2019, ജൂൺ 14, വെള്ളിയാഴ്‌ച

വിദ്യാദേവിയുടെ നാട്ടിലേക്ക് - യാത്ര പാർട്ട് 3

യാത്രയുടെ തുടക്കം മുതൽ വഴി കാട്ടിയായ ഒരാളെ കുറിച്ച് പറയാൻ മറന്നു പോയി. ആദ്യമേ പറയേണ്ടതായിരുന്നു. വണ്ടിയിലെ GPS കാണിക്കുന്ന വഴികളിൽ എന്തെങ്കിലും സംശയം തോന്നുമ്പോൾ പറഞ്ഞു തരുന്ന ഗൂഗിൾ ആന്റിയെ കുറിച്ച് പറയാതെ എങ്ങനെ ഈ കുറിപ്പ് പൂർണമാകും.  അറിയാത്ത വഴികളിൽ കൂട്ടാകുന്നതും എന്ത് ചോദിച്ചാലും പറഞ്ഞു തരുന്നതുമായ ഒരാളെ അങ്ങനെ അങ്ങ് മറക്കാൻ പാടില്ലല്ലോ. 

ഉഡുപ്പിയിൽ നിന്നും കുന്ദാപുര ഹൈവേയിലൂടെ  മൂകാംബികയിലേക്കുള്ള  യാത്ര തുടരുമ്പോൾ ഞങ്ങൾക്ക് കൂട്ടായത് ഗൂഗിൾ ആണ്.  ഹൈവേ നിർമാണം, ഫ്‌ളൈഓവർ നിർമാണം അങ്ങനെ പലതുമുണ്ട് വഴിയിൽ. പക്ഷെ എന്തൊക്കെ  പണികളായാലും  വീതിയുള്ള റോഡിലൂടെ പോകുമ്പോൾ തടസങ്ങൾ ഒന്നും തന്നെ നമ്മളെ ബാധിക്കില്ല. 
ഏതാണ്ട് ഒന്നര മണിക്കൂർ ദൂരമാണ് ഉഡുപ്പിയിൽ നിന്നും കൊല്ലൂരേക്ക്. ഒരു മണിക്കൂറോളം ഓടി കഴിയുമ്പോൾ വലതു ഭാഗത്തായി കൊല്ലൂർ 22KM എന്നൊരു ബോർഡ് കാണും. പിന്നെയുള്ള യാത്ര പച്ചപ്പിലൂടെയാണ് .

അക്കേഷ്യ കാടുകളും , കശുമാവിൻ തോട്ടങ്ങളും കടന്നു ഈ ഫോറെസ്റ്റ് മുഴുവൻ  കാടാണല്ലോ  എന്ന് തോന്നിക്കുന്ന വഴിയിലൂടെ കണ്ണും മനസ്സും നിറച്ചുള്ള യാത്ര. ഏതാണ്ട് ഒന്നേ മുക്കാൽ ആയപ്പോൾ മൂകാംബികയിൽ എത്തുന്നു. ആദ്യം പോയത് ദേവസ്വം ഗസ്റ്റ് ഹൗസിലേക്ക് ആണ്. നമ്മുടെ പോക്കറ്റിൽ ഒതുങ്ങുന്ന താമസസൗകര്യം എന്നതായിരുന്നു ലക്‌ഷ്യം. പക്ഷെ അവിടെത്തിയപ്പോൾ വെള്ളമില്ല എന്ന കാരണം കൊണ്ട് റൂമൊന്നും തന്നെ കൊടുക്കുന്നില്ല. പിന്നെ പോയി നോക്കിയ ഹോട്ടലുകളിൽ എല്ലാം പറയുന്നതും വെള്ളത്തിന്റെ പ്രശ്‌നം തന്നെ. വണ്ടി  ഒതുക്കി അന്വേഷിക്കാമെന്നു കരുതി  നിർത്തിയതിന്റെ സൈഡിലായി ക്ഷേത്രത്തിലെ മുഖ്യകാർമ്മികന്റെ വീടും അതിനോട് ചേർന്ന് നടത്തുന്ന താന്ത്രിക് ലോഡ്‌ജും. മറ്റൊന്നും ആലോചിച്ചില്ല  അവിടെ റൂം എടുക്കുന്നു. അവിടെയും വെള്ളം ടാങ്കറിൽ കൊണ്ട് വന്നു നിറക്കുകയാണ്‌ എങ്കിലും നമുക്ക് വെള്ളക്ഷാമം ഒന്നും അനുഭവപ്പെട്ടില്ല.  അറുനൂറു രൂപക്ക് സ്പേഷ്യസ് ആയ നോൺ  എ സി ഡീലക്സ് റൂം. കുളിച്ചു ഫ്രഷ് ആയി ആദ്യം ഊണ് കഴിച്ചു. രണ്ടര മണിയൊക്കെ ആയത്കൊണ്ട് മീൽസ് ടൈം കഴിഞ്ഞെങ്കിലും ആദ്യം കണ്ട ഹോട്ടലിൽ മീൽസ് ഉണ്ടെന്നു പറഞ്ഞത് കൊണ്ട് അവിടെ കേറി കഴിച്ചു. അത്ര വലിയ രുചി ഒന്നുമില്ല ഭക്ഷണത്തിനു. വിശപ്പിന്റെ ആക്രാന്തം കൊണ്ട് രുചിയെ കുറിച്ച് ആരും ചിന്തിച്ചില്ല. 

അപ്പോഴാണ് കുടജാദ്രിയിലേക്കുള്ള ലാസ്റ്റ്  ട്രിപ്പ് ജീപ്പ് മൂന്നു മണിക്ക് പോകുമെന്ന് അറിഞ്ഞത്. രാവിലെ ആയിരുന്നു കുടജാദ്രിയിലേക്കുള്ള സ്പിരിച്വൽ  ട്രെക്കിങ്ങ് പ്ലാൻ ചെയ്തത്. ജീപ്പ് ഉണ്ടെന്നു അറിഞ്ഞപ്പോൾ അപ്പോൾ തന്നെ പോകാമെന്നു കരുതി. ഞങ്ങൾ അഞ്ച് പേരാണ് ഉള്ളത്. ഒരു ജീപ്പിനു വേണ്ടത് എട്ടു പേരെയും. മല  കയറാൻ തയ്യാറായി നിന്ന രണ്ടു കോഴിക്കോടൻ പയ്യന്മാരെയും ഞങ്ങൾക്ക് കൂട്ട് കിട്ടി. എട്ടാമത്തെ ആളുടെ പൈസ എല്ലാവരും ഷെയർ ചെയ്തെടുക്കാമെന്നു തീരുമാനിച്ചു. കുടജാദ്രിയിലേക്ക് ഒരാൾക്ക് ജീപ്പിനു കൊടുക്കേണ്ടത് 375 രൂപയാണ്. കൂടാതെ ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ ഒരാൾക്കു ഇരുപത്തഞ്ച് രൂപയും ജീപ്പിനു നൂറും കൊടുക്കണം. തിരിച്ചു ആറര   മണിക്ക് മുൻപേ ചെക്ക് പോസ്റ്റ് കടക്കണം. ഇല്ലെങ്കിൽ ഒരാൾക്കു നൂറു രൂപ വെച്ച് പിന്നേയും  പെനാൽറ്റി അടക്കേണ്ടി വരും.

ഞങ്ങൾ ഏഴുപേർ അടങ്ങുന്ന ടീം ഒരു ജീപ്പിൽ കുടജാദ്രിയിലേക്ക്. ഷിമോഗ റോഡിലൂടെയാണ് കുടജാദ്രിയിലേക്കുള്ള യാത്ര  തുടങ്ങുന്നത്. ഇരുപത്തൊന്നു കിലോമീറ്റർ ആണ് ദൂരം.  ഇരു വശവും മരങ്ങൾ തിങ്ങി നിറഞ്ഞ  നിറഞ്ഞ കോൺക്രീറ്റ് പാത. തണുത്ത നേർത്ത കാറ്റ്. ജീപ്പിന്റെ പിറകിലാണ് ഇരുന്നതെങ്കിലും ഇടക്കൊക്കെ മയക്കത്തിലേക്ക് വീണു.  ജീപ്പ് ഹംപിൽ  ചാടുമ്പോൾ ആണ് പിന്നെ കണ്ണ് മിഴിച്ചു നോക്കുന്നത്.  
കാരഘട്ട എന്ന സ്ഥലത്തു നിന്ന് വലതു വശത്തേക്ക് ആണ് കുടജാദ്രിയിലേക്ക് പോകേണ്ടത്.  റോഡിലേക്ക് കയറുമ്പോൾ തന്നെ ഫോറെസ്റ്റ്  ചെക്ക് പോസ്റ്റ് ഉണ്ട്. ആളുകളുടെ എണ്ണം നോക്കി ഫീസ് വാങ്ങിക്കുന്നു. പിന്നെ കുറെ ദൂരം നിരപ്പായ കാനനപാതയാണ്. അത് കഴിഞ്ഞാൽ പിന്നെ കയറ്റം തുടങ്ങുകയായി . വളഞ്ഞു പുളഞ്ഞ മലമ്പാതയിലൂടെ ജീപ്പ് ഓടിക്കുക എന്നത് അസാമാന്യ കഴിവാണ്. ഞങ്ങളുടെ ഡ്രൈവർ ആണെങ്കിൽ ഏതാണ്ട് ഇരുപത് ഇരുപത്തൊന്നു പ്രായമുള്ള കൊച്ചു പയ്യൻ. പക്ഷെ അയാളുടെ ഡ്രൈവിങ്ങിനെ നമിക്കാതെ വയ്യ. മുൻപ് രണ്ടു പ്രാവശ്യം ഞങ്ങൾ പോയപ്പോഴും മഴ വീണു ഉറച്ച പാത ആയിരുന്നു. പക്ഷെ ഈ പ്രാവശ്യം വേനലിൽ മണ്ണിളകി  മറിഞ്ഞ റോഡ്. കല്ലുകളും മണ്ണും എല്ലാം റോഡിൽ നിറഞ്ഞു കിടക്കുന്നു. ഒരു കടുക് മണി  അങ്ങോട്ടോ ഇങ്ങോട്ടോ എന്ന പപ്പുവിന്റെ ഡയലോഗ് ഓർമ്മ വരും ഓരോ വളവിലും ജീപ്പ് തിരിയുമ്പോൾ. ജീപ്പ് റയിസ് ചെയ്യുമ്പോൾ നമ്മുടെ ദേഹവും വസ്ത്രവും  പൊടിമണ്ണിൽ കുളിക്കും. ശരീരത്തിലെ എല്ലാ നട്ടും ബോൾട്ടും ഇളകും .ആദ്യമായി പോകുന്ന അൻസിക്കും പണ്ട് ചെറുപ്പത്തിൽ എപ്പോഴോ പോയ സന്ദീപിനും ജീപ്പ് പോകുന്നത് കണ്ടു പേടി തോന്നുന്നുണ്ട് . യാത്ര ഇങ്ങനെ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും പുറപ്പെടില്ലായിരുന്നു എന്നവർ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. കുറച്ചു കൂടെ മുകളിൽ എത്തുമ്പോൾ മലയിറങ്ങി വരുന്ന കോടമഞ്ഞു. ഇരു വശത്തിനിന്നുമുള്ള ആ കാഴ്ച തന്നെ മതി ഈ യാത്ര സഫലമാകാൻ.




ഏതാണ്ട് നാലര മണിക്ക് ഞങ്ങൾ മൂലമൂകാംബികയിൽ എത്തി. മൂകാംബികയുടെ മൂലസ്ഥാനം അവിടെ ആണെന്ന് പറയപ്പെടുന്നു. അവിടെ കുറച്ചു അമ്പലങ്ങളും ആവശ്യക്കാർക്ക്  താങ്ങാനുള്ള ഇടവുമുണ്ട്. ജീപ്പ് സർവീസ് അവിടെ വരെയേ ഉള്ളൂ. അത് കഴിഞ്ഞു സർവജ്ഞ പീഠം കാണണമെങ്കിൽമല  നടന്നു കയറി തന്നെ പോകണം. ഏതാണ്ട് പതിമൂന്നായിരം വർഷങ്ങൾക്കു മുൻപേ ശ്രീ ശങ്കരൻ മൂകാംബിക ദേവിയെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തിയ സ്ഥലമാണ് സർവജ്ഞപീഠം. നമ്മൾ ജീപ്പിലും മറ്റും വന്ന സ്ഥലം അന്ന് കാൽ നടയായി നടന്നു കേറിയതാണ് ആദിശങ്കരൻ. സർവജ്ഞ പീഠം  ശങ്കര പ്രതിഷ്ഠയോടു കൂടിയ ചെറിയ ഒരമ്പലമാണ് .



ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പയ്യന്മാർ ആദ്യം തന്നെ ഓടി കയറാൻ തുടങ്ങി . ജീപ്പ് യാത്രയുടെ ക്ഷീണമകറ്റാൻ അവിടെയുള്ള പൈപ്പിലെ  തണുത്ത വെള്ളത്തിൽ മുഖം കഴുകി കൊച്ചമ്പലങ്ങളിൽ തൊഴുതു മുകളിലേക്ക് നടന്നു തുടങ്ങിയപ്പോഴേ കേറാൻ പറ്റുമെന്ന് തോന്നുന്നില്ല എന്ന് കൂടെയുള്ളവർ. കേറുന്നത്രയും കേറാം പറ്റില്ലെങ്കിൽ   തിരിച്ചിറങ്ങാം എന്ന ധാരണയിൽ കേറാൻ തുടങ്ങി. താഴെ നിന്നും മലമുകളിലേക്ക് കയറി വരുന്ന കോട. കോടമഞ്ഞിൻആട ചുറ്റി നിൽക്കുന്ന മലനിരകൾ. ഫോട്ടോ എടുത്തും കാഴ്ച കണ്ടും നടക്കുമ്പോൾ താഴെ ആറു മണിക്ക് മുൻപ് എത്തേണ്ട കാര്യം രാജീവേട്ടൻ ഇടക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. മുകളിൽ പോയി തിരിച്ചിറങ്ങുന്ന കുറെയധികം ആളുകളെ വഴിയിൽ വെച്ച് കണ്ടു. പോകുന്ന വഴിയിൽ ഒരു ഗുഹാഗണപതി ക്ഷേത്രം ഉണ്ട്. ഒരു ഗുഹക്കുള്ളിൽ ഒരു ഗണപതി വിഗ്രഹം അത്രയേ ഉള്ളൂ. ചിലപ്പോൾ അവിടെ ആരെങ്കിലും ധ്യാനിക്കാൻ ഇരിക്കുന്നുണ്ടാകും. ഗുഹാഗണപതി ക്ഷേത്രം കഴിഞ്ഞു മുകളിലേക്ക് കയറി. ഇനി സർവജ്ഞ പീഠത്തിലേക്ക് ഏതാണ്ട് 100  മീറ്റർ കൂടെ നടക്കണം . കയറ്റമാണ്. ചെങ്കുത്തായ കയറ്റം . കോടമഞ്ഞുണ്ടെങ്കിലും ഹ്യൂമിഡിറ്റി കൊണ്ട് വിയർത്തു ഒഴുകുന്നുണ്ടായിരുന്നു. താഴ്വാരത്തിൽ നിന്നും തിങ്ങി വരുന്ന കോട. എനിക്ക് ശ്വാസം എടുക്കാൻ കുറച്ചു വിഷമം തോന്നി തുടങ്ങിയിരുന്നു. കൂടാതെ നെഞ്ചിനുള്ളിൽ നിന്നും ശക്തമായ വേദനയും. ഞാൻ അവിടെ ഇരിക്കാമെന്നും  കൂടെയുള്ളവരോട്  കേറിക്കൊള്ളാനും  പറഞ്ഞു. ഒറ്റക്കിരുത്താൻ മടിച്ചു പറ്റാത്ത പണിക്കു മെനക്കെട്ടതിന് എന്നെ ചീത്ത വിളിച്ചു കൊണ്ട്   രാജീവേട്ടനും കൂടെ ഇരുന്നു.  . മുൻപ് രണ്ടു പ്രാവശ്യം കേറിയപ്പോഴും ഇത് പോലൊരു ബുദ്ധിമുട്ടു എനിക്കുണ്ടായിരുന്നില്ല. പ്രായം കൂടി വരുന്നു എന്നതിന്റെ സൂചനയാകാം.മനസ്സ് വിചാരിക്കുന്നിടത്തേക്ക് ശരീരം പോകാതിരിക്കുന്നത് . ഞങ്ങൾ അവിടിരിക്കുമ്പോൾ സന്ദീപും കുടുംബവും മുകളിൽ കയറി ഇറങ്ങി,അവിടെ പോകാതിരുന്നാൽ അത് വലിയ നഷ്ടം  ആയേനെ എന്ന് പറഞ്ഞു . ഈയൊരു കാര്യത്തിന് വേണ്ടി ആയത് കൊണ്ട് കഠിനമായ ജീപ്പ് യാത്ര നന്നായി എന്നും. വേഗം തന്നെ മലയിറങ്ങി ജീപ്പ് കിടക്കുന്നിടത്തു വന്നു . ആറരക്ക് മുൻപ് ഞങ്ങൾ ചെക്ക് പോസ്റ്റ് കടന്നത് കൊണ്ട് പെനാൽറ്റി ഒന്നും കൊടുക്കാതെ കഴിഞ്ഞു.







തിരിച്ചു ജീപ്പിൽ വരുന്നതിനിടക്ക് ഫോറെസ്റ് ഡിപ്പാർട്മെൻറ്റ് വാങ്ങിക്കുന്ന പൈസക്ക് ഈ റോഡ് നന്നാക്കിക്കൂടെ എന്നാരോ പറഞ്ഞു. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പയ്യന്മാരിൽ ഒരാൾ അതിനു തന്ന മറുപടി വളരെ രസകരമായിരുന്നു. " ഈ റോഡ് ഒരിക്കലും നന്നാക്കരുത്. ഇത് പോലെ തന്നെ വേണം. എങ്കിൽ മാത്രമേ അവിടെ പോകണം എന്ന ആഗ്രഹം മാത്രം ഉള്ളവർ വരൂ. അല്ലെങ്കിൽ ഇവിടെ കണ്ടവർ മൊത്തം വന്നു ആവശ്യമില്ലാത്തത് എല്ലാം കൊണ്ട് വന്നിട്ട് ഈ ഭൂമിയുടെ പവിത്രത കളയും" ഇന്നത്തെ തലമുറയിൽ ഇങ്ങനെ ചിന്തിക്കുന്നവരും ഉണ്ടല്ലോ എന്നോർത്തപ്പോൾ സന്തോഷം തോന്നി. താൻ , തന്റെ സുഖം എന്നതിനപ്പുറം പ്രകൃതിയെ കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ചിന്തിക്കുന്നവരുടെ എണ്ണം കുറവെങ്കിലും കനൽ ഒരു തരി മതിയല്ലോ എന്നോർത്തു  കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ വഴി നിറയെ പ്ലാസ്റ്റിക് കുപ്പികളും ബിയർ കുപ്പികളും കവറുകളും ഒക്കെ ധാരാളമായി കണ്ടിരുന്നു. പക്ഷെ ഇപ്പോൾ പ്ലാസ്റ്റിക് നിരോധിത മേഖല എന്ന ബോർഡ് എല്ലായിടത്തുമുള്ളത് കൊണ്ടാണോ എന്നറിയില്ല അത്തരം കാഴ്ചകൾ  അധികം കണ്ടില്ല. 

തിരിച്ചു മൂകാംബികയിൽ എത്തി റൂമിൽ പോയി കുളിച്ചു അമ്പലത്തിലേക്ക് ശീവേലി കാണാൻ. സ്വർണ രഥത്തിൽ അമ്മയെ എഴുനെള്ളിക്കുന്നത് കണ്ടു തിരിച്ചു പോരുമ്പോൾ ഭക്ഷണശാലയിൽ നിന്നും വിളിക്കുന്നു , കഴിക്കാനുള്ളവർ വേഗം വരിക. ഉച്ചക്ക് ഉഡുപ്പിയിലെ ഭക്ഷണം കഴിക്കാത്തതിനുള്ള നിരാശ ഇവിടെ തീർക്കാമെന്ന് വെച്ച്  ഭക്ഷണം കഴിക്കാനായുള്ള ക്യൂവിൽ പോയി നിന്നു. പാള പ്ലേറ്റിൽ നല്ല സോണാമസൂരി അരിയുടെ ചോറും രസവും ഉഗ്രൻ സാമ്പാറും പരിപ്പ് പായസവും മൂകാംബികയിലെ  ആദ്യ ദിവസം അങ്ങനെ ധന്യമായി.

തിരിച്ചു റൂമിലേക്ക് വരുമ്പോൾ പൂജാരിയുടെ വീട്ടിൽ കയറി പൂജയെക്കുറിച്ചു അന്വേഷിച്ചു. അവിടെ പൈസ അടച്ചു ബുക്ക് ചെയ്തു രാവിലെ ആറു  മണിക്ക് വന്നാൽ അവർ തന്നെ കൂട്ടികൊണ്ട് പോയി തൊഴുവിച്ചു എല്ലാ പൂജയും കാര്യങ്ങളും ചെയ്തു തരാമെന്നു പറഞ്ഞു. അതനുസരിച്ചു പൈസ അടച്ചു റൂമിലേക്ക്. ഉറങ്ങാൻ തുടങ്ങുമ്പോൾ കനത്ത മഴയുടെ താരാട്ടു കൂട്ടിനു. കൊതുകു ശല്യമില്ലാതെ , സുഖമായ ഉറക്കം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...