2013, ഡിസംബർ 31, ചൊവ്വാഴ്ച

വാർഷികാവലോകനം

മഞ്ഞുതുള്ളിയായി ഇ-ലോകത്തേക്ക് കടന്നു വന്നിട്ട് മൂന്നു വർഷം കഴിയുന്നു . ഞാൻ ഒരു സാഹിത്യകാരിയോ എഴുത്തുകാരിയോ  ഒന്നുമല്ല, എന്റെ ഉള്ളിലെ ചില ചിന്തകളെ കുറിച്ചിടാൻ ഞാൻ കണ്ടെത്തിയ ഒരിടം മാത്രം ആയിരുന്നു ഇവിടം . എന്റെ ഭ്രാന്തൻ ചിന്തകൾ വായിക്കാനും അഭിപ്രായം പറയാനും ശ്രി. അജിത്തിനെ പോലുള്ളവർ സമയം കണ്ടെത്തിയപ്പോൾ തോന്നിയതെല്ലാം എഴുതികൂട്ടാൻ എനിക്കും ഒരു പ്രേരണ ആയി. നന്ദി, വന്നവർക്കും വായിച്ചവർക്കും പ്രോത്സാഹിപ്പിച്ചവർക്കും എല്ലാവർക്കും...

അവസാന നിമിഷത്തിലേക്ക്‌ കുതിക്കുന്ന വർഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ വലിയ നഷ്ടങ്ങളും ചെറിയ നേട്ടങ്ങളും കൊച്ചു അത്ഭുതങ്ങളും ആയി ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ് .

ഈ വർഷത്തിലെ ഏറ്റവും വലിയ നഷ്ടം ആയിരുന്നു എന്റെ അമ്മയുടെ വേർപാട്‌. സ്വന്തം ജീവിതത്തിലേക്ക് മാത്രം തല താഴ്ത്തിയിരുന്ന ബന്ധുക്കളെയും ബന്ധങ്ങളെയും കൂട്ടിയിണക്കി സ്നേഹം ആണ് എല്ലാത്തിലും വലുത് എന്ന് പഠിപ്പിച്ച ഒരു പാവം സ്ത്രീ, അതായിരുന്നു അമ്മ . ആദ്യം ഭർത്താവിനു വേണ്ടി ജീവിച്ചു , പിന്നെ മക്കൾക്ക്‌ വേണ്ടി. എന്നെങ്കിലും അമ്മ അമ്മക്ക് വേണ്ടി ജീവിച്ചിരുന്നോ എന്നോർക്കുമ്പോൾ പലപ്പോഴും അത്ഭുതം തോന്നും .അമ്മയുടെ നല്ല ഗുണങ്ങളിൽ ഒന്ന് പോലും സ്വാംശീകരിക്കാൻ നോക്കിയില്ലെങ്കിലും അമ്മ ചെയ്യാത്ത ഒരു കാര്യം ചെയ്യാൻ ആ  ജീവിതം എന്നെ പഠിപ്പിച്ചു . ആരോടും നോ പറയാതെ എല്ലാം തലയിലേറ്റി വാക്കിനും പ്രവർത്തിക്കുമിടയിൽ കിടന്നു ശ്വാസം മുട്ടുന്ന അമ്മയെ കണ്ടാണ്‌ പറ്റാത്ത കാര്യങ്ങൾക്ക് ഉറച്ച സ്വരത്തിൽ നോ പറയാൻ ഞാൻ പഠിച്ചത് . നൂല് അറ്റുപോയ മുത്തുകളെ പോലെ ആയി എല്ലാവരും. എങ്കിലും അവിടെയും ചില നന്മകൾ ഉണ്ടായി . കണ്ടാൽ മിണ്ടാത്തവരും അറിയാത്തവരും പരസ്പരം ഒന്നായി. അദൃശ്യമായ ഒരു സാന്നിധ്യമായി ഈ കണ്ണികളെ എന്നും കൂട്ടിയിണക്കി അമ്മ ഉണ്ടാകും ഇവിടെ ഉറപ്പാണ്‌ .

വിഷമസ്ഥിതിയിൽ കൂടെ ഉണ്ടാകുമെന്ന് കരുതിയിരുന്നവർ ആരും  തന്നെ കൂടെ ഉണ്ടായിരുന്നില്ല.പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലർ വന്നു തൊട്ടപ്പോൾ ഒറ്റക്കല്ല ആരെങ്കിലും ഒക്കെ ഉണ്ടാകും കൂട്ടായി എന്നുറപ്പായി. അല്ലെങ്കിലും ദൈവം അങ്ങനെ ആണ്, ഇനി എന്ത് ചെയ്യണം എന്നറിയാതെ തളർന്നിരിക്കുമ്പോൾ ഞാൻ ഇല്ലേ കൂടെ പേടിക്കുന്നതെന്തിനാ  എന്ന് ചോദിച്ചു പിടിച്ചെഴുന്നേൽപ്പിക്കാറുണ്ട് പലപ്പോഴും. കുരുങ്ങി മുറുകുമെന്ന് തോന്നിയ ചില കണ്ണികളെ മനപൂർവ്വം അറുത്തു മാറ്റിയപ്പോൾ കിട്ടിയ ആശ്വാസം ചെറുതല്ല. വാക്കുകൾ വെറും പൊള്ള ആണെന്നും അവ പാലിക്കാൻ ഉള്ളതല്ലെന്നും മനസിലാക്കി തന്ന ചെറിയ സംഭവങ്ങൾ... എല്ലാത്തിനും  ഒടുവിൽ ഞാൻ എന്നെ മനസിലാക്കിയ ചില മുഹൂർത്തങ്ങൾ... മുഖങ്ങളേക്കാൾ കൂടുതൽ മുഖംമൂടികൾ ആണെന്നു മനസിലായ ചില നേരങ്ങൾ.. മുഖംമൂടികൾ അഴിഞ്ഞു വീണ മുഖങ്ങൾ കണ്ട സന്തോഷം... കണ്ട സ്വപ്നങ്ങളിൽ ചെറുതെങ്കിലും ചിലതൊക്കെ യാഥാർത്ഥ്യമായ ചാരിതാർത്ഥ്യം... കുഴഞ്ഞു മറിഞ്ഞതെങ്കിലും ഒരു ബ്ലെസ്സ്ഡ് ലൈഫ് ആണ് എനിക്കെന്നു തോന്നിച്ച ചില സന്ദർഭങ്ങൾ..

സ്വപ്നങ്ങൾ ആണ് എന്റെ കൂട്ടുകാർ...
ശുഭാപ്തിവിശ്വാസം ആണ് എന്റെ വഴികാട്ടി...
ആത്മവിശ്വാസം ആണെന്റെ കരുത്ത് ....

 ഏതു പ്രതിസന്ധിയെയും നേരിടാൻ ഇവർ മൂന്നും എന്റെ കൂടെ എന്നും ഉണ്ടാകുമെന്ന വിശ്വാസത്തോടെ മഞ്ഞുതുള്ളിയെ തൊട്ടറിയാൻ വന്ന, വരുന്ന എല്ലാ സഹൃദയർക്കും എന്റെ പുതുവത്സര ആശംസകൾ ...:)

HAPPY NEW YEAR TO ALL MY FRIENDS  &  WELL WISHERS


(Picture courtesy: Google)


2013, ഡിസംബർ 18, ബുധനാഴ്‌ച

ഇര

ജനിച്ചാൽ ഒരിക്കൽ മരിക്കണം എന്നുള്ളത് നിശ്ചയം, ചിലരുടെ അടുത്തേക്ക് മരണം കാലൊച്ച പോലും കേൾപ്പിക്കാതെ എത്തുന്നു. മറ്റു ചിലർ മരണത്തെ തേടി ചെല്ലുന്നു.ഇത്തരം സാധാരണമായ മരണത്തിൽ നിന്നും വ്യത്യസ്തമായി മരണം വേട്ടയാടി കൊണ്ട് പോകാൻ ആഗ്രഹിക്കുന്നു ചില അസാധാരണ ജന്മങ്ങൾ.

ചാരുകസേരയിൽ ചാഞ്ഞിരുന്നു പത്രത്തിലെ ചരമകോളവും അതിനടുത്ത അപകടമരണ വാർത്തകളും  വായിക്കുന്ന ചെറുപ്പക്കാരനെ നിങ്ങൾ കാണുന്നുണ്ടോ? മരണ വാർത്തകൾ ഒരു തരം ആർത്തിയോടെ  ആണ് അയാൾ വായിക്കുന്നത്. എന്തുകൊണ്ടാണ് അയാൾ ഇത്തരം വാർത്തകൾ മാത്രം വായിക്കുന്നത് എന്ന് സംശയം തോന്നിയേക്കാം. ഈയിടെ അയാൾ മരണത്തെ കുറിച്ച് മാത്രം ആണ് ചിന്തിക്കുന്നത്. മരണത്തെ മുന്നില് കണ്ടു ജീവന്റെ തുടിപ്പുകളിൽ മരണം അരിച്ചു കേറുന്നു   എന്നറിഞ്ഞു മരിക്കണം എന്നാണ് അയാളുടെ ആഗ്രഹം. ജീവിതത്തിലെ എല്ലാ കാര്യങ്ങളും സ്വന്തം മനസ്സിന്റെ സന്തോഷവും സുഖവും മാത്രം കണ്ടു ആവേശത്തോടെ ജീവിച്ച ചെറുപ്പക്കാരൻ ആണ്. അത് കൊണ്ട് തന്നെ മരണവും ത്രസിപ്പിക്കുന്നതു ആകണം  എന്നയാൾ വിചാരിക്കുന്നു.  വിചിത്രമായ അല്ലെങ്കിൽ ഉന്മാദകരമായ ഒരു മരണം.

വായനക്കിടയിൽ അയാളുടെ കണ്ണുകൾ ഒന്ന് തിളങ്ങിയോ? തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ഒരു സന്തോഷം അയാളുടെ മുഖത്ത് വിടരുന്നു. അയാളിൽ സന്തോഷം നല്കിയ വാർത്തഎന്തായിരിക്കും ?
'സൂ പാർക്കിലെ കുട്ടിയുടെ മരണം - അധികൃതരുടെ അനാസ്ഥക്ക് എതിരെ പ്രതിഷേധം "

 പൊട്ടി വീണ പട്ടം എടുക്കാൻ വേണ്ടി റോഡിലെ കമാനം വഴി പാർക്കിന്റെ മതിലു ചാടി കേറിയ കുട്ടി ലയണ്‍ സഫാരി പാർക്കിലെ സിംഹത്തിന്റെ വായിൽ അകപ്പെട്ടു മരിച്ചതിനെ തുടർന്നു കമാനം  പൊളിച്ചു മാറ്റാനോ മതിൽ  ഉയർത്തി കെട്ടാനോ  ശ്രമിക്കാത്തതിനു എതിരെ ഉള്ള പ്രതിഷേധം -  അതായിരുന്നു ആ വാർത്ത‍.

വ്യത്യസ്തമായ മാർഗത്തിലൂടെ മരിക്കാൻ ആഗ്രഹിച്ച അയാൾക്ക് കിട്ടിയ ചൂണ്ടു പലക ആയിരുന്നു അത്. പെട്ടെന്ന്  ജയിക്കാൻ അനുവദിക്കാത്ത മരണത്തിന്റെ ഇര. വന്യമായി വേട്ടയാടി  ജയിക്കുന്ന മരണം.വിശന്നു വലഞ്ഞ സിംഹത്തിന്റെ മുന്നിലേക്ക് സ്വയം എറിഞ്ഞു കൊടുത്താൽ ഇരയുടെ സുഖം, വേട്ടയുടെ വന്യത എല്ലാ അറിയാം. കലണ്ടറിലേക്ക്  നോക്കിയ അയാളുടെ മുഖത്ത് സന്തോഷം ഇരട്ടിച്ചു.  തിങ്കളാഴ്ച ആയിരുന്നു അന്ന്, സൂ പാർക്കിനു അവധി ദിവസം. ഇതിലും പറ്റിയ നല്ല ഒരു ദിവസം മരണത്തിനു ആയി ഇല്ല എന്ന തോന്നല് കൊണ്ടാണോ എന്തോ  കളഞ്ഞു പോയ കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയെ പോലെ അയാൾ തുള്ളി ചാടികൊണ്ടാണ്  അയാൾ പുറത്തേക്കു പോയത് .

സൂ പാർക്കിനു മുൻപിൽ എത്തിയ അയാൾ ചുറ്റും ഒന്ന് കണ്ണോടിച്ചു. എത്ര പ്രശാന്തമായ അന്തരീക്ഷം, മുന്നിലെ വലിയ ബോർഡിനു കീഴെ അടച്ചിട്ട ഗേറ്റിനു അപ്പുറത്ത് ഒരു കാവൽക്കാരൻ ഉറക്കം തൂങ്ങുന്നു. നഗരത്തിനു പുറത്തു മുന്നൂറ്റി എണ്‍പത് ഏക്കറിൽ പരന്നു കിടക്കുന്ന പാർക്കിന്റെ മതില് പറ്റി അയാൾ നടന്നു. കുറച്ചു നടന്നപ്പോൾ റോഡിലുള്ള കമാനം അയാളുടെ കണ്ണിൽ പെട്ടു. തന്റെ മരണത്തിലേക്കുള്ള ചവിട്ടു പടി നോക്കി അയാൾ ഒന്ന് ചെറുതായി ചിരിച്ചു. അതിക്രമിച്ചു കടക്കരുത് എന്ന ബോർഡിനപ്പുറമുള്ള വേട്ടക്കാരന്റെ അടുത്തെത്താനായി അയാൾ അതിലേക്കു വലിഞ്ഞു കയറാൻ തുടങ്ങി . അകത്തു മരച്ചുവട്ടിൽ  ഒട്ടിയ വയറുമായി  കണ്ണുകളടച്ചു കാത്തിരിക്കുകയാണ്‌  വേട്ടക്കാരൻ . കമാനത്തിൽ നിന്നും മതിൽ  ചാടി കടന്നു അയാൾചെന്ന്  വീണത്‌ കൃത്യം അതിന്റെ മുന്നിൽ  തന്നെ.  സട കുടഞ്ഞു എഴുന്നെല്കുമ്പോൾ കണ്ണിൽ  ഒറ്റ ചാട്ടത്തിനു തിന്നു തീര്ക്കാൻ പോകുന്ന  ക്രൌര്യം. ആഴ്ന്നിറങ്ങുന്ന കണ്ണുകൾ , നെഞ്ചിടിപ്പ് കൂട്ടുന്ന മുരൾച്ച, തിളങ്ങുന്ന ഉളിപല്ലുകൾ . അയാൾ തന്നോട് തന്നെ പറഞ്ഞു  "ഓടണം ഓടിയേ പറ്റൂ, ജീവന്റെയും മരണത്തിന്റെയും ഇടയിലെ നിമിഷങ്ങളിലെ സമ്മർദം അറിയണം എങ്കിലേ ത്രില്ലിംഗ് ഉള്ളൂ."

ഉസ്സൈൻ ബോൾടിനെ പോലെ അയാൾ മുന്നോട്ടു കുതിക്കവേ പിറകിൽ നിന്നും കേൾക്കുന്ന  മുരൾച്ച. വിടാതെ പിറകിലുണ്ട് അവൻ. ഒരു നിമിഷം വേഗം കുറഞ്ഞാൽ പുറത്തു തറഞ്ഞു കേറുന്ന നഖങ്ങൾ.ആ വേട്ട അവിടെ അവസാനിക്കും.നീർച്ചാലുകൾ മുറിച്ചു കടന്നു കുറ്റിക്കാടുകൾ വകഞ്ഞു മാറ്റി അയാൾ ഓടി .  വേരുകളുടെ തടസ്സങ്ങളിൽ  തട്ടി വീണപ്പോൾ ഉള്ളിൽ  നിന്നും ആരോ അയാളോട് പറഞ്ഞു "വേട്ടയാടലിന്റെ രസം മുഴുവൻ അറിയുന്നതിന് മുൻപേ കീഴ്പെട്ടുകൂട, ഓടു,ഓടു". ഇനി ഓടാൻ വയ്യ . പക്ഷെ അടിയറവു വെച്ച് കീഴടങ്ങലിൽ എന്താണ് ഒരു രസം? വേട്ടക്കാരന് അത്ര പെട്ടെന്നു എത്തി പെടാൻ കഴിയാത്ത ഉയരത്തിലേക്ക് കയറുമ്പോൾ ഉള്ളിൽ ഉണ്ടായിരുന്നത് രക്ഷപെടാനുള്ള വ്യഗ്രത. മുകളിലെത്തി താഴോട്ടു നോക്കി അയാൾ ഒന്ന് ചിരിച്ചു. പൊരുതി ജയിച്ചവന്റെ ചിരി.                                        

ശക്തി പ്രാപിച്ചു വരുന്ന സൂര്യരശ്മികൾ. കണ്ണടച്ച്  ചാഞ്ഞിരിക്കവേ അയാളുടെ ഓർമകളിൽ നിറയുന്ന ചില ചിത്രങ്ങൾ.ജീവിതം വെട്ടിപ്പിടിക്കാനുള്ള ആവേശത്തിൽ നഷടപെട്ട ചില ഓർമചിത്രങ്ങൾ . ഒരിക്കലും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സമാന്തരരേഖകൾ ആണ് നമ്മൾ എന്ന് പറഞ്ഞപ്പോൾ പൊഴിഞ്ഞ കണ്ണീർനനവ്‌  തുടക്കാതെ ഇറങ്ങിപോകുന്ന കൊലുസ്സിന്റെ ശബ്ദം. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്കുള്ള ഓട്ടപാച്ചിലിൽ അറുത്തു മാറ്റിയ സ്നേഹ കണ്ണികൾ. സങ്കടങ്ങളും പരിഭവങ്ങളും ജീവിതയാത്രയിലെ തടസ്സങ്ങൾ എന്ന് പറഞ്ഞു കണ്ണും ചെവിയും അടച്ചു വെച്ചുള്ള ഓട്ടം.ആവേശഭരിതമായ ജീവിതത്തിൽ നിന്നും കോരിത്തരിപ്പിക്കുന്ന മരണത്തിൽ എത്തി നിൽക്കുമ്പോൾ നിറയുന്ന കണ്ണുകൾ തുടക്കാൻ കൊതിക്കുന്നു കൈകൾ.

ചെയ്തു പോയ എല്ലാ പാപങ്ങളും ആവി ആകാൻ എന്ന വണ്ണംതുളച്ചു കയറുന്ന സൂര്യകിരണങ്ങൾ.  
അയാൾ തന്റെ ജീവിതത്തിലേക്കുള്ള സ്വപ്നയാത്ര തുടങ്ങിയപ്പോൾ അയാളുടെ ശരീരം കനം കുറഞ്ഞു ഒരു പഞ്ഞികെട്ടുപോലെ  താഴേക്കുള്ള  യാത്ര തുടങ്ങിയിരുന്നു. താഴെ കാത്തു  നിന്ന കണ്ണുകളിൽ ഇപ്പോൾ ക്രൌര്യത്തിനു പകരം ഭക്ഷണം കണ്ട സന്തോഷം, ഉളിപല്ലുകളിൽ സൂര്യരശ്മിയുടെ പ്രതിഫലനം.





(കടപ്പാട് :  ആശയം തന്ന കൃഷ്ണദാസിനു ..:)  http://parvanam.blogspot.in/..)



2013, ഡിസംബർ 9, തിങ്കളാഴ്‌ച

ചില നേരങ്കളിൽ ചില മനിതർ


മുടിയിഴകളിൽ തഴുകി പോകുന്ന ഇളം കാറ്റ്  പോലെ അല്ലെങ്കിൽ ഒരു നനുത്ത മഴ പോലെ നമ്മുടെ മനസ്സിനകത്ത് കേറിഇരിക്കുന്ന  ചിലരുണ്ട് . സൌമ്യമായ ഒരു സാന്നിധ്യം. വന്നത് പോലെ തന്നെ അവർ ചിലപ്പോൾ  ഇറങ്ങിയും പോകും. അറിയാതെ, പറയാതെ. വേനലിൽ ഒരു മഴ കൊതിക്കുന്നത് പോലെ ചിലപ്പോഴൊക്കെ നമ്മൾ അറിയാതെ വീണ്ടും ആ സാന്നിധ്യം കൊതിച്ചു പോകും. അപ്പോൾ ഒരു സന്ദേശമായി പറന്നു ചെല്ലുമ്പോൾ ഞാനിവിടൊക്കെ തന്നെ ഉണ്ട് എന്ന ഓർമപെടുത്തലുമായി   മറുപടി എത്തുമ്പോൾ നമ്മൾ അറിയാതെ പുതുമഴയിൽ തുള്ളിച്ചാടുന്ന കൊച്ചുകുട്ടി ആയി മാറുന്നു .

എന്നാൽ ചിലരുണ്ട് നമ്മുടെ ഉള്ളിലേക്ക് നുഴഞ്ഞുകയറി അധികാരം സ്ഥാപിക്കുന്നവർ. അത്തരം നുഴഞ്ഞു കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എങ്കിൽ പോലും ഒരു അവകാശം പോലെ അവർ അവിടെ കയറി വരുന്നു. ചെറിയ സഹായങ്ങൾ, ഉപദേശങ്ങൾ പിന്നെ പതുക്കെ പതുക്കെ നമ്മുടെ എല്ലാ കാര്യങ്ങളിലും തല ഇടാൻ തുടങ്ങുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അതിരു നിശ്ചയിക്കുന്നത് പോലും അവരാകുന്നു. എന്ത് പറയണം എന്ത് പറയേണ്ട എന്നത് അവരാണ്  നിശ്ചയിക്കുന്നത് . ഉപദേശത്തിനു നന്ദി പറഞ്ഞു നമുക്കിഷ്ടം ഉള്ളത് ചെയ്താൽ 'ഈഗോയിസ്റ്റ് ' എന്ന പേര് വീഴുന്നു. അങ്ങനെ പറയുന്നവരോട് എനിക്ക് പറയാൻ ഉള്ളത് ഞാൻ ഈഗോയിസ്റ്റ് തന്നെ ആണ് എന്നതാണ് . എന്റെ സ്വാതന്ത്ര്യത്തിന്റെ, സന്തോഷത്തിന്റെ അതിർവരമ്പ്  നിശ്ചയിക്കുന്നത് ഞാൻ തന്നെ ആണ്.

ഓണ്‍ലൈനിൽ കണ്ട പെണ്‍സുഹൃത്ത്‌ സന്തോഷം എന്നാൽ എന്ത് എന്ന് ചോദിച്ചപ്പോൾ അവനവനെ അറിയുന്നത് ആണ് ഏറ്റവും വലിയ സന്തോഷം എന്ന് പറഞ്ഞത് അത് കൊണ്ടാണ് . താൻ  എന്താണ് എന്നും, എന്ത് ചെയ്യുന്നു എന്നും അതിന്റെ ഫലം എന്തായിരിക്കും എന്നുമുള്ള പൂർണ  ബോധത്തോടെ ജീവിക്കുമ്പോൾ മറ്റുള്ളവർക്ക് ഉപദ്രവമാകാത്ത നമ്മൾ  ചെയ്യുന്ന ഓരോ ചെയ്തികളും ഒരു തരത്തിൽ  അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്ക് സന്തോഷം തരുന്നു. 

2013, നവംബർ 11, തിങ്കളാഴ്‌ച

ബലികാക്കകൾ.

കുട്ടി ആയിരിക്കുമ്പോൾ എന്നും കാണുന്നതാണ്  ചീന്തിലയിൽ ഓടിൻപുറത്തു വെക്കുന്ന ഒരു പിടി ചോറ് .
 ഉണ്ണാൻ ഇരിക്കുന്നതിനു മുൻപേ കേൾക്കുന്ന ചോദ്യം 'കാക്കക്ക് ചോറ് കൊടുത്തോ?'
ഉത്തരം ഓടിൻപുറത്തെ കാക്കകളുടെ കലമ്പൽ.
ഈ കണ്ട കാക്കകൾക്ക് ചോറ് കൊടുക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യത്തിന് കാക്കകൾ പിതൃക്കൾ ആണ് ,അന്നം കൊടുത്താൽ പുണ്യം കിട്ടും എന്ന അശരീരി. ഈ മനുഷ്യര് എങ്ങനെയാ കാക്കകൾ ആകുന്നത് എന്ന സംശയം അന്ന് തൊട്ടേ ഉള്ളിൽ കടന്നു കൂടിയിരുന്നു. ഇന്ന് ആ സംശയം പ്രതീക്ഷയും കാത്തിരിപ്പും ആയി മാറിയിരിക്കുന്നു.

തലയിൽ നനഞ്ഞ തോർത്തിട്ടു ഈറനുടുത്തു എള്ളും പൂവും ചന്ദനവും ഓരോ ആവർത്തി നാക്കിലയിൽ വെക്കുമ്പോഴും ഒന്നു കണ്ണോടിച്ചു , മരക്കൊമ്പിൽ  എവിടയെങ്കിലും വന്നിരിക്കുന്നുണ്ടോ ആവോ? കിണ്ടിയിലെ വെള്ളത്തിൽ കൈ നനച്ചു മൂന്നു പ്രാവശ്യം കൈകൊട്ടി ക്ഷണിച്ചപ്പോഴും വീണ്ടും സംശയം .ഇത്ര പെട്ടെന്ന് രൂപാന്തരണം സംഭവിച്ചിരിക്കുമോ?

 അകത്തും പുറത്തും നോക്കി നിൽക്കുന്നവരുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത്  ആകാംക്ഷ മാത്രം.കാക്ക വരുമോ? 'ആളുകള് കൂടിയിരുന്നാൽ ഒച്ചയും ബഹളവും വെച്ചാൽ കാക്ക പിണ്ഡം എടുക്കില്ല എല്ലാരും മാറി പോകു'  ആരുടെയോ  ഉഗ്രശാസനം.

സമയം കടന്നു പോകുമ്പോൾ  ആകാംക്ഷ വാക്കുകളായി പുറത്തേക്ക്‌  " കാക്ക വന്നില്ലേ, എടുത്തില്ലേ?"എല്ലാവരിലും ഒരു ചോദ്യം. ചോദിക്കാതെയും ചോദിച്ചും മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പ്‌ . കാത്തിരിപ്പിനു നീളം കൂടിയപ്പോൾ ജനലിലൂടെ  കണ്ടു ബലിത്തറക്കരികിൽ ഒന്നിന് പകരം രണ്ടു ബലികാക്കകൾ. ആദ്യം തറയിലെക്കും പിന്നെ  പരസ്പരം നോക്കിയും അവർ പറഞ്ഞത് എന്തായിരിക്കും?

പതുക്കെ തറയിൽ കിടന്ന ചോറിൻവറ്റ്  കൊത്തി പറന്നുയരുമ്പോൾ അവർ ഒന്ന് കൂടി തിരിഞ്ഞു നോക്കിയോ?  നോക്കിയിരിക്കാം. നോക്കാതിരിക്കാൻ അവർക്കു കഴിയില്ലലോ?അവരുടെ വരവും കാത്തു ജനലഴികൾക്കിടയിൽ പതിച്ചു വെച്ചത് എത്ര എത്ര കണ്ണുകൾ ആണ്.




2013, നവംബർ 4, തിങ്കളാഴ്‌ച

മരണം  അതിന്റെ സന്ദർശനത്തിനു ശേഷം ബാക്കി വെക്കുന്നത് തണുത്തുറഞ്ഞ നിശബ്ദത ..

വരവിനു മുന്നോടിയായി  - തിമിര്ത്തു പെയ്യുന്ന തുലാവർഷത്തിൽ , ജനലുകളും വാതിലുകളും എല്ലാം മലർക്കെ തുറന്നിട്ടു ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ ചുവട്ടിൽ " നീ ഒരു പേപ്പർ എടുത്തു വീശി താ കുട്ടീ, വല്ലാതെ ഉഷ്ണിക്കുന്നു " എന്ന് പറയുന്ന പെരുംചൂട്..

കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും എല്ലാം വെറുതെ ..

മരണം തണുപ്പല്ല , കാണുന്നവരുടെയും കേൾക്കുന്നവരുടെയും നെഞ്ചിൽ കോരിയിടുന്ന ചുടുചാരം, നീറി നീറി പടരുന്ന വേദന...  

2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

നേർകാഴ്ചകൾ

അവധി ദിവസങ്ങളിൽ മുൻവശത്തെ വരാന്തയിൽ ഇരുന്നു വരാനുള്ളതും കഴിഞ്ഞു പോയതുമായ കാര്യങ്ങളും കൂട്ടത്തിൽ ഒരല്പം പരദൂഷണവും പറയുക എന്നത് കല്യാണം കഴിഞ്ഞ അന്ന് മുതൽ ഞങ്ങൾ ചെയ്തുകൊണ്ട് വരുന്നതാണ് . കഴിഞ്ഞ ഞായറാഴ്ച ഇത് പോലെ ഇരുന്നു സംസാരിക്കുന്നതിനിടയിൽ ആണ്  ഞങ്ങൾ അത് കേട്ടത് .

"ഗേറ്റ് അടച്ചോ ്##%^%₹^$&^&**&*("

മുന്നിലെ വീട്ടിലെ  എഴാം ക്ലാസ്സുകാരൻ പയ്യന് അവന്റെ വല്ല്യമ്മയോടു പറഞ്ഞതാണ്‌.  ഒരു പതിമൂന്നുകാരൻ പറയേണ്ട വാക്കുകൾ  ആയിരുന്നില്ല അത്.  ഞാൻ അത്ഭുതത്തോടെ കണവന്റെ മുഖത്തേക്ക് നോക്കി. അച്ഛന്റെ അമ്മയോടല്ലേ ആ കുട്ടി പറയുന്നത് എന്നത് വിശ്വാസം വരാതെ അങ്ങേരും വാ പൊളിച്ചു.  പിന്നെ പതുക്കെ ചോദിച്ചു "നിനക്കോർമയുണ്ടോ മോൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു സിനിമ ഡയലോഗ് പറഞ്ഞതിന്റെ പേരില് സ്കൂളിലേക്ക് വിളിപ്പിച്ചത് ".


നാളെ സ്കൂളിലേക്ക്  വരാൻ മിസ്സ്‌ പറഞ്ഞു എന്ന് മോൻ വന്നു പറഞ്ഞപ്പോൾ വലിയ അത്ഭുതം ഒന്നും തോന്നിയില്ല . കുരുത്തക്കേടിന്റെ അവതാരം ആയതു കൊണ്ട് ആഴ്ചയിൽ മൂന്നു ദിവസം സ്കൂളിന്റെ പടി കേറാനുള്ള ഭാഗ്യം ഉണ്ടാകാറുണ്ട്. പിറ്റേന്ന് പ്രിൻസിപ്പളിന്റെ മുറിയിൽ ചെന്നപ്പോൾ ആണ് കാര്യമായ എന്തോ കുഴപ്പം ഉണ്ട് എന്ന് മനസിലായത് . വേറെ ഒരു പാരെന്റും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ മകൻ ഫൌൾ ലാംഗ്വേജ് ഉപയോഗിച്ചു എന്ന് പറഞ്ഞായിരുന്നു തുടക്കം. അവിടെ ഇരുന്ന ആളിന്റെ മകനോട്‌ ആണ് പറഞ്ഞത് എന്നായിരുന്നു. ഞങ്ങൾ വീട്ടില് ഒരു തരത്തിലുമുള്ള അനാവശ്യ വാക്കുകളും ഉപയോഗിക്കാറില്ല. ഇവൻ ഉപയോഗിച്ച വാക്ക് അറിയാൻ വേണ്ടി എന്താണ് പറഞ്ഞത് എന്ന് ഞാൻ ചോദിച്ചു . മിലിട്ടറിക്കാരനായ ആ അച്ഛൻ " അതിനെ പറ്റി  കംപ്ലൈന്റ്റ്‌ പറയാൻ വന്ന എനിക്ക് ആ വാക്ക് പറയാൻ ബുദ്ധിമുട്ടുണ്ട് ' എന്ന് പറഞ്ഞു . അയാൾ എന്തൊക്കെയോ പറഞ്ഞു ' വീട്ടിൽ വളർത്തുന്നതിന്റെ കുഴപ്പം ആണ്, അച്ഛനമ്മമാര വേണം മക്കളെ നിയന്ത്രിച്ചു വളർത്താൻ' എന്ന് തുടങ്ങി പ്രിൻസിപ്പളും അയാളും എനിക്ക് സ്റ്റഡി ക്ലാസ്സ്‌ എടുത്തു . കൂട്ടത്തിൽ  പറയട്ടെ ആ അച്ഛൻ ഒരു മലയാളി ആയിരുന്നു. പട്ടാളക്കാരനും, അതിന്റെ ഒരു ഗർവ് അയാളുടെ വാക്കിലും പെരുമാറ്റത്തിലും കാണാമായിരുന്നു (അല്ലേലും മലയാളികള് പട്ടാളക്കാർ ആയാൽ അങ്ങനെയാ, താനൊഴിച്ച് ബാക്കി എല്ലാവരും ഗ്രാസ് ആണ് എന്നാണ് ഭാവം ). എല്ലാം കേട്ട് കഴിഞ്ഞു മോന്റെ പേരില് സോറി പറഞ്ഞു, ഇനി ആവർത്തിക്കാതെ നോക്കാമെന്ന് പറഞ്ഞു പുറത്തിറങ്ങിയപ്പോഴും എന്താണ് അവൻ ഉപയോഗിച്ച ചീത്ത വാക്ക്  എന്ന് എനിക്ക് മനസിലായില്ല. വൈകുന്നേരം സ്കൂൾ വിട്ടു വന്ന മോന് ചോറ് കൊടുക്കുമ്പോൾ ആണ് ഞാൻ അവനോടു ചോദിച്ചത് മോൻ എന്താ ആ കുട്ടിയോട് പറഞ്ഞത്  " അതില്ലേ അമ്മേ , അടി കൂടിയപ്പോൾ ഞാൻ ഇന്നലത്തെ സിനിമയിൽ സുരേഷ് ഗോപി പറഞ്ഞ പോലെ 'ഫാ പോടാ പുല്ലേ , s**t  എന്ന് പറഞ്ഞു , അവൻ ഓടി പോയി "
മൂന്നു വയസ്സുകാരന്റെ നിഷ്കളങ്കതയോടെ കണ്ണുകൾ വിടർത്തി അവൻ ആവേശത്തോടെ പറഞ്ഞു നിർത്തി. ഈ കാര്യത്തിന് ആണല്ലോ ആ മനുഷ്യൻ എന്നെ രാവിലെ നിർത്തി പൊരിച്ചത് എന്നോർത്തപ്പോൾ സങ്കടവും ദേഷ്യവും ഒക്കെ ഒരുമിച്ചു വന്നു.. പിന്നെ മെല്ലെ മോനെ പറഞ്ഞു മനസിലാക്കി നമ്മൾ വീട്ടിൽ ഉപയോഗിക്കാത്ത വാക്കുകൾ ഒന്നും മോൻ ഇനി ആരോടും പറയരുത് .

'കാലം പോയ പോക്ക്, ഇപ്പോഴത്തെ കുട്ടികൾ ഒക്കെ എന്താ ഇങ്ങനെ ആവോ'  എന്നാ കണവൻ പറഞ്ഞപ്പോൾ ആണ് ഞാൻ ഓർമയിൽ നിന്നും ഉണർന്നത് .

രണ്ടു ദിവസം കഴിഞ്ഞു ആ വീടിനു മുന്നില് പോലീസിനെ കണ്ടപ്പോൾ കാര്യം തിരക്കി. ആ പയ്യന് വല്യമ്മയ്ക്ക് എതിരായി ബാലപീഡനത്തിനു കേസ് കൊടുത്തിരിക്കുന്നുവത്രേ . അതിനും രണ്ടു ദിവസം മുൻപേ ആണ് ആ കുട്ടിക്ക് വയറുവേദന ആയിട്ട് അവർ തന്നെ അവനെ ഡോക്ടറെ കാണിച്ചു കൊണ്ട് വരുന്നത് ഞാൻ കണ്ടത്. പിന്നെ എന്തിനാണ് ഈ കേസ് എന്നറിയാൻ ഒരാഗ്രഹം തോന്നി അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് , തന്റെ സ്വത്തിൽ മകന് (ആ കുട്ടിയുടെ അച്ഛന്) അവകാശം ഒന്നും കൊടുക്കില്ല എന്ന് അമ്മ പറഞ്ഞത് കൊണ്ട് ആ മകൻ തന്നെ തന്റെ മകനെ കൊണ്ട് അമ്മക്കെതിരെ കേസ് കൊടുപ്പിച്ചു എന്നാണ് .

ഒരുപാടു കഷ്ടപ്പെട്ട് വളര്ത്തിയ മകൻ തന്നെ അമ്മയെ കുരുക്കിലാക്കാൻ ശ്രമിക്കുന്നു. അതിനു എട്ടും പൊട്ടും തിരിയാത്ത തന്റെ മകനെ കരുവാക്കുന്നു. നാളെ വളര്ന്നു വലുതാകുമ്പോൾ ആ കുട്ടി സമൂഹത്തിനും, കുടുംബത്തിനും, പറ്റിയ ഒരു നല്ല മനുഷ്യൻ ആകുമോ? ആ, ആർക്കറിയാം 

2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

MIND?...... DON'T MIND!!!

അടുത്ത അഞ്ചു വർഷത്തെ കമ്പനിയുടെ വളർച്ച പ്ലാൻ ചെയ്യുന്നതിനിടയിൽ ആണു മൊബൈൽ റിംഗ് ചെയ്തതു . ജോലിയിലുള്ള  'ആത്മാർത്ഥത' കൊണ്ട്   ആകാശം  ഇടിഞ്ഞു വീണാലും ഞാൻ ശ്രദ്ധിക്കാറില്ല. ചെയ്യുന്ന ജോലിയുടെ പ്രാധാന്യം, ഇടുന്ന ഒരു പൂജ്യം കുറയുകയോ കൂടുകയോ ചെയ്താൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇതെല്ലാം നന്നായി അറിയുന്നത് കൊണ്ട്  ആ ഭാഗത്തേക്ക് നോക്കാൻ തന്നെ പോയില്ല. പലപ്പോഴും ജോലിക്കിടയിൽ മൃദുലവികാരങ്ങൾ ഒന്നും തന്നെ എത്തിനോക്കാറില്ല. ഉത്തരവാദിത്വത്തിന്റെ  ഉണ്ടക്കണ്ണുകൾ  അതിനു സമ്മതിക്കില്ല എന്ന് പറയാം. പിന്നീടു ഫോണ്‍ എടുത്തു നോക്കുമ്പോൾ മൂന്നു മിസ്സ്ഡ് കാളുകളും ഒരു മെസേജും.അതും ഏറ്റവും അടുത്ത സുഹൃത്തിന്റെ. എന്നിട്ടും തിരിച്ചു വിളിക്കാനോ മെസ്സേജിനു മറുപടി   ഇടാനോ മെനക്കെട്ടില്ല.

വൈകുന്നേരത്തെ ബസ്‌ യാത്രയിൽ ആണ് അന്നന്നത്തെ ചെയ്തികളുടെ കൂട്ടികിഴിക്കൽ നടക്കാറുള്ളത്. ഫോണ്‍ എടുക്കാതിരുന്നത് ശരിയായോ എന്ന ചോദ്യത്തിനു മീശ പിരിച്ചുകൊണ്ട് ഉത്തരം  'ഒരു തെറ്റുമില്ല'.  ഉത്തരം മനസ്സിൽ നിന്നല്ല, അപ്പോൾ മനസ്സ് എവിടെ പോയി? ഇത്തരം ചോദ്യങ്ങൾക്കു മനസ്സിന് മാത്രമല്ലെ നല്ല ഉത്തരം കണ്ടെത്താൻ കഴിയൂ , പക്ഷെ എന്റെ മനസ്സ് , അതെവിടെ?

തലച്ചോറിലെ സൂപ്പർ കമ്പ്യുട്ടെറിനെ ഓണ്‍ ആക്കി തിരഞ്ഞു നോക്കാം . സെർച്ച്‌ വിൻഡോവിൽ മനസ്സ്  എന്നടിച്ചു. പെട്ടെന്ന് തന്നെ ഉത്തരം വന്നു

Your search - മനസ്സ് - did not match any documents.

ഈശ്വരാ എന്റെ മനസ്സ് !!

കീ വേർഡ്സ് മാറ്റി അടിച്ചുകൊണ്ടു തിരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു. എപ്പോഴോ 'don't mind' എന്നടിച്ചപ്പോൾ അതാ കിടക്കുന്നു നിർവികാരതയുടെ ഉടുപ്പിൽ എന്റെ മനസ്സ്. എന്ത് പറ്റി എന്ന് ചോദിക്കേണ്ട കാര്യമില്ലായിരുന്നു. മനസ്സിന്റെ കൊച്ചു കൊച്ചു ചോദ്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ എല്ലാം 'don't mind' എന്ന് പറഞ്ഞു ഗൌനിക്കാതെ ഇരിക്കുന്ന ചിത്രങ്ങൾ ഓർമയിൽ തെളിഞ്ഞു. മനസ്സിനെ സന്തോഷിപ്പിച്ചിട്ടു,  അടുത്തറിഞ്ഞിട്ടു എത്ര കാലം ആയി. കറുത്തിരുണ്ട ആകാശത്തിനു കീഴെ അലറിവിളിക്കുന്ന കടലിനെ കാണാനുള്ള ആഗ്രഹത്തെ , തിയേറ്ററിൽ പോയി സിനിമ കാണാനുള്ള മോഹത്തെ, കോളേജിലെ കൂട്ടുകാരോടൊപ്പം ഉള്ള പിക്നിക്‌ അങ്ങനെ എന്തൊക്കെ ആണ് സമയമില്ല എന്ന് പറഞ്ഞു  'don't mind' അടിച്ചു കളഞ്ഞത്. കീ കൊടുത്തു വിട്ട പാവയെ പോലെ രാവിലെ മുതൽ രാത്രി വരെയുള്ള ഓട്ടം.ഒന്നിനും നേരമില്ലാത്ത ഈ ഓട്ടം എവിടെ ചെന്നവസാനിക്കും എന്ന് ചിന്തിക്കവേ  തെളിഞ്ഞത് ഉടഞ്ഞ മണ്‍പാത്രത്തിന്റെ ഒരു ഭാഗം ആയിരുന്നു .

പിന്നെ ഒട്ടും വൈകിയില്ല സുഹൃത്തിനു ഒരു മെയിൽ ഇടാമെന്നു കരുതി ജി മെയിൽ തുറന്നു. അപ്പോഴേക്കും എന്തിനായിരുന്നു വിളിച്ചത് എന്നറിയിച്ചു കൊണ്ടുള്ള ഒരു മെയിൽ അവിടെ കാത്തുകിടക്കുന്നുണ്ടായിരുന്നു.അത് വായിച്ചപ്പോൾ ഫോണ്‍ എടുക്കാതിരുന്നത്  വലിയ തെറ്റായി പോയി എന്ന് തോന്നി. അതിന്റെ അവസാന വരികളിൽ എന്റെ കണ്ണും മനസ്സും ഒരു പോലെ ഉടക്കി.

I know u have got a serious reason.. otherwise u will answer my call any midnight..

വിശ്വാസം !!

ഈ വിശാസത്തിന് ഒരു  മിനിറ്റ് പോലും മാറ്റിവെക്കാൻ കഴിയാതെ ഇരുന്ന ഞാൻ ആരാണ്

Most Arrogant,Self Centered, Egotistical Person അല്ലെങ്കിൽ in short കൂപമണ്ടൂകം !!!



2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

കുട്ടിച്ചോദ്യങ്ങൾ

ജിഫാൻ - 3 1/ 2 വയസ്സ് . അടുത്ത വീട്ടിലെ കുസൃതി പയ്യൻ

കുട്ടി പത്താം  ക്ലാസ്സിൽ ആണെങ്കിലും നാക്ക്‌ എം എ ക്കാണ് എന്ന് മോഹൻലാൽ പറഞ്ഞത് പോലെയാണ് ജിഫുന്റെ സംശയങ്ങളും.  അതെന്താ അങ്ങനെ , ഇതെന്താ ഇങ്ങനെ എപ്പോഴും  ഓരോന്നും ചോദിച്ചു കൊണ്ടേയിരിക്കും അവൻ. "ഓന്റെ ചോദ്യത്തിനുത്തരം പറഞ്ഞു പറഞ്ഞു എനിക്ക്  വട്ടാകും' എന്ന് അവന്റെ ഉമ്മയുടെ പരാതി.

ഒരു ദിവസം കിണറിന്റെ വക്കത്തു ഇരിക്കുന്ന എന്റെ അടുത്ത് വന്നു അവന്റെ ആദ്യത്തെ ചോദ്യം വന്നു " ഇങ്ങക്ക് ഇന്ന് പണിക്കു പോണ്ടേ ?

വേണ്ട

"അതെന്താ"

ഇന്ന് ലീവ് ആണ്

"അതെയോ, കിണറ്റിലേക്ക് നോക്കി മീനിനെ കാണുന്നില്ലേ? ഒക്കെ  എന്റെ ഇക്ക കൊണ്ടിട്ടതാ, കണ്ടോ ഇങ്ങനിങ്ങനെ പോകുന്നേ"

അപ്പോഴാണ് ബീത്താത്ത വെള്ളം കോരാൻ ആയി വന്നത് . കുറച്ചു ബക്കെറ്റ് വെള്ളം കോരിയെടുക്കുന്ന വരെ ജിഫു നോക്കി നിന്നു . അത് കഴിഞ്ഞു ഒറ്റ ചോദ്യം

" ഇങ്ങള് വെള്ളം മുയുമൻ കോരികൊണ്ടോയാൽ മീനോൾക്ക് കുടിക്കാൻ വെള്ളംണ്ടാവോ ?"


അന്നേരം ഒരു പൂച്ച വന്നു എന്റെ കാലിനു അടുത്തിരുന്നു . അടുത്ത ചോദ്യം എന്നോടായിരുന്നു

" ഇങ്ങക്ക് പൂച്ചേനെ  പേടില്ലാ ?"

ഇല്ല്ല

"അതെന്താ പേടില്ലാത്തെ , എനിക്ക് പേടി ആണല്ലോ "

ജിഫുട്ടൻ ചെറിയ കുട്ടി അല്ലെ ഞാൻ വലിയ ആൾ അല്ലേ , വലിയ ആൾ ആകുമ്പോൾ മോനും പേടിയുണ്ടാകില്ല

"എന്നാൽ ഇങ്ങള് പൂച്ചെന്റെ വാലിൽ പിടിച്ചു പൊക്കി "

എനിക്ക് പേടിയാ, പൂച്ച മാന്തും

"ഇങ്ങളല്ലേ പറഞ്ഞേ വലിയ ആളായതുകൊണ്ട് പൂച്ചേനെ പേടില്ലാന്നു . ഇങ്ങളെന്തു വലിയ ആളാണേ ????????"

 സത്യത്തിൽ ഞാൻ വലുതായതാണോ ചെറുതായതാണോ ? ഇപ്പം സംശയം മുഴുവൻ എനിക്കാ !!!

2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

തിരികെ യാത്ര !

എപ്പോഴും  യാത്ര തിരഞ്ഞെടുത്ത വഴികളിലൂടെ മാത്രം ആയിരുന്നു. ഊടുവഴികൾ അല്ലാത്ത കാടും പുല്ലുമില്ലാത്ത വീതിയേറിയ തെളിഞ്ഞ പാതകൾ. നേർവഴി ആയതുകൊണ്ട് തന്നെ ഒരു വഴികാട്ടിയുടെ ആവശ്യകത ഒരിക്കലും അനുഭവപെട്ടിരുന്നില്ല. ലക്ഷ്യമെന്നൊന്നു ഉണ്ടായിരുന്നോ അറിയില്ല, ഈ യാത്ര അനിവാര്യം ആണെന്നും ഇടയ്ക്കു വെച്ച് ഉപേക്ഷിക്കാൻ കഴിയാത്തത് ആണെന്നും ഉള്ള ബോധം മാത്രം ഉണ്ടായിരുന്നു.

നീണ്ടു നിവർന്നു  കിടക്കുന്ന വഴികൾ ഇടക്കെപ്പോഴോ വിരസമായി തോന്നി തുടങ്ങി . അതിനെ അകറ്റാൻ വേണ്ടിയാണു  ഒരു കൂട്ട് തേടിയത്. മിണ്ടിയും പറഞ്ഞും നടക്കുമ്പോൾ യാത്രയുടെ ദൈർഘ്യം അറിയാനും കഴിയില്ലല്ലോ. ഊടുവാഴികളിലൂടെ ഉള്ള യാത്രയുടെ രസം ഇടയ്ക്കിടെ പറഞ്ഞു കൊതിപ്പിച്ചു കൊണ്ടേയിരുന്നു കൂട്ടിനു വന്നയാൾ. എങ്കിൽ അതും ഒന്നറിയണമെന്നു തോന്നിയപ്പോൾ അടുത്ത് കണ്ട ഊടുവഴിയിലേക്ക് നടന്നു കേറിയത്‌. വിരാമമില്ലാതെ സംസാരിക്കുന്നതിനിടയിൽ വഴി മനസിലാക്കാതെയുള്ള നടത്തം തുടർന്നു. അത് വരെ കാണാത്ത പല കാഴ്ചകൾ പകർന്നു  തന്ന ഹർഷോന്മാദം ഒന്ന് വേറെ തന്നെ ആയിരുന്നു. എത്ര ദൂരം, എത്ര നാൾ ഒന്നിനും ഒരു ഓർമയും കണക്കും വെച്ചില്ല. വഴി രണ്ടായി പിരിയുന്നിടത്ത്  വെച്ചാണു  കാഴ്ചകളുടെ മായികലോകത്തു നിന്നും പുറത്തേക്കു വന്നത്. ഏത് വഴി പോകണം എന്ന് മനസിലാകാതെ തിരിഞ്ഞു നോക്കിയപ്പോൾ ആണ് രണ്ടായി പിരിയുന്ന വഴിയുടെ നടുവിൽ  ഒറ്റക്കായി പോയി എന്നറിയുന്നത് തന്നെ.

എങ്ങോട്ടു  എന്നറിയാതെ കുഴങ്ങുമ്പോൾ ഒരു ഉൾവിളി , തിരിഞ്ഞു നടക്കുക, ഉപേക്ഷിച്ചു പോന്ന നേർവഴിയിലേക്ക് .

എളുപ്പമായിരുന്നില്ല അത് .നേരത്തെ കണ്ട കാഴ്ചകൾ എല്ലാം ഒരു കണ്‍കെട്ടു വിദ്യ ആയിരുന്നു എന്ന് മനസിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല. മുന്നോട്ടു പോകുന്ന മനസ്സും പിന്നോട്ട് വലിക്കുന്ന കാലുകളും, വഴിയിൽ പതിയിരിക്കുന്ന ക്ഷുദ്രജീവികൾ, ചതിക്കുഴികൾ, ചതുപ്പുകൾ, അങ്ങോട്ട്‌ പോകുമ്പോൾ കാണാതിരുന്ന പലതും വഴിമുടക്കികൾ ആയി മുന്നിൽ . വഴി ചോദിയ്ക്കാൻ ഒരു വഴികാട്ടിയോ , തളർച്ച മാറ്റാൻ ഒരു അത്താണിയോ  ഇല്ല്ല. പക്ഷെ നടന്നേ പറ്റൂ, ശരിയായ പാതയിലേക്കു തിരിച്ചെത്തിയെ മതിയാകൂ. ഇടക്കിടെയുള്ള  ബുദ്ധിയുടെ ഓർമ്മപ്പെടുത്തൽ.

നിർത്താതെ നടന്നു കൊണ്ടേയിരിക്കുന്നു ഇപ്പോഴും. വഴിയറിയാതെയുള്ള നടത്തം. കൂട്ടിനു പ്രതീക്ഷകളും നക്ഷത്രങ്ങളും മാത്രം. നേർവഴി ഒരു മരീചിക മാത്രമാണ് ഇപ്പോഴും !!!

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

അസാധാരണമാം സാധാരണമായ പ്രണയം

പ്രണയിക്കാൻ  പല വഴികൾ ഉണ്ട് 
സാധാരണവും അസാധാരണവുമായ 
പരിഭവം , പരാതി ഇവയെല്ലാം സാധാരണം 
എന്റെ പ്രണയം അസാധാരണം ആണ്!!

ഉത്തരം കിട്ടാത്ത എന്റെ ചോദ്യങ്ങൾ 
ആര്ക്കും വേണ്ടാത്ത സന്ദേശങ്ങൾ 
എന്നിട്ടും പരാതി പറയാത്ത എന്റെ പ്രണയം
അസാധാരണമാം സാധാരണമാണ് !!

മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ നിന്റെ
ഓർമയിലെ നേരംപോക്ക് മാത്രമാണ്  ഞാൻ 
എന്നിട്ടും പരിഭവിക്കാത്ത എന്റെ പ്രണയം  
അസാധാരണമാം സാധാരണമാണ് !!

കരിഞ്ഞ സ്വപ്‌നങ്ങൾ, തുള വീണ ഓർമചുമരുകൾ 
പ്രണയം കൊണ്ട് തുളകളെല്ലാം അടച്ചപ്പോൾ 
ഇപ്പോൾ മനസ്സ് നിറയെ നിന്നോടുള്ള പ്രണയമാണ് 
അസാധാരണമാം സാധാരണമായ എന്റെ പ്രണയം !!!

2013, ഓഗസ്റ്റ് 3, ശനിയാഴ്‌ച

ഞങ്ങൾക്കും വികാരവിചാരങ്ങൾ ഉണ്ട്

ഞങ്ങളുടെ തലകൾ കാക്കകൾക്ക്  കക്കൂസ് ആണ്. ഞങ്ങളുടെ കാലുകൾ അശരണർക്കും ലഹരിയിൽ മുങ്ങിയവർക്കും സപ്രമഞ്ചകട്ടിൽ. ഞങ്ങളുടെ ജനന-മരണ ദിനങ്ങൾ ആഘോഷങ്ങൾ ആണ്. ആ ദിവസങ്ങളിൽ  ഞങ്ങളുടെ മുന്നിൽ ആളുകൾക്ക് കൂട്ടം കൂടാം , പണ്ട് ഞങ്ങൾ ചെയ്ത കാര്യങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കാം . അത് കഴിഞ്ഞു പതുക്കെ വിസ്മൃതിയിലേക്ക് എടുത്തിടാം.   

കവലകൾ തോറും കല്ലിലും സിമെന്റിലും പടുത്തുയർത്തി പൂവും പാലും നിവേദ്യവും വെച്ച്,പറന്നു പോയ ഞങ്ങളുടെ ആത്മാക്കളെ ഇവിടെ പിടിച്ചു നിർത്തിയപ്പോൾ ഞങ്ങൾ സന്തോഷിച്ചു. ഞങ്ങളുടെ ജീവിതത്തെ , ആദർശങ്ങളെ നിങ്ങൾ വിലമതിക്കുന്നു എന്ന് അഹങ്കരിച്ചു. ഒരു പക്ഷെ വളരുന്ന തലമുറയിലേക്കു ഞങ്ങളുടെ അധ്വാനത്തിന്റെ കഥകൾ പകർന്നു കൊടുക്കാൻ ജീവനോടെ അല്ലെങ്കിലും ഞങ്ങൾ ഈ ഭൂമിയിൽ നിലനില്ക്കുന്നുണ്ടല്ലോ എന്നാഹ്ലാദിച്ചു . പക്ഷെ 'ഇതാരുടെ പ്രതിമയാണ് ' എന്ന കുഞ്ഞുങ്ങളുടെ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം നല്കി ഞങ്ങളുടെ ചെയ്തികളെ നിങ്ങൾ ലഘൂകരിക്കുമ്പോൾ നൊന്തു,കാരണം ശരീരം മാത്രം ആണ് നിങ്ങൾ കല്ലിലും സിമെന്റിലും പണിതത്. മനസ്സ് ഇപ്പോഴും പഴയതുപോലെ സ്വന്തം നാടിനും നാട്ടുകാർക്കും വേണ്ടി തുടിച്ചിരുന്നു. ഞങ്ങളുടെ മുന്നില് പന്തൽ കെട്ടി സമ്മേളനം നടത്തി  പരദൂഷണം പറഞ്ഞു  മൗനവ്രതം എന്ന വ്യാജേനെ  ഇരുന്നു മറ്റുള്ളവരെ പ്രാകി  . ഞങ്ങൾ  ജീവിച്ചിരുന്നപ്പോൾ ചെയ്യാതിരുന്ന പലകാര്യങ്ങൾക്കും ഇപ്പോൾ മൂകസാക്ഷികൽ ആണ് . എതിര്ക്കാൻ കഴിയാത്ത വെറും കരിങ്കൽ പ്രതിമകൾ.

നിങ്ങൾക്കറിയുമോ  ഇപ്പോൾ നിങ്ങൾക്ക് ഇത് പോലെ ഈ രാജ്യത്തു ഒരു ഭയവും കൂടാതെ നടക്കാൻ കഴിയുന്നത്‌ , സംസാരിക്കാൻ കഴിയുന്നത്‌ , ജീവിക്കാൻ കഴിയുന്നത്‌ ഞങ്ങളുടെ എല്ലാം ജീവന്മരണ പോരാട്ടഫലം ആണെന്നു. അന്ന് ഞങ്ങൾ നിങ്ങളെ പോലെ "വെറും മനുഷ്യർ " ആയിരുന്നുവെങ്കിൽ ഈ സുഖവും സന്തോഷവും നിങ്ങൾക്കുണ്ടാകുമായിരുന്നോ? (വെറും മനുഷ്യർ എന്നാൽ അവനന്റെ സുഖവും സന്തോഷവും മാത്രം നോക്കുകയും അതിനുവേണ്ടി മാത്രം ജീവിക്കുകയും അതിനു തടസ്സം നില്ക്കുന്ന എന്തിനെയും നശിപ്പിക്കുകയും ചെയ്യുന്നവർ ). എല്ലാം കിട്ടിയപ്പോൾ എങ്കിലും ഞങ്ങളെ വെറുതെ വിടാമായിരുന്നു. പ്രതിമകൾ ആക്കി നിങ്ങൾക്കിടയിൽ  പ്രതിഷ്ടിച്ചത്  ഇങ്ങനെ ഒക്കെ ചെയ്യാൻ വേണ്ടി ആയിരുന്നോ? പെട്രോൾ ഒഴിച്ചു കത്തിച്ചത്,അടിച്ചു തകർക്കുന്നത്  പ്രതിമയെ അല്ല ഞങ്ങളുടെ ആദര്ശങ്ങളെ ആണ്, ഞങ്ങളുടെ പോരാട്ടങ്ങളുടെ അന്തസത്തയെ ആണ്. 
അരുത് മനുഷ്യാ , നീ ഇത്രയും ക്രൂരൻ ആകരുത് .

വളര്ന്നു വരുന്ന തലമുറയോട് ഒരു വാക്ക്: " ദയവു ചെയ്തു ആരുടേയും പ്രതിമകൾ നിർമ്മിച്ചു പ്രതിഷ്ടിക്കരുത് , നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെ, വാക്കിലൂടെ സഹജീവികളോടുള്ള പെരുമാറ്റത്തിലൂടെ മഹാന്മാരെ ഓര്മ്മിക്കു , ഓര്മ്മിപ്പിക്കു "

 മാ നിഷാദ!!!


(വാൽകഷ്ണം : ആന്ധ്രാ പ്രദേശ് സംസ്ഥാന വിഭജനത്തെ തുടർന്ന് സീമാന്ധ്രയിൽ നടക്കുന്ന ലഹളയിൽ മുതിര്ന്ന നേതാക്കളുടെ പ്രതിമയിൽ പെട്രോളും ,ടയറും ഒക്കെ ഇട്ടു കത്തിക്കുന്ന,അടിച്ചു തകർക്കുന്ന കാഴ്ച ടി വി യിൽ കണ്ടപ്പോൾ തോന്നിയ ചില കാര്യങ്ങൾ )

2013, ജൂലൈ 15, തിങ്കളാഴ്‌ച

ശ്വാസതടസ്സം


 പറയാനുള്ളത് 
മുൻപേ നിർവചിക്കപ്പെടുമ്പോൾ 
ചതുരംഗ പലകയിലെ കുതിരയെ പോലെ 
ഗതി നിർണ്ണയിക്കപ്പെടുമ്പോൾ 
എനിക്ക് ശ്വാസം മുട്ടുന്നു !!

ചിന്തയുടെ ഉലയിൽ കാച്ചിയെടുത്ത് 
വെറുപ്പിന്റെ കൂടം കൊണ്ടടിച്ചു പരത്തി 
മുര്ച്ചയേറിയ ആയുധമാക്കി 
വിലക്കുന്നവരുടെ കഴുത്തറക്കാൻ 
വെമ്പൽ കൊള്ളുമ്പോൾ 
എനിക്ക് ശ്വാസം മുട്ടുന്നു !!

അങ്ങനെ പറയല്ലേ ഇങ്ങനെ ചിന്തിക്കല്ലേ
വിലക്കുകൾ വാക്കിനും ചിന്തക്കും 
എനിക്ക് ശ്വാസം മുട്ടുന്നു 
മൌനമായിരിക്കുമ്പോളല്ല 
സംസാരിക്കുമ്പോൾ !!

2013, ജൂലൈ 1, തിങ്കളാഴ്‌ച

1-7-13 (ഏക്‌ സാത് തേരാ )

പുറത്തു അലച്ചു പെയ്യുന്ന മഴ കണ്ടു നിന്ന്  ഓര്‍മയുടെ ജാലകം തുറന്നു നോക്കിയപ്പോള്‍  കണ്ടത്  കുസൃതി  ഒളിപ്പിച്ചു വെച്ച  പുഞ്ചിരി ആയിരുന്നു. നീ ഇപ്പോഴും അത് പോലെ തന്നെ ചിരിക്കാറില്ലേ അതോ നമ്മുടെ കണ്ണികൾ അടർന്നു പോയതു പോലെ അതും പോയി കാണുമോ? നിന്റെ മോതിരവിരലിലെ മറുക് ഇപ്പോഴും അത് പോലെ തന്നെ ഇല്ലേ?

ഓർക്കുന്നുണ്ടോ നമ്മൾ ഒരിക്കൽ പറഞ്ഞിരുന്ന, ആഗ്രഹിച്ചിരുന്ന ഹിമാലയയാത്രയെ പറ്റി? മനുഷ്യന്റെ കടന്നു കയറ്റത്തിന്  പ്രകൃതി നല്കിയ ശിക്ഷയെ പറ്റി നീ അറിഞ്ഞിരിക്കുമല്ലോ? എന്നെങ്കിലും നടക്കുമെന്ന് കരുതി ആ സ്വപ്നത്തെ ഞാൻ ഇപ്പോഴും മനസ്സില് കൊണ്ട് നടക്കുക ആയിരുന്നു. ഇനി അത് നടക്കുമോ എന്നെനിക്കു സംശയം തോന്നുന്നു.

സ്വപ്നങ്ങളിൽ നമ്മൾ നടന്നു തീർത്ത ദൂരങ്ങൾ എത്ര ആയിരുന്നു എന്ന് ഓർമ്മയുണ്ടോ? .വൈകുന്നേരങ്ങളിലെ  കടലോര യാത്രകൾ..ചൂണ്ടുവിരല്‍ കോര്‍ത്ത്‌ നടക്കുമ്പോള്‍ നമ്മള്‍  സംസാരിച്ചിരുന്നില്ല.  അല്ലെങ്കിലും സ്നേഹത്തിന്റെ ഭാഷ മൌനം അല്ലെ ? ഓർക്കുന്നുവോ ഒരിക്കൽ ഇടയ്ക്കു മഴ പെയ്തപ്പോൾ നമ്മൾ ഓടി കയറിയത് ഒരു കൂൾ ബാറിലേക്ക് ആയിരുന്നു. തകർത്തു പെയ്യുന്ന മഴയുടെ തണുപ്പിൽ പേസ്ട്രിയും കോൾഡ്‌ കോഫിയും ഓർഡർ ചെയ്തു മഴയെ നോക്കി അതിൽ അലിഞ്ഞു ചേരുമ്പോഴും നിന്റെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു.

പേസ്ട്രിയുടെ അലിഞ്ഞിറങ്ങുന്ന തണുപ്പില്‍ നിന്റെ കുസൃതി ചിരി നോക്കിയിരുന്നപ്പോള്‍ ചെറിയൊരു കുസൃതി ഒപ്പിച്ചാലോ എന്ന് എനിക്കും തോന്നി. നിന്റെ നെറ്റിയില്‍ പതിച്ച എന്റെ ചുണ്ടിന്റെ തണുപ്പില്‍  (അതോ ചൂടായിരുന്നോ?) നീ ഇല്ലാതായപ്പോള്‍ ഞാന്‍ എന്നെ കണ്ടെത്തുക ആയിരുന്നു, ജീവിതത്തിന്റെ പരുക്കന്‍ പാതയില്‍ എനിക്ക് നഷ്ടപെട്ട എന്നെ!!

അകത്തേക്ക് അടിച്ചു കയറുന്ന മഴത്തുള്ളികൾ... ജനാല വലിച്ചടച്ചു അകത്തേക്ക് നടക്കുമ്പോൾ ഓര്മയുടെ ജാലകത്തെ കൂടെ പതുക്കെ ചേർത്തടച്ച  എന്റെ ചുണ്ടിലും ഒരു പുഞ്ചിരി തിളങ്ങുന്നുണ്ടായിരുന്നു!!!

2013, ജൂൺ 17, തിങ്കളാഴ്‌ച

നശിച്ച മഴ

മഴ പെയ്തിറങ്ങുന്നു മണ്ണിലും 
മനസ്സിലും
നിറയുന്നു പുഴകളായി ഒഴുകുന്നു
വഴികളായി...
ചിറകുകൾ കോതി 
ഉണക്കുവാനാകാതെ 
ചില്ലയിൽ കുറുകുന്നു
രണ്ടിണ പ്രാവുകൾ 
ഇറയത്തെക്കൊന്നി-
റങ്ങുവാനാകാതെ 
അറിയാതെ ഞാനും
ശപിച്ചു പോയിന്നലെ 
" എന്തൊരു നശിച്ച മഴ "

2013, ജൂൺ 12, ബുധനാഴ്‌ച

ദൂരദർശനം

ഇന്നലെ രാത്രി 7.57 നു ഏട്ടന്റെ മോളുടെ ഫോണ്‍ " വേഗം ഏഷ്യാനെറ്റ്‌ പ്ലസ്‌ വെച്ചു കാണു " . അറിയാവുന്ന ആരുടെയെങ്കിലും പരിപാടി ഉണ്ടാകുമെന്ന് കരുതി ചാനൽ വെച്ച് നോക്കിയപ്പോൾ കിലുക്കം സിനിമയിലെ ലോട്ടറി അടിച്ച രംഗം. 

"ഇത് കാണാൻ ആണോ ചേച്ചി വിളിച്ചു പറഞ്ഞത് ,ഇതിലിപ്പോൾ എന്താ വലിയ കാര്യം " മോന്റെ ചോദ്യം.

അതൊക്കെ വലിയ കഥയാണ് മോനെ എന്ന് പറഞ്ഞു ഞാൻ ചിരിച്ചു .
പണ്ട് ദൂരദർശൻ മാത്രം ഉണ്ടായിരുന്ന ഒരു കാലത്ത് വൈകുന്നേരം 5.30 മുതൽ 8 മണി വരെ മലയാളം പരിപാടികൾ കാണാൻ ടി വിയുടെ മുന്നില് തപസ്സിരുന്ന കാലം ഒക്കെ കാക്കതൊള്ളായിരം ചാനെലുകൾ വരുന്ന ഈ കാലത്ത് ആർക്കെങ്കിലും ചിന്തിക്കാൻ കഴിയുമോ?

ദൂരദർശനിൽ പണ്ട് കണ്ടിരുന്ന കുമിളകൾ, കൈരളി വിലാസം ലോഡ്ഗ് , പിന്നെ ഒരു പാട് നല്ല (മധുപാൽ) സീരിയലുകളും, തലാഷ്, ഫൗജി, സർകസ് , ഹം രാഹി, ക്ഷിതിജ് യെ നഹി ഹൈ തുടങ്ങിയ ഹിന്ദി സീരിയലുകളും മെഗാ സീരിയലുകൾ ആക്കി മനുഷ്യനെ ബോറടിപ്പിക്കുന്നവ ആയിരുന്നില്ല . അത് പോലെ തന്നെ വെള്ളിയാഴ്ച്ചകളിലെ ചിത്രഗീതം, ചൊവ്വാഴ്ചകളിലെ പ്രാദേശിക ഭാഷ ചലച്ചിത്രഗാനങ്ങൾ ഉള്പെടുത്തിയ ചിത്രമാല (പേര് ഇത് തന്നെ ആയിരുന്നോ? ഓർമയില്ല ).Balapam Patti Bhama Vollo എന്ന തെലുങ്ക് പാട്ട് ആദ്യം ആയി കേട്ടതും ഈ പരിപാടിയിലൂടെ ആയിരുന്നു. പിന്നീടു ആന്ധ്രയിൽ പോയി തെലുങ്ക്‌  പഠിച്ചതിനു ശേഷം ആദ്യം കണ്ട സിനിമയും കേട്ട് മനസിലാക്കിയ പാട്ടും ഇതായിരുന്നു.
ചിത്രഹാർ , രംഗോളി , പ്രണോയ് റോയുടെ വേൾഡ് ദിസ്‌ വീക്ക്‌ , സുരഭി ഇതെല്ലാം തന്നെ ഒഴിവാക്കാതെ കാണുന്നവ ആയിരുന്നു  ഞായറാഴ്ചകളിൽ ജയന്റ് റോബോട്ട് കാണാൻ കുട്ടികളുടെ ഒരു തിരക്ക് തന്നെ ആയിരുന്നു. 

അന്നത്തെ ഞങ്ങളുടെ പ്രധാന പരിപാടി ടി വിയിൽ വരുന്ന നല്ല പരിപാടികൾ റെക്കോർഡ്‌ ചെയ്തു വെക്കുക എന്നതായിരുന്നു. ഇന്നലെ പോലെ സി ഡി പ്ലയെർ ആയിരുന്നില്ല അന്ന് ഉണ്ടായിരുന്നത് വി സി ആർ ആയിരുന്നു. അന്ന് റെക്കോർഡ്‌ ചെയ്തു വെച്ചതിൽ ഒന്നായിരുന്നു കിലുക്കത്തിലെ ആ സിൻ. അത് പോലെ മൂക്കില്ലാ രാജ്യത്തിലെ ചില രംഗങ്ങൾ. വേറെ ഒരു പണിയും ഇല്ലാത്തപ്പോൾ ഇത് പ്ലേ ചെയ്തു ചിരിക്കുക എന്നതായിരുന്നു അന്നത്തെ നേരമ്പോക്ക്. അന്നും ഇന്നും എനിക്ക് ചിരിക്കാൻ ചെറിയ കാര്യം മതി(അത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു).തമാശ സിനിമകൾ കണ്ടു ചിരിച്ചു കണ്ണ് നിറഞ്ഞു വയറു കൊളുത്തി നിലത്തു വീണാലും ചിരി നിർത്താൻ എനിക്ക് കഴിയില്ല .മൂക്കില്ലാ രാജ്യത്തു കണ്ടു ചിരിച്ചു ചിരിച്ചു കരഞ്ഞതോർത്തു ഇപ്പോൾ വീണ്ടും ചിരിക്കും. മണിച്ചിത്രത്താഴ് കണ്ടത് ബ്ലൂ ഡയമണ്ടിൽ വെച്ചാണ്. അതിൽ വെള്ളവലിക്കാൻ എത്തിയ ആളെ തിരഞ്ഞു ഇന്നസെന്റ് കറങ്ങുന്ന രംഗം കണ്ടു ചിരിച്ചു സീറ്റിൽ നിന്നും താഴെ വീണ എന്നെ വലിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചവരും എന്റെ ചിരികണ്ട് ചിരിച്ചപ്പോൾ ഞാൻ വീണ്ടും താഴേക്ക്‌ തന്നെ വീണു. ഇന്ന് ബ്ലൂ ഡയമണ്ട് ഇല്ല അത് ഇടിച്ചു നിരത്തി വലിയ ഷോപ്പിംഗ്‌ കൊമ്പ്ലെക്സ് പണിതുകൊണ്ടിരിക്കുന്നു. ഈ കെട്ടിടം ആണ് ഇന്ത്യൻ റുപീയിൽ പൃഥ്വിരാജ് വിൽക്കാൻ ശ്രമിക്കുന്നെ ..:)

അങ്ങനെ എത്ര എത്ര ഓർമ്മകൾ , അവയൊക്കെ വറ്റാതെ വരളാതെ ഉണങ്ങി പോകാതെ കൊണ്ട് നടക്കാൻ ഇടയ്ക്കു വരുന്ന ചില ഫോണ്‍ വിളികളും ..:)

2013, ജൂൺ 4, ചൊവ്വാഴ്ച

ശിക്ഷ

'കൊല്ലും ഞാൻ' എന്ന് പറഞ്ഞപ്പോൾ 
തമാശ എന്നാണ് കരുതിയത്‌ 
അറിഞ്ഞില്ല സൌഹൃദത്തിന്റെ ചരട്  അറുത്ത്‌ 
ശ്വാസം മുട്ടിച്ചു കൊല്ലാൻ പോകുകയാണെന്ന്!!!

2013, മേയ് 27, തിങ്കളാഴ്‌ച

വട്ടെഴുത്തുകൾ

മഴ 

മലനിരകളിൽ നിന്നും ഇരമ്പിയെത്തി നെൽവയലുകളെ തൊട്ടു തലോടി ഇറയിൽ നിന്നും ഒഴുകിയെത്തുന്ന ഓർമ  മാത്രം ആയിരിക്കുന്നു ഇന്ന് മഴ . കുട ചൂടാതെ മഴ നനഞ്ഞെത്തി കുഴിയടിയിൽ (മേൽകൂരയിൽ നിന്നുള്ള മഴവെള്ളം എല്ലാം ഒരു ഭാഗത്ത്‌ മാത്രം വീഴാൻ ആയി തകരം കൊണ്ടുണ്ടാക്കിയ ഒരു സംഭവം) നിന്ന് കുളിച്ചു കേറി അമ്മ തരുന്ന കട്ടൻ കാപ്പി കുടിച്ചു വീണ്ടും ഇറയിൽ നിന്നും വീഴുന്ന മഴവെള്ളത്തിൽ കയ്യും കാലം  നനച്ചു മഴയെ സ്നേഹിച്ചു, പ്രണയിച്ചു , തൊട്ടു തലോടി ഉമ്മ വെച്ച കാലം ഇനി തിരികെ വരില്ല . ഇന്ന്  മഴയെ  പേടി ആണ്. മഴവെള്ളത്തോടൊപ്പം കവിഞ്ഞൊഴുകുന്ന അഴുക്കുചാൽ,കുടയിൽ വീഴുന്ന മഴതുള്ളികൾക്കൊപ്പം കറുത്ത നിറത്തിലുള്ള എന്തൊക്കെയോ.  മഴയെ വെറുത്തു പോകുന്നു ചിലപ്പോഴൊക്കെ. ഓഫീസ്  വിടുന്ന സമയത്ത് മഴ പെയ്യരുതെ എന്നാണ്  പ്രാര്ത്ഥന. ഇന്ന് മഴയോട് അല്പമെങ്കിലും സ്നേഹം തോന്നുന്നത് വയനാടൻ  ചുരം കേറുമ്പോൾ ആണ് .  മരങ്ങളിൽ വീഴുന്ന  മഴയുടെ  ശബ്ദം പഴയ കാലത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുമ്പോൾ സീറ്റിൽ ചാഞ്ഞിരുന്നു കണ്ണുകൾ  അടച്ചു പഴയ കാലപ്രണയം  മഴയോട് പങ്കിടുമ്പോൾ ഞാൻ അറിയാതെ മഴയെ വീണ്ടും സ്നേഹിച്ചു പോകുന്നു.

മുഖം മൂടികൾ 

ചുറ്റും മുഖം മൂടികൾ ആണ് . വികാരവിക്ഷോഭങ്ങളെ ഉള്ളിൽ ഒളിപ്പിച്ചു ചിരിക്കുന്ന മുഖം മൂടികൾ. ഇടയ്ക്ക്  അറിയാതെ പുറത്തേക്കു നീളുന്ന ദംഷ്ട്രങ്ങളെ ആരും കാണാതെ ഉള്ളിലേക്ക്  വലിച്ചെടുത്തു ചിരിക്കുന്ന മുഖം മൂടികൾ. ഇതിനിടയിൽ യഥാർത്ഥ മുഖവുമായി എത്ര നാൾ? ഞാനും അണിയുകയാണ് ഒരു മുഖം മൂടി. ഭംഗിയുള്ള ചിരിയോടു കൂടിയ മുഖം മൂടി. കഴുത്ത് ഞെരിച്ചു കൊല്ലാൻ ഉള്ള ദേഷ്യം ഉള്ളിൽ തിളക്കുമ്പോഴും നിറഞ്ഞ ചിരിയോടെ നില്ക്കുന്ന മുഖം മൂടി. അല്ലെങ്കിൽ ഒരു നിസ്സംഗതയുടെ മുഖം മൂടി ആയാലോ? ഭൂമി കീഴ്മേൽ മറിഞ്ഞാലും ഇതൊന്നും എന്നെ ബാധിക്കുന്നതേയല്ല എന്ന മട്ടിൽ തിരിഞ്ഞു നടക്കാനും മൌനത്തിന്റെ കൂട്ടിൽ ഒളിക്കാനും പറ്റിയത് നിസ്സംഗത തന്നെ.എന്റെ കണ്ണുകളിലേക്കു ഇങ്ങനെ തറപ്പിച്ചു നോക്കരുതേ . ചിരിക്കുന്ന മുഖത്തിന്‌ പിന്നിലെ വെറുപ്പ്‌, ദേഷ്യം, പുച്ഛം , അസൂയ ഒക്കെ നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കും അതുമല്ലെങ്കിൽ നിങ്ങൾ അണിഞ്ഞ മുഖംമൂടി അഴിഞ്ഞു വീഴും. 


നിഴൽ 

നിഴലുകൾക്കിടയിൽ സ്വയം   തേടുകയാണ് ഞാൻ. നീണ്ടു കിടക്കുന്ന സൂര്യരശ്മികൾ,അരികു ചിതറിയ നിഴലുകൾ ഇതിൽ എവിടെയാണ് ഞാൻ എന്നെ കണ്ടെത്തുക?സൂര്യനോടൊപ്പം മറയുന്ന നിഴലിനൊപ്പം, കണ്ടെത്താനാകാത്ത എന്നെ തേടി, നിഴലുകൾക്കിടയിലെ   മറ്റൊരു നിഴലായി വീണ്ടുമൊരു സൂര്യോദയത്തിനായി കാത്തിരിക്കുന്നു 

2013, മേയ് 10, വെള്ളിയാഴ്‌ച

എൻ വഴി തനി വഴി ...


മുറിഞ്ഞു പോയ കണ്ണികളെ  വാക്കുകളാൽ കൂട്ടി ചേര്ക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു നീ . എന്റെ കാതുകളിലേക്ക്  അവയൊന്നും എത്തുന്നില്ല എന്ന് നീ അറിയാതെ പോയതെന്ത് ?. നിനക്കാത്ത  നേരത്ത് മനസിന്നുള്ളിൽ രക്തം പൊടിയുന്ന ഒരു ഓര്മ മാത്രം ആയി നീ മാറി എന്നത് എങ്ങനെ ആണ് ഞാൻ പറഞ്ഞു മനസിലാക്കേണ്ടത്?

കള്ളം പറയുന്നവരെ എനിക്കിഷ്ടമില്ല എന്ന് ഞാൻ പറഞ്ഞത് നീ ഓർക്കുന്നുണ്ടോ ?എന്റെ പ്രാർത്ഥനകൾ ഒന്നും പണ്ടേ ദൈവം കേള്ക്കാറില്ല എന്നത് ഓര്ക്കാതെ നീ  കള്ളം പറഞ്ഞാലും അത് എനിക്ക് മനസിലാകാതെ ഇരിക്കണേ  എന്ന് ഞാൻ പ്രാർത്ഥിച്ചു. പക്ഷെ, ചില കാര്യങ്ങൾ നമ്മൾ വേണ്ട എന്ന് വെച്ചാലും നടക്കാതിരിക്കില്ലല്ലോ .
നുണകൾ ഉണ്ടാക്കുന്ന മുറിവിൽ  സ്നേഹം വാരി തേച്ചു ഉണക്കാനുള്ള ശ്രമങ്ങൾ പാഴായപ്പോൾ, ചേർത്ത് വെച്ച കണ്ണികൾ തുരുമ്പെടുക്കാൻ തുടങ്ങിയത് അറിയാഞ്ഞതല്ല. ബന്ധനങ്ങളിൽ നിന്നും സ്വയം മോചിപ്പിക്കാൻ അത് കണ്ടില്ലെന്നു നടിച്ചു. അതുകൊണ്ട് വാക്കുകളുടെ മാന്ത്രികതയാൽ കണ്ണികളെ ചേർത്ത് വെക്കാനുള്ള നിന്റെ ശ്രമം വെറുതെ ആണ്. എച്ചുകെട്ടാനാകാത്ത വണ്ണം അത് തുരുമ്പെടുത്തിരിക്കുന്നു.  രണ്ടു വഴികളിലൂടെ നടന്നിരുന്ന നമ്മൾ ഒരു വഴിയിൽ എത്തിച്ചേർന്നതും കൂടെ നടന്നതും നിറമുള്ള ഓർമ്മകൾ ആയി ഇരിക്കട്ടെ. അറിയാതെ എങ്കിലും എനിക്കും നിനക്കും വഴി തെറ്റിയിരിക്കുന്നു .നിറമുള്ള ഓർമ്മകളുമായി നിറഞ്ഞ പുഞ്ചിരിയോടെ നമുക്ക് നടക്കാം സ്വന്തം വഴികളിലൂടെ ...

2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

ഒരു പെണ്ണിന്റെ ദുഃഖം


ഇന്നും നേരം വൈകി,  കഴിഞ്ഞ കുറെ ദിവസങ്ങള് ആയി ഇങ്ങനെ ആണ് , കുപ്പിയില് നിന്നും വന്ന ഭൂതത്തെ പോലെ പണി എടുത്തു മടുത്തു. 'നേരം വൈകുന്ന ദിവസങ്ങളില് ആ ഇടവഴിയിലൂടെ പോകണ്ടാട്ടോ,  അത്ര ശരിയല്ല ആ വഴി, മെയിന്‍  റോഡ്‌ വഴി പോയാ  മതി" എന്ന് ഓഫീസിലുള്ള തലമൂത്തവര്‍ എല്ലാം പറയുന്നതാണ്. ഓടി പോകുന്ന ധൃതിയില്‍,   എളുപ്പത്തില്‍ എത്താന്‍  വേണ്ടി ഇടവഴി തന്നെ തിരഞ്ഞെടുത്തു.

ഒരു മനുഷ്യ ജീവി പോലുമില്ല വഴിയില് . ഈ വഴിക്കെന്താ ശരികേട് എന്നാലോചിച്ചു ആരുമില്ലല്ലോ  എന്ന ധൈര്യത്തില്‍ ഒരു പാട്ടും മൂളി വേഗത്തില്‍ നടക്കുമ്പോള്‍ ആണ് ഒരു ഇടവഴിയില്‍ നിന്നും ഒരു രൂപം മുന്നിലേക്ക്‌ ചാടിയത്‌ .താടിയും മുടിയും മുഴിഞ്ഞ വസ്ത്രവും. മനസ്സില് ബ്രേക്കിംഗ് ന്യൂസ്‌ സ്ക്രോള്‍ ചെയ്തു. ഈശ്വരാ ഇനിയിപ്പോള്‍ എന്താ ചെയ്യുക , മെല്ലെ തല ചെരിച്ചു പിറകിലേക്ക് നോക്കി , വഴിയിലെവിടെയും ഒരു പട്ടിക്കുട്ടി പോലുമില്ല. ചോര്ന്നു പോകുന്ന ധൈര്യത്തെ ചേര്ത്തുപിടിച്ചു മുഖം കടുപ്പിച്ചു മുന്നോട്ടു നടക്കാന്‍ തുടങ്ങിയതും അയാള്‍ നേരെ മുന്നില് വന്നു നിന്നു . ഒരു വാര അപ്പുറം പോലിസ് സ്റ്റേഷന് ഉണ്ട് , ഉറക്കെ നിലവിളച്ചാലോ എന്ന് മനസിലോര്ത്തതും അയാള്‍ ചുണ്ട് വിടര്ത്തി ഒരു ചിരി ചിരിച്ചു . തെലുങ്ക് സിനിമയില്‍ കാണുന്ന വില്ലിന്റെ ചിരി

" എന്തേലും തരുമോ ചായ കുടിക്കാന്‍, വല്ലാതെ വിശക്കുന്നു "

ചിരിക്കു കൂട്ടായി വന്ന ശബ്ദത്തില്‍ ഒരു കുഞ്ഞിന്റെ ദീനത . വേഗം ബാഗ്‌ തുറന്നു കയ്യില്  കിട്ടിയതു  എടുത്തു അയാളുടെ കയ്യിലെക്കിട്ടു മുന്നോട്ടു  നടക്കുമ്പോള്‍ അതോ ഓടിയതാണോ  മനസ്സില്‍ ശപിച്ചത്‌ ന്യൂസ്‌ ചാനെല്സിനെ . വെറുതെ മനുഷ്യനെ പേടിപ്പിക്കാന് ആയി ഓരോ ബ്രേക്കിംഗ് ന്യൂസ്‌  കൊടുക്കും..ഇപ്പോള്‍ സഹജീവിയെ കാണുമ്പോള്‍ പേടി ആണ്.പണ്ടില്ലാത്ത പോലെ അയാളുടെ നോട്ടത്തിന്റെ അര്‍ത്ഥം കണ്ടെത്താനുള്ള ശ്രമം , കൂടെ കൂടെ ശരീരഭാഗങ്ങള്‍ എല്ലാം  മൂടികിടക്കുന്നുണ്ടോ എന്ന് ഒരു തീര്ച്ച വരുത്തല്‍. മനസമാധാനം മുഴുവന് പോയല്ലോ. ഒരു പെണ്ണിന്റെ ദുഃഖം ആരറിയാന്‍!!!

2013, ഫെബ്രുവരി 25, തിങ്കളാഴ്‌ച

നേരം കെട്ട നേരത്തെ ചില (പ്രണയ) ചിന്തകള്‍

അരങ്ങും ആരവവും ഒഴിഞ്ഞു. പ്രണയം കൊണ്ടാടിയ  സോഷ്യൽ  നെറ്റ്‌വർക്ക് പേജുകൾ  ഒഴിഞ്ഞ പൂരപറമ്പ് പോലെ ആയി. പ്രണയത്തെ  കുറിച്ച് വാ തോരാതെ പറഞ്ഞവർ  ഒന്നും ഫെബ്രുവരി പതിനാലിനു  ശേഷം പ്രണയിക്കുന്നില്ലേ ആവോ? എന്തായാലുംചില പോസ്റ്റുകളും വാർത്തകളും കാണുമ്പോള്‍ " കാതലുക്ക് കണ്കൾ  ഇല്ലൈ യാരോ സൊന്നാനെ, മൂളയ് കൂടേ ഇല്ലൈ എന്ട്രു സൊന്നേന്‍ നാനെ " എന്ന തമിഴ് പാട്ട് ഓർമ  വരും.

ഐഡിയയും എസ് ബി ഐ ലൈഫും പരസ്യങ്ങളിലൂടെ  പ്രണയത്തിനു പ്രായമില്ല എന്നു കൊട്ടിഘോഷിക്കുംമ്പോഴും പ്രണയ ദിനത്തില്‍ പ്രണയത്തെ കുറിച്ച് എഴുതിയവരെല്ലാം ഒരു ചതുരവടിവില്‍  പിങ്ങുകളും ഉമ്മകളും , ഇ കാർഡ്‌ , ഇ ഗിഫ്ടുകളും മാത്രം ആയി ഒതുങ്ങുന്ന പ്രണയത്തെ ഓർത്തു പരിതപിച്ചു. നമ്മുടെ കാഴ്ചകള്‍ എല്ലാം ഒരു   ചതുരത്തില്‍  മാത്രം ആയി ഒതുങ്ങുമ്പോള്‍ പ്രണയം മാത്രം വിശാലം ആകണം എന്ന് വാശിപിടിക്കാമോ?

പ്രണയദിനത്തിൽ    തന്‍റെ പ്രണയിനിക്ക് ഇഷ്ടപെട്ട,അവൾ  ഒരു പാട് തിരഞ്ഞു നടന്നിട്ടും കിട്ടാത്ത ഗാനങ്ങളുടെ കരോക്കേ ഉറക്കമിളച്ചിരുന്നു ഡൌൺലോഡ് ചെയ്തു സി ഡി ആക്കി പ്രണയദിനസമ്മാനം കൊടുത്ത ഒരു പ്രണയിതാവിനെ കണ്ടപ്പോൾ , യഥാർത്ഥ പ്രണയം  നമ്മുടെ  ഇടയിൽ  നിന്നും എങ്ങും പോയില്ല എന്ന്  അറിയുമ്പോൾ  കുഴപ്പം നമ്മുടെ കാഴ്ചക്കല്ലെ എന്ന് തോന്നി പോകുന്നു.ഒട്ടും പ്രതീക്ഷിക്കാതെ ഒരു പാട്ആഗ്രഹിച്ച ആ സമ്മാനം കിട്ടിയപ്പോൾ   അവനെ ചേർത്ത് പിടിച്ചു ഉമ്മ വെക്കുമ്പോൾ  അവളുടെ കവിളിലൂടെ ഒഴുകിയ കണ്ണുനീരിൽ  പ്രതിഫലിച്ചത് അവന്റെ കണ്ണിലെ സ്നേഹത്തിന്റെ  കെടാവിളക്കുകൾ  ആയിരിക്കും

'There are times when it's better to choose to love a person in silence, for in silence you will find no rejection' അജ്ഞാതൻ  ആയ ഏതോ നിശബ്ദ പ്രണയിനി നിരാസനം പേടിക്കുന്നവർക്ക് നിശബ്ദമായും പ്രണയിക്കാം എന്ന് പറയുമ്പോൾ ,  അരികിൽ  അണയാതെ ദൂരെ മാറി നിന്ന്  കൃഷ്ണനെ പൂജിച്ച ഗോപികയുടെ സ്നേഹവും വേദനയും കൃഷ്ണാ നീയെന്നെ അറിയില്ല എന്ന  കവിതയിലൂടെ സുഗതകുമാരി വരച്ചു കാണിക്കുമ്പോൾ  , അറിയുന്നു ഗോപികേ നിന്നെ ഞാൻ   നീ നിന്നെ  അറിയുന്നതിനേക്കാളുമാധികമായി എന്ന് അയ്യപ്പ പണിക്കർ  മറുപടി പറയുമ്പോൾ   പ്രണയം നിശബ്ദം ആയാലും ശക്തം തന്നെ എന്ന് മനസിലാക്കാം


പ്രണയിതാക്കളേക്കാൾ  പ്രണയത്തിന്റെ പിരിമുറുക്കം കൂടുതൽ   അനുഭവിക്കുന്നവർ  അവർക്കിടയിലെ ഹംസം ആണെന്നാണ്   എന്നാണ്  തോന്നുന്നത് .സന്ദേശം കൃത്യ സമയത്ത് ആരുടേയും കണ്ണിൽ  പെടാതെ കൃത്യ സ്ഥലത്ത്    എത്തിക്കാൻ  വേണ്ടി പെടുന്ന പാട്  കുറച്ചൊന്നുമല്ല. കുറെയേറെ പ്രണയങ്ങൾക്ക് ഹംസവും കാവല്ക്കാരിയും ആയ അനുഭവിച്ചതിന്റെ  വെളിച്ചത്തിൽ  പ്രണയിക്കുകയെ വേണ്ട എന്ന ഒരു തീരുമാനം മനസ്സിൽ  ഉറഞ്ഞു കൂടി.പിന്നീടെപ്പോഴോ പ്രണയത്തിന്റെ ഇടവഴിയിലേക്ക് അറിയാതെ നടന്നെത്തിയപ്പോളും കഥകളിലും കവിതകളിലും വായിച്ചറിഞ്ഞ പ്രണയതീവ്രത സെൻസെരിംഗ്  കഴിഞ്ഞു കയ്യിലെത്തുന്ന കത്തുകളിൽ   ഉണ്ടായിരുന്നില്ല. നാലു  വർഷത്തിനിടയിലെ രണ്ടു കൂടികാഴ്ചകളിൽ  ചെമ്പകത്തിന്റെയും ഇലഞ്ഞിയുടെയും പ്രണയഗന്ധവും ഉണ്ടായിരുന്നില്ല.ആദ്യ കൂടികാഴ്ചക്ക് ഇന്ത്യൻ കോഫീ ഹൗസിലെ  കാപ്പിയുടെ മണമായിരുന്നു. രണ്ടാമത്തേതിന് എനിക്കൊട്ടും ഇഷ്ടമില്ലാതിരുന്ന സിഗരിറ്റിന്റെ മണവും. ഒരു പക്ഷെ തീവ്രത  അറിയാത്തതിനാല്‍ ആകാം വീട്ടുകാർ ,ജാതി  എന്നിവയുടെ  മുന്നിൽ  പരാജയപെട്ടു ഇവരെ ഒന്നും എതിർത്ത്  ജീവിക്കാൻ  കഴിയില്ല എന്ന്  പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ  ഇടനെഞ്ചു പൊട്ടുന്ന വേദന  ഉണ്ടാകാതിരുന്നത്.




2013, ഫെബ്രുവരി 2, ശനിയാഴ്‌ച

ഓര്‍മ്മകള്‍ ഇല്ലാതിരുന്നെങ്കില്‍ .....


"നിങ്ങള്‍ക്കു ദോശ ഉണ്ടാക്കാന്‍ അറിയുമായിരിക്കും അല്ലേ ?"

മൊരിച്ച ബ്രെഡ്‌ കഴിക്കുന്നതിടയില്‍ വന്ന ചോദ്യം എന്നതിലുപരി അതില്‍ അറിയുമെങ്കില്‍ ഉണ്ടാക്കി തരുമോ എന്ന ഒരു അപേക്ഷ ഒളിഞ്ഞു കിടക്കുന്നതായി എനിക്ക് തോന്നി.ഡിമെന്ഷ്യ ബാധിച്ച ആ മുഖത്തേക്ക് നോക്കിയിരുന്നപ്പോള്‍ ഒരു ഭൂതകാലം തെളിഞ്ഞു വന്നു.അര്‍ബുദ രോഗി ആയി ഭാര്യ മരിക്കുന്നതിനു മുന്‍പ് ഉണ്ടായിരുന്ന  ജീവിതം.ഓരോ ദിവസവും ഓരോ മെനു ആയിരുന്നു അവിടെ.ഒരു ഗ്ലാസ്‌ വെള്ളം പോലും ഭാര്യ എടുത്തു കൊടുത്തല്ലാതെ  അയാള്‍ കഴിക്കുന്നത്‌ കണ്ടിട്ടില്ല.മക്കളും ഭാര്യയും ഒത്തു നിലത്തു വട്ടം കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യം.എല്ലാം  സമയത്ത് കൃത്യമായി ചെയ്തു വൃത്തി ആയി വസ്ത്രം ധരിച്ചു മാന്യം ആയി നടന്ന ഒരാള്‍.എല്ലാവരും നായര്‍സാബ് എന്ന്  വിളിച്ചിരുന്ന ഒരാള്‍.അങ്ങനെ ഒരാള്‍ ആണ് മുഷിഞ്ഞ  മുണ്ടും ബനിയനും ധരിച്ചു മുന്നില്‍  ഇരിക്കുന്നത് എന്നാലോചിച്ചപ്പോള്‍  എവിടെയോ ഒരു   വേദന   കൊളുത്തി വലിച്ചു.

ഓര്‍മയുടെ  കോശങ്ങള്‍ പലതും നശിച്ചു കഴിഞ്ഞിരിക്കുന്നു .ഓര്മിക്കേണ്ട കാര്യങ്ങള്‍ പലതും മറന്നു പോയിരിക്കുന്നു .മറക്കേണ്ട കാര്യങ്ങള്‍ , ആവശ്യമില്ലാത്ത പലതും,ഓര്‍ക്കുകയും ചെയ്യുന്ന ഒരാള്‍.സ്നേഹവും ശ്രദ്ധയും ഒരു പാട്  ആവശ്യമുള്ള സമയം.പക്ഷെ ആര്‍ക്കാണ്  നോക്കാന്‍ നേരം?   മെട്രോ ലൈഫിന്റെ സുഖം ആസ്വദിക്കുന്ന മക്കള്‍ക്ക്‌ അതിനുള്ള നേരമെവിടെ? വീട്ടില്‍ നിന്നും നാല് അടി പുറത്തേക്കു വെച്ചാല്‍ വാങ്ങാന്‍ പറ്റുന്ന  വരെ സാധങ്ങള്‍ വരെ   സമയകുറവ് കാരണം  ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അച്ഛന്റെ കാര്യങ്ങള്‍ നോക്കാന്‍  സമയം എവിടെ?



ഒരു നിമിഷം അങ്ങേരെ   വീട്ടിലേക്കു കൂട്ടി   വന്നാലോ എന്ന്  ആലോചിച്ചു . പക്ഷെ  ചുറ്റും നിന്നും  ഉയര്‍ന്നെക്കാവുന്ന ചോദ്യങ്ങളെ കുറിച്ച്  ആലോചിച്ചപ്പോള്‍ ആ  ചിന്തയെ ഞാന്‍ താഴിട്ടു പൂട്ടി. പിന്നെ എനിക്ക് ചെയ്യാന്‍  കഴിയുന്നത്‌ മകനോട്‌   സംസാരിക്കുക  എന്നതായിരുന്നു . അച്ഛന്റെ അവസ്ഥയെ കുറിച്ച്  അന്വേഷിച്ച എന്നോട് അയാള്‍ വളരെ ശാന്തം ആയി പറഞ്ഞു

" he is absolutely normal..it is a matter of attention seeking,  nothing else. അമ്മ ഇല്ലാത്തതുകൊണ്ട്  ഒറ്റക്കാണ് എന്ന  തോന്നല്‍,  അതിന്റെ ഒരു റിയാക്ഷന്‍ .അത്രയേ ഉള്ളൂ "


ആ തോന്നല്‍ ഇല്ലാതാക്കാന്‍ എന്ത് ചെയ്തു എന്ന്  ചോദിച്ചപ്പോള്‍  " ലൈഫ് ഈസ്‌ സിമ്പിള്‍, ഇത്ന മത് സോചോ, യെ ചോട്ടെ ദിമാഗ് ഫട്ട് ജായേന്ഗെ "

അത് എനിക്കുള്ള ഒരു  സിഗ്നല്‍ ആയിരുന്നു,അതിനെ പറ്റി കൂടുതല്‍ സംസാരിക്കേണ്ട. സംസാരത്തിന് ഒരു പൂര്‍ണ്ണ വിരാമം.മക്കളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഓവർ ടൈമും ഡബിള്‍ ഡ്യുട്ടിയും എടുത്ത ഒരാള്‍ക്ക് വന്ന  ഗതി ഓര്‍ത്തു ഞാന്‍ എന്നോട് തന്നെ ചോദിച്ചു

 സ്മൃതിഭ്രംശം ആര്‍ക്കാണ് അച്ഛനോ അതോ മകനോ?"



2013, ജനുവരി 23, ബുധനാഴ്‌ച

Lament


The dancing shadows  
Creaking windows
Elusive sleep
Strangling pain
I wish you were here beside
Missing….
The silly fights, the sweet nothings
The tight hugs, the gentle kisses
A better solace than any pain killer


Awake at midnight
Swapping through TV channels
I just broke down yesterday….

There are times I wished for solitude
I realize now
that being alone is saddening
scary!!!

2013, ജനുവരി 2, ബുധനാഴ്‌ച

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മീശ

"അമ്മ എനിക്ക് അത് വാങ്ങി തരുമോ?" ചെവിയില്‍ സ്വകാര്യം പറയുന്നതിനൊപ്പം നീണ്ട വിരലുകള്‍ക്ക് അപ്പുറം ഞാന്‍ കണ്ടത് ജില്ലെറ്റ്.

മുന്നില്‍ നില്‍ക്കുന്ന പതിനാറുകാരന്റെ പൊടി മീശയിലേക്കു നോക്കുമ്പോള്‍ കാണാന്‍ കഴിഞ്ഞത് സാരി തുമ്പ് പറ്റിനില്‍ക്കുന്ന കൊച്ചു കണ്ണുകള്‍, കള്ളച്ചിരി.

വര്‍ഷങ്ങള്‍ എത്ര പെട്ടെന്ന് ആണ് ഓടി മറയുന്നത്. ക്ലീന്‍ ഷേവ് ചെയ്ത അവന്റെ മുഖം ഒന്ന് മനസ്സില്‍ കാണാന്‍ ശ്രമിച്ചു , കഴിഞ്ഞില്ല.

"ഇപ്പോള്‍ വേണ്ട, ഇതൊക്കെ ഇപ്പോഴേ ചെയ്താല്‍ എന്റെ മോന്‍ കുറെ വലുതായി എന്ന് അമ്മക്ക് തോന്നും, നീ ചെറിയ കുട്ടി ആയിരുന്നാല്‍ മതി "

പറഞ്ഞു സമ്മതിപ്പിച്ചു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അടുത്ത പൂരം.

"നിന്റെ മുഖത്ത് രോമങ്ങള്‍ എല്ലാം വളര്‍ന്നിരിക്കുന്നു , ഒരു റേസര്‍ വാങ്ങി അതൊക്കെ ക്ലീന്‍ ചെയ്യു"

"ഞാന്‍ ചെയ്യുന്നില്ല "

"എടാ ഇപ്പോഴേ ചെയ്താല്‍ നല്ല കട്ടി മീശ വരും അച്ഛനെ പോലെ. ആണുങ്ങള്‍ ആയാല്‍ മീശ വേണം, മീശ ഇല്ലാത്ത ആണുങ്ങള്‍ ഉണ്ടോ "

" ഉണ്ടല്ലോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ "

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...