2015 ഡിസംബർ 31, വ്യാഴാഴ്‌ച

പുതുവത്സരാശംസകൾ !!!

'ന്യൂ ഇയർ പ്രോഗ്രാം എന്താ ?'
കാണുന്ന എല്ലാവരും ചോദിക്കുന്ന ചോദ്യം ..
എന്നത്തേയും പോലെ, പുതുവത്സരം...
കലണ്ടർ മാറുന്നു , എഴുതുന്ന തീയതി മാറുന്നു എന്നതിൽ കവിഞ്ഞു മറ്റെന്തെങ്കിലും ഉണ്ട് എന്ന് തോന്നാറുതന്നെയില്ല ..
പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവർഷം ആഘോഷിക്കാൻ പറഞ്ഞു കൊണ്ട് കുറെ വിഷെസ് കിട്ടും ..
പുതിയ സ്വപ്‌നങ്ങൾ അങ്ങനെ ഒന്നുണ്ടോ? നടക്കാതെ പോയ സ്വപ്നത്തെ കൂടുതൽ തീവ്രതയോടെ കാണുകയല്ലേ വേണ്ടത്..;)

പുതു വർഷത്തിൽ വരുത്താൻ പോകുന്ന മാറ്റത്തെ കുറിച്ചാണ് ചിലര് ചോദിക്കുന്നത് ..എന്റെ രീതികളിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ ഞാൻ ഞാനല്ലാതെ ആയി പോകും എന്നുള്ളത് കൊണ്ട് പ്രത്യേകിച്ചു മാറാൻ ഉള്ള ശ്രമങ്ങൾ ഒന്നും നടത്തുന്നില്ല ..:)

എങ്കിലും എല്ലാവരും മുന്നോട്ടു നോക്കുമ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കുന്നു .....

ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെ ഉണ്ടായിരുന്ന ഒരു താങ്ങു നഷ്ടപെട്ടത് ഈ വർഷം ആയിരുന്നു ..ഒരിക്കലും നികത്താനാവാത്ത ഒരു വിടവ് ..

എങ്കിലും വഴിയിലെവിടെയോ വെച്ച് നഷ്ടമായ എന്നെ എനിക്ക് കണ്ടെത്താനായി എന്നത് ഈ വർഷത്തെ നേട്ടം.
"യു ബികേം മോർ നെഗറ്റീവ് , യു  വേർ നോട്ട്  ലൈക്‌ ദിസ്‌ "  എന്ന് പറഞ്ഞു എന്നെ എനിക്ക് നഷ്ടമായി എന്ന് മനസിലാക്കി തന്ന സന്മനസ്സിന് നന്ദി.  ഇപ്പോൾ എന്തിനും ഏതിനും ചിരിക്കാൻ കഴിയുന്ന , നെഗറ്റീവ് ചിന്തകൾക്ക് ഇടം നല്കാത്ത, ഉള്ളിന്റെ ഉള്ളിൽ  ഐ അം ഹാപ്പി എന്ന് പറയുന്ന എന്നെ ഞാൻ വീണ്ടെടുത്തിരിക്കുന്നു. എന്റെ ഇല്ലായ്മകളെ , കുറവുകളെ ചൂണ്ടി കാണിച്ചു എന്നിൽ നിരാശയുടെ നിഴലുകൾ വീഴ്ത്തുന്നവരെ നോക്കി ഐ അം ഹാപ്പി വിത്ത്‌ വാട്ട്‌ ഐ ഹാവ് എന്ന് പറയാൻ കഴിയുന്നു..

Jennifer Relax!!


ഇത് പോലെ തന്നെ മനസ്സിൽ നിറയെ സ്നേഹവും സന്തോഷവും ഇനിയും ഉണ്ടാകും എന്ന വിശ്വാസത്തോടെ  ഈ വഴി പോയവർക്ക് , പ്രോത്സാഹിപ്പിച്ചവർക്ക് , എന്ത് പറ്റി പോസ്റ്റൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിച്ചു ഭ്രാന്തുകൾ എഴുതി നിറക്കാൻ പ്രോചോദനം തന്നവർക്ക് എല്ലാവർക്കും  സന്തോഷത്തിന്റെ നന്മയുടെ സ്നേഹത്തിന്റെ ഒരു പുതു വർഷം ആശംസിക്കുന്നു ...:)



2015 നവംബർ 20, വെള്ളിയാഴ്‌ച


ഇന്നലെ രാജ്യാന്തരപുരുഷദിനം ആണെന്ന് രാവിലെ ഫെയ്സ് ബുക്കിൽ കണ്ടപ്പോളാണ് അറിയുന്നത്. ജീവിതത്തിൽ സ്വധീനിച്ചവരെ ഒക്കെ പ്രകീർത്തിച്ചു കുറെ പോസ്റ്റുകളും കണ്ടു. നീണ്ടു പരന്നു കിടക്കുന്ന ഈ ജീവിതത്തിൽ നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു പാട്  പുരുഷന്മാരുണ്ട് . ചിലരൊക്കെ നമ്മുടെ ജീവിതത്തോട് ഒട്ടി നിൽക്കുന്നവർ അച്ഛൻ , സഹോദരൻമാർ , അദ്ധ്യാപകർ , സുഹൃത്തുക്കൾ , മറ്റു ബന്ധുക്കൾ തുടങ്ങി നീണ്ടു പോകുന്ന ലിസ്റ്റ്. ഇവരൊന്നും അങ്ങനെ ഒരു ദിവസം വെച്ച് ഓർക്കപെടെണ്ടവരും അല്ല.

പക്ഷെ ചിലരുണ്ട് നമ്മുടെ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ഒരു കൈ സഹായം കൊണ്ടോ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചവർ . വർഷങ്ങൾക്കിപ്പുറം നിന്നു ആലോചിക്കുമ്പോൾ ആ സമയത്ത് അവർ ഇല്ലായിരുന്നെങ്കിൽ എന്ന് ചിന്തിക്കുമ്പോൾ നമുക്ക് ബോധ്യമാകും എന്തായിരുന്നു ആ സ്വാധീനം എന്ന്.

ബാംഗ്ലൂർ നഗരത്തിൽ ഒരു മഴയിൽ എന്ത് ചെയ്യണം എന്നറിയാതെ ഒറ്റപ്പെട്ടു പോയ ഒരു വൈകുന്നേരത്തിൽ ഞാൻ സഹായിക്കാം എന്ന് പറഞ്ഞു സ്വമനസ്സാലെ മുന്നോട്ട് വന്ന ഒരു ചെറുപ്പക്കാരനെ കുറിച്ച് ഞാൻ മുൻപെഴുതിയിരുന്നു. പേര് പോലും പറയാതെ വന്നത് പോലെ മായമായി ദൈവത്തെ പോലെ മുന്നിൽ വന്നവൻ. ****

ഇപ്പോൾ ഞാൻ മറ്റൊരാളെ കൂടെ ഓർക്കുകയാണ്. 5 വർഷത്തെ ആന്ധ്ര (ഇന്നത്തെ സീമാന്ധ്ര ) ജീവിതത്തിനു ശേഷം ആന്ധ്രയുടെ തലസ്ഥാനനഗരിയിലേക്ക് കുടിയേറി. ട്വിൻ സിറ്റിസ് എന്നറിയപ്പെടുന്ന ഹൈദരാബാദ് -സെക്കന്ദെരബാദ്. അതിൽ സെക്കന്ദെരബാദിലെ അൽവാൽ എന്ന സ്ഥലത്തെ സൂര്യ നഗറിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ എത്തി ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ രണ്ടു ബസ്സുകളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. 25A അംബേദ്‌കർ നഗർ , 25M മച്ചബോലാറം. ഏത് ബസ്‌ ആയാലും അതിന്റെ ലാസ്റ്റ് സ്റ്റോപ്പ്‌ ഇറങ്ങി 5 മിനിറ്റ് നടക്കാൻ ഉള്ള ദൂരം മാത്രം. 25M ബസിൽ ഞാൻ  ഒരിക്കലും കേറാറില്ല. കാരണം അതിന്റെ അവസാന സ്റ്റോപ്പ്‌ ശ്മശാനം ആണ്. ഗുളികൻ തറയും കരിയാത്തൻ കാവും ഭൂതവും പ്രേതവും ഒക്കെ ഉള്ള വീട്ടിൽ നിന്നും വളർന്നതിന്റെ ദോഷം എന്ന് വേണെമെങ്കിൽ പറയാം , പേടി ആയിരുന്നു.

 മാസത്തിലൊരിക്കൽ സ്റ്റോക്ക്‌ എടുപ്പിന്റെ ദിവസം, അന്ന് വളരെ വൈകി. 25A ലാസ്റ്റ് ബസ്‌ പോയി കഴിഞ്ഞു. ഇനി ഉള്ളത് 25M മച്ചബോലാറം ബസ്‌ . വേറെ നിവൃത്തി ഒന്നും ഇല്ലാത്തത് കൊണ്ട് അതിൽ തന്നെ കേറി. ഒരു ചെറുപ്പക്കാരൻ ആയിരുന്നു കണ്ടക്ടർ. ലാസ്റ്റ് ബസ്‌ സ്റ്റോപ്പ്‌ എന്ന് പറഞ്ഞു. രണ്ടു രൂപയുടെ ടിക്കറ്റ്‌ തന്നു. അവിടെ മിനിമം ടിക്കറ്റ്‌ അന്ന് രണ്ടു രൂപ ആയിരുന്നു. ടെമ്പ്ൾ അൽവാൽ എന്ന സ്റ്റോപ്പ്‌ കഴിഞ്ഞ് ബസ്‌ കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ കണ്ടക്ടർ വന്നു ചോദിച്ചു

മീരു ദിഗലെതാ? (നിങ്ങൾ ഇറങ്ങിയില്ലേ?)

ലാസ്റ്റ് ബസ്ടോപ്പ് ടിക്കറ്റ്‌ കതാ (ലാസ്റ്റ് ബസ്‌ സ്റ്റോപ്പ്‌ ടിക്കറ്റ്‌ അല്ലെ?)

ഞാൻ ചോദിച്ചതും അയാൾ ഒറ്റ അലർച്ച ആയിരുന്നു .   അൽവാൽ എന്ന് പറഞ്ഞു ടിക്കറ്റ്‌ എടുത്തിട്ട് ഇപ്പോൾ ബോന്തൽഗട്ട (ശ്മശാനം)ഇറങ്ങും എന്ന് പറയുന്നു , ആദ്യമേ പറയണ്ടേ. ഞാൻ ഇപ്പോൾ ചോദിച്ചില്ലെങ്കിൽ എങ്ങനെ അറിയും. പറ്റിക്കാൻ നടക്കുന്നു എന്നൊക്കെ.

അതിനു മുൻപേ തന്നെ ഞാൻ അടുത്തിരുന്ന ഒരു പെണ്ണിനോട് എനിക്ക് ഇറങ്ങേണ്ട സ്ഥലത്തിനെ പറ്റി  ഒക്കെ പറഞ്ഞിരുന്നു. ഈ ചീത്ത വിളി ഒന്ന് നിർത്താൻ വേണ്ടി ഒരു സഹായത്തിനായി ആ പെണ്ണിനെ നോക്കിയപ്പോൾ ആലുവാ മണപുറത്ത്‌ വെച്ചു പോലും കണ്ടിട്ടില്ല എന്ന ഭാവത്തിൽ ഒറ്റ മുഖം തിരിക്കൽ. അയാളുടെ ദിക്കു പൊട്ടുന്ന ഒച്ചക്കു മുകളിലേക്ക് എന്റെ പൂച്ച ശബ്ദം പോകുന്നുമില്ല. ഇത്തരം ഘട്ടങ്ങളിൽ  എത്ര പഠിച്ച ഭാഷ ആയാലും മലയാളം ആണ് ആദ്യം വായിൽ വരിക. പോരാത്തതിനു അപമാനം , സങ്കടം എന്തൊക്കെയോ ഉള്ളിൽ നിറഞ്ഞു . പിന്നെ ഒറ്റ കരച്ചിലായിരുന്നു. (പണ്ട് എന്തിനും ഏതിനും കരയുന്ന കരയാളി പാത്തുമ്മ ആയിരുന്നു, ഇപ്പോൾ ജീവിതത്തിന്റെ ചൂടേറ്റു കണ്ണുനീരുറവകൾ ഒക്കെ വറ്റി )

പെട്ടെന്ന് ബസ്‌ നിർത്തി ഡ്രൈവിംഗ് സീറ്റിനു പിറകിൽ  ഇരുന്ന മീശക്കാരൻ ചോദിച്ചു.
" എക്കടെ പോവാലാമ്മ " (എവിടെ പോകണം)

" ലാസ്റ്റ് ബസ്‌ സ്റ്റോപ്പ്‌ ദിഗി കൊഞ്ചം നടവാലി  (ലാസ്റ്റ് സ്റ്റോപ്പ്‌ ഇറങ്ങി കുറച്ചു  നടക്കണം) ..ഉത്തരം കൊടുക്കുന്നതിനോടൊപ്പം മൂക്കും വലിക്കുന്നു, കണ്ണുനീർ കവിളിലൂടെ ഒഴുകുന്നു.

കേരളാവ ? (മലയാളി ആണോ )
അവുനു  (അതേ )
അപ്പോഴേക്കും വീണ്ടും കണ്ടക്ടർ ഓടി വന്നു എന്തൊക്കെയോ പറയാൻ തുടങ്ങി . ഇനിയും ടിക്കറ്റ്‌ എടുക്കണം എന്നൊക്കെ പറഞ്ഞു. ഞാൻ ടിക്കറ്റ്‌ എടുക്കാൻ കാശു കൊടുത്തപ്പോൾ  ഡ്രൈവർ അയാളോട് മിണ്ടാതിരിക്കാനും പുതിയ ഒരു ടിക്കറ്റ്‌ ഒന്നും വേണ്ട , അവർ പറഞ്ഞത് മനസിലാകാത്ത നീ അല്ലെ തെറ്റ് ചെയ്തത് എന്നും   പറഞ്ഞതോടെ അയാൾ മിണ്ടാതെ പിറകിലേക്ക് പോയി.

എമി  പറവേലതമ്മ , കൊത്ത അബ്ബായി അന്തുക്കെ, നിമ്മതികാ കുർചോണ്ടി  (കുഴപ്പമൊന്നുമില്ല, പുതിയ ചെക്കൻ ആണു. സുഖമായി ഇരുന്നോളൂ)

അയാളുടെ വാക്കുകൾ ഒരു പാട് ആശ്വാസം തന്നു

ബൊലാറം എന്ന സ്ഥലം കഴിഞ്ഞതോടെ ബസിലെ ഏക പെണ് തരി ഞാൻ മാത്രം ആയി. (കേരളത്തിലെ ഒരു ബസിൽ ആണെങ്കിൽ ഉറപ്പായും അറിയാതെ ഉള്ള ഒരു ഉരസൽ , ഒരു തോണ്ടൽ , നോട്ടം, അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലുള്ള കോക്രി കാണിക്കൽ ഒക്കെ ഉണ്ടാകും പക്ഷെ ആ ബസിൽ എനിക്ക് ഒരിക്കൽ പോലും അങ്ങനെ ഒരനുഭവം ഉണ്ടായില്ല )പുറത്ത് കനം  കൂടി വരുന്ന ഇരുട്ടും . ഇറങ്ങേണ്ട സ്ഥലത്തെ കുറിച്ച് ഓർത്തപ്പോൾ പിന്നേം പേടിയും വിഷമവും.

ലാസ്റ്റ് സ്റ്റോപ്പ്‌ എത്തി ബസ്‌ നിർത്തി

ദിഗമ്മാ  (ഇറങ്ങിക്കോളൂ )
ഇറങ്ങി . ശ്മശാനത്തിന്റെ ഒരറ്റത്ത് അപ്പോൾ ആളി  കത്തുന്ന ചിത . വേറെ സ്ഥലത്ത്‌ കനൽ മിന്നുന്നു. ഉള്ള ദൈവങ്ങളെ ഒക്കെ മനസ്സില് വിളിച്ചു. ശ്മശാനം ക്രോസ് ചെയ്ത് ഒരു തടാകത്തിന്റെ കരയിലൂടെ 5 മിനിറ്റ് മതി  വീട്ടിൽ എത്താൻ. ഇരുട്ടത്ത് അതിലൂടെ നടക്കുന്ന കാര്യം ഓർത്ത് മുന്നോട്ട് നടക്കാനും നടക്കാതിരിക്കാനും പറ്റാതെ നിൽക്കുന്ന എന്നെ നോക്കി ഡ്രൈവർ പറഞ്ഞു . "ഞാൻ ഹെഡ് ലൈറ്റ് ഇട്ടു തരാം നിങ്ങൾ നടന്നോളൂ "

വിളിച്ച ദൈവങ്ങളിൽ ആരോ ഒരാൾ അയാളുടെ മനസ്സില് എത്തി എന്ന് ബോധ്യം ആയി. അയാൾ തെളിച്ചു തന്ന ഹെഡ് ലൈറ്റ് വെളിച്ചത്തിൽ ശ്മശാനം കടന്നു ഞാൻ വീട്ടിലേക്ക് ഓടി.

ഇതിനു ശേഷം പിന്നീട് ഒരു പാട് പ്രാവശ്യം ഞാൻ ബസിൽ കേറി. അപ്പോഴൊക്കെ ലൈറ്റ് തെളിച്ചു തന്നിരുന്നു  അയാൾ ശ്മശാനഭയം മാറാൻ അതെന്നെ ഒരു പാട് സഹായിച്ചിരുന്നു

ഇന്നും നേരം വൈകുമ്പോൾ  ബസ്‌ ഇറങ്ങി ഇരുട്ടിലൂടെ നടക്കേണ്ടി വരുമ്പോൾ ഞാൻ ആ മനുഷ്യനെ ഓർക്കാറുണ്ട്. ആദ്യത്തെ ദിവസം അയാൾ ലൈറ്റ് ഇട്ടു തന്നില്ലെങ്കിൽ ഞാൻ എങ്ങനെ ക്രോസ് ചെയ്യുമായിരുന്നു ?  എനിക്കിപ്പോഴും അറിയില്ല..



****  http://neehaaramm.blogspot.in/2014/01/blog-post_11.html


2015 നവംബർ 9, തിങ്കളാഴ്‌ച

കൊഴിഞ്ഞു വീണൊരീ  കുസുമം കണക്കെ
കരിഞ്ഞു  പോയിതെൻ യൗവനമെങ്കിലും 
കനവു നെയ്തൊരു ഭൂതകാലമെൻ 
നിനവിലിങ്ങനെ തെളിഞ്ഞു വന്നീടവെ 
ഇനിയുമുണ്ടേറെ സ്വപ്‌നങ്ങൾ കാണുവാൻ 
ഇനി ശയിക്കട്ടെ ഏകയായി സ്വസ്ഥയായി !!










(Photo courtesy: Shaji Panicker) 

2015 ഒക്‌ടോബർ 28, ബുധനാഴ്‌ച

ഇറങ്ങിപ്പോക്ക്


"ഞാൻ വന്നു "

പടിഞ്ഞാറൻ വെയിലിൽ തിളങ്ങുന്ന പൂക്കളെ നോക്കി ഇരിക്കുമ്പോൾ എന്നത്തെയും പോലെ മുന്നറിയിപ്പും കൂടാതെയാണ് അവൻ കേറി വന്നത്.സൌഹൃദത്തിൽ നിന്നും ഒന്നും പറയാതെയുള്ള ഇറങ്ങി പോക്കിന് ശേഷം മാസങ്ങൾ കഴിഞ്ഞുള്ള തിരിച്ചു വരവ്.എവിടെ ആയിരുന്നു എന്നോ എന്തിനു പോയി എന്നോ ചോദിച്ചില്ല.ചോദിച്ചാലും ചിലപ്പോൾ പറയില്ല.മറ്റു ചിലപ്പോൾ ചോദിക്കാതെ തന്നെ എല്ലാം പറയും.

കാപ്പി എടുക്കട്ടെ

"ആയിക്കോട്ടെ , എത്ര കാലം ആയി കടുപ്പം കൂടിയ കാപ്പിയുടെ രുചി അറിഞ്ഞിട്ടു "

കാപ്പിയും ബിസ്കറ്റും ട്രേയിൽ എടുത്തു തിരിച്ചു വരുമ്പോൾ എടുത്താൽ പൊങ്ങാത്ത ആലോചനയിൽ ആയിരുന്നു അവൻ. കാലടി ശബ്ദം കേട്ടിട്ട് ആണോ എന്തോ പൊടുന്നനെ പറഞ്ഞു

" ഞാൻ ഒരു ആശ്രമത്തിൽ ആയിരുന്നു"

കേട്ടപ്പോൾ ചിരിയാണ് വന്നത്. ചിരി വന്നാൽ അത് അണ പൊട്ടാത്ത പ്രവാഹം ആയിരിക്കും.ട്രേ താഴെ വീഴാതെ വാങ്ങി ടീപോയിൽ വെച്ച് വീണ്ടും

" ചിരിക്കാൻ പറഞ്ഞതല്ല , കഴിഞ്ഞ ആറു മാസവും ഞാൻ അവിടെ ആയിരുന്നു "

എന്നിട്ട് ബോധോദയം ഉണ്ടായോ?

" ബോധം ഇല്ലാത്തവർക്ക് ആണ് അത് ഉദിക്കേണ്ടത് , എന്റെ ബോധം തെളിഞ്ഞതും കൂർമവും ആണ് അത് കൊണ്ട് തന്നെ ചിലത് ബോധ്യം ആയി"

സമരം ചെയ്യാൻ എന്തോ പുതിയതായി  കണ്ടു പിടിച്ചു എന്ന് മനസിലായി.

" ചൂഷണം ആണ് അവിടെ,ആരും ആർക്കും ഒന്നും കൊടുക്കുന്നില്ല. പ്രഭാഷണം കേട്ടാലോ , പ്രസാദം കഴിച്ചാലോ ഒന്നും സമാധാനം കിട്ടില്ല. പക്ഷെ ലോലമനസ്സുകളെ ഇതിന്റെ പേരില് ചൂഷണം ചെയ്യുകയാണ് "

അപ്പോൾ ഇതിനെതിരെ അവിടേം കൊടി പിടിച്ചോ? നിന്നെ അവർ പുറത്താക്കിയതാണോ?

" അല്ല അവിടെ നിന്നും ഒന്നും  നേടാനില്ലെന്നു ബോധ്യം ആയപ്പോൾ ഞാൻ ഇറങ്ങിയതാണു. സമരവും യുദ്ധവും വിശാലമായ മൈതാനത്ത് ആണ് നടക്കേണ്ടത് അടഞ്ഞു കിടക്കുന്ന ചുവരുകൾക്ക് നടുവിൽ  അല്ല "

അപ്പോൾ കുറച്ചു കാലത്തേക്ക് നിന്റെ ഭ്രാന്തിനു പുതിയ വിഷയം കിട്ടി അല്ലേ 

കാപ്പി കപ്പു താഴെ വെച്ച് ഒന്നും പറയാതെ ഇറങ്ങി പോയ ആൾ പിന്നീടു വന്നത് ഒരു ഉച്ചയൂണ് സമയത്ത് ആണ്. ആനയെ തിന്നാനുള്ള വിശപ്പ്‌ എന്ന് പറഞ്ഞു വന്ന ഉടനെ ഒന്നും മിണ്ടാതെ കഴിക്കാൻ ഇരുന്നു.അടുക്കള വൃത്തിയാക്കൽ , പാത്രം കഴുകൽ ഒക്കെ കഴിഞ്ഞു വരുമ്പോൾ കഴിച്ചു കഴിഞ്ഞു ഉമ്മറത്തെ ചാരുകസേരയിൽ അലസമായി കണ്ണുകളടച്ചു കിടക്കുക ആയിരുന്നു. ഉറങ്ങുകയാകും എന്ന് കരുതി തിരിഞ്ഞു നടക്കുമ്പോൾ ആണ് ആ ചോദ്യം വന്നത്

"യൂക്കിയോ മിഷിമയെ കുറിച്ച് കേട്ടിട്ടുണ്ടോ ?"

ടി വി യുടെ പേര് പോലെ ഉണ്ടല്ലോ 

"മൂന്നു തവണ നോബേൽ സമ്മാനത്തിനു ശുപാർശ  ചെയ്യപ്പെട്ട ജാപ്പനീസ് എഴുത്തുകാരൻ ആണ്"

മലയാളത്തിലെ തന്നെ എഴുത്തുകാരെ അറിയില്ല എന്നിട്ടാണ്  ജപ്പാനിലെ

"നല്ല എഴുത്തുകാരനും നടനും ഒക്കെ ആയിരുന്നു. ആത്മഹത്യ ചെയ്തതാണ്. അതും ഹരാകിരി നടത്തി. കേട്ടിട്ടുണ്ടോ അതിനെ കുറിച്ച് ?"

സമുറായ് യോദ്ധാക്കൾ പിടിക്കപ്പെടുമ്പോൾ ചെയ്യുന്ന വയറു കീറി ചെയ്യുന്ന ആത്മഹത്യാ രീതിയെ പറ്റി  ടീവിയിൽ കണ്ടതായി ഓർക്കുന്നു 


" ആത്മഹത്യ ചെയ്യാൻ എളുപ്പവഴികൾ ഒരു പാടുണ്ടായിട്ടും എന്തിനാണാവോ ആ രീതി സ്വീകരിച്ചത് "

ചോദ്യമോ ആത്മഗതമോ എന്ന് മനസിലാകാത്ത പിറുപിറുക്കൽ. ഒന്നും പറയാതെ മുറ്റത്തെ പൂവിൽ വന്നിരുന്ന കടൽനീല നിറത്തിലെ പൂമ്പാറ്റയെ കാണിച്ചു കൊടുത്തപ്പോൾ

 "പൂവിനേയും പൂമ്പാറ്റയെയും നോക്കി സ്വപ്നം കണ്ടു നടന്നോ ഈ ലോകത്ത് എന്തൊക്കെ നടക്കുന്നു എന്നറിയാമോ " 

ചോദ്യവും ഇറങ്ങി പോക്കും ഒരുമിച്ചായിരുന്നു എന്നത്തേയും പോലെ.

കുറെ നാളുകൾക്ക് ശേഷം ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ ചാരു പടിയിൽ ഇരിക്കുമ്പോളാണ് പോസ്റ്റ്‌മാൻ വന്നത്. കത്തയക്കാനും വരാനും ഇല്ലാത്തത് കൊണ്ട് വേറെ ആരുടെയെങ്കിലും അഡ്രസ് ചോദിക്കാൻ ആയിരിക്കുമെന്ന് കരുതിയപ്പോൾ വെച്ചു നീട്ടുന്ന കവർ. വൃത്തിയിൽ എന്റെ പേരും അഡ്രസ്സും എഴുതിയിരിക്കുന്നു.ആരുടെ ആകുമെന്ന് ആകാംക്ഷയോടെ തുറന്നു നോക്കിയപ്പോൾ താഴേക്ക്‌ വീഴുന്ന തുണ്ട് കടലാസ്സ്‌.



എന്നും കാണിക്കുന്ന ഭ്രാന്തിന്റെ ബാക്കി പത്രം എന്ന് കരുതി ഇരുന്നതായിരുന്നു അടുത്ത ദിവസം ഒരു ഫോണ്‍ കാൾ വരുന്നത് വരെ 

"  അറിഞ്ഞോ നമ്മുടെ ....................."


അവനെന്ത് പറ്റി ?

" കാലിലെയും കയ്യിലെയും കഴുത്തിലെയും ഞരമ്പുകൾ മുറിച്ചു..എളുപ്പമുള്ള ഒരു പാട് മാർഗങ്ങൾ ഉണ്ടായിരുന്നു എന്നിട്ടും ഇത്രയും ഭീകരമായ ഒരു വഴി.."






(കടപ്പാട് : എൻറെ ഭാവനക്ക് കയ്യക്ഷരത്തിന്റെ ചാരുത തന്ന നമ്മുടെ പുണ്യാളൻ  ഷാജിക്ക് )


2015 സെപ്റ്റംബർ 30, ബുധനാഴ്‌ച

ഒളിച്ചുകളി

വാക്കുകളായിരുന്നു ആദ്യം കളി തുടങ്ങിയത് .  എഴുതാനിരിക്കുമ്പോൾ , സംസാരിക്കുമ്പോൾ ഒക്കെ ചില സമയങ്ങളിൽ പിടുത്തം തരാതെ , ഞാൻ ഇവിടുണ്ടേ എന്ന് ചില സൂചനകൾ തന്നു തുടങ്ങിയ കളി. ഒളിച്ചിരിക്കുന്ന ഓരോന്നിനെയും തിരഞ്ഞു പിടിച്ചു കൂടെ കൂട്ടുമ്പോൾ ഒരു ഹരമായിരുന്നു.

പിന്നീടെപ്പോഴോ പേരുകൾ കളിയിൽ ചേർന്നു . മുഖവും രൂപവും എല്ലാം ഓർമയിൽ നിറഞ്ഞു നിന്നിട്ടും പേര് തെളിയാതെ എന്ത് പറയണം എന്നറിയാതെ മിഴിച്ചു നിന്ന സമയങ്ങൾ . ഹരം പിടിച്ച ഒരു കളിയുടെ കെണിയിൽ പെട്ട് പോയ നിമിഷങ്ങൾ. വാശിയോടെ കണ്ടെത്തിയപ്പോൾ ഒരിക്കൽ പോലും തോൽക്കില്ലെന്ന വിശ്വാസം.

എന്നത്തേയും പോലെ ആണ് അന്നും  ഏറ്റവും ഇഷ്ടപെട്ട കച്ചോരി വാങ്ങാൻ അവിടെ കേറിയത്. കണ്ടു പരിചയിച്ച ആൾ ആയത് കൊണ്ട് എന്ത് വേണം എന്ന് ചോദിച്ചടുത്ത് വന്ന പയ്യനോട് ഉദ്ദേശിച്ച സാധനത്തിന്റെ  പേര് പറയാൻ നോക്കുമ്പോൾ ആണ് വീണ്ടും കളിക്കാർ എത്തിയത്. പറയാം എന്ന് പറഞ്ഞു ചുറ്റും കണ്ണോടിച്ചു ഓർമയിൽ പരതുമ്പോൾ പിടി തരാതെ മാറി നില്ക്കുന്നു. എന്നും കച്ചോരി വെക്കാറുള്ള പ്ലേറ്റ് ചൂണ്ടി കാണിച്ചു

' ഇതിൽ വെക്കാറുള്ള  പലഹാരം '

"ഇതെന്താ ഇങ്ങനൊക്കെ, അത് കച്ചോരി  അല്ലെ എപ്പോഴും വാങ്ങിക്കുന്നത്. പേര് മറന്നു പോയോ?വയസ്സായാൽ ഇങ്ങനൊക്കെയാ,അതില്ല കേട്ടോ നേരത്തെ തീർന്നു പോയി "

ഒരു പാക്കറ്റ് പാലും വാങ്ങി ഇറങ്ങുമ്പോൾ മുന്നിൽ കൊണ്ട് നിർത്തിയ സ്കൂട്ടർ .
"എത്ര കലമായെടോ തന്നെ കണ്ടിട്ട് തനിക്കിപ്പോഴും ഒരു മാറ്റവുമില്ലല്ലോ , പഴയ ഉണക്ക കോലം തന്നെ "

നിറഞ്ഞ ചിരിയോടെ പറയുന്ന മീശക്കാരന്റെ പേര്? വീണ്ടും കളിയ്ക്കാൻ തുടങ്ങിയിരിക്കുന്നു ഓർമ .രൂപം , സംസാരം എല്ലാം തെളിയുന്നു പക്ഷെ പേര്? ഓർത്തെടുക്കാൻ കഴിയാത്തതിന്റെ പരുങ്ങൽ മുഖത്ത്തെളിഞ്ഞതിനാലാകാം

"താൻ  ടെൻസ്ഡ് ആകാതെടോ എത്ര കാലത്തിനു ശേഷം കാണുന്നതാ, തിരക്കു പിടിച്ച ജീവിതത്തിനിടയിൽ പേരല്ലേ മറന്നുള്ളൂ ആളെ മറന്നില്ലല്ലോ "

ഒരു ചിരിയുടെ അകമ്പടിയോടെ പറഞ്ഞു നിർത്തുമ്പോഴും പേര് കളി തുടരുക തന്നെ ആയിരുന്നു .

കളിയുടെ ഹരം കുറയുകയും പലപ്പോഴായി ഒരു തരം അപകർഷതാ ബോധം ഉള്ളിൽ നിറയുകയും ചെയ്തപ്പോൾ തോറ്റ് കൊടുക്കില്ലെന്ന വാശിയോടെ ഒളിച്ചു കിടക്കുന്നവരെ തിരഞ്ഞു പിടിക്കാനുള്ള ആവേശത്തിനിടയിൽ കാലു തെറ്റി  വീണത് ഇരുട്ടിന്റെ നിലവറയിലേക്കായിരുന്നു. അകത്തും പുറത്തും നിറയുന്ന ഇരുട്ട് ,ഇരുട്ടിന്റെ അലകൾക്കിടയിലൂടെ ഇടക്കെപോഴോ വരുന്ന ഒരു വെള്ളിവെളിച്ചം.

വീണ്ടും ഒളിച്ചുകളിയുമായി അവരെത്തിയിരിക്കുകയാണ് .മുന്നില് വന്നു ഇതാ ഞാൻ എന്ന് പറഞ്ഞു ഓടി മായുന്ന കളി. ഇരുട്ടിലും കളിയ്ക്കാവുന്ന ഒളിച്ചു കളി ..


2015 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ഇല്ലെന്നും കാണില്ലെന്നും
മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു
എന്നിലെക്കൊതുങ്ങുമ്പോൾ
തോണ്ടി വിളിച്ചുണർത്തി
എങ്ങെന്നില്ലാതെ മാഞ്ഞു
പോകുന്നതെന്താണ് സ്വപ്നമേ നീ ?



2015 ഓഗസ്റ്റ് 8, ശനിയാഴ്‌ച

ജാലകക്കാഴ്ചകൾ

മൌനകൂടാരത്തിൽ ഏകാന്തതയെ പ്രണയിക്കുമ്പോൾ 
നിനച്ചിരിക്കാതെ ചില ജാലകങ്ങൾ  തുറക്കപെടും. 
ഒന്നിൽ കാണുന്നത്  സ്നേഹത്തിന്റെ മുഖങ്ങൾ 
കണ്ണിൽ തുളുമ്പുന്ന  സ്നേഹവും
കരുണയുമായി ഒരു പാട് പുഞ്ചിരികൾ 
ആ പുഞ്ചിരികൾക്കിടയിൽ
തിളങ്ങുന്ന നിന്റെ കണ്ണുകൾ 
നോട്ടത്തിൽ നിന്നും കണ്ണുകൾ വലിച്ചെടുത്തു 
മറുവശത്തേക്ക് നോക്കുമ്പോൾ
തുറക്കുന്ന സ്വപ്നജാലകങ്ങൾ
ആകാശം തൊട്ടു മഴവില്ലിൽ ഊഞ്ഞാലാടി
 മഴയായി ഉതിർന്നു മണ്ണിനെ പുണർന്നു
 പൂവായി വിരിഞ്ഞു പൂമ്പാറ്റയായി പറന്നു 
നിൻറെ ഉറക്കത്തിലേക്കൂർന്നിറങ്ങി
സ്വപ്നത്തിന്റെ കവിളിൽ തലോടി 
 ചുണ്ടിലെ നനുത്ത ചിരിയുടെ
അറ്റത്തു നിന്നു അടർന്നു  വീഴുമ്പോൾ
തുറക്കാനായി പ്രകമ്പനം കൊള്ളുന്നു മറ്റൊന്നു 
അങ്ങനെ ആയത് കൊണ്ടിങ്ങനെ എന്നും ,
ഇങ്ങനെ ആയാൽ എങ്ങിനെ എന്നും 
ചോദ്യങ്ങൾ ,ഉത്തരങ്ങൾ , വാഗ്വാദങ്ങൾ, പരിഭവങ്ങൾ
കൊടുങ്കാറ്റടിച്ചെന്നപോൽ വിറയ്ക്കുന്ന പാളികളെ
 തുറക്കാനായി  അഹംഭാവത്തിന്റെ
കൈവിരലുകൾ ഉയർത്തുമ്പോൾ
തോണ്ടി വിളിക്കുന്ന സ്നേഹവിരൽ 
സ്നേഹവാതിലിൽ നീട്ടിപ്പിടിചിരിക്കുന്ന 
കൈകളിൽ ചേർന്നു നിൽക്കുമ്പോൾ
അലിഞ്ഞില്ലാതെ ആയി പോകുന്ന
 അഹന്തയെ നോക്കി  പുഞ്ചിരിച്ചു
കൈകളിൽ ചാഞ്ഞു കിടന്നു വീണ്ടും
 സ്വപ്നവാതിലിലൂടെ  ആകാശത്തേക്ക് ...







കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...