2015 മാർച്ച് 25, ബുധനാഴ്‌ച

എത്രമേൽ സ്നേഹിച്ചിരുന്നു നാമെങ്കിലും
ഇത്രമേൽ അന്യരായി പോയതെന്തേ സഖേ !
ഇളംകാറ്റു പോലെൻ കവിളിണ തഴുകിയൊ
ഒരു മാത്ര എൻ മനം തുടിച്ചു പോയി
മിഴിയിണ തിരിച്ചൊന്നു തേടുമ്പോളതു
നിനവിൽ നിറയുന്ന കനവു മാത്രം!!

2015 ജനുവരി 28, ബുധനാഴ്‌ച

കണ്ടു രണ്ടു കണ്ണ് - കഥ പറയുന്ന കണ്ണുകൾ ..:)


നിന്റെ കണ്ണിന്റെ ആഴങ്ങളിൽ നോക്കി ഇരിക്കുമ്പോൾ എന്റെ നെഞ്ചിൽ തീ പടരും..

തീ ഒക്കെ പടർന്നാൽ ഫയർ സെർവിസിനെ വിളിക്കേണ്ടി വരില്ലേ? കുസൃതി ചിരിയോടെ അവൾ ചോദിച്ചു..

നീ വിചാരിച്ചാൽ കെടുത്താവുന്ന തീയേ ഉള്ളൂ..

അവൾ അവന്റെ കണ്ണിലേക്കു നോക്കി... രണ്ടു കൈകളാൽ മുഖം വലിച്ചടുപ്പിച്ചു നെറ്റിയിൽ ചുണ്ടുകൾ അമർത്തിയപ്പോൾ ഒരു ഹിമശില പോലെ അവൻ തണുത്തുറഞ്ഞു ...

   ***                                                       ***                                                         ***

കണ്ണുകൾ , ആശയവിനിമയത്തിനു ഇത്രയും നല്ല ഒരവയവം ഭൂമിയിൽ  വേറെ ഇല്ല.. യാത്രകളിൽ കണ്ണടച്ചു ഉള്ളിലേക്ക് ഒതുങ്ങി കൂടി ഇരുന്നിരുന്ന എനിക്ക് കുറച്ചു കാലമായി കൂടെ കൂടിയ അസുഖമാണ് കണ്ണുകളെ വായിക്കുക എന്നത്...ഇപ്പോൾ ഞാൻ ആളുകളെ അവരുടെ കണ്ണിലൂടെ ആണ് കാണുന്നത്..എത്ര എത്ര ഭാവങ്ങൾ ..കണ്ണുകൾ പകര്ന്നു തരുന്നതൊന്നും വാക്കുകളാൽ വിവരിക്കുക എളുപ്പമല്ല.. എങ്കിലും മനസ്സിൽ തറഞ്ഞു പോയ ചില നോട്ടങ്ങൾ, ഭാവങ്ങൾ,വാക്കുകൾ, വികാരങ്ങൾ ഉണ്ട് ..

എന്നും കാണുന്നതാണ് അവരെ. കണ്ണ് കാണാത്ത ഭർത്താവിന്റെ കൈപിടിച്ച് ലോട്ടറി വിലക്കാൻ വരുന്ന, നെറ്റിയിൽ ചുവന്ന വട്ട പൊട്ടുള്ള മെലിഞ്ഞ സ്ത്രീ..അവരുടെ കണ്ണിൽ ജീവിതത്തിന്റെ ദൈന്യത അല്ല മറി ച്ചു ഒരു ലോട്ടറി എടുക്കുന്നവന്റെ കണ്ണിൽ കാണുന്ന പ്രതീക്ഷ...നമ്മൾ ലോട്ടറി എടുക്കുമ്പോൾ അവർ ചിരിക്കും , ആ ചിരി അവരുടെ കണ്ണിലും കാണാം...

കടിച്ചു പറിക്കുന്ന, അളന്നു തൂക്കുന്ന ചില  നോട്ടങ്ങൾ ഉണ്ട്.. ഒറ്റ അടിക്കു കണ്ണ് തെറിപ്പിച്ചു കളയാൻ തോന്നുന്നവ ..അവയെ കണ്ടില്ലെന്നു നടിച്ചു അവഗണിക്കുക അല്ലാതെ വേറെ ഒന്നും ചെയ്യാൻ കഴിയില്ല ..ബസിൽ പെണ്ണുങ്ങളുടെ ഇടയിലൂടെ ഇഴഞ്ഞു പോയ മാന്യനെ ഒറ്റ നോട്ടത്തിൽ സോറി പറയിപ്പിക്കുന്ന അഗ്നി പറക്കുന്ന ചില നോട്ടങ്ങൾ ..രജനികാന്ത്  ഫിലിം കാണുന്ന പോലെ തോന്നും ..:)

ചില കണ്ണുകൾ ദീപ്തമായ, കാണുന്നവന്റെ കണ്ണിലേക്കു കൂടി പ്രതീക്ഷയും സ്നേഹവും പകരുന്ന കണ്ണുകൾ ..മറ്റു ചിലവ ഒരു യോഗിയുടെ എന്ന പോലെ  ആഴമേറിയവ ..അതിൽ വീണു പോയാൽ കഴിഞ്ഞു കഥ ..:)

വല്ലപ്പോഴും അമ്പലത്തിൽ പോകുമ്പോൾ കാണുന്നതാണ് അവരെ , ചുണ്ടിൽ  എപ്പോഴും ശ്രീകൃഷ്ണ അഷ്ടോത്തരം ..കണ്ണിൽ നിന്നും സ്നേഹം ഒഴികിയിറങ്ങുന്ന പോലെ...കുറച്ചു നേരം അവരുടെ കണ്ണിലേക്കു നോക്കി ഇരുന്നാൽ ഈ ലോകത്തോട്‌ മുഴുവനും നമുക്ക് സ്നേഹം തോന്നും.

നുണയും കുശുമ്പും പറയുന്നവരുടെ കണ്ണ് നോക്കിയാലും കാണാം ചില പ്രത്യേകതകൾ, അവിടെയുമിവിടെയും അലഞ്ഞു തിരിയുന്ന കണ്ണുകൾ ..അടുത്ത ആളോട് പറയാൻ ഉള്ള വിഷയം തിരഞ്ഞു നടക്കുന്നവ ..:)

മൌനം വാചാലമാകുന്നത് കണ്ണുകൾ സംസാരിക്കുമ്പോൾ ആണ്... ആ സംസാരം കണ്ടു നില്ക്കാനും ഒരു രസം ആണ്

മോൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ മറ്റുള്ളവരുടെ മുന്നി വെച്ച് പറയാൻ പറ്റാത്ത കാര്യങ്ങൾ കണ്ണുരുട്ടിയും നോക്കിയും ഒക്കെ ആയിരുന്നു പറഞ്ഞിരുന്നത് ..കുറച്ചു കൂടെ വലുതായപ്പോൾ അമ്മ എന്തിനാ കണ്ണുരുട്ടുന്നത് എന്ന് തിരിച്ചു ചോദിയ്ക്കാൻ തുടങ്ങിയപോൾ കണ്ക്രിയ അവസാനിപ്പിച്ചു കൈക്രിയ (പിച്ച് / നുള്ള് ) തുടങ്ങി..:)

പ്രതീക്ഷയുടെ ഒരു മുകുരം പോലുമില്ലാതെ ശൂന്യമായ കണ്ണുകളും ഉണ്ട്...ആരോടും ഒന്നും പറയാൻ പറ്റാതെ എല്ലാം  ഉള്ളിലേക്ക് ഒതുക്കി മുരടിച്ചു പോയവ ...ഒന്ന് സംസാരിച്ചാൽ തിളക്കം വീണ്ടെടുക്കാവുന്നവ..

***                                ***                                        ***


ഒരു മദ്ധ്യവേനൽ അവധിക്കു മുൻപേ ആണ്
ആ കണ്ണുകൾ കണ്ടത്
ഇരുണ്ട ചാരനിറമുള്ള കണ്ണുകൾ
സ്നേഹം നിറഞ്ഞു തുളുമ്പിയ
രണ്ടു  തടാകങ്ങൾ
പിന്നീടു എന്റെ ഇരവിലും പകലിലും
നിനവിലും കനവിലും അതിൽ
സ്വപ്നങ്ങളുടെ തോണിയിറക്കി തുഴഞ്ഞു
തുഴഞ്ഞു തളർന്നപ്പോൾ
ആ കണ്ണുകളെ ഞാൻ സ്നേഹിക്കാൻ തുടങ്ങി
കാരണം ആ കണ്ണുകൾ നിന്റെതായിരുന്നു
*                             *                            *

2014 ഡിസംബർ 31, ബുധനാഴ്‌ച

തിരിഞ്ഞു നോക്കുമ്പോൾ ......

വർഷാവസാനം തിരിഞ്ഞു നോക്കുമ്പോൾ ഓർക്കാൻ ഒരുപാടുണ്ടാകും..
കഴിഞ്ഞ കുറെ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വ്യക്തിപരമായി വേർപാടുകളും വേദനകളും കുറഞ്ഞ ഒരു വർഷം ...
തിരിഞ്ഞു നോക്കുമ്പോൾ ചിരിക്കാനും ചിന്തിക്കാനും ഒരു പാട് ബാക്കി വെച്ച ചില കണ്ടു മുട്ടലുകൾ ,   പാഠങ്ങൾ ,  അത്ഭുതങ്ങൾ , കാഴ്ചകൾ ...
എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ സഹായിച്ച ആരെന്നും എന്തെന്നും അറിയാത്ത കുറെ അപരിചതർ , ദൈവത്തിന്റെ പ്രതിരൂപങ്ങൾ ....ഒരു നന്ദി പ്രകടനത്തിന്  പോലും അവകാശം തരാതെ മറഞ്ഞു പോയവർ ..

 വരുന്നത്  വരുന്നിടത്ത് വെച്ച് കാണുക എന്നതായത്‌ കൊണ്ട് അടുത്ത വർഷം എങ്ങനെ ആയിരിക്കുമെന്ന ആകാംക്ഷ ഒന്നുമില്ല.
എങ്കിലും ഈ ബ്ലോഗിലൂടെ കടന്നു പോയവർക്കും കടന്നു വരുന്നവർക്കും പ്രോത്സാഹിപ്പിച്ച എല്ലാവർക്കും ഒരു നല്ല പുതു വർഷം ആശംസിക്കുന്നു ..





2014 ഡിസംബർ 12, വെള്ളിയാഴ്‌ച

കാലം തെറ്റി വന്നവർ !

മേടചൂടിനെ മഞ്ഞപട്ടുടുപ്പിച്ച കണിക്കൊന്നേ
വൃശ്ചിക പുലരിയിൽ ആരെ തേടി വന്നതാണ് ?
ആരുടെ ശരത്കാല സ്വപ്നങ്ങളിലാണ്  തുലാവർഷമെ
ഇടിയും പേമാരിയുമായി  നീ പെയ്തിറങ്ങുന്നത് ?

പൂക്കളും ഋതുക്കളും കായ്കളും മാത്രമല്ല
നമ്മളും കാലം തെറ്റി വന്നവരാണ്
അകത്തേക്കും പുറത്തേക്കും കടക്കുവാനാകാതെ
ഉമ്മറപ്പടിയിൽ തറഞ്ഞു പോയവർ

അല്ലെങ്കിൽ

കോണ്‍ക്രീറ്റ് സൌധങ്ങൾ , മൊബൈൽ ടവറുകൾ
മനുഷ്യരെ കുടിയൊഴിപ്പിക്കുന്ന ദേശീയ പാതകൾ
വികസനത്തിന്റെ മുഖങ്ങളെ നോക്കി
കാടെന്നും മലയെന്നും പുഴയെന്നും പറഞ്ഞു
കണ്ണീർ  വാർക്കുമൊ ?


ഏതോ ശിലായുഗത്തിൽ ജീവിക്കേണ്ടിയിരുന്നവർ
കാലം തെറ്റി ഈ നൂറ്റാണ്ടിൽ എത്തിപെട്ടവർ
പുതുമയെ വെറുക്കുന്ന പഴമയുടെ
ചുളിഞ്ഞ മുഖങ്ങൾ ....



( ബസിൽ വരുമ്പോൾ വഴി നീളെ പൂത്തു നില്ക്കുന്ന കൊന്നമരങ്ങളെ കണ്ടപ്പോൾ മനസ്സില് തോന്നിയത് ..:)    )


2014 നവംബർ 27, വ്യാഴാഴ്‌ച

വാടക വീടിനെ സ്നേഹിക്കരുത് !!!

ചുമരിൽ ആണി തറച്ചു  മുറിവേൽപ്പിക്കാതെ
കുത്തി വരഞ്ഞു പരിക്കേൽപ്പികാതെ
അടിച്ചും തുടച്ചും കണ്ണാടി പോലെ തിളങ്ങുന്ന
തറയിൽ ഒന്നും വാരി വലിച്ചിടാതെ
വാടക വീടിനെ  സ്നേഹിക്കരുത്

 വീടിനെ സ്നേഹിച്ചാൽ
അത് തിരിച്ചും സ്നേഹിക്കും
ഒറ്റക്കാകുമ്പോൾ ചുമരുകൾ
കഥ പറയും , കൂട്ടിരിക്കും
എങ്കിലും

ഉടമ്പടി കാലാവധി എത്തുമ്പോൾ
ഇറങ്ങി പോകേണ്ടതാണെന്നു മറക്കരുത്
ചിലപ്പോൾ അതിനു മുന്നേ പുറത്താക്കപെട്ടെക്കാം
വാടക കുടിശികയുടെ പേരില് ഇറക്കി വിടാം
ദുരാശയിൽ കുടിയിറക്കപ്പെടാം

വീട് ശരീരമാകണം
നമ്മൾ ആത്മാവും
ഉപേക്ഷിച്ചാൽ തിരിഞ്ഞു നോക്കാത്തത്
ഒന്നുപേക്ഷിച്ചു അടുത്തതിലേക്ക്
ഓർമ്മകൾ ഒന്നും കൂടെ ഉണ്ടാകരുത് !!





2014 നവംബർ 3, തിങ്കളാഴ്‌ച

കടലും കരയും

കടൽ പോലെ
നമുക്കിടയിലെ മൌനം
മൌനത്തിന്റെ 
കടലാഴങ്ങളിലേക്കു 
വേരുകളിറക്കുന്ന  പ്രണയം
വാചാലതയിൽ നിന്നും
മൌനത്തിലേക്ക്‌ നീണ്ടു കിടക്കുന്നാ
വേരുകളിലാണിന്നെന്റെ  ചേതന
കുരുങ്ങികിടക്കുന്നത്

ആഴങ്ങളിൽ നിന്നും 
വാരിയെടുക്കാൻ കൊതിക്കുന്ന
പരിഭവങ്ങളും പരാതികളും 
ഒരു തിരയിളക്കം പോലുമില്ലാതെ 
അചഞ്ചലനായി നീയിരിക്കുമ്പോൾ 
ഉണ്ട് എന്നോ 
ഉണ്ടായിരുന്നു എന്നോ 

ഉണ്ടായിരുന്നു എന്നാൽ 
ഇപ്പോളില്ല എന്നാകില്ലേ 
എന്റെ ശ്വാസനിശ്വാസങ്ങളിൽ 
അലിഞ്ഞ നിന്റെ ഗന്ധം
എന്നെ ഉണർത്തുമ്പോൾ
ഇല്ലാതാകുന്നത് എങ്ങനെ ?

പ്രണയം ഒരു  കടൽ ആകുന്നു
നീ കടൽ  ആണല്ലോ
ഞാൻ കരയും
ഒരു വേലിയിറക്കത്തിലൂടെ 
അകലേക്ക്‌ പോയതാണ് നീ 
അടുത്ത വേലിയേറ്റത്തിനു
എന്നിലേക്കെത്തുവാനായി ..





2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

നമ്മെ പിന്നോട്ട് വലിക്കുന്ന ചിലത് !!!

വയനാട്ടിലെ ഞാൻ ജനിച്ചു വളർന്ന വീടിന്റെ ഉമ്മറത്തു നിന്ന് നോക്കിയാൽ കാണുന്ന മലയുടെ ചിത്രമാണിത്. (മൊബൈൽ ഫോട്ടോ ആയതു കൊണ്ടു  ക്ലാരിറ്റിക്കു മാപ്പ് ). കുട്ടികൾ ആയിരിക്കുമ്പോൾ മലയിൽ  നിന്നും മഴ വരുന്നത് നോക്കിയിരിക്കുന്നത് ഒരു ജോലി ആയിരുന്നു. ജോലി എന്ന് പറഞ്ഞത് എന്താണെന് വെച്ചാൽ, അമ്മ നെല്ലോ, കുരുമുളകോ, കാപ്പിയോ ഉണങ്ങാൻ ഇട്ടാൽ മഴ വരുന്നുണ്ടോ എന്ന് നോക്കാൻ ഞങ്ങളെ ആണെൽപ്പിക്കുക. കരിമ്പച്ച നിറമുള്ള മല വെളുത്തു സുന്ദരി ആകുമ്പോൾ ' മലയിൽ മഴ പെയ്തെ എന്ന് വിളിച്ചു കൂവും. അടുക്കളയിലെ പണി ഒഴിവാക്കി അമ്മ ഓടി വരും. എല്ലാം വാരി വെക്കാൻ, കൊട്ട എടുക്കു, വേഗം വാര് എന്നൊക്കെ പറയും. അതിലൊന്നും ഇടപെടാൻ ഞാൻ പോകില്ല . മഴയെ നോക്കി നിൽക്കും. മലയിറങ്ങി സേട്ടുക്കുന്നിൽ എത്തുമ്പോൾ കേൾക്കാം മഴയുടെ ഇരമ്പുന്ന ശബ്ദം. കുന്നിറങ്ങി വയലിലെ നെല്ലോലകളെ തഴുകി വീട്ടു മുറ്റത്ത്  എത്തുമ്പോഴേക്കും നല്ല ഉഗ്രരൂപി ആയിട്ടുണ്ടാകും. പിന്നെ പുറത്തു നിൽക്കാൻ ഉള്ള സ്വാതന്ത്ര്യമില്ല. പിന്നെ ഉള്ള മഴകാഴ്ച ജനലിലൂടെ ആണു , അതും ഇടിയും മിന്നലും ഒന്നുമില്ലെങ്കിൽ, അതുണ്ടെങ്കിൽ പിന്നെ ജനലുകളും വാതിലുകളും കൊട്ടിയടക്കും.ചെറിയ ഇരുട്ടു പരന്നു കിടക്കുന്ന മുറിയിൽ ചേച്ചിമാരുടെയും ഏട്ടന്മാരുടെയും ഭാവന വിടരും. പ്രേതങ്ങളും യക്ഷികളും കുട്ടികളെ പിടുത്തക്കാരും ഒക്കെ ആയി കഥകൾ. എല്ലാം കേട്ട് പേടിച്ചു രാത്രി കിടന്നു അലറി വിളിക്കും . ഞാൻ അലറി വിളിച്ചാലും കരഞ്ഞാലും അടി കിട്ടുന്നത് അവർക്കായത് കൊണ്ടു അതൊരു ശീലമാക്കി കൊണ്ട് നടന്നു എന്ന് വേണം പറയാൻ..;)


രാത്രി ആയാൽ മല കത്തും, പടർന്നു പോകുന്ന തീ നോക്കി അമ്മ പറയും 'എത്ര ജീവികൾ ഇപ്പോൾ വെന്തു മരിച്ചിട്ടുണ്ടാകും പാവങ്ങൾ' . ഇന്ന് അവിടെ മലയുടെ മുകളിൽ ഉയർന്നു പൊങ്ങിയ വീടുകളും റിസോർട്ടുകളും ഞങ്ങളോട് പറയുന്നു അതൊന്നും വെറുതെ ഉണ്ടായ കാട്ടു  തീ അല്ല എന്നു .

പറയാൻ വന്നത് ഇതൊന്നുമല്ല, ഞാൻ കണ്ട മഴ , മല, വയൽ, പുഴ ഇതൊക്കെ എന്റെ മകനും കാണണം, അറിയണം എന്ന് നിർബന്ധം ഉള്ളത് കൊണ്ടാണ് അവനെയും കൂട്ടി ആന്ധ്രയിൽ നിന്നും വയനാട്ടിലേക്ക് ഇടയ്ക്കു വണ്ടി കേറിയിരുന്നത് . 

ശോഷിച്ച പുഴ കണ്ടു അവൻ പറഞ്ഞു ഇത് പുഴ ആണെങ്കിൽ ഗോദാവരി കടൽ  അല്ലെ എന്ന്. 

വയലിലെ നെൽകതിരുകൾ  കാറ്റടിക്കുമ്പോൾ പട്ടുപാവാടയുടെ ഞൊറി ഇളകുന്നത് പോലെ തോന്നും എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു അമ്മ പുളുവടിക്കുന്നു, കാരണം അവൻ കാണുന്നത് നീണ്ടു പരന്നു കിടക്കുന്ന വാഴത്തോപ്പുകൾ മാത്രം .

മലയിറങ്ങി വരുന്ന മഴയുടെ ശബ്ദത്തെ കുറിച്ച് പറഞ്ഞപ്പോൾ മഴ വരുമ്പോൾ ശേ ശബ്ദം എവിടെ ആയാലും കേൾക്കില്ലേ എന്നാണ് .

ഇവിടെ റോഡ്‌ ഇല്ലായിരുന്നു നീണ്ട നടവരമ്പ് ആയിരുന്നു എന്ന് പറഞ്ഞപ്പോൾ റോഡിനു വേണ്ടി സ്ഥലം കൊടുത്തപ്പോൾ അമ്മച്ചനു നല്ല കാശ് കിട്ടിയോ എന്ന് .

സ്കൂൾ പഠിക്കുന്ന കാലത്ത് ഉച്ചയൂണ് സമയത്ത് കാട്ടിൽ നിന്നും പറയിടുക്കിലൂടെ വരുന്ന നീർച്ചാലിൽ ആയിരുന്നു കൈ കഴുകിയതു എന്ന് പറഞ്ഞപ്പോൾ മാത്രം അവൻ ചോദിച്ചു 
" ഇതൊന്നും എനിക്ക് കിട്ടാതെ ഇരുന്നത് എന്ത് കൊണ്ടാണ് ?"

ഉത്തരം മുട്ടിക്കുന്ന ചോദ്യം.

നിന്റെ തലവിധി എന്ന് മനസ്സിൽ പറഞ്ഞു 
പിന്നെ ദൂരെ മലമുകളിൽ വരുന്ന പുതിയ റിസോർട്ടിന്റെ വെള്ള നിറത്തിലേക്കു നോക്കി നെടുവീർപ്പിട്ടു.



കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...