2019 ഒക്‌ടോബർ 17, വ്യാഴാഴ്‌ച

നീ എങ്ങനെ അറിയും ഞാൻ മരിച്ചെന്നു - കെ എസ് പ്രദീപിന്റെ കവിതക്കു ഒരു മറുപുറം - സുമ രാജീവ്
--–----------–---------------------------ഞാൻ മരിച്ചാൽ നീ അറിയുമോ എന്നൊരു ചിന്തയില്ല
ഇന്നല്ലെങ്കിൽ നാളെ നീ അറിയും
നമ്മുടെ പൊതു സുഹൃത്തുക്കൾ വഴിയോ
ചരമകോളത്തിന്റെ മൂലയിലെ
ചിത്രം കണ്ടോ നീ അറിയുമെന്നുറപ്പാണ്
അതുകൊണ്ട് തന്നെ എന്റെ ചിന്ത
നീ എങ്ങനെ ആകും അതിനെ ഉൾക്കൊള്ളുന്നത് എന്നതിനെ കുറിച്ചാണ്
അറിഞ്ഞയുടനെ സ്വന്തമായതെന്തോ നഷ്ടമായൊരു കുത്തൽ നെഞ്ചിൽ പിടയുമോ?
നമ്മുടേത് മാത്രമായ ചില
രഹസ്യങ്ങൾ മനസ്സിന്റെ വെള്ളിത്തിരയിൽ അലയടിക്കുമോ?
ഇടക്കൊന്നു കണ്ടിരുന്നെങ്കിൽ
പറയാമായിരുന്നു എന്നു കരുതിയ കാര്യങ്ങൾ നിന്നെ ശ്വാസം മുട്ടിക്കുമോ?
ഇനിയാരോട് പറയും എന്നോർത്തു വേവലാതിപ്പെടുമോ?
ഇനിയുമേറെ പറയാനും
ഇനിയുമേറെ കാണാനും
കൊതിയേറെയുണ്ടായിരുന്നെന്നു 
എനിക്ക് മാത്രം കേൾക്കാനായി
 നീ ഉരുവിടുമോ?
കാണുന്നത് ചരമ കോളം ആണെങ്കിൽ
 ഓ പോട്ട് അതിന്റെ ശല്യമൊഴിഞ്ഞല്ലോ എന്നോർത്തു
കടുപ്പമുള്ള ഒരു കട്ടൻ കാപ്പിയുടെ ഊർജ്ജത്തിൽ
പത്രത്തിലെ എരിവും പുളിയുമുള്ള മറ്റു വാർത്തകളിലേക്ക് ഊർന്നിറങ്ങുമോ?
ആരെങ്കിലും പറഞ്ഞാണ് അറിയുന്നതെങ്കിൽ
ഓ കഷ്ടമായിപ്പോയി ,ആദരാഞ്ജലികൾ എന്നൊരു ഔപചാരികതയിൽ എല്ലാം അവസാനിപ്പിക്കുമോ?

2019 ഓഗസ്റ്റ് 28, ബുധനാഴ്‌ച

ക്ലാര നാഗവല്ലി ആകുമ്പോൾ

പാതിരാത്രിയിലാണ് , ഉറക്കത്തിന്റെ മൂർദ്ധന്യത്തിലാണ്‌ വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദം ഉണർത്തിയത്. തുറന്നിട്ട ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മുടിയഴിച്ചാടുന്ന യക്ഷിയെ പോലെ തെങ്ങുകൾ വട്ടം കറങ്ങുന്നതാണ്  കൂടെ തോരാമഴയും. ഉള്ളിൽ പേടിയുടെ പെരുമ്പറമുഴക്കം.

യനാട്ടുകാരി എന്ന നിലക്ക് മഴയും പുഴയും വെള്ളവും ഒരിക്കലും ഭയപ്പെടുത്തുന്നത് ആയിരുന്നില്ല. രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ ദൂരെ ഒരു പൊട്ടു പോലെ കാണുന്ന പുഴ വെള്ളം വൈകീട്ട് സ്‌കൂൾ വിട്ടു വരുമ്പോൾ വീട്ടിലേക്കുള്ള വഴിയിലൂടെ മുട്ടറ്റം പരന്നൊഴുകുന്നുണ്ടാകും. മഴയുടെ ശക്തി കൂടുന്നതിന് അനുസരിച്ചു വെള്ളത്തിന്റെ നിരപ്പ് കൂടുകയും സ്ഥലങ്ങൾ ഒറ്റപ്പെട്ടുകയും ചെയ്യുമ്പോഴും പേടി മനസ്സിനെ ബാധിച്ചിരുന്നില്ല. എല്ലാ വർഷവും ഒരു അതിഥിയെ പോലെ ആയിരുന്നു മഴയും വെള്ളപ്പൊക്കവും. മഴ വരുന്നതിനു മുൻപേ തന്നെ എല്ലാം സ്വരുക്കൂട്ടി വെക്കുന്നവർ എന്ന് മുതലാണ് മഴയെ പേടിക്കാൻ തുടങ്ങിയത്.  മഴയുടെ രൂപം മാറുകയും ആ മഴയിൽ പുഴ  പ്രതികാര ദാഹിയെ പോലെ കണ്ട വഴിയിലൂടെ ഒക്കെ ആഞ്ഞടിച്ചു കേറാൻ തുടങ്ങിയപ്പോൾ നമ്മുടെ മഴയല്ലേ , പുഴയല്ലേ എന്ന് പറഞ്ഞവർ ഒരിക്കലും കാണാത്ത വെള്ളമെന്നും മഴയെന്നും പറഞ്ഞു മഴ തോരാൻ നേർച്ച നേരാൻ  തുടങ്ങി.  പുഴ ഒഴുകുന്ന വഴിയിൽ അല്ലാതിരുന്നിട്ടും ഓരോ ദിവസവും അരുതാത്തതൊന്നും കേൾക്കരുതേ എന്ന പ്രാർത്ഥനയോടെ രാവിലെ തന്നെ വാർത്ത ചാനലുകൾക്കു മുന്നിലിരിക്കുമ്പോൾ ഞാൻ തേടിയത് മഴയിൽ കളിച്ച  പുഴയിൽ കുളിച്ച, വയനാട്ടിലെ കാലിലൊട്ടുന്ന പശിമ മണ്ണിനെ വെറുത്തു നാട് വിട്ടു മഴയില്ലാത്ത നാട്ടിൽ ഇരുന്നു മഴയെ വീണ്ടും സ്നേഹിച്ച കുട്ടിയെ ആയിരുന്നു. എവിടെയും അങ്ങനൊരാളെ കാണാൻ പറ്റിയില്ല. മഴയൊന്നു നിന്നെങ്കിൽ  എന്ന് പ്രാർത്ഥിക്കുന്ന, പണ്ടാരം മഴ എന്ന് ആവലാതിപ്പെടുന്ന ഒരു സാധാരണപ്പെണ്ണായി ചുരുങ്ങി പോയ ദിവസങ്ങൾ.  ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ചിലൊരു വേദന പടരുന്നുണ്ട്. 

സ്കൂൾ വിട്ടു വരുമ്പോൾ കറുത്തിരുണ്ടു മൂടികെട്ടുന്ന  മാനവും മുന്നിൽ  വന്നു വീഴുന്ന മിന്നലും ചെവി പൊട്ടുന്ന ഇടിയുംസാധാരണക്കാര്യം മാത്രം. പക്ഷെ വർഷങ്ങൾക്കിപ്പുറം മിന്നലടിക്കുമ്പോൾ, അതിനെ തുടർന്നുണ്ടാകുന്ന ഇടിയെ കുറിച്ചോർക്കുമ്പോൾ കട്ടിലിൽ കാലും കേറ്റിയിരുന്നു കണ്ണടക്കുന്ന പേടിക്കാരിയിലേക്ക് എന്നാണ് എത്തിയത്. കൂടെ പഠിച്ചിരുന്ന കുട്ടി മിന്നലേറ്റ് മരിച്ചെന്ന വർത്തയറിഞ്ഞപ്പോഴോ അതോ തൊട്ടു മുന്നിൽ അടുപ്പിന്റെ മുകളിലെ  മേല്പുരയിലൂടെ  വന്ന മിന്നലേറ്റ് ഏട്ടത്തിയമ്മ ബോധം കേട്ട് വീണപ്പോഴോ? ഓർമ്മയില്ല. പക്ഷെ മിന്നലും ഇടിയും പേടിപ്പെടുത്തുന്നതിനേക്കാൾ ഇപ്പോൾ മഴയെന്നെ പേടിപ്പിക്കുന്നു.

കാറ്റും മഴയും ഒരുമിച്ചാണ് വരുന്നത്. മഴയെ കൂട്ടി  വരുന്ന കാറ്റ് ചിലപ്പോൾ ആവേശത്തിലാകും. മരങ്ങളെ നൃത്തം ചെയ്യിച്ചു , നെല്ലോലകളെ ചുഴറ്റി വരുന്ന കാറ്റ് .   മഴ വരുന്നുണ്ട് എന്നതിന്റെ മുന്നറിയിപ്പ് ആയിട്ടാകും നല്ല തണുത്ത കാറ്റ് പലപ്പോഴും വരുന്നത്. ചിലപ്പോൾ മഴയോടൊപ്പം ആടിയും പാടിയും വരും. ഒരു മരച്ചില്ലയെ ഒടിച്ചെറിഞ്ഞോ  തായ്‌വേരിനു ഉറപ്പില്ലാത്ത മരങ്ങൾ കടപുഴക്കിയോ പോകുന്ന കാറ്റിനെയും ആരും പേടിച്ചിരുന്നില്ല എന്നാലിപ്പോൾ കാറ്റിൽ തെങ്ങുകൾ മുടിയഴിച്ചാടുന്ന യക്ഷികളാണ്. ഫ്ലാറ്റിനു മുകളിലേക്ക് വീഴാനെന്ന പോലെ വട്ടം കറങ്ങുന്ന  തെങ്ങിനെ നോക്കി , അലറി വിളിക്കുന്ന കാറ്റിനോടൊപ്പം തിമിർത്തു പെയ്യുന്ന മഴയെ നോക്കിയിരിക്കുമ്പോൾ തെങ്ങു ചതിക്കില്ല എന്ന പഴമൊഴിയൊന്നും ഓർക്കാത്ത പേടിത്തൊണ്ടി ആകുന്നത് ഈയിടെയാണ്.

നൂലു പോലെ പെയ്യുന്ന ചിങ്ങമഴയിൽ കുടയില്ലാതെ നടക്കണമെന്നും
മഴവെള്ളത്തിൽ കടലാസ് തോണികൾ ഇറക്കണമെന്നും മോഹിക്കുന്ന കുട്ടിയാകാറുണ്ട് മനസ്സ് ചിലപ്പോൾ. പകർച്ചപ്പനിയെന്നും എലിപ്പനിയെന്നും പറഞ്ഞു  ഉള്ളിലാരോ പേടിപ്പിക്കുന്നുണ്ടിപ്പോൾ.

ക്ലാര ആയിരുന്നവൾ നാഗവല്ലി  ആയി എന്നത് പ്രളയകാലത്തു വന്ന ട്രോള് ആയിരുന്നു. തമാശ എന്നതിലുപരി അതിലൊരു സത്യമുണ്ട് . മഴ കാത്തിരുന്നവർ , മഴയെ പ്രണയിച്ചിരുന്നവർ , മഴക്കാലത്തിൽ ഗൃഹാതുരത്വം തേടിയവർ എല്ലാം ഈ മഴയൊന്നു നിന്നിരുന്നെങ്കിൽ  എന്ന് പ്രാർഥിച്ചത്, എന്തിനു ഞങ്ങളെ കഷ്ടപെടുത്തുന്നു എന്ന് പറഞ്ഞു കണ്ണീർ തുടച്ചത് , ഹൃദയം നുറുങ്ങുന്ന വേദനയോടെ നമ്മൾ കണ്ടിരിക്കുമ്പോൾ മനസിലാകുന്നുണ്ട്  നിനക്ക് തടുക്കാനാകാത്തതാണു  എന്റെ  ശക്തിയെന്നും എന്നെ സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കാമെന്നും ദ്രോഹിച്ചാൽ മുച്ചൂടും പിഴുതു കളയുമെന്നും  ടെക്നോളജിയുടെ ഉത്തുംഗശൃംഗങ്ങൾ കീഴടക്കിയ മനുഷ്യനെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ് പ്രകൃതിയെന്ന്.





2019 ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

അമ്മമനസ്സ്

ഓടിട്ട പഴയ വില്ലേജ് ഓഫീസിന്റെ വരാന്തയിൽ  കളക്ടറേറ്റിൽ മീറ്റിംഗിന് പോയ വില്ലജ് ഓഫീസറെയും കാത്തിരിക്കുകയാണ് സജിനി.  ചെറുതായി ചീറ്റി അടിക്കുന്ന മഴപാറലുകൾ,  നല്ല തണുപ്പും. തണുപ്പിൽ  കണ്ണുകൾ അടഞ്ഞു പോകുന്നത് അവൾ അറിഞ്ഞില്ല. 

എന്തൊരു ഉറക്കമാണ് പെണ്ണെ എന്നൊരു ചോദ്യത്തോടൊപ്പം കവിളിൽ  ഒരു തട്ടും കിട്ടിയപ്പോൾ ആണവൾ ഉണർന്നത്. ജോസെഫിന്റെ ശബ്ദമാണല്ലോ എന്നോർത്തു അവൾ ചുറ്റും നോക്കി. വീശിയടിക്കുന്ന കാറ്റും മഴയുമല്ലാതെ മറ്റൊന്നും കണ്ടതേയില്ല.

ആറ് മാസങ്ങൾക്കു മുൻപ് ഇത് പോലൊരു  മഴയിലേക്ക് ആണ് ജോസഫ് വണ്ടി എടുത്തിറങ്ങിയത്.  ഞായറാഴ്ച പതിവുള്ള രണ്ടു പെഗ് എടുത്തിരിക്കുന്നത് കൊണ്ട് വണ്ടിയെടുത്തു പോകേണ്ടെന്നും മഴയാണെന്നും ഒക്കെയുള്ള സജിനിയുടെ പറച്ചിലുകളെ അവഗണിച്ചു കൊണ്ടാണ് സാമ്പാറിൽ ഇടാനുള്ള മല്ലിയിലക്കായി ജോസഫ് ഇറങ്ങിയത്.മല്ലിയില കൂടി ഇട്ടെങ്കിലേ സാമ്പാറിന് ഒരു ഗുമ്മുള്ളൂ പെണ്ണുമ്പിള്ളേ എന്ന് പറഞ്ഞിറങ്ങിയവനെ അര  മണിക്കൂർ കഴിഞ്ഞു കാണാതായപ്പോൾ
നെഞ്ചു പിടച്ചതാണ്. അപ്പ പോയിട്ട് കുറെ നേരമായല്ലോ അമ്മാ എന്ന മക്കളുടെ ചോദ്യത്തിനുത്തരമായാണ് കുടയെടുത്തവൾ പുറത്തേക്കിറങ്ങിയത്. മുന്നിൽ വന്നു നിന്ന ഓട്ടോയിൽ നിന്നും പറമ്പിൽ പണിയെടുക്കുന്ന മാരിമുത്തു  ഇറങ്ങി വന്നു ചേച്ചി  ഒന്ന് വേഗം വന്നേ എന്ന് പറഞ്ഞപ്പോഴും അവൾ ഓർത്തില്ല ഗട്ടറിൽ വീണ ബൈക്കിൽ പിറകെ വന്ന ടിപ്പർ ലോറി കയറിയത്.

ഇറയിൽ നിന്നും ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ നോക്കിയിരിക്കെ ജോസഫ് ആദ്യമായ് വീട്ടിലേക്ക്   
കയറിവന്നതവൾ ഓർത്തു.

അമ്മയുടെ ചികിത്സക്കായി വട്ടി  പലിശക്കാരനിൽ നിന്നും വാങ്ങിയ കടം വീട്ടാൻ പറ്റാതെ നാട് വിട്ട അച്ഛൻ. അച്ഛൻ പോയതറിഞ്ഞു നെഞ്ചു പൊട്ടി മരിച്ച അമ്മ. വീട്ടാത്ത കടം തിരിച്ചെടുക്കാൻ പലിശക്കാരന്റെ ആളുകൾ വന്നു കുടിയൊഴിപ്പിക്കുമ്പോഴും കോരി ചൊരിയുന്ന മഴ പെയ്തിരുന്നു. വീട്ടിൽ നിന്നിറക്കി വിട്ടപ്പോൾ എങ്ങോട്ടു പോകുമെന്നറിയാതെ തളർന്നു വീണ അമ്മമ്മയെ ആശുപത്രിയിൽ കൊണ്ട് പോയ ചെറുപ്പക്കാരനെ അന്ന് ആദ്യമായാണ് സജിനി കാണുന്നത്. ചുറ്റും മൂക്കത്തു വിരൽ വെച്ച് കഷ്ടം പറഞ്ഞവരുടെ ഇടയിൽ നിന്നും ഒരാൾ വന്നു അമ്മമ്മയെ താങ്ങി പിടിച്ചു ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു തരുമ്പോഴും അയാൾ ആരെന്നു ചോദിക്കണമെന്നോ അറിയണമെന്നോ അവൾക്കു തോന്നിയതേയില്ല. പിന്നീട് ഇടയ്ക്കിടെ ആശുപത്രിയിൽ വന്നു അവരുടെ എല്ലാം കാര്യങ്ങളും നോക്കി നടത്താൻ തുടങ്ങിയപ്പോളാണ് അവൾ അവനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചത്. അതും അവരുടെ അടുത്ത ബെഡിലെ സ്ത്രീ ' ആ ചെറുക്കൻ കുന്നേലെ വർക്കിടെ മോനല്ലേ , കൊച്ചിന് എങ്ങനെയാ  പരിചയം എന്ന് ചോദിച്ചപ്പോൾ മാത്രം. 

കുന്നേലെ വർക്കിയെ കുറിച്ച് അവൾ കേട്ടിട്ടുണ്ടായിരുന്നു. ഏക്കർ  കണക്കിന് തോട്ടമുള്ള മുതലാളി ആണെങ്കിലും ഭാര്യ മറിയാമ്മയുടെ മുന്നിൽ പാവം പിടിച്ച ഭർത്താവിനെ പറ്റി വീട്ടിൽ നെല്ലിക്കയുമായി വരുന്ന ചേട്ടത്തി അമ്മയോട് പറഞ്ഞു ചിരിക്കുന്നതവൾ കേട്ടിട്ടുണ്ട്. ഒരു മാസം ആശുപത്രിയിൽ കിടന്നിട്ടും കിടക്കയിൽ നിന്ന് ഒന്നെഴുന്നേൽക്കുക പോലും ചെയ്യാതെ അമ്മമ്മ മരിച്ചപ്പോൾ ഇനി എങ്ങോട്ടു എന്നാലോചിച്ചു നിൽക്കുന്ന അവളുടെ കൈ പിടിച്ചു ജോസഫ് പറഞ്ഞത്

"എന്റെ കൂടെ പോര്‌ , പൊന്നു പോലെ നോക്കിയില്ലെങ്കിലും പട്ടിണിക്കിടാതെ നോക്കിക്കോളാം"

അത് പറഞ്ഞു അവൻ ചിരിക്കുമ്പോൾ അവന്റെ  കണ്ണുകളിലും ആ ചിരി നിറഞ്ഞു നിന്നിരുന്നു. പിന്നീട് എല്ലാം പെട്ടെന്നു ആയിരുന്നു. പാർട്ടി ഓഫീസിൽ വെച്ച് ഒരു കല്യാണം.കല്യാണം കഴിഞ്ഞു തന്റെ കയ്യും പിടിച്ചു നെഞ്ചു വിരിച്ചു വീട്ടിലേക്കു കേറി ചെന്ന ജോസഫിനോട്  " ഒരുമ്പെട്ടവളെയും  വിളിച്ചു കൊണ്ട് വന്നേക്കുന്നു , ഈ വീടിന്റെ പടി ചവിട്ടിയേക്കരുത് " എന്നലറിയ മറിയമ്മച്ചിയെ അവൾ അന്ന് ആദ്യമായി കാണുക ആയിരുന്നു. ഭാര്യയെ ഒന്നെതിർക്കുക പോലും ചെയ്യാതെ പതുങ്ങി മിണ്ടാതെ നിൽക്കുന്ന ജോസെഫിന്റെ അപ്പനെ കണ്ടപ്പോൾ നെല്ലിക്ക ചേട്ടത്തി പറഞ്ഞ കഥ ഓർത്തു അവൾക്കു  അറിയാതെ ചിരി വന്നു. അമ്മയോട് ഒരക്ഷരം പോലും എതിർത്ത് പറയാതെ തന്നെയും കൊണ്ട് തിരിച്ചു നടന്ന ജോസെഫിന്റെ കൈ വിറക്കുന്നത് എന്തിനു ആണ് എന്ന് മനസിലായില്ല. 
ആദ്യരാത്രി പാർട്ടി ഓഫീസിലെ മുറിക്കുള്ളിൽ ഉറങ്ങാതെ കഴിച്ചു കൂട്ടിയ രാത്രിയിൽ ജോസഫ് അവന്റെ അമ്മയെ പറ്റി  പറഞ്ഞത്.

"ഇക്കണ്ട സ്വത്തുക്കൾ എല്ലാം അപ്പനും അമ്മയും പാറയും മണ്ണും കിളച്ചു ഉണ്ടാക്കിയതാണ്. പാറ കിളച്ചുണ്ടാക്കുന്നവരുടെ മനസ്സും ഇത്തിരി കട്ടിയായിരിക്കും. അത് സ്നേഹമില്ലാത്തത് കൊണ്ടല്ല . അവർക്കത് കാണിക്കാൻ അറിയാഞ്ഞിട്ടാണ്. നിനക്കതിൽ  വിഷമം ഒന്നും വേണ്ട. ഇതൊക്കെ കാലക്രമേണ മാറുന്നതായിരിക്കും. പിന്നെ അമ്മച്ചിയുടെ ഒരു കൂട്ടുകാരിയുടെ മോൾ അങ്ങ് ഇറ്റലിയിൽ നേഴ്സ് ആണ്. എന്നെ കൊണ്ട് അവളെ കെട്ടിച്ചു നാട് കടത്താനുള്ള  അമ്മച്ചിയുടെ പ്ലാൻ പൊളിഞ്ഞതിന്റെ അമർഷവും കാണും. നീ ക്ഷമിക്കു എല്ലാം ശരിയാകും."

ആരുമില്ലാത്ത ഒരാൾക്ക് കിട്ടിയ നിധി ആയിരുന്നു ജോസഫ് . അത് കൊണ്ട് തന്നെ ജോസഫ് പറയുന്ന എന്തിനും അവൾക്ക്  എതിര് പറയേണ്ട കാര്യമില്ലായിരുന്നു. പാർട്ടിക്കാർ തന്നെ ഒരു സ്വകാര്യ സ്കൂളിൽ ജോസഫിന് ഒരു പണി ഏർപ്പാടാക്കി കൊടുത്തു. അത് കൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ടു പോയിരുന്നു. പക്ഷെ മണ്ണിനെ സ്നേഹിച്ച അപ്പന്റെയും അമ്മയുടെയും മോനെ  മണ്ണിലിറങ്ങാതെയുള്ള ജീവിതം വല്ലാതെ വിഷമിപ്പിച്ചിരുന്നു. ആദ്യത്തെ കുഞ്ഞിന്റെ ഗർഭാലസ്യത്തിൽ ഇരിക്കുമ്പോളാണ് ഒരിക്കൽ ജോസെഫിന്റെ അപ്പൻ വീട്ടിലേക്ക് കേറി വന്നത്. സഞ്ചി നിറയെ മധുരപലഹാരങ്ങളും ഒക്കെ ആയി വന്ന അപ്പന് ഒരു ചായ ഇട്ടു കൊടുക്കാൻ പോലും പറ്റാത്ത ക്ഷീണത്തിൽ കിടക്കുന്ന അവളെ  നോക്കി അപ്പൻ പറഞ്ഞു " കടിഞ്ഞൂൽ ആണ് നല്ല പോലെ ശ്രദ്ധിക്കണം. പിന്നെ ജോസഫ് വരുമ്പോൾ പറയണം . ആ  കളത്തിനാലിലെ അവറാന്റെ ഒന്നരയേക്കർ വയൽ വെറുതെ ഇട്ടിരിക്കുകയാണ്. വാഴകൃഷിക്ക് ഒന്നും അങ്ങേര് കൊടുക്കില്ലെന്ന്. ജോസഫിന് പറ്റുമെങ്കിൽ അത് പണയത്തിനു എടുത്തു കൃഷി ചെയ്യാൻ പറ. അവന്റെ ഇഷ്ടവും കൃഷി ആണല്ലോ"

ജോസഫ് അത്യധികമായ സന്തോഷത്തോടെ ആണ് അവറാന്റെ വീട്ടിൽ പോയി അന്വേഷിച്ചത്. മക്കൾ അങ്ങ് അമേരിക്കയിലും ക്യാനഡായിലും കിടക്കുന്ന അങ്ങേർക്ക് പണയപലിശ ഒന്നുമല്ല പ്രശ്‌നം. നൂറുമേനി വിളഞ്ഞ വയൽ വാഴകൃഷി ചെയ്തു നശിപ്പിക്കാൻ കൊടുക്കില്ലെന്ന വാശി. നീ നെൽകൃഷി ചെയ്യൂ. ലാഭം കിട്ടിയാൽ അതിലൊരു ഓഹരി മതി എന്ന വാക്കിൽ കൃഷി ആരംഭിച്ച ജോസഫിന് പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നിട്ടിട്ടില്ല. പലരുടെയും സ്ഥലം പണയത്തിനു വാങ്ങി കൃഷി ചെയ്യാൻ തുടങ്ങിയപ്പോൾ സ്കൂളിലെ ജോലി ഉപേക്ഷിച്ചു മുഴുവൻ സമയ കൃഷിക്കാരൻ ആയി തീർന്നു.

" എം എ വരെ അവനെ പഠിപ്പിച്ചത് ചെളിയിൽ കിടന്നുരുളാൻ അല്ലായിരുന്നു ദൂരെ എവിടെ എങ്കിലും പോയി ജോലി ചെയ്തു ജീവിക്കാൻ ആയിരുന്നു  അവൾ ഒറ്റയൊരുത്തി കാരണം ആണ് എന്റെ മോന്റെ ജീവിതം ഇങ്ങനെ ആയത് "
എന്നൊക്കെ ജോസെഫിന്റെ അമ്മ പള്ളിയിൽ വെച്ച് പലരോടും പറയുന്നത് അറിയുന്നുണ്ടെങ്കിലും ജോസഫ്  അതൊന്നും കാര്യമാക്കാൻ തന്നെ പോയില്ല. കൃഷിക്കാരൻ എന്ന നിലയിൽ ജോസെഫിന്റെ വളർച്ച അപ്പന് അഭിമാനം ആയിരുന്നു. ഇടയ്ക്കിടെ മക്കളെ സ്കൂളിൽ വന്നു കാണുകയും അവർക്കു മിട്ടായിയും ഉടുപ്പും ഒക്കെ കൊണ്ട് കൊടുക്കുകയും ഒക്കെ ചെയ്തിരുന്നത് ആ അഭിമാനത്തിന്റെ , സന്തോഷത്തിന്റെ അംഗീകാരമായിരുന്നു.

അങ്ങനെ രണ്ടു പെൺമക്കളും കൃഷിയും ഒക്കെ ആയി  ജീവിത നദി സുഗമമായി ഒഴുകി കൊണ്ടിരിക്കുമ്പോൾ ആണ് സാമ്പാറും മല്ലിയിലയും ആ ഒഴുക്കിനെ തടഞ്ഞത്. ജോസഫ് മരിച്ച ദിവസം അമ്മ നോക്കിയ നോട്ടം ഇപ്പോളോർക്കുമ്പോഴും സജിനി നടുങ്ങും. " എന്റെ മോനെ കൊന്നു അല്ലേടി " എന്നൊരു ചോദ്യം ആ നോട്ടത്തിൽ ഉണ്ടായിരുന്നു എന്നവൾക്ക് തോന്നിയിരുന്നു. അന്ന് രാത്രി രണ്ടു മക്കളെയും ചേർത്ത് പിടിച്ചു കിടക്കുമ്പോൾ ആണ് എട്ടാം ക്ലാസ്സുകാരിയായ മൂത്തവൾ ചോദിച്ചത് 

 " നമ്മളിനി അപ്പയില്ലാതെ എങ്ങനെ ജീവിക്കും  അമ്മാ "

അപ്പ ഇല്ലാതെ ആയില്ല. അപ്പ നമ്മുടെ കൂടെ തന്നെയുണ്ട്. നമ്മൾ ജീവിക്കും. അപ്പ ചെയ്ത പോലെ കൃഷി നമുക്കും ചെയ്യണം. കുട്ടികളെ ആശ്വസിപ്പിക്കാനായി മാത്രമല്ല അവളത് പറഞ്ഞത് ഉള്ളിന്റെ ഉള്ളിൽ മുന്നോട്ട് പോകാനുള്ള ഒരു ശക്തി എവിടെയോ ഉണ്ടായിരുന്നു. പണ്ട് അമ്മമ്മ മരിച്ചു കഴിഞ്ഞു നിന്നത് പോലെ ആയിരുന്നില്ല. ജോസഫ് കൂടെ തന്നെയുണ്ടാകും എല്ലാത്തിനും എന്നൊരു വിശ്വാസം.

രണ്ടാഴ്ച കഴിഞ്ഞു കുട്ടികൾ സ്‌കൂളിൽ പോയി വീട്ടിൽ ഒറ്റക്കായ നേരത്താണ് അപ്പൻ വന്നത് " മോളൊന്നു വേഗം പുറപ്പെടു , നമുക്കൊരിടം വരെ പോകണം" എങ്ങോട്ടു എന്തിനു എന്നൊന്നും ചോദിച്ചില്ല. കാരണം വിളിക്കുന്നത് അപ്പൻ ആണ് എന്തിനായാലും കൂടെ പോകണം. വണ്ടി ചെന്ന് നിന്നിടത്തിറങ്ങി  നോക്കിയപ്പോൾ ആണ് രജിസ്ട്രാർ ഓഫീസ്  എന്ന ബോർഡ് കണ്ടത്. ഇവിടേക്ക് എന്തിനു വന്നു എന്നൊരു ചോദ്യത്തോടെ അപ്പന്റെ മുഖത്തേക്ക് നോക്കി. വാ മോളെ എന്ന് പറഞ്ഞു അപ്പൻ ധൃതിയിൽ അകത്തേക്ക് നടന്നു. അകത്തെ മുറിയിൽ ഇരിക്കുന്ന അമ്മയെ അപ്പോളാണ് കണ്ടത്. ഒരു നടുക്കം ഉള്ളിലൂടെ പാഞ്ഞു.  ഒന്ന് മുഖത്തേക്ക് പോലും നോക്കാതിരിക്കുന്ന അമ്മയുടെ അടുത്തേക്ക് പോകാനോ സംസാരിക്കാനോ പേടി അനുവദിച്ചില്ല.

കുന്നേൽ മറിയാമ്മ അകത്തു നിന്നും  വിളിച്ചപ്പോൾ അമ്മ അകത്തേക്ക് നടന്നു. മോള് വാ എന്ന് പറഞ്ഞു തന്നെയും വിളിച്ചു അപ്പനും.
മറിയാമ്മ ആണോ എന്ന ചോദ്യം അതെ എന്ന് മറുപടി. നിങ്ങൾ സ്വമനസ്സോടെ പൂർണ്ണ സമ്മതത്തോടെ ചെയ്യുന്ന ഭാഗപത്രം ആണോ എന്നൊരു ചോദ്യം. ഒന്നും മനസിലാകാതെ അപ്പന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അപ്പൻ കണ്ണടച്ച് ഒരു ചിരി. മുദ്രപത്രത്തിൽ എഴുതിയത് ഒരാൾ വായിക്കാൻ തുടങ്ങി. കുന്നേൽ വർക്കിയുടെ ഭാര്യ മറിയാമ്മ മരിച്ചു പോയ തന്റെ മകൻ കുന്നേൽ ജോസെഫിന്റെ ഭാര്യ സജിനിക്ക് കൊടുക്കുന്ന ഇഷ്ടദാനം. രണ്ടു പേർക്കും സമ്മതം ആണെങ്കിൽ വന്നു ഒപ്പിടൂ. ആദ്യം അമ്മ ഒപ്പിട്ടു പുറത്തേക്കു നടന്നു. അമ്പരന്നു നിൽക്കുന്ന സജിനിയോട് ഒപ്പിടൂ മോളെ എന്ന് പറഞ്ഞു അപ്പൻ അവളെ കൊണ്ട് ഒപ്പിടുവിക്കുന്നു.

ഒന്നും മനസിലാകാതെ ഒപ്പിട്ടു തിരിച്ചിറങ്ങുമ്പോൾ മുറ്റത്തു നിൽക്കുന്ന അമ്മയുടെ അടുത്തേക്ക്  നിറഞ്ഞ കണ്ണുകളോടെ ചെന്ന്  കൈ കൂപ്പിയ  സജിനിയോട് " എന്റെ ചോരയാണ് നിന്റെ കൂടെയുള്ളത് , അവർ ഒന്നുമില്ലാത്തവർ അല്ല , കുന്നേൽ വർക്കിയുടെയും മറിയാമ്മയുടെയും പേരക്കുട്ടികൾ ആണ്. ഇനി മുതൽ സ്വന്തം സ്ഥലത്തു കൃഷി ചെയ്തു ജീവിക്കു " എന്ന് പറഞ്ഞു അവർ ചിരിച്ചു അവരുടെ കണ്ണിൽ അപ്പോൾ നിറഞ്ഞു നിന്നത് ദേഷ്യം ആയിരുന്നില്ല. സ്നേഹത്തിന്റെ അലകടൽ ആയിരുന്നു. പെട്ടെന്ന് തന്നെ അവർ നടന്നു വണ്ടിയിൽ കേറി.

അനങ്ങാനാകാതെ നിൽക്കുന്ന സജിനിയുടെ അരികിലേക്ക് വന്നു അപ്പൻ പറഞ്ഞു " മോള് പേടിക്കണ്ട. മുൻപ് ഞാൻ മക്കൾക്ക് കൊണ്ട് വന്നു കൊടുത്ത ഉടുപ്പുകളും മിട്ടായിയും ഒക്കെ മറിയ പറഞ്ഞിട്ട് കൊണ്ട് വന്നതാണ്. ഇപ്പോൾ ഇതും അവളുടെ തീരുമാനമാണ്, നിറഞ്ഞ മനസ്സോടെ ചെയ്തതാണ്. മക്കളെയും കൊണ്ട് ഇടയ്ക്കു വീട്ടിലേക്കു വാ" ശരിയപ്പാ എന്ന് പറയുമ്പോൾ സജിനിയുടെ ചുണ്ടുകൾ സങ്കടം കൊണ്ട് കോടിയിരുന്നു.


"മാഡം, സാർ വന്നു ട്ടോ പോക്കുവരവ് ചെയ്യാനുള്ള ഡോക്യൂമെന്റസ് കാണിച്ചു കൊള്ളൂ"

കയ്യിലിരുന്ന ഫയൽ എടുത്തു അകത്തേക്ക് നടക്കുമ്പോൾ ജോസെഫിന്റെ വാക്കുകൾ ആയിരുന്നു സജിനിയുടെ ചെവിയിൽ  മുഴങ്ങിയത്. " അമ്മക്ക് നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടൊന്നുമല്ലെടി, അത് കാണിച്ചാൽ നിന്റെ മുന്നിൽ തോറ്റു  തന്നത് പോലെയാകുമെന്ന ഈഗോയാണ്. നീ വിഷമിക്കണ്ട എല്ലാം ശരിയാകും"

2019 ജൂലൈ 29, തിങ്കളാഴ്‌ച

കർക്കിടകം - ഓർമ്മയിലെ മണങ്ങളും രുചികളും

അമ്മയുടെ മണം, ചിലപ്പോൾ അത് കടഞ്ഞെടുത്ത പശുവിൻ നെയ്യുടെ ആയിരിക്കും അല്ലെങ്കിൽ കാച്ചിയ പാലിന്റെ, കഞ്ഞിപ്പശ മുക്കിയ മുണ്ടിന്റെ, തുണിപ്പെട്ടിയിലെ കർപ്പൂരത്തിന്റെ, പാറ്റാഗുളികയുടെ അതുമല്ലെങ്കിൽ തിരിച്ചറിയാൻ പറ്റാത്ത ഒരു പാട് ഗന്ധങ്ങളുടെ സമ്മിശ്രം. പക്ഷെ കർക്കിടക മാസത്തിൽ അമ്മക്ക് രണ്ടു മണങ്ങൾ ആണ് പ്രധാനമായും ഉണ്ടാകുക. ഒന്ന് എരിഞ്ഞെരിഞ്ഞു കത്തുന്ന വിറകടുപ്പിന്റെ പുകമണം. പിന്നൊന്നു ഉലുവയുടെ മണം.

കർക്കിടകം പിറന്നാൽ  ഉലുവക്കഞ്ഞിയാണ് അമ്മയുടെ പ്രധാന ഭക്ഷണം. ഉലുവയും ഉണക്കലരിയും വേവിച്ചു അതിലേക്ക് ശർക്കരയിട്ടു തിളപ്പിച്ച്  തേങ്ങാപാൽ ഒഴിച്ച് നെയ് ചേർത്തിളക്കിയ കഞ്ഞി. മണമടിക്കുമ്പോൾ തന്നെ കഴിക്കാൻ തോന്നും. പക്ഷെ ഒരു തുള്ളി പോലും തരില്ല. പ്രസവിക്കാത്ത പെൺകുട്ടികൾ ഉലുവ കഞ്ഞി കുടിക്കാൻ പാടില്ല പോലും. കുടിച്ചാൽ ഊരയുറക്കും , സുഖപ്രസവം നടക്കില്ല അങ്ങനെ അങ്ങനെ ഒരു പാട് കാരണങ്ങൾ അമ്മ നിരത്തും. എങ്കിലും അമ്മെ അമ്മെ എന്ന് ചൊല്ലി പിറകെ പറ്റികൂടുന്നത് കൊണ്ട് ഒരു സ്പൂൺ തരും വല്ലപ്പോഴും. ആ രുചി വായിൽ ഇപ്പോഴും ഉള്ളത് കൊണ്ട് ഞാനും കർക്കിടകം തകർക്കുമ്പോൾ ഉലുവ കഞ്ഞി വെക്കും. അന്ന് കഴിച്ച ഒരു  സ്പൂൺ കഞ്ഞിയുടെ രുചി ഒന്നുമില്ലെങ്കിലും ബാക്കിയാകുന്ന ഉലുവ ഗന്ധം അമ്മയെ ഓർമ്മിപ്പിക്കും.

മഴക്കൊരു ശമനം കിട്ടുമ്പോൾ അമ്മ തൊടിയിലേക്കിറങ്ങും. കൊടിത്തൂവയുടെ തളിരിലകൾ നുള്ളിയെടുക്കും. അല്ലെങ്കിൽ കയ്യിൽ ഒന്ന് തട്ടിയാൽ ചൊറിഞ്ഞു തടിക്കുന്ന തൂവ മഴക്കാലത്ത്, കർക്കിടകത്തിൽ ഉപദ്രവകാരിയല്ല. ചെറുതായരിഞ്ഞ തൂവ കാന്താരിമുളക്  ചെറിയ ഉള്ളി, വെളുത്തുള്ളി , തേങ്ങാ ചേർത്ത് തിരുമ്മി ഒന്ന് വഴറ്റി എടുക്കുന്നതിന്റെ രുചി അപാരമാണ്.  ഇതിന്റെ ഓർമ്മയിൽ ഒരിക്കൽ കൊടിത്തൂവ നുള്ളി തോരനുണ്ടാക്കി തൊണ്ടയുടെ ചൊറിച്ചിൽ സഹിക്കാൻ വയ്യാതെ  കയ്യിട്ടു മാന്തിയാലോ എന്ന് വരെ തോന്നിയിട്ടുണ്ട് .

മഴയത്തു മുളക്കുന്ന തകര പോലെ എന്ന് കേട്ടിട്ടില്ലേ. ആ തകരയുടെ തളിരിലകൾ കൊണ്ടുള്ള തോരൻ, കരിന്താളിന്റെ പുളിങ്കറി. കർക്കിടക രുചികൾ കുറെയുണ്ട്. കറുത്ത തണ്ടുള്ള ചേമ്പ്, അതിന്റെ തണ്ടു ചെറുതായി അരിഞ്ഞു വേവിച്ചു അതിലേക്ക് വാളൻപുളി പിഴിഞ്ഞൊഴിച്ചു , കാന്താരി മുളക് ചതച്ചു ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കി കുറച്ചു വെളിച്ചെണ്ണ ഒഴിച്ചെടുക്കും. അതും പപ്പടവും വടകും , ഏതെങ്കിലും ഇല കൊണ്ടുള്ള തോരനും കടുമാങ്ങ അച്ചാറും. എഴുതുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്നു ആ രുചിയോർത്തു.

 ചക്ക, കപ്പ എന്നിവ ഉപ്പിട്ട് വേവിച്ചു നീളത്തിൽ അരിഞ്ഞത്   , ചുണ്ടക്ക ഉപ്പിട്ട് വേവിച്ചത് ഇതെല്ലാം  വെയിലിൽ ഉണക്കി വേനൽക്കാലത്തു ഉണ്ടാക്കി വെക്കുന്ന കൊണ്ടാട്ടങ്ങൾ . മത്തൻ , കുമ്പളങ്ങ , ചുണ്ടക്ക എന്നിവ വേവിച്ചു അരി വറുത്തു പൊടിച്ചു  ചേർത്ത് കാന്താരിമുളക് ഉണക്കി പൊടിച്ചതു, കായം , വെളുത്തുള്ളി ചതച്ചത് , കറിവേപ്പില ചേർത്ത് കുഴച്ചുരുട്ടി ഉണക്കി വെച്ച വടക്  , വയനാടിന്റെ സ്വന്തം രുചിക്കൂട്ട് . ഇതൊക്കെയാണ് മഴക്കാലത്തു ഉപവിഭവം  ആയി വരുന്നത്.

 ചക്കക്കുരു,മാങ്ങ, പപ്പായ പുളിങ്കറി, മത്തയില, തഴുതാമ ചേമ്പ് പുറത്തേക്കിറങ്ങാൻ വയ്യാത്ത പെരുമഴയിൽ വീടിനു ചുറ്റും കിട്ടുന്നതൊക്കെ ആണ് അടുക്കളയിൽ വേവുന്നത് . എന്തും കഴിക്കുന്ന വിശപ്പിന്റെ കാലം. വയനാട്ടിൽ ചക്ക പഴുക്കുന്നത് മഴക്കാലത്താണ്. മരത്തിൽ കയറാൻ പോലും പറ്റാതെ മഴവെള്ളം ഒലിച്ചു വഴുക്കായിട്ടുണ്ടാകും. ഇടക്കൊന്നു മഴ നിൽക്കുമ്പോൾ ഏതെങ്കിലും പണിക്കാരെ വിളിച്ചു ചക്ക താഴത്തിടുവിക്കും . പഴുക്കാത്ത ചക്ക കൊണ്ട് ചക്ക എരിശ്ശേരി. മഞ്ഞളും ചുവന്നമുളകും അരച്ച് ചേർത്ത് പുഴുങ്ങിയ ചക്കയിലേക്ക് തേങ്ങാ ജീരകം അരച്ച് ചേർത്ത് , തേങ്ങ വറുത്തിട്ടു എടുക്കുന്ന എരിശ്ശേരി കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും.

പഴുത്ത ചക്ക അപ്പമായും ചക്ക വരട്ടി ആയും മാറുന്നു. പഴം ചക്ക നൂലില്ലാതെ ചാടയിൽ  (മുളകൊണ്ടുണ്ടാക്കുന്ന മുറം പോലെയുള്ള ഒരു സാധനം) ഇട്ടുരച്ചു ചാറു  പിഴിഞ്ഞെടുത്തു അതിലേക്ക് അരിപ്പൊടിയും ശർക്കരപ്പാവും ചേർത്തിളക്കി തേങ്ങാ കൊത്തിയരിഞ്ഞു നെയ്യിൽ വറുത്തതും ഏലക്കാപൊടിയും ചേർത്ത് നന്നായിളക്കി കുറച്ചു നേരം വെച്ചതിനു ശേഷം അപ്പച്ചെമ്പിലെ  ഇലയിൽ ഒഴിച്ച് ആവിയിൽ വേവിച്ചു എടുക്കുന്ന ചക്കയപ്പം. ഇലയുടെ വാടിയ മണവും ചക്കയുടെ രുചിയും.വീടിനു മൊത്തം മധുരമണം ആയിരിക്കും അപ്പോൾ. വരിക്കചക്ക ആണെങ്കിൽ അത് വേവിച്ചു അരച്ച് എടുത്താണ് അപ്പം ഉണ്ടാക്കുക. ഈ കാലത്തു വയനാട്ടിലെ ഏത് വീട്ടിൽ പോയാലും ഈ ഒരു പലഹാരം തീർച്ചയായും കിട്ടിയിരിക്കും.

മുതിര കഴിച്ചാൽ കുതിരശക്തി എന്നാണല്ലോ. മുതിര ഉപ്പിട്ട് പുഴുങ്ങി വെളിച്ചെണ്ണ ഒഴിച്ചതും കട്ടൻ കാപ്പിയും മഴക്കാലവൈകുന്നേരങ്ങളെ ചൂടുപിടിപ്പിക്കുന്നത് ഇതായിരുന്നു. കപ്പ പുഴുങ്ങിയതും കാന്താരി ഉടച്ചതും, കപ്പ കടല ചേർത്തുള്ള പുഴുക്ക് (ഇപ്പോൾ ബിരിയാണി എന്നൊക്കെ പറഞ്ഞു നെറ്റിൽ കാണാം ), കഞ്ഞിയും ഉപ്പുമാങ്ങ ചമ്മന്തിയും. മഴക്കാല രുചികൾ അവസാനിക്കുന്നില്ല.

ഓർമ്മയിൽ രുചികൾ  നിറയുമ്പോൾ അടുക്കള പരീക്ഷണശാല ആകാറുണ്ട് എങ്കിലും അമ്മ രുചി കിട്ടാറില്ല. അത് ഓർമ്മയിൽ മാത്രം നിറയുന്ന രുചിയാണ്.

(27/07/2019 ൽ ഏഷ്യാനെറ്റ് ന്യൂസ്.കോം പ്രസിദ്ധീകരിച്ച കുറിപ്പ്
https://www.asianetnews.com/web-specials-magazine/tastes-of-karkidakam-in-kerala-by-suma-rajeev-pvampr  )

2019 ജൂൺ 29, ശനിയാഴ്‌ച

യാത്രയുടെ അവസാനം - പാർട്ട് 4

രാത്രിയിൽ  മഴ പെയ്തത് കാരണം സുഖമായി ഉറങ്ങി. രാവിലെ ആറു മണിക്കു  തന്ത്രിയുടെ വീട്ടിൽ എത്തേണ്ടത് കൊണ്ട് എല്ലാവരും നേരത്തെ എഴുന്നേറ്റു കുളിച്ചു റെഡി ആയി  അവിടെത്തി.  ഞങ്ങളെ കൂടാതെ രണ്ടു മൂന്നു കുടുംബങ്ങൾ വേറെയും ഉണ്ടായിരുന്നു. അതിലൊരാൾ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥൻ. കുട്ടിയെ അരിയിലെഴുതിക്കാൻ കൊണ്ട് വന്നതാണ്.

തന്ത്രിയുടെ ഭാര്യ ഞങ്ങളെ എല്ലാവരെയും കൂട്ടി അമ്പലത്തിന്റെ പിറകിലെ ഗേറ്റിലൂടെ അകത്തേക്ക് കൊണ്ട് പോയി. പ്രത്യേക ദർശന ക്യൂ വഴിയാണ് ഞങ്ങൾ അകത്തേക്ക് കടക്കാൻ പോകുന്നത്. ആദ്യം അവർ കണ്ണന്റെ ഗിത്താർ   ദേവിയുടെ അടുത്ത്  പൂജക്ക്‌ വെക്കാൻ കൊണ്ട് പോയി. പൂജ കഴിഞ്ഞു നട തുറക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. നട തുറന്നപ്പോൾ എല്ലാവരെയും ഒരുമിച്ചാണ് അകത്തേക്ക് കടത്തി വിട്ടതെങ്കിലും അവരുടെ കൂടെ വന്നത് കൊണ്ട് നമുക്ക് കുറെ നേരം നിന്ന് തൊഴാൻ  കഴിഞ്ഞു. ബാക്കിയുള്ളവരെ എല്ലാം മാറ് മാറ് എന്ന് പറഞ്ഞു പിടിച്ചു മാറ്റുന്നുണ്ടായിരുന്നു. പത്താമത്തെ പ്രാവശ്യം ആണ് ഞാൻ മൂകാംബികയിൽ പോകുന്നത്. ഇത്തവണ ശരിക്കും കുറെ നേരം നിന്ന് തൊഴുതു . പൂജ ചെയ്ത ഗിത്താർ  കണ്ണന് കൊടുക്കുമ്പോൾ തന്ത്രി അതിലൊരു സ്ട്രിംഗ് ഒന്ന് മീട്ടിയാണ് കൊടുത്തത്. ദർശനം കഴിഞ്ഞു സർവ്വമംഗള പൂജക്കിരുന്നു. അത് കഴിഞ്ഞു നെയ്‌വിളക്ക് കത്തിക്കൽ. അത് കഴിഞ്ഞു സരസ്വതിമണ്ഡപത്തിൽ കണ്ണന്റെ ഗിത്താർ  വായന. എല്ലാം കഴിഞ്ഞപ്പോൾ ഏതാണ്ട് എട്ടു മണിയാകാറായിരുന്നു.

തലേ ദിവസം പ്ലാൻ ചെയ്തത് രാവിലത്തെ ഭക്ഷണം അമ്പലത്തിൽ നിന്ന് തന്നെയാകാം എന്നായിരുന്നു. അപ്പോഴാണ് മുരുഡേശ്വർ ഒന്ന് പോയാലോ എന്നൊരാലോചന ഉണ്ടായത്. മൂകാംബികയിൽ നിന്നും ഏതാണ്ട് നാല്പത് കിലോമീറ്റർ ഉണ്ട്. ഒന്നര മണിക്കൂർ ഡ്രൈവ് അല്ലെ പോകാമെന്നു തീരുമാനിച്ചു. അമ്പലത്തിൽ കഴിക്കാൻ നിന്നാൽ  വൈകുമെന്നുള്ളത് കൊണ്ട് അവിടെ തന്നെയുള്ള ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു   റൂം ഒഴിഞ്ഞു. സൗപർണിക കണ്ടു പോകാം എന്ന് നിർദേശം വെച്ചത് ഞാൻ ആണ്. അത് വേണ്ടിയിരുന്നില്ല എന്ന് അവിടെ പോയി കഴിഞ്ഞപ്പോൾ തോന്നി.

അവിടേക്ക് പോയ്കൊണ്ടിരിക്കുമ്പോൾ മനസ്സ് പാടിക്കൊണ്ടിരിക്കുക ആയിരുന്നു.
സൗപര്‍ണ്ണിക... സൗപര്‍ണ്ണിക... സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ ദേവമന്ദാകിനീ പുണ്യാഹമേ സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ ദേവമന്ദാകിനീ പുണ്യാഹമേ ശങ്കരധ്യാനത്തില്‍ മുഴുകിയ പര്‍വ്വതപുത്രിതന്‍ വിരഹാശ്രുബിന്ദു സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ ദേവമന്ദാകിനീ പുണ്യാഹമേ സൗപര്‍ണ്ണിക... സൗപര്‍ണ്ണിക.

പടവുകളിൽ തിരഞ്ഞത് കരുണാകരൻ മാഷെയും വിനോദിനിയെയും ആയിരുന്നു. പക്ഷെ പുഴയുടെ കോലം കണ്ടപ്പോൾ വല്ലാത്തൊരു വിഷമം മനസ്സിൽ നിറഞ്ഞു. ഒരറ്റത്തു പായൽപച്ചയിൽ ഒഴുക്കില്ലാത്ത കുറച്ചു വെള്ളം. താഴേക്കുള്ള വഴിയിൽ പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നു.സൗപർണിക ഇപ്പോൾ ദേവമന്ദാകിനി പുണ്യാഹമല്ല മനുഷ്യമാലിന്യ കൂമ്പാരമാണ്.



മലയാളിയായ ഒരു കൈനോട്ടക്കാരനെ കണ്ടു സന്ദീപും ആൻസിയും കൈ നോക്കിച്ചു . അത് കണ്ടപ്പോൾ വെറുതെ ഞാനും എന്റെ കൈ ഒന്ന് കാണിച്ചു. പറഞ്ഞതൊന്നും ശരിയല്ലെങ്കിലും ചുമ്മാ അതൊക്കെ കേട്ട് നിൽക്കാനും ഒരു രസം.



അവിടെ നിന്ന് നേരെ ബൈന്ദൂർ റോഡ് വഴി മുരുഡേശ്വറിലേക്ക്. പച്ചപ്പ്‌ നിറഞ്ഞ കാനനപാത കഴിഞ്ഞു ഹൈവേയിലൂടെ മുന്നോട്ട്. വീതി കൂടിയ റോഡുകൾ. ഇരു വശവും പച്ച പുതച്ച കുന്നുകൾ. ഇടയ്ക്കിടെ വലിയ നദികളും പാലങ്ങളും. വൃത്തിയുള്ള റോഡ് കാണുമ്പോൾ കേരളത്തിലെ റോഡിനെക്കുറിച്ചു നമ്മൾ ഓർക്കും.




മുരുഡേശ്വർ 1KM എന്ന സൈൻ ബോർഡിൽ കണ്ടത് പോലെ ഇടത്തോട്ട് തിരിഞ്ഞു പോകുമ്പോൾ പിന്നെയുള്ളത് വീതി കുറഞ്ഞ തീരദേശ റോഡ് ആണ്. മുരുഡേശ്വറിലേക്ക് പോകുന്ന വണ്ടികളുടെ നീണ്ട നിര തന്നെ കാണാം.  മുന്നോട്ടു  പോകുമ്പോൾ നമുക്ക് വലിയ ശിവപ്രതിമ ദൃശ്യമായി തുടങ്ങും.


അമ്പലത്തിന്റെ കവാടത്തിനു മുന്നിലെ  പാർക്കിംഗ് സ്ഥലത്തു നിറയെ നിർത്തിയിട്ടിരുന്ന വണ്ടികൾ. ഒഴിഞ്ഞ ഒരു സ്ഥലത്തു വണ്ടിയൊതുക്കി അമ്പലത്തിലേക്കല്ലേ പോകുന്നത് എന്ന് കരുതി ചെരുപ്പൊക്കെ വണ്ടി തന്നെ വെച്ച് ഇറങ്ങി. മുന്നോട്ടു നടക്കുമ്പോൾ ആണ് ചെരുപ്പഴിച്ചു വെക്കൽ എന്നത് വലിയൊരു വിഡ്ഢിത്തം ആയിരുന്നു എന്ന് മനസിലായത്. തലേ ദിവസത്തെ മഴയിൽ എല്ലാവിധ മാലിന്യങ്ങളും അവിടെ അടിഞ്ഞു കിടന്നിരുന്നു. തിരിച്ചു പോയി ചെരുപ്പെടുത്താലോ എന്നൊരു നിമിഷം തോന്നി എല്ലാര്ക്കും. ഏതായാലും ഇറങ്ങി അമ്പലത്തിൽ പോയി വന്നിട്ടാകാം എന്ന് പറഞ്ഞു അമ്പലത്തിലേക്ക് നടന്നു .


അമരത്വം നേടാൻ വേണ്ടി ആത്മലിംഗം തപസ്സു ചെയ്തു നേടിയ രാവണൻ ലങ്കയിലേക്ക് അതുമായിപോകുന്നു . ലങ്കയെത്തുന്നതിനു മുൻപേ ആത്മലിംഗം  നിലത്തു വെക്കരുത് , വെച്ചാൽ അതവിടെ ഉറച്ചു പോകുമെന്നും ശ്രീ മഹാദേവൻ രാവണനോട് പറയുന്നുണ്ട്. രാവണന് അമരത്വം കിട്ടിയാലുണ്ടാകുന്ന കുഴപ്പങ്ങളോർത്തു മഹാവിഷ്ണു ഗണപതിയുടെ സഹായത്തോടെ ലങ്കയിൽ എത്തുന്നത് തടയാനായി സൂര്യനെ മറച്ചു അസ്തമയം സൃഷ്ടിക്കുന്നു. ലിംഗം നിലത്തു വെക്കാതെ എങ്ങനെ അസ്തമയപൂജ ചെയ്യും എന്നാലോചിച്ചു നിൽക്കുന്ന രാവണന് അടുത്തേക്ക് ഒരു ബ്രാഹ്മണകുട്ടിയുടെ രൂപത്തിൽ ഗണപതി വരുന്നു. പൂജ ചെയ്യുന്നത് വരെ ലിംഗം നിലത്തു വെക്കാതെ പിടിച്ചു നിൽക്കാൻ കുട്ടിയോട് അപേക്ഷിക്കുന്നു. മൂന്നു പ്രാവശ്യം വിളിക്കുമ്പോൾ രാവണൻ തിരിച്ചു എത്തിയില്ല എങ്കിൽ നിലത്തു വെച്ച് പോകുമെന്ന കരാറിൽ ഗണപതി ലിംഗം  വാങ്ങുന്നു. പൂജ കഴിഞ്ഞു തിരിച്ചു വരുന്ന രാവണൻ നിലത്തുറച്ചു പോയ ലിംഗം കാണുന്നു. അത് അവിടുന്ന് എടുക്കാനുള്ള രാവണൻ ശ്രമിക്കുന്നു. രാവണന്റെ ശക്തിയിൽ ലിംഗം കഷ്ണങ്ങളാകുന്നു. കോപത്തിൽ അത് പല ഭാഗത്തേക്ക് ആയി  എറിയുന്നുഅതിലൊരു കഷ്ണം വന്നു വീണതാണ് മുരുഡേശ്വർ എന്നാണ് സങ്കൽപം. ഇവിടെ ശിവലിംഗം ഒരു കുഴിയിൽ ആണുള്ളത്. അത് കാണണമെങ്കിൽ ശ്രീകോവിലിന്റെ പടിയിൽ  നിന്നും ഏന്തി നോക്കണം.

വലിയ മാഹാത്മ്യം അമ്പലത്തിനു പിറകിൽ ഉണ്ടെങ്കിലും ഒരു അമ്പലം എന്നതിലുപരി അതൊരു വിനോദ സഞ്ചാര കേന്ദ്രം ആണെന്നു  പറയാം.അമ്പലത്തിന്റേതായ ഒരു പോസിറ്റിവിറ്റിയും അവിടെ കിട്ടില്ല. മൂന്ന് ഭാഗവും കടലാണ്. മത്സബന്ധന കേന്ദ്രം ആണ്. അമ്പലത്തിന്റെ ചുവട്ടിൽ തന്നെ മൽസ്യമാർക്കറ്റ് ആണുള്ളത്. കാണാൻ ഉള്ളത് ശിവപ്രതിമ ആണ് . ഏത് ഭാഗത്തു നിന്ന് നോക്കിയാലും നമ്മളെ തന്നെ നോക്കുന്നു എന്ന് തോന്നുന്ന  ജീവനുള്ള തിളങ്ങുന്ന കണ്ണുകൾ.  കടൽ കാണാം. വൃത്തിയുള്ള കടലോരത്തു കുളിക്കാം ഇതൊക്കെയാണ് മുരുഡേശ്വർ. പതിനെട്ടു നിലയുള്ള ഗോപുരത്തിന്റെ മുകളിൽ നിന്നും മനോഹരമായ ദൃശ്യങ്ങൾ കാണാം. അവിടുത്തെ പ്രസാദമായി കിട്ടുന്ന ലഡ്ഡുവും നല്ല ടേസ്റ്റ് ഉള്ളതാണ് .









ഉച്ചഭക്ഷണം മുരുഡേശ്വറിൽ എന്ന് പ്ലാൻ ചെയ്‌തെങ്കിലും സ്ഥലം കണ്ടപ്പോൾ അവിടുന്ന് ഒന്നും കഴിക്കണ്ട എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തി. ഗൂഗിളിന്റെ സഹായത്തോടെ നല്ല വെജിറ്റേറിയൻ ഹോട്ടൽ നോക്കിയുള്ള തിരികെ യാത്ര തുടങ്ങി. ഹോട്ടലുകൾ എല്ലാം സർവീസ് റോഡിൽ ആണ്. ഞങ്ങൾ ആണെങ്കിൽ നാലുവരിപ്പാതയുടെ നടുവിലും. അങ്ങനെ തിരഞ്ഞു തിരഞ്ഞു ഏതാണ്ട് മൂന്ന് മണിയോട് അടുത്ത് ഉഡുപ്പി   കഴിഞ്ഞു പനവേൽ ഹൈവേയിൽ ബ്രഹ്മാവർ എന്ന സ്ഥലത്തുള്ള   ഒരു റോയൽ ഇൻ എന്നൊരു ഹോട്ടലിൽ എത്തി. അതിനു മുന്നേ ഹോട്ടലുകൾ ഒന്നും കാണാതിരുന്നത് ഒരു പക്ഷെ നല്ല ഭക്ഷണം കഴിച്ചോട്ടെ എന്ന് ദൈവം നിശയിച്ചത് കൊണ്ടാകാം. അറുപതു രൂപയ്ക്കു നല്ല സൂപ്പർ വെജിറ്റേറിയൻ ഊണ് . വൃത്തിയുള്ള ഹോട്ടൽ, നല്ല സർവീസ് , നല്ല പെരുമാറ്റം. ഈ യാത്രയിലെ ഏറ്റവും നല്ല ഭക്ഷണവും അതായിരുന്നു. ഭക്ഷണം കഴിഞ്ഞു കുറച്ചു നേരം വിശ്രമിച്ചു വീണ്ടും യാത്ര തുടർന്നു. വഴിയിൽ മംഗലാപുരത്തു ഒരു ചെറിയ ഷോപ്പിംഗ്. പിന്നെ തുടർയാത്ര. രാത്രിയിലെ ഭക്ഷണം കാസർഗോഡ് ആയിരുന്നു. ഹൈവേ ഹോട്ടൽ എന്നോ മറ്റോ പേര്. പേര് , ബോർഡ് ഒക്കെ നല്ലതു. ഭക്ഷണം വൃത്തി എന്നിവ വകക്ക് കൊള്ളില്ല. മൂന്നു പേര് കഴിച്ചതിനുള്ള ബില്ല് അന്ന് അത് വരെ ഞങ്ങൾ എല്ലാവരും കഴിച്ച ഭക്ഷണത്തിന്റെ ആകെ തുക ആയി. അങ്ങനെ ഒരു അലമ്പ് ഫുഡ് കഴിച്ച ക്ഷീണത്തിൽ രാത്രി രണ്ടു മണിയോടെ തിരിച്ചു വീട്ടിൽ വന്നു കയറി.

ഇനി അടുത്ത യാത്ര എവിടേക്കാണോ എന്നാണോ എന്നൊന്നും അറിയില്ല. അല്ലെങ്കിലും പ്ലാൻ ചെയ്ത യാത്രകൾ  നടക്കാറില്ല. പോയാൽ വീണ്ടും വിവരണവുമായി കാണാം. 

2019 ജൂൺ 22, ശനിയാഴ്‌ച

തൊട്ടപ്പൻ

പ്രീ ഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പ് എടുത്തു , ടി ടി സി കഴിഞ്ഞു, ബി എ പഠിച്ചു , ഡി സി എ കഴിഞ്ഞ ഒരാൾ അക്കൗണ്ടന്റ് എന്ന് പറയുമ്പോൾ ആരും ഒന്നമ്പരക്കും. അക്കൗണ്ടൻസി പഠിക്കാതെ നീ എങ്ങനെ അക്കൗണ്ടന്റ് ആയി എന്ന് കൂടെ പഠിച്ച പലരും ചോദിക്കുമ്പോൾ ഞാൻ പറയും അതെന്റെ നിയോഗം ആയിരുന്നു എന്ന്. അല്ലെങ്കിൽ കല്യാണം കഴിഞ്ഞു ആന്ധ്രയിലേക്ക് വണ്ടി കയറിയ ഞാൻ ഏതെങ്കിലും സ്കൂളിൽ ,അവിടെ കേരള ടീച്ചേഴ്സിന് നല്ല ഡിമാൻഡ് ആണ്, ടീച്ചർ ആകാതെ കള്ളക്കണക്കും (കൂടെ പഠിച്ച ഒരു ടീച്ചർ എന്നോട് പറഞ്ഞതാണ് , നീ കള്ളകണക്കു അല്ലെ എഴുതുന്നത് എന്ന്) എഴുതി ഇരിക്കുന്നെങ്കിൽ അതിനു ഞാൻ കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം. പുരുഷോത്തം തോഷ്നിവാൾ  എന്ന മാർവാടിയോട്.

99  ൽ ഹൈദരാബാദിലെ ഒരു ഡിസ്ട്രിബൂഷൻ കമ്പനിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആയി കേറുമ്പോൾ എനിക്ക് അക്കൗണ്ടൻസി എന്തെന്ന് പോലും അറിയില്ലായിരുന്നു. കയ്യിലുണ്ടായിരുന്ന കമ്പ്യൂട്ടർ ഡിപ്ലോമയുടെ ബലത്തിൽ അവിടെ കേറി പറ്റി. ബില്ലിംഗ് സെക്ഷനിൽ മാത്രം ഇരുന്നിരുന്ന എനിക്ക് പഠിക്കുന്ന കാലത്തു കണക്കിനോട് ഇല്ലാതിരുന്ന ഒരു താല്പര്യം തോന്നി തുടങ്ങിയിരുന്നു. അവിടെ ആഴ്ചയിൽ ഒരിക്കൽ വന്നു ടാലിയിൽ അക്കൗണ്ട്സ് ചെയ്തിരുന്ന ശർമ്മാജിയോട് എന്നെ ഇതൊക്കെ ഒന്ന് പഠിപ്പിക്കാമോ എന്ന് ചോദിച്ചെങ്കിലും സ്വന്തം നിലനിൽപ്പ് ഓർത്താകാം അങ്ങേര് കേട്ട ഭാവം നടിച്ചില്ല.  മൂന്ന് വര്ഷം അവിടെ ജോലി ചെയ്തിറങ്ങുമ്പോൾ ക്യാഷ് ബുക്ക്, സ്റ്റോക്ക് ബുക്ക് ഒക്കെ എഴുതാനുംഅത്യാവശ്യം അക്കൗണ്ട്സ് സോഫ്റ്റ് വെയറിൽ എന്റർ ചെയ്യാനും അല്ലാതെ അടിസ്ഥാനപരമായി വേണ്ട ഒരു കാര്യവും എനിക്ക് അറിയില്ലായിരുന്നു. പേപ്പറിൽ കണ്ട അക്കൗണ്ട്സ് അസിസ്റ്റന്റ് വേണം എന്ന് പരസ്യത്തിൽ അപേക്ഷിക്കുമ്പോൾ അത് കിട്ടുമെന്ന് യാതൊരു ഉറപ്പും എനിക്കില്ലായിരുന്നു.  ഇന്റർവ്യൂ നടത്തിയവരിൽ തൃശ്ശൂര്കാരൻ ആയ ഒരു നായർസാർ  ഉണ്ടായിരുന്നതും ഹിന്ദി തെറ്റില്ലാതെ സംസാരിക്കാൻ കഴിയുന്നതും കൊണ്ട് മാർവാടി കമ്പനി ആയ സുന്ദർ ഇസ്പാറ്റിൽ ജോലി കിട്ടി . ജോലിക്ക് ചേർന്ന ദിവസം തന്നെ നായർ സാർ എന്നോട് പറഞ്ഞു 'നിനക്കു ജോലി ചെയ്യേണ്ടത് പുരുഷോത്തമന്റെ കൂടെയാണ് , ഇടക്കു  ഒരു ചെകിണ സ്വഭാവം ആണെങ്കിലും ആള് നല്ലവനാ. നല്ലതു പോലെ അവന്റെ അടുത്ത് നിന്നാൽ അവൻ നിനക്ക് അക്കൗണ്ട്സ് പഠിപ്പിച്ചു  തരും. അത്ര പെട്ടെന്നൊന്നും അവൻ അതിനു തയ്യാറാവില്ല. എങ്കിലും നീ ശ്രമിച്ചു നോക്ക്.

പുരുഷോത്തം ജി , തികച്ചും ഒരു മാർവാടി, പാൻ ചവച്ചു കൊണ്ട് എന്നോട് സംസാരിക്കുമ്പോൾ അയാളുടെ വായിൽ നിന്നും പാനിന്റെ അവശിഷ്ടങ്ങൾ തെറിക്കുമോ എന്ന അറപ്പോടെ ആദ്യ ദിവസം. പിന്നെ ഓരോ ദിവസവും ഓരോ പണി ചെയ്യുമ്പോഴും തെറ്റ് കണ്ടാൽ ചീത്ത വിളി , എങ്ങനെ ചെയ്യണം എന്ന് ചോദിച്ചാൽ 'മേം ടെൻത് ഫെയിൽ ഹൂം മാം , ആപ്കി തരഹ് പഠ- ലിഖ നഹി ഹൂം' എന്നൊരു പറച്ചിലും.

ചെറുപ്പം മുതലേ ഒരു ശീലമുണ്ട് ആരെങ്കിലും നിന്നെ കൊണ്ട് പറ്റിയ പണിയല്ല എന്ന് പറയുന്നത് എങ്ങനെ എങ്കിലും ചെയ്യണം എന്ന വാശി. പച്ച വെള്ളം പോലെ അക്കൗണ്ട്സ് വർക്ക് പഠിക്കണം  എന്നും ചെയ്യണം എന്നും ഒക്കെയുണ്ട് പക്ഷെ Debit what comes in, Credit what goes out എന്ന അക്കൗണ്ടൻസിയുടെ ഗോൾഡൻ റൂൾ പോലും അറിയാത്ത ഞാൻ എങ്ങനെ പഠിക്കും എന്നത് വലിയൊരു പ്രശ്നം ആയിരുന്നു. 
കുറെ ആലോചനകൾക്കു ശേഷം നായർ സാറിനെയും കൂട്ടി പുരുഷോത്തം ജിയുടെ മുന്നിലെത്തി. നായർ സാർ പറഞ്ഞു കൊടുക്കു , പഠിപ്പിച്ചു കൊടുക്കു എന്നൊക്കെ പറയുമ്പോൾ അങ്ങേർ പിന്നേം അങ്ങേരുടെ ആപ്തവാക്യം പ്രയോഗിക്കും. ഉച്ച കഴിഞ്ഞു മൂന്ന് മണിയോട് അടുത്താണ് പുള്ളി ഓഫീസിൽ വരിക. അഞ്ചര വരെ ഓഫീസിൽ. അതിനിടയിൽ ഓഫീസിലെ കൊടുക്കൽ വാങ്ങൽ എല്ലാം ചെയ്യണം. കൊച്ചു തുണ്ടു കടലാസ്സിൽ എഴുതി കൂട്ടിയ കണക്കുകൾ എൻട്രി ഇടാനായി ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർക്കും. ഇതിനിടയിൽ പഠിക്കാനും പറഞ്ഞു തരാനുമുള്ള സമയവും കുറവാണ്. എന്നാലും ദിവസവും പോയി എന്നെ പഠിപ്പിക്കുമോ എന്നു  ചോദിക്കും . ഒരു ദിവസം വളരെയധികം ഗൗരവത്തോടെ  ഇഥർ ആനാ എന്ന് പറഞ്ഞു അടുത്തേക്ക് വിളിപ്പിക്കുന്നു. ചെയ്തു വെച്ചിരിക്കുന്ന എന്തോ ഒന്ന് തെറ്റിയതിനുള്ള ചീത്ത കേൾക്കാനായി ഞാൻ പോകുന്നു. മുന്നിലെ ചെയറിൽ ഇരിക്കാൻ പറയുന്നു. ചീത്ത കേൾക്കാനായി കാതടച്ചിരുന്ന എന്നോട് ചോദിക്കുന്നു ' ശരിക്കും അക്കൗണ്ടൻസി പഠിക്കണം എന്നുണ്ടോ?'  കണ്ണിൽ നോക്കി പതറാതെ ഉണ്ട് എന്ന് ഉത്തരം കൊടുക്കുന്നു.

ചെയറിൽ പിന്നോക്കം ഇരുന്നു " ഞാൻ അങ്ങനെ ആർക്കും ഒന്നും പറഞ്ഞു കൊടുക്കാറോ  പഠിപ്പിക്കാറോയില്ല , പക്ഷെ നിന്റെ കണ്ണിൽ പഠിക്കാനുള്ള ഒരു ത്വര ഞാൻ കാണുന്നുണ്ട്. അത് കൊണ്ട് നാളെ മുതൽ  എല്ലാം പറഞ്ഞു തരാം"

സന്തോഷം കൊണ്ട് എത്ര പ്രാവശ്യം നന്ദി പറഞ്ഞുവെന്നു എനിക്കറിയില്ല. ഗുരു ദക്ഷിണ മതി നന്ദി വേണ്ട എന്ന് അങ്ങേരും. പഠനവും പണിയുമായി പിന്നീടുള്ള ദിവസങ്ങൾ. ലെഡ്ജർ ബുക്ക് കൊണ്ട് കൊണ്ട് മണ്ടയിലുള്ള കൊട്ട്. നല്ല മാർവാടി ഹിന്ദിയിൽ ഉള്ള പുളിച്ച ചീത്ത എല്ലാം ഇഷ്ടം പോലെ കിട്ടിയ ദിവസങ്ങൾ. അക്കൗണ്ട്സ് ഫൈനലൈസേഷൻ എങ്ങനെ എന്ന് വരെ പഠിപ്പിച്ചു തന്നു പറഞ്ഞതും ആദ്യം പറഞ്ഞ വാചകം തന്നെ ' മേം...., എനിക്കിത്രയേ അറിയുള്ളൂ , അത് ഞാൻ പഠിപ്പിച്ചു തന്നു" ഗുരുദക്ഷിണ ആയി എന്ത് വേണം എന്ന് ചോദിച്ചപ്പോൾ വേറെ എവിടെയെങ്കിലും പോയി പണി എടുക്കുമ്പോൾ നിങ്ങളെ ആരാ അക്കൗണ്ടൻസ് വർക്ക് പഠിപ്പിച്ചു തന്നത് എന്ന് ചോദിയ്ക്കാനിട  വരുത്തരുത് എന്ന ഉപദേശം. ആ ഉപദേശം ഇന്ന് ശിരസ്സാവഹിച്ചു അഭിമാനത്തോടെ അക്കൗണ്ടന്റ് എന്ന് പറയുമ്പോൾ മനസ്സ് കൊണ്ട് നമിക്കുന്നത് നിങ്ങളത്ര പഠിപ്പില്ല എനിക്ക് എന്ന് പറഞ്ഞു, സര്ടിഫിക്കറ്റുകളെക്കാൾ വലുതാണ് പ്രവർത്തനപരിചയം എന്ന് പറയാതെ പറഞ്ഞു തന്ന പുരുഷോത്തം ജി യെ ആണ്. ഏതാനും വർഷങ്ങൾക്കു മുൻപ് ഫോൺ ചെയ്തപ്പോൾ  " മേരാ ഗുരുദക്ഷിണ കബ് മിലെങ്കെ" എന്ന തമാശ ചോദ്യം.

ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ടു ചെയ്യുന്ന ജോലിക്കു വേണ്ടി എന്നെ പ്രാപ്‌തയാക്കിയ ദിവസവും ജോലി തുടങ്ങുന്നതിനു മുന്നേ നമിക്കുന്ന പുരുഷോത്തം ജി തൊട്ടപ്പൻ അല്ലാതെ ആരാണ്?




(ഏഷ്യാനെറ്റ് ന്യൂസ്.കോം തൊട്ടപ്പൻ സീരിസിന് വേണ്ടി മെയ് 29, 2019 ൽ  എഴുതിയത്.

ജൂൺ 12 , 2019 ൽ ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചു  https://www.asianetnews.com/magazine/column/thottappan-a-ugc-series-on-godfathers-by-suma-rajeev-pszmli)

വര : ജയ്‌മേനോൻ (റൈഡർ സോളോ)






ഓർമ്മക്കുട


എന്റെ കുടയോർമ്മകൾ തുടങ്ങുന്നത് അമ്മയിലൂടെയാണ്. ജനിച്ചപ്പോൾ മുതൽ കുട കൂടെയുണ്ടെന്നാണ് തോന്നുന്നത്. കാരണം കുടയില്ലാതെ അമ്മ പുറത്തിറങ്ങാറേയില്ല. എപ്പോഴെങ്കിലും പോകുമ്പോൾ കുട മറന്നു പോയാൽ കുടയെടുക്കാൻ തിരിച്ചു ഓടിക്കുമായിരുന്നു. അങ്ങനെ അമ്മയിൽ നിന്നും ആ ശീലം എന്നിലേക്കും പടർന്നു. ബാഗിൽ അത്യാവശ്യമായുള്ളത് എന്താണ് എന്ന് ചോദിച്ചാൽ പലരും മൊബൈൽ എന്നാകും പറയുക. പക്ഷെ എനിക്കത് കുടയാണ്. മഴ ആയാലും വെയിലായാലും മഞ്ഞായാലും കുടയില്ലാതെ പുറത്തിറങ്ങുമ്പോൾ എന്തോ നഷ്ടപെട്ടത് പോലെ ഒരു ഫീൽ ആണ്. ഒറ്റക്കു  നടക്കുമ്പോൾ ഞാൻ കഥ പറയുന്നത് ചിലപ്പോൾ നിവർത്തിപിടിച്ച കുടയോടാകും. തെരുവുപട്ടികളിൽ നിന്നും രക്ഷകനായി, ചിലപ്പോൾ ബസിലുണ്ടാകുന്ന ചില കൈ ക്രിയക്ക് ആയുധമായി ഇപ്പോഴും കൂടെയുള്ള കൂട്ടുകാരൻ ആണ് എനിക്ക് കുട.

ആന്ധ്രയിലേക്ക് കുടിയേറിയപ്പോഴും കുടയെ ഞാൻ കൈ വിട്ടില്ല. പെരുമഴയത്തു  അല്ലാതെ കുടയെടുക്കാത്ത തെലുങ്കർക്ക് ഏത് കാലാവസ്ഥയിലും കുട ചൂടി പോകുന്ന ഗൊഡുകമ്മായി നോക്കി നിൽക്കാനുള്ള കാഴ്ചവസ്തു  ആയിരുന്നു  (ഗൊഡുക് - കുട, അമ്മായി നമ്മുടെ മലയാളത്തിലെ അമ്മായി അല്ല, പെൺകുട്ടി ആണ് . സൊ ഡോണ്ട് മിസണ്ടർസ്റ്റാൻഡ് )

അങ്ങനെ കുടയും ഞാനും തമ്മിൽ അഭേദ്യമായ സ്നേഹബന്ധം തുടർന്ന് കൊണ്ടിരിക്കുമ്പോൾ ആണ് അത് സംഭവിച്ചത്. എന്നെ നാണം കെടുത്തിയ ആ സംഭവം. 

ഏതാണ്ട് ആറു  വർഷങ്ങൾക്കു മുൻപാണ്. ഒരു ഇടവപാതി കാലം. ശക്തിയായ കാറ്റോടു കൂടിയ മഴയുണ്ടാകും എന്ന് കാലാവസ്ഥ മുന്നറിയിപ്പ് കിട്ടിയ  ഒരു ദിവസം. മഴയുടെ പേര് കളയാനായി ചറുങ്ങനെ പിറുങ്ങനെ പെയ്യുന്ന ഒരു പേട്ടു  മഴ.  ശക്തിയായ കാറ്റ്  പോയിട്ട് ഒരു കുളിർകാറ്റു പോലുമില്ല. പതിവ് പോലെ ബസ് ഇറങ്ങി ദിവാസ്വപ്നം കണ്ടു കൊണ്ട്  ഓഫീസിലേക്ക്  നടക്കുന്നു . ഇടറോഡ് നിന്നും മെയിൻ റോഡ് കയറി ക്രോസ് ചെയ്താൽ ഓഫീസിന്റെ മുന്നിലെത്താം. റോഡ് ക്രോസ് ചെയ്യാൻ വേണ്ടി വണ്ടികൾ വല്ലതും വരുന്നുണ്ടോ എന്നു  നോക്കി നിൽക്കുമ്പോൾ ആണ് അത് സംഭവിച്ചത്. എന്നെ നാണം കെടുത്തിയ ആ സംഭവം. പെട്ടെന്നൊരു കാറ്റ് വന്നു. ശക്തമായ ആ കാറ്റിൽ എന്റെ തോളിൽ ഉണ്ടായിരുന്ന കുട പൊങ്ങി. പ്രാണനറെ പ്രാണനെ കൈ വിടാതിരിക്കാൻ  ഞാൻ കുടപിടിയിൽ  പിടിച്ചു.  ഏതാണ്ട് നാലഞ്ച് അടി പിറകിലേക്ക് എന്നെയും വലിച്ചു കൊണ്ട് ഒറ്റ പോക്കായിരുന്നു കാറ്റ്. വട്ടം തിരിഞ്ഞു കുട മടക്കാൻ നോക്കുമ്പോൾ കുടയുടെ ശീ ലയെല്ലാം മുകളിലേക്ക് പോയി അസ്ഥികൂടം മാതിരി നിൽക്കുന്നു. എങ്ങനൊക്കെയോ കുട മടക്കി ഒറ്റ ഓട്ടം ആയിരുന്നു ഓഫീസിലേക്ക്. ആരെങ്കിലും കാണുന്നുണ്ടോ ചിരിക്കുന്നുണ്ടോ എന്നൊന്നും നോക്കിയില്ല. അല്ലെങ്കിലും മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കുന്നിടത്താണല്ലോ പ്രശ്നങ്ങൾ തുടങ്ങുന്നത്. 

അന്നത്തെ ഞാൻ  റേഷൻ ഒന്നും കിട്ടുന്നില്ലേ, വല്ല അസുഖവുമുണ്ടോ , എന്താ ഇങ്ങനെ എന്നൊക്കെ നാട്ടുകാരെ കൊണ്ട് ചോദിപ്പിക്കുന്ന കോലമാണ് . അത് കൊണ്ട് കാറ്റിൽ കുട പറന്നതും  ഞാൻ പറന്നതും ഒന്നും ഞാൻ ആരോടും പറഞ്ഞില്ല. എന്നത്തേയും പോലെ പതിനൊന്നു മണിക്ക് ചായ വന്നു. ചായയുടെ കൂടെ  ഉള്ളി വട , പരിപ്പ് വട , പൊരിച്ച പത്തിരി തുടങ്ങിയ കടികളും ഉണ്ടാകും. എണ്ണപലഹാരങ്ങൾ ഒന്നും തന്നെ ഞാൻ വാങ്ങിക്കാറില്ല. നല്ല ചൂടുള്ള പൊരിച്ച പത്തിരി ആണ് കഴിച്ചോളി എന്ന് പറഞ്ഞപ്പോൾ ഞാൻ ഇതൊന്നും കഴിക്കാറില്ലല്ലോ എനിക്ക് വേണ്ട എന്നു ഞാനും.

" വെറുതെയല്ല ഒരു കാറ്റടിക്കുമ്പോൾ പറന്നു പോകുന്നത് " ചായക്കാരൻ 

പറന്നു പോയോ ആര് എന്ത് എന്ന സഹകളുടെ ചോദ്യം. 

"ആരാ , ഉള്ളിത്തോൽ പോലെയുള്ളയാൾ തന്നെ , കാറ്റ് അപ്പോൾ നിന്നത് നന്നായി അല്ലെങ്കിൽ അറബിക്കടലിൽ പോയി എടുക്കേണ്ടി വരുമായിരുന്നു."

എല്ലവരുടെയും കളിയാക്കലും ചിരിയും. അപമാനം കൊണ്ട് ആദ്യമായി ഞാൻ എന്റെ മെലിഞ്ഞ ശരീരത്തെ ഓർത്തു  സങ്കടപ്പെട്ടു. അപ്പോൾ ഞാൻ ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ വരാന്തയിൽ വിടർന്നു നിൽക്കുന്ന കുട. 

എന്നെ അപമാനച്ചൂളയിൽ തള്ളി വിട്ടെങ്കിലും കുടയോട് എനിക്കിന്നും പഴയ ഇഷ്ടം തന്നെയാണ്. ആ ഇഷ്ടം കാണിക്കാൻ ഇന്നലെ വായിച്ചു തീർത്ത ഒരു പുസ്തകത്തിലെ വാക്കുകൾ കടമായെടുക്കുന്നു.

" നമ്മൾ ഒരാളെ സത്യസന്ധമായി സ്നേഹിച്ചാൽ അയാൾ എന്തൊക്കെ അപരാധം നമ്മളോട് കാണിച്ചാലും ആ സ്നേഹം ഇല്ലാതാകുന്നില്ല "

സുമ രാജീവ് 
19/ 06 / 19 

(ഫേസ്‌ബുക് പേജ് ആയ ഇമ്പ്രെസ്സാ നടത്തിയ #MEMMBRELLA #IMPRESA കുടയോർമ്മകൾക്ക് വേണ്ടി എഴുതിയത്.)

വര : ജയ്‌മേനോൻ (റൈഡർ സോളോ)


കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...