2011 ഒക്‌ടോബർ 25, ചൊവ്വാഴ്ച

ലയനം


അവന്‍ - ആഴങ്ങളില്‍ വേരുകള്‍ ഓടിയ,മഹാമുനിയെ പോലെ മൌനി ആയ  മഹാവൃക്ഷം
അവള്‍ - കുണുങ്ങി ചിരിച്ചുകൊണ്ടു കലപില സംസാരിക്കുന്ന  പുഴ
വൈരുദ്ധ്യങ്ങളുടെ സമ്മേളനം ആയിരുന്നു അവരുടെ സൗഹൃദം..
കുണുങ്ങി ചിരിച്ചു കൊണ്ട് അവള്‍ കഥകള്‍ പറഞ്ഞു കൊണ്ടിരിക്കും ..അവന്‍ ആണെങ്കില്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ട് നില്‍ക്കും ..ചിലപ്പോള്‍ ഇലകള്‍ കൊഴിച്ചു അവളെ ഇക്കിളിപ്പെടുത്തും..
എന്നും അവള്‍ക്ക് ഓരോ കഥകള്‍ പറയാന്‍  ഉണ്ടാകും..ചിലപ്പോള്‍ അത് കാട്ടിലെ ഏതെങ്കിലും മരം നിറയെ പൂത്തു അതിന്റെ പൂക്കള്‍ അവള്‍ക്കു  കാണിക്ക ആയി കൊടുത്തതിന്റെ ആകും..
മറ്റു ചിലപ്പോള്‍  തന്റെ ആഴം അളക്കാന്‍ വന്നവരുടെ കാര്യം  ചിരിക്കാതെ തൂങ്ങിയ മുഖവുമായി പറയും ..അവളുടെ വിഷമം കാണുമ്പോള്‍ ഇലകള്‍ കൊണ്ട് സമൃദ്ധമായ തന്റെ കൊമ്പുകള്‍ താഴ്ത്തി അവളുടെ മുഖത്ത് ഒന്ന് തലോടും. സ്നേഹത്തിന്റെ മാന്ത്രിക സ്പര്‍ശം .
ഒന്ന് തൊട്ട മാത്രയില്‍ അവള്‍ വീണ്ടും കലപില പറഞ്ഞുകൊണ്ട് ചിര്ച്ചു കൊണ്ട് മുന്നോട്ട് നീങ്ങും ..എന്നും  അവള്‍ അവനോടു ചോദിക്കും  " വരുന്നോ എന്റെ കൂടെ"
അവളുടെ ചോദ്യം കേള്‍ക്കുമ്പോള്‍ ബന്ധങ്ങളുടെ ഊരാകുടുക്കുമായി നില്‍ക്കുന്ന വേരുകളിലേക്ക് അവന്റെ നോട്ടം എത്തും.
പിന്നെ പതുക്കെ പറയും " സമയം ആയില്ല"

" സമയം ആയില്ല പോലും , സമയം ആയില്ല പോലും
ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴാ"

എന്നൊരു പട്ടു പാടി അവള്‍ ചിരിച്ചു കൊണ്ട് മുന്നോട്ടോടും..
കഥകള്‍ പറഞ്ഞു കവിതകള്‍ ചൊല്ലി അന്യോന്യം പിരിയാന്‍ കഴിയാതെ, എന്നാല്‍ ഒന്നാകാന്‍ കഴിയാതെ ഓരോ ദിവസവും കഴിഞ്ഞു.
വരുന്നോ എന്ന അവളുടെ ചോദ്യത്തിന് വരാം എന്ന് പറയാന്‍ കഴിയാതെ അവനും അവനു വേണ്ടി കാത്തു  നില്ക്കാന്‍ കഴിയാതെ അവളും.. അവനു തടസമായി നിന്നതു  വേരുകളുടെ ബന്ധനങ്ങള്‍..
ഒന്നാകുന്നതില്‍ മാത്രം അല്ല സ്നേഹം എന്ന് ഓരോ ദിവസം കൂടുംതോറും അവര്‍ പരസ്പരം മനസിലാക്കുന്നുണ്ടായിരുന്നു..എങ്കിലും എന്നെങ്കിലും ഒന്നാകാം എന്ന പ്രതീക്ഷ അവരില്‍ കൊഴിയാതെ പൂത്തു നിന്നു.
കാത്തു കാത്തിരിക്കെ ആ ദിനം വന്നെത്തി ..
കാറ്റും കോളും നിറഞ്ഞ ഒരു തുലാവര്‍ഷ രാത്രിയില്‍ അവന്‍ ആ ബന്ധനങ്ങളില്‍ നിന്നും മോചിതനായി
തായ്തടിയില്‍ നിന്നും മുറിഞ്ഞു പോകുന്ന വേരുകളുടെ വേദന അവന്‍ അറിഞ്ഞില്ല
അവന്റെ മനസ്സില്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ
ലയനം ..വര്‍ഷങ്ങളോളം സ്വപ്നം കണ്ട ലയനം ..
അവളുടെ നനുത്ത മാറിലെക്കുള്ള കൂപ്പു കുത്തല്‍
മുറിഞ്ഞ വേരുകളുടെ വേദന അവനില്‍ നിന്നും ഏറ്റെടുക്കാന്‍ എന്ന പോലെ അവള്‍ കാത്തു നിന്നു..
കാത്തിരിപ്പിനൊടുവില്‍ നിറഞ്ഞ മനസ്സോടെ, സഹിക്കാന്‍ ആകാത്ത വേദനയോടെ 
തന്റെ മാറിലേക്ക്‌  വന്നു വീണ അവനെ മറ്റാരും തട്ടിയെടുക്കരുത് എന്ന പോലെ ചേര്‍ത്ത് പിടിച്ചു അവള്‍ അതിവേഗം മുന്നോട്ടു കുതിച്ചു.



2011 ഒക്‌ടോബർ 13, വ്യാഴാഴ്‌ച

വിശ്വാസം അതല്ലേ എല്ലാം


വിശ്വാസത്തിന്റെ ഇരുമ്പു കോട്ടകള്‍ തുരുമ്പെടുത്തിരിക്കുന്നു എന്നോ
വാഗ്ദാനങ്ങളുടെ വര്‍ണ ചായം  പൂശുക
കോട്ടകള്‍ സുരക്ഷിതം എന്ന് വിശ്വസിക്കട്ടെ
വിശ്വാസം അതല്ലേ എല്ലാം

ആഴമുള്ള ബന്ധങ്ങള്‍ ദൂരത്തെ ഭയപെടുന്നു എന്നോ
ദൂരം എന്നാല്‍ മനസിന്റെയോ ശരീരത്തിന്റെയോ
നമുക്കിടയിലെ ദൂരം എന്നെ ഭയപ്പെടുത്തുന്നില്ല
അതിനര്‍ത്ഥം ബന്ധത്തിന് ആഴമില്ലെന്നാണോ
അതോ സ്നേഹത്തിന്റെ ദൃഡതയോ
സ്നേഹത്തിന്റെ ദൃഡത തന്നെ
(എന്റെയോ നിന്റെയോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്)
വിശ്വാസം അതല്ലേ എല്ലാം

വികാരം ചത്ത കണ്ണുകളുമായി
സ്നേഹമില്ലാത്ത വാക്കുകള്‍ സ്നേഹം നിറച്ചു
യാന്ത്രികമായി നീ ഉരുവിടുമ്പോള്‍
കാണുന്നത് വെറും പ്രഹസനം എന്നറിഞ്ഞിട്ടും
എന്റെ മനസ് ആര്‍ദ്രം ആകുന്നതെന്തിനു?
എന്റെ സ്നേഹത്തിനു മേല്‍ എനിക്കുള്ള വിശ്വാസം
 വിശ്വാസം അതല്ലേ എല്ലാം

ഓര്‍മ്മകള്‍ നമ്മുടെതാണ്‌
സ്വപ്‌നങ്ങള്‍ എന്റെതും നിന്റെതും
എങ്കിലും ഒരിക്കല്‍ നമ്മുടെ സ്വപ്നലോകത്ത്
നമ്മള്‍ ഒന്നാകും എന്ന വിശ്വാസത്തില്‍
ഞാന്‍ നമുക്കായി സ്വപ്നങ്ങള്‍ കാണുന്നു
വിശ്വാസം അതല്ലേ എല്ലാം

കടപ്പാടുകളുടെ മുതലും പലിശയും ഒടുക്കാനാകാതെ
ഓര്‍മകളില്‍ സുഷിരങ്ങള്‍ വീഴ്ത്തി കടപ്പാടുകള്‍
മറക്കാന്‍ ശ്രമിച്ചപ്പോള്‍
സുഷിരങ്ങള്‍ വലുതായി ഞാന്‍ ആരെന്നും എന്തെന്നും
തിരിച്ചറിയാന്‍ ആകാതെ അസ്ഥിത്വം നഷടപെടുമ്പോഴും
എന്റെ ഓര്‍മശക്തിയില്‍ ഞാന്‍ ഊറ്റം കൊള്ളുന്നു
എന്റെ ഓര്‍മയ്ക്ക് ഒന്നും പറ്റിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു
വിശ്വാസം അതല്ലേ എല്ലാം


എന്റെ വിശ്വാസപ്രമാണങ്ങള്‍
എന്നെ ഒറ്റപ്പെടുത്തുമ്പോള്‍
കൊടുക്കല്‍ വാങ്ങലുകള്‍ ഇല്ലാത്ത
ചോദ്യോത്തരങ്ങള്‍ ഇല്ലാത്ത
ഏകാന്ത ജീവിതം ആണ് സുന്ദരം എന്ന് ഞാന്‍ വിശ്വസിക്കുന്നു
വിശ്വാസം അതല്ലേ എല്ലാം

2011 ഒക്‌ടോബർ 8, ശനിയാഴ്‌ച

ഒരു കൂറ അല്ലെങ്കില്‍ പാറ്റ യജ്ഞം


" അമ്മ തല്ലികൊല്ലുന്നത് കണ്ടാല്‍ പാമ്പ് ആണെന്ന് തോന്നും,അത് ഒരു കുഞ്ഞു കൂറ (പാറ്റ) അല്ലെ?"
" നിന്റെ അമ്മ എന്നോടുള്ള ദേഷ്യം കൂറയുടെ മേല്‍ തീര്‍ക്കുകയാകും "
വര്‍ഗ ശത്രുവിനെ കൊല്ലാന്‍ ഉള്ള ത്വരയില്‍ പാര കമന്റുകള്‍ക്കു ഞാന്‍ ചെവി കൊടുത്തില്ല
സുവോളജി ലാബില്‍ നിന്നും തുടങ്ങിയതാണ് ഈ ജീവിയോടുള്ള വെറുപ്പ്‌..അതിന്റെ വൃത്തികെട്ട ഗന്ധം കാരണം മൂന്നു  ദിവസം ആണ് ഞാന്‍ പട്ടിണി കിടന്നത്..ഓഫീസില്‍ നിന്നും വീട്ടിലെത്തി അടുക്കളയില്‍ കാപ്പി ഉണ്ടാക്കാന്‍ കേറിയപ്പോള്‍ ആണ് രണ്ടു ആന്റിനകള്‍ എന്റെ കണ്ണില്‍ പെട്ടത് ..ചൂല് കൊണ്ട് തട്ടി പുറത്താക്കി അടിച്ചു കൊന്നപ്പോള്‍ ഒരു ഹിമാലയം കീഴടക്കിയ പ്രതീതി .
ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു എന്ന് പറഞ്ഞപോലെ ആയി പിന്നെ കാര്യങ്ങള്‍ ..കാലത്ത് അടുക്കളയില്‍ അവിടെയും ഇവിടെയും ആയി പലതരം ആന്റിനകള്‍ ..ഞങ്ങളെ തോല്പിക്കാന്‍ നീ ആയില്ല മകളേ എന്ന വെല്ലുവിളിയോടെ..
സമാധാനത്തോടെ ഭക്ഷണം ഉണ്ടാക്കാനോ കഴിക്കാനോ കഴിയാത്ത ധര്‍മ സങ്കടത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞു..
ഒരു ദിവസം  ഓഫീസില്‍  ഫോറിന്‍ ഗൂട്സ്‌ വില്‍ക്കുന്ന ഇക്കാക്ക പുണ്യാളനെ പോലെ അവതരിച്ചു.
" ഒരു പുതിയ പ്രോഡക്റ്റ് ഉണ്ട് ഞമ്മളെ കയ്യില്‍, നോക്കിക്കാളി, കൂറകള്‍ പിന്നെ ഇങ്ങളെ ബീട്ടിലേക്ക് ബരുല്ല"
മേശപുറത്ത്‌ വെച്ച "Tiger brand   Cocroch killer " കണ്ടതും വില പേശാന്‍ ഒന്നും നില്‍ക്കാതെ അത് വാങ്ങിച്ചു..ഒന്നല്ല രണ്ടു എണ്ണം !!! 
സാധാരണ ദിവസങ്ങളില്‍ 9 .30 ആണ് അത്താഴ സമയം ..അന്ന് നേരത്തെ തന്നെ കഴിച്ചു പാത്രം  കഴുകി ..അടുക്കളയിലെ സാധനങ്ങള്‍ എല്ലാം പേപ്പര്‍ കൊണ്ട് മൂടി വെച്ചു ഞാന്‍ എന്റെ യജ്ഞം ആരംഭിച്ചു..സിങ്ക്, സിലിന്ടെര്‍, മുക്ക് മൂല ഒന്നും വിടാതെ ഒരു ബോട്ടില്‍ തീരുന്നത് വരെ അടിച്ചു ...അടുക്കള വാതില്‍ ചേര്‍ത്തടച്ചു ഞാന്‍ അരമണിക്കൂര്‍ കഴിയാന്‍ സൂര്യ ടി വിയിലെ ചക്കരഭരണി എന്ന  തറ കോമഡി കണ്ടു കാത്തിരുന്നു.
10 .30 ..ടക് ടക് മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ വാതില്‍ തുറന്നു
ആഹാ..കുരുക്ഷേത്ര ഭൂമി പോലെ ..പിടക്കുന്നു ചിലര്‍...കറങ്ങുന്നു ചിലര്‍..തിരിയുന്നു ചിലര്‍..അനങ്ങാതെ മറ്റു ചിലര്‍..
അടിച്ചു വാരി കൂട്ടി പുറത്തേക്കു കളഞ്ഞു കുളിച്ചു മനസമാധാനത്തോടെ ഞാന്‍ ഉറങ്ങാന്‍ കിടന്നു കുറേ ദിവസങ്ങള്‍ക്കു ശേഷം..
എപ്പോഴോ കാലന്‍ കോഴിയുടെ കൂവല്‍ കേട്ട് ഞെട്ടി ഉണര്‍ന്നു..ഒരു വല്ലാത്ത ശബ്ദം എന്റെ ചെവികളിലേക്കു എത്തിയോ? മമ്മി സിനിമയില്‍ വണ്ടുകള്‍ ഒരുമിച്ചു വരുന്ന പോലെ ഒരു ശബ്ദം..
കണ്ണ് തുറന്നു നോക്കിയപ്പോള്‍ തലക്കു മുകളില്‍ ആന്റിനകളുടെ പത്മവ്യൂഹം!!!
 ജനല്‍ അഴികള്‍ക്കിടയിലൂടെ വരുന്ന തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു..ആന്റിനകള്‍ കൂടിച്ചേരുന്ന ഭാഗത്ത്‌ ഒരു വെളുപ്പ്‌ നിറം ..എനിക്ക് വളരെ പരിചിതമായത് ...ഒരു നടുക്കത്തോടെ ഞാന്‍ മനസിലാക്കി അത് Tiger brand   Cocroch killer nozzle ആണെന്ന്!!!!!!!!!!!!!!!!!!!!

2011 സെപ്റ്റംബർ 26, തിങ്കളാഴ്‌ച

മാതൃത്വം

" നീ പറയുന്നതും ചെയ്യുന്നതും എന്താണെന്നു നിനക്ക് തന്നെ അറിയില്ല. ചോദിച്ചാല്‍ ശരി ആയുള്ള മറുപടിയും കിട്ടില്ല നിനക്കെന്തു  പറ്റിയെടി" കണവന്റെ ചോദ്യം 

കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി എന്റെ ചിന്തകള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു ഓടികൊണ്ടിരിക്കുന്നു. ഓട്ടത്തിനിടയില്‍ ചുറ്റി പിണയുന്നു . എവിടെയുമെത്താതെ ചിന്തകള്‍ ഓടിക്കൊണ്ടേയിരിക്കുന്നു
ഇന്ന് എന്റെ ചിന്തകളില്‍ ഉടക്കിയിരിക്കുന്നത് നിശാശലഭം ചുമരില്‍ ഇട്ടു പോയ മുട്ടകള്‍ ആണ്.
ശലഭത്തിന്റെ മാതൃത്വം ആണ് ..കൈ വളരുന്നുണ്ടോ കാല്‍ വളരുന്നുണ്ടോ എന്ന് ഉല്‍ക്കണ്പ്പെടുന്ന എന്നില്‍ നിന്നും എത്ര വ്യത്യസ്തയാണ് ശലഭം .ഭംഗിയുള്ള ശലഭം ആയി മാറുന്നതിനു മുന്‍പ് ദിവസവും മരണം വണ്ടി ആയി, ചെരുപ്പ് ആയി, പക്ഷി ആയി, കോഴി ആയി, ചൂല്‍ ആയി മുന്നില്‍ വന്നു കൊണ്ടിരിക്കും .
എല്ലാത്തിനെയും അതി ജീവിച്ചു ഭംഗിയുള്ള ശലഭം ആയി മാറുമ്പോള്‍, തന്നെ  പോലെ ഭംഗി ഉള്ളതാണോ തന്റെ മക്കള്‍ എന്ന് നോക്കാന്‍ ശലഭം ഉണ്ടാകാറില്ല .
മോന്റെ കാലിനടിയിലെ കൊച്ചു മുറിവ് ഒരു ദിവസത്തെ ഉറക്കം നശിപ്പിച്ച ഒരമ്മക്ക് ഒട്ടും മനസിലാകുന്നില്ല ശലഭത്തിന്റെ മാതൃത്വം..അത് പോലെ തന്നെ കര്‍ണന്റെ മുന്നില്‍ മാതൃത്വത്തിന് വില ആയി അര്‍ജുനനോടു യുദ്ധം ചെയ്യരുത് എന്ന് പറഞ്ഞ കുന്തിയുടെ മാതൃത്വവും എനിക്ക് മനസിലാകുന്നില്ലാ..

"അങ്ങനെ നോക്കി നിന്നാല്‍ ഒന്നും മുട്ട വിരിഞ്ഞു പൂമ്പാറ്റ ഉണ്ടാകുല്ല..അതിനു ടൈം എടുക്കും അമ്മേ, ഇപ്പോള്‍ എനിക്ക് സ്കൂള്‍ പോകാന്‍ ടൈം ആയി..വേഗം ബ്രേക്ക്‌ ഫാസ്റ്റ് തരൂ " 

എന്നിലെ മാതൃത്വം എന്നെ ഉണര്‍ത്തി അടുക്കളയിലേക്കു വലിച്ചെറിഞ്ഞു..


2011 സെപ്റ്റംബർ 7, ബുധനാഴ്‌ച

വിലക്ക്


എനിക്കറിയില്ല എന്റെ തൊണ്ടയില്‍ കുരുങ്ങി കിടക്കുന്ന ഈ വേദന എങ്ങനെ മാറ്റണം എന്ന്
ഇറക്കാനും തുപ്പാനും കഴിയാതെ ചുവന്നെരിയുന്ന തീഗോളമായി അതെന്റെ ഹൃദയത്തെ ചുട്ടു പൊള്ളിക്കുന്നു.
അവകാശ വാദങ്ങള്‍ ഇല്ലാതെ ആക്ഷേപങ്ങള്‍  ഇല്ലാതെ മൌനത്തിന്റെ കൂട്ട്  പിടിച്ചു ഞാന്‍ നേടിയെടുക്കാന്‍ ആഗ്രഹിച്ചത്‌ എന്റെ സങ്കടങ്ങളുടെ മേല്‍ നിന്റെ സ്വാന്തനങ്ങള്‍ ആയിരുന്നു..എന്ത് പറ്റി എന്നെ ഒരു ചോദ്യം മതി ആയിരുന്നു ആ തീക്കനല്‍ ആറി തണുക്കാന്‍.
എന്റെ മൌനം അത് എന്നില്‍ നിന്നും ഒളിച്ചോടാന്‍ നിനക്കുള്ള മാര്‍ഗം ആയിരുന്നു എന്ന് ഞാന്‍ അറിയുന്നത് വളരെ വൈകിയാണ് .. ‍
നിഴല്‍ പോലെ കൂടെ ഉണ്ടാകുമെന്ന് കരുതി തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ അറിയുന്നു 
 എനിക്കെന്റെ നിഴല്‍ പോലും നഷ്ടമായിരിക്കുന്നു എന്ന്..
പിന്നെ വൈകിയെങ്കിലും ഞാന്‍ മനസിലാക്കുന്നു എനിക്കെന്നോ നിന്നെ നഷ്ടമായിരിക്കുന്നു ..
കാറ്റായി,  മഴയായി  കാലഭേദങ്ങള്‍ ആയി നീ എനിക്ക് ചുറ്റും ഉണ്ടാകും .
കാരണം നീ എന്നിലേക്ക്‌ എത്തിയിരുന്നത് ഇവയൊക്കെ ആയിട്ടാണല്ലോ
എങ്കിലും കണ്ട സ്വപ്നങ്ങളെ മറവിയുടെ ചാരത്തില്‍ മൂടുകയാണ് ഞാന്‍.
ഇനി വെറും വാക്കുകള്‍ കൊണ്ട് അതിനു നിറങ്ങള്‍ കൊടുക്കരുത്.. 
നിറക്കൂട്ടുമായി നീ അകന്നു പോകുമ്പോള്‍ എന്റെ സ്വപ്നങ്ങളിലെ വെളുപ്പ്‌ നിറം കൂടെ എനിക്ക് നഷ്ടമാകും.. 
കറുപ്പിന്റെ ഇരുളിമയില്‍ എനിക്ക് ജീവിക്കാന്‍ വയ്യ ..
ഞാന്‍ എന്റെ കൊച്ചു ലോകത്ത് കറുപ്പും വെളുപ്പും സ്വപ്‌നങ്ങള്‍ കണ്ടു ജീവിക്കട്ടെ
അരുത്,  അടച്ചു പൂട്ടിയ എന്റെ ഹൃദയത്തിന്റെ വാതില്‍ ബലം പ്രയോഗിച്ചു നീ തുറക്കരുത് ..
അരുത്, ഞാന്‍ പാടി  ഉറക്കിയ എന്റെ മോഹപക്ഷികളെ നിന്റെ വാക്ചാതുര്യം കൊണ്ട് ഉണര്‍ത്തരുത്‌ .
പിന്നെ അവ ഉറക്കമില്ലാതെ പാടിക്കൊണ്ടേയിരിക്കും .
കേള്‍വിക്കാരില്ലാത്ത  അപശബ്ദം ആയി അത് എന്നെ ഭ്രാന്തി ആക്കും

2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച

ജീവിതം


"പെണ്ണുങ്ങള്‍ നേരത്തെ കാലത്തേ എഴുനേറ്റു വിളക്ക് കൊളുത്തണം.എന്നാലേ വീട്ടില്‍ ഐശ്വര്യം വരൂ.."
മുടി വാരിക്കെട്ടി അടുക്കളയിലേക്കു നടക്കുമ്പോള്‍ പിറുപിറുത്തു " എന്റെ ഉറക്കം കളഞ്ഞു ഒരു ഐശ്വര്യാ റായിയും ഇങ്ങോട്ട് വരണ്ട. വീട്ടിലെ പാത്രം കഴുകലും അടുക്കള വൃത്തിയാക്കലും ഒക്കെ കഴിഞ്ഞു 12 മണി ആകുമ്പോള്‍ ആണ് ഒന്ന് നടു നിവര്‍ക്കുന്നെ. എന്നിട്ട് കാലത്ത് 4  മണിക്ക് എഴുന്നേറ്റു ഐശ്വര്യം ഉണ്ടാക്കാന്‍ പോകാന്‍ ..എന്നെ കൊണ്ട് പറ്റുല്ല."
4 മണിക്ക് എഴുന്നേറ്റു വിളക്ക് കൊളുത്തി ലളിത സഹസ്രനാമം ജപിക്കുന്ന ഇല്ലത്തെ ആതോലമ്മയുടെ മുഖം ആണ് മനസ്സില്‍ തെളിഞ്ഞത് .അമ്പലത്തിലെ പടചോര്‍ കൊണ്ട് വിശപ്പടക്കുന്ന അവരുടെ മുഖത്തെ ദൈന്യത.
  കാലത്ത് എഴുനേറ്റു വിളക്ക് വെച്ചാല്‍ ഐശ്വര്യം വരുമത്രേ. ഇതൊക്കെ പറഞ്ഞുണ്ടാക്കിയവരെ മുക്കാലിയില്‍ കെട്ടി  ചാട്ടവാറിനു അടിക്കണം
"വൈകുന്നേരം വെക്കാന്‍ അരി ഇല്ല"
"കഴിഞ്ഞാഴ്ച അല്ലെ 5  കിലോ അരി കൊണ്ട് വന്നത് തീര്‍ന്നോ അപ്പോഴേക്കും? "
" എനിക്ക് വേറെ പണി ഒന്നുമില്ലല്ലോ, വെറുതെ ഇരിക്കുമ്പോള്‍ അരി വാരി തിന്നുകയല്ലേ "
പുഴുങ്ങി മുന്നില്‍ വെച്ച് വാരി വിഴുങ്ങുമ്പോള്‍ ഒന്നും ഓര്‍മ കാണില്ല..തീര്‍ന്നു എന്ന് പറഞ്ഞാല്‍ അപ്പോഴേക്കും തുറക്കും കുറുപ്പിന്റെ കണക്കു പുസ്തകം .
"വെറുതെ അല്ല നിന്റെ ജീവിതം പച്ച പിടിക്കാത്തത്, എന്ത് ചോദിച്ചാലും തര്‍ക്കുത്തരം "
 എന്റെ ജീവിതം അല്ലെ  അത് ഞാന്‍ ഫുട്ബോള്‍ പോലെ ഉരുട്ടും ചപ്പാത്തി പോലെ പരത്തും എന്നൊക്കെ മോഹന്‍ലാല്‍ ഡയലോഗ് പറയാന്‍ വന്നു .പക്ഷെ ഉള്ളിലുള്ള ഈര്‍ഷ്യ അടക്കി പിടിച്ചു കത്തുന്ന അടുപ്പിലേക്ക് 
പച്ച വിറകു കുത്തിക്കേറ്റി .അടുക്കള നിറയുന്ന പുക ..അത് എന്റെ കണ്ണിലേക്കും മൂക്കിലെക്കും കയറി ഒന്നും കാണാന്‍ പറ്റാതെ ആയപ്പോള്‍ ഞാനും മോഹിച്ചു ..അതുപോലൊരു പുകച്ചുരുള്‍ ആയി മാറാന്‍ ..എന്നിട്ട് വിലക്കുകളും വിലങ്ങുകളും ഇല്ലാതെ അനന്തമായ ആകാശത്ത് പറന്നു നടക്കാന്‍ ..

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

പാഴ്വാക്ക്


ഒരു കാള്‍ അല്ലെങ്കില്‍ ഒരു മെസ്സേജ് അതിനപ്പുറം ഞാനുണ്ടാകും 
അകലെയുള്ള സുഹൃത്തിന്റെ വാക്കുകള്‍ 
പ്രശ്നങ്ങളുടെ ചതുപ്പില്‍ ‍ താണു പോകുമ്പോള്‍ ‍ എത്തിപിടിക്കാന്‍  ഒരു കൈ
ഒരാശ്വാസം ആയിരുന്നു വാക്കുകള്‍ 
പക്ഷെ കുറച്ചു വാക്കുകള്‍ക്ക് അപ്പുറത്തേക്ക്
 ആത്മാര്ത്ഥത ഉണ്ടായിരുണോ അതിനു ?
ഉണ്ടായിരുന്നെങ്കില്
ചുറ്റും കറുപ്പും അതില്നിറയെ വെളുത്ത ചോദ്യ ചിഹ്നങ്ങളും ആയി
ജീവിതം ഒരു  പ്രഹേളിക ആയി മുന്നില്നില്‍ക്കുമ്പോള്‍  അതിനുത്തരം
കണ്ടുപിടിക്കാന്‍ ഒരു സഹായം ആവശ്യമുള്ളപ്പോള്‍
എന്റെ കാളുകളും മെസ്സജുകളും അവഗണിക്കപ്പെടുമായിരുന്നോ?
വീണ്ടും ഒരു friendship day ..
ഇന്ബോക്സില്വന്നു വീണ ഒരു പിക്ചര്‍ മെസ്സേജ്
അയച്ച ആളുടെ പേര് കണ്ടപ്പോള്‍  നോക്കാന്‍ തോന്നിയില്ല
കൈകള്‍ അറിയാതെ ഡിലീറ്റ് കീയിലേക്ക് നീങ്ങി... 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...