ങി. തന്റെ ഡ്രസ്സ് വലിച്ചും കുടഞ്ഞും ശരിയാക്കി കൊണ്ടിരിക്കുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിന്നു ഒരു കോമളനും.

"സന്ധ്യ ആകുന്നതിനു മുന്നേ വീട്ടിൽ എത്തണം ട്ടോ, ഇല്ലെങ്കിൽ ആകെ പ്രശ്നം ആകും"

"നമ്മളിവിടെ എത്തിയല്ലേയുള്ളൂ ശാരി , അപ്പോഴേക്കും പോകുന്ന കാര്യം പറയല്ലേ. വല്ലപ്പോഴും ആണ് ഇത് പോലെ ഒരവസരം കിട്ടുന്നത് തന്നെ"

അവരുടെ സംസാരം കേട്ട അശ്വിന്   രണ്ടും കൂടെ എവിടുന്നോ കെട്ട് പൊട്ടിച്ചു വന്നതാണല്ലോ എന്ന് തോന്നി. വരാമെന്നേറ്റ കൂട്ടുകാരനെ കുറച്ചു നേരം കൂടെ കാത്തു അശ്വിൻ ഉള്ളിലേക്ക്  ചെന്ന് ഒരു സീറ്റിൽ ഇരുന്നു അവർ  രണ്ടു പേരെവിടെയെന്നു തിരഞ്ഞു. മൂന്നു സീറ്റുകൾക്ക് അപ്പുറത്തു തലയും താഴ്ത്തി ഇരിക്കുന്ന പെൺകുട്ടിയെ കണ്ടു. സെല്ഫ് സർവീസ് കൗണ്ടറിലേക്ക് കാപ്പി ഓർഡർ ചെയ്യാൻ പോയപ്പോൾ അവിടെയുണ്ട് കൂടെ വന്നയാൾ. കൊണ്ട് വെച്ച രണ്ടു ചിക്കു ഷേക്ക്  ഗ്ലാസിൽ ഒന്നിലേക്ക് അയാൾ പോക്കറ്റിൽ  നിന്നെടുത്ത കവറിൽ  നിന്നും എന്തോ ചേർത്തിളക്കുന്നു. അയാൾ എന്താണ് ചേർക്കുന്നത് എന്നറിയാൻ അശ്വിൻ ആ കവറിലേക്ക് നോക്കിയപ്പോഴേക്കും അയാൾ അത് വീണ്ടും പോക്കറ്റിലേക്ക് തന്നെ ഇട്ടിരുന്നു. 

നേരത്തെ കേട്ട സംസാരവും അയാളുടെ ചെയ്തികളും അശ്വിനിലെ സാമൂഹ്യബോധത്തെയും സദാചാരബോധത്തെയും ഒക്കെ ഒരുമിച്ചു ഉണർത്തി. കോഫീ എടുത്തു  സീറ്റിലേക്ക് പോകുമ്പോൾ അശ്വിൻ വീണ്ടും ആ പെൺകുട്ടിയെ നോക്കി. നെറ്റിയിൽ സിന്ദൂരം. ഓഹോ അപ്പോൾ അവിഹിതം ആണല്ലേ . അശ്വിൻ മനസ്സിലോർത്തു. എന്തായാലും ഇതിങ്ങനെ വിട്ടാൽ  ശരിയല്ലല്ലോ. രാഹുൽ ആണെങ്കിൽ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി വരാൻ വൈകുമെന്ന് വിളിച്ചു പറഞ്ഞിരിക്കുന്നു. അല്ലെങ്കിലും പറഞ്ഞ സമയത്തും ആവശ്യമുള്ള സമയത്തും ഒന്നും എത്തുന്ന സ്വഭാവം അവനില്ലല്ലോ. ഫേസ്‌ബുക്ക് നോക്കി കാപ്പി കുടിക്കുകയാണെങ്കിലും അശ്വിന്റെ കണ്ണ് ആ ജോഡികളിൽ തന്നെ ആയിരുന്നു. പെട്ടെന്നാണ്  ആ കുട്ടി ഓക്കാനിക്കുന്നതും വാഷ്‌ബേസിനു അടുത്തേക്ക് ഓടുന്നതും കണ്ടത്. പിറകെ പോയ യുവകോമളൻ അവളെ താങ്ങി കൊണ്ട് പുറത്തേക്കു പോകുന്നത് കണ്ട അശ്വിന്  ശീതള പാനീയത്തിൽ മയക്കുമരുന്ന് കലക്കി പീഡിപ്പിച്ചു എന്നൊരു യുവതി പരാതി കൊടുത്ത  ട്രെൻഡിങ് ന്യൂസിലെ വരികൾ ഓർമ്മയിൽ വന്നു. ഓടി പുറത്തേക്കു വന്ന അശ്വിൻ എത്തുന്നതിനു മുന്നേ അവരുടെ കാർ  റോഡിലേക്ക്  എത്തിയിരുന്നു.

നാളത്തെ ന്യൂസ്പേപ്പറിലെ മറ്റൊരു പീഡന വാർത്ത ആകരുത് അവനിലെ സാമോഹ്യബോധം വീണ്ടും തലയുയർത്തി. എന്ത് ചെയ്യണം എന്നാലോചിച്ചു അശ്വിൻ ഒരു ലൈവ് വീഡിയോ ചെയ്തു. സുഹൃത്തുക്കളെ ഞാൻ ഇവിടെ കൂൾ ഐലൻഡിൽ വന്നതാണ്. കൂട്ടുകാരനെ കാത്ത് പുറത്തു നിൽക്കുമ്പോൾ എന്ന് തുടങ്ങിയ വിഡിയോയിൽ പുറത്തേക്കു പോയ കാറിന്റെ നമ്പർ പ്ലേറ്റ് അടക്കം നേരത്തെ എടുത്ത സെൽഫിയും അവൻ പോസ്റ്റ് ചെയ്തു. ലൈവിന് താഴെ വന്ന കമെന്റുകളിൽ  പലതും അശ്വിന്റെ പ്രവർത്തിയെ അനുകൂലിക്കുന്നവർ ആയിരുന്നു. ചിലരൊക്കെ പോലീസിന്റെ ഫേസ്‌ബുക് പേജിലേക്ക് ആ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. ലോകത്തിന്റെ പല കോണുകളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ ഒരു പീഡനം നടക്കാതിരിക്കാൻ അവനവനെ  കൊണ്ട് ആകുന്ന വിധം ഷെയറും മറ്റും ചെയ്തു കൊണ്ടേയിരുന്നു. ആയിരത്തിലധികം ഷെയറുകളും ആയിരകണക്കിന് കമെന്റുകളും കണ്ടു  അശ്വിന്റെ കണ്ണ് നിറഞ്ഞു. " നിന്നെ കൊണ്ടൊക്കെ എന്തിനു കൊള്ളാമെടാ " എന്ന് ചോദിക്കുന്ന അമ്മാവനോട് ഞാൻ ഒരു പെൺകുട്ടിയെ വലിയ ആപത്തിൽ നിന്ന് രക്ഷിച്ചു എന്ന്  പറഞ്ഞു തല ഉയർത്തി നിൽക്കുന്ന രംഗം ആലോചിച്ചു രോമാഞ്ചം കൊണ്ട് നിൽക്കുമ്പോൾ ആണ് അവന്റെ ഫോണിലേക്ക് ഒരു കാൾ. 

"ഞാൻ ടൌൺ പോലീസ് എസ് ഐ ആണ്. നിങ്ങളുടെ ലൈവ് വീഡിയോ കണ്ടു. ഒന്ന് പോലീസ് സ്റ്റേഷനിലേക്ക് വരൂ"

ഇനിയും എത്താത്ത രാഹുലിന് ഫോൺ ചെയ്തു ഡാ എന്റെ ലൈവ് കണ്ടു സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട് നീ അങ്ങോട്ട് വാ എന്ന് പറഞ്ഞു ബുള്ളറ്റിൽ കേറി സ്റ്റേഷനിലേക്ക് പറന്നു. 

എസ് ഐയുടെ മുറിയിലേക്ക് കയറുമ്പോൾ തന്നെ അവൻ കണ്ടു അവിടെ കസേരയിൽ നേരത്തെ കാറിൽ പോയ ജോഡികളെ.  ഇത്രയൊക്കെ കർമനിരതർ ആണല്ലോ എന്നോർത്തു  മൊബൈൽ എടുത്തു മിഷൻ അകംപ്ലിഷ്ഡ്   സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ തുടങ്ങി. 

"അവന്റെ ഒരു മൊബൈൽ ഇവിടെ താടാ അത് " പെട്ടെന്ന് ആണ് എസ് ഐ അവന്റെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി വെച്ചത്.

അല്ല സാറെ ഇത്ര പെട്ടെന്ന് നിങ്ങൾ ഇവരെ ട്രേസ് ചെയ്തുകണ്ടെത്തുമ്പോൾ അത് എല്ലാരേം അറിയിക്കണ്ടേ 

"ഓഹോ നീ വലിയ സാമൂഹ്യസേവകൻ ആണല്ലേ . ഇതാരാടാ " ടി വി സ്ക്രീനിലെ അപ്പോൾ ഇട്ട സിസി ടിവി ദൃശ്യം കാണിച്ചു കൊണ്ട് എസ്  ഐ ചോദിച്ചു.

സൂക്ഷിച്ചു നോക്കിയ അശ്വിന് കഴിഞ്ഞ മാസം കൈതക്കുണ്ട് ജംക്ഷനിൽ സ്‌കൂട്ടർ മറിഞ്ഞു വീണ യാത്രക്കാരന്റെ ഫോട്ടോ എടുക്കുന്ന തന്റെ മുഖം വ്യക്തമായി മനസിലായി. ഒന്നും മിണ്ടാതെ തല കുനിച്ചു നിന്ന അശ്വിന്റെ താടി ലാത്തി കൊണ്ടുയർത്തി അയാൾ പറഞ്ഞു 

" നീ ഇന്ന് കാണിച്ച സാമൂഹ്യബോധം അന്ന് കാണിച്ചിരുന്നെങ്കിൽ ആ പാവം ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നോടാ'

ഒന്നും മിണ്ടാതെ നിൽക്കുന്ന അശ്വിനോട് കസേരയിൽ ഇരിക്കുന്നവരെ ചൂണ്ടി എസ്  ഐ പറഞ്ഞു  " ഇത് നിതിൻ ടൗണിലെ പ്രമുഖ പണമിടപാട് സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജർ . ഇത് ശരണ്യ ഇയാളുടെ ഭാര്യ. ഇവരെ ആണ് നീ ഇപ്പോൾ ലൈവ് ഇട്ടു നാണം കെടുത്തിയത്. അവന്റെ ഒരു ലൈവും സദാചാരവും"

"അല്ല സാറെ ഇവര് ഭാര്യേം ഭർത്താവും  ആണെങ്കിൽ വല്ലപ്പോഴും ആണ് ഇങ്ങനെ ഒരു അവസരം കിട്ടുന്നത് എന്നൊക്കെ"

"മിണ്ടി പോകരുത് എന്തേലും വാലും  തലയും കേട്ടാൽ അതും പിടിച്ചു ഉടൻ എഫ് ബി പോസ്റ്റ്.  അതാണ് നിന്നെ പോലത്തെ ആളുകളുടെ കുഴപ്പം. ആട്ടെ നീ എന്താ ചെയ്യുന്നത്?"

"ബിടെക് കഴിഞ്ഞു ബാങ്ക് കോച്ചിങ്ങിനു പോകുന്നു"

"അതെന്താടാ ബി ടെക്ക് കഴിഞ്ഞു ബാങ്ക് കോച്ചിങ്ങ് സപ്ലി ഉണ്ടോടാ "

"സപ്ലി ഒന്നുമില്ല സാറെ , നല്ല മാർക്കോട്  കൂടെ തന്നെയാ പാസ് ആയത്. ഇത്രേം കാലം പഠിക്കുക ആയിരുന്നില്ലേ,കുറച്ചു കാലം എന്ജോയ് ചെയ്യാമെന്ന് വെച്ചു.  ജോലിക്ക് കേറിയാൽ പിന്നെ വീട്ടുകാർ പിടിച്ചു കെട്ടിക്കും അപ്പോൾ എപ്പോഴാണ് ലൈഫ് എന്ജോയ് ചെയ്യാൻ പറ്റുക. അത് കൊണ്ട് ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യം ഒഴിവാക്കാൻ ആണ് ബാങ്ക് കോച്ചിങ്ങ്. അമ്മയുടെ ഐഡിയ ആണ്. അല്ലെങ്കിൽ അമ്മക്ക് നാണക്കേടാണ് പോലും"

"നല്ല ബെസ്ററ്  അമ്മ."

"എന്നാലും സാറെ സംശയാസ്പദമായ സാഹചര്യത്തിൽ അല്ലെ ഞാനിവരെ കണ്ടത്. എന്റെ സ്ഥാനത്തു ആരായാലും ഇങ്ങനെയൊക്കെ ചിന്തിക്കും. ഞാൻ  ലൈവ് ഇട്ടു. അത്രയല്ലേ ഉണ്ടായുള്ളു"

അശ്വിന്റെ പറച്ചിൽ കേട്ട നിതിനു ദേഷ്യം ഇരച്ചു കേറി. ചാടി എഴുന്നേറ്റ അയാളെ തടഞ്ഞു കൊണ്ട് എസ്  ഐ പറഞ്ഞു 

"കണ്ണ് കൊണ്ട് കാണുന്നതും കാതു  കൊണ്ട് കേൾക്കുന്നതും എല്ലാം ഇപ്പോഴും സത്യം ആയിരിക്കണം എന്നില്ല. നീ എന്ത് കൊണ്ട് അപ്പോൾ തന്നെ നിതിനെ ചോദ്യം ചെയ്തില്ല. അതല്ലേ ഒരു നല്ല സാമൂഹ്യബോധമുള്ള ഒരാൾ ചെയ്യേണ്ടത്"

"അത് പിന്നെ സാറെ  ഫേസ്‌ബുക്ക് പോസ്റ്റ് ഒക്കെ ആകുമ്പോൾ നമ്മുടെ തടി കേടാകില്ലല്ലോ സാർ. ഇപ്പോൾ എല്ലാരും ചെയ്യുന്നത് അതല്ലേ സാർ. പിന്നെ ഞാൻ മാത്രം എന്തിനാ ആവശ്യമില്ലാത്ത ഓരോന്നിലും തലയിട്ടു" അശ്വിൻ  താടി ചൊറിഞ്ഞു കൊണ്ട് നിർത്തി.

"നിതിന്റെ ജോലി തിരക്കുകൾ കാരണം പലപ്പോഴും ഇവർക്ക് ഒരുമിച്ചു പുറത്തു പോകാനുള്ള സമയം കിട്ടാറില്ല. ശരണ്യ ഗർഭിണി ആയത് കൊണ്ട്  പുറത്തു പോകാൻ നിതിന്റെ മുത്തശ്ശി സമ്മതിക്കാറില്ല. ഇന്ന് അമ്മയും മുത്തശ്ശിയും അമ്പലത്തിലെ ലക്ഷാർച്ചനക്കു പോയപ്പോൾ അവർ അറിയാതെ ഇവർ പുറത്തിറങ്ങിയത് ആണ്. അതിപ്പോൾ നീ ലൈവ് ഇട്ടു നാട്ടുകാരെ മൊത്തം അറിയിച്ചു."

"അപ്പോൾ ഷെയ്ക്കിൽ ചേർത്ത പൊടി "?

"ശരണ്യക്ക് ഷുഗർ ഉള്ളത് കൊണ്ട് ഷുഗർഫ്രീ ഇട്ടിളക്കിയതാണ് "

"സോറി സാർ "

"സോറി ഒന്നുമല്ല ഇതിനു വേണ്ടത് ഇനി ഇത് പോലത്തെ കന്നം തിരിവ്  കാണിക്കാതിരിക്കാൻ ലോക്ക് അപ്പിൽ കയറ്റേണ്ടതാണ്. ആദ്യത്തെ പ്രാവശ്യം ആയത് കൊണ്ട് വെറുതെ വിടുന്നു. ആ വീഡിയോ വേഗം ഡിലീറ്റ് ചെയ്തേക്കണം. ഇനി മേലാൽ നീ ലൈവ് വീഡിയോ ഇട്ടാൽ , ബാക്കി ഞാൻ പറയുന്നില്ല"

"ഇനി ഞാൻ ലൈവ് വീഡിയോ എന്നല്ല ഫേസ്‌ബുക്ക് തന്നെ തന്നെ ഉപയോഗിക്കില്ല സാറെ" 

2019 മാർച്ച് 12, ചൊവ്വാഴ്ച

വൃദ്ധസദനം

വൃദ്ധസദനം  - സുമ രാജീവ് 

ബാൽക്കണിവാതിൽ വഴി ദൂരെ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന തീപ്പെട്ടി കൂടുകൾ അടുക്കി വെച്ചത് പോലുള്ള  നഗരദൃശ്യത്തിലേക്കു നോക്കി ഇന്ദിര ടീച്ചർ നെടുവീർപ്പിട്ടു.

കരിഞ്ഞമണമുള്ളൊരു ചൂടുകാറ്റ് അപ്പോഴവരെ തഴുകി കടന്നു പോയി. ബാൽക്കണിയിലെ വള്ളിച്ചെടിയിൽ ചാടിനടന്നു ചിലക്കുന്ന കുരുവിയെ നോക്കി നിന്നപ്പോൾ അവർക്കെന്തോ ശ്വാസം  മുട്ടുന്ന പോലെ തോന്നി. പതുക്കെ വാതിൽ അടച്ചു സോഫയിലേക്ക് വന്നിരിക്കുമ്പോൾ മകൻ അനൂപും  മരുമകൾ അഭിയും അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ തന്നെ ആയിരുന്നു. രണ്ടു പേർക്കും ജോലിക്ക് പോകേണ്ട സമയം ആയി തുടങ്ങി. പേരക്കുട്ടി അദ്വൈതിനെ യൂണിഫോം ഇടാൻ സഹായിക്കാൻ  ചെന്നെങ്കിലും വേണ്ടി വന്നില്ല. ഇപ്പോൾ കുട്ടികൾ എല്ലാം ചെറുപ്പത്തിൽ തന്നെ സ്വയം പ്രാപ്തരാകുന്നുണ്ട്

 'അമ്മേ... വരൂ. ബ്രേക്‌ഫാസ്റ്റ്  കഴിക്കാം '.

തീന്മേശയിൽ അവർക്കു വേണ്ടി ദോശയും ചട്ണിയും അഭി എടുത്തു വെച്ചു. മോനെയും  അമ്മക്ക് കൂട്ടിരുത്തി.  അടുക്കളയിലെ പണി കഴിഞ്ഞു രണ്ടു പേരും വന്നു അവരോടൊപ്പം ഇരുന്ന്  കഴിക്കുമ്പോൾ ആണ് അനൂപ്  അമ്മയോട് പറഞ്ഞത്

" വൈകുന്നേരം നമുക്കൊന്ന് കൂടെ ഡോക്ടറുടെ അടുത്ത് പോകാം അമ്മേ , ക്ഷീണം വല്ലാതെ ഉണ്ടല്ലോ"

"എനിക്കൊന്നുമില്ലെടാ , കാലാവസ്ഥ ഒക്കെ മാറിയതിന്റെ ആകും നീ വേഗം കഴിച്ചു ജോലിക്ക് പോകാൻ നോക്ക് . ഒന്നും ചെയ്യാതെ വെറുതെ ഇരുന്നിട്ടാണ്  ഈ വയ്യായ്ക ഒക്കെ " ടീച്ചർ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.


അമ്മയോട് യാത്ര പറഞ്ഞു മോനെയും കൂട്ടി ലിഫ്റ്റിലേക്ക് കേറുമ്പോൾ അഭി അനൂപിനോട് പറഞ്ഞു .

"മറക്കാതെ അമ്മയെ ഡോക്ടറെ കാണിക്കണം , ഇവിടെ വന്നപ്പോൾ ഉള്ള കോലമേയല്ല അമ്മയിപ്പോൾ , അമ്മയാണെങ്കിൽ  നമ്മളെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഒന്നും പറയില്ല. അത് കൊണ്ട് മറക്കരുത്''

"മറക്കാതെ കൊണ്ട് പൊയ്ക്കൊള്ളാമേ"അനൂപ് പറഞ്ഞു.

വൈകുന്നേരം ഡോക്ടറെ കണ്ടു മടങ്ങുമ്പോൾ  ടീച്ചർ  പറഞ്ഞു  ."കരുണാലയത്തിൽ നിന്നും മദർ വിളിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ ഒക്കെ വരികയല്ലേ. ഞാൻ അവിടെ  ഉണ്ടായിരുന്നെങ്കിൽ അവിടുത്തെ കുട്ടികൾക്ക് ഒരു ആശ്വാസം ആകുമായിരുന്നു എന്ന് പറഞ്ഞു" 

"അമ്മ നാട്ടിലേക്ക് പോകണം എന്നാണോ പറയുന്നത്?"

"ഞാനിവിടെ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുകയല്ലേ, വെറുതെ ഇരുന്നിട്ടാണ്  ആവശ്യം ഇല്ലാത്ത അസുഖങ്ങളും ഒക്കെ. അവിടെ പോയാൽ ആ കുട്ടികൾക്ക് എന്തെങ്കിലും പറഞ്ഞു കൊടുത്താൽ നമ്മുടെ ജീവിതം കൊണ്ട് ഒരു ഗുണവും ഉണ്ടാകും"

"പക്ഷെ  നാട്ടിൽ നമുക്കിപ്പോൾ ഒന്നുമില്ല. വീടൊക്കെ വിറ്റിട്ടല്ലേ ഇങ്ങോട്ടു വന്നത്."

"അതിനെന്താ , ഞാൻ കരുണാലയത്തിൽ നിന്നോളും.അവിടെ അതിനുള്ള സൗകര്യം ഒക്കെയുണ്ടല്ലോ."

"എന്നിട്ടു വേണം സ്വത്തു എല്ലാം തട്ടിയെടുത്തു മോൻ അമ്മയെ വൃദ്ധസദനത്തിൽ ആക്കിയെന്നു നാട്ടുകാർ പറയാൻ."

"ഹാ , നീ എന്തിനാ നാട്ടുകാർ പറയുന്നത് കേൾക്കാൻ നിൽക്കുന്നത്. നമ്മൾ അവരുടെ ചെലവിൽ ആണോ ജീവിക്കുന്നത്. സത്യം പറഞ്ഞാൽ എനിക്കീ  നഗരം മടുത്തു.  ഡോക്ടർ പറഞ്ഞത് കേട്ടില്ലേ ശരീരത്തിനേക്കാൾ അസുഖം മനസ്സിന് ആണെന്ന്. വരണ്ട മണ്ണും കാറ്റും. കോൺക്രീറ്റ് കാടിനിടയിൽ അവിടവിടെ കാണുന്ന പച്ചപ്പ്‌ മാത്രം. നാട്ടിലെ കാറ്റു, മഴ മരങ്ങൾ , കിളികൾ ഇവയൊക്കെ കണ്ടാൽ തന്നെ എന്റെ ശ്വാസം മുട്ട് മാറും"

"ശരി അമ്മക്കതാണ് ഇഷ്ടമെങ്കിൽ  അങ്ങനെയാവട്ടെ"

അങ്ങനെ പറയുമ്പോൾ അനൂപ് ഓർത്തത് ഡോക്ടറുടെ വാക്കുകൾ ആയിരുന്നു. "പരിശോധനകളിൽ ഒന്നും ഒരു കുഴപ്പവുമില്ല. മാനസികമായ എന്തോ ഒരു വിഷമം ഉണ്ടെന്നു തോന്നുന്നു. അത് മനസിലാക്കി അതിനുള്ള എന്തെങ്കിലും ചെയ്യൂ. അല്ലെങ്കിൽ ഞാൻ ഒരു സൈക്ക്യാട്രിക് ചെക്കപ്പ് റെഫർ ചെയ്യാം."


അതിനു അടുത്ത ആഴ്ച അമ്മയെയും കൂട്ടി കരുണാലയത്തിൽ ചെന്ന് കേറുമ്പോൾ അനൂപ് ആകെ അസ്വസ്ഥനായിരുന്നു. അമ്മയുടെ ഇഷ്ടം ആയിരുന്നു എങ്കിലും എവിടെയോ ഒരു കുറ്റബോധം. അമ്മയുടെ ചുറ്റും കൂടിയ കുട്ടികൾ ടീച്ചർ വന്ന സന്തോഷം ആഘോഷിക്കുമ്പോഴും അതിലൊന്നും പങ്കു ചേരാൻ അയാൾക്ക് കഴിഞ്ഞില്ല. കരുണാലയത്തിലെ ഗസ്റ്റ് റൂമിൽ അയാൾക്കായുള്ള താമസം അവർ ഒരുക്കി കൊടുത്തു. 

മഴയുടെ നനുത്ത ശബ്ദവും മുഖത്തേക്ക് പാറി വീണ മഴത്തുള്ളികളുമാണ് അയാളെ ഉണർത്തിയത് . പുതുമഴ വീണ മണ്ണിന്റെ മത്തു പിടിപ്പിക്കുന്ന  മണം. പതുക്കെ എഴുന്നേറ്റു വാതിൽ തുറന്നു പുറത്തേയ്ക്കു വന്നപ്പോൾ പടിയിൽ ഇരുന്നു പത്രം വായിക്കുന്ന ടീച്ചറെ കണ്ടു.

"അമ്മയെന്താണ് എന്നെ വിളിക്കാതിരുന്നത്"

"നീ ഇത് പോലെ അടുത്ത കാലത്തൊന്നും ഉറങ്ങിയിട്ടില്ലല്ലോ. ഉറങ്ങട്ടെ എന്ന് കരുതി."

മഴ എല്ലാമൊന്ന്   നനച്ചു  പോയി കഴിഞ്ഞപ്പോൾ ചുറ്റുമുള്ള മരങ്ങളിലും ചെടികളിലും പക്ഷികളുടെ കളകളാരവം . മഴയേറ്റു പുറത്തു വന്ന കീടങ്ങളെ കൊത്തിയെടുക്കാനുള്ള മത്സരം. എല്ലാം നോക്കി നിന്നപ്പോൾ അയാളുടെ ഉള്ളിൽ കഴിഞ്ഞ ദിവസം തോന്നിയ കുറ്റബോധം പതുക്കെ മാറി. ഇത്രയും നല്ല ഒരു സ്ഥലത്തു നിന്നും അമ്മയെ നോക്കാനെന്നു പറഞ്ഞു നഗരത്തിലെ ഫ്ലാറ്റിൽ തടവിലാക്കിയതോർത്തായി അയാളുടെ വിഷമം.

തിരിച്ചു പോകാനായി അയാൾ ഇറങ്ങുമ്പോൾ അമ്മ പറഞ്ഞു 

" നീ ഒന്നും കൊണ്ടും വിഷമിക്കണ്ട. എനിക്കിവിടെ ആണ് സന്തോഷവും സമാധാനവും. ഇടക്കൊക്കെ മോനെയും അഭിയേയും കൂട്ടി വാ"

"ടീച്ചറുടെ കാര്യം ഓർത്തു താൻ വിഷമിക്കുകയെ വേണ്ട , ഞങ്ങൾ പൊന്നു പോലെ നോക്കിക്കോളാം" മദറും അയാൾക്ക് ധൈര്യം പകർന്നു.

അയാളെ എയർപോർട്ടിലെത്തിക്കാൻ കാറുമായി  ഡ്രൈവർ അപ്പോഴേക്കും എത്തിയിരുന്നു. കവലയിൽ എത്തിയപ്പോൾ അയാൾ സിഗരറ്റ് വാങ്ങാനായി കാർ നിർത്തിച്ചു. പുറത്തേയ്ക്കിറങ്ങി വർഷങ്ങൾക്കു  മുൻപ് താൻ കണ്ട സ്ഥലത്തെ മാറ്റങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചു. ഒരു ചായക്കടയും ബസ്‌സ്റ്റോപ്പും മാത്രം ഉണ്ടായിരുന്ന സ്ഥലത്തു ഇപ്പോൾ ബഹുനില കെട്ടിടങ്ങൾ വന്നിരിക്കുന്നു. മാറ്റമില്ലാതെ പഴയ ചായക്കട അവിടെ തന്നെയുണ്ട്.
ബസ് സ്റ്റോപ്പിന് അടുത്തുള്ള ആൽത്തറയിൽ  കുറെ ആളുകളും.
പഴയ ഓർമ്മയിൽ ഒരു ചായ കുടിക്കാനായി അവിടേക്കു അയാൾ നടന്നു.

"ഇതാരാ പുതിയ ഒരാൾ " ആരോ ചോദിക്കുന്നത് കേട്ടു .

"പുതിയതൊന്നും അല്ല പഴയ ആൾ തന്നെയാ , നമ്മുടെ ഇന്ദിര ടീച്ചറുടെ മോൻ. അമ്മയെ കരുണാലയത്തിൽ ആക്കാനായി വന്നതാ "

ആരോ മറുപടി കൊടുക്കുന്നു. ആരാണെന്നു അറിയാൻ തിരിഞ്ഞു നോക്കാനിരിക്കെയാണ് അടുത്ത വാചകം അയാളുടെ കാതിൽ വന്നു വീണത്.

"എങ്ങനെ പോറ്റി വളർത്തിയതാ ടീച്ചർ , എന്നിട്ടവസാനം അവരേം കൊണ്ട് പോയി വൃദ്ധസദനത്തിൽ ആക്കിയിരിക്കുന്നു"

രണ്ടു ദിവസം മുൻപ് കേട്ടിരുന്നെങ്കിൽ ദുഃഖം തോന്നുന്നതായിരുന്നു ആ പറച്ചിൽ .  പക്ഷെ അമ്മയുടെ സന്തോഷം , കൂടാതെ 
നാട്ടുകാർ പറയുന്നത് നീ എന്തിനാ ശ്രദ്ധിക്കുന്നത് എന്ന അമ്മയുടെ വാക്കുകൾ. അനൂപ്   തിരിഞ്ഞു നിന്ന് അവരെ   നോക്കി ചിരിച്ചു കൊണ്ടു  ചോദിച്ചു

"നമുക്കു ഒരു ചായകുടിച്ചാലോ? ഒന്ന് പരിചയപ്പെടുകയും ആവാലോ."


2019 മാർച്ച് 3, ഞായറാഴ്‌ച

പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയി !!!








താമസിക്കുന്നത് മെഡിക്കൽ കോളേജ് ക്യാമ്പസ്സിന് അടുത്തായത് കൊണ്ട് വീടിനു ചുറ്റും എപ്പോഴും പലതരത്തിലുള്ള കിളികളെ കാണാം. മടി വല്ലാതെ താലയിൽ കേറുമ്പോൾ ഉള്ള മെയിൻ ഹോബി ആണ് പക്ഷി നിരീക്ഷണം. ചല പില  കൂട്ടുന്ന കരിയിലക്കിളികളും പാട്ടു  പാടുന്ന കുയിലും ഭൂമി കുലുക്കിയും , ഇരട്ടത്തലയനും  മരംകൊത്തിയുമൊക്കെ രാവിലത്തെ വാം അപ്പ് സെഷനിൽ ആകുമ്പോൾ നല്ല രസമാണ് കാണാനും കേൾക്കാനും , സമയം പോകുന്നത് അറിയുകയേയില്ല.  

കഴിഞ്ഞ ശനിയാഴ്ച മടിപിടിച്ചിരിക്കുമ്പോളാണ് ജനലരികെ സപ്പോട്ട മരത്തിൽ രണ്ടു  കരിയിലക്കിളികൾ പതിവിനു വിപരീതം ആയി മരക്കൊമ്പിൽ ഇരുന്നു ചാടി ചാടി കരയുന്നത് കണ്ടത്. താഴെ വല്ല പാമ്പോ പൂച്ചയോ ഉണ്ടായിരിക്കും എന്ന് കരുതി നോക്കിയതാണ്. മരം അടുത്ത വീട്ടിലെ ആണ്. ഒന്നാം  നിലയിൽ നിന്നും നോക്കുമ്പോൾ താഴെ എന്തോ അനങ്ങുന്നതും രണ്ടു കിളികൾ അതിനു അടുത്തിരിക്കുന്നതും കണ്ടത്. മുകളിൽ നിന്നും നോക്കിയപ്പോൾ പൂമ്പാറ്റയെ പോലെ ആദ്യം തോന്നിച്ചു. പിന്നീട് ഒന്ന് കൂടെ നോക്കിയപ്പോൾ ആണ് അതൊരു കിളികുഞ്ഞു ആണ് എന്ന് മനസിലായത്. കിളികുഞ്ഞിനെ ആ കിളികൾ കൊത്തി  എടുത്തു കൊണ്ട് പോകുമോ എന്ന് നോക്കിയിരിക്കുമ്പോൾ ആണ് രണ്ടു കാക്കകൾ അതിനു മുകളിലേക്ക് പറന്നു വരുന്നത് കണ്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല . അടുത്ത ഫ്ളാറ്റിലെ ഡോക്ടറെ വിളിച്ചു പറഞ്ഞു കിളികുഞ്ഞുണ്ട് മരച്ചുവട്ടിൽ , അതിനെ കാക്ക കൊത്തുമെന്നു. ഇൻഫെക്ഷൻ അടിച്ചു തല പൊക്കാൻ പറ്റാതെ കിടന്ന ഡോക്ടർ വേഗം വന്നു നോക്കി. എന്ത് ചെയ്യാൻ പറ്റും  എന്ന് ആലോചിച്ചപ്പോൾ എടുത്തു കൊണ്ട് വന്നാൽ കാക്ക കൊത്തി  കൊണ്ട് പോകില്ലല്ലോ എന്നോർത്തു  താഴേക്കിറങ്ങി നോക്കിയപ്പോൾ അവിടേക്ക് പോകാൻ മതിൽ ചാട്ടം  അല്ലാതെ വേറെ മാര്ഗം ഒന്നുമില്ല. പണ്ട്  മരംകേറ്റവും മതിൽചാട്ടവും ഹോബി ആയിരുന്നെങ്കിലും പ്രായത്തിന്റെ പക്വത ഓർത്തു ഞാൻ ചാടാൻ മെനക്കെട്ടില്ല. ഡോക്ടർ പഴയ ആവേശം ഇപ്പോഴും കാത്തു  സൂക്ഷിക്കുന്നത് കൊണ്ട് മതിലിൽ കേറി പക്ഷെ മറു വശത്തേക്ക് ചാടാൻ കഴിയാതെ എന്ത് ചെയ്യും എന്ന് കരുതി ഇരിക്കുമ്പോൾ ആണ് സന്ദീപ് വരുന്നത്. അതിനെ എടുത്തു തന്നാൽ മതിയോ എന്ന് ചോദിച്ചു മതിൽ ചാടി കിളി കുട്ടിയെ എടുത്തു തന്നു. അപ്പോഴേക്കും തുണിയൊക്കെ വിരിച്ചു ഒരു ബോക്സ് ഞാൻ തയാറാക്കിയിരുന്നു. 

ബോക്സിൽ കിടത്തിയതും കിളികുഞ്ഞു വാ പൊളിക്കാൻ തുടങ്ങി. മുൻപ് കിളികുഞ്ഞുങ്ങളെ വളർത്തി പരിചയം ഇല്ലാത്തത് കൊണ്ട് കഴിഞ്ഞ വർഷത്തെ വനമിത്ര സമ്മാനം നേടിയ എന്റെ ക്ലാസ്സ്‌മെറ്റിനു വാട്സാപ്പിൽ ഫോട്ടോ എടുത്തു മെസ്സേജ് ഇട്ടു. അതിനെ അതിന്റെ കൂട്ടിൽ കൊണ്ട് വെക്കാൻ ആണ് ആദ്യം പറഞ്ഞത്. സപ്പോട്ട മരത്തിന്റെ തുഞ്ചത്തു ഇരിക്കുന്ന കൂട്ടിൽ കൊണ്ട് വെക്കാൻ പറ്റില്ല. എന്ത് കൊടുക്കും ഏന് ചോദിച്ചപ്പോൾ സ്‌പീഷിസ് അറിയാതെ ഫുഡ് ഒന്നും കൊടുക്കാൻ പാടില്ല എന്നും . കീയ്യോ കീയ്യോ കരയുന്ന കുഞ്ഞിന് എന്തെങ്കിലും കൊടുത്തല്ലേ പറ്റുള്ളൂ. ചോറ് അരച്ച് പേസ്റ്റ് ആക്കി സ്‌പൂൺ കൊണ്ട് വായിൽ കൊടുത്തു. മൂപ്പര് നല്ല സൂപ്പർ ആയി കഴിച്ചു. തള്ളപ്പക്ഷി വരികയാണെങ്കിൽ കണ്ടോട്ടെ എന്ന് കരുതി ജനലരികിൽ ബോക്സ് വെച്ച് ഞാൻ ഓഫീസിലേക്ക് പോയി. നാല് മണിക്ക് ഡോക്ടർ വന്നു ഞാൻ അരച്ച് വെച്ച ചോറ് കുറച്ചു കൊടുത്തു. അപ്പോഴേക്കും ജനലരികിൽ മരക്കൊമ്പിൽ അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ടായിരുന്നു. നമ്മുടെ ഭക്ഷണം പിടിക്കാത്തത് കൊണ്ടാകും കുഞ്ഞിനെ കിടത്തിയ തുണി ഒരു നാലു പ്രാവശ്യം മാറ്റി കൊടുക്കേണ്ടി വന്നു വല്ല ഇൻഫെക്ഷനും ആയാലോ എന്ന് പേടിച്ചു.

അടുത്ത ദിവസം ആറര മണി ആയപ്പോൾ അമ്മക്കിളിയും അച്ഛൻ കിളിയും ജനാലക്കരികിൽ വന്നിരിക്കാൻ തുടങ്ങി. രാത്രി മുറിക്കകത്തേക്ക് വെച്ച കുഞ്ഞിനെ ഞാൻ ജനാലയിൽ വീണ്ടും കൊണ്ട് വെച്ചു. പിന്നത്തെ രംഗം ഒന്ന് കാണേണ്ടതായിരുന്നു. പല്ലി , പാറ്റ , പുഴു പൂമ്പാറ്റ എന്ന് തുടങ്ങി കിട്ടാവുന്ന എല്ലാ ജീവികളെയും കൊതി കൊണ്ട് വന്നു ആ കുഞ്ഞിന്റെ അണ്ണാക്കിലേക്ക് ഇട്ടു കൊടുക്കുന്നു, എന്തൊക്കെയോ പായ്യാരം പറയുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന മാതാപിതാക്കളെ ഒരു നിമിഷം ഞാനോർത്തു. പിന്നെ കാട്ടം അപ്പപ്പോൾ എടുത്തു മാറ്റി കൂടു വൃത്തി ആക്കി സൂക്ഷിക്കുന്നതിൽ അവക്കുള്ള കരുതൽ. എന്തും എവിടേലും ഒക്കെ വലിച്ചെറിയുന്ന നമ്മൾക്കു പാഠം ആണ് 

പിന്നീട് ഭക്ഷണകാര്യത്തിൽ ഞാൻ ഇടപെട്ടിട്ടേയില്ല . ഓരോ ദിവസവും അവന്റെ ചിറകുകളിൽ രോമങ്ങൾ മുളച്ചു വന്നു. ഫോട്ടോ എടുക്കാൻ ചെന്നാൽ അപ്പോൾ പതുങ്ങി ഒരിരുപ്പ് ആണ്. എങ്കിലും അവന്റെ വളർച്ചയും അവരുടെ സ്നേഹവും ഇടക്കൊക്കെ പകർത്താൻ കഴിഞ്ഞു. അതൊക്കെ ഇതോടൊപ്പം ചേർക്കുന്നു. 

നാലാമത്തെ ദിവസം ആയപ്പോഴേക്കും എഴുനേറ്റു നിൽക്കാനും ചിറകു വിടർത്താനും ഒക്കെ  തുടങ്ങിയിരുന്നു. ജനാലയിൽ നിന്നും ഉരുണ്ടു വീണു കാക്കയുടെ തീറ്റ ആകുമോ എന്ന് ഇപ്പോഴും ഭയപ്പെട്ടിരുന്നു ഞങ്ങൾ. ആറാം  ദിവസം രാവിലെ ജനാലയിൽ  കൊണ്ട് വെച്ച ബോക്സിൻറെ അരികിലേക്ക് വന്ന തള്ള പക്ഷി എന്തൊക്കെയോ ലക്ചർ കൊടുക്കുന്നത് കണ്ടു. പിന്നെ കാണുന്നത് കുഞ്ഞി ചിറകുകൾ വിടർത്തി പുറത്തേക്കു ചാടിയിറങ്ങുന്ന കുഞ്ഞിനെ ആണ് . അവിടെ നിന്നും ഡൈവിംഗ് മോഡിൽ ഒറ്റ പറക്കൽ . നേരെ വീണത് താഴെയുള്ള തെങ്ങോലയിൽ. അവിടെനിന്നും അതിനുമപ്പുറത്തേക്കു. അങ്ങനെ പതുക്കെ പതുക്കെ പറന്നു റോഡിനു അപ്പുറത്തുള്ള സ്ഥലത്തേക്ക് പോകുന്നത് നോക്കി നിന്നപ്പോൾ വല്ലാത്തൊരു മിസ്സിംഗ്. അവന്റെ ലോകത്തേക്ക് ആണ് പോയതെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ പോകുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമം . ഇപ്പോഴും ജനാല ക്കരികിലേക്ക് ഞാൻ നോക്കാറുണ്ട് എന്നെങ്കിലും അവൻ അവിടെ  വന്നിരിക്കുമായിരിക്കും.  

(ടൈറ്റിൽ കടപ്പാട് : ഗിരീഷ് പുത്തഞ്ചേരി, ശിക്കാർ സിനിമയിലെ പാട്ട്)





2019 ജനുവരി 23, ബുധനാഴ്‌ച

ആഴ്ചക്കൂലി

കണക്കിൽ പെടാതെ ചെലവായ കാശിന്റെ കണക്കു എഴുതി വെക്കുക അത്ര എളുപ്പമുള്ള പണിയല്ല . ചെയ്യാത്ത പണിയുടെ , കൊടുക്കാത്ത കൂലി അറിയാത്ത ആളുകളുടെ പേരിൽ എഴുതി വൗച്ചർ ഉണ്ടാക്കി വെക്കാൻ ആളുകളുടെ പേര് കണ്ടെത്താനുള്ള എളുപ്പ മാർഗം ആണ് ചരമ പേജുകൾ. അതിലെ ആളുകളുടെ പേരും നാടും എടുത്തു വൗച്ചർ എഴുതി വെക്കുമ്പോൾ പലപ്പോഴും ചിന്തിക്കാറുണ്ട് എപ്പോഴെങ്കിലും ഇവരിൽ ആരെങ്കിലും ഇങ്ങനെ പൈസ വാങ്ങിയിരിക്കുമോ?

എന്നത്തേയും പോലെ അന്നും മെയിൽ ചെക്ക് ചെയ്തു കഴിഞ്ഞു വൗച്ചർ ബുക്ക് എടുത്തു ഓൺലൈൻ ഒബിച്ചറി പേജ് എടുത്തു. കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു എന്ന വാർത്തയിൽ കണ്ട ഉല്ലാസിന്റെ പേരിൽ വൗച്ചർ എഴുതി വെച്ചു പിറകിലെ അലമാരിയിൽ നിന്നും ഫയൽ എടുത്തു തിരിഞ്ഞപ്പോൾ ആണ് മുന്നിലെ കസേരയിൽ ഇരിക്കുന്ന ആളെ കണ്ടത്.

ഇയാളെങ്ങനെ ഇവിടെത്തി എന്നാലോചിച്ചു കൊണ്ട് മുന്നിലെ വാതിലിലേക്കു നോക്കി, മെഷ് ഡോറിന്റെ ബോൾട്ട് തുറന്നിട്ടില്ല. അവിശ്വസനീയതയോടെ അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കറ  പുരണ്ട പല്ലു കാണിച്ചു അയാൾ ഒന്ന് ചിരിച്ചു. നിങ്ങൾ ആരാ എങ്ങനെ ഇവിടെ വന്നു ഒറ്റ ശ്വാസത്തിൽ ആയിരുന്നു ചോദ്യം. ഉള്ളിൽ ഉയരുന്ന ഭയം അയാൾ അറിയരുത് എന്ന നിർബന്ധത്തോടെ കസേരയിൽ ഇരുന്നു.

'മേം ഉല്ലാസ്‌കുമാർ' പറഞ്ഞതിനൊപ്പം അയാൾ വൗച്ചറിലേക്ക് വിരൽ ചൂണ്ടി.

ഒരു വിറയൽ  നെഞ്ചിലേക്ക് ഇരച്ചു കയറി. മുന്നിൽ ഇരിക്കുന്ന ഉല്ലാസ് കുമാറിനെയും സ്‌ക്രീനിൽ കാണുന്ന വാർത്തയും. ഇരിക്കാനോ എഴുന്നേറ്റു ഓടാനോ ആവാത്ത ഒരു തളർച്ചയിലേക്ക് എത്തിച്ചു.

'ആപ്കോ മാലും ഹൈ ക്യാ  ഇത്നാ പൈസാ മിലാ തോ ആജ് മേം സിന്ദാ ഹോത്താ'

വൗച്ചറിൽ  ഉല്ലാസിന്റെ  പേരിൽ എഴുതിയ ഒൻപതിനായിരം രൂപയിലേക്ക് അയാളുടെ വിരലുകൾ നീണ്ടു. അയാളുടെ കണ്ണുകളിൽ പടരുന്ന നനവു, ചുണ്ടുകൾ കോടുന്നു. ഉള്ളിൽ നിറയുന്ന സങ്കടത്തെ മറക്കാൻ എന്നവണ്ണം തോളിലെ മണ്ണ് പുരണ്ട തോർത്തു  എടുത്തു അയാൾ മുഖം അമർത്തി തുടച്ചു. പിന്നെ പതുക്കെ തുടർന്നു.

ബീഹാറിൽ ആണ് വീട്. അച്ഛനും അമ്മയും അനിയനും അനിയത്തിയും ഒക്കെ ആയി വീട് നിറയെ ആളുകൾ. ഉള്ള ചെറിയ  സ്ഥലത്തു കൃഷി ചെയ്യാൻ നോക്കിയാൽ വെള്ളമില്ല. കിട്ടുന്ന ഓരോ പണിയും ചെയ്തു വീട്ടിൽ ഒരു നേരം ഭക്ഷണം കഴിക്കുന്നത് തന്നെ ബുദ്ധിമുട്ടായപ്പോൾ ആണ് ഞങ്ങളുടെ ഗ്രാമത്തിലെ രാമേശ്വർ ഈ നാടിനെ കുറിച്ച് പറഞ്ഞത്. ഇഷ്ടം പോലെ ജോലിയും കൈ നിറയെ കാശും  കിട്ടും എന്നറിഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല , അവന്റെ കൂടെ ഇങ്ങോട്ടു  വന്നു. അവന്റെ തന്നെ സേട്ടിന്റെ കൂടെ ജോലിക്ക് ചേർന്നു. എന്നും ജോലി , കൈ നിറയെ കാശു. ആറു  മാസം കഴിഞ്ഞു ഗ്രാമത്തിൽ പോയി കല്യാണവും കഴിച്ചു. അവളോട് ഈ നാടിനെ കുറിച്ച് കുറെ കഥകൾ പറഞ്ഞിട്ടുണ്ട് ഞാൻ. ഇവിടേക്ക് കൊണ്ട് വരണം എന്നെങ്കിലും എന്ന് കരുതിയതാണ്. അപ്പോഴാണ് പുതിയ ഒരു കോൺട്രാക്ടർ നൂറു രൂപ കൂടുതൽ തന്നു ആളെ എടുക്കുന്നുണ്ട് എന്ന് കേട്ടത്. കാശു എത്ര കിട്ടിയാലും മതിയാകാത്ത സമയം ആയിരുന്നു. അനിയത്തിമാരുടെ കല്യാണം , അനിയനെ പഠിപ്പിക്കണം, സ്വന്തമായൊരു  വീട് . ബഡാ ബഡാ സപ്നാ ഥാ .

ആദ്യത്തെ ആഴ്ച നാലു ആഴ്ച കൃത്യമായി കൂലി തന്നു. അത് കഴിഞ്ഞു പിന്നെ കൂലി ഇല്ല. ചോദിക്കുമ്പോളോക്കെ തരാം. പണി നടന്നു കൊണ്ടിരിക്കയല്ലേ എന്ന് മാത്രം പറയും. അച്ഛനു  നെഞ്ചു വേദന വന്നു  ആശുപത്രിയിൽ ആണെന്ന് പറഞ്ഞു അനിയൻ  വിളിച്ചു. എന്തോ ഓപ്പറേഷൻ വേണം എന്ന് അതിനു പൈസ വേണം എന്നും. കാശു ചോദിക്കാൻ ആണ് എട്ടാംനിലയിൽ കോൺക്രീറ്റ് നോക്കുന്ന സേട്ടിന്റെ അടുത്തേക്ക് പോയത്. കാശു ചോദിച്ചപ്പോൾ പണി നടക്കുന്ന സമയത്തു വെറുതെ നടക്കുന്നോ, പോയി പണി എടുക്കെടാ എന്നു പറഞ്ഞു അയാൾ ഒച്ചയെടുത്തു. ഔർ  കുച്ച് ഗന്ധി ബാത് ഭി  ബോല. അച്ഛന്റെ അവസ്ഥ ഓർത്തു ആകെ പ്രാന്ത് ആയി  നിൽക്കുന്ന സമയമായത് കൊണ്ട് ഞാൻ അങ്ങേരെ അടിക്കാൻ പോയി. പിന്നെ ഞാൻ എന്നെ കാണുന്നത് വായുവിലൂടെ പറക്കുന്നത് ആയാണ്. താഴെ തല ഇടിച്ചു വീഴുമ്പോഴും ഞാൻ കണ്ടു മുകളിൽ അരയിൽ കൈ വെച്ച് നോക്കി നിൽക്കുന്ന സേട്ടിനെ.

കഥ പറഞ്ഞു വിമ്മി വിമ്മി കരയുന്ന ഉല്ലാസിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഇരിക്കുമ്പോൾ സൈഡ് ടേബിളിൽ ഫോൺ റിംഗ് ചെയ്തു.  ഫോണിൽ സംസാരിച്ചു തിരിഞ്ഞു നോക്കുമ്പോൾ കസേരയിൽ ആരും ഇല്ലായിരുന്നു. അന്തരീക്ഷത്തിൽ കുമിഞ്ഞു കുത്തുന്ന പാൻ പരാഗിന്റെ മണം!!







2018 ഡിസംബർ 28, വെള്ളിയാഴ്‌ച

അത്ര മേൽ അത്ര മേൽ സ്നേഹിക്കയാൽ ...

വർഷാവസാനം ഒരു തിരിഞ്ഞു നോട്ടം, വിലയിരുത്തൽ ഒക്കെ ഒരു ആഘോഷം ആണല്ലോ ഇപ്പോൾ . ആഘോഷിക്കുമ്പോൾ കാണുന്ന ചിലതൊക്കെ ..

2018 തുടങ്ങുമ്പോൾ കല്യാണമേളങ്ങളുടെ ആഘോഷം ആയിരുന്നു. വർഷങ്ങൾക്ക് ശേഷം എല്ലാവരും ഒത്തു ചേർന്ന് ആടി പാടി ആനന്ദിച്ച ദിവസങ്ങൾ. അമ്മയുടെ അന്ത്യാഭിലാഷം പൂർത്തിയാക്കിയതിന്റെ നിർവൃതിയിൽ എല്ലാവരും ഒത്തു ചേർന്നപ്പോൾ തന്നെ ആഘോഷം ആയിരുന്നു. ആഘോഷത്തിമിർപ്പ് കൂടിപോയത് കൊണ്ടാണ് ഫെബ്രുവരി മാസം എന്നെ കിടക്കയിൽ തളച്ചിട്ടത്. 

ഇനി എവിടേക്കും യാത്ര പോകാൻ കഴിയില്ല എന്ന് ഉറപ്പിച്ച ദിവസങ്ങൾ. പുസ്തകങ്ങളും മൊബൈലും കൂട്ടിനുള്ളത് കൊണ്ട് വിരസമാകാതെ പോയ ദിനങ്ങൾ.

ഒരു നല്ല അംബാസഡർ ആകാനുള്ള ലക്ഷണം നിനക്കുണ്ട് എന്ന് എന്റെ സഹോദരൻ ഒരിക്കൽ പറഞ്ഞത് ശരി ആണെന്ന് തെളിഞ്ഞ ദിവസങ്ങൾ. മീശയും താടിയും വളർന്നപ്പോൾ ഞാൻ എന്നെ നോക്കാൻ ആയി , ഉപദേശം വേണ്ട എന്ന് പറയുന്ന മകനും മകന്റെ കൈ വിടാൻ  മടിക്കുന്ന അച്ഛന്റെയും നടുവിൽ ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങൾ കൊണ്ട് നടക്കാൻ പെടുന്ന പാട് അറിഞ്ഞപ്പോൾ ആണ് ഈ നയതയന്ത്ര പ്രതിനിധി എന്ന ജോലിക്ക് കൊട്ടിഘോഷിക്കുന്ന പകിട്ടൊന്നും ഇല്ല എന്ന് മനസിലായത്.
കോഴ്സ് കഴിഞ്ഞു ക്യാമ്പസ് ഇന്റർവ്യൂ വഴി കിട്ടിയ ജോലിയുടെ പോസ്റ്റിങ്ങ് വൈകുംതോറും വീട്ടിൽ ഉരുണ്ടു കൂടിയ സംഘർഷങ്ങൾ. ഒടുവിൽ വിസയും ടിക്കറ്റും വന്നപ്പോൾ ഞാൻ പോകുന്നില്ലെന്ന് പറഞ്ഞു  ഒറ്റക്കാലിൽ നിൽക്കുന്നവനെ പിടിച്ചു അന്യദേശത്തേക്ക് എറിയുമ്പോൾ ഉള്ളിൽ എരിയുന്ന കനൽചൂട് പുറത്തറിയാതിരിക്കാൻ ചിരിയുടെ , സന്തോഷത്തിന്റെ ലാഘവത്തിന്റെ മുഖംമൂടി. 

വീട്ടിൽ ഒരാൾ കുറയുമ്പോൾ നമുക്ക് കിട്ടുന്ന സമയം അതാണ് ചിലപ്പോഴൊക്കെ നമ്മെ ഭ്രാന്തുകളിലേക്ക് കൊണ്ടെത്തിക്കുന്നത്. അല്പാഹാരികൾ ആയ രണ്ടു പേർക്കുള്ള ഭക്ഷണവും ഒന്നര മുറിയുടെ ക്ലീനിങ്ങും കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യണം എന്നറിയാതെയിരിക്കുമ്പോൾ മനസ്സിലെ ആഗ്രഹങ്ങൾ , പ്രാന്തുകൾ പുറത്തേക്കു ചാടിയിറങ്ങും. ഡോണ്ട് മൈൻഡ് എന്ന് പറഞ്ഞു മാറ്റി വെച്ച പലതും പരീക്ഷിച്ചു നോക്കും.

ഇനി ഒരിക്കലും ഒരു യാത്ര ഉണ്ടാകില്ല എന്ന് കരുതിയിരുന്നയാൾ സുപ്രഭാതത്തിൽ മല  കേറാൻ പോകും. കാട് കാണാൻ പോകും. നടക്കാൻ ആയി കെട്ടിയ സപ്പോർട്ടിങ് ബെൽറ്റ് അഴിച്ചു ദൂരെ ഏറിയും.  ആരെന്ത് പറയും, നാളെ നടക്കുമോ കിടക്കുമോ എന്നൊന്നും ചിന്തിക്കില്ല. ഒരു പുഴ പോലെ ഒഴുകാൻ തുടങ്ങും. നീ ഒരു പുഴയാണ് , ചിലപ്പോൾ ഭ്രാന്തമായി , മറ്റു ചിലപ്പോൾ ശാന്തമായി ഒഴുകുന്ന പുഴ എന്ന് സ്വയം പറഞ്ഞു കൊണ്ടേയിരിക്കും. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കാൻ തുടങ്ങും. ചിരിയുടെ മുഖംമൂടി കളഞ്ഞു ഉള്ളിൽ നിന്നും ചിരിക്കാൻ തുടങ്ങും. പറയാതെ മാറ്റി വെച്ച ഇഷ്ടങ്ങൾ , ചെയ്യാതെ മാറ്റി വെച്ച കാര്യങ്ങൾ എല്ലാം എല്ലാം ഓരോന്നായി ചെയ്തു തീർത്തു കൊണ്ടേയിരിക്കും.

വര്ഷം തീരാൻ മൂന്ന് ദിവസം ബാക്കിയുള്ളപ്പോൾ തിരിഞ്ഞു നോക്കിയാൽ എന്റ്റെ ഉള്ളിൽ സങ്കടങ്ങളോ സംഘര്ഷങ്ങളോ ഇല്ല. കാറ്റിലാടുന്ന ഇല പോലെ ആണിപ്പോൾ മനസ്സ്. വീഴാം വീഴാതിരിക്കാം എന്നാലും ഊഞ്ഞാലാട്ടം ആസ്വദിച്ച് കൊണ്ടേയിരിക്കുന്നു ഓരോ നിമിഷവും.

നന്ദിയുണ്ട്  എഴുത്തും വായനയും നിറച്ചു തന്ന കൂട്ടുകാരോട്.  ഒരു ഞെട്ടിൽ പൂക്കളെ പോലെ കൂടെ നിന്നവരോട്. എന്റെ ഭാവനയെ നട്ടു നനച്ചവരോട്.
മനസ്സ്  നിറയെ ജക്കാരണ്ടവസന്തം ആണിപ്പോൾ. 

നന്ദ്രി അൻപർഗളേ ..

പുതുവത്സര ആശംസകൾ !!

2018 ഒക്‌ടോബർ 11, വ്യാഴാഴ്‌ച

 Once Again (2018)
-–-----------------------------
വൈകിയ വേളയിലെ പ്രണയത്തെ കുറിച്ച് ചർച്ചയുടെ മേൽ ചർച്ച ചെയ്യുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും കാണേണ്ട സിനിമയാണ് കൻവൽ സേഥിയുടെ വൺസ് എഗൈൻ.

മുംബയിൽ റെസ്റ്ററന്റ് നടത്തുന്ന വിധവ ആയ താര (ഷെഫാലി ഛായ )ആണ് സിനിമാനടൻ ആയ അമറിനു (നീരജ് കാബി ) ഭക്ഷണം എത്തിക്കുന്നത്. കൊടുത്തയക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായം പറയാനും അറിയാനും നടത്തുന്ന ഫോൺ സംഭാഷണങ്ങൾ. അതിലൂടെ അവരിൽ ഉണ്ടാകുന്ന അനുബന്ധം ഇതാണ് സിനിമയുടെ കാതൽ. ഫോൺ ആനിവേഴ്സറിയുടെ അന്ന് അമർ താരയോട് ഒന്ന് കാണുന്നതിനെ കുറിച്ച് ചോദിക്കുന്നു. മറുപടി പറയാതെ ഫോൺ വെക്കുന്ന താര പിന്നീട് ഒഴിഞ്ഞു മാറാൻ നോക്കുന്നു എങ്കിലും അവർ കണ്ടു മുട്ടുന്നു. (അമർ വന്നു അവളെ കാണുന്നു ) പിന്നീട് തുടർച്ച ആയി ഉണ്ടാകുന്ന കൂടിക്കാഴ്ചകൾ അവരെ കൂടുതൽ അടുപ്പിക്കുന്നു. നൈറ്റ് ഡ്രൈവിന് പോകുന്ന താരയുടെയും അമറിന്റെയും ചിത്രം പേപ്പറിൽ വരുന്നതോട് കൂടി അവരുടെ ജീവിതം മാറുകയാണ്. പുറത്തിറങ്ങുമ്പോഴും ഭക്ഷണം കഴിക്കാൻ വരുന്നവരും ഒക്കെ ഇതേ കുറിച്ച് ചോദിക്കുന്നത് കൂടുതൽ അപകർഷതാ ബോധം മകനിൽ ഉണ്ടാക്കുന്നു. മക്കൾക്ക് വേണ്ടി ജീവിച്ച താരയോട് മകൻ സംസാരിക്കുന്നത് പോലും നിർത്തുന്നു.

ഒരു ദിവസം അമറിനുള്ള ഭക്ഷണവുമായി നേരിട്ട് എത്തുന്ന താരയെ വീട്ടിലെ അഥിതികൾക്ക് കുക്ക് എന്ന് പരിചയെപ്പെടുത്തുന്നു അമർ. ആ ഒരു ഷോക്ക് അവർക്കിടയിൽ ഉണ്ടാക്കുന്ന അകൽച്ച അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങൾ ഒക്കെയാണ് പിന്നീട്.

ഷെഫാലി ഛായ ടെലിസീരിയലിലൂടെ ഇഷ്ടമായ ഒരു നടിയാണ്. അവരുടെ വലിയ കണ്ണുകളിൽ വിരിയുന്ന ഭാവങ്ങൾ ആണ് പലപ്പോഴും ഡയലോഗിന് പകരം ആയി നിൽക്കുന്നത്. നീരജ് കബിയുടെ അഭിനയം ആദ്യമായി കാണുകയാണ്. രണ്ടു പേരും ഒന്നിനൊന്നു മെച്ചമാണ് എന്ന് പറയാം. താരയുടെ മകൻ ആയി അഭിനയിച്ച പ്രിയാൻഷു , അമറിന്റെ മകൾ ആയ രസിക ദുഗ്ഗൾ ഒക്കെ അവരുടെ വേഷം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.

വിഷാദഛായ ഉള്ള പശ്ചാത്തല സംഗീതം ഈ സിനിമക്കു വല്ലാത്തൊരു ഭാവം കൊടുക്കുന്നുണ്ട്. ഇടയ്ക്കിടെ വരുന്ന സുഫി ഗീതങ്ങളും. തൽവാൽ സിംഗിന്റേത് ആണ് സംഗീതം

ഈഷിത് നരൈന്റെ കാമറ മുംബൈ നഗരത്തിന്റെ മുക്കും മൂലയും നഗരവിശേഷതകളുംഒപ്പിയെടുത്തിരിക്കുന്നു.

നെറ്റ് ഫ്ലിക്സിൽ ലഭ്യമാണ് ഈ സിനിമ. ചെറിയ ഇഴച്ചിൽ ഇടയ്ക്കു തോന്നിയേക്കാമെങ്കിലും എന്താകും എന്നൊരു ആകാംക്ഷ ആ ഇഴച്ചിലിനെ ബോറടിയിലേക്ക് എത്തിക്കുന്നില്ല . 2015 ഇത് ഇറങ്ങിയ ലഞ്ച് ബോക്സ് എന്ന മൂവിയോട് ചെറിയ ഒരു സാദൃശ്യം കഥയിൽ തോന്നിയേക്കാം. എങ്കിലും കണ്ടിരിക്കേണ്ട ഒരു സിനിമ ആണെന്ന്
തന്നെ പറയാം .

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...