2019, ജൂൺ 11, ചൊവ്വാഴ്ച

യാത്ര തുടരുന്നു - പാർട്ട് 2

തൃച്ഛംബരത്തു നിന്നും മടങ്ങുമ്പോൾ തന്നെ എല്ലാവർക്കും  വിശപ്പിന്റെ വിളി വന്നിരുന്നു. രാവിലെ ഒരു കട്ടൻ പോലും കഴിക്കാതെ തുടങ്ങിയ യാത്രയാണ്. പെരുന്നാൾ അവധി ആയതുകൊണ്ടാണോ കൊച്ചു വെളുപ്പാൻകാലം ആയത് കൊണ്ടാണോ എന്നറിയില്ല വഴിയിൽ ഒരൊറ്റ ഹോട്ടലോ ചായക്കടയോ കണ്ടില്ല.  യാത്ര അമ്പലത്തിലേക്ക് ആയത് കൊണ്ട് കുറച്ചു വൃത്തിയും മെനയുമുള്ള വെജിറ്റേറിയൻ ഹോട്ടൽ ആയിരുന്നു ലക്‌ഷ്യം. പയ്യന്നൂർ എത്തിയിട്ടും ഒന്ന് പോലും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. പെരുമ്പ്ര കഴിഞ്ഞു കുറച്ചു മുന്നോട്ടു പോയപ്പോൾ ഇടതു വശത്തായി ആൾത്തിരക്കില്ലാത്ത സ്ഥലത്തു കഫേ ദിനേശ് കണ്ടു. നമ്മുടെ ദിനേശ് ബീഡിക്കാരുടെ  സംരംഭം. ഇനിയും വെജിറ്റേറിയൻ ഹോട്ടൽ നോക്കി നടന്നാൽ മറ്റൊന്നും കിട്ടില്ലെന്നു തോന്നിയത് കൊണ്ട് അവിടെ തന്നെ കേറി.  വൃത്തിയുള്ള സ്ഥലം. രുചികരമായ ഭക്ഷണം. നല്ല പെരുമാറ്റം. ഇതിൽ കൂടുതൽ എന്താണ് വിശന്നു പൊരിഞ്ഞിരിക്കുമ്പോൾ  വേണ്ടത്.

വഴി നീളെ വീരിഞ്ഞു നിൽക്കുന്ന ഗുൽമോഹറുകൾ. കണ്ണിനും മനസ്സിനും മൊത്തത്തിൽ ഒരുണർവ്വ് നൽകും. പലതരം പൂവുകൾ. കടും ചുവപ്പും , ഓറഞ്ചും , വെള്ളവരകളോട് കൂടിയ ഇതളുകൾ ഉള്ളവയും . പൂക്കൾ കണ്ടു കണ്ടു സംസാരം ഗുല്മോഹറിനെ പറ്റിയായി. ദീദി ദാമോദരൻ കഥയെഴുതി  രഞ്ജിത് അഭിനയിച്ച ഗുൽമോഹർ എന്ന ഫിലിം, അതിലെ പാട്ടുകൾ, ഗുൽമോഹറിനെ പ്രണയവുമായി ബന്ധിപ്പിച്ചത് എങ്ങനെ എന്നും എന്തിനാകുമെന്നും ഒക്കെ ഉള്ള ചർച്ചകൾ. വാകപ്പൂമരമരം ചൂടും എന്ന പാട്ടിലെ വാക ഇതല്ല എന്നു  രാജീവേട്ടൻ. കവി എഴുതിയത് മഞ്ഞ പൂക്കൾ ഉള്ള വാകയാണ് പോലും. വേറെ ആർക്കും അതിനെ കുറിച്ച് അധികം വിവരം ഇല്ലാത്തത് കൊണ്ട് തർക്കങ്ങൾ ഒന്നും ഉണ്ടായില്ല. സിനിമ , പാട്ടു, പൂക്കൾ സംസാരത്തിനിടക്ക് നീണ്ടു പോകുന്ന യാത്രയുടെ വിരസത ഒട്ടും അറിഞ്ഞില്ല.

കാസർഗോഡ് എത്തിയപ്പോൾ പിന്നെ പുഴകളെ കുറിച്ചായി സംസാരം. കടന്നു പോകുന്ന വഴിയിൽ കണ്ട പുഴകൾക്കെല്ലാം നല്ല വീതിയും നീളവും ആഴവും ഉണ്ടായിരുന്നു. ഇടത് വശത്തു കടൽ കണ്ടു കൊണ്ട് കാസർഗോഡ് കടന്നു കന്നടമണ്ണിലേക്ക്. കേരളത്തിലെ ഇടുങ്ങിയ റോഡിൽ നിന്നും രാജവീഥിയിലേക്ക് കടക്കുമ്പോൾ ആഹാ ഇങ്ങനെ വേണം ദേശീയ പാതകൾ എന്ന് നമ്മൾ നൂറു വട്ടം പറയും. ടോൾ കൊടുത്തു  മുടിഞ്ഞു മുന്നോട്ടു പോകുമ്പോൾ യാത്ര ഉഡുപ്പി വഴിയാകാം എന്നൊരു തോന്നൽ . പണ്ടൊരിക്കൽ ഉഡുപ്പിയിൽ പോയപ്പോൾ അവിടെ അന്നദാനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതും അന്നത്തെ  രസത്തിന്റെ മണം മൂക്കിൽ തങ്ങി നില്കുന്നത് കൊണ്ടും ഉച്ചയൂണ് ഉഡുപ്പി അമ്പലത്തിൽ വെച്ചാകാം എന്നൊരു അഭിപ്രായം ഞാൻ പറഞ്ഞു.  അങ്ങനെ ചലോ ഉഡുപ്പി തീരുമാനം ആയി.

അങ്ങനെ ഒരു പന്ത്രണ്ട് മാണിയോട് അടുത്ത് ഉഡുപ്പിയിൽ എത്തുന്നു. പാർക്കിംഗ് സൈഡ് എൻട്രൻസിലൂടെ അമ്പലത്തിലേക്ക്.  തൊഴാനുള്ള ക്യൂ റോഡിൻറെ അറ്റം വരെ എത്തിയത് കൊണ്ട് ഉള്ളിൽ കേറി തൊഴുതാൽ മൂകാംബികയിൽ പ്ലാൻ ചെയ്ത പല പരിപാടികളും മുടങ്ങുമെന്നു സന്ദീപ് പറഞ്ഞത് അനുസരിച്ചു പുറത്തു നിന്നും തൊഴുതു രസത്തിന്റെ മണം  മൂക്കിൽ  തന്നെ ഇരിക്കട്ടെ എന്ന് വെച്ച് വീണ്ടും യാത്ര തുടരുന്നു .










6 അഭിപ്രായങ്ങൾ:

  1. ഗുൽമോഹറിനെ പ്രണയവുമായി ബന്ധിപ്പിച്ചതെന്തിനെന്ന ചർച്ച എങ്ങനെ കൺക്ലൂഡ്‌ ചെയ്തു?

    പിന്നെ യാത്രയെക്കുറിച്ച്‌ എഴുതുമ്പോൾ പോസ്റ്റിനു നല്ല നീളം വേണം.ഇല്ലെങ്കിൽ വായനാസുഖം കിട്ടത്തില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഫേസ്‌ബുക്ക് ഗ്രൂപ്പിന് വേണ്ടി എഴുതുന്നതാണ്. അവിടെ വലിയ പോസ്റ്റുകൾ വായിക്കുന്നവർ കുറവ്..അതാണ് പാർട്ട് പാർട്ട് ആയി എഴുതുന്നത്.


      ചർച്ച കൺക്ലൂഡ് ആയില്ല. എൺപതുകളിലെ സിനിമകളും കവികളും ആണ് ബന്ധിപ്പിച്ചത് എന്നൊരു ഉറപ്പില്ലാത്ത ഒരു കൺക്ലൂഷൻ ആയിരുന്നു.

      ഇല്ലാതാക്കൂ
  2. ബ്ലോഗർമാർ കാലം ചെയ്യാതെ ഇവിടുണ്ട്‌ കേട്ടോ ചേച്ചീ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് കൊണ്ടാണ് ഇവിടെയും മറക്കാതെ പോസ്റ്റുന്നത് ..:)

      ഇല്ലാതാക്കൂ
  3. njan ezutharund...but ee blog writingine kurich kooduthal ariyilla...blog start cheythu...randu posts publish cheythu...enganeya ith malayalathil aakkuka? mattullavar ezhuthunnath engane view cheyyum? ente blog name monish

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമ്മൾ ബ്ലോഗ് പോസ്റ്റ് എഴുതുന്ന വിൻഡോയിൽ മുകളിൽ മലയാളം എടുക്കാനുള്ള ഓപ്ഷൻ ഉണ്ട് (അ എന്നക്ഷരം കാണാം) . അതിൽ പ്രസ് ചെയ്തു എഴുതുമ്പോൾ മലയാളം ആകും.

      നിങ്ങളുടെ ബ്ലോഗ് എനിക്ക് തുറക്കാൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ കണ്ടില്ല.

      മറ്റുള്ളവരുടെ കാണാൻ ഫോളോ ചെയ്താൽ മതി

      ഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...