2016, ജൂലൈ 29, വെള്ളിയാഴ്‌ച

നുണക്കഥ

 അലസമായ ഒരു ഞായറാഴ്ചയുടെ പകുതിയിലാണ് ഒരു ശാന്തിയുടെ വിളി വന്നത്
'വൈകുന്നേരം ഞാൻ വരും റെഡി ആയിരിക്ക് , നമുക്കൊന്നു കറങ്ങാൻ പോകാം'  ഓ , ആയിക്കോട്ടെ 'ആ , പിന്നെ മോളോട് പറയണ്ട , നമ്മൾ മാത്രം മതി 'അതെന്താ മോളെ കൂട്ടാതെ ഒരു കറക്കം'സർപ്രൈസ് ' എന്ന് പറഞ്ഞു കാൾ കട്ട് ആയി
ശാന്തിയാന്റിയുടെ കൂടെയുള്ള കറക്കം മീനൂട്ടിക്ക് ഇഷ്ടമാണ് , സമയനിബന്ധനകളോ സ്ഥലനിശ്ചയമോ ഇല്ലാതെയങ്ങനെ  പോകും, ഇടയ്ക്കു എവിടെയെങ്കിലും നിർത്തി കണ്ട മരത്തിന്റെയും പൂവിന്റെയും കഥകളും ചിത്രമെടുപ്പും പിന്നെ ഇഷ്ടം പോലെ ഐസ്ക്രീമും , പാട്ടും ബഹളവും. അച്ഛന്റെ കൂടെ പോകാൻ  ഒരു രസോമില്ലെന്ന് അവൾ അച്ഛൻ കേൾക്കാതെ ഇടക്ക് പറയുന്നതാണ് , ഇടയ്ക്കിടെ ഉള്ള മീനൂട്ടി എന്ന വിളി (ശാസനയാണ്) അതാണവൾക്ക് പിടിക്കാത്തത്. ശാന്തിയുടെ കൂടെ പോകുമ്പോൾ ഞാൻ എന്തെങ്കിലും അരുത് എന്ന് പറയുന്നതിന് മുന്നേ ശാന്തി പറയും നീ മിണ്ടാതിരി ഇന്നവൾ എന്റെ കൂടെ അടിച്ചു പൊളിക്കാൻ പോകുന്നു.

മൂന്നു മണിയായപ്പോൾ ശാന്തി  എത്തി , കണ്ടതും ആന്റീ എന്ന് വിളിച്ചു കൊണ്ട് മീനു ഓടിച്ചെന്നു . കവറിൽ നിറയെ ചോക്ലേറ്റ്സ് , ഐസ് ക്രീം എല്ലാം മോൾക്ക് കൊടുത്തു കൊണ്ടവൾ പറഞ്ഞു ' വേഗം ഡ്രസ്സ് ചെയ്തു വാ . 'നമ്മളിന്നെങ്ങോട്ടാ ആന്റി പോകുന്നത്' എന്ന മോളുടെ ചോദ്യത്തിന്നമ്മൾ പോകുന്നില്ല മോളുടെ അമ്മയും ആന്റിയും മാത്രം,  ആന്റിക്ക് ഒരു സ്ഥലം വരെ പോകണം അതിനു അമ്മയെ കൂട്ട്  വിളിക്കാൻ വന്നതാ , നമുക്ക് നെക്സ്റ്റ് സൺ‌ഡേ പോകാം ട്ടോ എന്ന് പറഞ്ഞു .പൂർണ്ണസമ്മതത്തോടെയല്ലെങ്കിലും ങ്ങും എന്ന മൂളലോടെ  ഐസ്ക്രീം പൊളിച്ചു കഴിക്കാൻ തുടങ്ങി അവൾ.
ഡ്രസ്സ് ചെയ്തു വന്നു ശാന്തിയുടെ കൂടെ പുറത്തു പോകുന്നുവെന്ന്  പറഞ്ഞപ്പോൾ ടി വി  സ്‌ക്രീനിൽ നിന്നും തല ഉയർത്തി രാത്രിയാകാൻ നിൽക്കേണ്ട എന്ന് മാത്രം പറഞ്ഞു വീണ്ടും ന്യൂസിലേക്ക് ഊളിയിട്ടു അച്ഛൻ . ഐസ്ക്രീം കഴിക്കുന്നതിനിടയിൽ ബൈ അമ്മാ എന്ന് മോൾ  പറഞ്ഞെങ്കിലും അതിൽ ഒരു വിഷമം ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു .

കാറിൽ കേറിയപ്പോൾ മോളെ കൂടെ കൂട്ടാമായിരുന്നു എന്ന് പരിതപിച്ച എന്നോട് മോളെ കൂട്ടാതിരുന്നത് നന്നായെന്ന്  തിരിച്ചു വരുമ്പോൾ നീ പറയുമെന്ന്  പറഞ്ഞു അവൾ കാർ മുന്നോട്ടെടുത്തു.
നീ ശരിക്കും എങ്ങോട്ടാ കൂട്ടി കൊണ്ട് പോകുന്നത് ശാന്തി
സസ്‌പെൻസ് കളയാതെ അടങ്ങിയിരുന്നു പാട്ടു കേൾക്കു  അവൾ എഫ് എം ഓൺ ആക്കി. കോളേജ് കാലം മുതലുള്ള  കൂട്ടാണ് ശാന്തി. ഇപ്പോഴും ഒരു ചുളിവും ഒടിവും തട്ടാതെ കൊണ്ട് നടക്കുന്ന സൗഹൃദം.
കാർ ബീച്ച് റോഡിലേക്കു കേറിയപ്പോൾ  പറഞ്ഞു'നമ്മൾ ഇവിടേക്കാണ് വന്നത് എന്നറിഞ്ഞാൽ മീനു പ്രശ്നമാക്കും '
 നമ്മൾ  ഇവിടെ വന്നു എന്നായിരിക്കില്ല നീ അവളോട് പറയുന്നതെന്ന്  പറഞ്ഞു കുറച്ചു കൂടെ മുന്നോട്ടു പോയി പുതിയതായി ഉണ്ടാക്കിയ പാർക്കിനടുത്തു  വണ്ടി നിർത്തി ഇറങ്ങു എന്ന് പറഞ്ഞു .
നിറയെ ശിലാശില്പങ്ങളും ചെറിയ ചെടികളും ഇടയിൽ ഇരിക്കാനായി തീർത്ത ബെഞ്ചുകളും ഒക്കെയായി  നല്ല ഭംഗിയുള്ള സ്ഥലം. തുറന്നു അധികം കാലം  ആകാത്തത് കൊണ്ടായിരിക്കാം എല്ലാം അതാതിന്റെ സ്ഥാനത്തു  തന്നെ ഒടിഞ്ഞും പറിഞ്ഞും പോകാതെയുണ്ട് . കടലിനു അഭിമുഖമായുള്ള ബെഞ്ചിന് അടുത്തേക്ക് കൂട്ടി കൊണ്ട്  പോയി. അവിടെ എത്തിയപ്പോഴാണ് അവിടൊരാൾ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്
ദാ പ്രതിയെ കയ്യോടെ കൊണ്ട് വന്നിട്ടുണ്ട് , ഇനിയെന്താണെന്നു  വെച്ചാൽ ആയിക്കോളൂഎന്ന് പറഞ്ഞു  പിടിച്ചു മുന്നോട്ടു നിർത്തി.

എഴുന്നേറ്റു നിന്ന ആളെ ഞാൻ ഒന്ന് നോക്കി . നെറ്റിയിൽ ചെറുതായി കഷണ്ടി കയറിയിരിക്കുന്നു , കൃതാവിനു മുകളിലായി നരച്ച മുടികൾ . ഈ കണ്ണ് മുൻപെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോർക്കവേ
'തനിക്കൊരു മാറ്റവുമില്ലല്ലോ ' എന്ന് പറഞ്ഞു അയാൾ ചിരിച്ചു
ആ ചിരി ഒരു പാതാളക്കരണ്ടി ആയിരുന്നു . മറവിയുടെ ആഴങ്ങളിലേക്ക് ചുഴറ്റിയെറിഞ്ഞ ഓർമയുടെ ചെപ്പുകടത്തെ എത്ര ലാഘവത്തോടെയാണ് അത് പൊക്കിയെടുത്തത് .ഒരു നടുക്കത്തിലമർന്നു പോയ എന്റെ തോളിൽ പതിയെ തട്ടി  നിങ്ങൾ സംസാരിക്കുഎന്ന് പറഞ്ഞു ശാന്തി കാറിനടുത്തേക്കു  നടന്നു.
ഇരിക്കൂ
ഇരുന്നത് ബെഞ്ചിലായിരുന്നില്ല , 18  വർഷങ്ങൾക്ക് മുൻപേയുള്ള ഇന്റർകോളേജിയേറ്റ് ക്യാമ്പിലായിരുന്നു. മൂന്ന് ദിവസത്തെ ക്യാമ്പിൽ ഉടലെടുത്ത സൗഹൃദം, ക്യാമ്പ് കഴിഞ്ഞു പോകുമ്പോൾ വെച്ച് നീട്ടിയ അഡ്രസ് എഴുതിയ ഒരു തുണ്ട് പേപ്പർ , എഴുതുമോ എന്ന ചോദ്യത്തിനു  ഇങ്ങോട്ടു എഴുതിയാൽ അങ്ങൊട്ടു  എഴുതാം എന്ന ഉത്തരം. എങ്ങോട്ടു  എഴുതണം എന്ന ചോദ്യത്തിന് വായ്മൊഴിയായി പറഞ്ഞു കൊടുത്ത അഡ്രസിൽ ഒരാഴ്ചക്കു  ശേഷം വന്ന ഒരു കത്ത് . ക്യാമ്പിലെ വിശേഷങ്ങൾ തിരിച്ചു അവിടെത്തിയ വിശേഷങ്ങൾ എല്ലാം ഭംഗിയുള്ള കയ്യക്ഷരത്തിൽ എഴുതി നിറച്ച ഒരു ഇൻലൻഡ്. തിരിച്ചെഴുതുമ്പോൾ കാൽഭാഗം പോലും എഴുതാനുണ്ടായിരുന്നില്ല വിശേഷങ്ങൾ. ആഴ്ചയിലൊരിക്കൽ വന്നിരുന്ന എഴുത്തിൽ ലോകത്തിലെ എല്ലാ വിശേഷങ്ങളും നിറച്ചുമുണ്ടാകും തിരിച്ചു ശുഷ്കമായ മറുപടി കത്താണെങ്കിലും. ഒരു നല്ല സൗഹൃദത്തിനമപ്പുറത്തേക്ക് കാര്യങ്ങൾ പോകുന്നുണ്ടെന്ന് തോന്നിയത് ഒരു പുതുവത്സര ആശംസകാർഡ് വന്നപ്പോഴാണ് . മുൻഭാഗത്തു ഗിറ്റാറിന്റെ ചിത്രം അതിന്റെ സൈഡിൽ ഹാപ്പി ന്യൂ ഇയർ എന്ന് വെള്ള അക്ഷരത്തിൽ എഴുതിയിരിക്കുന്നു. ഉള്ളിൽ എല്ലാ കാർഡിലുമുള്ളത് പോലെ ആശംസ പേജ് ഇല്ല. പകരം  അർജുനനും കൃഷ്‌ണനും തേരിൽ സഞ്ചരിക്കുന്ന ചിത്രം. വെറും സ്ട്രോക്കുകൾ കൊണ്ട് മാത്രം തീർത്ത മനോഹര ചിത്രം. അടിയിലായി സ്നേഹപൂർവ്വം എന്നെഴുതി ഒപ്പിട്ടിരിക്കുന്നു. തിരിച്ചെഴുതുമ്പോൾ ആ ചിത്രത്തെ കുറിച്ച് ചോദിച്ചു  . ആ കാർഡ് ഒന്നുടെ ശരിക്കും നോക്ക് പിടി കിട്ടുമെന്ന് ഉത്തരം. കാർഡ് എടുത്തു തിരിച്ചും മറിച്ചും  നോക്കി അപ്പോൾ ആണ് ഗിറ്റാറിന്റെ താന്ത്രികൾക്കിടയിൽ പെട്ടെന്ന് മനസിലാകാത്ത രീതിയിൽ യു ആർ മൈ സോൾമേറ്റ് എന്നെഴുതിയത് ശ്രദ്ധയിൽ പെട്ടത്. ആര് അർജുൻ ആര് കൃഷ്‌ണൻ എന്ന ചോദ്യത്തിനു  സാഹചര്യമനുസരിച്ചു റോൾ നമുക്ക് പരസ്പ്പരം വെച്ച് മാറാം എന്നുത്തരം. കത്തുകളിൽ ഒരിക്കലും പ്രണയം ഒഴുകിയിരുന്നില്ല. എന്നാലും രണ്ടു പേർക്കും അറിയാമായിരുന്നു.
ബിരുദപരീക്ഷ  കഴിഞ്ഞു വീട്ടിൽ ഇരിക്കുമ്പോഴാണ് അച്ഛനും അമ്മയും തമ്മിലുള്ള സംഭാഷണം കേട്ടത്. അമ്മയുടെ ആധി മോളുടെ കല്യാണം നടത്തുന്നതിനെ കുറിച്ചായിരുന്നു. നീ ആദ്യം അവളോട് ചോദിക്കു അവൾ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ എന്ന്. അങ്ങനെ ആണ് അമ്മയോട് ഈ കാര്യം പറയുന്നത് . അതിനു ശേഷമാണ് ഹരിയേട്ടൻ അനേഷിക്കാനായി പോയത്. ശാന്തിയുടെ വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ അച്ഛനും അമ്മയും ഏട്ടനും ഹാളിലിരിക്കുന്നു. വാ വന്നിവിടെ  ഇരിക്കു  ഏട്ടൻ സോഫയിൽ പിടിച്ചിരുത്തി. ആര് ആദ്യം പറയും എന്ന പോലെ അവർ പരസ്പരം നോക്കുന്നത് കണ്ടു . പിന്നെ അച്ഛൻ ആണ് പറഞ്ഞത് നീ പറഞ്ഞത് പോലെ അയാളെ പോയി കണ്ടിരുന്നു. ഒരു കോളേജ് തമാശക്കുമപ്പുറം മറ്റൊന്നും ഇല്ല എന്നാണ് അയാൾ പറയുന്നത്. ആരോ തലയിൽ ചുറ്റിക കൊണ്ടടിച്ച പോലെ അമർന്നിരുന്നു പോയി. ജീവച്ഛവം പോലെ ഇരിക്കുന്ന എന്റെ അടുത്തേക്ക് വന്നു തലയിൽ തലോടി  അച്ഛൻ പറഞ്ഞു ' സാരമില്ല , അനുഭവം അത് ജീവിതപാഠമാകണം. എല്ലാം മറക്കാൻ എന്റെ കുട്ടിയെ ഈശ്വരൻ സഹായിക്കട്ടെ' അമ്മയും അച്ഛനും പുറത്തേക്കിറങ്ങി പോയിട്ടും അനങ്ങാതിരുന്ന എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞു. ആരും നിന്നെ ഇപ്പോൾ ഒന്നിനും നിർബന്ധിക്കില്ല . ആവശ്യത്തിന് സമയമെടുത്ത് വേരടക്കം പിഴുതു കളയണം എന്നിട്ടു വേണം വേറൊരാളുടെ ജീവിതത്തിലേക്ക് കയറാൻ.
ആദ്യം അവർ പറഞ്ഞ കാര്യം സത്യമാണോ എന്നറിയണമായിരുന്നു . വേഗം തന്നെ പോയി എഴുത്തെഴുതി അടുത്ത വീട്ടിലെ കുട്ടിയുടെ കയ്യിൽ കൊടുത്തു പോസ്റ്റ് ചെയ്യിച്ചു. പിന്നീട് മറുപടിക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. കാത്തിരുപ്പു നീണ്ടു തുടങ്ങിയപ്പോൾ ഓർമകളെ ഓരോന്നോരാന്നായി പിഴുതെറിഞ്ഞു. കത്തുകളും കാർഡുകളും ഒരു പകയോടെ തീയിട്ടു കത്തിച്ചു. നാല് വർഷങ്ങൾക്ക് ശേഷം വീട്ടുകാർ കണ്ടെത്തിയ ആളെ കല്യാണം കഴിച്ചു. അയാൾ  ചിറകു വെട്ടുകയോ അരിയുകയോ ചെയ്യാതെ നിനക്കു നിന്റെ ഇഷ്ടങ്ങളൊന്നും മാറ്റി വെക്കേണ്ട കാര്യമില്ല.മുൻപ് എന്തൊക്കെ ചെയ്തുവോ അതൊക്കെ ചെയ്യാം ജോലിക്ക് പോകാം , പാട്ടും ഡാൻസുമെല്ലാം തുടർന്നോളൂ എന്ന് പൂർണ്ണ സ്വാതന്ത്ര്യം തന്നപ്പോൾ ആ വലിയ ചിറകിനടിയിൽ ഒളിക്കാനാണ് ശ്രമിച്ചത്. ഏറ്റവും നല്ല ഭാര്യയായി ഏറ്റവും നല്ല മരുമകളായി ഏറ്റവും നല്ല അമ്മയായി   തികഞ്ഞ സന്തോഷത്തോടെ ജീവിക്കുകയാണ് അതിനിടയിൽ ഇത്രയും വർഷത്തിന് ശേഷം എന്തിനുകേറി വന്നു എന്ന ചോദ്യം ചോദിക്കണം എന്നുണ്ടായിരുന്നു ഒന്നും ചോദിച്ചില്ല. ചോദ്യം അറിഞ്ഞെന്ന പോലെ പറഞ്ഞു തുടങ്ങി.
രണ്ടു മാസം മുൻപേ വീടിന്റെ തട്ടിൻപുറം ഒക്കെയൊന്ന് വൃത്തി ആക്കിയപ്പോൾ അതിനിടയിൽ നിന്നും നിന്റെ കത്തുകൾ കിട്ടി . വീണ്ടും അവയൊക്കെ ഇരുന്നു വായിച്ചപ്പോൾ നിന്നെയൊന്നു  കാണണമെന്ന് തോന്നി , മറ്റൊന്നുമല്ല നിന്റെ മനസ്സിലിപ്പോൾ എനിക്ക് ഒരു വില്ലൻ മുഖമാണല്ലോ. അവിചാരിതമായാണ് കഴിഞ്ഞാഴ്ച ശാന്തിയെ കണ്ടത് . നിന്നെ കുറിച്ച് ചോദിച്ചപ്പോൾ നീ ഈ സിറ്റിയിൽ തന്നെയുണ്ടെന്നവൾ പറഞ്ഞു . ഫോൺ നമ്പർ ചോദിച്ചപ്പോൾ തന്നില്ല പകരം ആളെ നേരിട്ട് കൊണ്ട് വന്നു കാണിക്കാമെന്ന് പറഞ്ഞു
ഇത്രയും പറഞ്ഞു മുഖത്തേക്ക് നോക്കി. ഒന്നും പറയാനും ചോദിക്കാനുമില്ലായിരുന്നു . അത് കൊണ്ട് തന്നെ ഒന്നും മിണ്ടാതെ കടലിളക്കങ്ങളിലേക്ക് നോക്കി ഇരുന്നു.
ജീവനാണോ പ്രണയമാണോ വേണ്ടതെന്ന് വന്നപ്പോൾ ഞാൻ ജീവിതം തെരഞ്ഞെടുത്തത് വേറൊന്നു കൊണ്ടുമല്ല , പ്രണയം ആയിരുന്നു എങ്കിൽ ഈ കൂടിക്കാഴ്ച പോലും ഉണ്ടാകില്ലായിരുന്നു. ഇപ്പോൾ എവിടെ എങ്കിലും ഒക്കെ ജീവിച്ചിരിക്കുന്നുണ്ട് എന്ന് സമാധാനം എങ്കിലും ഉണ്ടല്ലോ.
ഒന്നും മനസിലാകാതെ നോക്കിയപ്പോൾ  അയാൾ തുടർന്നു
നിന്റെ എഴുത്തിനു ഞാൻ മറുപടി അയക്കാതിരുന്നത് മനഃപൂർവമാണ്  എന്നെ കൊല്ലുമെന്നായിരുന്നു പറഞ്ഞതെങ്കിൽ ഞാൻ പിടിച്ചു നിൽക്കുമായിരുന്നു. അവൾ ബാക്കി ഉണ്ടെങ്കിൽ അല്ലെ എന്ന് നിന്റെ ഏട്ടൻ ചോദിച്ചപ്പോൾ എനിക്ക് വേറൊന്നും ചെയ്യാൻ പറ്റില്ലായിരുന്നു.
വിശ്വസിക്കാൻ കഴിയാതെ ഇരുന്നിടത്തു നിന്നുമെഴുന്നേറ്റു അയാളെ തുറിച്ചു നോക്കി . സത്യമാണ് ഞാൻ പറയുന്നത്. തലയിൽ കൈ വെച്ചും നെഞ്ചിൽ ചേർത്തും സമാധാനിപ്പിച്ചു അച്ഛന്റെയും ഏട്ടന്റെയും സ്നേഹം നിറഞ്ഞ മുഖം ഓർമ്മ വന്നു .പെട്ടെന്നു ആ മുഖങ്ങളിൽ ദംഷ്ട്രങ്ങളും തലയിൽ കൊമ്പുകളും കണ്ടു . കൂടുതൽ ഒന്നും കേൾക്കാൻ നില്ക്കാതെ ഞാൻ തിരിഞ്ഞു നടന്നു .
എനിക്കിനിയും പറയാനുണ്ട് ഫോൺ നമ്പർ എങ്കിലും താ എന്ന് പറയുന്നത് കേൾക്കാതെ ഓടി
ഓടി വന്നു കാറിൽ കേറുമ്പോൾ കരയിൽ വീണ മത്സ്യത്തെ പോലെ ശ്വാസം കിട്ടാതെ  പിടഞ്ഞു നെഞ്ചിൽ മുള്ളു തറച്ചു കേറിയ പോലെ വേദന.
എന്ത് പറ്റിയെടാ , വെള്ളം കുടിക്കു എന്ന് പറഞ്ഞു ശാന്തി നീട്ടിയ ബോട്ടിലെ വായിലേക്കു കമിഴത്തുമ്പോഴാണ് റിയർ വ്യൂ മിററിൽ അവിടേക്കു വരുന്ന അയാളെ കണ്ടത്. നീ വണ്ടി എടുക്കു ശാന്തി എന്ന്  അലറുക  ആയിരുന്നു
എന്താടാ എന്താ കാര്യം വീണ്ടും ചോദ്യം
'മുച്ചൂടും മുറിച്ചു കളഞ്ഞ മരത്തിൽ പതി വെക്കാൻ പാടില്ല ' എന്ന് പറഞ്ഞു പിറകോട്ടു തല ചായ്ച്ചിരിക്കുബോൾ മനസ്സിൽ ഒരു നുണകഥയുടെ ഫ്രെയിമിങ് നടത്തുക ആയിരുന്നു
പോകാത്ത സ്ഥലത്തിന്റെ , കാണാത്ത  മരത്തിന്റെ  പൂവിന്റെ,  കയറാത്ത റെസ്റ്റാറന്റിന്റെ കഴിക്കാത്ത ഐസ്ക്രീമിന്റെ പേരുകൾ ചേർത്ത് ആദ്യമായി രചിക്കുന്ന നുണകഥയുടെ .


4 അഭിപ്രായങ്ങൾ:

  1. ഓ.വിഷമമായിപ്പോയല്ലോ.

    നല്ല
    രചന.
    .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി .. ഇടയ്ക്കു ചെറിയ വിഷമങ്ങൾ ഒക്കെ വേണ്ടേ..:)

      ഇല്ലാതാക്കൂ
  2. കോളേജിലെ പ്രണയത്തിൽ അത്ര അഗാധത യൊന്നും തോന്നിയില്ല. മറുപടി കിട്ടാതായപ്പോൾ ഒരു വിവാഹം. അത്രയേ വായക്കാർക്കു അനുഭവപ്പെട്ടുള്ളൂ. അത് കൊണ്ട് ഇത്തരത്തിലുള്ള ഒരു പ്രതികരണം അത്ര സുഖകരമായി തോന്നിയതുമില്ല. കഥ പറച്ചിലിൽ ഒരു ഒതുക്കം അനുഭവപ്പെട്ടില്ല.

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...