ഓഫീസില്‍ ഓഡിറ്റിംഗ് നടക്കുകയാണ്. എനിക്കേറ്റവും അസ്വസ്ഥത ഉണ്ടാകുന്ന സമയം. കണക്കപിള്ള എഴുതി ഉണ്ടാക്കിയ കണക്കിന്റെ ആദിമധ്യാന്ത പരിശോധന. കൂട്ടത്തില്‍ ഞാനും ഒരു കണക്കെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഈ ബൂലോകത്തിലെ മഞ്ഞു തുള്ളി ആകാന്‍ ആഗ്രഹിച്ചു എത്തിയതിന്റെ ഒന്നാം വാര്‍ഷികം ആകുന്നു. കഴിഞ്ഞ ജനുവരി ഒന്നാം തീയ്യതി ആണ് ഞാന്‍ ആദ്യം ആയി എന്റെ ബ്ലോഗ് പോസ്റ്റ് ചെയ്തതു.
2011 വ്യക്തിപരമായി എനിക്ക് നല്ല വര്ഷം ആയിരുന്നില്ല. ബന്ധുക്കളുടെയും പ്രിയപെട്ടവരുടെയും വേര്‍പാടുകള്‍ നിറഞ്ഞ വര്ഷം ആയിരുന്നു. മരണത്തിന്റെ തണുപ്പും ഗന്ധവും നിറഞ്ഞ വലിയ വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞ മണിക്കൂറുകള്‍. നെഞ്ചില്‍ കനക്കുന്ന വേദന കണ്ണിലൂടെ പേമാരി ആയി പെയ്തൊഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിച്ച നിമിഷങ്ങള്‍ . പക്ഷെ വേദനയെ തൊണ്ടയില്‍ തന്നെ തടഞ്ഞു നിര്‍ത്തിയ മനസും നിറഞ്ഞു ഒഴുകാന്‍ മടിച്ച കണ്ണുകളും എനിക്ക് സമ്മാനിച്ചത് ശാരീരിക വേദനയുടെ ഉറക്കമില്ലാ രാത്രികള്‍ മാത്രം. എങ്കിലും ബൂലോകവും മ്യൂസിക് റൂമും എന്റെ മനസിനെ ലാഘവപെടുത്തി. ഇപ്പോള്‍ ബൂലോകത്തില്‍ ഒരു വര്ഷം ആകുമ്പോള്‍ എന്നെ ഇതിനു പ്രാപ്തയാക്കിയ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. അതില്‍ ചിലരുടെ പേര്‍ എടുത്തു പറഞ്ഞില്ലെങ്കില്‍ മനസാക്ഷിക്കുത്ത് ഉണ്ടാകും.കാരണം ഇവരൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു മഞ്ഞുതുള്ളി ആയി ബൂലോകത്തില്‍ എത്താന്‍ എനിക്ക് കഴിയില്ലായിരുന്നു
അജിത് വിജയന്‍: ഒരു സ്വന്തന്ത്ര ബ്ലോഗ്ഗര്‍ ആകുന്നതിനു മുന്‍പ് എന്റെ വട്ടുകള്‍ മുഴുവന്‍ വായിക്കാന്‍ വിധിക്കപെട്ട നിര്‍ഭാഗ്യവാന്‍ . എങ്കിലും നിനക്ക് എഴുതാന്‍ കഴിയുമെന്ന് പറഞ്ഞു എന്നില്‍ ആത്മവിശ്വാസം നിറക്കുകയും എന്റെ പല പോസ്റ്റുകള്‍ക്കും പ്രചോദനം ആകുകയും എന്റെ ബ്ലോഗില്‍ നിന്നും 'ലയനം' എന്ന പോസ്റ്റ് ക്ലാസ്സിക് ആയി ചിത്രീകരിച്ചു സ്വന്തം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു എന്റെ ഭ്രാന്തുകള്‍ക്ക് കൂടുതല്‍ വായനക്കാരെ ഉണ്ടാക്കി തന്ന എന്റെ നല്ല സുഹൃത്തിനു നന്ദി എന്ന രണ്ടക്ഷരം മതി ആകില്ല എങ്കിലും....
ഷാജി പണിക്കര്‍: ഷാജിയുടെ ഫോട്ടോസ് എനിക്കെപ്പോഴും എഴുതാനുള്ള ഉള്‍പ്രേരണ തരാറുണ്ട്. തുരുത്ത്, കൂട്ടുകാര്‍ , waiting for you എന്നീ പോസ്റ്റുകള്‍ ഫോട്ടോകള്‍ തന്ന പ്രചോദനം ആണ്. കൂടാതെ ഈ ബൂലോകത്ത് ഒരു പിടി നല്ല സുഹൃത്തുക്കളെ ഉണ്ടാക്കി തന്നതും പോസ്റ്റ് ഒന്നും ഇടാതെ ഒരു കൂട്ടിലേക്ക് ഒതുങ്ങുമ്പോള്‍ ഒന്നും എഴുതിയില്ലേ എന്തേലും എഴുതു വായിക്കട്ടെ എന്ന് പറഞ്ഞു എന്നെ വീണ്ടും വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുകയും എന്നില്‍ ഭാവന വിരിയാന്‍ ഉതകുന്ന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന എന്നെ motivate ചെയ്യിക്കുന്ന എന്റെ എഡിറ്റര്‍ കം പ്രൂഫ് റീഡര്‍..
കൃഷ്ണദാസ് : KD യുടെ എഴുത്തിന്റെ ഏഴു അയലത്ത് പോലും വരില്ല എന്റെ ഭ്രാന്തുകള്‍. വാക്കുകള്‍ കൊണ്ട് അമ്മാനമാടാനുള്ള കഴിവുള്ള ഒരാള്‍ എന്റെ പോസ്റ്റുകള്‍ ചൂടാറാതെ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നു എന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹം തന്നെ ആണ്.
സ്മീ : ഒരേ ചിന്താഗതികള്‍ ഉള്ള രണ്ടുപേരുടെ ഒത്തു ചേരല്‍. സ്മിതയുടെ ബ്ലോഗുകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ എന്റെ ജീവിതവുമായി താരതമ്യം ചെയ്യാറുണ്ട്. എന്റെ പോസ്റ്റിന്റെ ആദ്യ വായനക്കാരിയും വിമര്‍ശനവും അനുമോദനവും കൊണ്ട് എന്റെ സര്‍ഗാത്മകതയെ വളര്‍ത്താന്‍ നോക്കുകയും ചെയ്യുന്ന എന്റെ നല്ല കൂട്ടുകാരി
പിഗ്മാല്യന്‍ : എന്റെ ബൂലോക ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും നല്ല അഭിപ്രായം ആണ് - ഞാന്‍ ഒരു പുരുഷന്‍ ആയിരുന്നേല്‍ സുമയെ പ്രണയിക്കും ആയിരുന്നു എന്ന പിഗ്മയുടെ കമന്റ്. എന്റെ വട്ടു എഴുത്തുകളെ ഇത്രയേറെ സ്നേഹിക്കുന്ന ഒരാള്‍ ഉണ്ട് എന്നത് തന്നെ വലിയ കാര്യം. കൂടാതെ പിഗ്മയുടെ bold & beautiful ബ്ലോഗുകള്‍.എനിക്ക് ഇങ്ങനെ തന്റേടത്തോടെ എഴുതാന്‍ കഴിയുന്നില്ലലോ എന്ന വിഷമം ചിലപ്പോള്‍ ഒക്കെ തോന്നാറുണ്ട് എങ്കിലും എന്റെ ഇംഗ്ലീഷ് ഭാഷയെ വിപുലമാക്കാനും വായിച്ചു ചിന്തിക്കാനും ഉതകുന്ന പോസ്റ്റുകള്‍ ഇടുന്ന പിഗ്മയെ കുറിച്ച് കൂടുതല്‍ ഞാന്‍ പറയുന്നതിനേക്കാള്‍ നല്ലത് ബ്ലോഗ് പോയി വായിച്ചു നോക്കുന്നതാണ്.
നസ്നിന്‍ നാസ്സര്‍ : ഇംഗ്ലീഷ് ഭാഷയില്‍ ഇത് പോലെ ഒക്കെ ഉള്ള വാക്കുകള്‍ ഉണ്ടെന്നു മനസിലായത് scribblings വായിച്ചതിനു ശേഷം ആണ് .dictionary തുറന്നു വെച്ചാണ് ഞാന്‍ ഈ ബ്ലോഗ് പലപ്പോഴും വായിക്കാറുള്ളത്.എങ്കിലും എന്റെ ബ്ലോഗ് വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തുകയും നീണ്ട ഇടവേളകള്‍ക്കു ശേഷം ഓണ്‍ലൈന്‍ കാണുമ്പോള്‍ ഇന്നലെ കണ്ടു പിരിഞ്ഞത് പോലെ കുശലം ചോദിക്കുകയും ചെയ്യുന്ന ഈ കൊച്ചു കൂട്ടുകാരിയെ ഈ ലിസ്റ്റില്‍ നിന്നും എങ്ങനെ മാറ്റി നിര്‍ത്തും?
കണ്ണന്‍ - അച്ഛന്‍പെങ്ങള്‍ വലിയ എഴുത്തുകാരി ആണെന്നോ ആകുമെന്നോ എന്നൊക്കെയാണ് ഇവന്റെ ഭാവന. അതുകൊണ്ട് തന്നെ എന്റെ പോസ്റ്റുകള്‍ മുടങ്ങാതെ വായിക്കുകയും കുടുംബ സദസ്സിലും സുഹൃത്സംഗമത്തിലും ഒക്കെ ഇതേ കുറിച്ച് സംസാരിക്കുകയും ഒരു പാട് പഴംകഥകള്‍ നിറഞ്ഞു കിടക്കുന്ന തറവാടിനെ കുറിച്ച് കഥകള്‍ എഴുതാന്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന എന്റെ സ്നേഹമുള്ള മരുമകന്‍
കൂടാതെ എന്റെ പോസ്റ്റുകള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുന്ന വിഷ്ണു, നേഹ, ജീന, ജോജിയ, മാരാര്‍,ജോ തുടങ്ങിയ എല്ലാവരോടും ഈ മഞ്ഞുതുള്ളിക്കരികിലേക്ക് വരുകയും തൊട്ടുനോക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ സുമനസുക്കള്‍ക്കും നന്ദി...നന്ദി..നന്ദി..
എല്ലാവര്ക്കും സ്നേഹത്തിന്റെ സൌഹൃദത്തിന്റെ സാഹോദര്യത്തിന്റെ ഐശ്വര്യത്തിന്റെ സ്വപ്നസാഫല്യത്തിന്റെ ഒരു പുതു വര്ഷം ആശംസിക്കുന്നു...
HAPPY NEW YEAR!!!!!!!!!
(PHOTO COURTESY: SHAJI PANICKER)